Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തന്റെ ശാരീരിക ആവശ്യങ്ങളെ ഒട്ടും നിയന്ത്രിക്കാൻ കഴിയാത്തവരണോ മുസ്ലിം പുരുഷന്മാർ? കൂടുതൽ ഭാര്യമാരെ ഉണ്ടാക്കാൻ അനുവദിച്ചില്ലെങ്കിൽ ഉടനെ വ്യഭിചരിക്കാൻ പോകുമെന്ന് മുസ്ലിംപുരുഷന്മാർ പറയാതെ പറഞ്ഞു വെക്കുന്നത് എന്തിന്? ബഹുഭാര്യാത്വത്തെ ഖുർആനിക ദർശനത്തെ കൂട്ടുപിടിച്ച് ന്യായീകരിക്കുന്നവർക്കെതിരെ അമീറ ഐഷ ബീഗം എഴുതുന്നു

തന്റെ ശാരീരിക ആവശ്യങ്ങളെ ഒട്ടും നിയന്ത്രിക്കാൻ കഴിയാത്തവരണോ മുസ്ലിം പുരുഷന്മാർ? കൂടുതൽ ഭാര്യമാരെ ഉണ്ടാക്കാൻ അനുവദിച്ചില്ലെങ്കിൽ ഉടനെ വ്യഭിചരിക്കാൻ പോകുമെന്ന് മുസ്ലിംപുരുഷന്മാർ പറയാതെ പറഞ്ഞു വെക്കുന്നത് എന്തിന്? ബഹുഭാര്യാത്വത്തെ ഖുർആനിക ദർശനത്തെ കൂട്ടുപിടിച്ച് ന്യായീകരിക്കുന്നവർക്കെതിരെ അമീറ ഐഷ ബീഗം എഴുതുന്നു

ഹുഭാര്യാത്വവും നികാഹ് ഹലാലായും നിരോധിക്കാൻ മുസ്ലിം സ്ത്രീകൾ കോടതിയിലേക്ക്. മുസ്ലിം സ്ത്രീകളുടെ യഥാർത്ഥ ജീവിത അവസ്ഥകൾ മനസിലാക്കാതെ പിതൃവാഴ്ചയുടെ ഗോപുരത്തിൽ ഇരുന്നു വളച്ചൊടിച്ച ന്യായീകരണങ്ങളും മത വിധികളുമായി വന്നിരുന്ന അഭിനവ കാവലാളന്മാർ കേൾക്കേണ്ട വാർത്ത... ബഹുഭാര്യത്വം അനുവദിച്ചു നൽകിയില്ലെങ്കിൽ മുസ്ലിം പുരുഷന്മാർ സന്മാർഗത്തിൽ നിന്ന് വ്യതിചലിച്ചു പോകുമെന്ന് സത്യവാങ്മൂലം സമർപ്പിച്ച മുസ്ലിം പേർസണൽ ലോ ബോർഡും സ്ത്രീയുടെ ആർത്തവകാലത്തു പുരുഷന് ശാരീരികേച്ഛകൾ നിയന്ത്രിക്കാനാകാത്തതു കൊണ്ട് വേറെ പെണ്ണ് കെട്ടാമെന്നു മതവിധിയുണ്ടെന്നും അതിനെതിരെ വരുന്ന ഏതു നിയമത്തെയും പല്ലും നഖവും ഉപയോഗിച്ചു ചെറുക്കുമെന്നും പറഞ്ഞ ഒരു ഉസ്താദും

ഭർത്താവു കൊണ്ട് വരുന്ന രണ്ടാം ഭാര്യയുടെ കാലടിയിലാണ് (മാതാവിന്റെ കാലടിയിൽ അല്ല) ഭർത്താവിനുംആദ്യ ഭാര്യക്കും കൂടെയുള്ള സ്വർഗം എന്ന് മൈക്കിന് മുന്നിൽ ഛർദിച്ചു കൊണ്ടിരിക്കുന്ന ഒരു മനോരോഗിയും എല്ലാവരും ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലെ? നിങ്ങളെ പോലെയുള്ളവരുടെ ജല്പനങ്ങളിൽ നിന്ന് മതത്തെ അറിയുന്നവർ ആണ് നാല് കെട്ടുകാരന്റെ മതമാണ് ഇസ്ലാം എന്ന് പറയുന്നത്. നിങ്ങളുടെ വിവരമില്ലായ്മ ഏറ്റുപിടിക്കുന്നവരാണ് ഞങ്ങള്ക് നാലുകെട്ടാം എന്ന് വീമ്പിളക്കി നടക്കുന്നവർ.

പുരുഷന്റെ ലൈംഗികേച്ഛയുടെ പൂർത്തീകരണത്തിനായുള്ള ഒരു ഉപാധിയായി അല്ല ബഹുഭാര്യാത്വത്തെ ഖുർആൻ അനുവദനീയമാക്കിയത് എന്ന് അറിയുമ്പോൾ തന്നെ ബഹുഭാര്യാത്വം നിഷേധിച്ചാൽ അത് വഴിവിട്ട ലൈംഗികതയെ പ്രോത്സാഹിപ്പിക്കുമെന്ന് സമർത്ഥിക്കുന്നത് ഇസ്ലാം ബഹുഭാര്യത്വം അനുവദനീയമാക്കിയതിന്റ പിന്നിലെ ഉദ്ദേശ്യശുദ്ധിയെ പരിഹസിക്കലാണ്. തന്റെ ശാരീരിക ആവശ്യങ്ങളെ ഒട്ടും നിയന്ത്രിക്കാൻ കഴിയാത്തവനാണ് മുസ്ലിം പുരുഷൻ എന്നും കൂടുതൽ ഭാര്യമാരെ ഉണ്ടാക്കാൻ അനുവദിച്ചില്ലെങ്കിൽ ഉടനെ വ്യഭിചരിക്കാൻ പോകും മുസ്ലിം പുരുഷൻ എന്നും പറയാതെ പറഞ്ഞു വെക്കുന്നത് എന്തിനാണ്?

മത സ്വാതന്ത്ര്യത്തിൽ കോടതിയും ഭരണകൂടവും കൈകടത്തുന്നു എന്നൊക്കെ കരഞ്ഞു കൊണ്ടിരിക്കുന്നവരെ... എത്രയോ കാലമായി ഇവിടത്തെ മുസ്ലിം സ്ത്രീ സംഘടനകൾ പറയുന്നുണ്ട് വിവാഹ സമയത്ത് തന്നെ സ്ട്രീകൾക്കു തന്റെ ഭർത്താവ് വേറെ വിവാഹം കഴിക്കരുതെന്നും കഴിച്ചാൽ തന്നെ അവൾക്ക് വിവാഹ മോചനത്തിന് സ്വാതന്ത്ര്യം കൊടുക്കുന്നതുമായ വ്യവസ്ഥകൾ വെക്കാൻ കഴിയുന്നതുമായ ഒരു നികാഹ് നാമ നിലവിൽ വന്നാൽ തന്നെ അവർ നേരിടുന്ന പല പ്രശ്‌നങ്ങൾക്കും പ്രതിവിധിയാകും എന്ന്. ഖുർആൻ അനുവദിച്ച സാഹചര്യങ്ങൾ അവഗണിച്ചു കൊണ്ട് ബഹുഭാര്യത്വം പ്രയോഗത്തിൽ ലംഘിക്കുന്നത് തടയാൻ അത് സഹായിക്കും. ഇനി ഇസ്ലാം സ്ത്രീക്ക് അങ്ങിനെ കരാർ വെക്കാൻ അവകാശം നൽകുന്നുണ്ടോ എന്ന് സംശയിക്കുന്നവരുടെ അറിവിലേക്ക്. ഉണ്ട്.

ഒരിക്കൽ ഖലീഫ അലി അബൂജാഹിലിന്റെ മകളെ വിവാഹം കഴിക്കാൻ പോകുന്നു എന്നറിഞ്ഞു ഫാത്തിമ ബീവി നബിയുടെ അടുക്കൽ പരാതിയുമായി ചെന്നു.എന്നാൽ എന്റെ അംശമായ ഫാത്തിമയെ വേദനിപ്പിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല എന്ന് നബി പറഞ്ഞത് കേട്ട് അലി ആ വിവാഹ ആലോചന ഉപേക്ഷിച്ചു. അപ്പോൾ പുരുഷൻ വേറെ വിവാഹം കഴിക്കുമ്പോൾ പരാതി പറയാൻ സ്ത്രീക്കും അത് തടയാൻ അവളുടെ വലിയ്യിനും അവകാശമുണ്ടെന്ന് വ്യക്തം. എന്നാൽ ഇവിടെയും മുട്ട് ന്യായമായി വരുന്നവർ ഉണ്ട്.അബൂ ജാഹിലിന്റെ മകൾ ആയതുകൊണ്ട് ആയിരുന്നു എതിർപ്പെന്ന്. അവരുടെ അറിവിലേക്കായി പറയട്ടെ. അബൂ സുഫ്യാന്റെ മകൾ ഉമ്മു ഹബീബ നബിയുടെ ഭാര്യ ആയിരുന്നു.അബൂ ലഹബിന്റെ രണ്ടു മക്കൾ ആയിരുന്നു നബിയുടെ മക്കളായ റുഖിയയെയും ഉമ്മു കുൽസുവിനെയും വിവാഹം ചെയ്തിരുന്നത്. നബിയല്ല അവരുടെ മൊഴി ആവശ്യപ്പെട്ടത്.പിന്നെ മറ്റൊരു ശത്രുവായ റബീഇന്റെ മകൻ അബുൽ ആസ് ആണ് മറ്റൊരു മകളായ സൈനബിനെ വിവാഹം ചെയ്തിരുന്നത്. ഇതിൽ നിന്ന് മനസിലാക്കാം ശത്രുതയുടെ വിഷയമല്ല മറിച്ച് പെണ്ണിന്റെ ഹൃദയ വേദനയാണ് ഇവിടെ കണക്കിലെടുക്കപ്പെട്ടത് എന്ന്.

.ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ ഖുർആനിക ദർശനത്തെ പ്രതിക്കൂട്ടിൽ വെക്കുന്ന രീതിയിൽ സ്വന്തം പെണ്ണ് കെട്ടൽ മോഹത്തെ സാക്ഷാത്കരിക്കുകയല്ല'പണ്ഡിതർ' ചെയ്യേണ്ടത്. പകരം ഇന്നത്തെ സ്ത്രീകളുടെ നന്മയും സന്തോഷവും കൂടെ ഉറപ്പു വരുത്തുന്ന രീതിയിൽ നബി ചര്യകൾ വ്യാഖ്യാനിക്കുകയാണ് വേണ്ടത്. പെണ്ണ് കെട്ടാൻ അവാകാശമുണ്ടെന്ന കഥയല്ലാതെ സ്ത്രീയെ സഹായിക്കുന്ന രീതിയിൽ ഉള്ള ചരിത്ര സംഭവങ്ങളൊന്നും ആരും സ്ത്രീക്ക് പറഞ്ഞു കൊടുക്കുന്നില്ല. ഒരു മത പ്രഭാഷണ വേളയിലും സ്ത്രീ പക്ഷ വ്യാഖ്യാനങ്ങൾ വരുന്നുമില്ല. പകരം നാല് കെട്ടൽ കഥ മാത്രം പറഞ്ഞു പഠിപ്പിക്കുമ്പോൾ ആണ് ഭാര്യയെയും മക്കളെയും കുറിച്ചു ആലോചിക്കാതെ ധാർഷ്ട്യം കാണിച്ചു വീണ്ടും വിവാഹം കഴിക്കാൻ ഒരുങ്ങുന്നത്. ബഹുഭാര്യാത്വം നാണക്കേടായി എടുക്കുന്ന ഒരു സമൂഹത്തിൽ സ്വന്തം കുടുംബം നേരിടാൻ പോകുന്ന അവഹേളനവും മറ്റു അനുബന്ധ പ്രശ്‌നങ്ങളും( മക്കൾ തമ്മിൽ ഉടലെടുക്കാൻ ഇടയുള്ള സ്പര്ധയും സ്വത്ത് തർക്കവും ഉൾപ്പെടെ) ഓർക്കാതിരിക്കാൻ പാകത്തിൽ പുരുഷന്മാരെ വഴി തെറ്റിക്കുന്നത് ശരിയാണോ എന്ന് ആലോചിക്കേണ്ടതില്ലേ?

ഇന്നത്തെ സ്ത്രീകൾ നിരക്ഷരരല്ല. മതവും ഭരണ ഘടനയും തങ്ങൾക്ക് നൽകിയ അധികാരത്തെയും അവകാശങ്ങളെയും കുറിച്ച ബോധവതികളാണവർ.മതത്തെ തെറ്റായും സ്വന്തം താൽപര്യങ്ങൾക്കു അനുസൃതമായും ഇനിയും വ്യാഖ്യാനം ചെയ്ത് ഈ ചൂഷണം തുടർന്നാൽ ഖുർആനും ശരീഅത്തും ഉയർത്തിക്കാട്ടി തങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി മുസ്ലിം സ്ത്രീകൾ കോടതി കയറുക തന്നെ ചെയ്യും. ഭരണ ഘടന സ്വന്തം മത വിശ്വാസത്തെ മുറുകെ പിടിക്കാനുള്ള സ്വാതന്ത്ര്യം കൊടുത്തിരിക്കുന്നത് മുസ്ലിം പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്ക് കൂടിയാണത്രെ! വ്യക്തി നിയമത്തിനു നേരെയുള്ള ഏത് കടന്നു കയറ്റവും പ്രതിരോധിക്കൽ മാത്രമാണ് തങ്ങളുടെ കടമ എന്ന് തെറ്റിദ്ധരിച്ചു സമുദായത്തിൽ നിന്ന് തന്നെ ഉയരുന്ന ശബ്ദങ്ങളെ അവഗണിക്കുന്നത് സമുദായത്തിനു ഗുണം ചെയ്യില്ല. ബഹുഭാര്യാത്വവും മുത്തലാഖും ഉയർത്തി കാട്ടിയാണ് മുസ്ലിം സ്ത്രീകളുടെ കണ്ണീർ തുടയ്ക്കാൻ എന്ന വ്യാജേന സംഘ പരി.വാർ ആർ.എസ്. എസ് ശക്തികൾ പൊതു സിവിൽ കോഡ് ചർച്ച വിഷയമാക്കുന്നത്. അതിനു തടയിടാനായെങ്കിലും ഒരു വീണ്ടു വിചാരം നടത്തേണ്ടതുണ്ട്.

അതിനു മെനക്കെടാതെ, മുസ്ലിം സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പല സംഘടനകളും മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ പോലും മുഖവിലക്കെടുക്കാതെ,ബിജെപി ആർഎസ്എസ് സംഘ പരിവാർ ശക്തികൾ ഞങ്ങളുടെ മത സ്വാതന്ത്ര്യത്തിൽ കൈ കടുത്തുന്നെ എന്ന് വിലപിക്കാനും ശരീഅത് സംരക്ഷണ ജാഥ നടത്താനും ഒപ്പു ശേഖരണം നടത്താനും എല്ലാം പോകുന്നതും ആരെ ബോധിപ്പിക്കാനാണ്?

(പൊന്നാനി എം.ഇ.എസ് കോളജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായ ലേഖിക ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ്)

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP