Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിൽക്കുന്ന മദ്യത്തിന്റെ അളവും സാധാരണക്കാരൻ ചെലവാക്കുന്ന പണത്തിന്റെ അളവും കൂട്ടിയ മദ്യനയം മാറ്റിയേ മതിയാവൂ; പുതിയ മദ്യനയം തീരുമാനിക്കും മുമ്പ് ഓർത്തിരിക്കേണ്ട കാര്യങ്ങൾ

വിൽക്കുന്ന മദ്യത്തിന്റെ അളവും സാധാരണക്കാരൻ ചെലവാക്കുന്ന പണത്തിന്റെ അളവും കൂട്ടിയ മദ്യനയം മാറ്റിയേ മതിയാവൂ; പുതിയ മദ്യനയം തീരുമാനിക്കും മുമ്പ് ഓർത്തിരിക്കേണ്ട കാര്യങ്ങൾ

സാധാരണക്കാർ കുടിച്ചുകൊണ്ടിരുന്ന ബാറുകൾ നിർത്തിയപ്പോൾ എന്താണു സംഭവിച്ചത് എന്നു കൃത്യമായി കണ്ടെത്തണം. അതു ജനങ്ങൾക്കു മുമ്പാകെ അവതരിപ്പിക്കണം. അതിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായ മദ്യനയം എങ്ങനെയാകണമെന്നു ജനങ്ങൾക്കിടയിൽ ചർച്ച ചെയ്തു തീരുമാനിക്കണം.

ഞാൻ മനസിലാക്കിയിടത്തോളം സാധാരണബാറുകൾ പൂട്ടിയശേഷം മദ്യോപയോഗം കൂടുകയാണുണ്ടായത്. അതിന്റെ കാരണം രണ്ടാകാം.

1. ബാറിൽനിന്ന് രണ്ടോ മൂന്നോ പെഗ് മദ്യം കഴിച്ചു വീട്ടിൽപ്പോകുന്നവരായിരുന്നു കൂടുതലും. മദ്യപിച്ചു വണ്ടിയോടിച്ചാൽ പൊലീസ് പിടിക്കും എന്ന ബോധവും പലരെയും മദ്യപാനം നിയന്ത്രിക്കാനും നേരത്തേ വീട്ടിൽപ്പോകാനും പ്രേരിപ്പിച്ചിരുന്നു. എന്നാൽ, ആ ബാറുകൾ പൂട്ടിയതോടെ മദ്യം കിട്ടാൻ സർക്കാരിന്റെ മദ്യവിൽപ്പനശാലകളിൽ ക്യൂ നിൽക്കേണ്ട സ്ഥിതിയായി. നമ്മുടെ സമൂഹം മോശമായി കാണുന്ന കാര്യമാണിത് എന്നതിനാൽ പലവട്ടം ക്യൂ നിൽക്കുന്നത് ഒഴിവാക്കാൻ പലരും കിട്ടാവുന്നത്ര മദ്യം ഓരോതവണയും വാങ്ങാൻ തുടങ്ങി. ഇതു വീട്ടിൽ എത്തിച്ചാൽ അവിടെയിരുന്നാണല്ലോ മദ്യപാനം. വാഹനം ഓടിക്കുമ്പോൾ പൊലീസ് പിടിക്കും എന്ന ഭയം വേണ്ടാ. ലക്കു തെറ്റി വഴിയിൽ കിടക്കും എന്ന ഭയവും വേണ്ടാ. പത്തുമണിക്കു ബാർ അടയ്ക്കും എന്ന പ്രശ്‌നവുമില്ല. ഇഷ്ടംപോലെ കുടിക്കാം. മുമ്പു രാണ്ടും മൂന്നും പെഗ്ഗിൽ നിർത്തിയിരുന്നവർ രാത്രി വൈകുവോളം ഇരുന്ന് ആറും ഏഴും എട്ടും ഒക്കെ പെഗ് കുടിക്കാൻതുടങ്ങി. വീട്ടിലേക്കു മദ്യവുമായി പോകാൻ സ്വാതന്ത്ര്യം ഇല്ലാത്ത യുവാക്കളടക്കമുള്ളവർ കാറുകളിലും മറവുള്ള പൊതുസ്ഥലങ്ങളിലുമൊക്കെ ഒളിച്ചും പാത്തും ഭയന്നും കുടി തുടങ്ങി. ഇങ്ങനെ കുടിക്കുമ്പോൾ തിരക്കുപിടിച്ചാകും കുടി. മദ്യം ശരീരത്തിൽ പ്രവർത്തിച്ചു ലഹരി പിടിക്കുന്നതിന്റെ തോതു മനസിലാകുന്നതിനുമുമ്പ് കഴിയുന്നത്ര മദ്യം ഉള്ളിലാക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. ഈ ശീലം വന്നതോടെ ബാറിൽപ്പോകാൻ ഭയമുണ്ടായിരുന്ന ഇളംമുറക്കാരും സംഘക്കുടി തുടങ്ങി. ഇതൊന്നും പറ്റാത്തവർ മയക്കുമരുന്നിലേക്കു കടന്നു. അതിന്റെ ലഭ്യതയാകട്ടെ പൊടുന്നനെ വളരുകയും ചെയ്തു. അത്തരം മാഫിയകൾ വളർന്നു. യുവാക്കൾ അവരുടെ ചങ്ങാതിമാരായി. വിതരണോപകരണങ്ങൾ പോലും ആയി.

2. പൂട്ടിയ ബാറുകൾക്കു പകരം ബിയർ, വൈൻ പാർലറുകൾ തുറന്നപ്പോൾ പലരും അവിടേക്കു തിരിച്ചെത്തി. ബാറുകളിൽ പോകാൻ മടിച്ചിരുന്ന ചെറുപ്രായക്കാർ (യുവതീയുവാക്കൾ) കയറിത്തുടങ്ങുകയും ചെയ്തു. (കുടിക്കുന്നവരുടെ എണ്ണം കൂടി എന്നർത്ഥം.) പക്ഷേ, നൂറു നൂറ്റിരുപതു രൂപയ്ക്കു കിട്ടിയിരുന്ന ലഹരി കിട്ടാൻ രണ്ടുകുപ്പി ബിയറെങ്കിലും കഴിക്കണം എന്നതിനാൽ അവരുടെ ചെലവ് 300 രൂപയ്ക്കു മുകളിലേക്ക് (ഇരട്ടിയിലും അധികം) ഉയർന്നു. ഉള്ളിലാക്കുന്ന ദ്രാവകത്തിന്റെ അളവാകട്ടെ 12 16 ഒക്കെ ഇരട്ടിയുമായി (പെഗ് = 60 മി.ലീ.; ഒരുകുപ്പി ബിയർ = 650 മി.ലീ.). ഇത്രയേറെ ബിയർ പതിവായി കഴിക്കുന്നത് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ അത്രയും ലഹരി കിട്ടാൻ കുടിക്കുന്ന സാധാരണമദ്യം ഉണ്ടാക്കുന്നതിലും കൂടുതലാണ്.

ബാർ പൂട്ടിയതുകൊണ്ട് ആരെങ്കിലും മദ്യപാനം നിർത്തിയതായി ഇതുവരെ അറിവില്ല. (ആരെങ്കിലും നിർത്തിയിട്ടുണ്ടാകാം. അറിവിലില്ല എന്നാണു പറഞ്ഞത്. നിർത്താനുള്ള സാദ്ധ്യത ഇല്ല എന്നും ഉദ്ദേശിക്കുന്നു.)

മുകളിൽ അക്കമിട്ടുപറഞ്ഞ രണ്ടു കാര്യങ്ങളും ഉപയോഗിക്കപ്പെടുന്ന മദ്യത്തിന്റെ അളവും അതിനു ചെലവാക്കുന്ന പണവും പലമടങ്ങു വർദ്ധിപ്പിക്കുന്നു എന്നാണു വ്യക്തമാക്കുന്നത്. ഈ വർദ്ധിച്ച ഉപയോഗം ആരോഗ്യം, കുടുംബം, സമൂഹം എന്നിവയിൽ ചെലുത്തുന്ന സ്വാധീനവും അധികപണം മദ്യത്തിനു ചെലവഴിക്കുന്നതുമൂലം കുടുംബബജറ്റിലും അതുവഴി കുടുംബത്തിലെ ആഹാരം, ആരോഗ്യം, വൈദ്യശുശ്രൂഷ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ നാനാകാര്യങ്ങളിലും ചെലുത്തുന്ന സ്വാധീനവും പഠിക്കേണ്ടതുണ്ട്. അതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ഈ മദ്യനയം തുടരേണ്ടതുണോ എന്നു തീരുമാനിക്കേണ്ടത്. ഈ പഠനങ്ങൾ പരസ്യപ്പെടുത്തി പൊതുചർച്ചകളിലൂടെ ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം.

മദ്യനയം മാറ്റേണ്ടതുണ്ടെങ്കിൽ അത് എങ്ങനെയായിരിക്കണം എന്നതും ഇത്തരത്തിൽ ജനാഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കണം. അനാവശ്യചർച്ചകൾക്കും ആരോപണങ്ങൾക്കും ദുരൂഹതകൾക്കും ഇടമില്ലാതെ സുതാര്യമായി ഇതെല്ലാം നടത്തണം. പള്ളിയും പട്ടക്കാരുമായൊന്നും ഇത്തരം കാര്യങ്ങൾ ഒരു കാരണവശാലും ചർച്ച ചെയ്യാനും അഭിപ്രായം ആരായാനും പോകരുത്. അതിലെല്ലാം പെടുന്നവർ അടങ്ങുന്ന ജനങ്ങളെയാണ് അഭിസംബോധന ചെയ്യേണ്ടത്.

മദ്യം എന്നത് ചരിത്രാതീതകാലം മുതൽ മനുഷ്യർ ഉപയോഗിക്കുന്ന ഒരു വസ്തുവാണ്. ലോകത്തെ ആദ്യ രാസവ്യവസായംതന്നെ വാറ്റാണ്. അതുകൊണ്ടുതന്നെ അതിൽനിന്നു മനുഷ്യരെ മോചിപ്പിക്കുക ദുഃസാദ്ധ്യമോ അസാദ്ധ്യമോ ആണ്. പക്ഷേ, മദ്യം ശരീരം, കുടുംബം, സമൂഹം, സമ്പദ്രംഗം, തുടങ്ങിയവയെയെല്ലാം സാരമായി ബാധിക്കുന്ന ഒന്നാണ്. ഏതാനും പേരെ പെട്ടെന്നു കോടീശ്വരരാക്കുകയും ഭൂരിപക്ഷത്തെ ചൂഷണം ചെയ്തു ദരിദ്രരാക്കുകയും ചെയ്യുന്നതുമാണു മദ്യം. സമാന്തരസമ്പദ്ഘടന, മാഫിയ തുടങ്ങി പല ആപത്തുകളും മദ്യവ്യവസായം സൃഷ്ടിക്കുന്നു. ഇതൊക്കെക്കൊണ്ടുതന്നെ മദ്യോപയോഗത്തിൽനിന്നു സമൂഹത്തെ മാറ്റിയെടുക്കേണ്ടതുണ്ട്. ഇതുപക്ഷേ സർക്കാരുത്തരവിറക്കിയോ വൈകാരികമായ നിലപാടുകളെടുത്തോ സാധിക്കാവുന്നതല്ല. ശാസ്ത്രീയവും യുക്തിപൂർണ്ണവുമായ നടപടികളിലൂടെയാണ് ഇതു സാധിക്കേണ്ടത്. അതിനു യോജിച്ച നയമാണ് ഉണ്ടാകേണ്ടത്.

നയം മാറ്റത്തിന്റെ കാര്യത്തിൽ എനിക്കു തോന്നുന്ന അഭിപ്രായംകൂടി പറയാം.

പൂട്ടിയ ബാറുകൾക്കു പകരം പ്രാദേശികസന്തുലനം നോക്കി ആവശ്യമായ ബാറുകൾ തുറക്കുക. വൈൻ ബിയർ പാർലറുകൾ ആനുപാതികമായി കുറയ്ക്കുക. പക്ഷേ, അവ ആവശ്യാനുസരണം ഉണ്ടെന്ന് ഉറപ്പുവരുത്തണം. കാരണം, വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കുന്നത് വീര്യമുള്ള മദ്യത്തിന്റെ ഉപഭോഗം കുറെയെങ്കിലും കുറയ്ക്കും. ഇങ്ങനെയൊരു സാഹചര്യം നിലനിർത്തിക്കൊണ്ടുവേണം മദ്യവിരുദ്ധക്യാമ്പയിനിനു തുടക്കം കുറിക്കാൻ.

ഇതിനു വ്യത്യസ്തതലങ്ങൾ വേണം.

1. മദ്യപരെപ്പറ്റി വിവരശേഖരം നടത്തി ഉപയോഗരീതിയുടെ അടിസ്ഥാനത്തിലും അഡിക്ഷന്റെ തോതിന്റെ അടിസ്ഥാനത്തിലും അവരെ ശാസ്ത്രീയമായി തരംതിരിക്കണം.

2. അമിതമായും അതിവേഗവും മദ്യപിക്കുന്നവർ പെട്ടെന്നു മദ്യം ഉപേക്ഷിക്കാൻ സാദ്ധ്യത കുറവാകും. കുടി ഉപേക്ഷിക്കാൻ തൽക്കാലം ഉദ്ദേശ്യമില്ലാത്തവരെ മെച്ചപ്പെട്ട മദ്യപാനശീലം പഠിപ്പിച്ച് അതിലേക്കുയർത്തുക. വേണ്ടത്ര നേർപ്പിച്ചു കുടിക്കുക; ലഹരി തോന്നുന്നതുവരെ മാത്രം (2 – 3 പെഗ്) കുടിക്കുക (പലരും വാശിപോലെ കുടിച്ചുതള്ളുന്നവരാണ്.); മടമടാന്നു കുടിക്കാതെ സമയമെടുത്തു കുറേശെ കുടിക്കുക; കുടിക്കാനുള്ള മൂഡുള്ളപ്പോൽ മാത്രം കുടിക്കുക എന്നിങ്ങനെയുള്ള കുടീശീലത്തിലേക്കു കുറേപ്പേരെയെങ്കിലും മാറ്റാൻ കഴിഞ്ഞാൽ അവരെ ക്രമേണ കുടിയുടെ ആവൃത്തി (ദിനങ്ങൾ) കുറച്ചുകൊണ്ടുവന്നു മദ്യപാനത്തിൽനിന്നു പൂർണ്ണമായി മോചിപ്പിക്കാൻ കഴിയും. (രക്തത്തിലെ മദ്യത്തിന്റെ സ്വാധീനമാണല്ലോ അതു കുറയുമ്പോൾ വീണ്ടും മദ്യപിക്കാൻ പ്രേരിപ്പിക്കുന്നത്. കൂടുതൽ മദ്യാംശം രക്തത്തിലുള്ളവരെ അഡിക്ഷനിൽനിന്നു മോചിപ്പിക്കുക എളുപ്പമല്ല.)

3. മുകളിൽ പറഞ്ഞ മിതമായ രീതിയിൽ മദ്യപിക്കുന്നവരെ കൗൺസെലിങ് അടക്കമുള്ള ബോധനപരിപാടികളിലൂടെ മോചിപ്പിക്കാൻ കഴിയും. അതിനു പ്രത്യേകപരിപാടി വേണം.

4. മദ്യപിക്കാത്തവർ അതിലേക്കു നീങ്ങാതിരിക്കാൻ പ്രത്യേകം ആസൂത്രണം ചെയ്ത ബോധവത്ക്കരണം വ്യാപകമായി നടപ്പാക്കണം.

5. വിദ്യാർത്ഥികൾ മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും നീങ്ങാതിരിക്കാനുള്ള ഫലപ്രദമായ ഉള്ളടക്കവും പരിപാടികളും ഉൾപ്പെടുത്തി പാഠ്യപദ്ധതി പരിഷ്‌ക്കരിക്കണം.

6. ജാഗ്രതാസമിതികൾ പുനരുജ്ജീവിപ്പിച്ചു ശക്തിപ്പെടുത്തി മദ്യവർജ്ജനപ്രവർത്തനങ്ങൾക്കുകൂടി ഉതകുന്ന സംവിധാനം ആക്കണം.

7. മദ്യപിക്കുന്നവരെ മോശക്കാരായി കാണുന്ന സമൂഹചിന്തയും പാപബോധവും ഉപേക്ഷിക്കണം. മദ്യമോ മദ്യപാനമോ മോശമാണെന്ന അഭിപ്രായം എനിക്കില്ല. ബുദ്ധിജീവികൾ അടക്കമുള്ളവരുടെ മദ്യപാനക്കൂട്ടായ്മകളിലാണ് നമ്മുടെ ഏറ്റവും മികച്ച സാഹിത്യ, കലാസൃഷ്ടികളൊക്കെ ഉണ്ടായിട്ടുള്ളത്. ഒട്ടേറെ ഗൗരവമേറിയ ചർച്ചകളും ആശയങ്ങളും ഇത്തരം മദ്യസദസ്സുകളിൽ സംഭവിക്കാറുണ്ട്. അവയൊക്കെ സമൂഹത്തിന് ആവശ്യംതന്നെ ആണ്. (സർഗ്ഗവാസനയുമായി ലഹരിക്കു ബന്ധമുണ്ടോ എന്നതു പ്രത്യേകം പഠിക്കേണ്ട വിഷയമാണ്.)

8. കള്ള്, ചാരായം എന്നീ കേരളീയമദ്യങ്ങൾ സർക്കാരുടമസ്ഥതയിൽ നിർമ്മിച്ചു വിതരണം ചെയ്യുകയും വിദേശമദ്യങ്ങളുടെ ലഭ്യത കുറയ്ക്കുകയും ചെയ്യുക എന്നത് കേൾക്കുമ്പോൾ അസ്വസ്ഥത ഉണ്ടാക്കുമെങ്കിലും ചാരായനിരോധനത്തിന്റെ പ്രത്യാഘാതങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്തിയാൽ സംഗതമാണെന്നു ബോദ്ധ്യമാകും. ചാരായനിരോധനത്തോടെയാണ് ശുദ്ധമായ കള്ളിന്റെ ലഭ്യത കേരളത്തിൽ ഇല്ലാതായത്. കൃത്രിമനിറങ്ങൾ അടക്കം പല രാസവതുക്കളും കലർത്തി നിർമ്മിക്കുന്ന വിദേശമദ്യങ്ങളെക്കാൾ സുരക്ഷിതം ശുദ്ധമായ ചാരായമാണ്. അതിൽത്തന്നെ വൻകിട ഡിസ്റ്റിലറികളിൽ നിർമ്മിച്ചു സർക്കാർ വിതരണം ചെയ്തുവന്ന വ്യാവസായികചാരായത്തെക്കാൾ നല്ലത് വികേന്ദ്രീകൃതമായി വാറ്റിയെടുക്കുന്ന കലർപ്പില്ലാത്ത ചാരായമാണ്. കള്ളുചെത്തും വില്പനയും പൂർണ്ണമായും സഹകരണമേഖലയിൽ ആക്കണം. കലർപ്പില്ലാത്ത ശുദ്ധമായ ചാരായം വാറ്റാൻ പരിശീലനം നൽകി ലൈസൻസ് അനുവദിക്കുകയും അതു സംഭരിച്ചു ഗുണമേന്മ ഉറപ്പുവരുത്തി പ്രാദേശികമായിത്തന്നെ വില്പന നടത്താനുള്ള പ്രവർത്തനം സഹകരണമേഖലയിൽ നടപ്പാക്കുകയും വേണം. പല രാജ്യങ്ങളും അവരുടെ പ്രാദേശികമദ്യങ്ങളുടെ പേരിൽക്കൂടിയാണ് ടൂറിസം അടക്കമുള്ള രംഗങ്ങളിൽ നേട്ടമുണ്ടാക്കുന്നത്.

വൈകാരികസമീപനങ്ങൾ മാറ്റിവച്ചു സമചിത്തതയോടെ പ്രശ്‌നത്തെ സമീപിക്കുകയും തുറന്ന ചർച്ചകൾക്കു തയ്യാറാകുകയുമാണു സമൂഹം ചെയ്യേണ്ടത്. അത്തരമൊരു ശ്രമമാണു ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. അങ്ങതെന്നെ സംഭവിക്കും എന്നു പ്രത്യാശിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP