Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഏതാനും മിനിട്ട് കൊണ്ട് നീക്കം ചെയ്ത ഒരു വാർത്തയെ കുറിച്ച് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത് ആ ചർച്ച നീണ്ടു നിൽക്കാൻ വേണ്ടിയല്ലേ? ഇതേ തെറ്റ് ആവർത്തിച്ച മറ്റു ചാനൽ സാരഥികളുടെ പേര് പറയാൻ എന്തുകൊണ്ട് നാവ് പൊന്തിയില്ല? റിമാ കല്ലിങ്കലിനോട് ചോദ്യങ്ങളുമായി ഡോ. ലാൽ

ഏതാനും മിനിട്ട് കൊണ്ട് നീക്കം ചെയ്ത ഒരു വാർത്തയെ കുറിച്ച് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത് ആ ചർച്ച നീണ്ടു നിൽക്കാൻ വേണ്ടിയല്ലേ? ഇതേ തെറ്റ് ആവർത്തിച്ച മറ്റു ചാനൽ സാരഥികളുടെ പേര് പറയാൻ എന്തുകൊണ്ട് നാവ് പൊന്തിയില്ല? റിമാ കല്ലിങ്കലിനോട് ചോദ്യങ്ങളുമായി ഡോ. ലാൽ

പ്രമുഖ നടിയുമായി ബന്ധപ്പെട്ടുണ്ടായ ദാരുണ സംഭവത്തെ മുൻനിർത്തി ഏതാനും മിനുട്ടുകൾ മാത്രം പീപ്പിളിലും ഓൺലൈനിലും വന്ന ചില വാചകങ്ങളെക്കുറിച്ച് അങ്ങ് രോഷം കൊണ്ടിരുന്നല്ലോ? അച്ചടി മാദ്ധ്യമത്തിനുപോലും, അവധാനതയോടെ കൈകാര്യം ചെയ്യാനുള്ള സാവകാശം ഉണ്ടായിരുന്നിട്ടുകൂടി, തെറ്റുകൾ കടന്നു കൂടുന്നത് സ്ഥിരം സംഭവമാണ്. കേരളത്തിൽ രണ്ടു പ്രമുഖ പത്രങ്ങൾ വളരെ പ്രധാന വിഷയങ്ങളിൽ രണ്ട് പ്രധാന ജനവിഭാഗങ്ങളോട് മാപ്പ് പറയേണ്ടിവന്നത് ശ്രദ്ധിക്കുമല്ലോ? ഈ ഘട്ടത്തിൽ വാർത്തകൾ കുത്തൊഴുക്കായി പ്രവഹിക്കുന്ന ദൃശ്യ മാദ്ധ്യമത്തിൽ വന്ന ഒന്നോ രണ്ടോ പരാമർശത്തിന് ആ മാദ്ധ്യമ സ്ഥാപനത്തിന്റെ സാരഥിയുടെ പേര് പറഞ്ഞു രോഷം കൊണ്ടത് ഒരു തിരക്കഥ ആയിരുന്നോ? പ്രസ്തുത വാർത്ത പിൻവലിച്ച് മാപ്പ് പറയാനുള്ള ആർജ്ജവം പോലും ആ ചാനൽ കാണിച്ചു. എന്നിട്ടും താങ്കൾ അത്തരമൊരു ഉദ്യമത്തിന് ഇറങ്ങി പുറപ്പെട്ടതാണ് എന്നെ ആശ്ചര്യപ്പെടുത്തുന്നത്.

ഏതാനും മിനിറ്റുകൾ മാത്രം അന്തരീക്ഷത്തിൽ നില നിന്ന് പിൻവലിക്കപ്പെട്ട വാർത്തയെ പുനരുജ്ജീവിപ്പിക്കാനും പുനഃസ്ഥാപിക്കാനും അല്ലേ താങ്കളുടെ ഫേസ്‌ബുക് പോസ്റ്റ് സഹായിച്ചത്. ഒന്നുകിൽ നിങ്ങളുടെ ഉദ്ദേശ്ശ്യം കൈരളി സാരഥിയെ അപമാനിക്ക്കാൻ , അല്ലെങ്കിൽ ആ സ്ഥാപനം തന്നെ പിൻവലിച്ച വാർത്തയെ ജനശ്രദ്ധയിലേക്കു മടക്കി കൊണ്ടുവരാൻ. ഇതിൽ ഏതായിരുന്നു താങ്കളുടെ ഉദ്ദേശ്ശ്യമെന്നു സദയം പറഞ്ഞാലും.

കൈരളി -പീപ്പിൾ നൽകി പിൻവലിച്ച ഒരു പരാമർശത്തിന്റെ ആയിരം മടങ്ങ് രൗദ്രതയുള്ള ചേരുവകളാണ് മറ്റു ചാനലുകളിലും പത്രങ്ങളിലും വന്നു പോയത്. ഏതെങ്കിലും ഒരു സ്ഥാപനത്തിന്റെ സാരഥിയുടെ പേര് പറയാൻ എന്തുകൊണ്ട് താങ്കളുടെ നാവ് ഉയർന്നില്ല? ഒരു ടെലിവിഷൻ ചാനലിലെ വാർത്തകൾ സസൂക്ഷ്മം ശ്രദ്ധിക്കാനും വിലയിരുത്താനും ഒരു എം ഡി ക്കു കഴിയില്ല എന്നത് മനസ്സിലാക്കാനുള്ള വിവരം നിങ്ങൾക്കില്ലായെന്നു ആരും പറയില്ല. വിവരക്കൂടുതൽ എന്ന ആക്ഷേപം മാത്രമേ റിമിയിൽ എന്നും പലരും ആരോപിച്ചിട്ടുള്ളൂ. ഫാസിസ്റ്റുകൾ താങ്കളെയും സുഹൃത്തുക്കളെയും കൊത്തിപ്പറിച്ചപ്പോൾ അതിനൊക്കെ രക്ഷാകവചം തീർത്തിട്ടുള്ള എളിയ മാദ്ധ്യമ സംരംഭമാണ് കൈരളി. ഇനിയും ഒരുപക്ഷേ ഭാവിയിൽ നിങ്ങൾക്ക് ആ പിന്തുണ അനിവാര്യമായും വരും. എന്നിട്ടും ഈ വകതിരിവില്ലായ്മ നിങ്ങളിൽനിന്ന് ഉണ്ടായത് എന്തുകൊണ്ട്? ഈ പുകമറക്കിടയിലും റിമാ കല്ലിംഗൽ എന്ന സിനിമാ പ്രവർത്തക ഉത്തരം നൽകേണ്ട ചില കാര്യങ്ങളുണ്ട്. നിങ്ങൾ ആദ്യം കാണിച്ച ആവേശം തന്നെ അത്തരമൊരു ഉത്തരവാദിത്തം നിങ്ങൾക്കുമേൽ ചുമത്തുന്നുണ്ട്.

ഒന്ന്; സിനിമാ വ്യവസായം അനുദിനം ക്രിമിനൽ വൽക്കരിക്കുന്നതിന് ന്ക്ഇരയാകുന്നുവെന്ന സംവിധായകൻ കമലിന്റെ പ്രതിപാദനമല്ലേ യഥാർത്ഥത്തിൽ ശരി. അക്രമത്തിനു പുറമേ മദ്യവും മയക്കുമരുന്നും യഥേഷ്ടം ലൊക്കേഷനുകളിൽ ഇടകലരുന്നുവെന്ന ആക്ഷേപത്തെക്കുറിച്ച് എന്താണ് നിങ്ങൾക്കുള്ള മറുപടി?

രണ്ട്; സിനിമാ വ്യവസായത്തിന്റെതന്നെ ഭാഗമായ വ്യക്തികളാണ് കൊടുംകൃത്യത്തിൽ പങ്കെടുത്തത്. അക്കാരണം കൊണ്ടുതന്നെ ഈ സംഭവത്തെ ഒരു ക്രമസമാധാന പ്രശ്‌നമായി വിലയിരുത്താൻ കഴിയില്ല. ശുദ്ധികലശം നടത്താത്ത സിനിമാ വ്യവസായം ജനങ്ങളെ വഷളും ആഭാസകരവുമായ ചിന്താപഥങ്ങളിലേക്കു നയിക്കുന്ന സാഹചര്യമല്ലേ ഈ സംഭവത്തിന്റെ യഥാർത്ഥ കാരണം?

മൂന്ന്; മലയാളി ഏറ്റവും കൂടുതൽ ഉപഭോഗം ചെയ്യുന്ന കലയാണ് സിനിമ. യഥാർത്ഥ മനസ്സിന്റെ വ്യവസായം. എന്തുകൊണ്ട് മലയാളി വഷളായി എന്നതിനുള്ള ചോദ്യത്തിന്റെ ഉത്തരം നിങ്ങളുടെ സിനിമാതിരക്കഥകളിൽ പരതേണ്ടത് അല്ലേ? സ്ത്രീയെ കേവലമൊരു വില്പനച്ചരക്കും ആഭാസവസ്തുവും ആക്കി മെനഞ്ഞെടുക്കുന്ന തിരക്കഥകളുടെ കേളീരംഗമല്ലേ മലയാള സിനിമാ ലോകം. ഇതേക്കുറിച്ച് എന്താണ് നിങ്ങൾ ഇതുവരെ ഒന്നും പറയാത്തത്?

നാല്; താങ്കളുടെ ജീവിതപങ്കാളി രൂപം നൽകിയ ഇടുക്കി ഗോൾഡ് പോലുള്ള സിനിമകൾ എന്ത് സന്ദേശമാണ് മലയാളിക്ക് നൽകിയത്? അരാജകത്വവും അക്രമവും പ്രോത്സാഹിപ്പിക്കുന്ന ചേരുവകൾ കടഞ്ഞെടുത്ത ഭർത്താവിനെതിരെ ആവിഷ്‌കാരത്തിന്റെ പേരിലെങ്കിലും രണ്ടക്ഷരം പറയാൻ ഭവതി ഇതുവരെ തുനിഞ്ഞിട്ടുണ്ടോ?

അഞ്ച്; ക്രൂരകൃത്യത്തിനു പ്രതിസ്ഥാനത്തു നിൽക്കുന്ന രണ്ട് പേർ ഒരു പ്രൊഡക്ഷൻ യൂണിറ്റിന്റെ ഭാഗമാണെന്നു എന്തുകൊണ്ട് നിങ്ങൾ ചിന്തിക്കുന്നില്ല? ഇൻഫോസിസ് ഓഫീസിൽ ഒരു പെൺകുട്ടി കൊലചെയ്യപ്പെട്ടപ്പോൾ ഒരു കോടി രൂപാ തത്സമയം നഷ്ടപരിഹാരം പ്രഖ്യാപിച്ചത് താങ്കൾ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ? ഔദ്യോഗിക കൃത്യനിര്വഹണത്തിനു വരവേ പ്രൊഡക്ഷൻ കമ്പനിയുടെ വാഹനത്തിൽ പ്രൊഡക്ഷൻ സ്റ്റാഫിന്റെ പങ്കാളിത്തത്തോടെ നടന്ന ക്രൂരകൃത്യത്തിനുള്ള ഉത്തരവാദിത്തം പ്രഥമ ദൃഷ്ടിയാ ആ പ്രൊഡക്ഷൻ ഹൗസിനല്ലേ? മാദ്ധ്യമങ്ങൾക്കുനേരെ കൊഞ്ഞനം കുത്തുന്ന സമയത്ത് അങ്ങോട്ടൊന്നു തിരിഞ്ഞുനിന്നു രണ്ട് വർത്തമാനം പറയാൻ നിങ്ങളുടെ നാവ് എന്തുകൊണ്ട് പൊങ്ങിയില്ല? വരുംകാലത്ത് സിനിമകളില്ലാതെ വീട്ടിലിരിക്കേണ്ടി വരുമെന്ന അരക്ഷിതബോധത്താലാണ് ഇതെന്നുണ്ടെങ്കിൽ ഈ ചോദ്യം പിൻവലിക്കാം.

ആറ് ; ഫെബ്രുവരി 18 ശനിയാഴ്ച ഉച്ചയോടെ ദാരുണ സംഭവം ഒരു ലൈംഗിക അതിക്രമം കൂടിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചതോടെ ഒട്ടുമിക്കവാറും മാദ്ധ്യമങ്ങൾ ഇരയുടെ ഫോട്ടോയും പേരും പിൻവലിച്ചു. രണ്ട് വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുക എന്നത്. എന്നിട്ടും ഞായറാഴ്ച പോലും ഫേസ്‌ബുക്കിലൂടെ നിങ്ങളുടെ സഹപ്രവർത്തകർ തങ്ങളുടെ വാചകസ്വഭാവത്തിനു അനുസൃതമായുള്ള എഫക്ട് സൃഷ്ടിക്കാൻ വേണ്ടി ഇരയുടെ പടങ്ങൾ നൽകി രോദനം നടത്തിയത് താങ്കൾ കണ്ടില്ലേ? ഒരു യുവനടന്റെ ഫേസ്‌ബുക് പോസ്റ്റ് ദശലക്ഷങ്ങളാണ് ലൈക്ക് അടിച്ചത്. അന്യഭാഷക്കാർ പോലും അങ്ങനെയാണ് നടി ആരാണെന്നു മനസ്സിലാക്കിയത്. കേരളത്തിലെ മാദ്ധ്യമങ്ങൾ സംയുക്തമായി സൃഷ്ടിച്ച സെന്‌സേഷണലിസത്തെക്കാൾ എത്രയോ മടങ്ങ് പൈങ്കിളിത്തരമാണ് നിങ്ങളും നിങ്ങളുടെ സഹപ്രവർത്തകരുംകൂടി സൃഷ്ടിച്ചെടുത്തത്. ഇതിൽ പശ്ചാത്തപിച്ചു സമൂഹത്തോട് മാപ്പ് പറയാൻ താങ്കൾ ഒരുക്കമുണ്ടോ?

ഏഴ്; ആ ഫേസ്‌ബുക് പോസ്റ്റിൽ നിങ്ങൾ ഉപയോഗിച്ച ഭാഷ മലയാള സിനിമയിലെ പല ഡയലോഗുകൾക്കും സമാനമായിരുന്നതുകൊണ്ടുതന്നെ നിങ്ങളുടെ സംസ്‌കാരം പെട്ടെന്ന് പുറത്തേക്കു വരാൻ അത് സഹായിച്ചുവെന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ?

എട്ട്; മലയാളസിനിമാലോകം പ്രതിഷേധിക്കാൻ കൊച്ചിയിൽ ഒത്തുകൂടിയപ്പോൾ എന്തേ നിങ്ങളുടെയും ഭർത്താവിന്റെയും മുഖം ആരും കാണാതിരുന്നത്? സായംകാലം ആയതുകൊണ്ട് ദുഃഖം ആചരിക്കാൻ മറ്റെവിടെയെങ്കിലും പോകേണ്ടിവന്നോ എന്ന് ചിലരെങ്കിലും ആക്ഷേപിക്കുന്നുണ്ട്?

ഒൻപത്; മലയാള സിനിമാ വ്യവസായം എന്ന് പറയുന്നത് ഒരു കോഴിമുട്ടയുടെ വലിപ്പമുള്ളതാണ്. ഒരറ്റത്തു നടക്കുന്നത് മറുഭാഗത്തുള്ളവർക്ക് ഒന്ന് കണ്ണുപായിച്ചാൽ കാണാം. കൊടും ക്രിമിനലാണെന്ന് മനസ്സിലാക്കി പലവട്ടം പലരും ഉപേക്ഷിച്ച പൾസർ സുനി എന്ത്കൊണ്ട് മലയാള സിനിമക്ക് അനിവാര്യഘടകമായി തുടർന്നു? ഇതിനുള്ള റിമയുടെ മറുപടി എന്താണ്?

അടിക്കുറിപ്പ് : ഈ ചോദ്യങ്ങളൊന്നും റിമയെ ബുദ്ധിമുട്ടിക്കാനല്ല. മലയാളസിനിമ നവീകരിക്കപ്പെടണമെന്നു ആർക്കെങ്കിലും ആഗ്രഹം ഉണ്ടെങ്കിൽ അവർക്ക് ഒരു കച്ചിത്തുരുമ്പായി ഇത് ഉപയോഗിക്കാം എന്നാണ് എന്റെ പക്ഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP