Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമ്പൂർണ മദ്യ നിരോധനം; വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള സദാചാര ഫാസിസത്തിന്റെ കടന്നു കയറ്റം

സമ്പൂർണ മദ്യ നിരോധനം; വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള സദാചാര ഫാസിസത്തിന്റെ കടന്നു കയറ്റം

ആടിനെ പട്ടി ആക്കുക, പട്ടിയെ പേപ്പട്ടി ആക്കുക, പേപ്പട്ടിയെ തല്ലിക്കൊല്ലുക, ഇതാണല്ലോ പുകമറ രാഷ്ട്രീയക്കാരുടെ പ്രവർത്തന ശൈലി. അപ്പോൾ ആടിനെ പട്ടി ആക്കൽ അഥവാ ചാരായ നിരോധനം, ആന്റണി സാറും; പട്ടിയെ പേപ്പട്ടിയാക്കൽ അഥവാ മദ്യത്തെ ഭീകരൻ ആക്കൽ സുധീരൻ സാറും; പേപ്പട്ടിയെ തല്ലിക്കൊല്ലൽ അഥവാ പുത്തൻ മദ്യനയം, ഉമ്മൻ സാറും. ചുരുക്കും പറഞ്ഞാൽ ഇതാണ് മദ്യവർജന പ്രശ്‌നങ്ങളിൽ സംഭവിച്ചത്. അതിനു ഓശാന പാടൽ ആയി മതമേലധ്യക്ഷന്മാരും, സാമുദായിക രാജാക്കന്മാരും, മാദ്ധ്യമ പ്രമാണിമാരും എല്ലാം. സദാചാര ധാർമിക ഫാസിസം തലയിൽ അടിച്ചേല്പിക്കാൻ എല്ലാ പിന്തിരിപ്പൻ ശക്തികളും ഒന്നിച്ചു.

വളരെ ആശ്ചര്യകരം എന്ന് പറയട്ടെ, പുരോഗമനപരമായി ചിന്തിക്കുന്ന ജനങ്ങൾ മുഖ്യധാര രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന ഇടതു മുന്നണി പോലും ഈ പ്രശ്‌നത്തിൽ സദാചാര ഫാസിസ്റ്റുകളുടെ സമാനം ആയി സംസാരിക്കുന്നു.

എന്താണ് കേരളത്തിലെ മദ്യത്തിലെ പ്രശ്‌നം? കേരളത്തിന്റെ ചരിത്ര പുസ്തകങ്ങൾ എടുത്തു വായിച്ചാൽ സമ്പന്നമായ ഒരു മദ്യ സംസ്‌കാരം ഉണ്ടായിരുന്നതായി കാണാൻ കഴിയും. തെങ്ങിൻ കള്ള്, പനങ്കള്ള്, കൂടാതെ നെല്ല് വാറ്റിയത്, തെങ്ങിന്റെ പൂക്കുല ഇട്ടു വാറ്റിയത്, ഇഞ്ചപ്പട്ട ഇട്ടു വാറ്റിയത് അഥവാ പട്ടച്ചാരായം മുതലായ അനവധി മദ്യങ്ങൾ കേരളത്തിന്റെ ജീവിതത്തിന്റെ ഭാഗം ആയിരുന്നു. മരുന്നിനും വിനോദത്തിനും എല്ലാം ഇവിടെ മദ്യം ഒരു ഘടകം ആയി മാറി, പിന്നീട് ബ്രിട്ടീഷ് കാലത്താണ് വിദേശമദ്യം കേരളത്തിൽ അവതരിച്ചതും പ്രചാരം നേടിയതും.

സാധാരണക്കാരന് അന്നും പ്രിയം ചാരായവും താറാവിന്റെ മുട്ടയും, കള്ളും കപ്പയും ഒക്കെ ആയിരുന്നു. ചുരുങ്ങിയ പൈസക്ക് ലഹരി.
ചില പ്രശ്‌നങ്ങളും ദുരന്തങ്ങളും ഉണ്ടായിരുന്നു എന്നത് സത്യമാണ്, അപ്പോഴാണ് ചാരായം ആണ് കേരള സമൂഹത്തിന്റെ സമസ്ത പ്രശ്‌നങ്ങൾക്കും കാരണം, അത് നിരോധിക്കൽ ആണ് ഒറ്റമൂലി എന്ന ഭാവത്തിൽ ആന്റണി സർക്കാർ ചാരായം നിരോധിച്ചത്, ഫലമോ ?
കേരളീയർ സ്പിരിറ്റിൽ വിഷമയമായ ചായം കലർത്തിയ വിദേശ മദ്യത്തിലേക്കു തിരിഞ്ഞു. കേരളത്തിലെ പ്രശ്‌നങ്ങൾ കൂടി എന്നല്ലാതെ കുറഞ്ഞില്ല. അത് ഒരു എളുപ്പ ധന സമ്പാദന മാർഗം ആയിക്കണ്ട് സർക്കാർ കുടിയന്മാർ വഴി ഖജനാവ് വീർപ്പിച്ചു.

ഇപ്പോൾ എല്ലാവരും സമ്പൂർണ മദ്യനിരോധനം എന്നൊക്കെ പറഞ്ഞു തുടങ്ങിയിരിക്കുന്നു. എന്താണ് മദ്യപിച്ചാലുള്ള പ്രശ്‌നം? അമിത മദ്യാസക്തി രോഗം ആണ് എന്നത് സത്യം തന്നെയാണ്, പക്ഷേ മദ്യം വിനോദത്തിനു മാത്രം ഉപയോഗിക്കുന്നവർ, ഉത്തരവാദിത്തത്തോടെ മദ്യം കഴിക്കുന്നവർ ഇവരുടെ കാര്യമൊക്കെ ? അതായതു മദ്യപിച്ചാൽ വാഹനം ഓടിക്കാത്തവർ, ഭാര്യയെ തല്ലാത്തവർ, വരുമാനം മുഴുവനും നശിപ്പിക്കാത്തവർ, മാന്യമായി പെരുമാറുന്നവർ, ബഹളം ഉണ്ടാക്കാത്തവർ എന്നിങ്ങനെ മദ്യപിച്ചാലും സമൂഹത്തിലെ ആർക്കും ഒരു പ്രശ്‌നവും ഉണ്ടാക്കാത്തവർ അവരെയും മദ്യാസക്തരെയും ഒരുപോലെ ആണോ കാണേണ്ടത് ?

കാടടച്ചു വെടി വച്ചാൽ ആരും ശേഷിക്കില്ല എന്ന് പറഞ്ഞപോലെ, ആരും മദ്യപിക്കണ്ട എന്നാണ് നമ്മുടെ സദാചാര വാദികളുടെ വാശി, കാരണം മദ്യപാനം സദാചാര വിരുദ്ധം ആണ്. സുഹൃത്തുക്കളേ, മദ്യത്തിന്റെ ലഭ്യത കുറച്ചു കൊണ്ട് വരുന്നതോ, കുറെ ബാറുകൾ പൂട്ടുന്നതോ അല്ല ഇവിടുത്തെ പ്രശ്‌നം അമിത മദ്യപാനത്തെ ചികിത്സിക്കട്ടെ പക്ഷേ എന്തിനു മദ്യവർജനം എന്ന സദാചാര തീട്ടൂരം മറ്റുള്ളവരുടെ തലയിൽ അടിച്ചേല്പിക്കാൻ വെമ്പുന്നു?

പ്രശസ്ത മലയാളി മാർക്‌സിസ്റ്റ് ചിന്തകൻ ആയ പ്രൊഫസർ എം എൻ വിജയൻ നിരീക്ഷിച്ചപോലെ, 'മദ്യം മനുഷ്യന് സത്യം പറയാൻ കഴിയാതിരിക്കാത്ത ഒരവസ്ഥ ഉണ്ടാക്കുന്നു, അതുകൊണ്ടാണ് സദാചാര മതസ്ഥാപനങ്ങളുടെ അടുത്ത് മദ്യം ഉണ്ടാവരുത് എന്ന് നമ്മൾ ശഠിക്കുന്നത്. സത്യത്തെ മുഖാമുഖം കാണാൻ ഭയക്കുന്ന കപട സദാചാരത്തിൽ സ്വയം മേനി നടിക്കുന്ന മലയാളികൾക്ക് ചേർന്ന തീരുമാനം തന്നെയാണ് ഈ മദ്യ നയം. അങ്ങനെ കപട സദാചാരം ഉള്ള സ്ഥലങ്ങളിൽ ആണല്ലോ ആൾദൈവങ്ങൾക്കും തട്ടിപ്പുകാർക്കും വിളയാടാൻ കഴിയുന്നത്.

കേരളത്തിന്റെ പൊതുബോധത്തെ അതിന്റെ പ്രാഥമിക ശത്രു ആയി മദ്യത്തെ പ്രതിഷ്ഠിക്കുന്നവർ യഥാർത്ഥത്തിൽ വ്യക്തികളും കുടുംബങ്ങളും നേരിടുന്ന ചൂഷണ സത്യങ്ങൾ കണ്ടില്ലെന്നു നടിക്കുകയാണ്, മനുഷ്യരെ സ്ഥിരം കൊള്ളയടിക്കുന്ന കുത്തകകൾ, വിലക്കയറ്റം, ബുദ്ധിമുട്ടിക്കുന്ന ഭരണകൂട നയങ്ങൾ എന്നിങ്ങനെ ഉള്ള സ്ഥിരം പ്രശ്‌നങ്ങൾ തന്നെയാണ് മിക്കവാറും മദ്യത്തിലേക്കു വഴി തുറക്കുന്നത്. അവയെ ഒന്നും പരിഹരിക്കാതെ ലക്ഷണത്തിന് മുറിവൈദ്യം പോലെ ഉള്ള ചികിത്സ ആണ് മദ്യ നിരോധനം. മനുഷ്യന്റെ അന്യവല്ക്കരണം അവസാനിച്ചാൽ മദ്യാസക്തി കുറയും എന്നതിന് സംശയം ഇല്ല.

മദ്യത്തിന്റെ ലഭ്യതയും, മദ്യാസക്തിയും കുറയട്ടെ, മദ്യത്തിന്റെ വരുമാനം ലാഭ നഷ്ട കച്ചവടം അല്ലാതാകട്ടെ. ദുരുപയോഗം ആണ് വിഷയം എങ്കിൽ നിരോധിക്കേണ്ട സാധനങ്ങൾ വളരെ അധികം ആണ്. ആരോഗ്യം ആണ് പ്രശ്‌നം എങ്കിൽ നാടൻ രീതിയിൽ പഴങ്ങൾ അടക്കം വാറ്റട്ടെ/ ആരോഗ്യകരമായ മദ്യം വരട്ടെ. പ്രായ പൂർത്തി ആയ ഒരു വ്യക്തിക്ക് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവേണ്ട സാധനം ആണ് മദ്യം, അത് നല്ല രീതിയിൽ ഉപയോഗിക്കാനും, ഉത്തരവാദിത്തത്തോടെ മാത്രം മദ്യപിക്കാനും ജനങ്ങളെ പഠിപ്പിക്കുകയാണ് വേണ്ടത്. നികുതി വരുമാനം ഉപേക്ഷിച്ചു നല്ല ഗുണനിലവാരം ഉള്ള മദ്യം മാത്രം വിതരണം ചെയ്യട്ടെ.

ആദർശ ധീരന്മാരുടെയും, ഭരണ കൂടത്തിന്റെയും മത മേലദ്ധ്യക്ഷന്മാരുടെയും ധാർമ്മികത അടിച്ചേല്പിക്കാൻ ശ്രമിച്ചാൽ അനുസരിക്കാൻ ഇത് സൗദി അറേബ്യയും ഇറാനും ഒന്നുമല്ലെന്ന് ഓർമിച്ചാൽ നന്ന്. വ്യക്തി സ്വാതന്ത്ര്യത്തിനു മേലുള്ള ധാർമിക കടന്നു കയറ്റത്തിന്റെയും, സദാചാര ഫാസിസത്തിന്റെയും അവസാനത്തെ ഉദാഹരണം ആകട്ടെ സമ്പൂർണ മദ്യനിരോധന മുറവിളികൾ.

വാലറ്റം : കേരളത്തിന്റെ പരമ്പരാഗതമായ മദ്യങ്ങളെ തിരിച്ചു കൊണ്ടുവരാൻ ഒരു ശ്രമം ഇനിയെങ്കിലും നടത്താൻ വൈകരുത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP