Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അട്ടപ്പാടിയിലെ ജനസംഖ്യയിലെ ഭൂരിപക്ഷമായിരുന്ന ആദിവാസികൾ 1980 ആക്കുമ്പോഴേക്കും നൂനപക്ഷമായി മാറി; പ്രകൃതിക്ക് കോട്ടം വരുത്താത ജീവിച്ചവരുടെ ഉപജീവന മാർഗ്ഗങ്ങളും തകർത്തത് കുടിയേറ്റക്കാർ; വിശപ്പ് സഹിക്കാൻ കഴിയാത്തതു കൊണ്ടാകാം മധു ഭക്ഷണം മോഷ്ടിച്ചത്; മർദ്ദിച്ച് കൊല്ലാൻ മാത്രം ആ പാവം എന്താണ് ചെയ്തത് ?

അട്ടപ്പാടിയിലെ ജനസംഖ്യയിലെ ഭൂരിപക്ഷമായിരുന്ന ആദിവാസികൾ 1980 ആക്കുമ്പോഴേക്കും നൂനപക്ഷമായി മാറി; പ്രകൃതിക്ക് കോട്ടം വരുത്താത ജീവിച്ചവരുടെ ഉപജീവന മാർഗ്ഗങ്ങളും തകർത്തത് കുടിയേറ്റക്കാർ; വിശപ്പ് സഹിക്കാൻ കഴിയാത്തതു കൊണ്ടാകാം മധു ഭക്ഷണം മോഷ്ടിച്ചത്; മർദ്ദിച്ച് കൊല്ലാൻ മാത്രം ആ പാവം എന്താണ് ചെയ്തത് ?

ഡോ. അനിൽകുമാർ

ന്നും കേരളത്തിലെ ഉൾക്കാടുകളിൽ വസിക്കുന്ന അപൂർവ്വ ആദിവാസി വിഭാഗങ്ങളിലൊന്നായ കുറുമ്പർ ഊരുകളുടെ എണ്ണത്തിലും ജനസംഖ്യാടിസ്ഥാനത്തിലും അട്ടപ്പാടിയിലെ മറ്റ് രണ്ട് ആദിവാസി വിഭാഗങ്ങളേക്കാളും വളരെ കുറവാണ്. തുടുക്കി, ഗലസി, കടുകുമണ്ണ, എടവാനി, ആനവായ് എന്നീ കുറുമ്പ ഊരുകൾ മറ്റ് ജനവാസ കേന്ദ്രങ്ങളിൽ നിന്നും തീർത്തും ഒറ്റപ്പെട്ട് ഉൾക്കാടുകളിലാണ് .

എട്ടാം നൂറ്റാണ്ടിൽ പല്ലവസാമ്രാജ്യത്തിന്റെ പതനത്തോടെ പലായനം ചെയ്യെപ്പെട്ട് നീലഗിരി ക്കുന്നുകിളിൽ അഭയം പ്രാപിച്ച കുറുമ്പർ ചരിത്രത്തിന്റെ ഭാഗം കൂടിയാണ് (Britannica). കുറുമ്പരും ഇരുളരുീ മുഡുഗരും അടങ്ങുന്ന ആദിവാസി വിഭാഗം 1950 കളിലെ വനനിബിഡമായിരുന്ന അട്ടപ്പാടിയിലെ ജനസംഖ്യയിലെ മഹാ ഭൂരിപക്ഷമായിരുന്നുവെങ്കിൽ തുടർന്നുണ്ടായ കുടിയേറ്റത്തെ മൂലം 1980 ആക്കുമ്പോഴേക്കും നൂനപക്ഷമായിമാറി. 1959ൽ 82% ഉണ്ടായിരുന്ന വന വിസ്തൃതി 1976 ആയപ്പോഴേക്കും വനനശീകരണത്താൽ 20% മായി താഴ്ന്നു. ആദിവാസികൾക്ക് അവരുടെ ഭൂമി നഷ്ടപ്പെട്ടു. പ്രകൃതിക്ക് കോട്ടം വരുത്താത അവർ നൂറ്റാണ്ടുകളോളം വിശാലമായി വിഹരിച്ച് നടന്നിടം ചുരുക്കം വർഷങ്ങൾ കൊണ്ട് നാശോന്മുഖമായി. അവരുടെ ഉപജീവന മാർഗ്ഗൾ എന്നന്നേക്കുമായി കൊട്ടിയടക്കപ്പെട്ടു.

ചാമയും റാഗിയും തുവരയും വനവിഭവങ്ങളുമടങ്ങുന്ന മികച്ച ഭക്ഷണ ക്രമത്തിൽ നിന്നും ഭക്ഷണത്തിന്റെ അപര്യാപ്തതയിലേക്ക് വലിച്ചെറിയപ്പെട്ടു. തന്മൂലം അവരുടെ ആരോഗ്യം ക്ഷയിച്ചു. പുതിയ പരിതസ്ഥിതിയിൽ പെട്ടന്നുണ്ടായ മാറ്റങ്ങൾക്ക് മുന്നിൽ പകച്ചു നിൽക്കാനേ അവർക്ക് കഴിഞ്ഞുള്ളൂ. തങ്ങളുടെ ഗോത്ര തനിമ കാത്ത് സൂക്ഷിക്കാൻ കഴിഞ്ഞെങ്കിലും അവർ സാമൂഹികമായി മുഖ്യധാരയിലെത്തപ്പെട്ടില്ല. എന്നും ഒരൽപം അകന്നു നിൽക്കുകയോ നിൽക്കപ്പെടേണ്ടി വരികയോ ചെയ്തു.നാനാതുറകളിൽ നിന്നുള്ള ചൂഷണം കൂടി ആയപ്പോൾ മുട്ട് നിവർത്താനാകാതെ തളർന്ന് പേയ സമൂഹമായി മാറി.

2007 ൽ ഗവേഷണത്തിനായി അട്ടപ്പാടിയിലെത്തിയ എന്നെ കുറുമ്പർ ആദ്യം സംശയത്തോടെ അകത്തി നിർത്തി. തുടർന്ന് പതിയെ അടുക്കാൻ തുടങ്ങി. അവരുടെ കൂടെ താമസിക്കാൻ അനുവദിച്ചു. ഉൾക്കാടുകളിലേക്ക് എനിക്ക് സഹായത്തിനായി കൂടെ വരാൻ തുടങ്ങി. എനിക്കായി ഭക്ഷണം ഉണ്ടാക്കി നൽകി. അവരുടെ പ്രശ്‌നങ്ങൾ എന്നോട് പങ്ക് വയ്ക്കാൻ തുടങ്ങി. വാച്ചർമ്മാരായി തൽക്കാലിക ജോലി കിട്ടുന്ന അപൂർവ്വ ഭാഗ്യവാന്മാർക്കൊഴികെ മറ്റെല്ലാക്കും വരുമാനം നാമമാത്രമായിരുന്നു. ഫലഭൂയിഷ്ഠത നഷ്ടപ്പെട്ട ഭൂമിയിലുള്ള കൃഷിയും തേൻ, പാടക്കിഴക്ക്, ചുണ്ട, ചൂരൽ തുടങ്ങിയ വനവിഭവങ്ങളുടെ ശേഖരണം എന്നിവയിലൂടെ ലഭിക്കുന്നതുച്ചവരുമാനമാണ് ആകെയുള്ള ജീവിത മാർഗ്ഗം. കാടിനകത്ത് ഒറ്റപ്പെട്ട് കഴിയുന്നതിനാൽ ഇവർക്ക് മറ്റ് തൊഴിലുകൾ എന്നും അന്യമായിരുന്നു.

തങ്ങൾ ശേഖരിച്ച കുറച്ച് ദ്രവ്യങ്ങളോ, ചൂരലിലോ മുളയിലോ ഉണ്ടാക്കിയ ഒന്നോ രണ്ടോ കുട്ടികളോ വിൽക്കാനായി 15 കിലോമീറ്ററുകളോളം നടന്ന് ഏറ്റവുമടുത്ത ജനവാസ കേന്ദ്രമായ മുക്കാലിയിലെത്തും. ചാമയോ കടുകോ മറ്റെന്തെങ്കിലുമോ മുണ്ടിന്റ തലപ്പത്ത് കെട്ടി ഒരു കുഞ്ഞു ഭാണ്ഡമാക്കി വേഗത്തിൽ നടന്ന് നീങ്ങുന്ന ഇവരെ ഞാനിന്നും ഓർക്കുന്നു. ഇവർ കൃഷിയെ വരുമാനമാക്കി സ്വീകരിച്ചവരല്ലായിരുന്നു വിളയുന്നതിൽനിന്ന് ഒരു പങ്ക് വിൽക്കാൻ നിർബന്ധിക്കപ്പെട്ടവരായിരുന്നു. വർഷത്തിൽ ഒന്നോ രണ്ടോ മാസം മാത്രം ലഭിക്കുന്ന തേനും വനവിഭവങ്ങളും നൽകുന്ന സംരക്ഷിതത്വം എത്ര ദുർബലമാണ്.

കാട്ടിലൂടെ നടക്കുമ്പോൾ ഒരു പാട് തരം ചെടികളെ ചൂണ്ടിക്കാണിച്ചുകൊണ്ട് കീരയാണ്( ചീര) എന്ന് അവരെന്നോട് പറയാറുണ്ടായിരുന്നു. ഭക്ഷണമായി കഴിക്കന്നത് എന്നർത്ഥം. നമ്മൾ നാട്ടിൽ ഒരിക്കൽ പോലും രുചിച്ച് പോലും നോക്കിയിട്ടില്ലാത്ത ഇത്തരം ചെടികൾ ഭക്ഷിക്കേണ്ടിവന്നത് അവരുടെ കനത്ത ദാരിദ്യം മൂലമാകാം.

മഴ പെയ്യാൻ തുടങ്ങിയാൽ ഭവാനിപ്പുഴ നിറഞ്ഞൊഴുകും, പിന്നെ ഗലസി, മേലെ തുടുക്കി ഊരുകളിലുള്ളവർക്ക് മുക്കാലിയിലേക്ക് എത്താനാകില്ല. വെള്ളം കുറയുന്നത് വരെ തീർത്തും ഒറ്റപ്പെടും. 2010 ത്തോടെ ഇവർ സംഘടിച്ച് മുളകളും മരക്കമ്പുകളും ചേർത്ത് വച്ച് താൽക്കാലിക പാലം ഉണ്ടാക്കിയത് തങ്ങളുടെ കുട്ടികളെ സ്‌ക്കൂളിലെത്തിക്കാൻ കൂടി ആണ്. വിദ്യഭ്യാസ പ്രായമായാൽ കുട്ടികളെ സ്വന്തം വസ്ത്രം കഴുകാൻ പഠിപ്പിച്ച് ഹോസ്റ്റലുള്ള സ്‌ക്കൂളിൽ ചേർത്തി പഠിപ്പിക്കാറാണ് പതിവ്. സ്വന്തം കുട്ടികളുടെ കുസൃതികൾ പോലും കൊതി തീരും വരെ കാണാൻ ഭാഗ്യമില്ലാത്തവർ.

ഒരിക്കൽ ഇവരിലൊരാളോട് ഞാനൊരു ഫോട്ടോ എടുത്തോട്ടെ എന്ന് അനുവാദം ചേദിച്ചപ്പോൾ ' നാട്ടിൽ പോയി അട്ടപ്പാടിയിലെ ആദിവാസികളാണ് എന്ന് പറഞ്ഞ് കാണിക്കാനാണോ' എന്ന ദയനീയമായ ചോദ്യത്തോടെയുള്ള മുഖം കണ്ടപ്പോൾ ക്യാമറ പുറത്തെടുക്കാനേ തോന്നിയില്ല.

ഗവേഷണാവശ്യത്തിനായി 2007 മുതൽ 2013 വരെ അനവധി തവണ ദിവസങ്ങളോളം നീളുന്ന സന്ദർശനം നടത്തിയിട്ടുണ്ട്. അവരോടൊപ്പം ഉണ്ടു, ഉറങ്ങി, ഉൾക്കാടുകളിലൂടെ സഞ്ചരിച്ചു. അവർ എന്നെ പുഴ കടക്കാൻ സഹായിച്ചു, മലകൾ താണ്ടാൻ കൂട്ടായി, ക്യാമ്പ് ചെയ്യുന്നിടത്തെത്തും മുൻപ് ഇരുട്ട് പരന്നപ്പോൾ ധൈര്യം പകർന്ന് നൽകി, വന്യമൃഗങ്ങളിൽ നിന്നും വിഷപാമ്പുകളിൽ നിന്നും രക്ഷിച്ചു, കാടിനെ കുറിച്ചുള്ള അറിവുകൾ പകർന്ന് നൽകി. ഒറ്റയ്ക്ക് അവിടെ എത്തിയിരുന്ന എനിക്ക് അവരില്ലായിരുന്നുവെങ്കിൽ അവരുടെ സഹായമില്ലായിരുന്നെങ്കിൽ ഗവേഷണം പൂർത്തിയാക്കാനാകില്ലായിരുന്നു. കുറുമ്പരുടെ സ്‌നേഹത്തിനും സഹായത്തിനും സത്യസന്ധതക്കും അംഗീകാരമായി, നിറഞ്ഞ നന്ദിയോടെ അട്ടപ്പാടിയിൽ നിന്നും ലഭിച്ച ഒരു പുതു സസ്യത്തിന് ഞാൻ 'ജംഷ്യാന കുറുംബ' (2015) എന്ന് നാമകരണം ചെയ്തുകൊണ്ട് ലോകത്തിന് പരിചയപ്പെടുത്തി.

ഉൾക്കാടുകളിൽ വില പിടിപ്പുള്ള ക്യാമറയും മറ്റ് അനുബന്ധ സാമഗ്രികളും പണവുമായി ഇവരോടൊപ്പം താമസിച്ചിരുന്ന സമയത്ത് ഒരിക്കൽ പോലും ശുദ്ധരും സത്യസന്ധരുമായ ഇവർ എന്റെ ഒരു വസ്തുവിലും കൈ വച്ചിട്ടില്ല എന്ന് മാത്രമല്ല മോഹത്തോടെ നോക്കുക പോലും ഉണ്ടായിട്ടില്ല. ആ കൊടുംങ്കാടിനുള്ളിൽ വച്ച് എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പോലും പുറം ലോകീ അറിയില്ലായിരിന്നു.

കുറുമ്പരിൽപെട്ട എന്റെ സഹോദരനായ മധു വിശപ്പ് സഹിക്കാനാകാതെയാവാം അത് ചെയ്തത്. അതിന്റെ പേരിൽ അസ്ഥികൂടം മാത്രമായ ഒരു പാവത്തെ കാടത്തത്തോടെ മർദ്ധിച്ച് അഹങ്കാരത്തോടെ പൊലീസിന് കൈമാറിയ വരോട് എനിക്ക് അറപ്പാണുള്ളത്. മർദ്ദിച്ച് കൊല്ലാൻ മാത്രം എന്താണ് ആ പാവം ചെയ്തത്.

ഔദ്യോദിക കണക്കുകൾ പ്രകാരം ആദിവാസി വിഭാഗങ്ങൾക്ക് ലഭ്യമാകുന്ന പദ്ധതികളും ഫണ്ടുകളും ഭീമമാണ്. ഇവയിൽ എത്ര മാത്രം ശരിയായ വിധത്തിൽ ഇവരിലേക്കെത്തുന്നുണ്ട്?. പാർശ്വവൽക്കരിക്കപ്പെടുകയും നൂറ്റാണ്ടുകളായി തുടർന്ന് വന്ന ഉപജീവന മാർഗ്ഗങ്ങൾ എന്നെന്നേക്കുമായി കവർന്നെടുത്തതിന് ശേഷം എന്താണ് നാം തിരികെ നൽകിയത്?.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP