Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫേസ്‌ബുക്ക് സ്റ്റാറ്റസിൽ ഒതുങ്ങുന്ന യുവജന നിലപാടുകൾ

ഫേസ്‌ബുക്ക് സ്റ്റാറ്റസിൽ ഒതുങ്ങുന്ന യുവജന നിലപാടുകൾ

പ്രിയ സഖാവ് എം ബി രാജേഷ്, പ്രിയപ്പെട്ട വി ടി ബൽറാം, കേരളത്തിലെ യുവത ആദരിക്കുന്ന, പ്രതീക്ഷയോടെ നിലപാടുകളെ കാണുന്ന രണ്ട് യുവജനനേതാക്കൾ ആണ് നിങ്ങൾ. ഡൗൺ ടൗൺ ആക്രമണവും, സംഘപരിവാർ ഫാസിസവും, തുടർന്ന് കോഴിക്കോട്ടുകാരുടെ സമാനതകൾ ഇല്ലാത്ത ചെറുത്തുനിൽപ്പും, ഏറ്റവും ഒടുവിൽ നവംബർ രണ്ടിന് കൊച്ചിയിൽ നടന്നേക്കാവുന്ന ചുംബന സമരവും, അതുമായി ബന്ധപ്പെട്ട വിവാദങ്ങളും എല്ലാം നിങ്ങൾക്കും കൃത്യമായി ബോധ്യമുണ്ടാവുമല്ലോ. ആവശ്യത്തിലേറെ ചർച്ച ചെയ്തു കഴിഞ്ഞ വിഷയങ്ങൾ ആണ് മുകളിൽ പറഞ്ഞത്. പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ; എന്റെ സംവാദങ്ങൾ വ്യത്യസ്തമാണ്.

'ആയുധം എടുത്തു മരിക്കുന്നതിനേക്കാൾ നല്ലതാണ് ചുംബന സമരം' എന്ന സഖാവ് രാജേഷിന്റെ നിലപാടിനെ ഞാൻ കയ്യടിയോടെ ഹൃദയത്തോട് ചേർത്ത് വക്കുന്നു. എന്റെ വിദ്യാർത്ഥി കാലഘട്ടങ്ങളിലെ എസ് എഫ് ഐ നേതാവാണ് താങ്കൾ. എനിക്ക് രാഷ്ട്രീയപരമായി അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളപ്പോഴും നിലപാടുകളിലെ ആർജ്ജവം കാരണം ഹൃദയത്തിലേറ്റിയ നേതാവാണ് ബൽറാം. താങ്കളുടെ തന്നെ പാർട്ടിക്കാർ സോഷ്യൽ മീഡിയയിൽ 'ഹരിത എം എൽ എ ' ആയതിന്റെ പേരിൽ ആക്രമിച്ചപ്പോൾ പ്രതിരോധിക്കാൻ ഞാനും ശ്രമിച്ചിട്ടുമുണ്ട് പത്രങ്ങളിലും ചാനലുകളിലും ഉൾപ്പടെ. പറഞ്ഞു വരുന്നത് അതല്ല. കിസ് ഓഫ് ലൗ എന്ന കൂട്ടായ്മ നവമാദ്ധ്യമ ചർച്ചകളിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന ഒരു സമരസംഘമാണ്. അവരുടെ ഇപ്പോഴത്തെ സമര രീതിയിൽ എനിക്ക് വിയോജിപ്പ് ഉണ്ട് എന്നുള്ളത് ഇവിടെ വിഷയമല്ല. എന്റെ ചോദ്യം സോഷ്യൽ മീഡിയയിൽ രൂപപ്പെടുന്ന കൂട്ടായ്മകൾ വേണമോ ഹസാരെ സമരം വിജയിപ്പിക്കാൻ? ഡൽഹി പെൺകുട്ടിക്ക് നീതി തേടി മെഴുകുതിരിയുമായി തെരുവിൽ ഇറങ്ങാൻ? കോഴിക്കോട് പോലെ നന്മയുടെ ഒരു നഗരത്തിൽ സംഘപരിവാർ നടത്തുന്ന പേക്കൂത്തുകൾ പ്രതിരോധിക്കാൻ? നഴ്‌സുമാരുടെ അവകാശങ്ങളെ നെഞ്ചിലേറ്റാൻ? നിങ്ങൾ ഇടതു വലതു യുവജന സംഘടനകൾക്ക് ഇവിടെ എന്താണ് പണി? എവിടെ വച്ചാണ് നിങ്ങളുടെ യുവജന അടിത്തറ തകർന്നത് ? എന്തുകൊണ്ടാണ് നിങ്ങൾ കാലികമല്ലാതത് ? നിങ്ങളുടെ ചുംബന സമരത്തിനുള്ള പിന്തുണ (നവ) മാദ്ധ്യമങ്ങളും, പത്രങ്ങളും ആഘോഷിക്കുന്നു. അവിടെ തീരുന്നുവോ ഡിവൈഎഫ്‌ഐയുടെയും, യൂത്ത്‌കോൺഗ്രസിന്റേയും ഉത്തരവാദിത്വം. സമരരീതിയോടു എതിർപ്പ് നിൽക്കതന്നെ പറയട്ടെ യൂത്ത്‌കോൺഗ്രസ് ഇന്നലെ കിസ് ഓഫ് ലൗ പ്രവർത്തകരെ ആക്രമിച്ചു. എത്ര ആളുകൾക്കെതിരെ നടപടിയെടുത്തു.

പ്രിയ ബാലറാം, എത്ര പേരെ അറസ്റ്റ് ചെയ്തു? സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന ബദലുകളെ ഒരു ഫേസ്‌ബുക്ക് സ്റ്റാറ്റസിലൂടെ പിന്തുണക്കുക മാത്രമാണോ കേരളത്തിലെ മുഖ്യധാര യുവജനസംഘടനകളുടെ ജോലി? പ്രിയ ബൽറാം, ജൈഹിന്ദ് ചാനലിലെ 'പിത്രുശൂന്ന്യരെ ' പിരിച്ചുവിടാൻ താങ്കൾ എന്ത് ചെയ്തു? ആ രീതിയിലുള്ള മാദ്ധ്യമ പ്രവർത്തനം നൈതികം എന്ന് താങ്കൾ കരുതുന്നുണ്ടോ? കാമറയിൽ കുടുങ്ങിയ പെൺകുട്ടിയുടെ സ്വകാര്യത, ഭരണഘടന മനുഷ്യാവകാശങ്ങൾ .... ചിന്തിച്ചിട്ടുണ്ടോ? എന്താണ് ജൈഹിന്ദ് എന്ന മാദ്ധ്യമം യുവജനതയോട് സംവദിക്കുന്നത് ?

സഖാവ് രാജേഷ്, സക്കറിയയും, രാജ്‌മോഹൻ ഉണ്ണിത്താനും, അബ്ദുള്ളക്കുട്ടിയും ആക്രമിക്കപ്പെട്ടത്, അപാമാനിതരായത് ഇതേ ഫാസിസം കാരണം ആയിരുന്നില്ലേ..? (നമ്മുടെ മീഡിയ പോലും അത് മറന്നിരിക്കുന്നു; നിങ്ങളുടെ പിന്തുണ മാത്രമാണ് ഇന്നത്തെ ഹോട്ട് ന്യൂസ്) അത്തരം പ്രവണതകൾ അവസാനിപ്പിക്കാൻ സംഘടനകൾ എന്ന രൂപത്തിൽ എന്ത് നടപടിയെടുത്തു, ഡിവൈഎഫ്‌ഐ ആന്തരികമായി ..?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരമുണ്ടോ ഇല്ലെയോ എന്ന് ഞാൻ കാത്തിരിക്കാം. പക്ഷേ ഒരു കാര്യം മാത്രം പറയട്ടെ ... രാഷ്ട്രീയ ദിശാബോധം ഇല്ലാത്ത നവമാദ്ധ്യമ കൂട്ടായ്മകൾ ചുംബനസമരം പോലുള്ള വലിയൊരു വിഭാഗം കേരളീയർ അംഗീകരിക്കാത്ത സമര രീതികൾ പരീക്ഷിക്കുമ്പോൾ നിങ്ങൾക്ക് മൗനം പാലിക്കാൻ, അല്ലെങ്കിൽ ഒരു ഫേസ്‌ബുക്ക് സ്റ്റാറ്റസിലൂടെ കൈകഴുകാൻ സാധിക്കില്ല എന്ന് മാത്രം ഓർമ്മിപ്പിക്കട്ടെ ..

(സ്‌നേഹാദരവുകളോടെ, അഡ്വ. ജഹാംഗീർ റസാക്ക് പാലേരി, കേരള ഹൈക്കോടതി, കൊച്ചി, ഫോൺ 8136 888 889)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP