Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആനപ്പുറത്ത് നിന്ന് ഇറങ്ങി വരൂ ലാലേട്ടാ... ആ കിരീടവും ചെങ്കോലും ഇറക്കി വച്ച് ഞങ്ങൾക്കൊപ്പം ബാങ്കിൽ വന്ന് ക്യൂ നിൽക്കൂ.. എങ്കിലേ സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ മനസിലാകൂ: നോട്ട് നിരോധനത്തെ പിന്തുണച്ച മോഹൻലാലിന് ഒരു ആരാധകൻ എഴുതുന്നു..

ആനപ്പുറത്ത് നിന്ന് ഇറങ്ങി വരൂ ലാലേട്ടാ... ആ കിരീടവും ചെങ്കോലും ഇറക്കി വച്ച് ഞങ്ങൾക്കൊപ്പം ബാങ്കിൽ വന്ന് ക്യൂ നിൽക്കൂ.. എങ്കിലേ സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ മനസിലാകൂ: നോട്ട് നിരോധനത്തെ പിന്തുണച്ച മോഹൻലാലിന് ഒരു ആരാധകൻ എഴുതുന്നു..

മോഹൻലാലിന്റെ ഏറ്റവും പുതിയ ബ്ലോഗ് 'സത്യത്തിൽ ഇന്ത്യയ്ക്ക് വേണ്ടി ഒരു ബിഗ് സല്യൂട്ട്' ആണ് ഇപ്പോൾ ഫേസ്‌ബുക്കിലേയും നവ മാദ്ധ്യമങ്ങളിലേയും പ്രധാന ചർച്ചാ വിഷയം. സമകാലിക പ്രശ്‌നങ്ങളെ കുറിച്ചും വിവാദമായ വിഷയങ്ങളെ കുറിച്ചും രണ്ട് വാക്കിൽ ബ്ലോഗിൽ എഴുതുന്നത് അദ്ദേഹത്തിന്റെ ശീലമാണ്. ആ ശീലത്തിനുള്ള മറു ശീലമാണ് പോസ്റ്റിനെ അനുകൂലിക്കുന്നവരുടെ ആർപ്പു വിളികളും പ്രതികൂലിക്കുന്നവരുടെ നര നായാട്ടും. അതെന്ത് തന്നെയായാലും പുതിയ ബ്ലോഗ് എഴുതി മോഹൻലാൽ പുലിവാല് പിടിച്ചിരിക്കുകയാണെന്ന് പറയാതെ വയ്യ.

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിരോധിച്ചതും അതുമായി ബന്ധപ്പെട്ട സാധാരണ ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും ഇന്ത്യയിൽ മാത്രമല്ല , ലോക മാദ്ധ്യമങ്ങളിൽ വരെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ഈ സാഹഹര്യത്തിൽ മോദിയുടെ തീരുമാനത്തെ ആദ്യം അനുകൂലിച്ചവർ വരെ ഇപ്പോൾ അദ്ദേഹത്തെ ആക്രമിച്ചു കൊണ്ടിരിക്കുകയാണ്.

കള്ളപ്പണം പിടിക്കുക എന്നത് ഏതൊരു ഇന്ത്യക്കാരന്റെയും സ്വപ്നമാണ്. ഇന്ത്യയെ അഴിമതിയിൽ നിന്നും കള്ളപ്പണത്തിൽ നിന്നും മോചിപ്പിച്ച് ഒരു മികച്ച രാഷ്ട്രമായി ലോകത്തിന്റെ മുന്നിൽ തലയുയർത്തി നിൽക്കുന്നത് കാണാൻ നാം ഓരോ പൗരന്മാരും അക്ഷമയോടെ കാത്തിരിക്കുകയാണ്. എന്നാൽ ഒരു മികച്ച തീരുമാനം വളരെ മോശമായ രീതിയിൽ അവതരിപ്പിച്ചു മോദി രാജ്യം വിട്ടപ്പോൾ അതിനെ അനുകൂലിച്ചവർ പലരും പ്രസ്താവന തിരുത്തിക്കൊണ്ടിരിക്കുകയാണ്. ആയിടക്കാണ് നമ്മുടെ സൂപ്പർ താരം മോദിയേയും അദ്ദേഹത്തിന്റെ തീരുമാനത്തേയും അനുകൂലിച്ചു ബ്ലോഗ് എഴുതിയത്.

ക്യൂ നിൽക്കുന്നതിൽ ഞങ്ങൾ ആർക്കും പരിഭവമില്ല. എത്ര വേണമെങ്കിലും ക്യൂ നിൽക്കാൻ ഞങ്ങൾ തയ്യാറാണ്. അതുകൊണ്ട് യദാർത്ഥ കള്ളപ്പണക്കാരെ പിടിക്കാൻ കഴിയുമെന്ന് അങ്ങേക്ക് ഉറപ്പുണ്ടോ ലാലേട്ടാ....? ഉറപ്പിച്ച കല്ല്യാണം നടത്തി കൊടുക്കാൻ പണം കിട്ടാതെ ആത്മഹത്യ ചെയ്യേണ്ടി വന്ന രക്ഷിതാക്കളുടെ ജീവൻ കൊടുത്താൽ കള്ളപ്പണം പിടിക്കാൻ കഴിയുമെന്ന് അങ്ങയോട് ആരാണ് പറഞ്ഞത് ലാലേട്ടാ....? രാപ്പകൽ അദ്ധ്വാനിച്ച പണം തിരിച്ചെടുക്കാൻ കഴിയാതെ ആത്മഹത്യ ചെയ്യേണ്ടി വന്ന ആളുകളുടെ ജീവൻ കൊടുത്താൽ കള്ളപ്പണം തിരിച്ചു കിട്ടുമെന്ന് അങ്ങയോട് ആരാണ് മൊഴിഞ്ഞത് ലാലേട്ടാ....? കോടിക്കണക്കിനു വരുന്ന സ്ത്രീകൾ വെയിലത്തു ക്യൂ നിന്നാൽ കള്ളപ്പണം തിരിച്ചു കിട്ടുമെന്ന് അങ്ങയോട് ആരാണ് പറഞ്ഞത് ലാലേട്ടാ....? വിശക്കുമ്പോൾ ഭകഷണം കഴിക്കാൻ പോലും കഴിയാതെ ഹോട്ടലുകളിൽ കയറിയിറങ്ങി തെണ്ടേണ്ടി വരുന്ന യാചക പ്രവർത്തിയിലേക്ക് ഇന്ത്യയിലെ യുവ തലമുറയെ എത്തിച്ചാൽ കള്ളപ്പണം തിരിച്ചു കിട്ടുമെന്ന് ഏത് ബുക്കിലാണ് അങ്ങ് വായിച്ചത് ലാലേട്ടാ....?

പണമില്ലാത്തത് കാരണം ആവശ്യത്തിന് ചികിത്സ കിട്ടാതെ ദിവസവും മരിച്ച് വീഴുന്നവരുടെ എണ്ണം കൂടിയാൽ കള്ളപ്പണം തിരിച്ച് കിട്ടുമെന്ന് എവിടെ നിന്നാണ് അങ്ങ് പഠിച്ചത് ലാലേട്ടാ....? ദിവസ വരുമാനമുള്ള പട്ടിണി പാവങ്ങൾ ജോലിക്ക് പോകാൻ കഴിയാതെ ബാങ്കിന് മുന്നിൽ ക്യൂ നിന്നാൽ കള്ളപ്പണം തിരിച്ച് കൊണ്ട് വരാം എന്ന് ഏത് കിതാബിലാണ് അങ്ങ് കണ്ടത് ലാലേട്ടാ....? കച്ചവടം കുറയുന്നു. ബസ്സുകളിൽ ആളുകൾ കയറുന്നില്ല, പഴം പച്ചക്കറികൾ വാങ്ങാൻ ആളില്ല. വ്യാപാര മേഖല സതംഭിച്ചു. പൊതുമേഖലാ വിപണി ഉറങ്ങിപ്പോയി. റോഡുകളിൽ വാഹനങ്ങളില്ല. ആളുകൾക്ക് ജോലിക്ക് പോകാൻ കഴിയുന്നില്ല. കൂലി ജോലി കുത്തനെ കുറഞ്ഞു. സാധാരണക്കാരുടെ ജീവിത മാർഗം നശിച്ചു കൊണ്ടിരിക്കുന്നു.

ഇങ്ങനെയൊക്കെ ആയാൽ കള്ളപ്പണം പിടിക്കാമെന്ന് ഏത് എമ്പോക്കിയാണ് അങ്ങയുടെ കാതിൽ മന്ത്രിച്ചത് ലാലേട്ടാ....? ഇതുകൊണ്ടുണ്ടാകുന്ന നഷ്ടം ആർക്കാണ്? ആരാണ് യദാർത്ഥ കള്ളപ്പണക്കാർ? അത് അങ്ങയെ പോലെയുള്ള സിനിമാക്കാരല്ലേ? രാഷ്ട്രീയക്കാരല്ലേ? കോർപറേറ്റ് മാഫിയകളല്ലേ? ബിസിനസ്സ് രാജാക്കന്മാരല്ലേ? ക്രിക്കറ്റ് കളിക്കാരല്ലേ? ടാക്‌സ് വെട്ടിച്ചതിന്റെ പേരിൽ പൊലീസ് റെയ്ഡ് നടത്തിയത് ഈ ക്യൂ നിന്നവരുടെ വീട്ടിലാണോ ലാലേട്ടാ....? അത് അങ്ങയുടെ വീട്ടിലല്ലേ? നിയമം പാലിക്കാതെ ആനക്കൊമ്പ് കൈവശം വച്ചത് ഈ വെയിലത്ത് നിൽക്കുന്ന വയോധികരാണോ? അത് അങ്ങല്ലേ ലാലേട്ടാ....? രാജ്യ സ്‌നേഹം വിളിച്ചോതുന്ന ദേശീയ ഗെയിമ്‌സിന് കണക്കിൽ പെടാതെ കോടികൾ പ്രതിഫലം വാങ്ങിയത് ഈ ക്യൂവിലുള്ള സ്ത്രീകളോ കുട്ടികളോ ആണോ? അത് അങ്ങല്ലേ ലാലേട്ടാ.... ? കോടികൾ പ്രതിഫലം വാങ്ങി നിങ്ങൾ സുഖ സവാരി നടത്തുന്നത് ഞങ്ങളുടെ വിയർപ്പ് കൊണ്ടല്ലേ? ആനപ്പുറത്ത് നിന്ന് ഇറങ്ങൂ ലാലേട്ടാ... ആ കിരീടവും ചെങ്കോലും ഇറക്കി വെക്കൂ എന്നിട്ട്. കോഴിക്കോട് മാനാഞ്ചിറ എസ്.ബി.ഐ ബാങ്കിന് മുന്നിൽ ഒരു മണിക്കൂർ ക്യൂ നിൽക്കൂ ലാലേട്ടാ..... അവിടെയുള്ളവരുടെ വേദനകളറിയൂ. ചൂടേറ്റ് വാടുന്ന നമ്മുടെ അച്ഛനമ്മമാരെ കാണൂ ലാലേട്ടാ..., വിശന്നുറങ്ങുന്ന പിഞ്ചു കുഞ്ഞുങ്ങളെ ഒന്ന് നോക്ക് ലാലേട്ടാ...., അറുപത് കഴിഞ്ഞ അപ്പൂപ്പനെയും അമ്മൂമ്മയേയും ഒന്ന് ആശ്വസിപ്പിക്കൂ ലാലേട്ടാ.... ജോലിക്ക് പോകാൻ കഴിയാത്തവർക്ക് ഒരു ദിവസം ക്യൂ നിന്ന് സഹായിച്ചു കൊടുക്കൂ ലാലേട്ടാ.... ഗർഭിണികളായ സ്ത്രീകളെ ഇങ്ങനെ നിർത്താതിതിരിക്കാൻ അവർക്ക് മരുന്ന് വാങ്ങാനെങ്കിലും കുറച്ച് പണം ക്യൂ നിന്ന് വാങ്ങി കൊടുക്കൂ ലാലേട്ടാ...

ബിവറേജിന്റെ മുന്നിൽ ക്യൂ നിൽക്കുന്നതും സിനിമക്ക് ക്യൂ നിൽക്കുന്നതും ഇതുമായി താരതമ്യം ചെയ്തത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ല. അത് പോലെയാണോ ബാങ്കിന് മുന്നിൽ സ്വന്തം പൈസ എടുക്കാൻ ക്യൂ നിൽക്കുന്നത്? ആണോ ലാലേട്ടാ..? അങ്ങയെ ഒരു സിനിമാ നടനെന്നതിലുപരി നല്ലൊരു മനുഷ്യനായി കാണാൻ ഞനങ്ങളാഗ്രഹിക്കുന്നു. നിങ്ങളുടെ അഭിനയം ഞങ്ങൾക്കിഷ്ടമാണ്. അത് പക്ഷെ സിനിമയിൽ മാത്രം. ജീവിതത്തിൽ ദയവു ചെയ്ത അഭിനയിക്കല്ലേ ലാലേട്ടാ.. അത് ഞങ്ങൾക്കിഷ്ടമല്ല. ഇന്ത്യയെ രക്ഷിക്കാൻ നിങ്ങളെ പോലെയുള്ളവരെയാണ് ആദ്യം നന്നാക്കേണ്ടത്. എന്തിന് വേണ്ടിയാണ് മോദി ഈ ഒരു തീരുമാനം എടുത്തതെന്ന് എല്ലാവരും അറിഞ്ഞ് കഴിഞ്ഞു. ഇനി അദ്ദേഹത്തെ അനുകൂലിച്ചതുകൊണ്ടോ പിന്തുണച്ചതുകൊണ്ടോ ഒരു കാര്യവുമില്ല. എന്തിന്, ലോകം മുഴുവൻ അറിഞ്ഞ് കഴിഞ്ഞു. എന്നിട്ടും അന്ധമായ രാഷ്ട്രീയ സ്‌നേഹം (രാഷ്ട്ര സ്‌നേഹമല്ല.) കാരണം മോദിയെ പിന്താങ്ങേണ്ടി വരുന്ന അങ്ങയുടെ നിലപാടിനോട് പുച്ഛമാണ് ലാലേട്ടാ... ഇന്ത്യയിലെ കോടിക്കണക്കിന് പട്ടിണി പാവങ്ങളുടെ കണ്ണീരിന് വില പറയാൻ, സാധാരക്കാരുടെ വിയർപ്പിന്റെ മൂല്യമറിയാൻ അങ്ങ് കെട്ടിപ്പടുത്ത ഈ സാമ്രാജ്യം മതിയാകില്ല ലാലേട്ടാ.... അതിന് മനസ്സിൽ അൽപം കൂടി നന്മ ഉണ്ടാകണം. അങ്ങൊരു പൂർണനായ നടനായിരിക്കാം. പക്ഷെ അപൂർണമായ ഒരു മനുഷ്യനാകരുത്. രാഷ്ട്രീയം മറന്നു രാഷ്ട്രത്തെ ജനങ്ങൾ സ്‌നേഹിക്കുന്ന ഒരു ദിവസം വരും. അന്ന് പലരും വിവരമറിയും. സാധാരണക്കാർ റോഡിലിറങ്ങും. ജനങ്ങൾ അവകാശത്തിനു വേണ്ടി പോരാടും. കോർപ്പറേറ്റ് മാഫിയകളുടെ അവസാനമായിരിക്കും അന്ന്. ആ ദിവസത്തിന് ഇനി അധിക ദൂരമില്ല. അങ്ങയുടെ മോദിയോട് പറഞ്ഞേക്ക് കോർപ്പറേറ്റുകളുടെ ചരടിൻ തുമ്പിലെ പാവയാകരുതെന്ന്. മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. (അംബാനിയുടെയും മല്യയുടെയും അദാനിയുടെയും മാത്രമല്ല). ആ നിലവാരവും ആദർശവും കാത്തു സൂക്ഷിക്കാൻ ദയവു ചെയ്തു മോദിയോട് പറയൂ. ഇന്ത്യയിലെ ബഹു ഭൂരിപക്ഷം ആളുകളും പട്ടിണിയാണ് ലാലേട്ടാ.... അവരെ ഇനിയെങ്കിലും രക്ഷിക്കണം. കള്ളപ്പണത്തിന് വേണ്ടി ഇന്ത്യയിലെ പാവങ്ങളുടെ അക്കൗണ്ടിലേക്കല്ല പോകേണ്ടത്. വെളിയിലുള്ള കോർപറേറ്റുകളുടെ അക്കൗണ്ട് നോക്ക് ലാലേട്ടാ..... വിജയ് മല്യയെ പോലെയുള്ളവരെ പിടിക്കാൻ സഹായിക്കൂ.. അതിനെതിരെ ഒരു പോസ്റ്റെങ്കിലും ഇടൂ ലാലേട്ടാ.... . .. പറയാതെ വയ്യ , ഈ 'സംഘിസത്തേക്കാൾ' എത്രയോ ഭേദം അങ്ങയുടെ പഴയ 'ലാലിസമായിരുന്നു' ലാലേട്ടാ....

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP