Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു മണ്ഡലക്കാലം തികച്ചും വ്രതമെടുത്ത് മല ചവുട്ടുന്ന ഭക്തർ ചുരുക്കമാണ്; അതു കൊണ്ടു തന്നെ സ്ത്രീകൾക്ക് 41 ദിവസത്തെ വ്രതശുദ്ധി നിർബന്ധമാക്കേണ്ട സാഹചര്യം നിലവിലില്ല; വ്രതമെടുത്ത് അയ്യപ്പദർശനം എന്ന ഏക ലക്ഷ്യവുമായി മലകയറുന്ന പുരുഷന്മാർ വനിതകളെ കണ്ടാൽ പീഡിപ്പിക്കാൻ തുനിയും എന്നൊക്കെ ആരോപിക്കുന്നത് എത്രമാത്രം അപഹാസ്യമാണ്! രമാ കെ നായർ എഴുതുന്നു

ഒരു മണ്ഡലക്കാലം തികച്ചും വ്രതമെടുത്ത് മല ചവുട്ടുന്ന ഭക്തർ ചുരുക്കമാണ്;  അതു കൊണ്ടു തന്നെ സ്ത്രീകൾക്ക് 41 ദിവസത്തെ വ്രതശുദ്ധി നിർബന്ധമാക്കേണ്ട സാഹചര്യം നിലവിലില്ല; വ്രതമെടുത്ത് അയ്യപ്പദർശനം എന്ന ഏക ലക്ഷ്യവുമായി മലകയറുന്ന പുരുഷന്മാർ വനിതകളെ കണ്ടാൽ പീഡിപ്പിക്കാൻ തുനിയും എന്നൊക്കെ ആരോപിക്കുന്നത് എത്രമാത്രം അപഹാസ്യമാണ്! രമാ കെ നായർ എഴുതുന്നു

രമാ കെ നായർ

ബരിമലയിൽ ആദ്യമായി ദർശനത്തിനു പോയ ഒരു കുട്ടിയോടോ യുവാവിനോടോ തന്റെ അനുഭവത്തെക്കുറിച്ചു സംസാരിച്ചു നോക്കൂ. അവർ എത്രമാത്രം സന്തോഷത്തോടും സംതൃപ്തിയോടും കൂടെ ആണ് ആ ദർശന സൗഭാഗ്യത്തെപ്പറ്റി പറയുക എന്നറിയാം. കഠിനമായ കാനന പാതകൾ അവരിൽ ഭയമല്ലനിറക്കുന്നത്, അനുപമമായ ഊർജമാണ്. ഈ സവിശേഷതകൊണ്ടാണ് അവർ അടുത്തവർഷവും വ്രതമെടുത്തു, കെട്ടുമുറുക്കി കലിയുഗവരദനെ കാണാനായി ഇറങ്ങുന്നത്.

കാനന ക്ഷേത്രങ്ങൾ എല്ലാം നൽകുന്ന അനുഭൂതി തികച്ചും അനന്യമായിരിക്കും. മൂകാംബിക, തിരുനെല്ലി ദർശനങ്ങൾ എല്ലാം മനസ്സിൽ സമാധാനവും സന്തോഷവും നിറക്കുന്നതിൽ പ്രകൃതിയുടെ പ്രാക്തനവും വന്യവുമായ സൗന്ദര്യത്തിന്റെ പങ്കു കൂടി ഉണ്ട്. ശബരിമലയിൽ പോകണമെന്ന് ആഗ്രഹമുണ്ടായിട്ടും പോകാൻ കഴിയുന്ന സ്ത്രീകൾ വളരെ കുറവുതന്നെയാണ്. ഒമ്പതിനും അമ്പതിനുമിടക്ക് എന്നുള്ള വിലക്കിൽ പലരുടെയും മോഹങ്ങൾ തടഞ്ഞുവീഴും. അക്കൂട്ടത്തിൽ പെട്ട ഒരാളാണ് ഞാൻ.

എന്റെ ഭർത്താവിന്റെ അമ്മയുടെ ചോറൂണ് ശബരിമലയിൽ വെച്ചു ആയിരുന്നുവത്രെ. ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ എങ്ങനെ അവിടെവരെകൊണ്ടുപോയി എന്നൊന്നും എനിക്ക് ഒരു നിശ്ചയവുമില്ല. അമ്മയോട് ചോദിച്ചപ്പോഴും കൃത്യമായ മറുപടി കിട്ടിയില്ല. ഓർമ്മ ഉറക്കാവുന്ന പ്രായമൊന്നുമല്ലല്ലോ ആറുമാസം. പമ്പക്ക് മുൻപ് എവിടെയോ വരെ അമ്മയുടെ അമ്മയും വന്നു. പിന്നീട് അവർ മലയിറങ്ങി വരാനായി അവിടെ എവിടെയോ കാത്തിരുന്നു എന്നാണ് പറഞ്ഞു കേട്ടത്.

അമ്മയുടെ കെട്ടുകല്യാണവും ശബരിമലയിൽ വെച്ചുതന്നെ ആയിരുന്നു. അന്ന് ചില ഹിന്ദു സമുദായങ്ങൾക്കിടയിലുള്ള ഒരു ആചാരമായിരുന്നു കെട്ടുകല്യാണം. പ്രായപൂർത്തിയയാവാത്ത പെൺകുട്ടികളെ വരിവരിയായി ഇരുത്തി ഓരോരുത്തരെയായി ഒരു ബ്രാഹ്മണനെക്കൊണ്ട് താലികെട്ടിക്കുകയും അതിനുശേഷം അയാൾ കിണ്ടിയിലെ വെള്ളം കൊണ്ട് കൈ കഴുകി ബന്ധം വേർപെടുത്തുകയും ചെയ്യുന്നതാണ് കെട്ടുകല്യാണത്തിന്റെ ചടങ്ങു. അതൊക്കെ അമ്മ ഓർമ്മയിൽ നിന്നും പറഞ്ഞിട്ടുണ്ട്. 'അമ്മ ഒമ്പതിനും അമ്പതിനുമിടയിലുള്ള കാലം ഒഴിവാക്കി ഒരുപാട് തവണ ശബരിമലയിൽ പോയിട്ടുണ്ട്. ഒരുപാട് വാത്സല്യമുള്ള കാരണവന്മാരും, ഒരുപാട് സ്‌നേഹമുള്ള സഹോദരരും, മക്കളും എല്ലാം ഉണ്ടാവുക എന്ന സൗഭാഗ്യം കൊണ്ട് മാത്രമാണ് അഞ്ചാറ് പ്രാവശ്യം ഒരു സ്ത്രീ ആയിരുന്നിട്ടും അമ്മക്ക് ശബരിമലക്ക് പോകാൻ കഴിഞ്ഞത്.

ശബരിമലയാത്രയുടെ ഒരുപാടനുഭവങ്ങൾ 'അമ്മ പറഞ്ഞിട്ടുണ്ട്. പെട്ടെന്ന് വേവുന്ന വാട്ടി കുത്തിയ നെല്ലിന്റെ അരിയും കാളനും ചമ്മന്തിപ്പൊടിയും കാലവും പാത്രങ്ങളുമൊക്കെ ആയിട്ടാണത്രെ യാത്ര. കെട്ടുനിറച്ച് കടത്തുകടന്നു നടന്നു പെരുമ്പാവൂർ അമ്പലത്തിലാണ് ആദ്യദിവസത്തെ താവളം. അങ്ങനെ ഓരോ ദിവസം ഓരോ അമ്പലങ്ങളിൽ തങ്ങും.

കാട്ടിലൂടെ പോവുമ്പോൾ കടുവ തിന്നു പാതിയാക്കിയ ഒരാളുടെ ശരീരം മരത്തിൽ ചാരി വച്ചിരിക്കുന്നത് കണ്ടകാര്യമൊക്കെ പറഞ്ഞിട്ടുണ്ട്. അവരെല്ലാവരും ഉറക്കെ ഉറക്കെ ശരണം വിളിച്ചുകൊണ്ട് മുന്നോട്ടുനടന്നു എന്നാണ് 'അമ്മ പറഞ്ഞിട്ടുള്ളത് പത്തുനൂറ് കൊല്ലം മുൻപുള്ള കാര്യങ്ങൾ ആണ്. സംശയം തീർക്കാനായി അന്നത്തെ ആരും ഇപ്പോഴില്ല.

അമ്മ പറഞ്ഞതിൽ വേറൊരു സംഭവമാണ് പുലിക്കഥയെക്കാൾ എനിക്ക് അത്ഭുതം തോന്നിയത്. അവരുടെ കൂടെ വേറൊരു സ്ത്രീ കൂടി ശബരിമലക്ക് കെട്ടുമുറുക്കി പോയിരുന്നു. വഴിയിലെവിടെയോ വെച്ച് അവർ പുഴയിൽ കുളിക്കാനായി പോയി. പിന്നെ അവർ അവിടെ നിന്നും വിളിച്ചു പറഞ്ഞു, സ്വാമീ എനിക്ക് കെട്ട് തൊടാൻ വയ്യ എന്ന്. അൻപതിനപ്പുറത്തേക്കു നീളില്ല എന്ന് കരുതിയ അശുദ്ധി, ഒരിടവേളക്ക് ശേഷം അവർക്കു വീണ്ടും ആരംഭിച്ചു. നടന്നല്ലേ അന്നത്തെ യാത്ര. പെരിയ സ്വാമി അവരെ തിരികെ നാട്ടിലേക്കു കൂട്ടി കൊണ്ടാക്കി. പിന്നീട് അവരുടെ കെട്ടും കൂടി എടുത്തുകൊണ്ട് അദ്ദേഹം ബാക്കിയുള്ളവരുടെ പിന്നാലെ കയറിയത്രെ.

തീർച്ചയായും അവരുടെ വ്രതശുദ്ധിയിൽ വന്ന വീഴ്ചകൊണ്ടാണ് ഇങ്ങനെ ഒക്കെ സംഭവിച്ചതെന്ന് അക്കാലത്തു ആളുകൾ വിധിയെഴുതിക്കാണും. അഥവാ ഈ അപകടം സന്നിധാനത്തും വച്ചാണ് ഉണ്ടാവുക എങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്ന എന്റെ ചോദ്യത്തിന് 'അമ്മ തന്ന മറുപടി 'കണ്ടു കേട്ട് പുല' എന്നായിരുന്നു. അതായതു അവനവൻ അറിഞ്ഞില്ലെങ്കിൽ കുഴപ്പമില്ല എന്ന്.

ഒരു മണ്ഡലകാലം തികച്ചും വ്രതമെടുക്കുന്നത് കഠിനമായ മലകയറ്റത്തിന് നമ്മുടെ ശരീരത്തെ പ്രാപ്തമാക്കാൻ ആയിരുന്നിരിക്കണം. കായികാഭ്യാസികളും കായികതാരങ്ങളുമൊക്കെ ഏർപ്പെടുന്ന ശാരീരിക പരിശീലനം പോലൊന്ന്. കാൽനടയായി ദിവസങ്ങൾ യാത്രചെയ്തു, കാടും മലയും താണ്ടി, മഞ്ഞും വെയിലും ചിലപ്പോഴൊക്കെ മഴയും കൊണ്ട്, കാട്ടുമൃഗങ്ങൾ ഉള്ള കാട്ടുപാതകളിലൂടെ ഉള്ള അന്നത്തെ യാത്ര തികച്ചും ദുർഘടം തന്നെ ആയിരുന്നിരിക്കണം. പ്രാഥമിക സൗകര്യങ്ങളുടെ കുറവും സ്ത്രീകളെ കാനന യാത്രയിൽ നിന്നും അകറ്റാൻ കാരണമായി. വളരെഗോപ്യമായികഴുകി ഉണക്കി ഉപയോഗിയ്‌ക്കേണ്ടുന്ന പഴന്തുണികളുടെ ഓർമ്മ തന്നെ അന്ന് സ്ത്രീകളെയാത്ര പോവുന്നതിൽ നിന്നും വിലക്കിയിരുന്നു കാണണം.

എന്നാൽ മാറിയ കാലത്തിൽ ഈ ബുദ്ധിമുട്ടുകൾക്കൊന്നും പ്രസക്തിയില്ല. യാത്രാ സൗകര്യങ്ങൾ, വാർത്താവിനിമയ സൗകര്യങ്ങൾ, താമസം ഭക്ഷണം തുടങ്ങിയവയെക്കല്ലാം ഉള്ള സൗകര്യങ്ങൾ ഇന്നുണ്ട്. ഇന്ന് ഒരു മണ്ഡലക്കാലം തികച്ചും വ്രതമെടുത്ത് മല ചവുട്ടുന്ന ഭക്തർ ചുരുക്കമാണ്. അതു കൊണ്ടു തന്നെ സ്ത്രീകൾക്ക് 41 ദിവസത്തെ വ്രതശുദ്ധി നിർബന്ധമാക്കേണ്ട സാഹചര്യം നിലവിലില്ല.

തിരുപ്പതിയിൽ ദിവസം ശരാശരി അമ്പതിനായിരം തൊട്ടു ഒരുലക്ഷം വരെ തീർത്ഥാടകർ എത്തുന്നുണ്ട്. തിരുമല തിരുപ്പതി ദേവസ്ഥാനം ഭക്തർക്കായി ഒരുക്കുന്ന സൗകര്യങ്ങൾ കാണുമ്പോഴാണ്, നമ്മുടെ നാട്ടിൽ എത്തുന്ന മറുനാടൻ തീർത്ഥാടകരെ കൊള്ളയടിക്കാനല്ലാതെ അവർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിൽ നമുക്കുള്ള താല്പര്യത്തെപ്പറ്റി ആലോചിക്കേണ്ടി വരിക. രണ്ട് മാസം നീണ്ടു നിൽക്കുന്ന അമർനാഥ് യാത്രയിലും വനിതകൾക്ക് വിലക്കില്ല. 13 നും 75 നും ഇടക്കുള്ള പ്രായക്കാർക്കാണ് അവിടെ വിലക്കുള്ളത്. ലോകമെമ്പാടു നിന്നും കോടിക്കണക്കിനു ആളുകൾ വർഷം തോറും മക്കയിൽ ഹജ്ജിനായി എത്തുന്നുണ്ട്. അവിടെയും വനിതകളെ മാറ്റിനിറുത്തുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടകാര്യമാണ്.

വ്രതമെടുത്ത് അയ്യപ്പദർശനം എന്ന ഏക ലക്ഷ്യവുമായി മലകയറുന്ന പുരുഷന്മാർ വനിതകളെ കണ്ടാൽ പീഡിപ്പിക്കാൻ തുനിയും എന്നൊക്കെ ആരോപിക്കുന്നത് എത്രമാത്രം അപഹാസ്യമാണ്! അതല്ല, മറ്റേതു പൊതു സ്ഥലവും പോലെ തന്നെ വനിതകൾ ഇവിടെയും സുരക്ഷിതരാവില്ല എന്ന വാദം ശരിവയ്ക്കുകയാണെങ്കിൽ തന്നെ, ഇക്കാര്യത്തിൽ പ്രായത്തിന് ഏതെങ്കിലും പരിധി കൽപ്പിച്ചിട്ടുണ്ടോ? അഞ്ചു വയസ്സു മാത്രമുള്ള പിഞ്ചു കുഞ്ഞു മുതൽ തൊണ്ണൂറു കഴിഞ്ഞ വയോധികവരെ ഒരേ പോലെ ആക്രമിക്കപ്പെടുന്ന വാർത്തകൾ പുതുമ അല്ലാതാവുന്നിടത്ത് ഒമ്പതിനും അമ്പതിനുമിടയിൽ മാത്രം സംഭവിക്കാവുന്ന ഒന്നല്ലല്ലോ പീഡനം. ആൺ കുട്ടികളുടെ സുരക്ഷയെ കുറിച്ച് ആരും ചിന്തിക്കുന്നു പോലുമില്ലല്ലോ.

ഒമ്പതിനും അമ്പതിനുമിടക്ക് മാത്രമാണ് തടസ്സം നിൽക്കുന്ന ജൈവപ്രക്രിയ ഉണ്ടാവുകയുള്ളൂ എന്ന് വിശ്വസിക്കുന്ന ദേവസ്വം ബോർഡിന്റെ ജീവശാസ്ത്രത്തിലുള്ള അറിവ് എത്രയോ പരിമിതമാണ് . അഞ്ചുവയസ്സും അറുപതു വയസ്സും എന്ന് ലോവർ ലിമിറ്റും അപ്പർ ലിമിറ്റും മാറ്റിയെഴുതിയാൽ പോലും കണക്കു ചിലപ്പോൾ ശരിയായില്ലെന്ന് വരും.

ശബരിമല ഒരു മാലിന്യകൂമ്പാരമാകും എന്ന് പറയുന്നതിൽ തീരെ കഴമ്പില്ല . കാരണം ഇപ്പോൾ തന്നെ ലക്ഷക്കണക്കിന് ആളുകൾ ദർശനത്തിനായി എത്തുന്നുണ്ട്. മനുഷ്യ മാലിന്യത്തിനു സ്ത്രീ പുരുഷ വ്യത്യാസമില്ല. സ്ത്രീകൾക്കായി ടോയ്‌ലെറ്റ് നിർമ്മിക്കേണ്ടിവരും എന്ന് ആകുലപ്പെടുന്നവരോടുള്ള ചോദ്യം പുരുഷന്മാർക്ക് ടോയ്‌ലെറ്റ് ആവശ്യമില്ലേ, കേരളം ഓഡിഎഫ് സ്റ്റേറ്റ് ആണെന്നാണ് അവകാശപ്പെടുന്നത്. പരിസ്ഥിതിക്ക് അനുയോജ്യമായ കുറച്ചു മാത്രം വെള്ളം ആവശ്യമുള്ള ബയോ ടോയ്‌ലറ്റുകൾ കൂടുതൽ പ്രചാരത്തിൽ കൊണ്ടുവരണം. ഡിആർഡിഒ ആവശ്യമായ സാങ്കേതികത വികസിപ്പിച്ചിട്ടുണ്ട് .

ശബരിമലയിലെ തിരക്ക് കുറക്കുവാൻ ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി നട കൂടുതൽ നാൾ തുറക്കുന്നതടക്കമുള്ള കാര്യങ്ങൾ ചിന്തിക്കാവുന്നതാണ്. ഇന്നത്തെ സാഹചര്യത്തിൽ അമ്പത് വയസ്സിനും അറുപതു വയസ്സിനുമപ്പുറം രണ്ടും മൂന്നും ഓപ്പറേഷൻ ഒക്കെ കഴിഞ്ഞു സ്വന്തം വീടിന്റെ ടെറസിൽ പോലും കയറാൻ ആരോഗ്യമില്ലാത്ത ശ്ലഥ ശരീരിണികളായ സ്ത്രീകളാണ് കൂടുതൽ. പത്തുമുപ്പതു വയസ്സിൽ ആയിരുന്നെങ്കിൽ അവരിൽ പലർക്കും ഒരിക്കൽ എങ്കിലും ശബരിമല കയറാൻ ആയേനെ.

സ്ത്രീകൾക്ക് ശബരിമലയിൽ കയറാൻ അനുവാദം ലഭിച്ചാൽ അവർ ഒന്നടങ്കം ശബരിമലയിലേക്ക് കെട്ടുമുറുക്കും, തിരക്ക് കൂടും എന്നൊന്നും ആരും പേടിക്കണ്ട. സൗകര്യമുള്ളവർ വരും, അല്ലാത്തവർ വരില്ല. അത്രതന്നെ. ശബരിമലയിൽ പോകാത്ത പുരുഷന്മാരും ഇന്നാട്ടിൽ ഉണ്ടല്ലോ. കെട്ടു കല്യാണം തുടങ്ങി ആൾതൂക്കം വരെയും നരബലി തുടങ്ങി സതി വരേയും ഒരു കാലത്ത് ആചാരങ്ങളായിരുന്നു. ക്ഷേത്രപ്രവേശനവും പന്തിഭോജനവും നടത്തിയ സാമൂഹ്യ പരിഷ്‌കർത്താക്കളുടെ മഹത്വം അന്നത്തെ പൊതു സമൂഹം തിരിച്ചറിഞ്ഞില്ല. കാലം കടന്നു പോയപ്പോൾ അന്നത്തെ ആചാരങ്ങൾ അനാചാരങ്ങളും അബദ്ധങ്ങളും ആയിത്തീർന്നു.

കാലാനുസൃതമായി ആചാരങ്ങൾ മാറണം. അതൊരു സമൂഹത്തിന്റെ പുരോഗമനത്തിന്റെ സൂചകമാണ്. പോകുവാൻ ആഗ്രഹം ഉള്ളവരെ തടയാതിരിക്കുക . കാരണം ഭഗവാന് സ്ത്രീ എന്നോ പുരുഷനെന്നോ വിവേചനമില്ല . ഭക്തനും ഈശ്വരനും തമ്മിൽ ഉള്ള ബന്ധം ജീവാത്മാവും പരമാത്മാവും ആയുള്ള ഒന്നാണ്. ആത്മാവിന് ലിംഗഭേദമില്ല.

ശബരി സ്ത്രീയായിരുന്നു എന്ന് ഓർക്കുക... ഭഗവാനെ സംബന്ധിച്ചിടത്തോളം പെണ്ണുടലിൽ കുടുങ്ങിപ്പോയ ഒരു ആത്മാവ് മാത്രമാണ് സ്ത്രീ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP