Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മീശ പിൻവലിക്കൽ സംഘപരിവാറിന് കേരളത്തിൽ കിട്ടിയ ആദ്യ അവസരം; രാഷ്ട്രീയ അധികാരം ആർക്കായാലും സാംസ്‌കാരിക അധികാരം തങ്ങൾക്കാണെന്നു അവർക്ക് ഈസംഭവത്തിലൂടെ സാധിച്ചു; അതുകൊണ്ടുതന്നെ നോവൽ പിൻവലിച്ചതാണെങ്കിലും പിൻവലിപ്പിച്ചതാണെങ്കിലും താങ്കളും അതിനു പിന്നിൽ ഏതെങ്കിലും നാടകം അരങ്ങേറിയിട്ടുണ്ടെങ്കിൽ അതിൽ വേഷമിട്ടവരും കുറ്റക്കാരാണ്; പിടി മുഹമ്മദ് സാദിഖ് എഴുതുന്നു

മീശ പിൻവലിക്കൽ സംഘപരിവാറിന് കേരളത്തിൽ കിട്ടിയ ആദ്യ അവസരം; രാഷ്ട്രീയ അധികാരം ആർക്കായാലും സാംസ്‌കാരിക അധികാരം തങ്ങൾക്കാണെന്നു അവർക്ക് ഈസംഭവത്തിലൂടെ സാധിച്ചു; അതുകൊണ്ടുതന്നെ നോവൽ പിൻവലിച്ചതാണെങ്കിലും പിൻവലിപ്പിച്ചതാണെങ്കിലും താങ്കളും അതിനു പിന്നിൽ ഏതെങ്കിലും നാടകം അരങ്ങേറിയിട്ടുണ്ടെങ്കിൽ അതിൽ വേഷമിട്ടവരും കുറ്റക്കാരാണ്; പിടി മുഹമ്മദ് സാദിഖ് എഴുതുന്നു

പിടി മുഹമ്മദ് സാദിഖ്

 അങ്ങിനെയൊരു കാലം ഇനി വരില്ല

പ്രിയപ്പെട്ട ഹരീഷ്,

ആദ്യകൂടിക്കാഴ്ചയിൽ തന്നെ താങ്കളിൽ അനുരക്തനായിരുന്നു ഞാൻ. എഴുത്തുപോലെ അതീവ ഹൃദ്യമായ ആ പെരുമാറ്റം ആരിലും അനുരാഗമുണർത്തും. എഴുത്തിലും ജീവിതത്തിലും താങ്കൾ പുലർത്തുന്ന രാഷ്ട്രീയ നിലപാടുകൾ അത്യന്തം ശക്തവും ധീരവുമാണ്. ഏറ്റവും ഒടുവിൽ പച്ചക്കുതിരയിൽ താഹാ മാടായി മോഡറേറ്ററായി താങ്കളും അയ്മനം ജോണും തമ്മിൽ നടത്തിയ സംവാദം ഞെട്ടലോടെയാണ് വായിച്ചത്. എത്ര ധീരമായാണ് താങ്കൾ എസ്.എഫ്.ഐയെക്കുറിച്ചും ചെഗുവേരയെക്കുറിച്ചും ഫിഡൽ കാസ്‌ട്രോയെ കുറിച്ചും സിപിഎമ്മിനേയും സംഘപരിവാരിനേ കുറിച്ചുമൊക്കെ സംസാരിക്കുന്നത്. അതു കൊണ്ടാകാം താങ്കളെ നമ്മുടെ സുഹൃത്ത് ബെന്യാമിൻ അരാഷ്ട്രീയക്കാരൻ എന്നു വിളിച്ചത്. താങ്കൾ ഒരു അരാഷ്ട്രീയക്കാരനേ അല്ല. നിലവിലെ രാഷ്ട്രീയക്കാരെ ട്രോളാനായിരിക്കും ബെന്യാമിൻ അങ്ങിനെ പറഞ്ഞതെന്നു കരുതുന്നു.

അതുകൊണ്ടുതന്നെ, താങ്കൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽനിന്നു മീശ പിൻവലിച്ചുവെന്ന് പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല. സ്ഥലത്തില്ലാതിരുന്നതിനാൽ എനിക്ക് മീശയടെ ആദ്യലക്കം പ്രസിദ്ധീകരിച്ച മാതൃഭൂമി കിട്ടയിരുന്നില്ല. അതു കിട്ടിയ ശേഷം വായിക്കാമെന്നു വിചാരിച്ച് രണ്ടാം ലക്കം വായിച്ചിരുന്നില്ല. അതിനിടക്കാണല്ലോ സകല കുണ്ടാമണ്ടികളും സംഭവിച്ചത്. അതോടെ മൂന്നു ലക്കവും ഒന്നിച്ചിരുന്നു വായിച്ചു. താങ്കളുടെ എഴുത്തു രസകരമാണെന്ന് ഞാനായിട്ടു പറയേണ്ടതില്ലല്ലോ. ഒരു വായനക്കാരൻ എന്ന നിലയിൽ താങ്കളുടെ തീരുമാനം എന്നെ നിരാശനാക്കി, ദുഃഖിതനാക്കി.

ആഴ്ചപ്പതിപ്പിന്റെ അസിസ്റ്റന്റ് എഡിറ്റർ കമൽ റാം സജീവ് താങ്കോട് അത് പിൻവലിക്കാൻ പറയുമെന്നും ഞാൻ വിശ്വസിക്കുന്നില്ല. അദ്ദേഹത്തിന്റെ ട്വീറ്റ് എന്നെ ഞെട്ടിച്ചതു അതുകൊണ്ടാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പും വ്യക്തിപരമായി കമൽറാം സജീവും സംഘപരിവാരത്തിൽനിന്ന് ഭീഷണി നേരിടുന്നത് ഇതാദ്യമല്ല. പണ്ട് സക്കറിയ എഴുതിയ ഒരു ലേഖനത്തിൽ അമൃതാനന്ദമയിയെക്കുറിച്ച പരാമർശം വിവാദമായത് ഓർക്കുന്നു. അന്ന് സംഘപരിവാർ ഭീഷണി കാരണം ഓഫീസിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നുവെന്നാണ് ഓർമ. വ്യക്തിപരമായി തന്നെ സംഘപരിവാരിന്റെ നോട്ടപ്പുള്ളിയാണ് കമൽറാം. ആർ,എസ്.എസ് ദേശീയ നേതൃത്വത്തിനു പേര് അറിയാവുന്ന ഏക മലയാളം പത്രാധിപരാകും അദ്ദേഹം. ആർ.എസ്.എസിന്റെ ഉന്നത ദേശീയ നേതാവ് മാതൃഭൂമി ആഴ്ചപ്പതിപ്പിനാണെങ്കിൽ അഭിമുഖം അനുവദിക്കാനാകില്ലെന്ന് പറഞ്ഞത് എനിക്കറിയാം. അതിനു കാരണക്കാരൻ കമൽറാം സജീവ് മാത്രമാണ്. അങ്ങിനെയുള്ള കമൽറാം ഒരിക്കലും ഹരീഷിനോട് നോവൽ പിൻവലിക്കാൻ പറയുമെന്ന് ഞാൻ തീരെ വിശ്വസിക്കുന്നില്ല. എന്റെ ആദ്യ എഫ്ബി പോസ്റ്റ് അതുകൊണ്ടു തന്നെ വ്യക്തിപരമായി കമൽ റാമിനെ ഉന്നം വച്ചായിരുന്നില്ല. ന്യൂസ് ഡെസ്‌കിലെ കാവിയും ചുവപ്പും എന്ന പുസ്തകമെഴുതിയ കമൽ റാമിനു സംഘപരിവാറിനി ചൂട്ടു പിടിക്കാൻ കഴിയില്ല.

പിൻവലിച്ചതോ പിൻവലിപ്പിച്ചതോ എന്ന തർക്കം അവിടെ നിൽക്കട്ടെ. തങ്കളുടെ വിശദീകരണം വായനക്കാർക്ക് വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള അവകാശമുണ്ട്. പക്ഷേ, താങ്കൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ കത്തിൽ താങ്കൾ എഴുതിയ ഒരുവരി വായിച്ചപ്പോഴാണ് ഇതെഴുതാൻ തോന്നിയത്. സമൂഹം വൈകാരികത അടങ്ങി നോവൽ ഉൾക്കൊള്ളാൻ പാകപ്പെട്ടെന്ന് തോന്നുമ്പോൾ മീശ പുസ്തകമായി പുറത്തിറക്കുമെന്നാണ് താങ്കൾ പറയുന്നത്. അങ്ങിനെയൊരു കാലം ഇനി വരില്ല പ്രിയപ്പെട്ട ഹരീഷ്. നോവൽ സ്വയം പിൻവലിച്ചതാണെങ്കിലും പിൻവലിപ്പിച്ചതാണെങ്കിലും അതിനു കാരണക്കാരായവരുടെ ചരിത്രം രേഖപ്പെടുത്തുമ്പോൾ അതിൽ താങ്കളുടെ പേരുമുണ്ടായിരിക്കും.

സംഗതി ഇതാണ്. ഇന്ത്യയിൽ വളരെ പതുക്കെ വേരോട്ടം സാധ്യമാക്കിയവരാണ് സംഘപരിവാർ. ഇതുപോലെയുള്ള ചില സംഭവങ്ങളാണ് ഇവർക്ക് പെട്ടെന്ന് വിജയങ്ങളുണ്ടാക്കിക്കൊടുത്തത്. അതിന്റെ കഥയറിയണമെങ്കിൽ 1985 ൽ സുപ്രിം കോടതി വിധി പറഞ്ഞ ശാബാനു ബീഗം കേസ് മുതൽ പറയണം. സി.ആർ.പി.സി 125 ാം വകുപ്പു പ്രകാരം വിവാഹമോചിതയായ സ്ത്രീക്ക് ചെലവിനു കിട്ടാനുള്ള അവകാശം മുസ്ലിം സ്ത്രീകൾക്കും ബാധകമാണെന്നായിരുന്നു ആ കേസിൽ സുപ്രിം കോടതി വിധിച്ചത്. ശരീഅത്ത് വിവാദം കൊടുമ്പിരിക്കൊണ്ട കാലം. മുസ്്‌ലിം സംഘടനകളുടെ സമ്മർദം കാരണം ആ വിധിയെ മറി കടക്കാൻ രാജീവ് ഗാന്ധി സർക്കാർ മുസ്ലിം വനിതാ വിവാഹ മോചനം അവകാശ സംരക്ഷണ ബിൽ കൊണ്ടു വന്നു. രാജീവ് ഗാന്ധി സർക്കാർ മുസ്ലിംകളെ പ്രീണിപ്പിക്കുന്നുവെന്ന് ആരോപിച്ച് മുസ്ലിം സ്ത്രീകൾക്കുവേണ്ടി അന്നു ശക്തമായി വാദിച്ചത് സംഘപരിവാരായിരുന്നു. (പിന്നീട് മുത്തലാഖ് നിരോധിച്ചതും ബിജെപി സർക്കാർ). ഏകസിവിൽകോഡിനു വേണ്ടി ഘോരഘോരം വാദിച്ച സംഘപരിവാരിനു അന്നു വലിയ നേട്ടങ്ങളുണ്ടാക്കാനായി.
അതേ കാലത്താണ് ഫൈസാബാദ് കോടതിൽ മറ്റേ കേസ് നടക്കുന്നത്. അയോധ്യയിലെ ബാബരിമസ്ജിദിന്റെ വാതിൽ തുറന്നു കിട്ടണമെന്ന് ആവശ്യപ്പെട്ട് ഒരു ഉമേഷ് ചന്ദ്ര പാണ്ഡെ ഹരജി സമർപ്പിച്ചു. വാതിൽ തുറക്കാൻ കോടതി ഉത്തരവിട്ടു. ഇളകിമറിഞ്ഞ ഹൈന്ദവ മനസ്സുകളെ ഒന്ന് അടക്കാൻ ഇതാണ് പറ്റിയ സന്ദർഭം എന്ന് ഉപദേശികൾ രാജീവ് ഗാന്ധിയുടെ ചെവിയിലൂതി. അദ്ദേഹത്തിന്റെ അനുവാദത്തോടെ ബാബരിമസ്്ജിദിന്റെ വാതിലുകൾ തുറന്നു കൊടുത്തു. സംഭവം നടക്കുമ്പോൾ രാജീവ് ഗാന്ധി മാൽദീവ്‌സിലായിരുന്നുവെന്നാണ് ഓർമ.

അപ്പോൾ മുസ്ലിംകൾ അടങ്ങി നിൽക്കുമോ? അവരെ അടക്കാൻ അപ്പോൾ അതേ ഉണ്ടായിരുന്നുള്ളു മാർഗ്ഗം. ശരീഅത്ത് സംരക്ഷണം. അങ്ങിനെ മുസ്ലിം വനിതാ വിവാഹ മോചനം അവകാശ സംരക്ഷണ നിയമം കൊണ്ടുവന്നു. സിആർപിസി 125 ാം വകുപ്പിന്റെ ആനുകൂല്യം മുസ്ലിം സ്ത്രീകൾക്ക് നഷ്ടമായി. ലോക്‌സഭയിൽ രണ്ട് സീറ്റു മാത്രമുണ്ടായിരുന്ന ബി.ജെപിക്ക് ഒന്നും ചെയ്യാൻ പറ്റുമായിരുന്നില്ല.. പക്ഷേ, ഈ രണ്ട് സംഭവങ്ങളും മുതലെടുത്താണ് അവർ 1984ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേടിയ രണ്ട് സീറ്റ് 1989 ലെ തെരഞ്ഞെടുപ്പിൽ 85 ആക്കി ഉയർത്തിയത്. അക്കൊല്ലം വി.പി സിംഗിന്റെ നേതൃത്വത്തിൽ അധികാരലേറിയ കൂട്ടുകക്ഷി ഭരണത്തെ ബി.ജെപി. പുറമെ നിന്നു പിന്തുണക്കുകയും ചെയ്തു.
പിന്നീട് ബാബരി മസ്ജിദിന്റെ തകർച്ച. അത് ബിജെപിക്കുണ്ടാക്കിയ വളർച്ച. ഗോധ്ര തീവെപ്പും ഗൂജറാത്ത് കലാപവും ബിജെപിക്കുണ്ടാക്കിയ മൈലേജ്. ഒടുവിൽ അജയ്യരായി അവർ ഇന്ദ്ര പ്രസ്ഥത്തിൽ. വിശദമാക്കി പറയേണ്ടതില്ലല്ലോ. അങ്ങിനെയുള്ള ഓരോ സംഭവങ്ങളുടെ പിന്നാലെയാണ് ബിജെപിയും സംഘപരിവാരവും അധികാരത്തിലെത്തിയത്.

പറഞ്ഞു വന്നത് ഇതാണ്. കേരളം കുറേക്കാലമായി അവരുടെ അജണ്ടയിലുള്ള നാടാണ്. അവർക്ക് കേരളത്തിൽ കിട്ടുന്ന ആദ്യത്തെ അവസരമാണ് ഇപ്പോൾ മാതൃഭൂമിയിൽ നിന്നുള്ള മീശയുടെ പിന്മാറ്റം. അത് സംഘപരിവാരുകാർക്കിടയിൽ ഉണ്ടാക്കുന്ന ആത്മവീര്യവും ആത്മധൈര്യവും ചില്ലറയല്ല. അവർ കൂടുതൽ ശക്തമാകും. രാഷ്ട്രീയ അധികാരം ആർക്കായാലും സാംസ്‌കാരിക അധികാരം തങ്ങൾക്കാണെന്നു ഹൈന്ദവ മനസ്സുകളെ ബോധ്യപ്പെടുത്താൻ സംഘപരിവാറിന് ഈ സംഭവത്തിലൂടെ സാധിച്ചു. കേരളത്തിൽ അവരുടെ മുന്നേറ്റത്തിനു അതുകൊണ്ടുതന്നെ (നോവൽ പിൻവലിച്ചതാണെങ്കിലും പിൻവലിച്ചപ്പിച്ചതാണെങ്കിലും) താങ്കളും അതിനു പിന്നിൽ ഏതെങ്കിലും നാടകം അരങ്ങേറിയിട്ടുണ്ടെങ്കിൽ അതിൽ വേഷമിട്ടവരും കുറ്റക്കാരാണ്. ചരിത്രം നിങ്ങൾക്ക് മാപ്പു തരട്ടെ.

(എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ പിടി മുഹമ്മദ് സാദിഖ് ഫേസ്‌ബുക്കിൽ കുറിച്ചതാണ് ഈ ലേഖനം)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP