Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫ്‌ലക്‌സില്ലാത്ത തെരഞ്ഞെടുപ്പ് നടത്തിക്കൂടേ? എന്തിനാണ് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ തോതു കൂട്ടുന്നത്? മുരളി തുമ്മാരുകുടി

ഫ്‌ലക്‌സില്ലാത്ത തെരഞ്ഞെടുപ്പ് നടത്തിക്കൂടേ? എന്തിനാണ് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ തോതു കൂട്ടുന്നത്? മുരളി തുമ്മാരുകുടി

മുരളി തുമ്മാരുകുടി

ലോകത്ത് അനവധി രാജ്യങ്ങളിലും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പുകാലത്ത് സന്ദർശിച്ചിട്ടുണ്ടെങ്കിലും കേരളത്തിലെപ്പോലെ തെരഞ്ഞെടുപ്പ് ആചാരവും ആഘോഷവും ആകുന്ന ഒരു സ്ഥലം കണ്ടിട്ടില്ല. ഓരോ തെരഞ്ഞെടുപ്പും ചരിത്രപരം ആണെന്ന് മാദ്ധ്യമങ്ങളും നിർണ്ണായകം ആണെന്ന് മുന്നണികളും ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിക്കും. പ്രചരണം പൊടിപാറും, ചെലവ് കൂടിക്കൊണ്ടേയിരിക്കും.

എന്റെ അമ്മാവൻ കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു. അതുകൊണ്ട് ചെറുപ്പത്തിലേതന്നെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അടുത്തുനിന്ന് കണ്ടിട്ടുണ്ട്. 1970ൽ എനിക്ക് ആറു വയസ്സുള്ളപ്പോൾ നടന്ന തെരഞ്ഞെടുപ്പാണ് ആദ്യമായിട്ട് ഓർക്കുന്നത്. ടി.എ.പരമനും എം.കെ. കൃഷ്ണനും ആയിരുന്നു കുന്നത്തുനാട്ടിൽ സ്ഥാനാർത്ഥികൾ. ചുമരെഴുത്താണ് അന്ന് കൂടുതൽ. പെട്രോമാക്‌സും ആയി അമ്മാവന്റെ സുഹൃത്തുക്കൾ വരും, രാത്രി പോയാൽ രാവിലെയാകുമ്പോഴേ അമ്മാവൻ തിരിച്ചുവരൂ. അവസാന ദിവസമൊക്കെ ആകുമ്പോഴേക്കും ബ്രൗൺ പേപ്പറിൽ അച്ചടിച്ച വലിയ (ഇപ്പോഴത്തെ A1 സൈസ്) ഉള്ള ബ്ലാക്ക് ആൻഡ് വൈറ്റ് പോസ്റ്റർ വരും അത്രേ ഉള്ളൂ പബ്ലിസിറ്റി. ഇന്നത്തെ പോലെ ടി വി യോ മൊബൈലോ സോഷ്യൽ മീഡിയയോ ഒന്നും ഇല്ല, എന്നിട്ടും സ്ഥാനാർത്ഥികൾ ആരാണെന്നും അവരുടെ ചിഹ്നം എന്താണെന്നും ആർക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല.

കാലം എത്രയോ മാറി, ബ്ലാക്ക് ആൻഡ് വൈറ്റ് മാറി കളറായി. ചുമരെഴുത്തിൽനിന്നും ഫ്‌ലക്‌സ് വന്നു. ടെലിവിഷനിൽനിന്നും സമൂഹമാദ്ധ്യമത്തിൽ എത്തി. തെരഞ്ഞെടുപ്പുകാലം വീണ്ടും വർണ്ണാഭം ആകുന്നു. ഈ ജനുവരിയിൽ നാട്ടിൽ യാത്രകളുടെ കാലം ആയിരുന്നല്ലോ, തിരഞ്ഞെടുപ്പിന് മുന്നോടിയായി. അതിനുപയോഗിച്ചിരുന്ന ഫ്‌ലെക്‌സിന്റെ എണ്ണവും വണ്ണവും കണ്ടു ഞാൻ ഞെട്ടി. യാത്രകൾക്ക് പ്രധാനമായും യാത്രാ പാതകളിൽ ആണ് ആശംസാ ഫ്‌ലെക്‌സ് ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പാകുമ്പോൾ എല്ലാ മുക്കിലും മൂലയിലും ഫ്‌ലെക്‌സ് വരും. ഇത് പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുകയും ചെയ്യും.

ഒന്നാമതായി, ഇപ്പോൾ നമ്മൾ ഫ്‌ലക്‌സ് ഉണ്ടാക്കാൻ പ്രധാനമായും ഉപയോഗിക്കുന്നത് എളുപ്പത്തിൽ നശിച്ചുപോകാത്ത പ്ലാസ്റ്റിക് ആണ്. അതെ സമയം ഒരിക്കൽ ഉപയോഗിച്ചാൽ പിന്നെ അത് രണ്ടാമത് ഉപയോഗിക്കാൻ സംവിധാനവും ഇല്ല. കേരളത്തിൽ ഒരു നഗരത്തിലും ഗ്രാമത്തിലും ഖരമാലിന്യനിർമ്മാർനത്തിന് ആധുനികമോ പരിസ്ഥിതിക്കനുകൂലമായതോ ആയ ഒരു സംവിധാനവും ഇല്ല. അപ്പോൾ ലക്ഷക്കണക്കിന് ഫ്‌ലക്‌സ് ബോർഡ് അടിച്ച് പരിസ്ഥിതനാശം ഉണ്ടാക്കുന്നതും ഇപ്പോൾതന്നെ മോശമായ ഖരമാലിന്യ നിർമ്മാർജന സംവിധാനത്തെ താറുമാറാക്കുന്നതും തീരെ ശരിയല്ല.

രണ്ടാമത്, ഈ ഫ്‌ലക്‌സ് ബോർഡുകൾ എല്ലാംതന്നെ റോഡുസൈഡുകളിലും മരത്തിലും ഇലക്ട്രിക് പോസ്റ്റിലും ഒക്കെയാണ് ചാരിയും കെട്ടിയും വച്ചിരിക്കുന്നത്. ഇത് വഴിയാത്രക്കാർക്കും വാഹനത്തിൽ പോകുന്നവർക്കും സുരക്ഷാഭീഷണിയാണ്. അല്ലെങ്കിൽതന്നെ ആവശ്യത്തിന് ദൃശ്യത (്ശശെയശഹശ്യേ)യോ ദിശാ സൂചകങ്ങളോ (signage) ഇല്ലാത്തതാണ് നമ്മുടെ റോഡുകൾ. അപ്പോൾ ഈ ഫ്‌ലക്‌സ് പരിപാടി പ്രശ്‌നം കൂടുതൽ രൂക്ഷമാക്കുന്നു.

മൂന്നാമത്തെ പ്രശ്‌നം, ഈ ഫ്‌ലക്‌സ് അടിക്കുക എന്നത് നല്ല ചെലവുള്ള പണിയാണ്. കേരളത്തിലെ ഓരോ സ്ഥാനാർത്ഥിയും ചുരുങ്ങിയത് 1000 ഫ്‌ലക്‌സ് എങ്കിലും അടിക്കും. അതിന്റെ ശരാശരി ചെലവ് 1500 രൂപ കൂട്ടിയാൽപോലും 15 ലക്ഷം രൂപയായി. ഒരു സ്ഥാനാർത്ഥിക്ക് ചെലവാക്കാൻ അനുവദിച്ചതിൽ പകുതിയിലും കൂടുതൽ ആണിത്. തിരഞ്ഞെടുപ്പ് ചിലവു കൂടുന്നതും സർക്കാർ അതിനു ഒരു സഹായം ചെയ്യാത്തതും കാരണം എന്തെകിലും സ്ഥാപിത താല്പര്യം ഉള്ളവരിൽ നിന്ന് (ഇത്തവണ ബാർ മുതലാളിമാർ ഇല്ലാത്തതിനാൽ ക്വാറി, റിയൽ എസ്റ്റേറ്റ് എന്നിങ്ങനെ മറ്റെന്തെങ്കിലും ഗ്രൂപ്പ്) പണം കണ്ടെത്താൻ പാർട്ടികളും സ്ഥാനാർത്ഥികളും നിർബന്ധിതമാകും. ഇലക്ഷൻ കഴിഞ്ഞാൽ അവർ അവരുടെ പണം പലിശ ഉൾപ്പടെ സർക്കാർ നയങ്ങളായി തിരിച്ചു പിടിക്കാൻ ശ്രമിക്കുകയും ചെയ്യും. എന്താണെങ്കിലും നമ്മുടെ തെരഞ്ഞെടുപ്പുരംഗത്തെ സാമ്പത്തികമായി ഇത് മലിനീകരിക്കും.

പക്ഷെ, എന്റെ വിശ്വാസം കേരളത്തെപ്പോലെ സമ്പൂർണ്ണ രാഷ്ട്രീയസാക്ഷരതയുള്ള സ്ഥലങ്ങളിൽ ഫ്‌ലക്‌സ്‌ബോർഡ് തികച്ചും അനാവശ്യമായ ഒന്നാണ് എന്നതാണ്. സ്ഥാനാർത്ഥികളെ തീരുമാനിച്ച് ഇരുപത്തിനാലു മണിക്കൂറിനകം മണ്ഡലത്തിലെ വോട്ടർമാർ എല്ലാം ആ വിവരം സുഹൃത്തുക്കൾവഴിയോ പത്രം വഴിയോ വാട്‌സ് ആപ്പ് തൂടങ്ങിയിട്ടുള്ള സോഷ്യൽമീഡിയ വഴിയോ ഒക്കെ അറിയും. അപ്പോൾ ആളുകളെ അറിയിക്കാൻ ഈ ഫ്‌ലക്‌സിന്റെ ആവശ്യമേ ഇല്ല. ഈ ഫ്‌ലെക്‌സ് പോയിട്ട് മൊബൈൽ പോലും ഇല്ലാതിരുന്ന കാലത്തും നാട്ടിൽ ഇതിലും വാശിയുള്ള തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. പക്ഷെ, ഇപ്പോൾ ഒരു സ്ഥാർത്ഥി വക്കുന്നതിലും അധികം ഫ്‌ലക്‌സ് അടുത്ത സ്ഥാനാർത്ഥി വച്ചില്ലെങ്കിൽ അത് അവരുടെ കഴിവുകുറവോ പ്രവർത്തകരുടെ ഉത്സാഹക്കുറവോ ഒക്കെയായി ജനവും പത്രക്കാരും വിലയിരുത്തും. അതുകൊണ്ടുതന്നെ തീരെ താല്പര്യം ഇല്ലെങ്കിലും സ്ഥാനാർത്ഥികൾ എല്ലാം മത്സരിച്ച് ഫ്‌ലക്‌സ് അടിക്കുകയും ചെയ്യും. ഫ്‌ലക്‌സ് അടിക്കുന്ന സ്ഥാപനങ്ങൾ അല്ലാതെ ആരും ഈ മത്സരത്തിൽ ജയിക്കുന്നില്ല.

കേരളത്തിൽ 140 മണ്ഡലത്തിലും ഓരോ മുന്നണി സ്ഥാനാർത്ഥിയും ശരാശരി 1000 ഫ്‌ലക്‌സ് അടിക്കുകയും പിന്നെയുള്ള മറ്റു സ്ഥാനാർത്ഥികൾ ഒക്കെകൂടി 1000 എണ്ണം വേറെ അടിക്കുകയും ചെയ്യുമെന്ന് സാമാന്യം ആയി കണക്കു കൂട്ടിയാൽതന്നെ അഞ്ചു ലക്ഷത്തിനു മുകളിൽ 'ചവറാണ്' ഇലക്ഷൻ കഴിഞ്ഞ് പഞ്ചായത്തുകളും നഗരസഭകളും സംഭരിച്ച് നശിപ്പിക്കേണ്ടിവരുന്നത്.

ഫ്‌ലക്‌സ് കൊണ്ട് പ്രത്യേകിച്ച് ഒരു ഉപയോഗവും ഇല്ല എന്നു ഞാൻ ആദ്യമേ പറഞ്ഞല്ലോ. അപ്പോൾ ഭാരിച്ച അധികചെലവു വരുന്ന ഈ പണി ഒന്നു നിറുത്തിവച്ചാൽ സത്യത്തിൽ എല്ലാ സ്ഥാനാർത്ഥികൾക്കും സന്തോഷമായിരിക്കും. പക്ഷെ, പൂച്ചക്ക് ആര് മണികെട്ടും എന്നതാണ് എല്ലാവരുടേയും പ്രശ്‌നം. എന്റെ സുഹൃത്ത് ജോൺ സാമുവൽ എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന് എഴുതുന്നുണ്ടന്ന് പറഞ്ഞു. ഹൈക്കോടതിയിൽ ആരോ ഹർജി കൊടുത്തിട്ടുണ്ട് എന്നും പറഞ്ഞുകേട്ടു. ഹരീഷ് വാസുദേവനോ മറ്റോ ഗ്രീൻ ട്രിബ്യൂണലിനെ ഒന്ന് സമീപിചിരുന്നെങ്കിൽ നമുക്ക് ഏതെങ്കിലും വിധത്തിൽ ഈ മാരണം ഒഴിവാക്കാമായിരുന്നു.

(അന്താരാഷ്ട്രതലത്തിൽ ഏറ്റവും അറിയപ്പെടുന്ന ദുരന്ത നിവാരണ വിദഗ്ധനാണ് മുരളീ തുമ്മാരുകുടി. ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവനാണ് മലയാളിയായ മുരളി തുമ്മാരുകുടി)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP