Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അലോപ്പതിയിൽ കാൻസറിന് മരുന്നില്ല! ശ്രീനിവാസൻ എന്തിനാണ് അലോപ്പതി വിരുദ്ധതയുടെ പ്രചാരകൻ ആകുന്നത്?

അലോപ്പതിയിൽ കാൻസറിന് മരുന്നില്ല! ശ്രീനിവാസൻ എന്തിനാണ് അലോപ്പതി വിരുദ്ധതയുടെ പ്രചാരകൻ ആകുന്നത്?

വൈശാഖൻ തമ്പി

'ഞാൻ ഈ പ്രശ്‌നം സിനിമയാക്കാൻ പോകുകയാണ്. അതുകൊണ്ട് സിനിമയിലെ ആശയം ഇപ്പോൾ മറ്റൊരുവിധത്തിൽ വെളിപ്പെടുത്താൻ മടിയുണ്ട് 'അപ്പോ അതാണ് കാര്യം. ക്യാൻസറിനെ കുറിച്ച് കൂടുതൽ അറിയാൻ തന്റെ വരാൻ പോകുന്ന സിനിമ കാണണമെന്നാണ് ശ്രീനിവാസൻ സാറ് പറഞ്ഞുവരുന്നത്. കുറേ നാളായി അറിയാത്ത കാര്യങ്ങളിൽ വിടുവായത്തം എഴുന്നള്ളിച്ചുകൊണ്ടിരുന്നത് നാട്ടുകാരുടെ അജ്ഞത മുതലെടുത്ത് ആളാവാനാണ് എന്നാണ് കരുതിയത്. ഈ രീതിയിലാണെങ്കിൽ ഈ മനുഷ്യൻ ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ്.

എന്തെങ്കിലുമൊന്ന് പ്രചരിപ്പിക്കാൻ ഏറ്റവും നല്ല മാർഗം അതിനെ ഭയത്തിൽ പൊതിഞ്ഞ് വിടുക എന്നതാണ്. പരിണാമപരമായി തന്നെ ഭയം, അപഖ്യാതി, വെറുപ്പ് തുടങ്ങിയ നെഗറ്റീവ് കാര്യങ്ങൾ ഏറ്റെടുത്ത് പ്രചരിപ്പിക്കാനാണ് നമ്മുടെ പ്രവണത. റാങ്ക് നേടിയ കുട്ടിയെക്കാൾ പെട്ടെന്ന് പ്രശസ്തി കിട്ടുന്നത് ഹെഡ്‌മാസ്റ്ററെ കല്ലെറിഞ്ഞ കുട്ടിക്കായിരിക്കുമല്ലോ. വാട്‌സാപ്പിലും മറ്റും ഷെയർ ചെയ്ത് വരുന്ന ഭൂരിഭാഗം സന്ദേശങ്ങളുടേയും ടോൺ 'ഇത് ഷെയർ ചെയ്യു, നിങ്ങളേയും കൂട്ടുകാരേയും ഈ അപകടത്തിൽ നിന്ന് രക്ഷിക്കൂ' എന്നല്ലേ? ആൾട്ടർനേറ്റ് മെഡിസിൻ പ്രചരണങ്ങളുടെ പൊതുസ്വഭാവം നോക്കിയാലും ഇത് പ്രകടമാണ്. പ്രകൃതിതകൃതിടീമുകളുടെ പ്രഭാഷണങ്ങൾ കേട്ടുനോക്കൂ. അവരുടെ ചികിത്സയുടെ ഗുണങ്ങൾ, അത് എങ്ങനെ പ്രവർത്തിക്കുന്നു എന്നതൊന്നുമല്ല, മരുന്ന് മാഫിയ, കെമിക്കലുകളുടെ വിഷം, പാർശ്വഫലം എന്നിങ്ങനെ ആധുനിക വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള ഭയം ജനിപ്പിക്കലാണ് അവരുടെ ആദ്യ അജണ്ട.

ബാക്കിയെല്ലാം അതിന് ശേഷമേയുള്ളു. തങ്ങളെന്തോ വലിയ അപകടത്തിലാണ് ജീവിക്കുന്നത് എന്നൊരു ഭ്രമാവസ്ഥയിൽ ജനങ്ങളെത്തുന്നു. ഭയപ്പെട്ട മനസ്സുകളിലേയ്ക്ക്, പ്രത്യക്ഷത്തിൽ തന്നെ അപഹാസ്യമായ സിദ്ധാന്തങ്ങൾ അവർക്ക് സുഖമായി തിരുകിക്കയറ്റാൻ കഴിയുന്നു. അടിസ്ഥാന ജീവശാസ്ത്രം പോലും അറിയില്ലെന്ന് പല ആവർത്തി തെളിയിച്ചവരുടെ പോലും വാക്കുകൾക്ക് വിദ്യാസമ്പന്നർ പൊൻവില കല്പിക്കുന്നു. നല്ലൊരു പരിധി വരെ അവരീ മരുന്നുപേടിയാൽ നിയന്ത്രിക്കപ്പെടുന്നവരാണ്. ഇവിടെ ശ്രീനിവാസൻ അതേ പേടിയെ തന്റെ സിനിമയ്ക്ക് ആളെക്കൂട്ടാനായി ഉപയോഗപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നത്. മാർക്കറ്റിങ്ങിന് അഞ്ച് പൈസ മുടക്കണ്ടാ. മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയും ഫ്രീയായി ആ സേവനം ചെയ്തുകൊടുക്കും.
അലോപ്പതിയിൽ ക്യാൻസറിന് ചികിത്സയേയില്ല എന്ന ശ്രീനിവാസന്റെ വാചകം കടന്നകൈയാണ്. എല്ലാത്തരം ക്യാൻസറുകൾക്കും ഇന്ന് ചികിത്സയില്ല എന്നത് സമ്മതിക്കാം. എന്നാൽ ലിംഫോമാ പോലുള്ള ചിലയിനം ക്യാൻസറുകൾ കീമോ, റേഡിയോ തുടങ്ങിയ തെറപ്പികൾ കൊണ്ട് പൂർണമായും ഭേദമാക്കാനാവും. മറ്റനവധി ക്യാൻസറുകൾ ആദ്യ രണ്ട് ഘട്ടങ്ങളിൽ.

രോഗത്തെ ഗൗരവത്തിന്റെ അടിസ്ഥാനത്തിൽ മൊത്തം നാല് ഘട്ടങ്ങളായി തിരിക്കാറുണ്ട് കണ്ടുപിടിക്കപ്പെടുന്ന പക്ഷം ചികിത്സിച്ച് ഭേദമാക്കാനാവും. മൂന്നം നാലും ഘട്ടങ്ങളിൽ അത് കൈവിട്ടുപോയിരിക്കും. മെലനോമ പോലുള്ള ചില രോഗങ്ങളാണ് ഇന്നത്തെ സാഹചര്യത്തിൽ ഭേദമാക്കാനേ കഴിയാത്തത്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു സാമൂഹ്യയാഥാർത്ഥ്യം ക്യാൻസർ എന്നത് ഒരു രോഗിയെ മാത്രമല്ല, ഒരു കുടുംബത്തെ മൊത്തത്തിൽ സ്വാധീനിക്കുന്ന രോഗമാണ്. രക്ഷപ്പെടില്ല എന്നുറപ്പാണ് എന്നതുകൊണ്ട് നമ്മുടെ പ്രിയപ്പെട്ടവരുടെ ചികിത്സ നിർത്താൻ നമുക്കാവില്ല. മരിക്കുമെന്നുറപ്പായ ആളിന് വേണ്ടി അയാളുടെ മരണം വരെ തുടരുന്ന ചികിത്സകൾ കുടുംബത്തിന്റെ നട്ടെല്ലൊടിക്കുന്ന സംഭവങ്ങൾ എത്രയെങ്കിലും നമ്മൾ കാണുന്നു. ഈ സ്ഥാനത്ത് എന്തെങ്കിലും ചെയ്യാനാവുമെങ്കിൽ അത് ചെലവ് കുറച്ച് മരുന്നുകൾ ലഭ്യമാക്കുക എന്നതാണ്. സർക്കാർ ആശുപത്രികളിലും പുറത്തും ക്യാൻസർ മരുന്നുകളുടെ വിലവ്യത്യാസം എല്ലാവർക്കും അറിയാം. എന്നാൽ കൊച്ചിയിൽ വരേണ്ട സർക്കാർ ക്യാൻസർ സെന്ററിന് തുരങ്കം വെക്കാനും മുന്നിൽ നിക്കുന്നത് ശ്രീനിവാസൻ എന്ന ഇതേ മനുഷ്യനാണ്. ലക്ഷ്മീതരു കഴിച്ച് ക്യാൻസർ വേരോടെ മാറ്റാമെന്ന വാദത്തിൽ വിശ്വസിച്ച് കബളിപ്പിക്കപ്പെട്ട കഥ രോഗബാധിതനായ നടൻ ജിഷ്ണു രാഘവൻ തുറന്നുപറഞ്ഞിരുന്നു. അതിവിടെ ഏറ്റുപിടിക്കാൻ ആരുമുണ്ടായില്ല. പക്ഷേ പച്ചില തിന്ന് ക്യാൻസർ മാറ്റാമെന്ന 'ഡോക്ടർ' ശ്രീനിവാസന്റെ കണ്ടുപിടിത്തം സോഷ്യൽ മീഡിയയിലും വാട്‌സാപ്പിലും വൻ ഉത്സവമായിരുന്നു. മണ്ടത്തരം തെരെഞ്ഞുപിടിച്ച് ഏറ്റെടുക്കാനുള്ള നമ്മുടെയീ പ്രവണത സ്വന്തം കുഴി തോണ്ടലാണ്.

ആധുനിക വൈദ്യശാസ്ത്രത്തിന് വേണ്ടി ഞാൻ വാദിക്കുന്നത് അത് പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാരുടെ സ്വഭാവസർട്ടിഫിക്കറ്റ് നോക്കി മാർക്കിട്ടിട്ടല്ല. ആധുനികശാസ്ത്രത്തിന്റെ രീതിയും ക്ഷമതയും നേരിട്ട് ബോധ്യമുള്ളതുകൊണ്ടും ഇതരചികിത്സാരീതികളുടെ അടിസ്ഥാനസിദ്ധാന്തങ്ങളിലും പ്രായോഗികതകളിലും ഉള്ള വിഡ്ഢിത്തങ്ങൾ തിരിച്ചറിയുന്നതുകൊണ്ടും ആണ്. മരുന്നുമാഫിയയും വ്യാജമരുന്നുകളും ഒന്നും ഞാൻ നിഷേധിക്കുന്നില്ല. പക്ഷേ അത് ആധുനികവൈദ്യശാസ്ത്രത്തിന്റെ കുഴപ്പം ആകുന്നതെങ്ങനെയാണ്? ഇതൊക്കെ തടയേണ്ടത് ഇവിടത്തെ സർക്കാർ സംവിധാനങ്ങളുടെ ചുമതലയാണ്.

മരുന്നുകമ്പനിയുടെ കൈക്കൂലി വാങ്ങി ആവശ്യമില്ലാത്ത മരുന്ന് കുറിക്കുന്ന ഡോക്ടറും ക്യൂ നില്ക്കുന്ന ആളിൽ നിന്ന് അമ്പത് രൂപ കൈക്കൂലി വാങ്ങി ഓ പി ടിക്കറ്റിന്റെ ക്രമം മാറ്റി ആളെ നേരത്തെ കയറ്റിവിടുന്ന അറ്റൻഡറും തമ്മിൽ എന്താണ് വ്യത്യാസം? രണ്ടുപേരും ഒരേ തെറ്റാണ് ചെയ്യുന്നത്. വ്യത്യാസം അതാത് ആളുകളുടെ തൊഴിലിന്റെ (ഉത്തരവാദിത്വത്തിന്റെ) റീച്ച് അനുസരിച്ച് മാറുന്നുവെന്നേയുള്ളു. അയ്യായിരം കോടി രൂപയുടെ അഴിമതി കാണിക്കാൻ ഒരു പ്യൂണിന് ആഗ്രഹം കാണും, പക്ഷേ അയാളുടെ തൊഴിലിന് ആ ശേഷിയില്ല. അയാൾ പത്തോ അഞ്ഞൂറോ രൂപയുടെ 'ചെറുകിട അഴിമതി'യിൽ തൃപ്തിപ്പെടേണ്ടിവരും. നാളെ അതേ പ്യൂൺ ഒരു കേന്ദ്രമന്ത്രി ആയാൽ അയാൾക്ക് അയ്യായിരം കോടി തട്ടിക്കാൻ കഴിഞ്ഞേക്കും. അതിന് പ്യൂൺ ആയിരുന്ന സമയത്തെ അത്ര തന്നെ അധാർമികത മതിയാകും, അഡീഷണൽ 'വില്ലത്തരം' ഒന്നും ആവശ്യമേയില്ല. മറ്റേത് തൊഴിൽ മേഖലയിലും ഉള്ളത്ര മൂല്യച്യുതികൾ മെഡിക്കൽ മേഖലയിലും ഉണ്ടാകുക എന്നത് സ്വാഭാവികമാണ്. മന്ത്രിയും പൊലീസും മുതൽ പാൽക്കച്ചവടം വരെ അഴിമതിയും മൂല്യച്യുതിയും കൊണ്ട് കരിവാളിച്ച് കിടക്കുമ്പോ ഡോക്ടർമാർ മാത്രം മാലാഖമാരായി തുടരണമെങ്കിൽ അവരെ സ്വർഗത്തിൽ നിന്നും നേരിട്ടിറക്കേണ്ടിവരും.

നിങ്ങൾക്കറിയാമോ ഇന്നാട്ടിൽ ഒരുകോടി രൂപ ഡൊണേഷൻ കൊടുത്താൽ മെഡിസിന് സീറ്റ് കിട്ടുമെന്ന്? പത്തോ പതിനഞ്ചോ കോടി മുടക്കാനുണ്ടെങ്കിൽ ആർക്കും ഡോക്ടർ ഡിഗ്രി കിട്ടുമെങ്കിൽ, ആ ഡിഗ്രിയുടമയ്ക്ക് കാശിനോട് ആത്മാർത്ഥത വരുന്നതാണോ രോഗിയോട് ആത്മാർത്ഥത വരുന്നതാണോ കൂടുതൽ സ്വാഭാവികം? മാർക്കറ്റിൽ വരുന്ന മരുന്ന് നല്ലതാണോ വ്യാജനാണോ എന്ന് പരിശോധിയ്‌ക്കേണ്ടത് ആരുടെ ജോലിയാണ്? ഈ സാഹചര്യം ആരാണ് തടയാൻ പോകുന്നത്? മെറിറ്റ് കൊണ്ട് ഡോക്ടറായി ഉറങ്ങാൻ പോലും സമയമില്ലാതെ ജോലി ചെയ്യുന്ന മറ്റ് ഡോക്ടർമാരുടെ പണിയാണോ അതൊക്കെ? കാശ് ചെലവാക്കി ഡിഗ്രി നേടുന്നവരാണ് എല്ലാ പ്രശ്‌നവും ഉണ്ടാക്കുന്നത് എന്നൊന്നും ഇതിൽ നിന്ന് ആരും വായിച്ചെടുത്തേക്കല്ലേ. പ്രശ്‌നത്തിന്റെ യഥാർത്ഥ കിടപ്പുവശവും പരിഹാരം ഉണ്ടാവേണ്ട ദിശയും ചൂണ്ടിക്കാട്ടുകയെന്നതേ ഉദ്ദേശ്യമുള്ളു.

ഇനി എന്തെങ്കിലും കേട്ട് പേടിച്ചേ തീരൂ എന്ന് വാശിയുള്ളവർക്കായിട്ട് ഒരു ഐറ്റം കൂടി തരാം. ജസ്റ്റ് ഒന്നാലോചിച്ചുനോക്കൂ. മരുന്നുകമ്പനികൾക്ക് മരുന്ന് കൂടുതൽ വിറ്റഴിക്കണമെങ്കിൽ മോഡേൺ മെഡിസിൻ പ്രാക്റ്റീസ് ചെയ്യുന്ന ഡോക്ടർമാരെ തന്നെ വിലയ്ക്കടുക്കണമെന്നുണ്ടോ? വാക്‌സിനെതിരേ പ്രചരണം നടത്തുന്ന പ്രകൃതിക്കാരെ വിലയ്‌ക്കെടുത്ത് വാക്‌സിൻ വിരുദ്ധപ്രചാരണം ശക്തിപ്പെടുത്തുകയും പരമാവധി ആളുകളെ വാക്‌സിനിൽ നിന്നകറ്റുകയും ചെയ്യുകയാണെങ്കിലോ? കുറച്ചുനാൾ കഴിയുമ്പോ മലമ്പനിയും പോളിയോയും വസൂരിയുമൊക്കെ പടർന്നുപിടിക്കുകയും ഒടുവിൽ ഗതികെടുന്ന സർക്കാർ നൂറിരട്ടി വിലകൊടുത്തും അതിനുള്ള മരുന്നുകൾ വാങ്ങിക്കാൻ ബാധ്യസ്ഥരാകുകയും ചെയ്താലോ?

ആ സാഹചര്യം മുൻകൂട്ടി കണ്ട് അവർ ഇന്ന് കളിക്കുന്ന കളിയാണ് ഈ വാക്‌സിൻ വിരുദ്ധതയെങ്കിലോ? വേറൊരു രീതിയിൽ പറഞ്ഞാൽ ഇതാണ് സിദ്ധാന്തം: ആദ്യം രോഗികളെ മരുന്നിൽ നിന്ന് അകറ്റുക അതിനായി അലോപ്പതി വിരുദ്ധത ആദ്യം പ്രചരിപ്പിക്കുക. കുറേ കഴിയുമ്പോൾ കൂടുതൽ രോഗികൾ ഉണ്ടാകും. അപ്പോൾ നൂറിരട്ടി വിലയിട്ട് മരുന്നുകളെ വിപണിയിലെത്തിക്കുക ജീവൻ വേണ്ടവർ എന്തുവിലകൊടുത്തും അന്ന് മരുന്നുവാങ്ങും. ഈ സിദ്ധാന്തം ഏറ്റവും നന്നായി പ്രവർത്തിക്കുക അലോപ്പതിവിരുദ്ധരെ വിലയ്‌ക്കെടുത്താലാണ്. സാമാന്യം നല്ല കാശുണ്ടാക്കുന്ന അലോപ്പതി ഡോക്ടർമാരാണോ അതോ ഇതര ചികിത്സകരാണോ കാശിൽ പെട്ടെന്ന് വീഴാൻ സാധ്യത? അങ്ങനെയെങ്കിൽ ആരാണ് മരുന്നുകമ്പനികൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് അലോപ്പതി ഡോക്ടർമാരോ അതോ അലോപ്പതിവിരുദ്ധരോ?

ഈ ഗൂഢാലോചനാ സിദ്ധാന്തം വിശ്വാസം വരാത്തവർ ഇതുകൂടി ആലോചിക്കുക യാഥാർത്ഥ്യം ഇതാണെന്നോ മറിച്ചാണെന്നോ നിങ്ങൾ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിക്കാൻ പോകുന്നത്? തെളിവില്ലെങ്കിൽ എന്തടിസ്ഥാനത്തിലാണ് നിങ്ങൾ ആരെ വിശ്വസിക്കണമെന്ന് തീരുമാനിക്കുന്നത്? നല്ലോണം ആലോചിച്ചുനോക്കൂ. അലോപ്പതിവിരുദ്ധർ പറയുന്നത് സത്യമായിരുന്നെങ്കിൽ എന്നാണ് നമ്മളുടെ ആഗ്രഹം. സത്യം പറയട്ടെ, എന്റേയും ആഗ്രഹം അതുതന്നെയാണ്. മരുന്നൊന്നും വാങ്ങണ്ടാ പച്ചവെള്ളോം പച്ചിലേം പട്ടിണീം എല്ലാ രോഗവും ഭും! എന്ത് സുഖമായിരുന്നു! പക്ഷേ ചേട്ടന്മാരേ ചേച്ചിമാരേ, ദൗർഭാഗ്യവശാൽ നമ്മുടെ ആഗ്രഹം അനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കപ്പെടുന്ന ലോകത്തല്ല നമ്മൾ ജീവിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP