Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൃതജ്ഞത പറയണം ജയരാജനോട്

കൃതജ്ഞത പറയണം ജയരാജനോട്

ജോണി ജെ. പ്ലാത്തോട്ടം

പ്രതിപക്ഷം മാത്രമല്ല, വി എസ് മാത്രമല്ല, പാവം സഖാക്കൾ മാത്രമല്ല, കേരളത്തിലെ ജനങ്ങളാകെ എം. വി. ജയരാജനോട് നന്ദി പറയേണ്ടതാണ്. മുൻ ഗവൺമെന്റിലെ മാണിയെയും ബാബുവിനെയും ഉമ്മൻ ചാണ്ടിയേയുമൊക്കെ ജനങ്ങൾ എത്ര കൊതിച്ചതാണ്. എൽഡിഎഫിനാണെങ്കിൽ ഇളമരംകരീമിലും പിണറായിയിലും നേരിയ പ്രതീക്ഷ മാത്രം വച്ചുപുലർത്തുമ്പോഴിതാ ഒട്ടും പ്രതീക്ഷിക്കാത്ത വമ്പൻ മത്സ്യം എന്നു പറഞ്ഞാൽ പോരാ. രാഷ്ട്രീയത്തിലെ തിമിങ്ങലം തന്നെ നേരെ വലയിലേക്കു വന്നു കയറുന്നു.

വേറെ ഒരു നിവൃത്തിയും ഇല്ലാത്തതു കൊണ്ടു മാത്രം ജയരാജൻ രാജി വച്ചതാണ് എന്ന് പ്രതിപക്ഷം പറയുന്നുണ്ടെങ്കിലും പിണറായിയും പാർട്ടിയും വിചാരിച്ചാൽ ഈ ഭൂമിയിൽ നിവൃത്തി ഇല്ലാത്ത എന്തെങ്കിലും കാര്യമുണ്ടോ എന്നുള്ളതല്ലേ നേര്? അഴിമതി നടത്തിയിട്ടുണ്ട് നടപടി വേണം എന്ന് അന്വേഷണ റിപ്പോർട്ട് സ്വന്തം പേരിലുള്ളവരെ പോലും സുരക്ഷിതരായി കൊണ്ടു നടക്കുന്ന സിപിഎമ്മിനും പിണറായിക്കും ഇതെന്താണു പറ്റിയത്? ഇക്കാര്യം മാത്രം ഒരു രാഷ്ട്രീയ നിരീക്ഷകനും ചാനലുകാരനും അറിയില്ല.

തന്റെ വലംകൈ ആയ ജയരാജൻ സഖാവിനെ പിണറായിക്ക് എന്തുകൊണ്ടു കൈവിടേണ്ടി വന്നു? ബന്ധു നിയമന വിവാദമുയർന്നപ്പോൾ എന്റെ ബന്ധുക്കൾ അങ്ങനെ പലയിടത്തും കാണാം എന്നുള്ള ജയരാജന്റെ വാക്യം പിണറായിക്ക് പുതിയ ചില ബോധോദയങ്ങൾ ഉണ്ടാക്കിക്കൊടുത്തോ? ഇപ്പോൾ ഇണക്കമുള്ള കൊമ്പനാനയെ പ്പോലെ പിന്നിൽ നടക്കുന്നു എങ്കിലും ജയരാജൻ ഒരിക്കൽ ഇടഞ്ഞാൽ? പോയ് പിണറായിയോടിടയാനോ എന്നൊന്നും ചേദിക്കരുത്. പ്രായധിക്യത്തോട് പിണറായി അടുത്തു കൊണ്ടിരിക്കുകയാണ്, കേസുകൾ ചിലതുണ്ട് അവ സാരമില്ല. എന്നൊക്കെ വിചാരിക്കുന്നെങ്കിലും ചെറിയ ക്ഷീണം വല്ലതും നേരിട്ടാൽ കുട്ടിക്കെമ്പനെപ്പോലെ പിന്നിൽ നിന്ന് ജയരാജൻ വലിച്ചു നോക്കിയാൽ ജയരാജന്റെ സിരകളിലും തനി കണ്ണൂർ ചോര തന്നെ. ബന്ധുക്കളെ എങ്ങും വിന്യസിപ്പിച്ചിട്ടുണ്ടെന്നതു മാത്രമല്ല, മറ്റൊരു കേന്ദ്രകമ്മറ്റി അംഗവും എംപിയും കൂടിയായ പി. കെ. ശ്രീമതിയുമായുള്ള കുടുംബന്ധവും കൂടെ. ശ്രീമതി ആളുമോശമല്ലെന്നു പൊതു ജനത്തിന് പോലുംമറിയാം. മറ്റൊരു വിഷാദം കൂടി പിണറായിക്കുണ്ടായിരിക്കണം. ശ്രീമതിക്കും കോടിയേരിക്കുമൊക്കെ ഉള്ള ജനുസിൽ പെടുന്ന് ആൺമക്കൾ തനിക്കില്ല. പാർട്ടിക്കുള്ളിൽ ഗവൺമെന്റിനുള്ളിൽ തനിക്ക് താരതമ്യേന ബന്ധുബലും എത്ര കുറവാണ്.

ചുരുക്കത്തിൽ ഊരുപേടികൊണ്ടു മാത്രമായിരിക്കണം ഇത്ര വലിയ റിസ്‌ക്കുള്ള ഒരു കാര്യം പിണറായി ചെയ്തത്. ഇത്ര സുതാര്യമായ ബന്ധു നിയമനം നടത്തുകയും എന്റെ ബന്ധുക്കൾ അങ്ങനെ പലയിടുത്തും കാണും എന്ന വാക്യം പറയുകയും ചെയ്തില്ലായിരുന്നെങ്കിൽ? പിണറായിക്ക് ഒന്നും ചെയ്യാൻ പഴുതില്ലായിരുന്നു. അതുകൊണ്ടു തന്നെയാണ് ജയരാജനോട് നന്ദിയുള്ളവരായിരിക്കണം എന്നു പറയുന്നത്. അതിനു പുറമെ അഭേദ്യമായ ഒരു കോട്ടയാണ് ഇരട്ടചങ്കുള്ള പിണറായിയുടെ മന്ത്രിസഭ എന്ന പൊതുധാരണ ലോക ധാരണ വെറും പൊള്ളയാണെന്ന് എത്ര അനായസമായും ക്ഷണനേരം കൊണ്ടു തെളിയിച്ചിരിക്കുന്നു. മുൻ ധാരണയെ തകിടം മറച്ചിരിക്കുന്നു. എല്ലാവരും പോഷിപ്പിക്കാറുള്ള പിണറായിയുടെ ഇരട്ടച്ചങ്കിൽ ഒരു ചങ്കും കൊണ്ടാണ് ജയരാജൻ ഇറങ്ങിയിരിക്കുന്നത്. ഇനിയങ്ങോട്ട് ജീവിക്കാൻ ജയരാജൻ ഒരു ചങ്കു ആവശ്യമാണു താനും. ഇത്ര നാൾ പിണറായിയുടെ ഊർജ്ജം മതിയായിരുന്നു ജയരാജന്.

യച്ചൂരിയുടെ മുന്നിലാണ് പിണറായി ഏറ്റവും ദർബലനായിരിക്കുന്നത്. ജനറൽ സെക്രട്ടറിയോളമോ അതിലധികമോ കരുത്തനായിരുന്നു പിണറായി ഇത്രനാൾ. കേരള സംസ്ഥാനകമ്മറ്റിയായിരുന്നു പിബിയേക്കാൾ പ്രബല. കേന്ദ്ര നേതൃത്വത്തെ കൊണ്ട് വിഎസിനെ തല്ലിച്ചു കൊണ്ടിരിക്കുകയായിരുന്നു ഇത്ര നാൾ. ഗത്യന്തരമില്ലാതെ വരുമ്പോൾ യച്ചൂരിക്കു പോലും വിഎസിനെ തല്ലേണ്ടി വന്നിട്ടുണ്ട്. ഇനിയിപ്പോൾ പിണറായിയെത്തല്ലാൻ വടി എത്ര വേണെമെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ കൈയിൽ കിട്ടിയിരിക്കുന്നു. ജോസഫയിൻ എന്നൊരു അംഗം കേന്ദ്ര നേതൃത്വത്തിലുണ്ടെന്ന് മാലോകർക്കു ബോദ്ധ്യമായി. ഇനിയിപ്പോൾ പല ജോസഫായിന്മാരും ഉണ്ടാകാം. ഉരുക്കു കോട്ട പോലെ ഉറച്ചതായിരുന്നു നിശബ്ദായിരുന്ന സിപിഎമ്മിന്റെ സംസ്ഥാന കമ്മറ്റിയിൽ ഇനി പലർക്കും ജീവൻ വയ്ക്കും. സ്വന്തം നിലയ്ക്കും വിഎസിനെ സപ്പോർട്ട് ചെയ്തു പറയാൻ ആളുണ്ടാകും.

കേസുകളിൽ ഉണ്ടാകുന്ന തീരുമാനങ്ങൾ പോലും ഇനിയിപ്പോൾ മുമ്പത്തേതുപോലെ എല്ലാം പിണറായിക്ക് അനുകൂലമായിരിക്കണമെന്നില്ല. അങ്ങനെയാണ് കേസു പേടിച്ച് ദൂരേയ്ക്ക് ഓടിക്കൊണ്ടിരിക്കുന്ന പ്രതിപക്ഷം ഇപ്പോൾ തിരിഞ്ഞു നിൽക്കുവാനും വർത്തമാനം പറയാനും തുടങ്ങിയിരിക്കുന്നു. മുട്ടുവിറയ്ക്കാതെ പിണറായി അഴിമതിക്കു കൂട്ടു നിന്നു എന്നു അവർ ആരോപിക്കുന്നു.

ഇതിനെല്ലാം കാരണക്കാരൻ ആര് എന്നോർക്കുമ്പോൾ അദ്ദേഹത്തെ കൃതജ്ഞതയോടെ മുത്തം കൊണ്ടു മൂടാൻ കേരളീയർക്കു തോന്നുണ്ടാകണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP