Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആശുപത്രി വൃത്തിയായി കിടന്നാൽ ക്രെഡിറ്റ് ഡോക്ടർക്ക്! മോശമായി കിടന്നാൽ പഴി നഴ്‌സിനും! പുതിയ കെട്ടിടങ്ങൾ വന്നിട്ടും ഒരു ശുചീകരണ സ്റ്റാഫിനെ എങ്കിലും ഏതെങ്കിലും സർക്കാർ നിയമിച്ചോ? നഴ്‌സുമാരുടെ മെക്കിട്ട് കേറിയതുപോലെ ശുചീകരണ വിഭാഗം മേധാവിമാരേയോ ഡോക്ടർമാരേയോ ശാസിക്കാൻ മന്ത്രിക്ക് ധൈര്യമുണ്ടോ? ആരോഗ്യമന്ത്രിയോട് തുറന്ന ചോദ്യങ്ങളുമായി ഒരു സ്റ്റാഫ് നഴ്‌സ്

ആശുപത്രി വൃത്തിയായി കിടന്നാൽ ക്രെഡിറ്റ് ഡോക്ടർക്ക്! മോശമായി കിടന്നാൽ പഴി നഴ്‌സിനും! പുതിയ കെട്ടിടങ്ങൾ വന്നിട്ടും ഒരു ശുചീകരണ സ്റ്റാഫിനെ എങ്കിലും ഏതെങ്കിലും സർക്കാർ നിയമിച്ചോ? നഴ്‌സുമാരുടെ മെക്കിട്ട് കേറിയതുപോലെ ശുചീകരണ വിഭാഗം മേധാവിമാരേയോ ഡോക്ടർമാരേയോ ശാസിക്കാൻ മന്ത്രിക്ക് ധൈര്യമുണ്ടോ? ആരോഗ്യമന്ത്രിയോട് തുറന്ന ചോദ്യങ്ങളുമായി ഒരു സ്റ്റാഫ് നഴ്‌സ്

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ആരോഗ്യവകുപ്പ് മന്ത്രി മിന്നൽപ്പരിശോധന നടത്തി. വാർഡിൽ വേസ്റ്റിടുന്നതിനുള്ളിൽ എവിടെയോ ഒരു കാലിയായ മദ്യക്കുപ്പി ഇരുന്നതിനും ഡോക്ടർമാരുടെ മേശയിൽ പേപ്പറുകൾ നിരന്നു കിടന്നതിനും സ്റ്റാഫ് നഴ്‌സ് മുതൽ ഹെഡ്‌നഴ്‌സ്, നഴ്‌സിങ് സൂപ്രണ്ട് വരെയുള്ളവരെ നിരത്തി നിർത്തി മന്ത്രി ചാനൽ ക്യാമറകളുടെ മുന്നിൽ വച്ച് കഠിനമായ ശകാരിച്ചു. ബ്ലഡ് ബാങ്ക് സന്ദർശിച്ച മന്ത്രി അവിടം വൃത്തിയായും ഭംഗിയായും സൂക്ഷിച്ചതിന് അവിടെ ഡോക്ടറുടെ പേരെടുത്ത് പറഞ്ഞ് അഭിനന്ദനം സന്ദർശക രജിസ്റ്ററിൽ എഴുതുകയും ചെയ്തു.

ഒരു വിഭാഗം വൃത്തിയായി കിടന്നാൽ ക്രെഡിറ്റ് ഡോക്ടർക്ക്! മോശമായി കിടന്നാൽ പഴി നഴ്‌സിനും! അടുത്ത ദിവസം താൻ ആശുപത്രി സന്ദർശിക്കാനെത്തുമെന്നും എട്ടുമണിക്ക് ആശുപത്രിയിൽ എത്തിയിരിക്കണമെന്നും നേരിട്ട് നിർദ്ദേശം നൽകിയിട്ടും ആ ഉത്തരവിന് പുല്ലുവില കൽപിച്ച ഡോക്ടർമാർക്കെതിരായി മന്ത്രി നടപടിയൊന്നും എടുത്തതായും അറിയില്ല!

മന്ത്രിയോട് ചില കാര്യങ്ങൾ ചോദിക്കട്ടെ? കഴിഞ്ഞ 20 വർഷങ്ങൾക്കിടെ കേരളത്തിലെ ഏതാണ്ട് എല്ലാ സർക്കാർ ആശുപത്രിയിലും നിരവധി പുതിയ കെട്ടിടങ്ങൾ വന്നിട്ടുണ്ട്. എന്നാൽ ശുചീകരണ വിഭാഗം ജീവനക്കാരുടെ ഒരു തസ്തിക എന്കിലും മാറിമാറി വന്ന ഇടതു വലതു സർക്കാരുകൾ ആരെന്കിലും പുതുതായി സൃഷ്ടിച്ചിട്ടുണ്ടോ? 1961 ലെ കാലഹരണപ്പെട്ട സ്റ്റാഫ് പാറ്റേൺ അനുസരിച്ച് നിയമിതരായ എണ്ണം ശുചീകരണ വിഭാഗം ജീവനക്കാരല്ലേ ഇപ്പോഴും സർക്കാർ ആശുപത്രികളിൽ ഉള്ളത്?

വീഡിയോദ്യശ്യങ്ങളിൽ കാണുന്ന അലങ്കോലമായ ടേബിളിനോട് ചേർന്നുള്ള കസേരകളിൽ രണ്ട് ഹൗസ് സർജന്മാർ ഇരിക്കുന്നത് കാണാം. ഹൗസ് സർജൻ എന്നാൽ മെഡിക്കൽ വിദ്യാർത്ഥി തന്നെയാണ്. തങ്ങളുടെ ഇരിപ്പിടവും ടേബിളും എന്തുകൊണ്ടാണ് ഇങ്ങനെ അലങ്കോലമാക്കിയിടുന്നത് എന്ന് എന്തേ മന്ത്രി അവരോട് ചോദിച്ചില്ല?! അവരുടെ ടേബിൾ വൃത്തിയായി ഇടേണ്ടതിന്റെ ഉത്തരവാദിത്തവും നഴ്‌സിന് തന്നെയാണോ!

ശുചീകരണ വിഭാഗത്തിന്റെ ചുമതലയുള്ള ഹെൽത്ത് സൂപ്പർവൈസറോടോ ഹെൽത്ത് ഇൻസ്‌പെക്ടറോടോ ഏതെങ്കിലും ശുചീകരണ വിഭാഗം ജീവനക്കാരോടോ മന്ത്രി വിശദീകരണം ചോദിച്ചതായോ അവരെ ശാസിച്ചതായോ കണ്ടില്ല! അതിനെന്താ കാരണം? അഥവാ ശുചീകരണവിഭാഗത്തിന്റെ മേൽനോട്ടം ഹെഡ്‌നഴ്‌സിനും നഴ്‌സിങ് സൂപ്രണ്ടിനും ആയതിനാൽ അവരെ ശാസിച്ചു എന്നാണ് മറുപടി എങ്കിൽ ആശുപത്രിയിലെ സാനിട്ടറി റൗണ്ട്‌സ് എടുക്കാനും വൃത്തി ഉറപ്പു വരുത്താനും ഉത്തരവാദിത്തമുള്ള ഉയർന്ന ഉദ്യോഗസ്ഥരായ ആർഎംഒ, മെഡിക്കൽ സൂപ്രണ്ട് എന്നിവരെ എന്തേ പരസ്യമായി ശാസിച്ചില്ല!

ഇവരെയൊക്കെ ചാനലുകളുടെ മുന്നിൽവച്ച് ശാസിച്ചാൽ അവരുടെയൊക്കെ സംഘടനകൾ എങ്ങനെ പ്രതികരിക്കുമെന്ന് മന്ത്രിക്ക് ഭയമുണ്ടാവും! അപ്പോ പിന്നെ ആശുപത്രി വൃത്തിയായി സൂക്ഷിക്കാതിരുന്നതിന് പരസ്യമായി ശകാരിച്ച് കൈയടി നേടാൻ മന്ത്രിയുടെ മുന്നിൽ ആർക്കും കൊട്ടാവുന്ന ചെണ്ടയായ നഴ്‌സുമാർ അല്ലാതെ മറ്റൊരു വിഭാഗം ഇല്ലായിരുന്നു എന്നുവേണം കരുതാൻ! ഔദ്യോഗിക വസതിയിൽ വന്ന് മന്ത്രിയെ വിരട്ടാനുള്ള ധൈര്യമൊന്നും നഴ്‌സുമാരുടെ സംഘടനകൾക്ക് ഇല്ലല്ലോ..

മദ്യപിക്കുന്നവരെ തടയാൻ മന്ത്രി എന്തു നടപടിയെടുക്കും?

സർക്കാർ ആശുപത്രികളിൽ വച്ച് മദ്യപിക്കുന്ന പൊതുജനങ്ങളെ തടയാൻ എന്ത് സംവിധാനമാണ് ആശുപത്രികളിൽ ഉള്ളതെന്ന് മന്ത്രി ചിന്തിച്ചിട്ടുണ്ടോ? കാര്യക്ഷമമായ സെക്യൂരിറ്റി സംവിധാനം മെഡിക്കൽ കോളേജുകളിൽ ഒഴികെ ഏതെങ്കിലും ആശുപത്രികളിൽ ഉണ്ടോ? ഒരു പൊലീസ് എയിഡ് പോസ്റ്റ് ഉണ്ടോ? എയിഡ് പോസ്റ്റ് ഉള്ള ആശുപത്രികളിൽ അതിൽ പൊലീസുകാർ കൃത്യമായി ഡ്യൂട്ടിക്ക് വരാറുണ്ടോ? അടിപിടി കേസുകളിൽ അഡ്‌മിറ്റ് ചെയ്തിരിക്കുന്നവർ വാർഡുകളിൽ പരസ്യമായിരുന്ന് മദ്യപിക്കുന്നത് കണ്ടാലും കാണാത്ത മട്ടിൽ പോകാനേ നഴ്‌സുമാർക്ക് കഴിയൂ. കാരണം അത് ചോദ്യം ചെയ്യുകയോ പൊലീസിൽ അറിയിക്കുകയോ ചെയ്താൽ സ്ഥിരം ക്രിമിനലുകളായ അവരുടെ ശാരീരികാക്രമണം കൂടി നേരിടേണ്ടി വരും. നഴ്‌സുമാരും കുടുംബവും കുട്ടികളുമൊക്കയുള്ള സാദാ മനുഷ്യരാണ്.

സർക്കാർ ആശുപത്രികളിലെ ശുചീകരണ വിഭാഗം ജീവനക്കാരിൽ നല്ല ഒരു വിഭാഗം മദ്യത്തിന് അടിമകളാണ്. അവർ ജോലിക്ക് വന്നാൽ തങ്ങളുടെ ഒരു ജോലിയും ചെയ്യില്ല. ജോലിസമയത്തുൾപ്പെടെ മദ്യപിച്ച് ചോരക്കണ്ണുകളുമായി നടക്കുന്ന ഇവർ മേലധികാരികളായ നഴ്‌സുമാർ പറയുന്നതൊന്നും അനുസരിക്കാറില്ല. ഇത്തരക്കാർക്കെതിരായി പരാതി കൊടുത്താൽ അത് മിക്കവാറും ആശുപത്രി സൂപ്രണ്ട് മുക്കും. അഥവാ പരാതി മുകളിലേക്ക് പോകും എന്നായാൽ ഉടനെ വരും യൂണിയൻ നേതാക്കളുടെ ഭീഷണികൾ. ട്രാൻസ്ഫർ ചെയ്തുകളയും എന്നുതുടങ്ങി പുറത്തിറങ്ങിയാൽ ശാരീരികമായി കൈകാര്യം ചെയ്യും എന്നുവരെ ആയിരിക്കും ഭരണകക്ഷി സംഘടനകളുടെ ഭീഷണി. ഇതൊക്കെ മറികടന്ന് നടപടിയെടുക്കാൻ ആർക്ക് സാധിക്കും!

സത്യസ്ഥിതി അറിയാൻ വേഷംമാറി ആശുപത്രികളിൽ ചെന്നുനോക്കുക

എന്തിനും ഏതിനും നഴ്‌സുമാരെ ശാസിച്ച മന്ത്രിയോട് ഒരപേക്ഷയുണ്ട്. താങ്കൾ വേഷം മാറി അകമ്പടിയും പരിവാരങ്ങളുമില്ലാതെ കേരളത്തിലെ താലൂക്കാശുപത്രികൾ മുതൽ മുകളിലേക്ക് മെഡിക്കൽ കോളേജുകൾ വരെയുള്ള സ്ഥാപനങ്ങളിൽ ഒന്ന് പോയി നോക്കണം. ഒപികളിലും വാർഡുകളിലും കുറേ സമയം ചിലവഴിക്കണം. ഡോക്ടർമാർ ഒപികളിൽ എത്ര മണിക്ക് എത്തുന്നു, എത്ര നേരം ഇരിക്കുന്നു എന്ന് നിരീക്ഷിക്കണം, ഏതെല്ലാം വിഭാഗം ജീവനക്കാർ തങ്ങളുടെ ജോലി കൃത്യമായി ചെയ്യുന്നു എന്നു നോക്കണം. എത്ര നഴ്‌സുമാർ താമസിച്ചു വരുന്നു എന്നും തങ്ങളുടെ ജോലി കൃത്യമായി ചെയ്യാത്തവരുണ്ട് എന്നതും ശ്രദ്ധിക്കണം. ഇത്രയും ചെയ്താൽ അങ്ങേയ്ക്ക് നഴ്‌സുമാരെ പൂവിട്ട് പൂജിക്കാൻ തോന്നും. ഇത്രയും പരിമിതികൾക്കിടയിലും പല ആശുപത്രികളും മുന്നോട്ട് പോകുന്നത് തന്നെ അവിടത്തെ നഴ്‌സുമാരുടെ മിടുക്കു കൊണ്ടാണെന്ന് അങ്ങേയ്ക്ക് ബോധ്യപ്പെടും.

ചെയ്യാവുന്നതിന്റെ പലമടങ്ങ് ജോലി ചെയ്യുന്‌പോൾ ധൃതികൂടുന്നതുകൊണ്ട് മാരകരോഗമുള്ളവരെ കുത്തി വയ്ക്കാനുപയോഗിച്ച സൂചി കൊണ്ടും മറ്റുമായി മാരകരോഗങ്ങളായ ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയവ ബാധിച്ച് മരണത്തിന് കീഴടങ്ങിയ എത്രയോ സർക്കാർ നഴ്‌സുമാരുണ്ട്. ജോലിയുടെ ഭാഗമായി പകർന്ന് കിട്ടിയ ടിബി, ചിക്കൻപോക്‌സ് മുതലായവയ്ക്ക് പോലും ഞങ്ങൾക്ക് പ്രത്യേക അവധി അനുവദനിയമല്ല. ഇത്രയും റിസ്‌കുള്ള ജോലി ചെയ്യുന്‌പോഴും റിസ്‌ക് അലവൻസോ നഴ്‌സിങ് അലവൻസോ ഇല്ല. മുലപ്പാൽ കുടിക്കുന്ന കുട്ടിയേയും വീട്ടിലാക്കി ഒരു മാസത്തിൽ 9 മുതൽ 12 വരെ ദിവസങ്ങളിൽ 14 മണിക്കൂർ വരെ നൈറ്റ് ഡ്യൂട്ടി ചെയ്താലും സ്വകാര്യമേഖലയിലെ നഴ്‌സുമാർക്ക് പോലും ലഭിക്കുന്ന നൈറ്റ് അലവൻസില്ല.

ആഴ്ചയിൽ 6 ദിവസം ത്രീ പീസ് വെള്ള യൂണിഫോമണിഞ്ഞ് ജോലി ചെയ്യേണ്ട ഞങ്ങൾക്ക് കൂടെ ജോലി ചെയ്യുന്ന 2 പീസ് കാക്കിയണിയുന്ന ശുചീകരണവിഭാഗം ജീവനക്കാർക്ക് ലഭിക്കുന്നതിലും കുറഞ്ഞ യൂണിഫോം അലവൻസാണ് ലഭിക്കുന്നത്. കേന്ദ്ര സർക്കാരിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഒരാൾക്ക് ലഭിക്കുന്നതിന്റെ പകുതിയിൽ താഴെ ശന്പളമാണ് കേരള സർക്കാർ സർവ്വീസിൽ ലഭിക്കുന്നത്! ഞങ്ങളുടെ അതേ യൂണിഫോം എടുത്ത് യാതൊരു പ്രൊഫഷണൽ യോഗ്യതയുമില്ലാത്ത ,പേരിൽ മാത്രം നഴ്‌സ് ഉള്ള ഒരു വിഭാഗത്തിന് അന്യായമായി ഈ സർക്കാർ അനുവദിച്ചപ്പോഴും ഞങ്ങൾ പ്രതികരിച്ചില്ല.

ഏതാനും മാസങ്ങൾ മുൻപ് ശ്രീമതി ഷൈലജ ടീച്ചർ നിയമസഭയിൽ കൊടുത്ത മറുപടിയിൽ നാലു രോഗികൾക്ക് ഒരു നഴ്‌സ് എന്നതാണ് ആശുപത്രികളിൽ പാലിക്കേണ്ട രോഗി നഴ്‌സ് അനുപാതം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കേരളത്തിലെ പല ആശുപത്രികളിലും നിലവിൽ നാല് പോയിട്ട് 80 രോഗികൾക്ക് ഒരു നഴ്‌സ് പോലുമില്ല എന്നതാണ് യാഥാർത്ഥ്യം! എട്ടുമണിക്കൂർ ജോലി എന്നത് സാർവത്രിക നിയമം ആയിട്ടും പല സർക്കാർ ആശുപത്രിയിലും ഇപ്പോഴും 14 മണിക്കൂറുകൾ വരെ നഴ്‌സുമാർക്ക് ജോലി ചെയ്യേണ്ടി വരുന്നു. ആവശ്യമായതിന്റെ പത്തിലൊന്നും മനുഷ്യവിഭവശേഷി ഇല്ലാത്ത സ്ഥലങ്ങളിൽ നഴ്‌സുമാർ തങ്ങളുടെ പ്രാഥമികജോലിയായ നഴ്‌സിങ് കെയർ ചെയ്യണോ അതോ ക്ലീനിങ് ജോലി ചെയ്യണോ എന്ന് മന്ത്രി വ്യക്തമാക്കണം.

കയ്യടി നേടാനുള്ള സൂത്രങ്ങളല്ല വേണ്ടത്

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഈ സർക്കാർ വന്ന ശേഷം നിരവധി തസ്തികകൾ അനുവദിച്ചു, എന്നിട്ടും സർവ്വീസ് കാര്യക്ഷമമല്ല എന്ന മന്ത്രിയുടെ വാദം കൈയടി നേടാനുള്ള സൂത്രം മാത്രമാണ്. കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മെഡിക്കൽ കോളേജുകളിലും അല്ലാതെ തിരുവനന്തപുരം ജനറൽ ആശുപത്രി ഉൾപ്പെടെ ഏതെന്കിലും ജനറൽ ആശുപത്രിയിലോ ജില്ലാ ആശുപത്രികളിലോ താലൂക്കാശുപത്രികളിലോ നഴ്‌സിങ് വിഭാഗത്തിലോ ശുചീകരണ വിഭാഗത്തിലോ ഒരു തസ്തിക പോലും ഈ സർക്കാർ അനുവദിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം!

ഒരു മനുഷ്യജീവിയെ കൊണ്ട് സാധിക്കുന്നതിന്റെ നാലിരട്ടി ജോലി ചെയ്യേണ്ടി വരുന്‌പോഴും പരാതിയോ പരിഭവമോ ഇല്ലാതെ തങ്ങളുടെ മുന്നിൽ വരുന്ന രോഗികളോട് എന്നും ചിരിച്ച മുഖവുമായി ഇടപെടുന്നവരാണ് ഞങ്ങൾ. ആ ഞങ്ങളെ അഭിനന്ദിച്ചില്ലെന്കിലും പരസ്യമായി അപഹസിക്കരുത്. ഇതൊരപേക്ഷയാണ്.

എന്ന്, ഒരു സർക്കാർ നഴ്‌സ്, എറണാകുളം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP