Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകത്തിന് മഹാദുരന്തങ്ങൾ ഒന്നും ഇല്ലാതെ പോയ ഭാഗ്യവർഷം; കേരളത്തെ കണ്ണീരണിയിച്ചത് പുറ്റിങ്ങൽ; ചുഴലിക്ക് പോലും ഇനി നമ്മളെ തേടിയെത്താം; കേരളത്തിലെ മരണങ്ങൾ കുറയ്ക്കാൻ നിർബന്ധമായും പാലിക്കേണ്ട പത്ത് കാര്യങ്ങൾ: മുരളി തുമ്മാരുകുടി എഴുതുന്നു

ലോകത്തിന് മഹാദുരന്തങ്ങൾ ഒന്നും ഇല്ലാതെ പോയ ഭാഗ്യവർഷം; കേരളത്തെ കണ്ണീരണിയിച്ചത് പുറ്റിങ്ങൽ; ചുഴലിക്ക് പോലും ഇനി നമ്മളെ തേടിയെത്താം; കേരളത്തിലെ മരണങ്ങൾ കുറയ്ക്കാൻ നിർബന്ധമായും പാലിക്കേണ്ട പത്ത് കാര്യങ്ങൾ: മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

ഡിസംബർ ഇരുപത്തി ആറ് ഇന്ത്യൻ ഓഷ്യൻ സുനാമിയുടെ വാർഷിക ദിനമാണ്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ഇത് വരെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തം ആണിത്. ഇൻഡോനേഷ്യ മുതൽ സൊമാലിയ വരെ ഉള്ള രാജ്യങ്ങളെ അത് ബാധിച്ചു. രണ്ടു ലക്ഷത്തി അമ്പതിനായിരത്തോളം ആളുകൾ അതിൽ മരിക്കുകയും ചെയ്തു. പുതിയ ദുരന്തങ്ങൾ ഉണ്ടാകുന്നത് നാം പഴയ ദുരന്തങ്ങളിൽ നിന്നും ഒന്നും പഠിക്കാത്തതിനാൽ ആണ്. അതുകൊണ്ട് തന്നെ ഓരോ ഡിസംബർ ഇരുപത്തി ആറും ഞാൻ ആ വർഷം ലോകത്ത് മൊത്തം ഉണ്ടായ ദുരന്തങ്ങളെ അവലോകനം ചെയ്ത് കേരളത്തിന് എന്ത് പഠിക്കാൻ പറ്റുമെന്ന് നോക്കും. ഈ വർഷത്തെ അവലോകനം ആണിവിടെ.

ലോകത്തെ മൊത്തം കാര്യമെടുത്താൽ 2016 അൽപം നല്ല വർഷമായിരുന്നു. മെഗാ ഡിസാസ്റ്റർ (പതിനായിരത്തിലധികം പേർ മരിക്കുന്നത്) ഒന്നും ഉണ്ടായില്ല. ആയിരത്തിലധികം ആളുകൾ മരിക്കുന്നത് പോലും 2016- ൽ ഉണ്ടായിട്ടില്ല. ഇതൊരു നല്ല കാര്യമാണെങ്കിലും പ്രത്യേകിച്ചെന്തെങ്കിലും സുരക്ഷാ നയത്തിന്റേയോ മുൻ കരുതലുകളുടെയോ ഒന്നും ഫലമല്ല. ചില വർഷങ്ങൾ അങ്ങനെ ആകുന്നെന്നു മാത്രം. എന്നാലും സംഭവിക്കാതിരുന്നത് ഭാഗ്യം തന്നെ.

ലോകത്തെ ഈ വർഷത്തെ ഏറ്റവും വലിയ ദുരന്തം മാത്യു ചുഴലിക്കാറ്റ് ആയിരുന്നു. ഹെയ്തി തൊട്ട് അമേരിക്ക വരെ ഇതിന്റെ പ്രഭാവം ഉണ്ടായി. ഹെയ്തിയുടെ ദക്ഷിണ മേഖലയിൽ ഇത് വ്യാപകമായ നാശം വിതച്ചു. കടൽ തീരത്തുള്ള ആയിരക്കണക്കിന് വീടുകളും മറ്റു കെട്ടിടങ്ങളും എല്ലാം പൂർണ്ണമായോ ഭാഗികമായോ കൊടുങ്കാറ്റിൽ തകർന്നും. കൃഷിഭൂമിയിലെയും വനഭൂമിയിലെയും എല്ലാം മരങ്ങൾ നിലം പൊത്തി. രണ്ടായിരത്തി പത്തിലെ ഭൂകമ്പത്തിൽ നിന്നും പതുക്കെ ഉയർന്നു വന്നുകൊണ്ടിരുന്ന രാജ്യത്തിന് ഇത് വലിയ തിരിച്ചടിയായി.

ചുഴലിക്കാറ്റുകൾ ഏറെക്കുറെ സാധാരണമായ രാജ്യമാണ് ഹൈത്തി. ചുഴലിക്കാറ്റുകൾക്കെതിരെ സ്വാഭാവികമായ പ്രതിരോധം തീർക്കുക എന്നത് സാധാരണഗതിയിൽ സാധ്യമല്ല. തീരദേശത്തെ സ്ഥലവിനിയോഗത്തിനുള്ള നിയമങ്ങൾ കൂടുതൽ കർശനമായി പാലിക്കുക, കടലിൽ നിന്നും കുറച്ചു ദൂരം എല്ലാം മാറി വീടുകൾ ഉണ്ടാക്കുക, കടൽത്തീരത്തെ റോഡുകളും മറ്റു സ്ഥാപനങ്ങളും എല്ലാം കടൽവെള്ളപ്പൊക്കം (storm surge) സാധാരണഗതിയിൽ എത്തുന്ന ഉയരത്തിലും അകലത്തിലും അപ്പുറത്ത് സ്ഥാപിക്കാൻ ശ്രദ്ധിക്കുക ഇതൊക്കെയാണ് ഇതിനെതിരെ നമുക്ക് ചെയ്യാവുന്ന കാര്യങ്ങൾ. കൊടുങ്കാറ്റിനെതിരെ ഉള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ മുന്നറിയിപ്പ് കിട്ടിയാൽ ആളുകൾക്ക് മാറിത്താമസിക്കാനുള്ള സുരക്ഷിത കേന്ദ്രങ്ങൾ ഇവയെല്ലാം സജ്ജീകരിക്കുയും വേണം. ആഗോള താപനം കൂടിവരുന്ന കാലത്ത് ചുഴലിക്കാറ്റുകളുടെ എണ്ണവും ശക്തിയും കൂടിക്കൂടി വരും. അതുകൊണ്ടു തന്നെ ഈ കാര്യത്തിൽ ലോക രാജ്യങ്ങൾ എല്ലാം കൂടുതൽ ശ്രദ്ധിക്കുന്നുണ്ട്.

വൻ അപകടങ്ങളും പ്രകൃതിദുരന്തങ്ങളുമല്ല, ശരിക്കും കേരളത്തിലെ സുരക്ഷാവീഴ്ച മൂലമുള്ള മരണങ്ങളിലെ പ്രധാന കുറ്റവാളി. കേരളം സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യുറോ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് കേരളത്തിൽ വിവിധ അപകടങ്ങളിലായി 8635 പേർ മരിച്ചിട്ടുണ്ട്. ഇതിൽ 4196 പേർ റോഡപകടങ്ങളിലാണ് മരിച്ചത്.അറബിക്കടലിൽ അധികം കൊടുങ്കാറ്റുകൾ ഉള്ള സ്ഥലം അല്ല, പ്രത്യേകിച്ചും കേരളത്തിൽ വലിയ കൊടുങ്കാറ്റുകൾ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. പക്ഷെ അടുത്തയിടയായി ഒമാനിലും ഒക്കെ കൊടുങ്കാറ്റുകൾ കൂടുതൽ സാധാരണമാവുകയാണ്. കാലാവസ്ഥാവ്യതിയാനം കേരളത്തിൽ കൂടുതൽ കാറ്റുകൾ ഉണ്ടാക്കാൻ ഒക്കെ സാധ്യതയുണ്ട്. ദേശീയ ചുഴലിക്കാറ്റ് ദുരന്തലഘൂകരണ പദ്ധതിയിൽ പെടുത്തി കേരളവും സുരക്ഷാ ഷെൽട്ടർ ഒക്കെ നിർമ്മിക്കുന്നും ഉണ്ട്. എന്നാലും കൊടുങ്കാറ്റിന്റെ കാര്യത്തിൽ നമുക്ക് കൂടുതൽ ബോധവൽക്കരണം വേണ്ടതാണ്. തീരദേശത്തെ സ്ഥലവിനിയോഗത്തിന്റെ കാര്യത്തിലും കൂടുതൽ ശ്രദ്ധയും നിർബന്ധബുദ്ധിയും കാണിക്കുകയും വേണം. തീരദേശത്ത് നിയമം അനുസരിച്ചോ ലംഘിച്ചോ ഒക്കെ കെട്ടിടങ്ങൾ പണിത് അത് വലിയ മിടുക്കായി കാണുന്നവർക്കൊക്കെ ഏതെങ്കിലും സമയത്ത് പ്രകൃതിയുടെ തിരിച്ചടി കിട്ടും എന്നതിൽ സംശയമില്ല. ഹെയ്തിയിലെ തീരദേശത്ത് വീടുകളും ഹോട്ടലുകളും എല്ലാം പൂർണ്ണമായി തകർന്നു കിടക്കുന്നത് കാണുമ്പോൾ നാട്ടിൽ പലപ്പോഴും ഈ വിഷയം ഒരു കോടതി വിഷയം ആയി കാണുന്നത് കണ്ട് എനിക്ക് വിഷയം തോന്നാറുണ്ട്.

ഇന്ത്യയുടെ കാര്യത്തിലും ഒരു പരിധിവരെ നല്ല വർഷമായിരുന്നു 2016. ഏറെ മരണങ്ങൾ ഉണ്ടാക്കിയ പ്രകൃതിദുരന്തങ്ങൾ ഒന്നുമുണ്ടായില്ല. കാൺപൂരിലുണ്ടായ റെയിലപകടമാണ് കൂട്ടത്തിൽ ഏറ്റവും വലുത്. നൂറിലേറെപ്പേർ അവിടെയും മരിച്ചു. ട്രെയിൻ പാളം തെറ്റുന്നതുപോലെയുള്ള അപകടങ്ങൾ ഇന്ത്യയിൽ കുറഞ്ഞുവരുന്നതിനിടക്കാണ് ഒരു അനോമലി പോലെ ഈ അപകടമുണ്ടായത്. ഡിസംബറിൽ തമിഴ്‌നാടിൽ ഉണ്ടായ വർധ ചുഴലിക്കാറ്റ് ഏറെ നഷ്ടം ഉണ്ടാക്കിയെങ്കിലും മുന്നറിയിപ്പും മുന്നൊരുക്കങ്ങളും കാരണം അധികം മരണം ഉണ്ടാക്കിയില്ല. കേരളത്തിലെ തീരദേശനിയമം പാലിക്കാൻ നിയോഗിച്ചിരിക്കുന്നു വിഭാഗത്തിലെ ആളുകളും നഗരവികസനത്തിലെ ഉദ്യോഗസ്ഥരും എല്ലാം പറ്റിയാൽ ചെന്നൈയിൽ പോയി ചുഴലിക്കാറ്റുണ്ടാക്കുന്ന പ്രശ്‌നങ്ങൾ നേരിട്ട് കാണേണ്ടതാണ്.

കേരളത്തിന്റെ കാര്യമെടുത്താൽ സ്ഥിതി നേരെ തിരിച്ചാണ്. സമീപകാല കേരളചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് പുറ്റിങ്ങലിലുണ്ടായത്. 112 പേർ മരിച്ചു. ഏറെപ്പേർക്ക് പരിക്കും പറ്റി. സുനാമിയിലാണ് ഇതിലധികം പേർ മരിച്ചത്. പക്ഷെ അത് പാറശ്ശാല മുതൽ ചാവക്കാട് വരെ മുന്നൂറു കിലോമീറ്റർ ദൂരത്തിനകത്തായിരുന്നല്ലോ. എന്നാലിത് അഞ്ഞൂറുമീറ്റർ ചുറ്റളവിലാണ് നൂറു മരണങ്ങൾ നടന്നത്. എത്രയോ പേർക്ക് പരിക്ക് പറ്റി, കുറെ പേരെങ്കിലും ജീവിതകാലം മുഴുവൻ ഈ അപകടത്തിന്റെ പരിക്കുമായി ജീവിതം കഴിക്കേണ്ടി വരും.

ഞാനെപ്പോഴും പറയാറുള്ളതുപോലെ അപകടങ്ങൾ ഉണ്ടാകുന്നുവെന്നത് മാത്രമല്ല ദുരന്തം, അവയിൽനിന്ന് നാമൊന്നും പഠിക്കുന്നില്ല എന്നതാണ്. അതിന്റെ ഫലമായി അപകടങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുന്നു. വെടിക്കെട്ടപകടം തന്നെയെടുത്താൽ 1952-ലെ ശബരിമല വെടിക്കെട്ടപകടം മുതൽ എത്രയോ തവണ ഇത്തരം ദുരന്തങ്ങൾ കേരളത്തിൽ സംഭവിച്ചിരിക്കുന്നു. എന്നാലും 2017- ൽ ഇങ്ങനൊരപകടം ഉണ്ടാകില്ല എന്നു പ്രതീക്ഷിക്കാനുള്ളത്ര മാറ്റങ്ങൾ പോലും ഈ രംഗത്തു നാം ഉണ്ടാക്കിയിട്ടില്ല. പുറ്റിങ്ങൽ അപകടം ഉണ്ടായ ഉടൻ തന്നെ മന്ത്രിമാരുടെ ഒരു ഉപസമിതി ഉണ്ടാക്കിയിരുന്നു. മന്ത്രിസഭ മാറിയതിൽപ്പിന്നെ അതിനെപ്പറ്റി കേട്ടിട്ടുപോലുമില്ല. ഒരു ജഡ്ജിയെ അന്വേഷണക്കമ്മീഷനായി നിയമിച്ചു. അതിനെപ്പറ്റി പിന്നീട് നാം കേൾക്കുന്നത് അദ്ദേഹം രാജിവെക്കുമെന്ന് പറഞ്ഞപ്പോഴാണ്. ഇതിന് മുൻപും എത്രയോ അപകടങ്ങളുടെ പേരിൽ ജുഡീഷ്യൽ കമ്മീഷനുകൾ ഉണ്ടായിരിക്കുന്നു. പക്ഷെ അതിന്റെ ശുപാർശകൾ നടപ്പാക്കുന്നില്ല. അതുകൊണ്ട് തന്നെ ഇനിയിപ്പോൾ അന്വേഷണക്കമ്മീഷൻ അന്വേഷണമൊക്കെ നടത്തി കുറ്റക്കാരെ കണ്ടുപിടിക്കുകയോ, സുരക്ഷാ ശുപാർശകൾ നടത്തുകയോ ചെയ്താലും എന്തു മാറ്റമാണ് ഉണ്ടാകാൻ പോകുന്നത്?

നമുക്ക് വേണ്ടത് നിയമപ്രകാരം അധികാരമുള്ള ഒരു സംസ്ഥാന സുരക്ഷാ അഥോറിറ്റിയാണ്. ഓരോ അപകടങ്ങൾ നടക്കുന്‌പോഴും അതിന്റെ സാധ്യതയും തീവ്രതയുമനുസരിച്ച് മൂലകാരണം കണ്ടുപിടിക്കാനുള്ള പ്രൊഫഷണലായ അന്വേഷണം നടത്താൻ സാങ്കേതിക കഴിവും അധികാരവും ആ അഥോറിറ്റിക്ക് ഉണ്ടാകണം. അഥോറിറ്റിയുടെ നിരീക്ഷണങ്ങൾ കൃത്യമായി ഏതെങ്കിലുമൊക്കെ സർക്കാർ വകുപ്പുകളുടെ ഉത്തരവാദിത്തമായിരിക്കണം. ഈ ശുപാർശകൾ സമയബന്ധിതമായി നടപ്പാക്കാൻ ഈ വകുപ്പുകൾ നിയമം മൂലം നിർബന്ധിതരായിരിക്കണം. അവരങ്ങനെ ചെയ്യാതിരുന്നാൽ അതിനവരെ നിർബന്ധിക്കാൻ പൗരന്മാർക്ക് കഴിയണം. ഇത്രയൊക്കെ ഉണ്ടാകുന്‌പോഴാണ് അന്വേഷണം ഫലപ്രദമാകുന്നത്. ഇതൊന്നും വലിയ പുതുമയുള്ള കാര്യങ്ങളല്ല. സുരക്ഷ ഗൗരവമായെടുക്കുന്ന രാജ്യങ്ങളിലെയും സ്ഥാപനങ്ങളിലെയും സാധാരണ നാട്ടുനടപ്പാണ്.

അപകടങ്ങൾ ഉണ്ടാകുന്നുവെന്നത് മാത്രമല്ല ദുരന്തം, അവയിൽനിന്ന് നാമൊന്നും പഠിക്കുന്നില്ല എന്നതാണ്. അതിന്റെ ഫലമായി അപകടങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുന്നു. വെടിക്കെട്ടപകടം തന്നെയെടുത്താൽ 1952-ലെ ശബരിമല വെടിക്കെട്ടപകടം മുതൽ എത്രയോ തവണ ഇത്തരം ദുരന്തങ്ങൾ കേരളത്തിൽ സംഭവിച്ചിരിക്കുന്നു. എന്നാലും 2017- ൽ ഇങ്ങനൊരപകടം ഉണ്ടാകില്ല എന്നു പ്രതീക്ഷിക്കാനുള്ളത്ര മാറ്റങ്ങൾ പോലും ഈ രംഗത്തു നാം ഉണ്ടാക്കിയിട്ടില്ല.വൻ അപകടങ്ങളും പ്രകൃതിദുരന്തങ്ങളുമല്ല, ശരിക്കും കേരളത്തിലെ സുരക്ഷാവീഴ്ച മൂലമുള്ള മരണങ്ങളിലെ പ്രധാന കുറ്റവാളി. കേരളം സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യുറോ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് കേരളത്തിൽ വിവിധ അപകടങ്ങളിലായി 8635 പേർ മരിച്ചിട്ടുണ്ട്. ഇതിൽ 4196 പേർ റോഡപകടങ്ങളിലാണ് മരിച്ചത്. കേരളത്തിലെ 2016-ലെ ജനസംഖ്യ മൂന്നുകോടി മുപ്പത് ലക്ഷമായി പ്രൊജക്റ്റ് ചെയ്താൽ ഒരാൾ അപകടമരണത്തിൽ പെടാനുള്ള സാധ്യത ഒരു ലക്ഷത്തിന് 28 ആണ്. അല്ലെങ്കിൽ മൂവായിരത്തിൽ ഒന്ന്. ഇതത്ര വലിയ സംഖ്യയല്ലെന്ന് തോന്നാം. 25000 പേരുള്ള എന്റെ സോഷ്യൽ നെറ്റ് വർക്കിൽ നിന്ന് ശരാശരി ഏഴുപേർ കഴിഞ്ഞ വർഷം വിസ കാലാവധി തീരാതെ തന്നെ സ്ഥലം വിട്ടു കാണണം എന്നർത്ഥം. അതിൽ കുറച്ചു പേരെ ഒക്കെ എനിക്കറിയാം, എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്ത് അപകടത്തിൽ പെട്ട് കാലിന് ഫ്രാക്ച്ചർ പറ്റി ഇപ്പോൾ വീട്ടിൽ റസ്റ്റ് ചെയ്യുകയാണ്. കാറിന്റെ പിൻസീറ്റിൽ ആയതിനാൽ ബെൽറ്റ് ഇടാതിരുന്നതാണ് കുഴപ്പമായത്. കാറിന്റെ മുന്നിലിരുന്നവർ നിസ്സാരമായ പരിക്കുകളോടെ രക്ഷപെട്ടു. നിസ്സാരമായ ചെറിയ പിഴവുകളിൽ നിന്നാണ് പലപ്പോഴും ചെറിയ അപകടങ്ങൾ വലിയ ദുരന്തങ്ങളിലേക്ക് നീങ്ങുന്നത്.

കേരളത്തിലെ മൊത്തം സുരക്ഷാ സംവിധാനങ്ങൾ മാറി ആളുകൾ സുരക്ഷിതരാകാൻ കുറെ നാളെടുക്കും. അപ്പോൾ 2017 - ലും മരണസംഖ്യ ഏതാണ്ട് ഇത്രയൊക്കെത്തന്നെ ആയിരിക്കും. അപ്പോൾ എന്റെ സുഹൃത്തുക്കളെല്ലാം ഇത് വായിക്കുന്നുണ്ടെങ്കിൽ ഞാനുൾപ്പെടെയുള്ളവരിൽ നിന്നും ഏഴുപേരുടെ (ചിലപ്പോൾ അതിലധികവും) കാര്യം പോക്കാണ്.

സുരക്ഷയെപ്പറ്റി അടിസ്ഥന ബോധമില്ലാത്ത ഈ സംസ്‌കാരത്തിനിടയിലും സ്വന്തം സുരക്ഷ നോക്കാൻ നമുക്ക് സാധിക്കും. ഇനി പറയുന്ന പത്തു കാര്യങ്ങൾ വള്ളിപുള്ളി വിടാതെ അങ്ങുചെയ്താൽ നമ്മുടെ മരണ സാധ്യത ഏറെ കുറയും.

  1. ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിൽ യാത്ര അരുത്!
  2. കാറിൽ കയറിയാലുടൻ മുന്നിലാണെങ്കിലും പിന്നിലാണെങ്കിലും സീറ്റ് ബെൽറ്റിടുക.
  3. കുട്ടികൾക്ക് ഒരു ഇൻഫന്റ്‌സീറ്റ് വാങ്ങി ഉപയോഗിക്കുക.
  4. ഡ്രൈവർ (അത് സ്വന്തം ഭർത്താവാണെങ്കിൽ പോലും) മദ്യപിച്ചിട്ടുണ്ടെന്ന് ഒരു സൂചന കിട്ടിയാൽപ്പിന്നെ ആ വാഹനത്തിൽ യാത്ര ചെയ്യാതിരിക്കുക.
  5. രാത്രി പത്തിനും രാവിലെ നാലിനുമിടയിൽ റോഡ് യാത്ര ഒഴിവാക്കുക.
  6. ജലസുരക്ഷയെപ്പറ്റി നല്ല ബോധമുള്ള ആരെങ്കിലും കൂടെയില്ലെങ്കിൽ വെള്ളത്തിൽ കുളിക്കാനോ കളിക്കാനോ പോകാതിരിക്കുക.
  7. ഒരുകാരണവശാലും ഓടുന്ന ട്രെയിനിൽ ചാടിക്കയറുകയോ അതിൽ നിന്നും ചാടിയിറങ്ങുകയോ ചെയ്യാതിരിക്കുക.
  8. നമ്മൾ പരിചയിച്ചിട്ടില്ലാത്ത പണികൾ (ഇലക്ട്രിക് റിപ്പയറിങ്, കിണർ വൃത്തിയാക്കൽ തുടങ്ങിയവ) ചെയ്യാൻ ശ്രമിക്കാതിരിക്കുക. ഔദ്യോഗിക ജോലികളിൽ ഏർപ്പെടുന്നവർ നിർദ്ദേശിച്ചിട്ടുള്ള വ്യക്തി സുരക്ഷാ ഉപകരണങ്ങൾ മടി കൂടാതെ ഉപയോഗിക്കുക.
  9. ഒരപകട സാഹചര്യം വന്നാൽ സ്വന്തം സുരക്ഷ നോക്കാതെ മറ്റുള്ളവരെ രക്ഷിക്കാൻ ശ്രമിക്കാതിരിക്കുക.
  10. നമ്മൾ എത്രയൊക്കെ ശ്രദ്ധിച്ചാലും മറ്റുള്ളവരുടെ അശ്രദ്ധ കൊണ്ടും നമുക്കപകടം ഉണ്ടാകാമെന്നതിനാൽ ഉടൻ തന്നെ ഒരു ഹെൽത്ത് ഇൻഷുറൻസും, അപകട ഇൻഷുറൻസും, ലൈഫ് ഇൻഷുറൻസും എടുത്തുവെക്കുക.

സുരക്ഷിതമായ 2017 ആശംസിക്കുന്നു. ജീവനോടെയുണ്ടെങ്കിൽ 2018 ലേക്കുള്ള ആശംസകളുമായി 2017 ഡിസംബറിൽ വീണ്ടും കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP