Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളത്തിന്റെ മാറുന്ന മുഖങ്ങൾ

കേരളത്തിന്റെ മാറുന്ന മുഖങ്ങൾ

കോരസൺ

നിഹാരിക, 'അവൾ ഒരു സുന്ദരി മലയാളിക്കുട്ടിതന്നെ, എത്രഭംഗിയായി അവൾ മലയാളം പറയുന്നു.' നാട്ടിൽ പോയിട്ടു വന്ന സുഹൃത്തു പറയുകയാണ്. അദ്ദേഹം കോട്ടയത്തിനടുത്ത് നല്ല ഒരു വീടു വച്ചു വെറുതെ കിടന്നു അഴുക്കാക്കണ്ട എന്നു കരുതി ഒരു നേപ്പാളി കുടുംബത്തെ അവിടെ താമസിപ്പിച്ചിരിക്കയാണ്. വളരെ ഭംഗിയായും കൃത്യമായും അവർ വീടു സൂക്ഷിക്കുന്നു. അവരുടെ മകളാണ് നിഹാരിക, അവൾ കോട്ടയത്തു തന്നെ സ്‌ക്കൂളിൽ പോകുന്നു, മലയാളിക്കുട്ടികളോടിഴപഴകി തനി മലയാളിയായി തന്നെ വളരുന്നു. അവരുടെ സ്‌ക്കൂളിൽ ബംഗാളിക്കുട്ടികളും ഉത്തർപ്രദേശുകാരും ഉണ്ട്. സർക്കാർ സ്‌ക്കൂളുകളിൽ പല സിറ്റികളിലും, പത്തോളം അന്യസംസ്ഥാനത്തിൽ നിന്നുമുള്ള കുട്ടികൾ ക്ലാസ്സുകളിൽ കാണാറുണ്ടെന്നു പറയപ്പെടുന്നു.

കോന്നിയിലെ ഒരു ഉൾപ്രദേശത്ത് ഒരു സുഹൃത്തിന്റെ പിതാവിന്റെ സംസ്‌കാര ശുശ്രൂഷയിൽ സംബന്ധിക്കുവാൻ പോകുകയായിരുന്നു. പത്രത്തിൽനിന്നുള്ള വിവരം വച്ച് വഴി ചോദിച്ചു പോകുകയാണ്. വേനലവധിയായിരുന്നിട്ടും വഴയിൽ ആരെയും കാണുന്നില്ല. കുട്ടികൾ ക്രിക്കറ്റും മറ്റും കളിച്ചു നടന്നതോർത്തു, അത്ഭുതം, ആരെയും വഴി ചോദിക്കാൻ പോലും കാണാതെ കാർ മുമ്പോട്ടു പോയി. അല്പം കൂടി ചെന്നപ്പോൾ ഒരാൾ കൈലി മുണ്ട് മടക്കിക്കുത്തി ഒരു കുടയും പിടിച്ച് പോകുന്നു. വഴി ചോദിക്കാനായി അയാളോടു പത്രം കാട്ടി വഴി ചോദിച്ചു. അപ്പോഴാണ് കക്ഷിക്കു മലയാളം അറിയില്ല, ഏതോ ബീഹാറോ, ഒറിയക്കാരനോ ആണ്.

കേരളത്തിൽ പത്തു ലക്ഷത്തിലധികം അന്യ സംസ്ഥാനക്കാർ ജീവിക്കുന്നുണ്ട്. കൂടുതലും അസാം, ബംഗാൾ എന്ന സ്ഥലത്തു നിന്ന്. ബീഹാർ, ജാർഖണ്ഡ്, ചത്തീസ്ഗർഹ്, ഒറിസ തുടങ്ങിയ സംസ്ഥാനക്കാരും ധാരാളമായുണ്ട്. ഇവർ കേരളത്തിന്റെ ജനസംഖ്യയുടെ മൂന്നു ശതമാനം വരും. പെരുമ്പാവൂരിൽ മലയാളികളെക്കാൾ കൂടുതൽ ബംഗാളികൾ താമസിക്കുന്നു, എന്നു പറയുന്നത് അതിശയോക്തിയല്ല. കോഴിക്കോട് ഇവർ 8 ശതമാനത്തോളമായി. വർഷങ്ങളായി കുടുംബമായി താമസം തുടങ്ങിയവർ, ആധാർകാർഡും, തിരിച്ചറിയൽ കാർഡും ലഭിച്ചു തുടങ്ങി. വരുന്ന തിരഞ്ഞെടുപ്പുകളിൽ പല പ്രമുഖ കേന്ദ്രങ്ങളിലും ഇവർ നിർണ്ണായക ശക്തിയായി വരും. പരദേശിയായി മലയാളി യാത്ര തുടങ്ങിയിട്ട് കൊല്ലങ്ങളായി. ഇന്ത്യക്കു പുറത്തേക്കു കുടിയേറിയവർ കുറെക്കാലം ഗൃഹാതുരത്വവും പറഞ്ഞു പിതൃഭൂമിയും വീടും സൂക്ഷിച്ചു.

അവരുടെ അനന്തര തലമുറക്ക് ഒരു തിരിച്ചു പോക്ക് സാധിക്കാത്തതിനാൽ ഈ സ്വത്തുക്കൾ സൂക്ഷിക്കാൻ ബുദ്ധിമുട്ടുകയും, പ്രായം കൂടുന്നതിനനുസരിച്ച്, സ്ഥലം വിറ്റ് പണം കൊണ്ടുപോകാനുമുള്ള പ്രവണത കാണുന്നു. മാതാപിതാക്കൾ മരിച്ചു കഴിഞ്ഞ്, കുറെ നാൾ അനാഥമായിക്കിടന്ന പുരയിടവും വീടും വിറ്റ് ഏതെങ്കിലും സിറ്റിയിൽ ഫൽറ്റ് വാങ്ങി താമസമായി. പിന്നെ ഫൽറ്റും വെറുതെ കിടക്കുവാൻ തുടങ്ങി. അതും വിൽക്കാനുള്ള മാനസീക അവസ്ഥയിലാണ് പ്രത്യേകിച്ചും അമേരിക്കൻ യൂറോപ്യൻ മലയാളികൾ. ഒരു പക്ഷേ, അതിവിദൂരമല്ലാത്ത സമയത്ത് ഈ അന്യ സംസ്ഥാനത്തു നിന്നെത്തിയവർ സാമ്പത്തീകമായി മെച്ചപ്പെടുകയും വീടും സ്ഥലവും വാങ്ങി താമസിച്ചു തുടങ്ങുകയും ചെയ്യും. മലയാളിക്ക് മലയാളത്തോട് അത്ര ഭ്രാന്തമായ അഭിനിവേശമൊന്നും കാട്ടാത്തതിനാലും എവിടെ ചെന്നാലും അവിടെ വേരുകൾ ഓടിക്കാൻ കഴിയുന്നതിനാലും കിട്ടുന്ന വിലക്ക് പുരയിടവും വസ്തുക്കളും വിൽക്കാൻ തയ്യാറാവുന്ന പലരേയും കാണാനിടയായി.

കേരളം എന്നും ലോകത്തിന് ഒരു അത്ഭുതം തന്നെയാണ്. അമേരിക്കയിലെ മെരിലാന്റിന്റെ വലിപ്പമുള്ള, കാലിഫോർണിയെക്കാൾ ജനസംഖ്യയുള്ള, ഇവിടുത്തുകാർക്ക്, അമേരിക്കയെയും പാശ്ചാത്യ രാജ്യങ്ങളുടെ ഒപ്പം കുറഞ്ഞ ശിശുമരണ നിരക്കും, കുറഞ്ഞ ജനനനിരക്കും, കൂടിയ ആയുർദൈർഘ്യവും, കൂടിയ സാക്ഷരതയും, സാമൂഹിക വികസനവും രേഖപ്പെടുത്തുന്നു.

1971 മുതൽ കേരളത്തിലെ ജനസംഖ്യ കുത്തനെ കുറയുകയാണ്. 2011 ആയപ്പോഴേക്കും ജനസംഖ്യനിരക്കിന്റെ കുറയൽ 26.33% നിന്നും 17.64 % എത്തി (Decadal population Growth). ഇതു താമസിയാതെ പൂജ്യം ശതമാനത്തിലെത്തുകയും, അതിനു താഴേക്കു വേഗത്തിൽ പോകുന്നതും ആശങ്ക ഉണർത്തുകയാണ്. ഇപ്പോൾ തന്നെ കുട്ടികൾ കുറവും വയോധികരായവർ കൂടുതലായും വരുന്നത് പ്രത്യക്ഷത്തിൽ തന്നെ തെളിയുന്നുണ്ട്. 2016ൽ തൊഴിൽചെയ്യാൻ ആരോഗ്യമുള്ളവരുടെ എണ്ണവും ക്രമാതീതമായി കുറഞ്ഞു തുടങ്ങും.

പത്തനംതിട്ട ജില്ലയിൽ 3%, ഇടുക്കിയിൽ1.8% എന്ന നിരക്കിൽ ആണ് എതിരായ ജനസംഖ്യ വർദ്ധന. തിരുവനന്തപുരം(2.25), കോട്ടയം(1.32), കൊല്ലം(1.72), ആലപ്പുഴ(0.61) എന്ന രീതിയിലാണ് ജനസംഖ്യ വർദ്ധന രേഖപ്പെടുത്തിയത്. ഒഴിഞ്ഞ ക്ലാസ്സുമുറികളും അടഞ്ഞു കിടക്കുന്ന മെഡിക്കൽ എൻജിനീയറിങ് കോളജുകൾ ഒക്കെ അടുത്തുതന്നെ അവിടവിടെ കാണാനാവും.

ഒന്നും ഒരു തരിയുമായി അണുകുടുംബങ്ങൾ സങ്കീർണ്ണമായ പ്രശ്‌നങ്ങളാണ് സമൂഹത്തിലുണ്ടാക്കുന്നത്. മാതാപിതാക്കൾ ആകെയുള്ള ഒരു കുട്ടിക്കുവേണ്ടി സർവ്വ ശ്രദ്ധയും കൊടുക്കുന്നതിനാൽ, അവന്റെ എല്ലാ തീരുമാനങ്ങളും അവർ തന്നെയെടുക്കുന്നതിനാലും, അവൻ അനുസരണയുള്ള ജോലിക്കാരൻ മാത്രമാവും, ജീവിതത്തിൽ തീരുമാനങ്ങൾ സ്വയം എടുക്കാൻ അവൻ പ്രയാസപ്പെടും. കാർഷിക കാര്യങ്ങളെപ്പറ്റി അവനു നേരിട്ടു പരിചയമില്ലാത്തതിനാൽ പ്രകൃതിയെപ്പറ്റി അവൻ പുസ്തകധാരണ വച്ചു പുലർത്തുകയും ഭൂമിയെ അറിയാതെ സാങ്കൽപ്പീക ലോകത്തിൽ ജീവിക്കുകയും ചെയ്യാം. സ്വന്തം കാലിൽ നിൽക്കുന്നതുവരെ അവന്റെ സാമ്പത്തീക ബാദ്ധ്യതകൾ മാതാപിതാക്കൾ നോക്കുമെന്നായതിനാൽ വ്യവസായത്തെകുറിച്ചോ, മുതൽ മുടക്കിയുള്ള ലാഭത്തെകുറിച്ചോ
അവൻ ചിന്തിക്കുകപോലുമില്ല.

48% ആണുങ്ങളും 52% പെണ്ണുങ്ങളും ഉള്ള കേരളത്തിൽ പെൺകുട്ടികളെ വിവാഹം കഴിക്കാൻ ആൺകുട്ടികളില്ലാത്ത ദാരിദ്ര്യം പല സമുദായത്തിലും ഉണ്ട്. അതുകൊണ്ട് തന്നെ മിശ്രവിവാഹങ്ങൾ കൂടി വരുന്നു. പല ക്രിസ്തീയ സമുദായങ്ങളിലും ഈ അപത്ത് മുന്നിൽ കണ്ട് മത നേതാക്കൾ കൂടുതൽ കുട്ടികൾ ഉണ്ടാവാൻ ഇടയലേഖനം ഇറക്കുന്നു. മൂന്നാതു ഒരു കുട്ടി ഉണ്ടായാൽ സമുദായം കുട്ടിയുടെ വളർത്തുവാനുള്ള ചെലവ് ഏറ്റെടുക്കുമെന്നുവരെ ചിന്തിച്ചു തുടങ്ങി.

കേരളത്തിന്റെ ജനസംഖ്യാ മുരടിപ്പ് സമൂഹത്തിന്റെ അടിസ്ഥാനപരമായ വ്യതിയാനമാണ് കാണിക്കുന്നത്. അണുകുടുംബത്തിൽ നിന്നും ചുരുങ്ങി അവിവാഹിതരായി കഴിയാൻ താൽപര്യമുള്ളവർ കൂടുകയും, വൈകാരികവും സാമ്പത്തീകവുമായ ഒരു വിപത്താണ് മുന്നിൽ കാണുന്നത്. ഗൾഫിൽ നിന്നും തിരികെയെത്തുന്നവർ ചെറിയ പണികളിൽ വീണ്ടും പ്രവേശിക്കാതിരിക്കയും, അവ നികത്തുന്നത് അന്യസംസ്ഥാനക്കാരാവുകയും, അവർ കേരളത്തെ സ്വന്തം ഇടമായി കാണാൻ തുടങ്ങുകയും ചെയ്യുന്നത് സ്വാഭാവീകം അങ്ങനെ കേരളം കുടിയേറ്റ ഭൂമിയായി മാറ്റപ്പെടുന്നതിന് ഏറെ കാത്തിരിക്കേണ്ടിവരില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP