Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും ഒന്നിച്ചു നിന്നുകൊണ്ട് കേരളത്തിന്റെ പൈതൃകത്തെ ഉയർത്തിപിടിക്കാം; അങ്ങനെ എങ്കിലും ഈ രാഷ്ട്രീയ കൊലപാതകങ്ങളും ശണ്ഠകളും താനേ അവസാനിക്കും എന്ന് പ്രതീക്ഷിക്കാം

ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും ഒന്നിച്ചു നിന്നുകൊണ്ട് കേരളത്തിന്റെ പൈതൃകത്തെ ഉയർത്തിപിടിക്കാം; അങ്ങനെ എങ്കിലും ഈ രാഷ്ട്രീയ കൊലപാതകങ്ങളും ശണ്ഠകളും താനേ അവസാനിക്കും എന്ന് പ്രതീക്ഷിക്കാം

സന്തോഷ് പവിത്രമംഗലം

സ്വന്തം മകനെ നഷ്ടമായ മാതാപിതാക്കൾ, ഭർത്താവിനെ നഷ്ടമായ ഭാര്യ, അച്ഛനെ നഷ്ടമായ മക്കൾ, സഹോദരനെ നഷ്ടമായ കൂടെപ്പിറപ്പുകൾ അങ്ങനെ ധാരാളം പേർ കണ്ണൂരിന്റെ വിവിധഭാഗങ്ങളിലായി ജീവിക്കുന്നൂ. പാർട്ടി എത്ര കാര്യമായി ആ കുടുംബത്തിന് ചെലവിന് കൊടുത്താലും ഇവരുടെയൊന്നും കണ്ണുനീർ തോരില്ല. പ്രിയ നേതാക്കളെ, നിങ്ങൾക്ക് ഈ പാവപ്പെട്ടവന്റെ ചോര കണ്ടു മതിയായില്ലേ? ഒരു രക്തസാക്ഷിയും, ബലിദാനിയേയും സൃഷ്ടിക്കുന്നതാണോ രാഷ്ട്രീയം എന്നു പറയുന്നത്? നേതാക്കളുടെ മനുഷ്യത്വം ഇത്രത്തോളം ഇല്ലാതെയായോ?

ഓരോരുത്തർക്കും അവരുടേതായ രാഷ്ട്രീയമുണ്ട്. എന്നാൽ എതിരാളിയെ കത്തിമുനയിൽ അവസാനിപ്പിക്കാം എന്നത് രാഷ്ട്രീയമല്ല, കാടത്തമാണ്. ഒരു കാര്യം വ്യക്തമാണ്, നേതാക്കളുടെ നിർദ്ദേശവും, അറിവും ഇല്ലാതെ ഒരു രാഷ്ട്രീയ കൊലപാതകങ്ങളും ഇവിടെ നടക്കുകയില്ല. തിരക്കഥ മെനയുന്നത് ഉയർന്ന തലങ്ങളിൽ തന്നെ. കൊലപാതകികളെ പാർട്ടി സംരക്ഷിക്കില്ല എന്ന് ചങ്കൂറ്റത്തോടെ പറയുവാൻ ഇവിടുത്തെ കൊലപാതകം നടത്തുന്ന പാർട്ടിയുടെ നേതാക്കൾക്ക് കഴിയുമോ? പാർട്ടി അന്വേഷിക്കുന്നതിനു പകരം രാജ്യത്തെ നിയമ വ്യവസ്ഥയ്ക്ക് മുമ്പിൽ കൊണ്ടുവന്ന് അർഹമായ ശിക്ഷ വാങ്ങികൊടുക്കുവാൻ ഈ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയുമോ? ജനങ്ങളുടെ നികുതിപ്പണം കൊണ്ട് കൊടും കൊലപാതകികൾക്ക് ജയിലറകളിലെ സുഖ സൗകര്യങ്ങൾ ചെയ്തുകൊടുക്കാതിരിക്കുവാൻ നേതാക്കൾക്ക് കഴിയുമോ?

മരിച്ചവന്റെ മൃതശരീരത്ത് വലിയ തലയെടുപ്പോടെ നിങ്ങൾ സമർപ്പിക്കുന്ന റീത്തും നിങ്ങളുടെയൊക്കെ മുഖത്തെ കപട വിഷാദവും കാണുമ്പോൾ ഒരു തരം പുച്ഛമാണ് നിങ്ങളോടൊക്കെ തോന്നുന്നത്. സ്വന്തം മക്കളുടെ ഭാവിയും, ജീവിതവും ഭദ്രമാക്കിയിട്ട്, ഒരു കുടുംബത്തിന്റെ അത്താണി ആയവനെ കത്തിമുനക്ക് വിട്ടുകൊടുക്കുന്ന കപട രാഷ്ട്രീയം അല്ലേ ഇവിടെ നടക്കുന്നത്? അലക്കിത്തേച്ച് വടിവൊത്ത വേഷങ്ങൾ ധരിച്ച് ആഡംബര കാറിലും ജീവിതത്തിന്റെ എല്ലാ സുഖ ഭോഗങ്ങളും അനുഭവിക്കുന്നത് ഈ പാവപ്പെട്ടവന്റെ ചോരകൊണ്ടും, അവന്റെ തൊണ്ട പൊട്ടിയുള്ള സിന്ദാബാദ് വിളികൊണ്ടും മാത്രമാണ് എന്നുള്ള സത്യം വല്ലപ്പോഴും നേതാക്കൾ ഓർക്കുന്നത് നന്ന്. സ്വന്തം കഴിവുകൊണ്ടോ, വിദ്യാഭ്യാസ യോഗ്യത കൊണ്ടോ അല്ല, പാവപ്പെട്ടവന്റെ നികുതിപ്പണത്തിൽ നിന്നും പതിനായിരങ്ങൾ ശമ്പളമായി എണ്ണിവാങ്ങുന്നത്.

ഓരോ കൊലപാതകങ്ങൾ കഴിയുമ്പോഴും ഒരു ചടങ്ങ് ഇവിടെ കാലങ്ങളായി നടത്തിവരുന്നൂ. സർവകക്ഷി യോഗം എന്ന ഒരുതരം തട്ടിപ്പ്. അതിന്റെ പേരിലും നഷ്ടമാകുന്നത് ഖജനാവിലെ പണം തന്നെ. തലസ്ഥാനത്തു നിന്നും അകമ്പടിയോടു കൂടി മന്ത്രിയുടെ യാത്ര, മറ്റുള്ള മുൻനിശ്ചയിച്ച എല്ലാ പരിപാടികളും മാറ്റിവെച്ചിട്ട് യോഗത്തിൽ പങ്കെടുക്കുന്ന ജില്ലാ ഭരണാധികാരി, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങി ധന ദുർവിനിയോഗം തന്നെ. അതിന്റെതായ യാതൊരു പ്രയോജനവും ലഭിക്കാത്ത ഒരു പ്രഹസന നാടകം. ഷുഹൈബ് വധത്തിന്റെ അലയടികൾ തീരും മുമ്പ് അടുത്ത കൊലപാതകം നടക്കുന്നു.

സംസ്ഥാനം ഭരിക്കുന്ന പാർട്ടിയും ഇന്ത്യ ഭരിക്കുന്ന പാർട്ടിയും അധികാരത്തിന്റെ ധാർഷ്ട്യമാണ് ഇവിടെ കാട്ടുന്നത്. അണികളെ തമ്മിൽ അടിപ്പിച്ചിട്ട്, ഒളിച്ചും തെളിഞ്ഞും അധികാരത്തിന്റെ പല സുഖങ്ങളും പരസ്പരം പങ്കുവെക്കുന്നൂ. ഇതൊന്നും അറിയാതെ താഴെത്തട്ടിലുള്ള അണികൾ നേതാക്കൾക്ക് വേണ്ടി ജീവിതം നശിപ്പിക്കുന്നൂ. വിദ്യാഭ്യാസത്തിന്റെയും സാമാന്യ വിവേകത്തിന്റെയും കുറവായിട്ടുതന്നെ ഇതിനെ കാണുവാൻ കഴിയൂ. പാർട്ടി ക്ലാസുകൾ മാത്രമാണ് ഇവരുടെ അടിസ്ഥാന യോഗ്യത. കേരളത്തിൽ എന്തെല്ലാം മനുഷ്യത്വ രഹിതമായ പ്രശ്‌നങ്ങൾ ഉണ്ടായാലും അതിന് എതിരെ വായ് തുറക്കാത്ത ഒരു കൂട്ടം ആളുകൾ ഉണ്ട്. നമ്മുടെ സാംസ്‌കാരിക നായകർ. കേരളം ആദരിക്കുന്ന കലാകാരന്മാർ ഉണ്ട്. ഇവരുടെയെല്ലാം ലക്ഷ്യം പേരും പ്രശസ്തിയും അംഗീകാരവും മാത്രം.

ഭരിക്കുന്ന സർക്കാരിന്റെ തെറ്റുകളെ വിമർശിച്ചാൽ കിട്ടുവാൻ സാധ്യതയുള്ള അവാർഡുകൾ, സ്ഥാന മാനങ്ങൾ ഇവയൊക്കെ ഇവിടുത്തെ പാവപ്പെട്ടവന് വേണ്ടി എന്തിന് കളയണം. അനുസരണയോടുകൂടി നിന്നതിനാൽ പലർക്കും പല ഉന്നത സ്ഥാനമാനങ്ങളും നേടുവാൻ കഴിഞ്ഞിട്ടുണ്ട്. ആ ഒരു ചിന്തയാകാം ഇവരെയൊക്കെ തിന്മകൾക്ക് എതിരെ പ്രതികരിക്കുന്നതിൽ നിന്നും പിന്നോട്ട് വലിക്കുന്നത്. കേരളത്തിലെ ജനങ്ങൾ വളർത്തിയ പല കലാകാരന്മാരുടെയും ഇന്നത്തെ ഭാവങ്ങൾ കണ്ടാൽ നമ്മൾ ഒക്കെയും അവരുടെ ദാസന്മാർ ആണ് എന്നുള്ള നിലയിൽ ആണ്.

അവരുടെ ഫോട്ടോ എടുക്കുവാൻ പാടില്ല, അഥവാ എടുത്താൽ അത് വാങ്ങി ഡിലീറ്റ് ആക്കുക. നമ്മൾ ജനങ്ങൾ രാഷ്ട്രീയ നേതാക്കൾക്കും, ചില പുങ്കൻ കലാകാരന്മാർക്കും നല്കുന്ന അമിതമായ ബഹുമാനം ആണ് ഇവരെ അഹങ്കാരികൾ ആക്കുന്നത് എന്നുള്ള സത്യം ഇനിയും നമ്മൾ തിരിച്ചറിയാതെ പോകുന്നൂ. അതോടൊപ്പം ഈ കൊച്ചുകേരളത്തിൽ എന്തിന് മനുഷ്യർ രാഷ്ട്രീയ നേതാക്കൾക്ക് വേണ്ടി തമ്മിൽ തല്ലി ജീവിതം അവസാനിപ്പിക്കണം. രാഷ്ട്രീയം അതിന്റെ വഴിക്കു പോകട്ടെ. ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും ഒന്നിച്ചുനിന്നുകൊണ്ട്, കേരളത്തിന്റെ പൈതൃകത്തെ ഉയർത്തിപിടിക്കാം. അപ്പോൾ ഈ രാഷ്ട്രീയ കൊലപാതകങ്ങളും ശണ്ഠകളും താനേ അവസാനിക്കും എന്ന് പ്രതീക്ഷിക്കാം. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP