Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാട്ടിലെ മൃഗങ്ങളെ വിശ്വസിക്കാം നാട്ടിലെ മൃഗങ്ങളെ ഒരുകാലത്തും വിശ്വസിക്കരുത് ചതിക്കും; ശവം തിന്നുന്ന മൃഗങ്ങൾക്ക് പോലും ഇതിലേറെ നീതിബോധമുണ്ട്; ആദിവാസി യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ തല്ലിക്കൊന്ന സംഭവത്തിൽ ശക്തമായ പ്രതികരണവുമായി ഷിംന അസീസ്

കാട്ടിലെ മൃഗങ്ങളെ വിശ്വസിക്കാം നാട്ടിലെ മൃഗങ്ങളെ ഒരുകാലത്തും വിശ്വസിക്കരുത് ചതിക്കും; ശവം തിന്നുന്ന മൃഗങ്ങൾക്ക് പോലും ഇതിലേറെ നീതിബോധമുണ്ട്; ആദിവാസി യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ തല്ലിക്കൊന്ന സംഭവത്തിൽ ശക്തമായ പ്രതികരണവുമായി ഷിംന അസീസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: അട്ടപ്പാടിയിൽ മോഷ്ടാവെന്ന് ആരോപിച്ച് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയ ആദിവാസി യുവാവ് മധു മരിച്ച സംഭവത്തിൽ ശക്തമായ പ്രതികരണവുമായി ഷിംന അസീസ്. കാട്ടിലെ മൃഗങ്ങളെ വിശ്വസിക്കാം, നാട്ടിലെ മൃഗങ്ങളെ ഒരു കാലത്തും വിശ്വസിക്കരുത്, ചതിക്കും. ശവം തിന്നുന്ന മൃഗങ്ങൾക്ക് പോലും ഇതിലേറെ നീതിബോധമുണ്ട്

ഇന്നലെ ഒരു ആദിവാസി യുവാവിനെ കാടിറക്കി കൊണ്ടു വന്ന് അവർ തല്ലിക്കൊന്നു, അതിന്റെ സെൽഫി എടുത്ത് രസിച്ചു...മനുഷ്യൻ എന്ന് വിളിക്കപ്പെടുന്നതിൽ അപമാനം തോന്നുന്നുവെന്ന് ഷിംന കുറിച്ചു.

 ഫേസ്‌ബുക്ക് പോസ്‌ററിന്റെ പൂർണരൂപം:

'ആദിവാസി ഊരിലേക്ക് നമ്മൾ കയറിച്ചെല്ലുന്നത് ദൂരേന്ന് കണ്ടാലേ അവര് കാട്കയറും. അവരോട് എന്ത് ചോദിച്ചാലും മിണ്ടില്ല, മുഖത്ത് നോക്കാതെ താഴോട്ട് നോക്കി നിൽക്കും. എത്ര വലിയ രോഗമുണ്ടെങ്കിലും കൊണ്ടുപോയി കൊടുത്ത ഗുളിക കഴിക്കില്ല, പ്രസവിക്കാൻ പോലും കാടിറങ്ങാൻ മടി'- നേരിൽ കണ്ട കാര്യങ്ങളാണ്, ഇന്നലെ വരെ അവരോടെനിക്ക് ഉണ്ടായിരുന്ന കുഞ്ഞു പരിഭവവും ആയിരുന്നത്.

ഇന്ന് തിരിച്ചറിയുന്നു- അവരാണ് ശരി. കാട്ടിലെ മൃഗങ്ങളെ വിശ്വസിക്കാം, നാട്ടിലെ മൃഗങ്ങളെ ഒരു കാലത്തും വിശ്വസിക്കരുത്, ചതിക്കും. ശവം തിന്നുന്ന മൃഗങ്ങൾക്ക് പോലും ഇതിലേറെ നീതിബോധമുണ്ട്

ഇന്നലെ ഒരു ആദിവാസി യുവാവിനെ കാടിറക്കി കൊണ്ടു വന്ന് അവർ തല്ലിക്കൊന്നു, അതിന്റെ സെൽഫി എടുത്ത് രസിച്ചു...മനുഷ്യൻ എന്ന് വിളിക്കപ്പെടുന്നതിൽ അപമാനം തോന്നുന്നു...ഈ വിഷയത്തിൽ നെഞ്ചിൽ തട്ടിയൊരു കുറിപ്പ് ഷെയർ ചെയ്യുന്നു...

ഹബീബ് അഞ്ചു എഴുതുന്നു...

വെറും ഇരുപത്തേഴ് വയസ്സേ ആയിട്ടുണ്ടായിരുന്നുള്ളു മധുവിന്, ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം ആഘോഷിച്ചു കടന്നുപോകേണ്ട സമയം. പക്ഷേ അവൻ ഉടുത്തിരുന്ന തുണി മുഷിഞ്ഞ് കീറിയതായിപ്പോയി. അവന്റെ നിറം ഇരുണ്ടതായിപ്പോയി. ചുറ്റുമുള്ളവർ പുലമ്പുന്നതെന്തെന്ന് മനസ്സിലാക്കി തിരിച്ച് നാലു വർത്തമാനം പറയാനറിയതെ പോയി അവന്. കെട്ടിയിട്ട കയ്യുമായി നെഞ്ചുന്തി നിസ്സഹായനായി നിന്ന് ഒരാൾക്കൂട്ടത്തിന്റെ മർദ്ദനമേറ്റു വാങ്ങുമ്പൊ അരുതെന്ന് പറയാനവിടെ ആരുമുണ്ടായിരുന്നില്ല, അവനെ തല്ലല്ലേ അവന്റെ കയിലെ ഒരുപിടി അരിയുടെ കാശ് അങ്ങ് തന്നേക്കാമെന്നാരും പറഞ്ഞില്ല. എല്ലാരും സെൽഫിയെടുത്ത് വീഡിയോയെടുത്ത് വാട്‌സപ് ഗ്രൂപ്പുകളിലയക്കുന്ന തിരക്കിലായിരുന്നല്ലോ.

സ്റ്റിക്കറൊട്ടിച്ച് കുട്ടികളെ തട്ടിക്കൊണ്ട് പോയവനും, കത്തി ചൂണ്ടി മോഷ്ടിച്ച ഇതരസംസ്ഥാനതൊഴിലാളിയിലും ഓടി രസം തീർന്നപ്പൊ പകരം വായിക്കാനൊരു ചൂടുള്ള വാർത്തയായിരുന്നു അവന്റെ ദൈന്യത. സമൂഹത്തിൽ വെറുപ്പും വിഭാഗീയതയും സൃഷ്ടിക്കാനും, ചിലരെ സ്വാഭാവിക കുറ്റവാളിസ്ഥാനത്തേക്ക് എത്തിക്കുന്നിടത്ത് സമൂഹത്തിന്റെ മനോനില കൊണ്ടുവരാനുമായി പടക്കപ്പെട്ട പരത്തപ്പെട്ട പരശതം നുണക്കഥകൾ കണ്ടും ആഘോഷിച്ചും ഫോർവേർഡ് ചെയ്തും തള്ളിയല്ലോ ഇത്രനാളും... അതൊക്കെ ഇന്നീ സമ്പൂർണ്ണ സാക്ഷരസംസ്ഥാനത്തിലും തെരുവിലിറങ്ങി ആളെക്കൊന്നു തുടങ്ങിയിരിക്കുന്നു.

എണീറ്റു നിൽക്കാനുള്ള പാങ്ങുണ്ടായിരുന്നില്ലവന്്. എന്നിട്ടും തിരിച്ച് തല്ലില്ലെന്നുറപ്പുവരുത്താൻ കൈ കെട്ടിയിട്ടാണവനെ മർദ്ദിച്ച് കൊന്നത്. അവന്റെ സഞ്ചിയിൽ നിന്നും അരിയും ബീഡിയും മല്ലിയും പെറുക്കിയെടുത്ത് വിചാരണ ചെയ്ത ശവം തീനികളെ നോക്കി അവൻ അവസാനമായി ചിരിച്ച ആ ചിരിയുണ്ടല്ലോ, നട്ടെല്ലു തല്ലിയൊടിച്ചിട്ടാണെങ്കിലും ഒടുവിൽ എല്ലാരും കൂടി അവന്റെ പട്ടിണി എന്നെന്നേക്കുമായി മാറ്റിത്തരുകയാണല്ലോ എന്ന ചിരി. മുന്നിൽ നിന്ന് പോവുന്നില്ല ആ ചിത്രം. ഒരു പോള കണ്ണടയുന്നില്ല. മണ്ണാർക്കാട്ടെ ഏതോ സർക്കാർ മോർച്ചറിയുടെ തണുപ്പിൽ അവനിപ്പോൾ അവസാനമായി ഉറങ്ങുന്നുണ്ടാവും. ജീവനുള്ളപ്പൊ കൂടെ നിൽക്കാൻ പറ്റാതിരുന്നവന് ഇനി അവനെ ഓർത്ത് ഉറക്കം വരാതെയിരുന്നിട്ടെന്തിനാണെന്ന് സ്വയം പുച്ഛം തോന്നുന്നുണ്ട്. എന്തിനൊക്കെയോ ശപിക്കുന്നുണ്ട്. ഇനിയെന്തിനെന്നറിഞ്ഞിട്ടും മാപ്പു യാചിക്കുന്നുണ്ട്. നിസ്സഹായതയുടെ അങ്ങേയറ്റം...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP