Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാദങ്ങൾ കൊഴുക്കുന്നതിനിടെ നിലപാടിൽ ഉറച്ച് വി എം സുധീരന് പറയാനുള്ളത്‌

വിവാദങ്ങൾ കൊഴുക്കുന്നതിനിടെ നിലപാടിൽ ഉറച്ച് വി എം സുധീരന് പറയാനുള്ളത്‌

മ്പൂർണ്ണ മദ്യനിരോധനം ഘട്ടം ഘട്ടമായി നടപ്പിലാക്കുക എന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള സുദൃഢമായ ചുവടുവെയ്പാണ് ഐക്യ ജനാധിപത്യ മുന്നണി സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. ചരിത്രം ഈ തീരുമാനത്തെ ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കുക തന്നെ ചെയ്യും.

വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ നാം കൈവരിച്ച നേട്ടങ്ങൾ ലോകത്തെ വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്താവുന്നതാണ്. ഇന്ത്യയൊട്ടാകെ മാതൃകയായിട്ടുള്ള നിരവധി നിയമനിർമ്മാണങ്ങളുടെ കാര്യത്തിലും, ഭരണനടപടികളിലും കേരളം മുൻപന്തിയിലാണ്. ഈ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച നമ്മൾ കഴിഞ്ഞ കുറേ കാലമായി എങ്ങോട്ടു പോകുന്നുവെന്നത് ഗൗരവത്തോടെ പരിശോധിക്കേണ്ട കാര്യമാണ്. മുൻകാലങ്ങളിൽ നേട്ടങ്ങളുടെ പേരിൽ അഭിമാനിച്ചിരുന്ന നാം ഇന്ന് ചില മേഖലകളിൽ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ പേരിൽ ദുഃഖിക്കേണ്ടിയിരിക്കുന്നു. അതിൽ പ്രധാനപ്പെട്ടതാണ് ലഹരിയുടെ അധിനിവേശം. അക്ഷരാർത്ഥത്തിൽ ഇന്ന് കേരളം ലഹരിയുടെ പിടിയിലാണ് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും.

പ്രതിശീർഷ മദ്യ ഉപയോഗത്തിന്റെ കാര്യത്തിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. ആത്മഹത്യയുടെയും വിഷാദരോഗങ്ങളുടെയും കാര്യത്തിലും ഒന്നാമതുതന്നെ. അനുദിനം വർദ്ധിച്ചുവരുന്ന റോഡപകടങ്ങൾ, ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്ന ലഹരിജന്യരോഗികളുടെ ആധിക്യം, കിട്ടുന്നതിലേറെയും മദ്യശാലയിൽ കൊടുത്ത് വെറും കൈയുമായി വീടുകളിലേക്ക് എത്തുന്ന ഗൃഹനാഥന്മാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവ്, അതുമൂലം കുടുംബങ്ങളിൽ ഉണ്ടാകുന്ന സാമ്പത്തികത്തകർച്ച, ദാരിദ്ര്യം, കുടുംബബന്ധങ്ങളിലെ ശൈഥില്യം, ഗാർഹികപീഡനങ്ങൾ, അഭൂതപൂർവ്വമായിട്ടുള്ള വിവാഹമോചനങ്ങൾ, മാനസികവും ശാരീരികവുമായിട്ടുള്ള ആരോഗ്യത്തകർച്ച, സാമൂഹ്യരംഗത്ത് വളർന്നുവരുന്ന അരാജകാവസ്ഥ, പെരുകി വരുന്ന കുറ്റകൃത്യങ്ങൾ, ക്രമസമാധാന പ്രശ്‌നങ്ങൾ തുടങ്ങിയവയിലേയ്‌ക്കൊക്കെ നയിക്കുന്നത് ലഹരി തന്നെയാണ്. ഈ സാമൂഹിക ദുരവസ്ഥ കണക്കിലെടുത്തുകൊണ്ടാണ് മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും കുറച്ചുകൊണ്ടുവരാനും അതുവഴി ഘട്ടംഘട്ടമായ മദ്യനിരോധനത്തിലേക്ക് നീങ്ങുവാനും യു.ഡി.എഫ്. നേരത്തെതന്നെ തീരുമാനിച്ചത്. യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കെ. കരുണാകരൻ മുഖ്യമന്ത്രിയും ഉമ്മൻ ചാണ്ടി യു.ഡി.എഫ് കൺവീനറുമായിരുന്ന കാലത്ത് നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ രൂപം കൊണ്ട ഉദയഭാനു കമ്മീഷൻ റിപ്പോർട്ടും ഇതിനാധാരമായി. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ 1992ൽ ബാറുകൾക്ക് റ്റു സ്റ്റാർ നിബന്ധന ഏർപ്പെടുത്തി. 96 ൽ എ.കെ. ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോൾ ചാരായം നിരോധിച്ചതും യു.ഡി.എഫിന്റെ തുടർനടപടികളുടെ ഭാഗമായിരുന്നു. ആന്റണിയെത്തുടർന്ന് 2004 ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി വന്നപ്പോൾ കള്ളിന്റെ ലഭ്യതയുടെ അടിസ്ഥാനത്തിൽ ഷാപ്പുകളുടെ എണ്ണം ക്രമപ്പെടുത്തുക എന്ന നയത്തിന്റെ ഭാഗമായി ഷാപ്പുകളുടെ എണ്ണം ഗണ്യമായി കുറച്ചു. യു.ഡി.എഫ് സർക്കാരുകൾ ഇത്തരത്തിൽ നിരവധി നടപടികൾ സ്വീകരിച്ചുവെങ്കിലും എൽ.ഡി.എഫ്. സർക്കാരുകളാകട്ടെ ഇക്കാര്യത്തിൽ തികഞ്ഞ ഉദാസീനതയാണ് പ്രകടിപ്പിച്ചത്.

ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നപ്പോൾ യു.ഡി.എഫ്. പിന്തുടർന്നു വന്ന നയത്തിന്റെയും തെരഞ്ഞെടുപ്പ് പ്രകടനപത്രികയുടെയും അടിസ്ഥാനത്തിൽ വ്യക്തമായ മദ്യനയത്തിന് രൂപം കൊടുത്തു. അതനുസരിച്ച് 31.3.2012 വരെ ത്രീ സ്റ്റാർ പദവിയുള്ള ഹോട്ടലുകൾക്ക് ബാർ ലൈസൻസ് അനുവദിക്കുന്നത് തുടരുമെന്നും 1.4.2012 മുതൽ ഫോർ സ്റ്റാറും അതിനു മുകളിലും പദവിയുള്ള ഹോട്ടലുകൾക്ക് മാത്രമേ ബാർ ലൈസൻസ് അനുവദിക്കുകയുള്ളുവെന്നും, 201314 സാമ്പത്തിക വർഷം മുതൽ മിനിമം 25 മുറികളും ഫൈവ് സ്റ്റാർ ക്ലാസിഫിക്കേഷനും ഉള്ള ഹോട്ടലുകൾക്ക് മാത്രമേ ബാർ ലൈസൻസ് അനുവദിക്കുകയുള്ളുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് സർക്കാർ നടപടികൾ തുടരവേ നിലവാരമില്ലാത്തതും നിയമലംഘനം നടത്തിയതുമായ 418 ബാറുകളെ സംബന്ധിച്ച് സി.എ.ജി. റിപ്പോർട്ട് പുറത്തുവന്നതും തുടർന്ന് സുപ്രീം കോടതി പരാമർശത്തിനിടയാക്കിയതും സുപ്രധാന വഴിത്തിരിവായി. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് 418 ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചത്. പിന്നീട് ഈ വർഷത്തെ മദ്യനയം സംബന്ധിച്ച് വളരെയേറെ ചർച്ചകളും, സംവാദങ്ങളും നടന്നു. ഇതുപോലെ കേരളീയ പൊതുസമൂഹത്തിൽ ചർച്ചചെയ്യപ്പെട്ട വിഷയം വേറെയുണ്ടാവില്ല. നാലഞ്ചു മാസം തന്നെ ചർച്ചകൾ നീണ്ടു. അതുകൊണ്ടുതന്നെ 418 ബാറുകൾ അടഞ്ഞുകിടന്നതിന്റെ ഗുണഫലം വിലയിരുത്താൻ സമൂഹത്തിന് അവസരം കിട്ടി.

വിസ്മയാവഹമായ മാറ്റത്തിനാണ് ഇക്കാലത്ത് കേരളം സാക്ഷ്യം വഹിച്ചത്. മദ്യത്തിന്റെ ഉപഭോഗം ഗണ്യമായി കുറഞ്ഞു എന്നത് ബെവ്‌റേജസ് കോർപ്പറേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. 418 ബാറുകൾ അടച്ചതിനു മുമ്പുള്ള നാലുമാസത്തെയും അതിനു ശേഷമുള്ള 4 മാസത്തെയും കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ വിദേശമദ്യത്തിന്റെ അളവിൽ 21,97,232 ലിറ്ററും, ബിയറിന്റെ അളവിൽ 55,32,254 ലിറ്ററും കുറവുണ്ടായി എന്നുള്ളത്എടുത്തു പറയത്തക്ക നേട്ടം തന്നെയാണ്. ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ സമർപ്പിച്ച കണക്കനുസരിച്ച് 2014 ജൂൺ വരെ മദ്യം മൂലമുള്ള സംഘട്ടനങ്ങളിൽ 36 ശതമാനത്തിന്റെയും ഗാർഹിക പീഡനങ്ങളിൽ 31 ശതമാനത്തിന്റെയും കുറവുണ്ടായി. വാഹനാപകടങ്ങൾ 27 ശതമാനം കുറഞ്ഞതായി പഠനങ്ങൾ വ്യക്തമാക്കുന്നു.

നമ്മുടെ ആശുപത്രികളിൽ ഇക്കാലത്ത് സംഭവിച്ച മാറ്റത്തെക്കുറിച്ച് എന്നോട് തന്നെ പലരും സൂചിപ്പിച്ചിട്ടുണ്ട്. വഴിയോരങ്ങളിൽ മദ്യപിച്ചുകിടക്കുന്നവരുടെ എണ്ണം കുറഞ്ഞു. പൊതു സ്ഥലങ്ങളിലും പൊതു വാഹനങ്ങളിലുംസ്ത്രീകൾക്ക് അനുഭവിക്കേണ്ടിവന്നിരുന്ന ബുദ്ധിമുട്ടുകൾ കുറഞ്ഞതായി നിരവധി പേർ എന്നോട് പറഞ്ഞിട്ടുണ്ട്. കുടുംബാന്തരീക്ഷത്തിൽ വന്ന മാറ്റം ശ്രദ്ധേയമാണ്. ഗൃഹനാഥന്മാരിൽ ഭൂരിപക്ഷവും യഥാസമയം ജോലി കഴിഞ്ഞ് വീട്ടിൽ വരുന്നു, വരുമാനത്തിന്റെ നല്ലൊരു ഭാഗം വീട്ടാവശ്യങ്ങൾക്കായി ചെലവാക്കുന്നു എന്നതെല്ലാം ശ്രദ്ധേയമാണ്. സാമ്പത്തിക ദുരവസ്ഥയിൽ നിന്നും കുടുംബങ്ങൾക്കുണ്ടായ ആശ്വാസവും എടുത്ത് പറയേണ്ടതാണ്. സർക്കാർ ഓഫീസുകളിൽ പോലും ഈ മാറ്റം കാണാവുന്നതാണ്. ഇതെല്ലാം ആർക്കും നിഷേധിക്കാനാവാത്ത കാര്യങ്ങളാണ്.

അടച്ചുപൂട്ടിയ 418 ബാറുകൾ ഇനി തുറക്കരുതെന്ന ജനാഭിപ്രായം ശക്തമായി ഉയർന്നുവന്നു. ആ പൊതുവികാരം കണക്കിലെടുത്തുകൊണ്ടാണ് എന്നും ജനതാൽപര്യത്തിനു വേണ്ടി നിലകൊണ്ടിട്ടുള്ള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പൂട്ടിയ 418 ബാറുകൾക്കു പുറമേ നിലവിൽ പ്രവർത്തിക്കുന്ന 312 ബാറുകൾ കൂടി പൂട്ടാനുംഡ്രൈ ഡേകളുടെ എണ്ണം വർധിപ്പിക്കാനും പ്രതിവർഷം 10% ബെവ്‌റേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകൾ നിർത്തലാക്കാനും നടപടി സ്വീകരിച്ചത്. കേരളത്തെ സമ്പൂർണ്ണ മദ്യനിരോധനത്തിലേക്ക് നയിക്കുന്നതിനുള്ള നിർണ്ണായക ചുവടുവെയ്പായി ഇതിനെ വിശേഷിപ്പിക്കാം.

മദ്യോപയോഗത്തിന്റെ ഫലമായിട്ടുള്ള ദുരിതങ്ങൾ അനുഭവിക്കുകയും അവ കണ്ടുകൊണ്ടിരിക്കുകയും ചെയ്ത കേരള സമൂഹം രണ്ടു കൈയും നീട്ടിയാണ് ഈ നടപടികളെ സ്വാഗതം ചെയ്തത്. നയപരമായ തീരുമാനം എടുക്കാനുള്ള സർക്കാരിന്റെ അധികാരത്തെ ഹൈക്കോടതിയും അംഗീകരിച്ചു. എന്നാൽ ബാറുടമകളുടെ അപ്പീലിനെത്തുടർന്ന് വീണ്ടും ഇക്കാര്യം ഹൈക്കോടതിയുടെ പരിഗണനയ്ക്കായി സുപ്രീം കോടതി വിട്ടിരിക്കുകയാണ്.

സർക്കാരിന്റെ നയപരമായ ഈ തീരുമാനം പെട്ടെന്ന് ഒരു ദിവസം കൊണ്ട് എടുത്തതല്ല. വർഷങ്ങളായി തുടർന്നുവരുന്ന നയത്തിന്റെ ഭാഗമാണിത്. നയങ്ങൾ രൂപീകരിക്കുക എന്നത് സർക്കാരിന്റെ അവകാശമാണ്. ഇത് ഹൈക്കോടതി അംഗീകരിച്ചതുമാണ്. ഇക്കാര്യം കോടതിയെ ഇനിയും ബോധിപ്പിക്കാമെന്ന ആത്മവിശ്വാസവുമുണ്ട്.

നമ്മുടെ ഭരണഘടനയുടെ 47ാം അനുഛേദം ഹാനികരമായ ലഹരിപദാർത്ഥങ്ങളുടെയും മരുന്നുകളുടെയും ഉപയോഗം തടയാൻ നിർദ്ദേശിക്കുന്നുണ്ട്. സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉയർത്തിപ്പിടിച്ച മദ്യത്തിനെതിരായിട്ടുള്ള നിലപാടിന്റെ അന്തസ്സത്തയാണ് ഭരണഘടനാ വിധാതാക്കൾ ഈ അനുഛേദത്തിലൂടെ വിഭാവനം ചെയ്തത്. 1925ൽ 'യങ്ങ് ഇന്ത്യ'യിൽ ഗാന്ധിജി ഇപ്രകാരം എഴുതിയിരുന്നു. ''അയിത്തം പോലെ ഏറ്റവും പരിതാപകരമായ മറ്റൊരു ശാപമാണ് മദ്യം''. 1927ൽ ഗാന്ധിജി വീണ്ടും തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ''പൂർണ്ണമായ മദ്യനിരോധനം സാധ്യമാക്കുന്നതിന് എന്തുവില കൊടുക്കേണ്ടി വന്നാലും അത് അധികമാവുകയില്ല.''

മദ്യനയത്തിന് രൂപം കൊടുക്കുകയെന്നത് സർക്കാരിന്റെ പ്രിവിലേജ് ആണ്. സർക്കാർ രൂപം നൽകുന്ന മദ്യനയം എന്തായാലും അത് അംഗീകരിക്കാനുള്ള ബാധ്യത ബാറുകൾ നടത്തുന്നവർക്കുണ്ട്. 1996ൽ ഖോഡേ ഡിസ്റ്റിലറീസ് കർണാടക സർക്കാരിനെതിരെ നൽകിയ കേസിൽ സുപ്രീം കോടതിയുടെ ഭരണഘടനാബെഞ്ച് ഇക്കാര്യം സംശയലേശമെന്യേ വ്യക്തമാക്കിയിട്ടുണ്ട്. (ഈ കേസിൽ കേരളവും ആന്ധ്രാ പ്രദേശും കക്ഷി ചേർന്നിരുന്നു.) കോടതിവിധിയിൽ, മദ്യവ്യാപാരം ഒരു മൗലികാവകാശമല്ലെന്നും, മദ്യവ്യാപാരംഅനുവദിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാനുള്ള പ്രത്യേകാധികാരമുണ്ടെന്നുമാണ് പറഞ്ഞിരിക്കുന്നത്.
ഭരണഘടനയും സുപ്രീം കോടതിയും ഇത്രയേറെ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കേ വിവേചനമെന്ന സാങ്കേതികത്വമുയർത്തിക്കാട്ടി ജനങ്ങൾ അംഗീകരിച്ച നയത്തിനെതിരെ വാദമുയർത്താനാണ് തൽപരകക്ഷികൾ ശ്രമിക്കുന്നത്. ജനജീവിതമാണോ അതോ സാങ്കേതികത്വമാണോ വലുത്? ജനങ്ങളുടെ ജീവിതത്തെ മെച്ചപ്പെട്ട രീതിയിൽ കൊണ്ടുപോകുന്നതിനുള്ള സർക്കാരിന്റെ നല്ല നടപടി ഒരുകാരണവശാലും തടസ്സപ്പെടാതിരിക്കേണ്ടത്സമൂഹത്തിന്റെ ഉത്തമ താൽപര്യത്തിന് അത്യന്താപേക്ഷിതമാണ്. ജനതാൽപര്യത്തെ മുൻനിർത്തി സർക്കാർ സ്വീകരിച്ച നടപടിയെ നിഷേധിക്കാൻ ശ്രമിക്കുന്നവർ ചെയ്യുന്നത് കേരളത്തിലെ ജനങ്ങളോടുള്ള കടുത്ത അനീതിയാണ്.

മദ്യലഭ്യത ഇല്ലാതായാൽ ടൂറിസവും ടൂറിസം വ്യവസായവും ഇല്ലാതാവുമെന്നും കേരളം ഒറ്റപ്പെടുമെന്നുമുള്ള വാദങ്ങൾ സ്ഥാപിത താൽപര്യക്കാരിൽ നിന്ന് ഉയർന്നുവരുന്നുണ്ട്. നമ്മുടെ നാടും, കായലും, പുഴകളും, പ്രകൃതിസൗന്ദര്യവും ആസ്വദിക്കാനാണ് സഞ്ചാരികൾ വരുന്നത്. അല്ലാതെ ഇവിടത്തെ മദ്യം കഴിക്കുക എന്ന ലക്ഷ്യത്തോടെയല്ല. അതോടൊപ്പം കേരളത്തിന്റെ പൈതൃകവും സംസ്‌കാരവുംഅറിയുവാനും വരുന്നവർ നിരവധിയാണ്.ആയുർവേദ ചികിൽസ തേടിവരുന്നവരുടെ എണ്ണം കുറവാണോ? ആയുർവേദ ചികിൽസയ്ക്ക് വിധേയമാകുന്നവർക്ക് മദ്യം നിഷിദ്ധമല്ലേ? കേരളത്തിൽ ടൂറിസ്റ്റുകൾ വരുന്നതിന് തടസ്സമായി നിൽക്കുന്നത് കേരളത്തിൽ പെരുകിവരുന്ന അക്രമങ്ങളാണ്. വിദേശികളായ സ്ത്രീകൾ എത്രയോ തവണ മദ്യലഹരിയിലമർന്നവരുടെ പീഡനത്തിനിരയായി. ഇതു നേരിടുന്നവർ അവരുടെ നാട്ടിൽ നൽകുന്ന സന്ദേശമെന്തായിരിക്കും?

ഐ.ടി. രംഗത്ത് ചുറുചുറുക്കോടെ പ്രവൃത്തിക്കുന്ന ആയിരക്കണക്കിന് ചെറുപ്പക്കാർമദ്യലഹരിയിലാണ് ജോലി ചെയ്യുന്നതെന്ന് പറയുന്നത് അവരെ അപമാനിക്കലാണ്. അവരുടെ മാനസികവും കായികവുമായ പ്രവർത്തനക്ഷമതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. പ്രവർത്തനക്ഷമതയിലെ കുറവ്, പ്രവർത്തിയിൽ നിന്ന് വിട്ടുനിൽക്കാനുള്ള പ്രവണത, തൊഴിലിടങ്ങളിലെ അപകടം, തൊഴിൽ അന്തരീക്ഷത്തിലെ അസ്വസ്ഥത, തൊഴിൽ സ്ഥലങ്ങളിൽ സ്ത്രീകൾക്കെതിരെ ഉണ്ടാവുന്ന അതിക്രമങ്ങൾ എന്നിവയ്ക്ക് കാരണം മദ്യമാണെന്നുള്ളത് പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.
യഥാർത്ഥത്തിൽ കേരളസർക്കാരിന്റെ തീരുമാനം ദേശീയഅന്തർദേശീയ മദ്യക്കുത്തകകളെ ഞെട്ടിച്ചിരിക്കുകയാണ്. 'ഇന്റർനാഷണൽ സെന്റർ ഫോർ ആൾക്കഹോൾ പോളിസീസ്' (കഇഅജ) ലോക മദ്യക്കുത്തകകളുടെ പൊതുവേദിയാണ്. ലോകാരോഗ്യസംഘടനയുടെ ലഹരിവിരുദ്ധ വിഭാഗത്തിന്റെ തലവനായിരുന്ന വ്യക്തിയെത്തന്നെ ഈ സംഘടനയുടെ നേതൃത്വം ഏൽപിച്ചിരിക്കുന്നു എന്നത് വളരെ വിചിത്രമായിരിക്കുന്നു. കേരള സർക്കാരിന്റെ തീരുമാനത്തിൽ പരിഭ്രമിച്ച അവർ ഇന്ത്യയിലും കേരളത്തിലും മദ്യനിരോധന ശ്രമം വിജയിക്കില്ലെന്ന പ്രചാരണം നടത്തിവരികയാണ്. സമൂഹത്തിന്റെ പലതലങ്ങളിൽപ്പെട്ടവരെയും അവർ വിലയ്‌ക്കെടുത്തിരിക്കുന്നു. സർക്കാർ തീരുമാനത്തെ ദുർബ്ബലമാക്കുന്ന തരത്തിൽ രാജ്യത്തിനകത്തും പുറത്തും നടക്കുന്ന പ്രചാരവേലകൾക്കു പിന്നിൽ ഇത്തരം ശക്തികളുണ്ടെന്നത് യാഥാർത്ഥ്യമാണ്.

ഒറ്റപ്പെട്ട അനിഷ്ടസംഭവങ്ങളുടെ പേരിൽ വ്യാപകമായി പ്രചരണം നടത്തുന്നതിനുള്ള സ്‌പോൺസേഡ് പരിപാടിയും സജീവമായിരിക്കുന്നു. മദ്യനിരോധനം ഒരിക്കലും വിജയിക്കില്ല എന്ന് വരുത്തിത്തീർക്കുന്നതിനുള്ള ഇക്കൂട്ടരുടെ ശ്രമങ്ങൾക്കെതിരെ അതീവജാഗ്രതയോടെയുള്ള പ്രവർത്തനങ്ങളുമായി സർക്കാർ സംവിധാനങ്ങളും ജനങ്ങളും മുന്നോട്ടുപോവുകയെന്നതു തന്നെയാണ് ഇത് മറികടക്കാനുള്ള മാർഗ്ഗം.
418 ബാറുകൾ അടച്ചതുമൂലം മദ്യദുരന്തം ഉണ്ടാക്കാനുള്ള മദ്യലോബിയുടെ നീക്കം പൊലീസ്, എക്‌സൈസ്, റവന്യൂ, ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റുകളുടെ കാര്യക്ഷമമായ പ്രവർത്തനം മൂലമാണ് തടയാനായത്.അത് ഇനിയും അതേരീതിയിൽ തന്നെ മുന്നോട്ടു പോകേണ്ടതുണ്ട്.

മദ്യനയം സംബന്ധിച്ച ഇപ്പോഴത്തെ തീരുമാനം നടപ്പിലാക്കാൻ തുടങ്ങിയിട്ടേയുള്ളൂ. അപ്പോഴേക്കും ഈ നയത്തിന്റെ ഭാഗമായി സർക്കാരിന്റെ ധനാഗമമാർഗ്ഗങ്ങൾ അടഞ്ഞുപോയി, സർവ്വവികസനപ്രവർത്തനങ്ങളും നിലച്ചുപോയി, ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരിക്കുന്നു, നിയമനനിരോധനം വരാൻ പോകുന്നു എന്ന തരത്തിലുള്ള പ്രചരണം ശക്തമാണ്. മദ്യനിരോധനം മൂലമുണ്ടാകുന്ന വരുമാനക്കുറവ് കാര്യമാക്കുന്നില്ലെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. മദ്യ ഉപയോഗം സമൂഹത്തിനും, കുടുംബങ്ങൾക്കും, സർക്കാരിനും ഉണ്ടാക്കുന്ന സാമ്പത്തിക നഷ്ടം മദ്യത്തിൽ നിന്നുള്ള വരുമാനത്തെക്കാൾ എത്രയോ ഇരട്ടിയാണ്.
മദ്യത്തിൽ നിന്നുള്ള വരുമാനം സർക്കാരിന്റെ പ്രവർത്തനങ്ങളെ ഒരുതരത്തിലും പ്രതികൂലമായി ബാധിക്കില്ലെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും ആവർത്തിച്ചു പ്രഖ്യാപിച്ചിട്ടും ഇതു സംബന്ധിച്ച് തെറ്റിധാരണ പരത്താനും മദ്യനയം പാളിപ്പോയി എന്നുവരുത്തിത്തീർക്കാനും മദ്യലോബികളും അവരുടെ പ്രചരണസംഘവും നടത്തുന്ന കുപ്രചരണങ്ങളിൽ ആരും വീണുപോകരുതെന്നാണ് എന്റെ അഭ്യർത്ഥന.
ജനനന്മയെ മുൻനിർത്തി യു.ഡി.എഫും സംസ്ഥാനസർക്കാരും മുന്നോട്ടുവയ്ക്കുന്ന ഈ മദ്യനയം വിജയകരമായി നടപ്പിലാക്കുന്നതിന് എല്ലാവരുടെയും പിന്തുണയും സഹായസഹകരണങ്ങളും അഭ്യർത്ഥിക്കുന്നു.

കെപിസിസി പ്രസിഡന്റ് വി എം സുധീരൻ അദ്ദേഹത്തിൻറെ ഫേസ്‌ബുക്ക് പേജിൽ എഴുതിയതാണ് ഈ കുറിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP