Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രഞ്ജിത്തിനോട് ഒരു വാക്ക്...

രഞ്ജിത്തിനോട് ഒരു വാക്ക്...

നെഗറ്റീവ് കമന്റുകൾ ലഭിക്കുന്നത് എന്തോ കുറവാണെന്ന ചിന്തയിൽ തുടങ്ങുന്നതാണ് സോഷ്യൽ മീഡിയയോടുള്ള സിനിമാക്കാരുടെ കലിപ്പ്. രാഷ്ട്രീയ സാമൂഹ്യ രംഗങ്ങൾ മുഴുവനായി സിനിമയെന്ന മാദ്ധ്യമത്തിലൂടെ പരിഹാസ രൂപേണ അവതരിപ്പിക്കുന്നവർക്ക് നെഗറ്റീവ് കമന്റുകൾ ഇത്ര അലോസരം സൃഷ്ടിക്കുന്നതിന്റെ സൈക്കോളജി എനിക്കിനിയും മനസ്സിലായിട്ടില്ല. ഇതുവരെ മുന്നറിയിപ്പ് സിനിമയ്ക്ക് ഒരു നെഗറ്റീവ് കമന്റ് പോലും ലഭിച്ചില്ല എന്നത് ആശ്വാസകരമായി രഞ്ജിത് പറയുന്നത് കേട്ടു. ലോകത്തുള്ള സകലരെയും സിനിമയിലൂടെ പരിഹസിക്കാൻ ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്നാ വാൾ ചുഴറ്റി എറിയുന്നവർ ഒരു നെഗറ്റീവ് കമന്റ് വന്നാൽ എന്തിനിത്ര ബെജാറാവണം? പെട്ടെന്ന് മനസ്സിൽ വന്ന ചില കാര്യങ്ങൾ ചുവടെ ചേർക്കട്ടെ.

1) സോഷ്യൽ മീഡിയ ന്യൂനപക്ഷത്തിന്റെ മാദ്ധ്യമം ആണെന്നുള്ള തരത്തിൽ ഈ മാദ്ധ്യമത്തെ തള്ളിപ്പറയുന്നവർ എന്തിനാണ് അവരുടെ എല്ലാ സിനിമകൾക്കും ഡിജിറ്റൽ പി ആർ വർക്കുകൾ ചെയ്യുന്നത്? അത്രയും മോശം സ്ഥലമെങ്കിൽ വെരിഫൈഡ് പേജുകളും ലൈക്കുകളുടെ എണ്ണവും പറഞ്ഞു സകല താരങ്ങളും ഇവിടെ തുടരുന്നത് എന്തിനാണ്? 'ന്യൂനപക്ഷ പ്രീണനം' നടത്താതിരിക്കാൻ നിങ്ങൾക്ക് ഈ മാദ്ധ്യമത്തെ ഒഴിവാക്കാമല്ലോ

2) സാധാരണക്കാർ എന്തോ വ്യക്തിവൈരാഗ്യം കാത്തുസൂക്ഷിച്ചു സിനിമയ്‌ക്കെതിരെ എഴുതുന്നു എന്ന മട്ടിലുള്ള വിമർശനങ്ങൾക്ക് മറുപടിയുണ്ട്. ഒരു സിനിമ കാണുന്ന വ്യക്തിക്ക് അതിന്റെ അണിയറപ്രവർത്തകരോട് വൈരാഗ്യം വെയ്‌ക്കേണ്ട കാര്യം എന്താണുള്ളത്? ഇനി ഉണ്ടെന്നു പറഞ്ഞാൽ തന്നെ അതിനു പിന്നിൽ താരാരാധനയും ഫാൻസ് പിടിവലിയും ആകും കാരണം, അതുമല്ലെങ്കിൽ ആസൂത്രിതമായ ആക്രമണം. അപ്പോഴും മനസ്സിലാക്കേണ്ട കാര്യം അന്ധമായ താരാരധനയും ഫാൻസ് പ്രസ്ഥാനം സോഷ്യൽ മീഡിയയുടെ ഉല്പനങ്ങൾ അല്ല, അതിനും ഫേസ് ബുക്കിനെ ചീത്തവിളിച്ചിട്ടു കാര്യമൊന്നുമില്ല. സാധാരണക്കാരനായ ഒരു വ്യക്തിക്ക് ഒരു നല്ല സിനിമയെക്കുറിച്ച് എത്ര ആസൂത്രിതമായും ഒരു മോശം അഭിപ്രായം എന്നും സത്യമെന്ന രീതിയിൽ പ്രചരിപ്പിക്കാൻ കഴിയില്ല, കാരണം ഒരു വ്യക്തി മാത്രം വിചാരിച്ചാൽ ഇത്തരമൊരു വൈറാലിറ്റി കൊണ്ടുവരാൻ കഴിയില്ല എന്നതുതന്നെ, അതുമല്ല നിങ്ങളുടെ അഭിപ്രായങ്ങള്ക്ക് അപ്പപ്പോൾ മറുകമന്റുകളും വന്നു പോസ്റ്റ് തന്നെ റശീൈഹ്‌ല ആകുന്ന അവസ്ഥ ഉണ്ടാകും, പിയർ റിവ്യൂവിങ് വളരെ കൂടുതലാണെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. അപ്പോൾ ഇത് വിരൽ ചൂണ്ടുന്നത് സിനിമാ രംഗത്ത് നിലവിലുള്ള കുതികാൽ വെട്ടുകളുടെ പരിഷ്‌കൃത രൂപത്തിലേക്ക് മാത്രമാണ്. അതിനു സാധാരണക്കാരുടെ നെഞ്ചത്ത് കയറിയിട്ട് കാര്യവുമില്ല. തിയേറ്ററിൽ കയറി കൂവിതോല്പിക്കുന്ന ഫാൻസിനു സോഷ്യൽ മീഡിയയിൽ വന്നുകൂടാ എന്നില്ലല്ലോ? ഇനി അതൊക്കെ വിടാം, ഇതിനൊരു പരിഹാരം ആണ് ആവശ്യമെങ്കിൽ ആദ്യം ഇത്തരം പി ആർ ഏജൻസികളെയും ഫാൻസ് സംഘങ്ങളെയും തള്ളിപ്പറയാൻ ഇവർ തയ്യാറാകട്ടെ, അതുമല്ലെങ്കിൽ കൂണുകൾ പോലെയുള്ള സിനിമാ സംഘടനകളിൽ ഇതൊരു ചർച്ചയാകട്ടെ. നിയമനടപടികൾ സ്വീകരിക്കൂ, കള്ളൻ സ്വന്തം കപ്പലിൽ തന്നെയുണ്ടെന്ന് ബോധ്യപ്പെടും.

3) സോഷ്യൽ മീഡിയയുടെ സ്വാധീനം കൊണ്ട് ഒരു മോശം സിനിമ ഹിറ്റ് ആയതായോ, ഒരു നല്ല സിനിമ തകർന്നതായോ സിനിമാ പ്രവർത്തകർക്ക് പോലും ചൂണ്ടിക്കാട്ടാൻ കഴിയാറില്ല. രഞ്ജിത്തിനോട് ഈ ചോദ്യം ഷാനി പ്രഭാകരൻ ഉന്നയിച്ചപ്പോൾ തടിതപ്പിയത് ഇന്നലെ എല്ലാരും കണ്ടതുമാണ്. വിജയിക്കുന്ന സിനിമകളെ തകർക്കാൻ സോഷ്യൽ മീഡിയ ശ്രമിക്കുന്ന എന്നതാണ് ആക്ഷേപം എങ്കിൽ അടുത്തയിടയ്ക്ക് ഏറ്റവും കൂടുതൽ അക്രമം നേരിടെണ്ടിയിരുന്നത് ദൃശ്യം,ഹൗ ഓൾഡ് ആർ യു എന്നീ സിനിമകൾക്കാണ്. ഇനി അവ ഇത് നേരിട്ടിരുന്നു എന്ന വാദം ഉയർത്തിയാൽ തന്നെ എന്തുകൊണ്ട് ആ ശ്രമങ്ങൾ വിജയിച്ചില്ല എന്നതും പരിശോധിക്കേണ്ടിവരും. അത് പടത്തിന്റെ മെറിറ്റിലേക്ക് വിരൽചൂണ്ടുന്നതാവാം. അതുകൊണ്ട് തന്നെ ഒരിക്കലും ഒരു മോശം സിനിമയെ സോഷ്യൽ മീഡിയയിലൂടെ വിജയിപ്പിക്കാമെന്നോ നല്ല സിനിമയെ തകർക്കാൻ കഴിയുമെന്നൊ ഞാൻ കരുതുന്നില്ല. സോഷ്യൽ മീഡിയയുടെ ദോഷങ്ങളുടെ കണക്കെടുക്കുന്നവർ തങ്ങളുടെ സിനിമയെ എത്രത്തോളം ഇത് സഹായിച്ചു എന്നുകൂടി പൊതുജന സമക്ഷം വിശദമായി പറയാൻ സന്നദ്ധത കാണിക്കണം. മുന്നറിയിപ്പ് സിനിമയ്ക്ക് പോലും നല്ല മൈലേജ് നൽകുന്നതിൽ ഇതിന്റെ പങ്കു ചെറുതല്ല എന്ന് ഓർക്കണം.

4) രഞ്ജിത്ത് ഉൾപ്പടെ വിമർശകർ പലപ്പോഴും ഉന്നയിക്കുന്ന കാര്യമാണ് സോഷ്യൽ മീഡിയ പ്രതികരണങ്ങൾക്ക് നിയന്ത്രണം വേണം എന്നത്. ചുമ്മാ വാചകത്തിനപ്പുറം ഒരു പ്രായോഗിക നിർദ്ദേശം ഇവരുടെ പക്കൽ ഉണ്ടോ എന്ന ചോദ്യത്തിന് പലപ്പോഴും ഇല്ലെന്നായിരിക്കും മറുപടി. തങ്ങൾക്കു അനുചിതമെന്ന് തോന്നുന്ന കമന്റുകൾ പാസാക്കുന്ന മുഖ്യധാരാ മാദ്ധ്യമങ്ങളുടെ തലപ്പത്ത് ഒറ്റ ഫോൺ കോൾ പാസാക്കിയാൽ ആ കമന്റുകൾ പിൻവലിക്കാൻ കഴിയുമായിരിക്കും, അതേ ചട്ടക്കൂടിൽ ഈ മാദ്ധ്യമത്തെ കാണുന്നതാണ് പ്രശ്‌നം. പ്രശ്‌നം മാത്രമല്ല അത് അബദ്ധവുമാണ്.

5) ഒരു സിനിമയെ വിമർശിക്കുമ്പോൾ അവർ മുടക്കിയ കോടിക്കണക്കിനു രൂപയുടെയും അദ്ധ്വാനത്തിന്റെയും സെന്റി കഥകൾ പറയുന്നു, തീർച്ചയായും അവയെ അംഗീകരിക്കുന്നു എന്നാൽ അവർ മുടക്കുന്ന 'കോടി' അല്ലെങ്കിലും പ്രേക്ഷകർ നിങ്ങളുടെ സിനിമ കാണാനായി മുടക്കുന്ന പണം അവരെ സംബന്ധിച്ച് 'കോടി' തന്നെയാണ്. പ്രധാന നഗരങ്ങളിലെ മികച്ച തിയേറ്ററുകളിൽ രണ്ടു ആളുകൾ സിനിമ കാണാൻ പോകണമെങ്കിൽ ഏകദേശം 500 രൂപ ചെലവുള്ള കാര്യമാണ്, അതിലൊരാൾക്ക് മാത്രമാണ് വരുമാനം ഉള്ളതെങ്കിൽ അവന്റെ/അവളുടെ ഒരു ദിവസത്തെ വരുമാനം ഒരു ഇഞ്ചിമുട്ടായി പോലും വാങ്ങാതെ നിങ്ങളുടെ സിനിമക്കായി സമർപ്പിക്കുക്കയാണ് എന്നോർക്കണം (സമർപ്പിക്കാൻ ഞങ്ങൾ ആരെങ്കിലും ആവശ്യപ്പെട്ടോ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല). അങ്ങനെ വരുമ്പോൾ കഞ്ഞി വാങ്ങാതെ അവൻ/അവൾ ത്വജിച്ച പണം വെറുതെ പോയെന്നുവരുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക പ്രതിഷേധം പണ്ട് രേഖപ്പെടുത്താൻ ഒരിടം അവർക്ക് ഇല്ലായിരുന്നു. കൂടി വന്നാൽ തമ്മിൽ പറയാം 'പടം നന്നായിരുന്നു/മോശമായിരുന്നു' എന്നൊക്കെ. അങ്ങനെ നോക്കുമ്പോൾ സോഷ്യൽ മീഡിയ ഇന്നവനെ സംബന്ധിച്ച് ഇതൊക്കെ അടയാളപ്പെടുത്താൻ ഒരു ആം ആദ്മി മാദ്ധ്യമമാണ്. നാളുകൾക്കു മുൻപ് തന്നെ സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ അടൂർ ഗോപാലകൃഷ്ണൻ ആയിരിക്കും മലയാളത്തിൽ ഏറ്റവും കൂടുതൽ ചീത്ത വിളി കേട്ടിട്ടുണ്ടാവുക എന്നാരോ പറയുന്നത് ഈ അടുത്തു കേട്ടു. സിനിമ പിടിച്ചവന്റെയും സിനിമ കണ്ടവന്റെയും അനുഭവങ്ങൾ ഒരേപോലെ പങ്കുവെയ്ക്കാൻ കഴിയുന്ന ഒരു വിശാലമായ സ്‌പെയ്‌സായി ഇതിനെ കാണണം എന്നാണ് എനിക്ക് പറയാനുള്ളത് വിമർശനങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു രാഷ്ട്രീയക്കാരെ കണ്ടുപടിക്കട്ടെ.

6) ഫേസ് ബുക്കിൽ മോശം അഭിപ്രായം എഴുതിയതിനു ആസിഫ് അലി ഫാൻസ് തല്ലി എന്നപേരിൽ ഉണ്ടായ വാർത്ത സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തിവൈരാഗ്യം തീർക്കാനുള്ള വേദി ആക്കിയെന്നും പറഞ്ഞു കൈകഴുകിയ രഞ്ജിത്തിനെ കണ്ടു. സംഗതി ശരിയാണ്, പക്ഷെ അവിടെ ഫേസ് ബുക്ക് എങ്ങനെ കുറ്റക്കാരൻ ആവും? അതൊരു മീഡിയം മാത്രമല്ലേ? ആസിഫ് അലി ഫാൻസ് തല്ലി എന്ന രീതിയിൽ വാർത്ത കൊടുത്തതും വിളിച്ചുകൂവിയതും സോഷ്യൽ മീഡിയയിൽ ഉള്ള ആരുമല്ല,പകരം ഇവിടെയുള്ള മുഖ്യധാരാ മാദ്ധ്യമങ്ങൾ തന്നെ. സത്യം ഇതല്ല എന്നറിയിക്കാനാണ് സോഷ്യൽ മീഡിയ ഈ വിഷയത്തിൽ ഇടപ്പെട്ടത് എന്ന് ഓർത്താൽ നന്നായിരിക്കും ( ഈ വിഷയത്തിന് പിന്നിലുള്ള സത്യാവസ്ഥ എന്തെന്ന് അന്ന് തന്നെ മാതൃഭൂമി ന്യൂസിലെ അപർണ്ണ കുറുപ്പ് ഫേസ് ബുക്കിൽ കുറിച്ചത് ഓർക്കുന്നുണ്ട്).

7) സിനിമയും ഒരു ഉല്പന്നം ആണെന്നുള്ളത് ആദ്യം തിരിച്ചറിയുക. ഉല്പന്നങ്ങളെ സംബന്ധിച്ചുള്ള ആക്ഷേപങ്ങളോട് അസഹിഷ്ണുത പുലർത്തിയിട്ടു കാര്യമില്ല എന്ന് തെളിയിക്കുന്ന സംഭവങ്ങൾ ആണ് അടുത്തയിടയ്ക്ക് നടക്കുന്നത്. നാളുകൾക്കു മുൻപ് ഫൈസൽ ഫാരൂഖിയുടെ മൗത്ത് ഷട്ട് ഡോട്ട് കോം എന്ന സൈറ്റിൽ ചില ബ്രാണ്ടുകൾക്ക് നേരെയുണ്ടായ വിമർശനത്തെ തുടർന്ന് ഹാലിളകിയ കമ്പനികളെ നേരിടാൻ ഫൈസൽ നടത്തിയ നിയമയുദ്ധവും, ഇതേ രീതിയിൽ 'ബ്രൌൺ ലിസ്റ്റ്' എന്ന പേരില് മറ്റൊരു സൈറ്റുമായി ജോൺ മക്കഫീ എത്തിയതും ഈയടുത്താണ്. കമ്പ്യൂട്ടർ കടയിലെ ദുരനുഭവങ്ങൾ ഫേസ് ബുക്കിലൂടെ ചൂണ്ടിക്കാട്ടിയതിനു ബിജുകുമാർ ആലക്കോടിനെ കേസില്പെടുത്താൻ ശ്രമിക്കുകയും ഒടുവിൽ ആ ശ്രമം പരാജയപ്പെടുകയും ചെയ്തത് ആഴ്ചകൾക്ക് മുൻപാണ്. ഇതെല്ലാം വിരൽ ചൂണ്ടുന്നത് അഭിപ്രായങ്ങൾ മൂടിക്കെട്ടാൻ ആർക്കും കഴിയില്ല എന്ന സത്യത്തിലേക്കാണ്.

8) സാംസ്‌ക്കാരിക പ്രവര്ത്തനത്തെ സോഷ്യൽ മീഡിയ തളർത്തുന്നു എന്ന വേവലാതിക്ക് ഒരു കഴമ്പുമില്ല. മുഖ്യധാരയിൽ ഇല്ലാത്ത അനേകം ആളുകൾക്ക് ഷോർട്ട് ഫിലിമിലൂടെയോ ഒരാൾപ്പൊക്കം പോലെയുള്ള ക്രൌഡ് ഫണ്ടിങ് സിനിമകളിലൂടെയോ കഴിവുതെളിയിക്കാൻ ഈ മാദ്ധ്യമം സഹായിക്കുന്നത് ചെറിയ കാര്യമല്ല. അനേകം സാംസ്‌ക്കാരിക കൂട്ടായ്മകൾക്ക് ആളുകൾ എത്തുന്നതും ഫേസ് ബുക്കിലെ അറിയിപ്പ് കണ്ടാണ് എന്നുള്ളത് മറ്റൊരു കാര്യം. അതുകൊണ്ട് 'സ്‌പേസ്' എന്നത് 'മുക്കിയ' ധാരക്കാരുടെ ഔദാര്യമല്ല.

9) ചീത്തവിളി കേട്ട് സിനിമയെടുത്ത, ഒരു മുഖ്യധാരാ പശ്ചാത്തലവും ഇല്ലാത്ത, സന്തോഷ് പണ്ഡിറ്റിന്റെ നാടാണ് കേരളം. ലിസ്റ്റിലുള്ള ആർക്കും സ്വന്തം വോളിൽ എഴുതുനായായി അവസരം തുറന്നു കൊടുത്ത ആഷിഖ് അബുവും കമന്റുകളിലൂടെ സക്രിയമായി വിമർശനത്തോട് പ്രതികരിക്കുന്ന റിമ കല്ലിങ്ങലും നമ്മുടെ സിനിമാലോകത്ത് തന്നെയാണല്ലോ.

വാൽ: തനിക്ക് ഫേസ്‌ബുക്ക് താല്പര്യമല്ല,അതിൽ പ്രത്യേകിച്ചു ഒന്നും പങ്കു വെയ്ക്കാൻ ഇല്ല, തനിക്കെതിരെ ഫേസ്‌ബുക്കിൽ വരുന്ന വിമർശനങ്ങൾ വായിക്കാൻ മെനക്കടാറില്ല, പകരം സുഹൃത്തുക്കൾ പറഞ്ഞറിതാണെന്നൊക്ക രഞ്ജിത് ഇന്നലെ ചർച്ചയിൽ പറഞ്ഞുകേട്ടു. നേരിട്ടുകാണാത്ത ഒരു കാര്യത്തെ സംബന്ധിച്ച് ഇത്രയ്ക്കും വികാരപരമായി സംസാരിക്കുന്ന രഞ്ജിതും സിനിമ കാണാതെ റിവ്യൂ എഴുതുന്നവരും തമ്മിൽ എന്താണ് വ്യത്യാസമെന്ന് എനിക്കറിയില്ല!!

ഇതിൽ കൂടുതൽ ഒന്നും പറയാനില്ല..നന്ദി,നമസ്‌ക്കാരം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP