Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉർവശിയെന്ന 'പ്രമുഖ'യും പത്രങ്ങളുടെ റിപ്പോർട്ടിങ് രീതിയും: ബഷീർ വള്ളിക്കുന്ന് എഴുതുന്നു

ഉർവശിയെന്ന 'പ്രമുഖ'യും പത്രങ്ങളുടെ റിപ്പോർട്ടിങ് രീതിയും: ബഷീർ വള്ളിക്കുന്ന് എഴുതുന്നു

ബഷീർ വള്ളിക്കുന്ന്

ത്രപ്രവർത്തന രംഗം പഴയത് പോലെയല്ല. അടിമുടി മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു മേഖലയാണിത്. അച്ചടിയിലും പ്രസരണത്തിലും വന്ന നവ്യമായ സാങ്കേതിക സൗകര്യങ്ങൾ, വാർത്തകളും ദൃശ്യങ്ങളും നിമിഷങ്ങൾക്കുള്ളിൽ കൈമാറ്റം ചെയ്യാൻ സാധിക്കുന്ന ന്യൂ ജനറേഷൻ ടെക്‌നോളജികൾ, നവമാദ്ധ്യമങ്ങളുടെ കടന്നു വരവോടെ വാർത്തയുടെ സംസ്‌കാരത്തിൽ വന്ന പുതു ശൈലികൾ, മാദ്ധ്യമങ്ങൾ തമ്മിലുള്ള മത്സരത്തിലൂടെ വാർത്തയുടെ അവതരണത്തിലും ഗുണനിലവാരത്തിലും വേഗതയിലും വന്ന മാറ്റങ്ങൾ. ചുരുക്കിപ്പറഞ്ഞാൽ രണ്ട് പതിറ്റാണ്ട് മുമ്പുള്ള അവസ്ഥയുമായി തട്ടിച്ചു നോക്കിയാൽ വലിയ മാറ്റങ്ങൾക്ക് വിധേയമായ ഒരു മീഡിയയെയാണ് നമുക്കിപ്പോൾ കാണാൻ കഴിയുക. ഈ മാറ്റങ്ങളുടെ പെരുമഴക്കാലത്തിനിടയിലും ഒട്ടും മാറാതെ നില്ക്കുന്ന ചില പഹയന്മാരുണ്ട്, തുരുമ്പ് പിടിച്ച ചില രീതികളുണ്ട്, പഴകിപ്പുളിഞ്ഞ ചില ശൈലികളുണ്ട്, അത് ലോകാവസാനം വരെ നിലനില്ക്കുമെന്നാണ് ഇപ്പോഴത്തെ പോക്ക് കണ്ടാൽ തോന്നുന്നത്. അവയെക്കുറിച്ച് അല്പം പറയേണ്ടതുണ്ടെന്ന് തോന്നുന്നു.

ഈ കുറിപ്പിന്റെ ആത്മാവിലേക്ക് പെട്ടെന്ന് ആവാഹിച്ചു കയറാൻ വേണ്ടി ഇന്നത്തെ 'പ്രമുഖ' മലയാള പത്രങ്ങളിൽ വന്ന ഒരു റിപ്പോർട്ടിൽ നിന്ന് തുടങ്ങാം. പ്രമുഖ നടി ഉർവശി നിയമസഭാ സെക്രട്ടേറിയറ്റിൽ നടന്ന ഒരു ചടങ്ങിൽ വെള്ളമടിച്ച് എത്തി പരിപാടി അലമ്പാക്കിയതിനെക്കുറിച്ചുള്ള റിപ്പോർട്ടാണ്. പക്ഷേ റിപ്പോർട്ടിൽ ഒരിടത്തും നടിയുടെ പേരില്ല. മാതൃഭൂമി റിപ്പോർട്ട് തുടങ്ങുന്നത് ഇങ്ങനെ

'നിയമസഭയിൽ നടിയുടെ പ്രസംഗം 'കുഴഞ്ഞു'; സ്പീക്കർ വേദിവിട്ടു'

തിരുവനന്തപുരം: നിയമസഭാ സെക്രട്ടേറിയറ്റിൽ ഇടതു സംഘടനയുടെ വനിതാഫോറത്തിന്റെ വാർഷികയോഗം പ്രമുഖനടിയുടെ അധികപ്രസംഗത്തിൽ അലങ്കോലമായി. മദ്യലഹരിയിൽ നാവുകുഴഞ്ഞ് നടി നിലവിട്ട് പ്രസംഗം തുടങ്ങിയതോടെ മുഖ്യാതിഥിയായിരുന്ന സ്പീക്കർ എൻ.ശക്തൻ വേദി വിടുകയും ചെയ്തു.'

മാതൃഭൂമി മാത്രമല്ല, മനോരമയും ഇതേ ശൈലിയിലാണ് റിപ്പോർട്ട് കൊടുത്തിട്ടുള്ളത്. ചോദ്യമിതാണ്. ഈ റിപ്പോർട്ടിൽ നടിയുടെ പേര് പറഞ്ഞാൽ എന്താണ് കുഴപ്പം?. വാർത്ത വായിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിവരമാണ് ആരാണ് ഒരു പൊതുവേദിയിൽ ഇങ്ങനെ മദ്യപിച്ചെത്തി അലമ്പുണ്ടാക്കിയത് എന്നത്. കേരളത്തെ മദ്യവിമുക്ത സംസ്ഥാനമാക്കാൻ സർക്കാരും സന്നദ്ധ സംഘടനകളും ഘട്ടം ഘട്ടമായ നിയമനടപടികളും പ്രചാരണ പരിപാടികളും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് സെക്രട്ടേറിയറ്റിനകത്ത് നടന്ന ഒരു പൊതുചടങ്ങിൽ മദ്യപിച്ചെത്തി പരിപാടി കുളമാക്കാൻ സാമൂഹ്യരംഗത്ത് അറിയപ്പെടുന്ന ഒരാൾ ശ്രമിച്ചു എന്നത് ഒരു വലിയ വാർത്ത തന്നെയാണ്. അത് പുരുഷനായാലും സ്ത്രീയായാലും പരസ്യപ്പെടുത്തേണ്ടത് തന്നെയാണ്. പൊതു ചടങ്ങുകളിലും പരിപാടികളിലും മദ്യപിച്ച് എത്തുന്നവർക്കുള്ള ഫലപ്രദമായ ഒരു 'മരുന്ന്' കൂടിയാണ് ആ വെളിപ്പെടുത്തൽ.. എന്നാൽ പത്രങ്ങളും മാദ്ധ്യമങ്ങളും ഇത്തരം വ്യക്തികളെ 'പ്രമുഖ'രെന്ന പദപ്രയോഗത്തിൽ മാത്രം ഒതുക്കി അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ സംരക്ഷിച്ച് നിറുത്തുവാൻ ശ്രമിക്കുന്നതിന് പിന്നിലെ ധർമമെന്താണ്?. ഇതേ പരിപാടി വീണ്ടും ആവർത്തിച്ചാലും നാലാളറിയാതെ പത്രങ്ങൾ തങ്ങളെ സംരക്ഷിച്ചു കൊള്ളും എന്ന സന്ദേശം ഇത്തരക്കാർക്ക് നല്കുകയാണോ?.

ഈ വിഷയത്തെക്കുറിച്ചുള്ള ചർച്ചയിൽ ഇന്ന് ഫെയ്‌സ് ബുക്കിൽ കണ്ട രസകരമായ ഒരു കമന്റ് ഇതാണ്. 'കേരളത്തിലെ ഒരു പ്രമുഖനഗരത്തിലെ പ്രമുഖസ്ഥാപനത്തിന്റെ പ്രമുഖ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രമുഖനടി കുഴഞ്ഞു. പ്രമുഖരായ സദസ്യർ കുഴഞ്ഞു വീണു മരിഞ്ഞു.' ഇങ്ങനെ ഒരു സ്റ്റാൻഡേർഡ് ന്യൂസ് ടെമ്പ്‌ലേറ്റ് ഉണ്ടാക്കിവച്ചാൽ മതി. അപ്പോപ്പിന്നെ, ജേർണലിസ്റ്റ് കൊച്ചന്മാർക്കും കാരണവന്മാർക്കും ഒട്ടും പേടിക്കണ്ടല്ലോ' (വിശ്വ പ്രഭ)

പേര് വെളിപ്പെടുത്താൻ മടിക്കേണ്ട ചില സന്ദർഭങ്ങൾ ഉണ്ടാവാറുണ്ട് എന്നത് സത്യമാണ്. . അത്തരം അവസരങ്ങളിൽ 'പ്രമുഖ വ്യക്തി'യെന്നോ 'പ്രശസ്ത താര'മെന്നോ പറഞ്ഞു കൊണ്ട് വാർത്ത കൊടുക്കേണ്ടി വരും. ഉദാഹരണത്തിന് 'പ്രമുഖ'യായ സോളാർ വിവാദ നായിക ഒരു വെടി പൊട്ടിച്ചു എന്നിരിക്കട്ടെ. കേരളത്തിലെ അറിയപ്പെടുന്ന ഒരു പൊതുപ്രവർത്തകനേയോ സിനിമാ താരത്തെയോ രാഷ്ട്രീയ നേതാവിനെയോ ബന്ധപ്പെടുത്തി ഒരു ലൈംഗിക ആരോപണം അവർ ഉന്നയിച്ചു എന്ന് കരുതുക. അപ്പോൾ ആ ആരോപണത്തിന്റെ നിജസ്ഥിതി നമുക്കറിയില്ലാത്തതിനാൽ വാർത്ത കൊടുക്കുമ്പോൾ ആരോപിതനായ വ്യക്തിയുടെ അഭിമാനത്തെ അല്പം കണക്കിലെടുക്കണം. അത്തരം സന്ദർഭങ്ങളിൽ അയാളുടെ പേരിന് പകരം ഒരു 'പ്രമുഖ രാഷ്ട്രീയ നേതാവ്' എന്നോ, 'പ്രമുഖ താരം' എന്നോ നല്കാം. അങ്ങനെ നല്കുന്നതാണ് ആ സാഹചര്യത്തിലെ നൈതിക സമീപനം. സംശയത്തിന്റെ ആനുകൂല്യം നല്കുന്നതോടൊപ്പം ആരോപണം തെറ്റായിരുന്നുവെങ്കിൽ അദ്ദേഹത്തിനും കുടുംബത്തിനും മക്കൾക്കും സംഭവിക്കുമായിരുന്ന മാനഹാനിയിൽ ആ റിപ്പോർട്ട് എഴുതിയ ആൾക്കും പ്രസിദ്ധീകരിച്ച മാദ്ധ്യമത്തിനും പങ്കുണ്ടാവില്ല. ഐസ് ക്രീം കേസിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ ലൈംഗിക ആരോപണവുമായി റജീന ആദ്യം സമീപിച്ചത് ഏഷ്യാനെറ്റിനെയായിരുന്നു. അന്നത്തെ സാഹചര്യത്തിൽ വാർത്തയുടെ നിജസ്ഥിതിയെക്കുറിച്ച് സംശയം തോന്നിയതിനാൽ അവർ അത് ബ്രേക്കിംഗാക്കി ആഘോഷിക്കാൻ നിന്നില്ല. അതൊരു സമീപനമാണ്. ആ സമീപനത്തെ ആദരിക്കേണ്ടതുണ്ട്. എന്നാൽ ഇന്ത്യാവിഷൻ റജീനയെ 'ബ്രേക്ക്' ചെയ്തതോടെ ഏഷ്യാനെറ്റടക്കം ആ വാർത്ത കൊടുക്കുവാൻ നിർബന്ധിതരായി എന്നത് വേറെ കാര്യം. കേസും കോടതിയും തെളിവുകളുമൊക്കെയായി വികസിച്ച ഐസ് ക്രീം വിവാദത്തിന്റെ നാൾവഴികളിലെ കാര്യമല്ല, വാർത്ത പുറത്തു വന്ന ആദ്യ ദിവസത്തെ റിപ്പോർട്ടിങ് രീതിയെക്കുറിച്ചും ഏഷ്യാനെറ്റ് എടുത്ത സമീപനത്തിന്റെ നൈതിക പ്രാധാന്യത്തെയുമാണ് ഇവിടെ ഉദാഹരിച്ചത്.

എന്നാൽ ഇവിടെ വിഷയം അതല്ല.. നടി മദ്യപിച്ച് വന്ന് പരിപാടി അലമ്പാക്കിയത് നാട്ടുകാർ നേരിട്ട് കണ്ടതാണ്. ആൾ ആരാണെന്നത് എല്ലാവർക്കും വ്യക്തമായി അറിയുന്നതാണ്. സംശയത്തിന്റെ ഒരു കണിക പോലും അവിടെയില്ല. പരിപാടിയിൽ പ്രസംഗിക്കാൻ വന്ന ശേഷം സുബോധമില്ലാതെ ഇതെന്താ പരിപാടിയെന്ന് പരസ്യമായി ചോദിച്ചെന്നും ആ റിപ്പോർട്ടിൽ തന്നെയുണ്ട്. നടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പരിപാടി നിവൃത്തിയില്ലാതെ സംഘാടകർക്ക് മറ്റൊരു വ്യക്തിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കേണ്ടി വന്നു. കാര്യങ്ങളെല്ലാം അത്ര മാത്രം സ്പഷ്ടമാണെന്നർത്ഥം. അങ്ങനെയിരിക്കെ ആ പേര് മറച്ചു വെക്കേണ്ട ഒരാവശ്യവുമില്ല.

മറ്റൊന്ന് കൂടിയുണ്ട് ഈ വാർത്തയിൽ ശ്രദ്ധിക്കേണ്ടതായി. ഒരു സത്യം മൂടി വച്ച പത്രം മറ്റൊരു അസത്യം തലക്കെട്ടിൽ ചേർത്തു. 'നിയമസഭയിൽ നടിയുടെ പ്രസംഗം 'കുഴഞ്ഞു'; സ്പീക്കർ വേദിവിട്ടു' എന്നാണ് തലക്കെട്ട്. നിയമസഭയിലല്ല നടി പ്രസംഗിച്ചത്. അവിടെ പോയി പ്രസംഗിക്കാൻ നടി എം എൽ എയോ മന്ത്രിയോ ഗവർണറോ അല്ല. 'നിയമസഭയിൽ പ്രസംഗിച്ചു, സ്പീക്കർ വേദി വിട്ടു' എന്നൊരു തലക്കെട്ട് വായനക്കാരനെ വലിയ അളവിൽ തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുള്ളതാണ്. സെക്രട്ടേറിയറ്റ് സമുച്ഛയത്തിലെ ബാങ്ക്വറ്റ് ഹാളിൽ വച്ച് നടന്ന ഇടതു സംഘടനയുടെ വനിതാഫോറത്തിന്റെ വാർഷികയോഗത്തിലാണ് സംഭവം നടന്നത്. അതിൽ സ്പീക്കർ കൂടി പങ്കെടുത്തിരുന്നുവെങ്കിലും നിയമസഭ നടപടികളുടെ ഭാഗമായ ഒരു ചടങ്ങായിരുന്നില്ല അത്. തലക്കെട്ട് ആകർഷകമാക്കാൻ പല കളികളും മാദ്ധ്യമങ്ങൾ കളിക്കാറുണ്ട്. അതാവാം. പക്ഷേ അതിന് വേണ്ടി ഇത്തരം അസത്യങ്ങൾ വെണ്ടയ്ക്കയാക്കരുത്.

സ്ഥിരമായി കാണാറുള്ള മാദ്ധ്യമങ്ങളുടെ ഈ 'പ്രമുഖ'സ്‌നേഹത്തിന് മറ്റൊരു ഉദാഹരണം കൂടി പറയാം. കൊച്ചി മെട്രോക്ക് വേണ്ടി നാട്ടുകാരൊക്കെ സ്ഥലം വിട്ടുകൊടുത്തിട്ടും ശീമാട്ടി ടെക്സ്റ്റയിൽസുകാർ മാത്രം വിട്ടു കൊടുക്കാതെ മാസങ്ങളോളം പണി മുടങ്ങിക്കിടന്നപ്പോൾ നമ്മുടെ മാദ്ധ്യമങ്ങൾ കൂട്ടുപിടിച്ചത് ഇതേ 'പ്രമുഖ'യെയാണ്. 'പ്രമുഖ വസ്ത്രസ്ഥാപനം' എന്ന് മാത്രമായി റിപ്പോർട്ടുകൾ.. മുടങ്ങാതെ കിട്ടുന്ന പരസ്യത്തിനോടുള്ള നന്ദി പ്രകടനമായിരുന്നു അത്. എന്നാൽ സോഷ്യൽ മീഡിയ ശീമാട്ടി ചേച്ചിക്ക് ഒന്നൊന്നര പണി കൊടുത്തു. അതിന് ശേഷമാണ് 'പ്രമുഖ വസ്ത്രസ്ഥാപനം' ശീമാട്ടിയാണെന്ന് നാട്ടുകാർ അറിഞ്ഞത്. അതുകൊണ്ട് തന്നെ മനോരമയും മാതൃഭൂമിയും അടക്കമുള്ള നമ്മുടെ മുഖ്യധാരാ മാദ്ധ്യമങ്ങളോട് പറയാനുള്ളത് ഇത് സോഷ്യൽ മീഡിയയുടെ കാലമാണ് എന്നുള്ളത് കൂടിയാണ്. നിങ്ങൾ ഒരു റിപ്പോർട്ട് പൂഴ്‌ത്തിവച്ചു കഴിഞ്ഞാൽ അത് പുറം ലോകത്തെത്തില്ല എന്ന് കരുതിയിരുന്ന കാലമൊക്കെ കഴിഞ്ഞു പോയി. ഉർവശിയെക്കുറിച്ചുള്ള നിങ്ങളുടെ ഈ 'പ്രമുഖ' റിപ്പോർട്ട് വരുന്നതിന് മുമ്പ് തന്നെ സോഷ്യൽ മീഡിയയിൽ നടിയുടെ പേരോടെ വിശദമായ റിപ്പോർട്ട് വന്നിട്ടുണ്ട്. കാലം മാറിയിട്ടുണ്ട് എന്നർത്ഥം. ഇപ്പോൾ കാര്യങ്ങൾ ബ്രേക്ക് ചെയ്യുന്നത് നിങ്ങൾ മാത്രമല്ല, സോഷ്യൽ മീഡിയ കൂടിയാണ്. അതുകൊണ്ട് തന്നെ പരമ്പരാഗത ധാരണകളും രീതികളും ഒന്ന് മാറ്റിപ്പിടിക്കുന്നത് നല്ലതാണ്.

നിയമപ്രകാരമുള്ള മുന്നറിയിപ്പ്: ഇത് സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ളതോ അതിനെതിരായതോ ആയ പോസ്റ്റല്ല, പത്രങ്ങളുടെ റിപ്പോർട്ടിങ് രീതിയെക്കുറിച്ചുള്ളത് മാത്രമാണ്.

ഉർവ്വശി മദ്യലഹരിയിൽ തർക്കിക്കുന്ന വീഡിയോയാണ് ചുവടെ കൊടുത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP