Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇരുമ്പുമറയിൽ പാർട്ടി മീറ്റിങ് നടത്തുന്ന കമ്മ്യൂണിസ്റ്റുകാരാണ് തനിക്കെതിരെ സ്‌ക്രീൻ ഷോട്ടുമായി വരുന്നത്! ടിപി വധക്കേസിലെ പാർട്ടി അന്വേഷണ റിപ്പോർട്ട് പുറത്തുവിടുമോ?

ഇരുമ്പുമറയിൽ പാർട്ടി മീറ്റിങ് നടത്തുന്ന കമ്മ്യൂണിസ്റ്റുകാരാണ് തനിക്കെതിരെ സ്‌ക്രീൻ ഷോട്ടുമായി വരുന്നത്! ടിപി വധക്കേസിലെ പാർട്ടി അന്വേഷണ റിപ്പോർട്ട് പുറത്തുവിടുമോ?

വി ടി ബൽറാം

ലോകത്തെവിടെയൊക്കെ പ്രവർത്തിച്ചിട്ടുണ്ടോ അവിടെയൊക്കെ രഹസ്യാത്മകതയുടെ ഇരുമ്പുമറകൾ കെട്ടിയുയർത്തി അങ്ങേയറ്റം നിഗൂഢമായ രീതിയിൽ പ്രവർത്തിച്ചവരാണു കമ്മ്യൂണിസ്റ്റുകൾ. ഇന്ത്യയിൽ ഒരു ജനാധിപത്യവ്യവസ്ഥക്ക് കീഴിൽ ഇത്രയും കാലം പ്രവർത്തിച്ചിട്ടും സി പി എമ്മിനിപ്പോഴും പ്രിയങ്കരം സോവിയറ്റ് മാതൃകയിലുള്ള ലെനിനിസ്റ്റ്, സ്റ്റാലിനിസ്റ്റ് സംഘടനാ പ്രവർത്തന ശൈലികൾ തന്നെയാണു. ഇവിടെയല്ലാതെ ലോകത്ത് മറ്റേതെങ്കിലുമൊരു രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഈ കാലത്ത് സ്റ്റാലിന്റെ ചിത്രം സ്വന്തം പാർട്ടി ഓഫീസുകളുടെ ചുമരുകളിൽ അലങ്കരിച്ച് വെക്കുന്നുണ്ടോ എന്ന് സംശയമാണു.

അത്തരത്തിലുള്ള സി പി എം കാരാണു ഞാൻ ഒരു ഫേസ്‌ബുക്ക് ഗ്രൂപ്പിൽ സഹപ്രവർത്തകർക്കായി പോസ്റ്റ് ചെയ്ത നാലു വരികളും പൊക്കിപ്പിടിച്ച് ബൽറാം സി പി എമ്മിനെതിരെ ഗൂഢാലോചന നടത്തുന്നു, ബൽറാമിന്റെ പൂച്ച് പുറത്തായി, ഇത്രയും കാലം ബൽറാം വിവിധ വിഷയങ്ങളിൽ സ്വീകരിച്ച നിലപാടുകളെല്ലാം തട്ടിപ്പായിരുന്നു എന്നമട്ടിൽ ആക്ഷേപ, പരിഹാസ പ്രചരണങ്ങളുമായി കഴിഞ്ഞ കുറച്ചുദിവസമായി സോഷ്യൽ മീഡിയയിൽ അരങ്ങുതകർക്കുന്നത്. ഇതേക്കുറിച്ച് ഇതുവരെ വിശദീകരിച്ച കാര്യങ്ങളും പുതിയ ആക്ഷേപങ്ങളോടുള്ള പ്രതികരണങ്ങളും ക്രോഡീകരിച്ച് ഒന്നുകൂടി അവതരിപ്പിക്കുന്നു:

1) ഒരു കോൺഗ്രസ് പ്രവർത്തകനായ എന്റെ പ്രാഥമിക ഉത്തരവാദിത്തമാണു പാർട്ടി കോളേജുകൾ തൊട്ട് പാർട്ടി ഗ്രാമങ്ങൾ വരെ എന്നും എവിടേയും അക്രമോത്സുക പ്രവർത്തനശൈലികൾ മാത്രം കൈമുതലാക്കി മുന്നോട്ടുപോകുന്ന സി പി എമ്മിനെതിരെ പ്രചരണം നടത്തുക എന്നത്. അതിനുപകരം സി പി എമ്മിനെ പുകഴ്‌ത്തി സ്റ്റാറ്റസിടാനാണോ ഞാൻ സഹപ്രവർത്തകരോട് ആവശ്യപ്പെടേണ്ടത്!


2) എന്റെ പാർട്ടിയായ കോൺഗ്രസ് 'പാർട്ടി രഹസ്യങ്ങൾ'ക്ക് അളവിൽക്കവിഞ്ഞ പ്രാധാന്യമൊന്നും നൽകുന്ന പാർട്ടിയല്ല. അതുകൊണ്ടാണു ഫേസ്‌ബുക്കിലെ ഗ്രൂപ്പിനുള്ളിൽ ഇട്ട പോസ്റ്റ് സ്‌ക്രീൻ ഷോട്ട് വഴി പുറത്ത് എന്തോ വലിയ കാര്യമെന്ന മട്ടിൽ പ്രചരിക്കപ്പെട്ടപ്പോൾ അതിനെ അവഗണിക്കുകയോ അത് എന്റേതല്ലെന്ന മട്ടിൽ സംശയമുയർത്തി നിഷേധിക്കാനുള്ള അവസരം ഉപയോഗിക്കുകയോ ചെയ്യാതെ സ്വമേധയാ അത് അംഗീകരിച്ചത്. പുറത്ത് പറയാൻ പറ്റുന്നതും മുൻപ് പലപ്പോഴും ഞാനടക്കമുള്ള എല്ലാ കോൺഗ്രസ് നേതാക്കളും സി പി എമ്മിനേക്കുറിച്ച് പരസ്യമായി പറഞ്ഞിട്ടുള്ളതുമായ കാര്യങ്ങൾ മാത്രമാണു ആ സ്‌ക്രീൻ ഷോട്ടിലുമുള്ളത്.


3) പാർട്ടിക്കെതിരായ എതിരാളികളുടെ ഒരു ആസൂത്രിത പ്രചരണത്തിന്റെ സാഹചര്യമുണ്ടാവുമ്പോൾ പാർട്ടിയിലെ കീഴ്ഘടകങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുക എന്നത് ദൈനംദിന കാര്യം മാത്രമാണു. അടിയന്തിര സാഹചര്യങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടത്താനും മറ്റും ഇങ്ങനെ എല്ലാ പാർട്ടികളും നിർദ്ദേശം നൽകാറുണ്ട്. അതിന്റെ ഓൺലൈൻ വേർഷൻ മാത്രമാണു എന്റെ നിർദ്ദേശം. കോൺഗ്രസ് ഒരു അഴിമതിപ്പാർട്ടിയാണെന്ന് സ്ഥാപിച്ചെടുക്കാൻ വേണ്ടി ബ്രാഞ്ച് തലത്തിൽ ഫ്‌ലക്‌സ് ബോർഡ് പ്രചരണം നടത്താൻ സി പി എമ്മിന്റെ നേതാക്കൾ കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകുന്നതിൽ നിന്ന് കാര്യമായ ഒരു വ്യത്യാസവും ഇതിനില്ല. പരിചയക്കാരുടെ ഒരു ഗ്രൂപ്പിൽ ചുരുങ്ങിയ വാക്കുകളിൽ ഒരു കാര്യം അവതരിപ്പിക്കുമ്പോൾ അത് നീട്ടിപ്പരത്തിപ്പറഞ്ഞ് പൊളിറ്റിക്കൽ കറക്റ്റ്‌നെസ് മനഃപൂർവ്വം ഉറപ്പുവരുത്താൻ കഴിഞ്ഞെന്ന് വരില്ല, അതിന്റെ ആവശ്യമുണ്ടെന്നും തോന്നുന്നില്ല.


4) എന്നിട്ടുപോലും ചാവക്കാട് കൊലപാതകം സി പി എമ്മിന്റെ തലയിൽ കെട്ടിവെക്കാനായിരുന്നില്ല എന്റെ ആഹ്വാനം. മരണവീട്ടിലും പള്ളിയിൽ മയ്യത്ത് മറവുചെയ്യുന്നതുവരേയും സ്ഥലത്ത് നേരിട്ട് സന്നിഹിതനായിരുന്ന എനിക്ക് പ്രാദേശിക സഹപ്രവർത്തകരിൽ നിന്ന് ലഭിച്ച അറിവ് തന്നെയാണു ഇക്കാര്യത്തിലെ എന്റെ ആദ്യപോസ്റ്റിൽ സൂചിപ്പിച്ചിരുന്നത്. അതുപറയുമ്പോൾപ്പോലും ഏത് സാഹചര്യത്തിലും കൊലപാതകരാഷ്ട്രീയത്തിനു കോൺഗ്രസ്സിൽ സ്ഥാനമുണ്ടാകരുതെന്ന് തള്ളിപ്പറഞ്ഞും കുറ്റാരോപിതർക്കെതിരെ നടപടിയെടുക്കണമെന്ന് പാർട്ടി നേതൃത്ത്വത്തോട് ആവശ്യപ്പെട്ടും തന്നെയായിരുന്നു നിലപാട്. മറ്റ് നേതാക്കളുടേയും ഇതേദിശയിലുള്ള അഭിപ്രായങ്ങൾ കൂടി പരിഗണിച്ചതിന്റെ അടിസ്ഥാനത്തിൽ കെപിസിസി. പ്രസിഡണ്ട് കർശ്ശനവും മാതൃകാപരവുമായ നടപടിയാണു കൈക്കൊണ്ടത്. പാർട്ടിയുടെ പ്രധാനപ്പെട്ട ആ പ്രാദേശികഘടകത്തെ ഒന്നടങ്കം പിരിച്ചുവിട്ടും കുറ്റാരോപിതനായ നേതാവിനെ പ്രാഥമികാംഗത്വത്തിൽ നിന്ന് തന്നെ സസ്‌പെൻഡ് ചെയ്തുമാണു ഞങ്ങളുടെ പാർട്ടി അക്രമരാഷ്ട്രീയത്തിനെതിരായ അതിന്റെ നിലപാട് വ്യക്തമാക്കിയത്. ഇതിനുശേഷവും ഞങ്ങളുടെ പാർട്ടി തമ്മിലടിച്ച് പരസ്പരം കൊല്ലുന്നവരുടെ പാർട്ടിയാണെന്ന് സ്ഥാപിച്ചെടുക്കാൻ സൈബർ സി പി എമ്മുകാർ ശ്രമിക്കുമ്പോൾ അതിനെതിരെ വസ്തുതകൾ നിരത്തി ബദൽ പ്രചരണം നടത്താനാണു ഞാൻ ആവശ്യപ്പെട്ടത്.


5) ഫോട്ടോഷോപ്പിലൂടെ സി പി എമ്മിനെതിരായ വ്യാജരേഖകൾ സൃഷ്ടിക്കാനായിരുന്നില്ല, മറിച്ച് നേരിട്ടറിവുള്ള കാര്യങ്ങളും യഥാർത്ഥ പത്രവാർത്തകളും കണ്ടെത്തി അവതരിപ്പിക്കാനായിരുന്നു ഞാൻ പറഞ്ഞത്. നിയമസഭാപ്രസംഗങ്ങൾക്ക് മുൻപ് അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമാരാഞ്ഞ് ഞാൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ഇടാറുണ്ട്. അതുപോലെ സി പി എമ്മിന്റെ നുണപ്രചരണത്തിനെതിരായ ഒരു ക്യാമ്പയിനു മുന്നോടിയായി സഹപ്രവർത്തകരിൽ നിന്ന് വിവരശേഖരണം നടത്തുന്നതിൽ എന്ത് അപാകതയാണുള്ളത്? അതിൽ ഒരു തെറ്റും ഇപ്പോഴും തോന്നുന്നില്ലെന്ന് മാത്രമല്ല, സമാനമായ സാഹചര്യങ്ങളിൽ ഇനിയുമാവർത്തിക്കുമെന്ന് പറയുന്നതിനും മടിയില്ല. എന്നാൽ എനിക്കെതിരെ ഫോട്ടോഷോപ്പ് ചെയ്ത് സൃഷ്ടിച്ച രണ്ടാമത്തെ വ്യാജ സ്‌ക്രീൻഷോട്ടിനെ തെളിവ് സഹിതം തുറന്നുകാട്ടിയിട്ടും അത്തരം നെറികേടുകൾക്കെതിരെ ഒരക്ഷരം പറയാൻ കഴിയാതെ കണ്ണടച്ചിരുട്ടാക്കുകയും അതേ നുണ സത്യമെന്നമട്ടിൽ ഇപ്പോഴും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയുമാണു പല മാദ്ധ്യമങ്ങളും.


6) എന്തായിരിക്കണം ഇങ്ങനെയുള്ള വിഷയങ്ങളിൽ സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ ഹൈലൈറ്റ് ചെയ്യേണ്ടത് എന്ന് സ്‌ക്രീൻഷോട്ടിൽ കൃത്യമായിത്തന്നെ എടുത്തുപറയുന്നുണ്ട്. എല്ലാ പാർട്ടിയിലും ക്രിമിനൽ സ്വഭാവമുള്ളവർ ഉണ്ടാവാം. അവരുടെ ഭാഗത്തുനിന്ന് അക്രമസംഭവങ്ങളോ കൊലപാതകങ്ങൾ തന്നെയോ ഉണ്ടാവാം. പ്രായോഗികമായി അതെല്ലായ്‌പ്പോഴും മുൻകൂട്ടി കാണാൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ ഇങ്ങനെ സ്വന്തം പാർട്ടിക്കാർ അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ അതത് രാഷ്ട്രീയ പാർട്ടികളുടെ ഉന്നത നേതൃത്വത്തിന്റെ സമീപനമെന്താണു എന്നതല്ലേ യഥാർത്ഥത്തിൽ ചർച്ച ചെയ്യപ്പേടേണ്ടത്? ചാവക്കാട് സംഭവത്തിൽ കോൺഗ്രസ്സുകാർക്കെതിരെ ആരോപണമുയർന്ന സാഹചര്യത്തിൽ കോൺഗ്രസ് നേതൃത്ത്വത്തിന്റെ സമീപനമെന്താണു, ടി പി ചന്ദ്രശേഖരൻ വധത്തിൽ സി പി എമ്മിന്റെ ജില്ലാ, സംസ്ഥാന നേതാക്കന്മാർക്കെതിരെ ആരോപണമുയർന്നപ്പോൾ ഒരു പാർട്ടി എന്ന നിലയിൽ സി പി എം സ്വീകരിച്ച നിലപാടെന്താണു? നിയമവാഴ്ചയിൽ വിശ്വസിക്കുന്ന ഒരു ആധുനിക ജനാധിപത്യ സമൂഹത്തിനു ഇതിൽ ഏത് സമീപനമാണു അഭികാമ്യമായിട്ടുള്ളത്? യഥാർത്ഥത്തിൽ ഉയർന്നുവരേണ്ട ഈ ചർച്ചയിൽ നിന്ന് സി പി എമ്മിനെ രക്ഷിച്ചെടുക്കാനാണു അസൂത്രിതമായ ബൽറാം പൊങ്കാലകൾ എന്ന് മെല്ലെയാണെങ്കിലും ഏവർക്കും മനസ്സിലാവും.

7) ഫേസ്‌ബുക്ക് ഗ്രൂപ്പുകളിലെ 'രഹസ്യ' ചർച്ചകൾ പുറത്തുകൊണ്ടുവന്ന് സുതാര്യമായ പ്രവർത്തനരീതികളോട് ഇത്രയേറെ താത്പര്യം കാണിക്കുന്ന സി പി എം. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പാർട്ടി തല അന്വേഷണ റിപ്പോർട്ടും അക്കാലത്തെ പ്രധാന പാർട്ടി കമ്മിറ്റികളിലെ ചർച്ചയുടെ മിനിറ്റ്‌സും പുറത്തുവിടാൻ തയ്യാറുണ്ടോ? ഞാനൊക്കെ സി പി എമ്മിനെതിരായ വസ്തുനിഷ്ഠ തെളിവുകൾ ശേഖരിക്കാൻ സഹപ്രവർത്തകരോട് ആവശ്യപ്പെടുന്ന സമയത്ത് ഒരുപക്ഷേ സി പി എമ്മുകാർ ചർച്ചചെയ്തിരുന്നത് ഇന്നോവ കാറിൽ മാഷാ അള്ളാ എന്ന സ്റ്റിക്കർ ഒട്ടിച്ച് കൊന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന് വരുത്തിത്തീർക്കാനും അതുവഴി ഒരു വർഗ്ഗീയ സംഘർഷം സൃഷ്ടിക്കാനുമുള്ള വഴികളായിരുന്നിരിക്കും. പോത്തിന്റെ തലയറുത്ത് ക്ഷേത്രമുറ്റത്തുകൊണ്ടുചെന്നിടാനുള്ള തീരുമാനമെടുത്ത പാർട്ടി ചർച്ചയുടെ വിവരങ്ങൾ പുറത്തെത്തിയാലും ബഹുരസമായിരിക്കും. ഇങ്ങനെയൊക്കെ ചെയ്യുന്നവരെ ഫ്രോഡ് എന്ന് വിളിക്കാമോ എന്ന് റിപ്പോർട്ടർ ചാനലിലെ പഴയ എസ് എഫ് ഐക്കാർക്കും ചിന്തിക്കാവുന്നതാണു, മുട്ടുകൂട്ടിയിടിക്കില്ലെങ്കിൽ മാത്രം.


8) പിന്നെ ഇപ്പോൾ അവതരിച്ചിരിക്കുന്ന പുതിയ ചില സ്‌നേഹിതരുണ്ട്. 'മറ്റാരിത് ചെയ്താലും അത്ഭുതമില്ല, പക്ഷേ വി.ടി.ബൽറാമിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല', 'നീയൊരു വെറും കോൺഗ്രസ്സുകാരനാണെന്ന് ഇപ്പോൾ തെളിഞ്ഞു', 'ഇത്രയും കാലം ബഹുമാനമുണ്ടായിരുന്നു, ഇപ്പോഴത് പോയിക്കിട്ടി' എന്നൊക്കെയാണു സ്വയം പ്രഖ്യാപിത പഴയ അഭ്യുദയകാംക്ഷികളുടെ വിലാപം. അവരോട് സ്‌നേഹത്തോടെയും വിനയത്തോടെയും പറയട്ടെ, ഞാൻ പ്രവർത്തിക്കുന്നത് എന്റെ ശരികൾക്കനുസരിച്ചാണു. മറ്റാരുടെയെങ്കിലും മനസ്സിൽ അവരായിട്ട് എന്റെ പേരിൽ കെട്ടിയുയർത്തിയ ഇമേജുകൾക്കനുസരിച്ച് ജീവിക്കാൻ എനിക്ക് കഴിഞ്ഞെന്ന് വരില്ല. ഞാൻ അന്നും ഇന്നും എന്നും ഒരു കോൺഗ്രസ്സുകാരൻ ആണു. സി പി എമ്മുകാരുടെ ഭാഷയിൽ 'വെറുമൊരു കോൺഗ്രസ്സുകാരൻ'. അങ്ങനെ വിളിക്കുന്നവരുടെ വാക്കുകളിലും മനസ്സിലുമുള്ള പുച്ഛസ്വരം അവർക്ക് കയ്യിൽ തന്നെ വെക്കാം. ഒരു കോൺഗ്രസ്സുകാരൻ എന്ന് വിളിക്കപ്പെടുന്നതിൽ എനിക്ക് അഭിമാനമേയുള്ളൂ. കോൺഗ്രസ്സിനേപ്പോലെ ആശയപരവും പ്രവർത്തനപരവുമായ പരമാവധി സ്വാതന്ത്ര്യം അംഗങ്ങൾക്ക് അനുവദിക്കുന്ന ഒരു ലിബറൽ ജനാധിപത്യ സംഘടനക്ക് മാത്രം നൽകാവുന്ന സാധ്യതകളാണു വി.ടി.ബൽറാമിനെ സൃഷ്ടിച്ചത്. ഒരു വ്യക്തി എന്ന നിലയിലും രാഷ്ട്രീയപ്രവർത്തകൻ എന്ന നിലയിലുമുള്ള എന്റെ എല്ലാ ഗുണദോഷങ്ങൾക്കും ഞാൻ കോൺഗ്രസ്സിനോട് അഭിമാനപൂർവ്വം കടപ്പെട്ടിരിക്കുന്നു. 100% പെർഫെക്റ്റ് ആവാൻ എനിക്ക് കഴിയില്ല, അതിനൊട്ട് ആഗ്രഹിക്കുന്നുമില്ല.


9) അക്രമരാഷ്ട്രീയ വിഷയത്തിൽ സി പി എമ്മിനെയും അതിലെ കൺകണ്ട ദൈവത്തേയും ഈയിടെ വിമർശ്ശിച്ചതിനുശേഷമാണല്ലോ അതുവരെ 'താങ്കൾ ഒരു സി പി എമ്മുകാരനാവേണ്ട ആളാണു', 'നിങ്ങളെ ഞാൻ സഖാവേ എന്ന് വിളിച്ചോട്ടെ' എന്നൊക്കെ പുകഴ്‌ത്തിയിരുന്ന പലരും ഇപ്പോൾ പച്ചത്തെറിയും പരിഹാസവുമായി ഇറങ്ങിയിരിക്കുന്നത്. പുരോഗമനചിന്ത സി പി എമ്മിന്റെ മാത്രം കുത്തകയാണെന്ന അന്ധവിശ്വാസമൊക്കെ എന്നേ തകർന്നുകഴിഞ്ഞു എന്ന് മാത്രമല്ല, പല കാര്യങ്ങളിലും സങ്കുചിത വരേണ്യ, മതാത്മക ചിന്തകളുടെ ശക്തരായ സംരക്ഷരാണവർ എന്നുകൂടി സമീപകാല സംഭവങ്ങളിലൂടെ തെളിയിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. യഥാർത്ഥത്തിൽ പല വിഷയങ്ങളിലും എന്നേപ്പോലുള്ള പുതുതലമുറ കോൺഗ്രസ്സുകാർ പാർട്ടിയുടെ അടിസ്ഥാന ആശയങ്ങളിലൂന്നി എടുക്കുന്ന ശരിയായ നിലപാടുകൾക്ക് കിട്ടുന്ന പൊതുജനസ്വീകാര്യതയുടെ പങ്ക് എന്റെ പാർട്ടിക്ക് ലഭിക്കരുതെന്ന ഗൂഢലക്ഷ്യം മാത്രമാണു 'ബൽറാം ശരി, എന്നാൽ കോൺഗ്രസ് മോശം' എന്ന പൊതുബോധനിർമ്മിതിയിലൂടെ സി പി എമ്മുകാർ നടപ്പാക്കിവന്നിരുന്നത്. ആ ഔദാര്യം അവർ പിൻവലിക്കുന്നതിൽ സന്തോഷമേയുള്ളൂ. കൊടി സുനി ഫാൻസിന്റെ പിന്തുണ ഇല്ലാതാവുക എന്നത് ഏതൊരാൾക്കും ആശ്വാസകരവും അഭിമാനകരവുമാണു.


10) തങ്ങൾ മാത്രം കേമന്മാർ, ബാക്കിയെല്ലാവരും ഉഡായിപ്പുകാർ എന്ന് സ്ഥാപിച്ചെടുക്കാൻ വേണ്ടി സി പി എമ്മുകാർ നടത്തുന്ന സതീശൻ കഞ്ഞിക്കുഴി/അയ്മനം സിദ്ധാർത്ഥൻ താരതമ്യങ്ങൾ പുച്ഛം മാത്രമാണർഹിക്കുന്നത് എങ്കിലും അതിനേപ്പോലും വല്ലാതങ്ങ് ഭയക്കുന്നൊന്നുമില്ല. കാരണം ഞങ്ങളൊക്കെ പാർലമെന്ററി ജനാധിപത്യത്തിൽ നേരിട്ടിടപെട്ട് പ്രവർത്തിക്കുന്നവരാണു. പാർലമെന്ററി അധികാര സ്ഥാനങ്ങളിലേക്ക് കടന്നുവരാനുള്ള പൊതുപ്രവർത്തകരുടെ ആഗ്രഹത്തെ 'പാർലമെന്ററി വ്യാമോഹം' എന്ന് വിളിക്കുന്ന കാപട്യം എന്റെ പാർട്ടിക്കില്ല. ഇന്നത്തേത് ബൂർഷ്വാ ജനാധിപത്യമാണെന്ന വരട്ടുവാദമോ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിക്കുന്നത് ഈ ജനാധിപത്യത്തെ ഉള്ളിൽ നിന്ന് തകർക്കാനാണെന്ന വീമ്പ് പറച്ചിലോ ഞങ്ങൾക്കില്ല. സായുധവിപ്ലവത്തിലൂടെ വർഗ്ഗ സമരം നടത്തി തൊഴിലാളികളുടെയോ മറ്റാരുടേയെങ്കിലുമോ സർവ്വാധിപത്യം സ്ഥാപിക്കുക എന്നത് എന്റെ പാർട്ടിയുടെ ലക്ഷ്യവുമല്ല. പാർലമെന്ററി അധികാരശ്രേണിയിലൂടെയുള്ള പടിപടിയായ വളർച്ചയും അതുനൽകുന്ന അവസരങ്ങൾ ക്രിയാത്മകമായി ജനനന്മക്കുതകുന്ന തരത്തിൽ വിനിയോഗിക്കലും ഞങ്ങളുടെ പൊതുപ്രവർത്തനത്തിന്റെ മാർഗ്ഗം തന്നെയാണു.


സി പി എമ്മിനെ അക്രമരാഷ്ട്രീയ പാർട്ടിയായി മാദ്ധ്യമങ്ങളും മറ്റും മുദ്രകുത്തുന്നു എന്ന് പരാതി പറയുന്ന ആളുകൾ ഇങ്ങനെ കോൺഗ്രസ്സുകാരെക്കുറിച്ച് കഴിഞ്ഞ കുറേക്കാലമായി മാദ്ധ്യമങ്ങളും സിനിമകളും ഇപ്പോൾ സോഷ്യൽ മീഡിയയുമൊക്കെ സൃഷ്ടിച്ചുവച്ച പൊതുബോധത്തിലൂന്നിയതാണു സതീശൻ കഞ്ഞിക്കുഴിയേപ്പോലുള്ള കഥാപാത്ര സൃഷ്ടികൾ എന്ന് സൗകര്യപൂർവ്വം മറന്നുപോവുകയാണു. കോളേജിലെ കെ.എസ്.യുക്കാരും പുറത്തെ കോൺഗ്രസ്സുകാരുമെന്നാൽ അധികാരത്തിനുവേണ്ടി എന്ത് തരികിടകളും കാണിക്കുന്നവരും എസ് എഫ് ഐക്കാരും സി പി എമ്മുകാരുമെന്നാൽ മഹത്തായ ഒരു ലക്ഷ്യത്തിനുവേണ്ടി എപ്പോഴും ആദർശ്ശാത്മകമായ നിലപാടുകൾ സ്വീകരിക്കുന്ന ധീരയോദ്ധാക്കളുമാണെന്നത് ഇങ്ങനെ കപടമായി സൃഷ്ടിച്ചെടുത്ത ഒരു മിത്ത് മാത്രമാണു.


ഇനി ലാൽ ജോസിന്റെ കഥാപാത്ര സൃഷ്ടിയുടെ കാര്യത്തിലായാലും അത് അറിയാതെ അംഗീകരിച്ചുപോവുന്ന ഒരു യാഥാർത്ഥ്യമുണ്ട്. സതീശൻ കഞ്ഞിക്കുഴി എന്ന ഖദർ ധാരി വിദ്യാർത്ഥിനേതാവ് ഒരു ദശാബ്ദത്തിനിപ്പുറം പൊതുപ്രവർത്തനത്തിന്റെ മുഖ്യധാരയിൽ തന്നെ ഉറച്ചുനിന്നുകൊണ്ട് ജനകീയാംഗീകാരമുള്ള ഒരു ജനപ്രതിനിധിയായി മാറുന്നു. എന്നാൽ ക്യാമ്പസിലെ ആദർശ്ശധീരനായ വീരവിപ്ലവ നേതാവിനു ഈ കാലം കൊണ്ടുണ്ടാവുന്ന പരിണാമമെന്നത് മുംബൈ അധോലോകത്തിലെ ഏതോ വലിയ ഡയമണ്ട് വ്യാപാരിയുടെ വലംകൈ എന്ന നിലയിലേക്കാണെന്നത് വെറും യാദൃശ്ചികതയല്ല. യഥാർത്ഥ ക്വട്ടേഷൻ സംഘങ്ങളിൽ മാത്രമല്ല, സൈബർ ലോകത്തും അതുപോലുള്ള നിരവധി എക്‌സ് വിപ്ലവകാരികളെ നമുക്ക് കാണാൻ കഴിയും. അവർക്ക് എല്ലാ ആശംസകളും നേരുന്നു. ഏതായാലും അക്രമരാഷ്ട്രീയത്തേക്കുറിച്ചുള്ള ചർച്ചകൾ തുടരുകതന്നെ ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP