Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചുംബന സമരവും കേരളീയ ജനാധിപത്യ ബോധവും

ചുംബന സമരവും കേരളീയ ജനാധിപത്യ ബോധവും

കോഴിക്കോട് ഡോൺ ടൗൺ ഹോട്ടൽ യുവമോർച്ചക്കാർ ആക്രമിച്ചതിനെ തുടർന്ന് കേരള സമൂഹത്തിൽ സദാചാര പൊലീസിങ്ങിനെതിരായി ഉയർന്നു വന്ന അതിശക്തമായ എതിർപ്പിനെ വഴി തിരിച്ച് വിടാൻ മാത്രമേ ചുംബന സമരം കൊണ്ട് സാധിച്ചുള്ളൂ. വ്യക്തി സ്വാതന്ത്ര്യത്തെയും അതിന്റെ പരിധികളെ കുറിച്ചും സദാചാര പൊലീസിങ്ങിനെതിരായി ഭരണകൂടം കൈ കൊള്ളുന്ന നടപടികളെകുറിച്ചൊക്കെ വിശാലമായ ചർച്ചകൾ നടക്കേണ്ടിയിരുന്ന ഒരു കാര്യം വഴി മാറി ചുംബനവും അതൊരു സമര രീതി ആകുന്നതിലെ ശരിയിലേക്കും തെറ്റിലേക്കും ചർച്ച നീങ്ങുന്നതാണ് പിന്നീട് നമ്മൾ കാണുന്നത്. ലൈംഗിക ചേഷ്ടകൾ അല്ല ഉദ്ദേശിക്കുന്നത് എന്നും സദാചാര പൊലീസിങ്ങിനു എതിരായുള്ള പ്രതീകാത്മകമായ സമരം മാത്രമാണ് ചുംബന സമരം എന്നുമൊക്കെ സംഘാടകർ പറഞ്ഞെങ്കിലും ഈ സമരരീതിയെ കുറിച്ച് കൂടുതൽ പൊതു സമൂഹത്തെ ബോധ്യപ്പെടുത്തി കൊടുക്കാൻ അവർക്ക് സാധിച്ചില്ല എന്ന് മാത്രമല്ല, സദാചാര പൊലീസിങ്ങിനു ബദലായി തുറന്ന ലൈംഗികതക്ക് വേണ്ടിയുള്ള ശ്രമങ്ങളാണോ ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന സംശയം സമൂഹത്തിൽ ബലപ്പെടുത്തുകയും ചെയ്തു. പൊതു ഇടത്തിൽ ചുംബിക്കാൻ അവസരം ഉണ്ടായതുകൊണ്ട് മാത്രം സദാചാര പൊലീസിങ്ങോ, സ്ത്രീകൾക്കെതിരായുള്ള ആക്രമണങ്ങളോ ഇല്ലാതാകാൻ പോകുന്നില്ല എന്ന് ഇത്തരം സ്വാതന്ത്ര്യം വേണ്ടുവോളം ഉള്ള ന്യൂയോർക്ക് നഗരത്തിൽ കൂടി പത്ത് മണിക്കൂർ ഒരു സ്ത്രീ തനിച്ച് സഞ്ചരിക്കുമ്പോൾ അവർ നേരിടേണ്ടി വരുന്ന ദ്വയാർത്ഥ നിറഞ്ഞ വാക്കുകളും നോട്ടങ്ങളും ചിത്രീകരിച്ച് കൊണ്ട് അവിടത്തെ ഒരു സ്ത്രീപക്ഷ സന്നദ്ധ സംഘടന കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിഡിയോയിലൂടെ തന്നെ വ്യക്തമാകുന്നുണ്ട്. എല്ലാത്തിനെയും പാശ്ചാത്യ ലോകത്തെ അന്ധമായി അനുകരിക്കൽ മാത്രമാണ് പുരോഗമനം എന്ന ചിന്താഗതി മാത്രമാണ് ഇത്തരം സമരങ്ങളുടെ പിറവിക്ക് പിന്നിൽ.

നൂറോ ഇരുന്നൂറോ വർഷങ്ങൾക്ക് മുൻപ് വരെ കേരളം സ്ത്രീകൾ മാറ് മറക്കാതെയും പരസ്ത്രീ ബന്ധങ്ങൾ വ്യാപകവും തുറന്ന രീതിയിലും നടന്നൊരു സമൂഹമായിരുന്നു എന്ന് ചുംബന സമരവുമായി ബന്ധപ്പെട്ട ചർച്ചകളിലൊക്കെ ഇത്തരക്കാർ അഭിപ്രായപ്പെടുന്നതായി കാണുന്നു. ആർഷ ഭാരത സംസ്‌കാരം പറഞ്ഞു നടക്കുന്നവർക്ക് യാഥാർത്ഥ്യ ബോധത്തോട് കൂടി ഉള്ള ഒരു മറുപടി തന്നെയാണതെങ്കിലും ആ സംസ്‌കാര ത്തിലേക്ക് തന്നെ തിരിച്ച് പോകണം എന്നുള്ള ആഗ്രഹം ഇവരുടെ വാക്കുകളിൽ അടങ്ങിയിരിക്കുന്നോ എന്ന് സ്വാഭാവികമായും തോന്നിപ്പോകും. അന്ന് മാറ് മറക്കാതെ സ്ത്രീകൾ നടക്കുമ്പോൾ തന്നെ മുലക്കരവും ഈ നാട്ടിൽ ഉണ്ടായിരുന്നു. പുലയനു ഇത്ര അടി ദൂരം മുക്കുവന് ഇത്ര ദൂരം ഈഴവ വിഭാഗത്തിനു ഇത്ര ദൂരം എന്ന രീതിയിൽ മേല്ജാതിക്കാരൻ നടക്കുന്ന വഴികളിൽ പോലും ദൂരം കൽപ്പിച്ച് മാറ്റി നിർത്തുകയും ചെയ്തിരുന്നു. ജന്മി സമ്പ്രദായവും അടിമയെ പോലെ കീഴ്ജാതിക്കാർ അവരുടെ കീഴിൽ പണി എടുക്കുകയും ആ അടിമ മനോഭാവം തമ്പ്രാൻ സ്വന്തം ഭാര്യയെ ഉപയോഗിച്ചാലും തിരിച്ചൊന്നു ചോദിക്കാനുള്ള ധൈര്യം പോലും അടിയാളനു ഇല്ലാതാക്കിയതും ആ കാലത്ത് തന്നെയായിരുന്നു. കുടുംബ ത്തിലെ മൂത്തവൻ മാത്രം കല്യാണം കഴിക്കുകയും ബാക്കി ഉള്ളവർ എല്ലായിടത്തും സംബന്ധം ചെയ്യുകയും ചെയ്തിരുന്നതും ആ കാലത്ത് തന്നെയായിരുന്നു. സ്വന്തം മക്കൾ ആരുടേത് ആണെന്ന് സ്ത്രീക്ക് തിരിച്ചറിയാത്ത കാലവും അത് തന്നെയായിരുന്നു. പടു വയോധികൻ ബാലിക യെ വിവാഹം ചെയ്യലും മൂന്നാം ദിവസം തന്നെ വയോധികൻ മരണപ്പെട്ടാലും ജീവിത കാലം മുഴുവൻ ആ സ്ത്രീ യാതനകൾ സഹിച്ച് വിധവ യായി ജീവിക്കേണ്ടി വന്നിരുന്നതും ആ കാലത്ത് തന്നെയായിരുന്നു. പിന്നീട് ജാതി ഏതായാലും എല്ലാവരും മനുഷ്യർ ആണെന്നും മനുഷ്യന്റെ അവകാശങ്ങളെ കുറിച്ചും സ്ത്രീകൾ അടിമകൾ അല്ലെന്നും അവർക്ക് വ്യക്തിത്വം ഉണ്ടെന്നുമൊക്കെ ഉള്ള ചിന്താഗതിയിലേക്ക് ഈ നാട് പുരോഗമിച്ച് വന്നതോടോപ്പമാണ് ആണിന്റെയും പെണ്ണിന്റെയും വസ്ത്രധാരണത്തിലും കുടുംബ ജീവിത ത്തിലോക്കെ മാറ്റം ഉണ്ടാകുന്നത് . മരു മക്കത്തായ ത്തിൽ നിന്നും മക്കത്തായത്തിലേക്കും കൂടുതൽ കെട്ടുറപ്പോടെ ഉള്ള കുടുംബ ജീവിതത്തിലേക്കും നമ്മൾ ഇന്ന് കാണുന്ന രീതിയിൽ എത്തിയത് അങ്ങനെയാണ്. നമ്മൾ തള്ളിക്കളഞ്ഞ പഴയ കാലത്തെ ബാക്കി എല്ലാ കാര്യങ്ങളെയും മറച്ച് വച്ച് കൊണ്ട് ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യം മാത്രം അടർത്തി എടുത്ത് പറഞ്ഞു ചുംബന സമരങ്ങൾ തന്നെയാണ് പ്രതിഷേധത്തിനുള്ള മാർഗം എന്ന് പറയാൻ ശ്രമിക്കുന്നത് ദുരുദ്ദേശപരം തന്നെയാണ്. കേരളീയ സമൂഹം ആർജ്ജിച്ചെടുത്ത നിലപാടുകളിൽ നിന്നുള്ള പിന്നോട്ട് പോക്കാണ് ഇത്തരം സമര രീതികൾ. അത് തന്നെയായിരുന്നു പൊതു സമൂഹത്തിന്റെ ആശങ്കയും.

ഈ സമരത്തോട് വിയോജിക്കുന്നത് പോലെ തന്നെ ഈ സമരത്തെ കേരളീയ ജനാധിപത്യ സമൂഹവും പ്രസ്ഥാനങ്ങളും ഭരണകൂടവും നേരിട്ട രീതിയോടും വിയോജിക്കേണ്ടി വരും. ഒരു ന്യൂനപക്ഷം നടത്തുന്ന സമരത്തെ ഇങ്ങനെയാണോ നേരിടേണ്ടത്? നിയമപരമായി ആ സമരം തെറ്റാണെങ്കിൽ അത് നേരിടേണ്ടത് ഇവിടത്തെ ഭരണകൂടം മാത്രമാണ്. കോടതി സമരത്തെ തടയേണ്ടതില്ല എന്നാണു പറഞ്ഞത്. പൊലീസ് അനുമതി നൽകുകയും ചെയ്തിരുന്നു. ബാക്കി ഉള്ളവർക്ക് ആർക്കും ആ സമരത്തെ തടയാനുള്ള അവകാശം ഇല്ല. ധാർമ്മികമായി ഈ സമരത്തോട് വിയോജിക്കുന്നവർ ആ ധാർമ്മികതയെ ജനാധിപത്യപരമായി പറയുകയും സംവദിക്കുകയും അത് ജനങ്ങൾക്ക് ബോധ്യപ്പെടുത്തി കൊടുക്കുകയല്ലേ വേണ്ടത്? സമരക്കാർക്ക് സമരം ചെയ്യാനും വിയോജിക്കുന്നവർക്ക് അതിനുള്ള അവസരവും മാന്യമായി ഉണ്ടാക്കി കൊടുക്കുകയല്ലേ ഭരണ കൂടം ചെയ്യേണ്ടിയിരുന്നത്. അല്ലാതെ ഭീഷണി പ്പെടുത്തുന്ന രീതിയിൽ സംഘടിതമായ ആൾക്കൂട്ടങ്ങളെ സൃഷ്ടിക്കാനും അത് വഴി ഒരു സമരത്തെ ഇല്ലാതാക്കാൻ നോക്കിയതും ഫാസിസ്റ്റ് രീതിയാണ്. ഡെമോക്രാസി മോബോക്രസി നിയന്ത്രിക്കുന്ന സാഹചര്യം ഒരു കാരണവശാലും ഒരു കാര്യത്തിലും ഉണ്ടാകാൻ പാടില്ലാത്തതാണ്. അത് ഇന്ന് ഇവർക്ക് നേരെ ആണെങ്കിൽ നാളെ മറ്റുള്ളവർക്ക് നേരെ ഉപയോഗിക്കാനുള്ള വളമായി മാറും. പ്രത്വേകിച്ച് ഇതിനിടയിൽ സദാചാര കുപ്പായം അണിഞ് ഫാസിസ്റ്റ് സംഘടനകൾ കയറി പറ്റിയ സാഹചര്യത്തിൽ. അവർ ആദ്യം ഡോൺ ടൗണിനു നേരെ ആക്രമണം നടത്തി, അപ്പോൾ ഞാൻ മിണ്ടാതെ ഇരുന്നു. കാരണം ആ ഹോട്ടൽ എന്റേത് ആയിരുന്നില്ല. പിന്നീട് അവർ ചുംബന സമരക്കാർക്ക് നേരെ നീങ്ങി. അപ്പോൾ ഞാൻ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. കാരണം ഞാൻ ആ സമരത്തിനു എതിരായിരുന്നു. പിന്നീട് അവർ എന്റെ നേരെ വരും. അപ്പോൾ ചോദിക്കാൻ ആരും ഉണ്ടാകില്ല. സദാചാര ആഘോഷങ്ങൾക്കിട യിൽ ഫാസിസം പിടി മുറുക്കുന്നത് ചുരുങ്ങിയ പക്ഷം ജനാധിപത്യ വാദികളും പ്രസ്ഥാനങ്ങളും കണ്ടില്ലെന്നു നടിക്കരുത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP