Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വേണം, നമുക്കൊരു വനിതാ ബജറ്റ്: ധനമന്ത്രിക്ക് ചില ഓർമ്മപ്പെടുത്തലുകൾ

വേണം, നമുക്കൊരു വനിതാ ബജറ്റ്: ധനമന്ത്രിക്ക് ചില ഓർമ്മപ്പെടുത്തലുകൾ

പൊതുതെരഞ്ഞെടുപ്പിനുശേഷം അംഗങ്ങളുടെ സത്യപ്രതിജ്ഞയും സ്പീക്കർ തെരഞ്ഞെടുപ്പും കഴിഞ്ഞ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സംസ്ഥാന നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരുകയാണ്. രാജ്യത്തെ മറ്റു സംസ്ഥാന നിയമസഭകളുടേതിൽനിന്നും തികച്ചും വ്യത്യസ്തവും അഭിമാനകരവുമാണ് കേരള നിയമസഭയുടെ ചരിത്രം. സംസ്ഥാനത്തിന്റെ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ തലങ്ങളിൽ സമാനതകളില്ലാത്ത മാറ്റങ്ങൾക്കു കാരണമായ ഒട്ടനവധി നിയമനിർമ്മാണങ്ങൾ നടത്തിയ പൂർവകാലം നമുക്കുണ്ട്. രാജവാഴ്ചക്കാലത്തുനിന്നും ജനാധിപത്യ ഭരണ സമ്പ്രദായത്തിലേക്കു കടന്നുവന്നിട്ട് 128 വർഷം കഴിഞ്ഞതിന്റെ പഴക്കവും ഉജ്ജ്വലമായ മുഹൂർത്തങ്ങളും നൽകാൻ പലപ്പോഴും നിയമസഭയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഒരു ജനതയുടെ അവകാശങ്ങളോടും അഭിലാഷങ്ങളോടും ജനപ്രതിനിധികൾ ഏതു രീതിയിൽ സമീപിച്ചിരുന്നു എന്നതിന്റെ ദീർഘകാല പശ്ചാത്തലം 1888ൽ തിരുവിതാംകൂർ ഭരണത്തിൽ ജനപങ്കാളിത്തം നടപ്പാക്കിയതു മുതൽ പരിശോധിച്ചാൽ വ്യക്തമാകും.

രാജാവ് എടുക്കുന്ന തീരുമാനങ്ങളെ നിയമങ്ങളായും രാജ്യത്തിന്റെ നയങ്ങളെ വിളംബരങ്ങളായും കണക്കാക്കി ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്തുപോന്ന ജനതയ്ക്കു പ്രതീക്ഷ നൽകിയാണ് ലെജിസ്ലേറ്റീവ് കൗൺസിലും ശ്രീമൂലം പ്രജാസഭയും നിലവിൽവന്നത്. കർഷകരുടെയും വ്യാപാരികളുടെയും ഈ സഭയിൽനിന്നുമാണ് ഇപ്പോൾ പൂർണമായും ജനാധിപത്യത്തിലേക്കു നമ്മുടെ നിയമസഭ വളർന്നിരിക്കുന്നത്. സമ്പന്നമായ ചരിത്രവും അടിവരയിട്ടു പറയാൻ കഴിയുന്ന നിയമങ്ങളും നാടിന്റെ വികസനത്തോടു ഇഴപിരിച്ചാണു രേഖപ്പെടുത്താറുള്ളത്. അതിന്റെ തുടർച്ചയായിത്തന്നെ പതിനാലാം നിയമസഭയെയും കണക്കിലെടുത്താണ് ചില ജനാധിപത്യ ചിന്തകൾ ഇവിടെ രേഖപ്പെടുത്തുന്നത്.

ജനങ്ങൾക്കു ഇമ്പമാർന്ന രീതിയിൽ സർക്കാർ നയങ്ങൾ അന്യമായി അവതരിപ്പിക്കപ്പെടുന്നത് നയപ്രഖ്യാപന പ്രസംഗത്തിലാണ്. പുതിയ നിയമസഭ രൂപവത്കരിക്കുമ്പോൾ അതിന്റെ ആദ്യ സമ്മേളനത്തിന്റെ തുടക്കത്തിലും പിന്നീട് ഓരോ വർഷവും ആദ്യം നടക്കുന്ന സമ്മേളനത്തിന്റെ ആദ്യദിവസത്തിലും ഗവർണർ നയപ്രഖ്യാപനം പ്രസംഗമായിത്തന്നെ അവതരിപ്പിക്കുന്നത് ഭരണഘടനാപരമായ കർത്തവ്യമായി അനുഛേദം 176(1)ൽ പറഞ്ഞിരിക്കുന്നതാണ്. എന്നാൽ ഗവർണറുടെ അഭിപ്രായമോ വികസന നയങ്ങളോ ഒന്നുമല്ല നയപ്രഖ്യാപനത്തിൽ അദ്ദേഹം പറയുന്നത്. ഭരിക്കുന്ന സർക്കാരിന്റെ മുഖമാണ് ഈ പ്രസംഗത്തിൽ പ്രതിഫലിക്കുന്നത്. അതുകൊണ്ടുതന്നെ താരതമ്യേന മെച്ചവും ഗുണകരവുമായ പദ്ധതികളും വികസന നയവും പ്രതിഫലിപ്പിക്കുന്ന രീതിയിലായിരിക്കും പ്രസംഗം തയാറാക്കുക.

യഥാർഥത്തിൽ സംസ്ഥാന ഭരണത്തിന്റെ രേഖാചിത്രം ജനങ്ങളുടെ മുൻപിലെത്തുന്നത് ബജറ്റ് അവതരണം വഴിയാണ്. നയപ്രഖ്യാപന പ്രസംഗം വഴിയല്ല. ഒരു സാമ്പത്തിക വർഷത്തെ സംസ്ഥാനത്തിന്റെ വരവുകളേയും ചെലവുകളെയും സംബന്ധിച്ച സാമ്പത്തിക രൂപരേഖ ഓരോ വർഷവും നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കണമെന്ന് ഭരണഘടനയുടെ 202-ാം അനുഛേദത്തിൽ സർക്കാരിന്റെ ഉത്തരവാദിത്വമായി പറഞ്ഞിരിക്കുന്നതുകൊണ്ടാണ് ബജറ്റ് അവതരണത്തിൽ മുടക്കംവരാതിരിക്കാൻ സർക്കാരുകൾ അതീവശ്രദ്ധ നൽകുന്നത്. തടസങ്ങളെ നേരിട്ടുകൊണ്ട് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത് ഭരണഘടനാപരമായ ചുമതല നിർവഹണത്തിന്റെ ഭാഗമായിരുന്നു എന്നു ചുരുക്കം. ധനമന്ത്രി രാജിവച്ചതിനുശേഷം മുഖ്യമന്ത്രി തന്നെ ബജറ്റവതരണം നടത്തിയതും ഇതേ കർത്ത്യവത്തിന്റെ പേരിലായിരുന്നു. ഈ സമ്മേളനങ്ങളിൽ നിയമസഭയിൽ നടന്ന 'പ്രതിപക്ഷ വിശേഷങ്ങൾ' ബജറ്റിന്റെ പ്രാധാന്യം കുറക്കുന്നില്ല. ബജറ്റ് രൂപപ്പെടുത്തുന്നതിലോ വിവിധഘട്ടങ്ങളിൽ മാറ്റങ്ങൾക്ക് വിധേയമായി അന്തിമ രേഖയായി മാറ്റുന്ന സമയത്തോ നിയമസഭാ പ്രതിനിധികൾക്ക് കാര്യമായ സംഭാവനകൾ നൽകാനില്ല. എന്നാൽ ധനമന്ത്രി ബജറ്റ് അവതരിപ്പിച്ച് കഴിഞ്ഞാൽ നിയമസഭാംഗത്തിന്റെ കർത്തവ്യങ്ങൾ പലതാണ്. ബജറ്റിന്മേലുള്ള പൊതുചർച്ചയിലും സബ്ജക്ട് കമ്മിറ്റികളിൽ നടക്കുന്ന ചർച്ചകളിലും ധനാഭ്യർഥനകളിന്മേലും ചർച്ചകളിലും സഭാംഗങ്ങൾ പങ്കെടുക്കുന്നത് സഭയ്ക്ക് ജനാധിപത്യമുഖം നൽകുന്നു.

സംസ്ഥാന സർക്കാരിൽ ബജറ്റിന്റെ പ്രാധാന്യം ഒന്നാം സ്ഥാനത്താണെന്നു പറയുന്നതിനുവേണ്ടിതന്നെയാണ് കാര്യങ്ങൾ ഇങ്ങനെയെല്ലാം പരാമർശിച്ചുപോന്നത്. പക്ഷേ ഗുണകരമായ ബജറ്റായിരിക്കണം ഈ സർക്കാർ അവതരിപ്പിക്കേണ്ടതെന്നുമാത്രം പറയാനല്ല, മറിച്ച് അവതരിപ്പിക്കപ്പെടുന്ന ബജറ്റ് ജൻഡർ ബജറ്റായിരിക്കണം. ജനസംഖ്യയിൽ ഭൂരിപക്ഷവും വനിതകളാണെന്ന കാര്യം പ്രത്യേക പറയേണ്ടതില്ലല്ലോ.

ജൻഡർ ബജറ്റ് അഥവാ വനിതാ പക്ഷ ബജറ്റ എന്ന സമീപം കുറച്ചുകുറച്ചായി നമ്മുടെ സർക്കാരുകൾ സ്വീകരിച്ചുകഴിഞ്ഞതാണെന്ന പൊതുബോധം നിലനിർത്തികൊണ്ടുതന്നെയാണ് അടുത്തമാസം അവതരിപ്പിക്കപ്പെടാൻ പോകുന്ന ബജറ്റിനെ നോക്കിക്കാണുന്നത്. വരാൻപോകുന്ന ബജറ്റിന്റെ പ്രാധാന്യത്തിന് പലകാരണങ്ങൾ കാണാനാകും. ഒന്ന്: പുതിയ സർക്കാരിന്റെ ആദ്യ ബജറ്റ്. രണ്ട്: തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ പ്രകടനപത്രികയിലൂടെ പറഞ്ഞ കാര്യങ്ങൾ ജനങ്ങൾ മറക്കാനുള്ള സമയമായില്ല. മൂന്ന്: പ്രഗത്ഭനായ സാമ്പത്തിക വിദഗ്ധൻ ധനമന്ത്രിയായപ്പോൾ ഇടതുപക്ഷ രാഷ്ട്രീയത്തിനപ്പുറമുള്ള ജനതാല്പര്യത്തിന് മുൻതൂക്കം നൽകുന്നുമെന്ന് പ്രതീക്ഷിക്കാം. ഈ മൂന്നാമത്തെ കാരണങ്ങളിൽ തന്നെയാണു സ്ത്രീപക്ഷത്തിന്റെ പ്രതീക്ഷയും.

ലിംഗപരമായ വികസന സൂചികകളിലുള്ള വ്യത്യാസത്തിൽ ലോകരാജ്യങ്ങളിലെ 142 രാജ്യങ്ങളെ എടുത്താൽ 114-ാം സ്ഥാനമാണു ഇന്ത്യക്കുള്ളത്. സാമ്പത്തിക പങ്കാളിത്തം, വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ, രാഷ്ട്രീയശാക്തീകരണം, ആരോഗ്യം, സുരക്ഷ തുടങ്ങിയ സൂചികകളിൽ ആണുംപെണ്ണും തമ്മിലുള്ള അകലം കുറയ്ക്കാൻ ഒരു രാജ്യം എന്തുനടപടികൾ സ്വീകരിക്കുന്നുവെന്നതിനെ ആശ്രയിച്ചാണു 114-ാം റാങ്കിലേക്ക് ഇന്ത്യ ഒതുങ്ങിപോയത്. സ്ത്രീകളുടെ ജീവിതനിലവാരവും മറ്റു വികസന സൂചികകളും ഉയർന്നുവരുക എന്ന ലക്ഷ്യത്തോടെ 2005 മുതലുള്ള കേന്ദ്രബജറ്റിൽ ജൻഡർ ബജറ്റ് പരാമർശിക്കപ്പെട്ടുതുടങ്ങിയിരുന്നു. വനിതാ മന്ത്രാലയംതന്നെയുള്ള രാജ്യമാണ് നമ്മുടേത്. ഇതുവരെ 57 സർക്കാർ വകുപ്പുകളിൽ ജൻഡർ ബജറ്റിങ് സെൽ രൂപവത്കരിക്കുകയും സ്ത്രീ-പുരുഷ അന്തരം കുറയ്ക്കാനുള്ള നടപടികൾ പലതും തുടങ്ങിയെന്നുള്ളതും പ്രതീക്ഷ നൽകുന്നതുതന്നെയാണ്. പല സംസ്ഥാന സർക്കാരുകളും ജൻഡർ ബജറ്റിംഗിൽ ശ്രദ്ധിക്കുന്നുണ്ട്.

സർക്കാരിന്റെ വരുമാനമാർഗങ്ങൾ, ചെലവിനങ്ങൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ ബജറ്റിലുണ്ടായിരിക്കും. മാത്രമല്ല, സർക്കാരിന്റെ മൂലധനവരവുകളും മൂലധന ചെലവുകളും കടബാധ്യതകളും തുടങ്ങിയ വിശദമായ വിവരങ്ങളും ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കും. വരുംവർഷം ധനാഗമമാർഗങ്ങൾ എപ്രകാരം വിനിയോഗിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുവെന്നും ചെലവുകൾ എങ്ങനെയാണ് നടത്തപ്പെടാൻ പോകുന്നതെന്നും ബജറ്റിലൂടെയാണ് സാധാരണ ജനങ്ങൾ അറിയുന്നത്. ഇതിനിടയിൽ ജൻഡർ ബജറ്റിനെക്കുറിച്ച് എന്തിനധികമായി പറയുന്നുവെന്ന സംശയം സ്വാഭാവികമാണ്. കാരണം പ്രഖ്യാപിക്കപ്പെടുന്ന എല്ലാ നയങ്ങളും പദ്ധതികളും എല്ലാജനങ്ങളെയും ഒരു പോലെയാണ് ബാധിക്കുന്നതെന്ന ധാരണയുണ്ട് നമ്മളിൽപലർക്കും. എന്നാൽ അത് ശരിയല്ല. പൊതുതാല്പര്യം എന്നു പറയുന്നതിൽ ഓരോജനങ്ങുടെയും ആവശ്യങ്ങൾ തമ്മിൽ വലിയഅന്തരമുണ്ട്. ഉദാഹരണമായ നിത്യോപയോഗ സാധനങ്ങളുടെ വിലയും ആഡംബര വസ്തുക്കളുടെ വിലയും പലതരക്കാരിൽ പലരീതിയിലാണ് അനുഭവപ്പെടുന്നത്. പാവപ്പെട്ടവനും മുതലാളിയും ഈ കാര്യത്തെ രണ്ടുരീതിയിലാണ് കാണുന്നതെന്ന് ചുരുക്കം. ഇനിയൊരുകാര്യത്തിൽ കൂടി നമുക്ക് തെറ്റിദ്ധാരണയുണ്ട്. പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികളെല്ലാം നടപ്പിലാകുമെന്ന തോന്നൽ ശരിയല്ല. അവിടെയാണ് സർക്കാർ ബജറ്റിൽതന്നെ മുൻഗണന നിശ്ചയിച്ച് പദ്ധതികളെ കാണേണ്ടത്. എല്ലാ പ്രഖ്യാപിക്കപ്പെട്ട കാര്യങ്ങൾക്കും വേണ്ടത്ര പണമില്ലാതെവരുമ്പോൾ അതിപ്രാധാന്യത്തോടെ നപ്പാക്കേണ്ട പട്ടികയാണ് തയാറാക്കേണ്ടത്. അത് സ്ത്രീപക്ഷവുമായിരിക്കണം.

എന്നാൽ ജൻഡർ ബജറ്റ് എന്ന തോന്നലുണ്ടാക്കുകയും യഥാർഥത്തിൽ അത് അങ്ങനെയല്ലാതിരിക്കുകയുമാകുന്ന സ്ഥിതിയും ഉണ്ടാകരുത്. ഉദാഹരണമായി, ഗാർഹിക പീഡന നിരോധന നിയമം നടപ്പാക്കുന്നതിനു 20 കോടി രൂപ 2012-13 വർഷത്തിൽ കേന്ദ്ര സർക്കാർമാറ്റിവച്ചെങ്കിൽ തുടർന്നുള്ളവർഷങ്ങളിൽ അതിനു ആനുപാതികമായി കാര്യമായ മാറ്റമൊന്നും വരുത്തിയില്ല. ആരോഗ്യപദ്ധതികളും വിദ്യാഭ്യാസവും തൊഴിലും മാത്രമല്ല സ്ത്രീസൗഹൃദമാക്കേണ്ടത്. സ്ത്രീസുരക്ഷയാണ് പ്രധാനം. സ്ത്രീസുരക്ഷയ്ക്കുവേണ്ടി പ്രധാനമായും രണ്ടു പദ്ധതികൾ കഴിഞ്ഞ സർക്കാരിനുണ്ടായിരുന്നു. സാമൂഹികനീതി വകുപ്പിന്റെ നിർഭയയും ആഭ്യന്തരവകുപ്പിന്റെ നിർഭയയും. സാമൂഹിക നീതി വകുപ്പിന്റെ നിർഭയ തുടങ്ങിയത് കഴിഞ്ഞ സർക്കാരിന്റെ തുടക്കത്തിലാണ്. ഡൽഹിയിലെ നിർഭയ സംഭവത്തിനുമുമ്പ്. സ്ത്രീകൾക്ക് സുരക്ഷിതത ആശ്രയ കേന്ദ്രങ്ങളാലും വിദ്യാഭ്യാസവും തൊഴിലും സമ്പാദിക്കാനുള്ള ഇടങ്ങളായും നിർഭയഹോമുകൾ മാറി. എന്നാൽ ഡൽഹി നിർഭയയ്ക്കുശേഷം ആരംഭിച്ച നിർഭയകേരളം സുരക്ഷിത കേരളം പദ്ധതിക്കു ഒരു തുക പോലും ലഭ്യമായില്ല. സംസ്ഥാന ആഭ്യന്തരവകുപ്പിനു ലഭ്യമായ പരിമിതമായ തുകയും പൊലീസ് ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് എറണാകുളത്തും തിരുവനന്തപുരത്തും പദ്ധതി നടപ്പാക്കാനായി. പൊലീസിന്റെ വിവിധ പദ്ധതികൾ പരസ്പരം ചേർത്ത് സ്ത്രീസുരക്ഷയ്ക്കായി ജാഗരൂകമായി നിൽക്കാനും കഴിഞ്ഞു. എന്നാൽ ബജറ്റ് വിഹിതം എത്ര ലഭ്യമായി സ്ത്രീസുരക്ഷയ്ക്കു എന്നതാണു പരിഹരിക്കപ്പെടേണ്ട ആദ്യ പ്രശ്‌നം. കഴിഞ്ഞ സർക്കാർ അഞ്ചുവർഷം കൊണ്ട് നടപ്പാക്കിയ സ്ത്രീപക്ഷ നയങ്ങളും പദ്ധതികളും വിവരിക്കുകയല്ല ഇവിടെ ലക്ഷ്യം എന്നുള്ളതുകൊണ്ട് വരുന്ന ബജറ്റ് സ്ത്രീപക്ഷമാക്കാൻ (അതിൽ ഭിന്നലിംഗക്കാരെയും മറക്കരുത്) എന്താണ് സർക്കാരിനു ചെയ്യാനാകുക എന്നതാണ് നമുക്ക് അറിയേണ്ടത്്. കേന്ദ്ര സർക്കാർ കഴിഞ്ഞ ബജറ്റിനു മുമ്പായി നടത്തിയ ജൻഡർ ബജറ്റിനായുള്ള ചർച്ചയുടെ മാതൃകയിൽ ധനമന്ത്രി തോമസ് ഐസക് അത്തരമൊരു ചർ്ച്ച നടത്തുമെന്ന് സ്ത്രീസമൂഹം പ്രതീക്ഷിക്കുന്നു.

(തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറിയാണ് സ്വപ്‌നാ ജോർജ്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP