Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

പാവപ്പെട്ടവന്റെ മെയ്‌ക്കിട്ടു കയറുന്ന ഇവിടുത്തെ പൊലീസുകാർക്ക് ഈ വിധി ഒരു പാഠമായിരുന്നുവെങ്കിൽ...

പാവപ്പെട്ടവന്റെ മെയ്‌ക്കിട്ടു കയറുന്ന ഇവിടുത്തെ പൊലീസുകാർക്ക് ഈ വിധി ഒരു പാഠമായിരുന്നുവെങ്കിൽ...

വിൽസൺ കരിമ്പന്നൂർ

ദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയ പൊലീസുകാർക്ക് ലഭിച്ച ശിക്ഷവിധി അറിഞ്ഞപ്പോൾ ശരിക്കും അതിശയമാണ് ഉണ്ടായത്.കേരളത്തിലെ പൊലീസുകാർക്കു വധശിക്ഷ ലഭിക്കുമെന്നു ഒരിക്കലും ഞാൻ കരുതിയിട്ടില്ല, കാരണം അവർ തങ്ങളുടെ പൊലീസിനെ രക്ഷപെടുത്തിയെടുക്കാൻ ഏതറ്റം വരെയും പോകുവാൻ മിടുക്കുള്ളവർ ആണെന്ന് ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ട്. ഇവിടെയും അതുപോലുള്ള പല കൃത്രിമങ്ങളും പൊലീസ് മെനഞ്ഞെടുത്തുവെങ്കിലും അത് വേണ്ടവിധം ഏശിയില്ല. ഒടുവിൽ രണ്ട് പൊലീസ്‌കാർക്ക് വധശിക്ഷ എന്ന ഏറ്റവും കൂടിയ ശിക്ഷ വിധിക്കപ്പെട്ടു.   തിരുനെല്ലി കാട്ടിൽ വച്ച് പൊലീസ് വെടി വച്ച് കൊന്ന സഖാവ് വർഗ്ഗീസ്സ്  ഖാവ് വർഗ്ഗീസിനെ പിടിച്ചുകൊണ്ടു പോയി തിരുനെല്ലി കാടുകളിൽ വച്ച് വെടി വച്ച് കൊന്നിട്ട് അത് ഏറ്റുമുട്ടൽ മരണം ആക്കിയ കേരളാപൊലീസിന്റെ ചരിത്രം അറിയാവുന്ന ഒരാൾക്ക് പോലും ഇതുപോലെ ഒരു വിധി കേരളാപൊലീസിൽ ഉള്ളവർക്ക് വരുമെന്ന് വിശ്വസിക്കുവാൻ ബുദ്ധിമുട്ടാണ്.കുറ്റബോധം ഒന്നുകൊണ്ടു മാത്രമാണ് രാമചന്ദ്രൻ നായർ എന്ന പൊലീസുകാരൻ, മേലധികാരികളുടെ നിർബ്ബന്ധം കാരണം താനാണ് വർഗ്ഗീസിനെ വെടി വച്ച് കൊന്നതെന്ന് വെളിപ്പെടുത്തിയത്. അതും വർഗ്ഗീസിനെ കൊലപ്പെടുത്തിയതിനു 28 വർഷത്തിന് ശേഷം. രാമചന്ദ്രൻ നായർ, തനിക്കു തന്നെ ശിക്ഷ ഉണ്ടാകുമെന്നറിയാമായിരുന്നിട്ടും അത് വിളിച്ചു പറഞ്ഞു, അത്രയ്ക്ക് കുറ്റബോധം അദ്ദേഹത്തെ വേട്ടയാടിയിരുന്നു. അല്ലായിരുന്നുവെങ്കിൽ ആയിരക്കണക്കിന് നിരപരാധികളെ കൊന്നിട്ട്, പൊലീസ് സ്ഥിരം പറയുന്ന ഏറ്റുമുട്ടൽ കൊലപാതകമാണ് അരീക്കൽ വർഗ്ഗീസീനും ഉണ്ടായത് എന്ന് ചരിത്രം രേഖപ്പെടുത്തിയിരുന്നേനം.   കക്കയം ക്യാമ്പിൽ വച്ച് രാജനെ ഉരുട്ടിക്കൊന്നു കേരളാ പൊലീസിന്റെ കൊലപതാകചരിത്രം വർഗ്ഗീസിനെ വെടിവച്ചു കൊന്നതിനു വളരെ മുമ്പേ ആരംഭിച്ചിരിക്കാം. എന്നാലും അത് ഒരു ചര്ച്ചയാകുന്നത് കക്കയം ക്യാമ്പിൽ വച്ച് രാജനെ ഉരുട്ടിക്കൊന്ന സംഭവത്തിലൂടെ ആണ് .രാജന്റെ പിതാവ് പ്രൊഫ. ടി.വി. ഈച്ചരവാരിയർ നടത്തിയ പോരാട്ടങ്ങളുടെ പരിണിതിയാണ് കരുണാകരന്റെ മുഖ്യമന്ത്രിസ്ഥാനം രാജി വയ്ക്കുന്നതിൽ വരെയെത്തിയത്. ഈ സംഭവം കേരളാപൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും ഹീനമായ ഏടാണ്. (രാജനെ തിരക്കി പിതാവ് ഈച്ചരവാര്യർ നടത്തുന്ന അന്വേഷണത്തിന്റെ കഥയാണ് പ്രശസ്ത സംവിധായകൻ ശ്രി ഷാജി എൻ കരുൺ അവതരിപ്പിച്ച 'പിറവി' എന്ന ചിത്രം.) ഇത് പോലുള്ള ഹീനകൃത്യങ്ങൾ, ഒരു അടിയന്തരാവസ്ഥയിലെ നടക്കുകയുള്ളുവെന്നു കരുതിയവർക്ക് തെറ്റ് പറ്റുന്ന കാഴചയാണ് തുടർന്ന് ഇവിടെ അരങ്ങേറിയത്. ആ പാരമ്പര്യം ആണ് ഉദയകുമാറിലൂടെ ആവർത്തിച്ചത്. ഏറ്റവും ഒടുവിൽ വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിലൂടെ ആ മൃഗീയത ഇനിയും അവസാനിച്ചിട്ടില്ലായെന്നു നമ്മെ വീണ്ടും ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.
കെവിൻ എന്ന ദളിത് യുവാവിനെ വേട്ടയാടിക്കൊല്ലുവാൻ ഒരു സമ്പന്നകുടുംബത്തിനു ചൂട്ടു പിടിച്ചു കൊടുത്തു് കൊണ്ട് പൊലീസിന്റെ ഫ്യൂഡൽ മനോഭാവം വീണ്ടും വ്യക്തിമാക്കിയതിന്റെ നടുക്കം വിട്ടൊഴിയുന്നതിന്റെ മുമ്പേ വന്ന ഈ വിധി ആരെയാണ് സന്തോഷിപ്പിക്കാത്തതു് ?
ക്രൂരത വെച്ച് പുലർത്തുന്ന കേരളാപൊലീസ്  ന്ത്യയിലെ പൊലീസുകാർ പൊതുവെ ക്രൂരർ ആണെന്നതിനു യാതൊരു സംശയം ഇല്ല. എന്നാൽ കേരളാപൊലീസിനോളം ക്രൂരത വെച്ച് പുലർത്തുന്ന പൊലീസ് ഇന്ത്യയിൽ ഒരിടത്തും ഇല്ലായെന്ന് വർഷങ്ങൾ ആയി ബാഹ്യകേരളത്തിൽ താമസിക്കുന്ന ഈ ലേഖകന് നിസ്സംശയം പറയാൻ സാധിക്കും. കേരളത്തിൽ ഒരാൾ പൊലീസിൽ ചേർന്നാൽ അയാൾക്ക് ജനങ്ങളുടെ മേൽ കുതിര കയറുവാനുള്ള ലൈസൻസ് കിട്ടിയെന്നു മട്ടിലാണ് , തുടർന്നങ്ങോട്ടുള്ള അയാളുടെ പ്രകടനം. കേരളത്തിലെ ഒരു സാധാരണക്കാരൻ ഏറ്റവും ഭയപ്പെടുന്ന ഇടമാണ് പൊലീസ് സ്റ്റേഷൻ. എന്നാൽ വികസിത രാജ്യങ്ങളിൽ, പ്രത്യേകിച്ചു് യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും പൊലീസ് ജനങ്ങളുടെ ഏറ്റവും വലിയ സഹായി ആയിട്ടാണ് വർത്തിക്കുന്നത് . എന്നാൽ ഇവിടുത്തെ സ്ഥിതിയോ ? നിരപരാധികൾ പോലും പൊലീസിനോടുള്ള ഭയം കാരണം അവരെ കാണുമ്പോൾ ഓടിപ്പോകുന്ന സ്ഥിതിയാണുള്ളത്. ഇങ്ങനെ ഓടിപ്പോയി കിണറ്റിലും കുളത്തിലും ഒക്കെ വീണ് പലരുടെ ജീവൻ നഷ്ടപ്പെട്ട സംഭവങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട് . വെറുതെ വർത്തമാനം പറഞ്ഞു കലുങ്കിലും മതിലിലും ഇരിക്കുന്ന ചെറുപ്പക്കാരെ വിരട്ടി ഓടിക്കുന്നത് പോലും കേരളാപൊലീസുകാർക്കൊരു ഹോബിയാണ്.
പൊലീസുകാർക്ക് ആരെയും അറസ്റ്റു ചെയ്യാൻ അധികാരം ഉണ്ടോ ?
രാജ്യത്തു നിലനിൽക്കുന്ന നിയമങ്ങൾ ഒന്നും പാലിക്കാതെ പാവം ജനത്തിനെ ഭയപ്പെടുത്തി മിടുക്കു കാട്ടുന്ന ഒരു വർഗ്ഗമായി പൊലീസ് മാറുമ്പോൾ, എന്ത് പൗരസ്വാതന്ത്ര്യമാണ് നമുക്കുള്ളത് ? നമ്മുടെ നാട്ടിൽ പൊലീസുകാർക്ക് ആരെയും എവിടെ വച്ച് വേണേലും എപ്പോഴും സ്വന്തം ഹിതപ്രകാരം അറസ്റ്റു ചെയ്യാൻ അധികാരമുണ്ട് എന്നൊരു ധാരണയിലാണ് ഇവിടുത്തെ പൊലീസുകാർ പ്രവർത്തിക്കുന്നത്. ഈ തെറ്റായ ധാരണയാണ്,രാജ്യത്ത് നടക്കുന്ന എല്ലാ പൊലീസ് അതിക്രമങ്ങളുടെയും മൂലകാരണം, നിയമവിരുദ്ധമായി അറസ്റ്റു ചെയ്ത് കസ്റ്റഡിയിൽ വച്ച് മർദ്ദിച്ചു രസിക്കുന്ന കൊടും കുറ്റവാളികളായ പൊലീസുകാരാണ്.
ഒരു  വ്യക്തിയെ  അറസ്റ്റു ചെയ്താൽ ബന്ധുവിനെയോ, സുഹൃത്തിനെയോ , അല്ലെങ്കിൽ ആ വ്യക്തി പറയുന്ന ഒരാളെയോ ഉടനെ അറിയിക്കണം എന്ന് വ്യവസ്ഥയുണ്ട്.അത് പോലെ അറസ്റ്റു ചെയ്യുന്ന പൊലീസുകാരന്റെ ഐഡന്റിറ്റി വ്യക്തമാകത്തക്കവണ്ണം അദ്ദേഹം തന്റെ തിരിച്ചറിയൽ കാർഡ് കാണുവാൻ തക്കവണ്ണം പ്രദർശിപ്പിച്ചിരിക്കണം. അറസ്റ്റു മെമോയിൽ അറസ്റ്റു ചെയ്യപ്പെട്ട വ്യക്തിയുടെ ഒപ്പ് ഉണ്ടായിരിക്കണം. കൂടാതെ കുടുംബത്തിലെ ഒരംഗത്തിന്റെയോ അല്ലെങ്കിൽ അവിടുത്തെ പൗരപ്രമുഖരിൽ ഒരാളുടെ ഒപ്പ് സാക്ഷിയായി ഉണ്ടായിരിക്കണം. ഇങ്ങനെയൊക്കെയാണ് നിയമം എങ്കിലും ഇതൊന്നും നമ്മുടെ പൊലീസ് കൃത്യമായി പാലിക്കാത്തതു കൊണ്ടാണ് പൗരന്മാർക്ക് നിയമപരിരക്ഷ കിട്ടാത്തതും പലപ്പോഴും .കസ്റ്റഡി മർദ്ദനവും, മരണവും ഒക്കെ സംഭവിക്കുന്നതും . ഇനിയെങ്കിലും പൊലീസിന്റെ ഈ ഗുണ്ടായിസത്തിനു മാറ്റം വരണം. അതിനു കിട്ടിയ ഏറ്റവും വലിയ പാഠമാണ് ആണ് ഈ കോടതിവിധി. പാവംപിടിച്ചവന്റെ മെയ്‌ക്കിട്ടു കയറുവാൻ മോഹം ഉദിക്കുമ്പോൾ ഇവിടുത്തെ ഓരോ പൊലീസുകാരനും ഈ വിധി ഓർക്കണം. അതോടെ അവരുടെ സൂക്കേട് അങ്ങ് മാറിക്കോളും .
അടിയന്തരാവസ്ഥയെ നാണിപ്പിക്കുന്ന ഉരുട്ടൽ
ടിയന്തരാവസ്ഥയുടെ കാലഘട്ടത്തിൽ ജയറാം പടിക്കലിന്റെയും പുലിക്കോടൻ നാരായണന്റെയും നേതൃത്വത്തിൽ നടന്ന മർദ്ദനകഥകൾ കേരളാപൊലീസിനെ എത്ര മാത്രം നാറ്റിച്ചുവോ അതിലും നൂറിരട്ടി ദുർഗന്ധം വമിച്ചതാണ് ഉദയകുമാറിന്റെ ഉരുട്ടൽ കൊലപാതകം. കക്കയം ക്യാമ്പിൽ രാജനെ കൊന്നത് അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങളിൽ ആയിരുന്നുവെന്ന ഒരു ന്യായവാദമെങ്കിലും ഉയർത്താം.കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസ് പൊലീസിന്റെ ആത്മാഭിമാനത്തിനു മുറിവേറ്റ സംഭവമെന്ന് വേണമെങ്കിൽ പറയുവാൻ സാധിക്കും. ആ ആക്രമണത്തിന്റെ പിന്നിൽ രാജൻ ഇല്ലായിരുന്നുവെങ്കിൽ കൂടി സംശയത്തിന്റെ പേരിൽ കാട്ടിക്കൂട്ടിയ കൊലയെന്നു വേണമെങ്കിൽ പറയാം.(ആ കേസിലെ ഒരു പ്രധാന പ്രതിയായ ശ്രീ. മുരളി കണ്ണമ്പിള്ളിയെ 39 വർഷത്തിന് ശേഷം 2015 മെയ്മാസം 9 നു ആണ് അറസ്റ്റു ചെയ്തത്.).എന്നാൽ ഉദയകുമാറിന്റെ വിഷയത്തിൽ. അദ്ദേഹത്തിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന 4020 രൂപയോടുള്ള പൊലീസുകാരുടെ ആസക്തിയാണ് ഈ പൈശാചികകൃത്യത്തിലേക്കു നയിച്ചതെന്ന് പറയുമ്പോൾ കേരളാപൊലീസിനു നാണം കൊണ്ട് തല കുനിക്കേണ്ടി വരും.

അമ്മയ്ക്ക് ഓണപ്പുടവകൾ വാങ്ങുവാൻ സ്വരുക്കൂട്ടിയ 4020 രൂപ
ള്ളനെ പിടിക്കാൻ നിയുക്തരായ പൊലീസുകാർ തന്നെ കള്ളരാകുന്ന വിചിത്രസ്ഥിതിയിലേക്ക് അധഃപതിച്ചതിന്റെ വില കൊടുക്കേണ്ടി വന്നത് ഒരു നിരപരാധിക്കു തന്റെ ജീവനാണ്. ഉദയകുമാർ എന്ന ചെറുപ്പക്കാരൻ തനിക്കും തന്റെ അമ്മയ്ക്കും ഓണപ്പുടവകൾ വാങ്ങുവാൻ സ്വരുക്കൂട്ടിയ 4020 രൂപയാണ് എല്ലാത്തിനും പ്രശ്‌നമായത്. നമ്മുടെ പൊലീസിന്റെ വിചാരം; പാവപ്പെട്ടവന്റെ കയ്യിൽ ഒരിക്കലും ആയിരത്തിലധികം രൂപ ഒരുമിച്ചു കാണില്ലയെന്നാണ്.
പാവപ്പെട്ടവന്റെ കയ്യിൽ പത്ത് പുത്തൻ ഒരുമിച്ചു കണ്ടാൽ അത് കട്ട മുതൽ ആണെന്ന് പൊലീസ് ഏമാൻ അങ്ങ് തീരുമാനിക്കും. ആ തുക കട്ടമുതൽ എന്ന് പറഞ്ഞു കൈവശപ്പെടുത്തിയത്, തിരിച്ചു ചോദിച്ചതിന്റെ പൊലീസ് നിലപാടാണ് ഉരുട്ടക്കൊലപാതകം.

പൊലീസിനെതിരെ പ്രതികരിക്കുവാൻ പാടില്ല
മിക്കവാറും എല്ലാ പൊലീസുകാർക്കുമുള്ള ഒരു നിലപാടാണ്, അവർ എന്ത് പറഞ്ഞാലും കാണിച്ചാലും തിരിച്ചു ഒന്നും ഉരിയാടാൻ പാടില്ല.പൊലീസിനെതിരെ പ്രതികരിച്ചാൽ അവരുടെ തനിനിറം പുറത്ത് ചാടും. അവർ ഉടനെ മർദ്ദകർ ആയി മാറും. ഇത് ഒരു പ്രതിഭാസം ആണ്. അനേകർക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ട്. പൊലീസിൽ ജോലി കിട്ടിയാൽ ഒരു സാധാരണക്കാരന്റെ മനോഭാവം ഇങ്ങനെയങ്ങു മാറും. അത് താഴെത്തട്ടു മുതൽ മുകളിൽ വരെ ഉള്ള തസ്തികയിൽ ഉള്ളവരിൽ ഒരുപോലെ ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ്.

ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷകരാകാൻ ഖജനാവിൽ നിന്ന് ശമ്പളം നൽകി സർക്കാർ പരിപാലിക്കുന്ന പൊലീസുകാർ ഇങ്ങനെ മർദ്ദകർ ആയി മാറുവാൻ പാടില്ല. അങ്ങനെയുള്ളവരെ നിലക്ക് നിർത്തുവാൻ ഇവിടുത്തെ ഭരണാധികാരികൾക്ക് കഴിയണം.അതിൽ വീഴ്ച പറ്റുമ്പോൾ ആണ് ജനങ്ങൾക്ക് പൊലീസുകാരിൽ നിന്ന് ഇമ്മാതിരിയുള്ള അനുഭവങ്ങൾ ഉണ്ടാകുന്നത്.

പൊലീസിനു കളങ്കം ചാർത്തിയ അടുത്ത കാലത്തെ സംഭവങ്ങൾ
അടുത്ത കാലത്തു നടന്ന പല സംഭവങ്ങളും കേരളാപൊലീസിനു കളങ്കം ചാർത്തുന്നവയാണ്.
ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്ക് നേരെയുണ്ടായ അതിക്രമം ഒരു നാണംകേട്ട പൊലീസ് നടപടിയായിരുന്നു.അതുപോലെ ആലുവയിൽ മഫ്തിയിൽ പൊലീസുകാർ സഞ്ചരിച്ച കാറ് ബൈക്കിൽ ഇടിച്ചത് ചോദ്യംചെയ്ത കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാനെ പൊലീസ് ക്രൂരമായി മർദ്ദിച്ച സംഭവവും കേരളാപൊലീസിന്റെ തേർവാഴ്ചയുടെ ഉദാഹരണമാണ്. വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിലും കേരളാപൊലീസ് നാണംകെട്ടു. കോട്ടയത്തെ ദളിത് യുവാവ് കെവിന്റെ കൊലപാതകത്തിലും കേരളാപൊലീസിന്റെ കയ്യിൽ ചോരയുടെ കറ പിടിച്ചിട്ടുണ്ട്. എടപ്പാൾ പീഡനം നിയമസംവിധാനത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന തീയേറ്റർ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ കേരളാപൊലീസിനു സംഭവിച്ച വീഴ്ച ചെറുതല്ല. അങ്ങനെ നോക്കിയാൽ അനേകവീഴ്ചകളിലൂടെ അസ്ഥാനത്തു കിളർത്ത ആൽമരതണലിൽ ആണ് ഇന്നത്തെ പൊലീസ് വാഴുന്നത് എന്ന് പറയേണ്ടി വരും

അടുത്തിടെ വന്ന ഒരു പത്രവാർത്തയുടെ അടിസ്ഥാനത്തിൽ,സംസ്ഥാന പൊലീസിൽ ക്രിമിനൽ കേസിൽ പ്രതികളായ 1129 ഉദ്യോഗസ്ഥർ ഉണ്ടെന്നാണ് കണക്ക്. ഇതിൽ 387 പേർ അതിഗുരുതരമായ കുറ്റകൃത്യങ്ങളിൽ പങ്കാളികളായിട്ടുള്ളവരാണ് എന്നാണു ആ വാർത്തയിൽ പറയുന്നത്.ഇങ്ങനെയുള്ളവരെ വെച്ചുകൊണ്ട് ഒരു പൊലീസ് സംവിധാനം സുഗമമായി നടത്തിക്കൊണ്ടു പോകുവാൻ സാധിക്കുമോ? സർക്കാർ ഗൗരവതരമായി ആലോചിക്കേണ്ടിയ വിഷയം ആണ്.

സുകുമാർ അഴിക്കോട് പറഞ്ഞ നിർവ്വചനം
പ്രശസ്ത നിരൂപകനും പ്രാസംഗികനുമായ അന്തരിച്ച സുകുമാർ അഴിക്കോട് പൊലീസിന്റെ ഭയപ്പെടുത്തലിനെ പറ്റി പറഞ്ഞ വാക്കുകൾ ഇതാണ്;
'പൊലീസ് ഭയം വരുത്തേണ്ടത് സാധാരണ മനുഷ്യരോടല്ല. സാധാരണ മനുഷ്യരിൽ ഭയമുണ്ടാക്കുന്നവരിൽ ഭയമാണ് ഉണ്ടാക്കേണ്ടത് ' എന്നാൽ ഇന്ന് നമ്മുടെ നാട്ടിൽ നടക്കുന്നത് ഈ പ്രസ്താവ്യത്തിന് വിപരീതമാണെന്നതിന് സംശയമില്ല. നിർഭയരായി ജീവിക്കേണ്ട സാധാരണജനം പൊലീസ് ഭീതിയിൽ കഴിയുമ്പോൾ,സാധാരണ മനുഷ്യരിൽ ഭയമുണ്ടാക്കുന്നവർ നിർഭയരായി പൊലീസുകാരുടെ മുമ്പിൽ വിലസുന്നു.

ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ പറയുന്നു
'ഇനി ഒരു മക്കൾക്കും ഇതുപോലെ സംഭവിച്ചു കൂടാ. ക്രൂരമായി നിരപരാധികൾ കൊലചെയ്യപ്പെട്ട ഏതെങ്കിലും കേസിൽ ഒരമ്മ ഇതുപോലെ ഇറങ്ങിയിരുന്നെങ്കിൽ ഇതുപോലെ ഞാൻ കണ്ണീർ കുടിക്കേണ്ടി വരില്ലായിരുന്നു. ശ്രീജിത്തിന്റെ കസ്റ്റഡി മരണം നടന്നപ്പോൾ ഞാൻ അവിടെ പോയിരുന്നു. അവരും ഇതുപോലെ നീതിക്ക് വേണ്ടി ഇറങ്ങിത്തിരിക്കണം. കൊന്നവരെ ശപിച്ചിട്ടോ, ചീത്ത പറഞ്ഞിട്ടോ അല്ല നമ്മുടെ പ്രവർത്തിയിലൂടെ നീതി നേടണം. അതിനുള്ള ധൈര്യം അപ്പോഴുണ്ടാകും. പലതവണ എന്നെ കൊല്ലാനുള്ള ശ്രമങ്ങളുണ്ടായി. എന്നിട്ടും ഞാൻ പിടിച്ച് നിന്നത് ഈ ദിവസത്തിന് വേണ്ടിയാണ്. കേരളത്തിലെ പൊലീസ് ഗുണ്ടായിസത്തിന് ഇതൊരു പാഠമാകണം.' പൊലീസ്‌കാർ കുറ്റക്കാർ ആണെന്ന് സിബിഐ തിരുവനന്തപുരം പ്രത്യേക കോടതി ജഡ്ജി ജെ നാസർ വിധിച്ചത് കേട്ട്, കരമന നെടുങ്കാട് വീട്ടിൽ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ പറഞ്ഞതാണിത്.
ഈ വാക്കുകൾ പറയുവാൻ തക്കവണ്ണം പോരാടിയ പ്രഭാവതിയമ്മയ്ക്ക് ഒരു 'നല്ല നമസ്‌ക്കാരം' പറയുന്നു. ഒപ്പം തന്റെ മകനെ പൊലീസ് ഉരുട്ടി കൊലപ്പെടുത്തിയത് മനസ്സിലാക്കി, ആ കുറ്റവാളികൾക്ക് ശിക്ഷ വാങ്ങികൊടുക്കുവാൻ ജീവിത കാലം മുഴുവനും പോരാടിയ പ്രൊഫ. ടി വി ഈച്ചരവാര്യരെയും സ്മരിക്കുന്നു. ഇതുപോലെ കസ്റ്റഡിമരണത്തിനു ഇരയായ പാലക്കാട്ടെ സമ്പത്ത് (2010 ), വാരാപ്പുഴയിലെ ശ്രീജിത്ത് തുങ്ങിയവരും കേരളാപൊലീസിനു തീരാക്കളങ്കമായി നിൽക്കുമ്പോൾ, ഇനിയൊരു കസ്റ്റഡിമരണം ഈ നാട്ടിൽ ഉണ്ടാകാതിരിക്കുവാൻ ഇവിടുത്തെ പൊലീസിന് നീതിബോധം ഉണ്ടാകട്ടെയെന്ന് ആശിക്കുന്നു.

പണക്കാരനും, പാവപ്പെട്ടവനും രണ്ടു നീതിയാണിവിടെ നിലനിൽക്കുന്നത്. പൊലീസ്‌കാർ ആളും തരവും നോക്കിയാണ് നടപടികൾ എടുക്കുന്നത്. പണക്കാർക്കും, അധികാരവർഗ്ഗത്തിനും, മതനേതൃത്വത്തിനും രക്ഷപെടുവാൻ പഴുതും സമയവും സന്ദർഭവും ഒരുക്കാൻ നമ്മുടെ പൊലീസിന് അപാര കഴിവാണ് . എന്നാൽ പാവപ്പെട്ടവന്റെ മുമ്പിൽ തങ്ങളുടെ സർവ്വകഴിവും അങ്ങ് പുറത്തെടുക്കും. ഈ ഇരട്ടത്താപ്പാണ് ഇവിടെ കാര്യങ്ങൾ ഇത്രത്തോളം വഷളാക്കിയത്. ഈ കയ്യിലിരുപ്പിനു കിട്ടിയ ഒരു ചെകിട്ടത്തടി ആണ്, ജഡ്ജി ജെ നാസറിന്റെ ഈ വിധി. പാവപ്പെട്ടവന്റെ മെയ്‌ക്കിട്ടു കയറുന്ന ഇവിടുത്തെ പൊലീസുകാർക്ക് ഈ വിധി ഒരു പാഠമായിരുന്നുവെങ്കിൽ...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP