Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിയമം ചിലന്തി വലപോലെയാണ്; ചെറിയ പ്രാണികൾ അതിൽ അകപ്പെടുകയും കൂടുതൽ അപകടകാരികളായ കടന്നലുകൾ വല പൊട്ടിച്ചു പുറത്തു ചാടുകയും ചെയ്യുന്നു; ഈ നാട്ടിലെ സാധാരണ ജനം എന്തു വിശ്വസിച്ച് ഇനി ഇവിടെ ജീവിക്കും? ദീപ പ്രവീൺ എഴുതുന്നു

നിയമം ചിലന്തി വലപോലെയാണ്; ചെറിയ പ്രാണികൾ അതിൽ അകപ്പെടുകയും കൂടുതൽ അപകടകാരികളായ കടന്നലുകൾ വല പൊട്ടിച്ചു പുറത്തു ചാടുകയും ചെയ്യുന്നു; ഈ നാട്ടിലെ സാധാരണ ജനം എന്തു വിശ്വസിച്ച് ഇനി ഇവിടെ ജീവിക്കും? ദീപ പ്രവീൺ എഴുതുന്നു

ദീപ പ്രവീൺ

ഗോവിന്ദ ചാമി എന്ന ക്രിമിനലിനെ (ചാർളി തോമസ്സ്), ജീവപര്യന്തത്തിനുശേഷം പൊതു സമൂഹത്തിലേക്ക് തുറന്നു വിടാൻ സഹായിച്ച വ്യവസ്ഥ/പ്രോസിക്യൂഷനോടു/സ്റ്റേറ്റിനോട് ചോദിക്കാനുള്ളത്, ഈ നാട്ടിലെ സാധാരണ ജനം എന്തു വിശ്വസിച്ചു ഇനി ഇവിടെ ജീവിക്കും?

ഇന്നും നിയമവ്യവസ്ഥയുടെ കാതലായി പറയുന്നത് സോഷ്യൽ കാൺട്രാക്ക് തിയറി (social contract theory) തന്നെയാണ്. ജനങ്ങൾ അവരുടെ ചില അവകാശങ്ങൾ സ്റ്റേറ്റിന് മുന്നിൽ അടിയറ വെയ്ക്കുമ്പോൾ സ്റ്റേറ്റ് പകരമായി നിങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതതത്വം നൽകുക എന്നത് പരമോന്നത ഉത്തരവാദിത്വമായി കാണും. അതിനു ഉതകുന്ന നിയമ നിർമ്മാണം നടത്തും,

ആ നിയമം സംരക്ഷിക്കാനായി പൊലീസ് അടക്കമുള്ള ഘടകങ്ങൾ ഏറ്റവും ഫലപ്രദമായി പ്രവർത്തിക്കും, എന്നിട്ടും ഒരു മനുഷ്യനോ/ മൃഗത്തിനോ/ സ്ഥാവര ജംഗമ വസ്തുക്കളാകെതിരെയോ അക്രമം നടന്നാൽ അത് സ്റ്റേറ്റിനു എതിരെയുള്ള കുറ്റമായി കണ്ടു അതിനു ഇടയാക്കിയവർക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷഉറപ്പു വരുത്തും. ഈ സംരക്ഷണം സ്റ്റേറ്റ് ജനങ്ങൾക്കു കൊടുക്കുന്ന ദാനമല്ല മറിച്ചു സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണ്.

ഗോവിന്ദ ചാമിയുടെ വധശിക്ഷ റദ്ദാക്കികൊണ്ടുള്ള പരമോന്നത കോടതിയുടെ വിധിയെ എല്ലാ ബഹുമാനത്തോടു കൂടി അംഗീകരിക്കുന്നു. വധശിക്ഷ എന്നതു റേയറസ്‌റ് ഓഫ് റെയർ കേസ്‌കളിൽ മാത്രം കൊടുക്കേണ്ട ഒന്നാണ് എന്നതും അംഗീകരിക്കുന്നു. അല്ലാത്ത ഒരു കീഴ് വഴക്കം (precedent) പരമോന്നത കോടതി മുന്നോട്ട് വയ്ക്കുകയും അരുത്.

പരമോന്നത കോടതിയുടെ വെബ്‌സൈറ്റിൽ വിധി ഇനിയും എത്താത്തതുകൊണ്ട് നിലവിലുള്ള റിപ്പോർട്ടുകളിൽ നിന്ന് അനുമാനിക്കാവുന്നത് ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 302 (കൊലപാതകം) സുപ്രീം കോടതിക്കു മുന്നിൽ തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ല. അതായതു ഗോവിന്ദ ചാമിയെ പേടിച്ചു മാനവും ജീവനും ഭയന്നു ട്രെയിനിൽ നിന്ന് ചാടിയ സൗമ്യയെ കല്ല് കൊണ്ടിടിച്ച ശേഷം ബലാത്സംഗം ചെയ്തു കൊന്നു എന്നത് തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല. പകരം ബലാത്സംഗം ചെയ്തതതും മൊബൈൽ ഫോൺ മോഷ്ടിച്ചതും മാത്രമാണ് തെളിയിക്കപ്പെട്ടത്. അതുകൊണ്ട് തന്നെ പ്രതിക്ക് അതിനുള്ള ശിക്ഷ മാത്രം ലഭിക്കുകയും ചെയ്തു.

ഒരു കേസ്സിനെ മാദ്ധ്യമങ്ങൾ സെൻസേഷണലൈസ് ചെയ്യുമ്പോൾ അതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് മേൽവരുന്ന അധിക സമ്മർദം കാര്യക്ഷമമായ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. പലപ്പോഴും അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പെത്തുന്ന മാദ്ധ്യമപ്രവർത്തകരും പൊതുജനവും ക്രൈം സീനിൽ അതിക്രമിച്ചു കടന്നു ബോധപൂർവമല്ലെങ്കിൽ പോലും തെളിവുകൾ നശിപ്പിക്കുകയാണ് ചെയ്യുന്നത്.ഇവിടെ സൗമ്യ ഗോവിന്ദ ചാമിയെ പേടിച്ചു ചാടി/അല്ലെങ്കിൽ പ്രതി തള്ളിയിട്ടു അതിനു ശേഷം ആക്രമിച്ചു. ആ ആക്രമണം കൊലയിൽ കലാശിച്ചു അതുകൊണ്ട് തന്നെ അതുകൊലപാതമാണ് എന്നായിരുന്നു പ്രോസിക്യൂഷൻ തെളിയിക്കേണ്ടിയിരുന്നത്. എന്നാൽ ദൃക്സാക്ഷികളുടെ അഭാവത്തിൽ നിലവിലുള്ള ശാസ്ത്രീയമായ തെളിവുകൾ നൽകി ഈ കുറ്റം തെളിയുന്നതിൽ പരാജയമായത്തിൽ ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഓരോ വിഭാഗത്തിനും പങ്കുണ്ട്. കീഴ്‌കോടതി വധശിക്ഷ വിധിക്കാനുള്ള മുഖ്യകാരണമായി കണ്ടെത്തിയ തെളിവുകളിൽ ഒന്ന് സൗമ്യയെ പീഡിപ്പിച്ചതു താനാണെന്നുള്ള പ്രതിയുടെ കുറ്റ സമ്മതവും, മരണ കാരണം പീഡനമാണെന്നും ആക്രമണം ആണെന്നുമുള്ള പോസ്റ്റ് മോർട്ടം റിപ്പോർട്ടുമായിരുന്നു. എന്തുകൊണ്ടാണ് അതു സുപ്രീം കോടതിൽ do instate ചെയ്യാൻ കഴിയാതിരുന്നത് എന്നത് ചോദ്യ ചിന്നമാകുന്നു.

അഫ്‌സൽ ഗുരുവിന്റെതുപോലെ ഈ കേസ് ദേശിയ തലത്തിൽ ശ്രദ്ധ ആകർഷിച്ച ഒന്നായിരുന്നുവെങ്കിൽ ശിക്ഷ മറ്റൊന്നാകുമായിരുന്നോ എന്നതും ചിന്തനീയമായ വിഷയമാണ്. അതോടൊപ്പം ഒരു കേസ്സിനെ മാദ്ധ്യമങ്ങൾ സെൻസേഷണലൈസ് ചെയ്യുമ്പോൾ അതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് മേൽവരുന്ന അധിക സമ്മർദ്ദവും, കേസ്സിന്റെ ശരിയായുള്ള അന്വേഷണക്രമത്തെ ബാധിക്കലും, അത് കാര്യക്ഷമമായ ഒരു അന്വേഷണത്തേ പ്രതികൂലമായി ബാധിക്കുന്നതുമാണ് പല കേസുകളിലും നമ്മൾ കാണുന്നത്. പലപ്പോഴും അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പെത്തുന്ന മാദ്ധ്യമപ്രവർത്തകരും പൊതുജനവും ക്രൈം സീനിൽ അതിക്രമിച്ചു കടന്നു ബോധപൂർവമല്ലെങ്കിൽ പോലും തെളിവുകൾ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് പോലെയുള്ള കേസ്സുകളിൽ വിധി വരുമ്പോൾ മാദ്ധ്യമങ്ങളും പൊതു ജനങ്ങളും കാണിക്കുന്ന സാമൂഹിക പ്രതിബദ്ധത' ഒരു കേസ്സിന്റെ സുഗമയമായ അന്വേഷണത്തിന് അവരെ പ്രാപ്തരാകുന്നത് കൂടിയാവണം. ഇല്ലെങ്കിൽ ഇത് പോലെയുള്ള കുറ്റവാളികൾ രക്ഷപെടുന്നതിനു ക്രൈം സീനിലേക്കുള്ള നമ്മുടെ ഓരോ കടന്നു കയറ്റവും വഴിവച്ചേക്കാം.

അതിനും അപ്പുറം ഒരു നിലവിളി കേട്ടാൽ അതിനു നേരെ കാതു കൊട്ടി അടക്കുന്ന സമൂഹത്തിനും ഈ വിധിയിൽ ഒരു പങ്കുണ്ട്. ജസ്റ്റിസ് കമാൽ പാഷ തന്റെ ഹൈക്കോടതി വിധിയിൽ കുറിച്ചതും മറ്റൊന്നായിരുന്നില്ല

'The lethargic lukewarm attitude, the insensitivity to respond, and selfishness to be non-responsive from the part of the fellow passengers of a running train to extend a helping hand, to lift a girl from danger, has resulted in a grave tragedy as the one in this case'

ഇനി എന്ത്?

ന്ത് കാരണങ്ങൾ നിരത്തിയാലും ഇവിടെ സമൂഹത്തിനു നീതിനിഷേധിക്കപ്പെടുക മാത്രമല്ല ചെയ്തത്, മറിച്ചു സാധാരണക്കാർക്കു നിയമ വ്യവസ്ഥയിലും അതു നടപ്പിൽ വരുത്തേണ്ട കോടതി അടക്കമുള്ള സർക്കാർ സംവിധാനങ്ങളിലും ആണ് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നത്. അത് രാജ്യത്തു കൂടുതൽ അരാജകത്വം സൃഷ്ടിക്കും, ജനങ്ങൾ നിയമം കൈയിലെടുക്കും, കൂടുതൽ ശങ്കര നാരായണന്മാർ (കൃഷ്ണപ്രിയയുടേ അച്ഛൻ ) ഈ രാജ്യത്തുണ്ടാകും. ആ അവസ്ഥ ഒഴിവാക്കേണ്ടത് സർക്കാരിന്റെ കടമയാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താൻ കാലോചിതമായ നിയമ നിർമ്മാണം വേണം, ആ നിയമം സംരക്ഷണത്തിനു മാറി മാറി വരുന്ന സർക്കാർ നയങ്ങളേയും, ഭരണമേലാളന്മാരെയും ഭയക്കാത്ത നിയമത്തിനു മാത്രം വിധേയമായി പ്രവർത്തിക്കുന്ന പൊലീസ് അടങ്ങുന്ന എക്‌സിക്യൂട്ടീവ് വിങ് വേണം. കൂടുതൽ സുതാര്യമായ കോടതി സംവിധാനങ്ങൾ വേണം. പബ്ലിക് പ്രോസിക്യൂട്ടറും, സ്‌പെഷ്യൽ പബ്ലിക് പ്രോസികുട്ടറും ഒന്നും മാറി മാറി വരുന്ന ഗവൺമെന്റ്കളുടെ പ്രത്യേക താൽപ്പര്യപ്രകാരം ഉള്ളവരാകരുത്. മറിച്ചു മെറിറ്റാവണം അവരെ തിരഞ്ഞെടുക്കുന്ന മാനദണ്ഡം. അതുപോലെ തന്നെ വിവിധ ജുഡീഷ്യൽ പോസ്റ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പുകളും അതിന്റെ യോഗ്യത കളും. കഴിഞ്ഞ മുൻസിഫ് മജിസ്ട്രേറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇനിയും കിടന്നു പുകയുന്ന കനലുകൾ ഉണ്ടെന്നത് മറക്കരുത്. അധികം നാളുകൾക്കു മുൻപല്ല 10 വർഷം വിവിധ വിധി ന്യായങ്ങൾ പുറപ്പെടുവിച്ച ന്യായധിപനു ബേസിക് നിയമങ്ങൾ പോലും അറിയില്ല എന്ന് സ്‌പെഷ്യൽ ഇൻക്വിറി കമ്മറ്റി കണ്ടെത്തിയത്. എന്തും സെൻസേഷണലൈസ്‌നി ചെയ്യുന്ന നവമാദ്ധ്യങ്ങളും ഒരു പരിധി വരെ പ്രിന്റ് മീഡിയയും ഇന്ത്യ നീതി ന്യായ വ്യവസ്ഥയിൽ അത് വഴി പൊതു സമൂഹത്തിലും വലിയ മാറ്റങ്ങൾക്കു വഴി വെയ്ക്കാവുന്ന SC Collegium ചർച്ചകൾക്ക് നേരെ തണുത്ത സമീപനം സ്വീകരിക്കുന്നു. വിധി ന്യാങ്ങളെ പഴിചു മാത്രമല്ല മാത്രമല്ല നമ്മുടെ സാമൂഹിക പ്രതിബന്ധത വെളിവാക്കേണ്ടത്. Collegium പോലെയുള്ള ചർച്ചകളിൽ പങ്കെടുത്തു കൂടിയാണ്.അതുപോലെ തന്നെ നിയമത്തിനു നിർവചനങ്ങൾ നൽകുകയും നിയമവാഴച്ച ഉറപ്പാകുകകും ചെയ്യുന്ന അഭിഭാഷകന്മാരും ന്യായധിപന്മാരും അടങ്ങുന്ന നിയമവിഭാഗം പൊതു സമൂഹത്തോടുള്ള കടമ മറക്കരുത്.

കുറ്റകൃത്യങ്ങൾ ഒഴിവാകുന്നതിൽ സ്റ്റേറ്റ് പരാജയ പ്പെടുകയാണ് എങ്കിൽ മിനിമം കേസ് അന്വേഷണം തുടങ്ങുന്നത് മുതൽ അന്തിമ വിധി വരുന്നത് വരെ. ഏറ്റവും കാര്യക്ഷമവും ചടുലവും കുറ്റമറ്റതുമായ നിയമ നിർവ്വഹണ വ്യവസ്ഥ നിലവിൽ വരണം. ഉദാഹരണത്തിന് ജിഷ വധ കേസ്സിൽ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർ പ്പിച്ചിട്ടില്ല എന്നത്തുതും അതുകൊണ്ട് പ്രതി ജാമ്യത്തിന് അർഹനാകുന്നു എന്നതും ഈ അവസരത്തിൽ ഓർക്കേണ്ടതാണ്. ജിഷയുടെ കേസ്സും കോടതിയയ്ക് മുന്നിൽ അർഹമായ ശിക്ഷ വിധിക്കാൻ മതിയായ തെളിവുകൾ ഇല്ലാതെയാണ് എത്തുന്നതിനെങ്കിൽ കോടതിക്ക് ആ കേസിലും കൂടുതൽ ഒന്നും ചെയ്യാനാവില്ല എന്നത് ഭയപ്പെടുത്തുന്ന ഒരോർമ്മപ്പെടുത്താലാണ്.

ഇപ്പോൾ സംഭവിച്ചതു ജോനാഥൻ സ്വിഫ്റ്റ് (1707) CÂ A Critical Essay upon the Faculties of the Mind ഇൽ കുറിച്ച വരികൾ അനുസ്മരിപ്പിക്കുന്നു. നിയമം ചിലന്തി വലപോലെയാണ് ചെറിയ പ്രാണികൾ അതിൽ അകപ്പെടുകയും കൂടുത്താൽ അപകടകാരികാളയ കടന്നലുകൾ വല പൊട്ടിച്ചു പുറത്തു ചാടുകയും ചെയ്യുന്നു.

നരഹത്യയ്ക്കു പോലും ശിക്ഷ ലഭിക്കാതെ ഗോവിന്ദ ചാമി പുറത്തു വരുമ്പോൾ തോന്നുന്നതും അതാണ്, അപകടകാരിയായ കടന്നൽ, നിന്റെ അല്ലെങ്കിൽ നിന്നെ പോലെയുള്ള അനവധി പേരുടെ ആക്രമണങ്ങളിൽ നിന്ന് ആരാണ് ഞങ്ങൾക്ക് സംരക്ഷണം തരുക?

(നിയമത്തിലും ക്രിമിനോളജിയിലും ബിരുദാനന്തര ബിരുദം നേടിയ ആളാണു ലേഖിക)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP