Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

21 പെൺകുട്ടികൾക്കിടയിൽ ഒരേയൊരു പുരുഷപ്രജയായി പഠിച്ച രാമചന്ദ്രൻ.. ആണും പെണ്ണും ഒരുമിച്ചിരിക്കുന്നതിനെ എതിർക്കുന്നവർ വായിക്കാൻ ദീപാ നിശാന്തിന്റെ കുറിപ്പ്

21 പെൺകുട്ടികൾക്കിടയിൽ ഒരേയൊരു പുരുഷപ്രജയായി പഠിച്ച രാമചന്ദ്രൻ.. ആണും പെണ്ണും ഒരുമിച്ചിരിക്കുന്നതിനെ എതിർക്കുന്നവർ വായിക്കാൻ ദീപാ നിശാന്തിന്റെ കുറിപ്പ്

മിക്‌സഡ് സ്‌കൂളായിരുന്നിട്ടും ഞങ്ങൾ പഠിച്ചിരുന്ന സ്‌കൂളിൽ ആദ്യകാലത്ത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ക്ലാസ്സുകളായിരുന്നു. ഒരു മതിൽക്കെട്ടിനുള്ളിൽത്തന്നെ ഓഫീസ് റൂമിന്റെ ഇരുഭാഗങ്ങളിലായി ആൺക്ലാസ്സുകളും പെൺക്ലാസ്സുകളും വേർതിരിക്കപ്പെട്ടിരുന്നു. ഉച്ചനേരത്ത് വരാന്തയിലിരിക്കാൻ ഞങ്ങൾ തിടുക്കം കൂട്ടും. അപ്പുറത്തെ വരാന്തയിൽ ആൺകുട്ടികളും നിരക്കും. പരുക്കൻ ഹെഡ്‌മാസ്റ്റർ ഗൗരവത്തിൽ ഓഫീസ് റൂമിന്റെ വരാന്തയിലൂടെ ഉലാത്തുമ്പോൾ ഞങ്ങൾ പഠിക്കുകയാണെന്ന വ്യാജേന പുസ്തകത്തിലേക്കു മുഖം പൂഴ്‌ത്തും. അപ്പുറത്തു നിന്നും ആൺകുട്ടികൾ തൊടുത്തുവിടുന്ന 'ആരോ' കൾ ഏറ്റുവാങ്ങാൻ 'ആരുമില്ലാതെ'അനാഥമായി മുറ്റത്തു കിടക്കും. അതിർത്തി ലംഘനം നടത്താൻ ശ്രമിക്കുന്ന പയ്യന്മാരെ ഹെഡ്‌മാസ്റ്റർ കോപക്കണ്ണുകൾ കൊണ്ട് പിന്നോട്ടോടിക്കും.

അങ്ങനെ ആ ഒറ്റമതിൽക്കെട്ടിനുള്ളിൽ 'അനാഘ്രാത കുസുമ'ങ്ങളായി ഞങ്ങൾ കഴിഞ്ഞിരുന്ന കാലത്താണ് ആൺകുട്ടികളേയും പെൺകുട്ടികളേയും ഒരു ക്ലാസ്സിലിരുത്താനുള്ള തീരുമാനം പൊട്ടിവീണത്.പുറമേ ആശങ്കയും ശക്തമായ അസംതൃപ്തിയും ഭാവിച്ചെങ്കിലും ഉള്ളിൽ ആഹ്ലാദത്തോടെയാണ് ഞങ്ങളാ തീരുമാനത്തെ വരവേറ്റത്ത്.


അങ്ങനെ ആൺപെൺ മതിലുകൾ തകർക്കപ്പെട്ടു. ഒറ്റമുറിച്ചതുരത്തിൽ ഇരുഭാഗങ്ങളിലുമായി ഞങ്ങൾ ഇരുന്നു. നടുക്കുള്ള അകലം കൃത്യമായി പാലിക്കപ്പെട്ടുകൊണ്ട് ബഞ്ചുകളും ഡസ്‌ക്കുകളും കിടന്നു. ഇടക്ക് ഒളികണ്ണിട്ട് ഞങ്ങൾ പരസ്പരം നോക്കി. പേരറിയാനൊമ്പരങ്ങളെല്ലാം ഉള്ളിൽ ചുമന്നു .. ചിലത് ഉള്ളിലടങ്ങിയിരിക്കാൻ കൂട്ടാക്കാതെ എണീറ്റ് പുറത്തേക്കോടി. മറ്റു ചിലത് ഒളിച്ചുവെക്കപ്പെട്ട സ്വകാര്യ നൊമ്പരങ്ങളായി, നെഞ്ചിൽ അടയാളങ്ങൾ നിലനിർത്തി.....


ഒരിക്കൽ ഒരു ബയോളജി ക്ലാസ്സിലായിരുന്നു അത്. പ്രത്യുത്പാദനത്തെക്കുറിച്ചുള്ള ക്ലാസ്സിൽ ഞങ്ങളെല്ലാം ലജ്ജ ഒരലങ്കാരമാക്കിക്കൊണ്ട് ഇരിക്കുകയാണ്. ഇത്തരം കാര്യങ്ങൾ പറയുമ്പോൾ ആൺകുട്ടികളുടെ മുഖത്തേക്ക് നോക്കുക പോലുമരുതെന്ന കർശന നിഷ്ഠയിൽ'ബകധ്യാന'ത്തിൽ ഞങ്ങളിരിക്കുമ്പോൾ നിശ്ശബ്ദത ഭേദിച്ചു കൊണ്ട് ആൺകുട്ടികളുടെ ഭാഗത്തു നിന്ന് ഒരു കുശുകുശുപ്പുയർന്നു.ഇരുനിറക്കാരിയായ ഉയരക്കാരിടീച്ചർ ബോർഡിലെഴുതുന്നതിനിടയിൽ തിരിഞ്ഞു നോക്കി. 'കുട്ടി മനോജ് ' എന്ന് ഞങ്ങൾ ഇരട്ടപ്പേരു വിളിക്കാറുള്ള മനോജ് അടുത്തിരുന്ന സനീഷിന്റെ ചെവിയിൽ എന്തോ മന്ത്രിക്കുന്നത് ടീച്ചറുടെ ശ്രദ്ധയിൽപ്പെട്ടു. ടീച്ചർ കയ്യിലുള്ള ചോക്ക് മനോജിന്റെ മേലേക്കെറിഞ്ഞു. മനോജ് ഞെട്ടലോടെ നേരെയിരുന്നു. ടീച്ചർ ഗൗരവത്തിൽ മനോജിനോടു പറഞ്ഞു:


' എണീക്ക് '
മനോജ് എഴുന്നേറ്റു.
'എന്താ സ്വകാര്യം? ' ടീച്ചർ ചോദിച്ചു '
കൂട്ടുകാരന്റെ ചെവിയിൽ പറഞ്ഞ കൗമാരരഹസ്യം വെളിപ്പെടുത്താനാവാതെ മനോജ് നിസ്സഹായനായി.
'ഇങ്ങു വാ!'
ഡസ്‌ക്ക് മുന്നിലേക്ക് നിരക്കിനീക്കിക്കൊണ്ട് മനോജ് ടീച്ചറുടെ അടുത്തേക്ക് ചെന്നു .ഒരു 'ചെവി പൊന്നാക്കൽ' പ്രതീക്ഷിച്ച് ഞങ്ങളിരുന്നു. ടീച്ചർ ഞങ്ങളിരുന്നിരുന്ന ബഞ്ചിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു:
'താനവിടെപ്പോയിരിക്ക് '
മനോജ് നിസ്സഹായനായി.
'ചെല്ല്... അവടിരുന്ന് സ്വകാര്യം പറഞ്ഞോ '


കർക്കശക്കാരിയായ ടീച്ചറെ നിഷേധിക്കാൻ മനോജിന് കഴിഞ്ഞില്ല. മനോജ് തല കുനിച്ചു കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു. ആ അപ്രതീക്ഷിത ശിക്ഷ ഉൾക്കൊള്ളാനാവാതെ ഞങ്ങളുമിരുന്നു. സിന്ധു ബഞ്ചിൽ നിന്നും എഴുന്നേറ്റ് മനോജിനു വഴിയൊരുക്കി. മനോജ് എന്റെയൂം സിന്ധുവിന്റേയും നടുവിൽ ചൂളിക്കൂടി. ഞങ്ങൾക്കാർക്കും ആ ക്ലാസ്സിൽ പിന്നീട് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. പരസ്പരം സ്പർശിക്കാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ട് ഞങ്ങളിരുന്നു. നോട്ടെഴുതുമ്പോൾ കൈമുട്ടുകൾ കൂട്ടിമുട്ടാതിരിക്കാൻ ജാഗരൂകരായി.


ടീച്ചർ ക്ലാസ്സ് വിട്ടു പോയപ്പോഴേക്കും മനോജ് എഴുനേറ്റു ഡസ്‌ക്ക് തള്ളിനീക്കി അപ്പുറത്തേക്ക് പലായനം ചെയ്തു. പിന്നീടൊരിക്കലും മനോജ് ബയോളജി ക്ലാസ്സിൽ സംസാരിച്ചിട്ടില്ല. മനോജിനു ലഭിച്ച ' കനത്ത ശിക്ഷ' എല്ലാ ബയോളജി ക്ലാസ്സിലും നിശ്ശബ്ദരായിരിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചു.
ഒരു കാലം അങ്ങനെയായിരുന്നു. ആൺ കുട്ടികളും പെൺകുട്ടികളും അടുത്തിരുന്നാൽ പൊട്ടുന്ന തീയും പടക്കവുമായി വിലയിരുത്തപ്പെട്ട ഒരു കാലത്ത് ഇത്തരം ശിക്ഷകൾ നൽകിയിരുന്ന മാനസിക സമ്മർദ്ദം വലുതായിരുന്നു. കേട്ടെഴുത്ത് പരീക്ഷയിൽ തോറ്റ ആൺ കുട്ടികളെയെല്ലാം ട്യൂഷൻ ക്ലാസ്സിലെ മുകുന്ദൻ മാഷ് പെൺകുട്ടികളുടെ നടുക്കിരുത്തി ശിക്ഷിച്ചു. കേട്ടതൊന്നും എഴുതാനാവാതെ അവർ ചെകുത്താനും കടലിനും ഇടയിൽപ്പെട്ട് നിശ്ശബ്ദരായി.
വർഷങ്ങൾക്കു മുമ്പ് നടന്ന സംഭവമായിട്ടു പോലും ഇന്നും പണ്ടത്തെ ബയോളജി ക്ലാസ്സ് ഓർമ്മയിലുണ്ട്.അടുത്തിടെ കേരളത്തിൽ ചർച്ച ചെയ്യപ്പെട്ട പല വിഷയങ്ങളും ആ ബയോളജി ക്ലാസ്സിനെ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തി.


ഇന്ന് ഞാൻ പഠിപ്പിക്കുന്ന കോളേജിൽ ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരിക്കുന്നതു കാണുമ്പോൾ ഒരാശങ്കയും ഉള്ളിലേക്ക് കടന്നുവരാറില്ല. അമ്പത്തിമൂന്നാം നമ്പർ ക്ലാസ്സിലേക്കും നാൽപ്പത്തിരണ്ടാം നമ്പർ ക്ലാസ്സിലേക്കും സെക്കന്റ് ലാംഗ്വേജെടുക്കാൻ കടന്നു ചെല്ലുമ്പോൾ തിങ്ങിനിറഞ്ഞിരിക്കുന്ന ബഞ്ചുകളിൽ ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്ന് സൂക്ഷ്മനിരീക്ഷണം നടത്താറില്ല. ഒന്നിച്ചിരിക്കരുതെന്ന തീട്ടൂരങ്ങൾ കേരളവർമ്മയിൽ ആരും ആർക്കു നേരെയും തൊടുത്തുവിടാറില്ല. അഥവാ അങ്ങനെ തൊടുത്തുവിട്ടാൽത്തന്നെ അത്രമേൽ അനായാസമായി അതിനെ അവഗണിക്കാൻ കുട്ടികൾക്കു സാധിക്കുകയും ചെയ്യും. ഊഷ്മള സൗഹൃദങ്ങളുടെ വിശാലമേച്ചിൽപ്പുറമായി ഒരു കാമ്പസ് തലയുയർത്തി നിൽക്കുകയാണ്. സദാചാര ഗിരിപ്രഭാഷണങ്ങളെ തീണ്ടാപ്പാടകലേക്ക് മാറ്റി നിർത്തുകയാണ്. ക്ലാസ്സ് മുറിയുടെ ചതുരക്കള്ളികൾക്കിടയിൽ നിന്നും ഇടക്കെങ്കിലും കുതറിയോടി മരച്ചുവട്ടിലിരുന്ന് കാറ്റു കൊള്ളാനും ആൺ പെൺ വിവേചനമില്ലാതെ ഒന്നിച്ചിരിക്കാനും കേരളവർമ്മയിൽ കഴിയുന്നുണ്ട്.
സൗഹൃദത്തിന്റെ ആൽമരത്തിനു കീഴെ ആണും പെണ്ണും ഒന്നിച്ചിരുന്നാൽ ലോകമൊന്നും ഇടിഞ്ഞു വീഴില്ലെന്ന് എന്നെ പഠിപ്പിച്ചത് ഈ കാമ്പസ്സാണ്. പ്രീഡിഗ്രിക്കാലത്ത് ഞാനും ഷെറിയും ലിനിയും ജെൻസയും പ്രിജിത്തും സുബിനും സാഗിറും ചക്കിയും സിജോയും ഇടകലർന്നിരുന്നു. ചോറ്റുപാത്രങ്ങളിൽ നിന്ന് പരസ്പരം കൈയിട്ടുവാരിക്കഴിച്ചു. ആണും പെണ്ണുമെന്ന് അതിർത്തി തിരിക്കാൻ ആരും വന്നില്ല. 'ഗുഡ് ടച്ചും' 'ബാഡ് ടച്ചും' വേർതിരിച്ചറിയാൻ ഞങ്ങൾക്ക് സാധിച്ചിരുന്നു... ഒരാളുടേയും സദാചാര പാഠാവലിയിൽ നിന്നല്ല ഞങ്ങളത് പഠിച്ചത്.ജീവിതത്തിൽ സ്വയം തിരിച്ചറിയുന്ന ചില പ്രായോഗിക പാഠങ്ങളിൽ നിന്നാണ്.


ഡിഗ്രിക്ക് കേരളവർമ്മയിൽ പഠിക്കുമ്പോൾ 21 പെൺകുട്ടികൾക്കിടയിൽ പുരുഷപ്രജയായുണ്ടായിരുന്നത് രാമചന്ദ്രൻ മാത്രമായിരുന്നു. കണ്ണുനിറയെ ഇരുട്ടുമായി ജനിച്ച രാമചന്ദ്രൻ കേരളവർമ്മയിൽ ഒരിടത്തും തട്ടിത്തടഞ്ഞു വീഴാൻ ഞങ്ങൾ പെൺകുട്ടികൾ സമ്മതിച്ചിട്ടില്ല.രാമചന്ദ്രന്റെ കൈകൾ ഞാനും ശ്രീജയും കവിതയും ജയയും സംഗീതയും ദിവ്യയും ഷിജിയും ലിജയും ധന്യയും അനായാസേന പിടിച്ചു..


എം.എ.ക്ക് പഠിക്കുമ്പോഴും രാമചന്ദ്രൻ കൂടെയുണ്ടായിരുന്നു. അപ്പോഴും രാമചന്ദ്രൻ ഞങ്ങൾ കുറേ പെണ്ണുങ്ങളുടെ കൂടെയായിരുന്നു.വനിതാ കോളേജിൽ നിന്നും ഡിഗ്രി കഴിഞ്ഞു വന്നവർ രാമചന്ദ്രന്റെ കൈ പിടിക്കാൻ ആദ്യം മടിച്ചെങ്കിലും പിന്നീട് കേരളവർമ്മ അവരെയും മാറ്റി.എല്ലാ പെൺചില്ലക്കൈകളും അനായാസേന രാമചന്ദ്രനു നേരെ നീണ്ടു. തൊട്ടാൽ വീണുപോകുന്ന ഒന്നല്ല പരിശുദ്ധിയെന്ന ബോധ്യം ഞങ്ങൾക്കുണ്ടായിരുന്നു.


എം.എ.സെന്റോഫ് ദിനത്തിൽ രാമചന്ദ്രനെ കൂട്ടിക്കൊണ്ടു പോകാൻ അമ്മയെത്തി. ആ അമ്മ ഞങ്ങളുടെ കൈകൾ നന്ദിപൂർവ്വം കവർന്നു. കണ്ണിൽ ചേർത്തു വച്ച് ചുംബിച്ചു.. ഞങ്ങളുടെ കൈകൾ അമ്മക്കണ്ണീരിനാൽ നനഞ്ഞു.കേരളവർമ്മ പഠിപ്പിച്ച കുറേ പാഠങ്ങളുമായി ഞങ്ങൾ പരസ്പരം യാത്ര പറഞ്ഞു പിരിഞ്ഞു.
ഒന്നിച്ചിരുന്നു തന്നെയാണ് ഞങ്ങൾ ചില പാഠങ്ങൾ പഠിച്ചത്. ഒരു സിലബസ്സിലും ഉൾപ്പെടാത്ത ചില ജീവിത പാഠങ്ങൾ...


കാമ്പസുകളിൽ കുട്ടികൾ ഒന്നിച്ചിരിക്കട്ടെ. പരസ്പരം സ്‌നേഹിച്ച് ,ബഹുമാനിച്ച് വളരട്ടെ. അതിർത്തികളുണ്ടാകുമ്പോഴാണ് അതിർത്തി ലംഘനങ്ങളും ഉണ്ടാകുന്നത്. കുട്ടികളെ വിശ്വസിക്കുന്ന 'കൊബായാഷി' മാസ്റ്റർമാരാകട്ടെ അദ്ധ്യാപകർ. 'ടോട്ടോച്ചാനി'ലെ കൊബായാഷി മാസ്റ്റർ വിദ്യാർത്ഥികളെ വിശ്വസിക്കുകയാണ് ആദ്യം ചെയ്തത്. ആ വിശ്വാസം തന്നെയാണ് അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചതും.സാഹസിക ചിന്തകൾ തലയിലുദിക്കാനും ചോദ്യങ്ങൾ ചോദിക്കാനും ഉത്തരങ്ങൾ സ്വയം കണ്ടെത്താനും കൊബായാഷി മാസ്റ്ററുടെ കുട്ടികൾക്ക് കഴിഞ്ഞത് അതുകൊണ്ടാണ്. ശരീരത്തെക്കുറിച്ചുള്ള ആകുലതകൾ വിട്ട് 'ബോഡി കോൺഷ്യസ് ' ആകാതെ ടോട്ടോച്ചാനും കൂട്ടുകാരും ഓടുന്നുണ്ട്. ചാടുന്നുണ്ട്. മരം കയറുന്നുണ്ട്. നീന്തുന്നുണ്ട്.ഒരു കസേരയിൽ നിന്നും എണീക്കുമ്പോഴേക്കും ഉടുപ്പു ചുളിവുകൾ നേരെയാക്കിയിടാനായി പിന്നിലേക്ക് നീളുന്ന പെൺകൈകൾ ടോട്ടോച്ചാനുമാർക്കുണ്ടാകില്ല. ഉടൽ വലിയൊരു ബാധ്യതയായി അവർ കൊണ്ടു നടക്കില്ല. അധികാരം കാക്കാനുള്ള എളുപ്പവഴിയായ സദാചാരച്ചൂരൽ പിടിച്ച് കൊബായാഷി മാസ്റ്റർമാർ നിൽക്കാതിരിക്കുമ്പോൾ മാത്രമേ ടോട്ടോച്ചാനുമാരുണ്ടാകൂ.


കൊബായാഷി മാസ്റ്റർമാർ പഠിപ്പിച്ച ഒരാൺകുട്ടിയും 'ഞാൻ അറിഞ്ഞൊന്നു പെരുമാറിയാൽ പത്തു മാസം കഴിഞ്ഞേ ഫ്രീയാകൂ' എന്ന് സിനിമയിലെ നായകൻ പറയുമ്പോൾ കയ്യടിക്കില്ല.' ഒന്നൊച്ചവച്ചിരുന്നെങ്കിൽ.... ഉറക്കെ കരഞ്ഞിരുന്നെങ്കിൽ ' എന്നു പറഞ്ഞ് വിലപിക്കുന്ന ബലാത്സംഗക്കാരന് പെങ്ങളെ കെട്ടിച്ചു കൊടുക്കുന്ന ഹിറ്റ്‌ലറാങ്ങളമാരാകില്ല അവരൊന്നും. 'മഴയത്ത് ഒറ്റപ്പുതപ്പിൽ കെട്ടിപ്പിടിച്ചുറങ്ങാനും രണ്ടെണ്ണം വീശി വരുമ്പോൾ കാലുമടക്കിയടിക്കാനും തന്റെ കുഞ്ഞുങ്ങളെ പെറ്റുപേറ്റാനും മാവിൻ ചിതയിൽ എരിഞ്ഞടങ്ങുമ്പോൾ മാറത്തടിച്ചു നിലവിളിക്കാനും ' മാത്രമായി ഒരു പെണ്ണിനേയും അവർ തേടില്ല.പുറകേ നടക്കാനും മുന്നിൽ നടക്കാനുമല്ലാതെ ഒപ്പം നടക്കാനേ അവർ കൂട്ടു തേടൂ. ആ കൂട്ടുചേരലിനാണ് ഒരു കാമ്പസ് വഴിയൊരുക്കേണ്ടത്.

കുട്ടികൾ പൂമ്പാറ്റകളാണ്. ആ പൂമ്പാറ്റച്ചിറകുകളെ അരിഞ്ഞുകളയരുത്.. കലാലയങ്ങളെ വെറും പഠിപ്പാലയങ്ങൾ മാത്രമായി തരംതാഴ്‌ത്തരുത്. പുഴകൾ ഒഴുകട്ടെ.പുഴയോട് ഒഴുകരുതെന്ന് പറയാൻ ആർക്കാണധികാരം? നമ്മൾ കുളിച്ച പുഴകളെല്ലാം ഒഴുകിപ്പോയി. കുട്ടികൾ നമ്മൾ കുളിച്ച അതേ പുഴയിൽത്തന്നെ കുളിക്കണണമെന്ന് ശഠിക്കുന്നത് വ്യർത്ഥമാണ്.
കാലഹരണപ്പെട്ട ചിന്തകളാണ് നിങ്ങൾക്കുള്ളതെങ്കിൽ ആ ചിന്തകൾക്കുമേൽ ഒരു റീത്ത് വെക്കുക! നിശ്ശബ്ദരായി മാറി നിൽക്കുക.... പുറകേ വരുന്നവരുടെ വഴിമുടക്കികളാകരുത്...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP