Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു സാധാരണ ഹിന്ദുവായോ മുസ്ലിമായോ മതമില്ലാത്തവനായോ മതേതരനായോ ഒക്കെ നിന്നുപോവുക ഇനിയുള്ള കാലം അസാധ്യം; തീപ്പൊരി തിരഞ്ഞുനടക്കുന്നവന്റെ ആദ്യത്തെ ഉന്നം ഒറ്റപ്പെട്ടു നിൽക്കുന്ന നിങ്ങളാണ്; തീപ്പൊരികളെ നമ്മളായി ഊതിപ്പടർത്താതിരിക്കുക

ഒരു സാധാരണ ഹിന്ദുവായോ മുസ്ലിമായോ മതമില്ലാത്തവനായോ മതേതരനായോ ഒക്കെ നിന്നുപോവുക ഇനിയുള്ള കാലം അസാധ്യം; തീപ്പൊരി തിരഞ്ഞുനടക്കുന്നവന്റെ ആദ്യത്തെ ഉന്നം ഒറ്റപ്പെട്ടു നിൽക്കുന്ന നിങ്ങളാണ്; തീപ്പൊരികളെ നമ്മളായി ഊതിപ്പടർത്താതിരിക്കുക

തത്തിന്റെയോ സമുദായത്തിന്റേയോ സംസ്‌കാരത്തിന്റെയോ സംരക്ഷണാവകാശം സ്വയം എടുത്തണിഞ്ഞിരിക്കുന്ന എല്ലാ ആക്രമണോൽസുക ആൾക്കൂട്ടങ്ങൾക്കും വേണ്ടത് തീപ്പൊരികളാണ്. തീപ്പൊരി ചെറുതീയായും പിന്നെ കാട്ടുതീയായും പടരുമ്പോൾ മാത്രമേ പേടിച്ചരണ്ട മുയലുകളും മാനുകളും വലയിൽ വന്നു ചാടൂ. അത് വേട്ടക്കാരന്റെ മനഃശാസ്ത്രമാണ്. ചരിത്രത്തിലെ പല വലിയ കാട്ടുതീകളും ഉണ്ടായത് വേട്ടക്കാർ മനഃപൂർവം ഉരച്ചിട്ട ഒറ്റക്കൊള്ളിയിൽനിന്നാണ്!

ഒരു കൊള്ളികൊണ്ട് കാടിനെക്കാൾ വേഗം നാട്ടിലും തീപടർത്താമെന്ന് ഇന്ത്യയിൽ തെളിയിച്ചത് കടൽ കടന്നു വന്ന സാമ്രാജ്യത്വമാണ്. വെളുത്തസായിപ്പന്മാർ രണ്ടു നൂറ്റാണ്ടുകൊണ്ട് ഊതിക്കത്തിച്ച തീയിൽ വെന്തുപിളർന്നുപോയ പാവം ജനതയാണ് നമ്മൾ. മതവും രാഷ്ട്രീയവും കൂട്ടിയുരച്ചു കത്തിച്ച അഗ്‌നിയിൽ പിറന്ന രണ്ടു രാജ്യങ്ങൾ. എന്നിട്ടും പോയ എഴുപതു വർഷമായി പിന്നെയും പിന്നെയും ആർക്കോ വേണ്ടി നാം പോരാട്ടം തുടരുന്നു. വാക്കുകളും ആയുധങ്ങളും സദാ രാകി മിനുക്കി കൂർപ്പിച്ച് ഇന്നല്ലെങ്കിൽ നാളെ വരുന്ന വലിയയുദ്ധത്തിനായി കാത്തിരിക്കുന്ന ഏഷ്യൻ വിഢികൾ! അതുവഴി രണ്ടു പട്ടിണി രാജ്യങ്ങൾ ലോകആയുധ കമ്പോളത്തിന്റെ നല്ലൊരു പങ്കിന്റെ വിപണിയാകുന്ന വൈചിത്ര്യം. അദ്ഭുതംതന്നെ, എന്നിട്ടും രണ്ടു രാജ്യങ്ങളിലും അതിന്റെ പേര് 'ദേശസ്‌നേഹം' എന്നത്രെ!

ഒത്തിരിയൊത്തിരി പൊള്ളിയിട്ടും ഒന്നും പഠിക്കാത്ത ജനതയാണ് നമ്മൾ. ഒരു പള്ളിക്കുള്ളിൽ ഒരു കൊച്ചുവിഗ്രഹം കൊണ്ടുവച്ചുണ്ടാക്കിയ തീപ്പൊരിയിൽ രണ്ടു മൂന്ന് പതിറ്റാണ്ടുകൊണ്ട് എത്രയോ ആയിരങ്ങളാണ് വെന്തെരിഞ്ഞുപോയത്? ഒരു തീവണ്ടിബോഗി കത്തിക്കുകയും ആ തീ നാടാകെ പടരുകയും ആ തീയിൽനിന്ന് ഒരു പ്രധാനമന്ത്രി ഉണ്ടായിവരികയും ചെയ്ത ജനാധിപത്യമാണ് നമ്മുടേത്.

അതുകൊണ്ട് നമ്മൾ പഠിക്കേണ്ട പാഠം, ഈ കാട്ടുതീകൾ സാധാരണക്കാരുടെയും പട്ടിണിപ്പാവങ്ങളുടെയും മാത്രം ജീവനേയെടുക്കൂ എന്നതാണ്. പുക കാണുമ്പോഴേ വലിയമൃഗങ്ങൾ കാടുവിടും. സ്വാതന്ത്ര്യാനന്തരമുണ്ടായ എല്ലാ ഇന്ത്യൻ കലാപങ്ങളുടെയും ഒരു പാഠമാണിത്. കാട്ടുതീയിൽ ഭയന്നോടിയ മാനും മുയലും വേട്ടക്കാരന്റെ വലയിലാവുകയും സൂത്രത്തിൽ രക്ഷപ്പെട്ട സിംഹങ്ങൾ പിന്നെ രാജാവാകുകയും ചെയ്യും.

ഇനിയുമിനിയും തീയുണ്ടാക്കാൻ കഴിയുമോയെന്ന അന്വേഷണങ്ങൾ പല കോലത്തിൽ എല്ലായിടത്തും തുടരുകയാണ്. ചെറിയ കൂട്ടങ്ങളും വലിയ കൂട്ടങ്ങളും പലതരത്തിൽ കല്ലും കൊള്ളിയും ഉരച്ചിറങ്ങിയിട്ടുണ്ട്. 'മതമില്ലാത്ത പശുവിനെക്കൊണ്ട് തീപ്പൊരിയുണ്ടാക്കാം' എന്നത് ഒരുകൂട്ടരെ സംബന്ധിച്ച് മോശമല്ലാത്തൊരു കണ്ടെത്തലാണ്. 'മതംമാറിയ പെൺകുട്ടിയെ ഉപയോഗിച്ച് വേഗം പടരുന്ന തീപ്പൊരിയുണ്ടാക്കാം' എന്നതും അനന്തമായ വന്യതയുള്ളൊരു കണ്ടെത്തലാണ്. രണ്ടാമത്തേതിന് വന്യത കുറവല്ലേയെന്നും പടരാനുള്ള കാറ്റില്ലല്ലോയെന്നും സംശയിക്കുന്ന നിഷ്‌കളങ്കർക്കുള്ള ഉത്തരം ഒരു പാവം മനുഷ്യന്റെ മുറിഞ്ഞറ്റുവീണ കൈപ്പത്തിയാണ്. അതും നിസ്സാരമായൊരു വരിയിൽനിന്ന് അവർ ബുദ്ധിമുട്ടി ഊതിപ്പടർത്തിയെടുത്ത കാട്ടുതീയായിരുന്നു! ഒടുവിലവർ, മുറിച്ചിട്ടത് ഈ നാടിന്റെയാകെ സമാധാനമായിരുന്നു!

കായികശക്തിയിലോ ആൾക്കൂട്ട ബലത്തിലോ വിശ്വസിക്കാത്ത ഒരു സാധാരണ ഹിന്ദുവായോ മുസ്ലിമായോ മതമില്ലാത്തവനായോ മതേതരനായോ ഒക്കെ നിന്നുപോവുകയെന്നതാവും ഇനിയുള്ള കാലം അസാധ്യം. കാരണം, തീപ്പൊരി തിരഞ്ഞുനടക്കുന്നവന്റെ ആദ്യത്തെ ഉന്നം ഒറ്റപ്പെട്ടു നിൽക്കുന്ന നിങ്ങളാണ്. ശത്രുസംഘത്തോട് അവർ അല്പംകൂടി ക്ഷമിച്ചേക്കാം. പക്ഷേ, കൂട്ടത്തിൽ ചേരാതെ, ആൾക്കൂട്ട ബഹളങ്ങളിൽപ്പെടാതെ, ആവേശജാഥയിൽ ചേരാതെ ഒരു വെറും മനുഷ്യനായി നിൽക്കുന്ന നിങ്ങളെ അവർ വെറുതെവിടുകയില്ല.

അപ്പോൾ ചെയ്യാനാവുന്നത് എന്താണ്? തീപ്പൊരികളെ നമ്മളായി ഊതിപ്പടർത്താതിരിക്കുക എന്നതു മാത്രം. കാട്ടുതീ എന്തായാലും സംഭവിക്കും. പക്ഷേ, നമ്മളൂതുന്ന തീപ്പൊരിയിൽനിന്ന് അതു വേണ്ട എന്ന് നമുക്ക് തീരുമാനിച്ചുകൂടേ? ദൈവംപോലും നാണിച്ചുപോകുന്ന പമ്പരവിഢിത്തമാകരുതല്ലോ നമ്മൾ!

(എം അബ്ദുൾ റഷീദ് ഫേസ്‌ബുക്കിൽ എഴുതിയതാണ് ഈ കുറിപ്പ്)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP