Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജാമിദ ടീച്ചർ ആദ്യമായി പള്ളിയിൽ പുരുഷന്മാരുടെ ഇമാം ആയ വിവാദം: ഇതര കേരള മുസ്ലിംകൾ എന്താണ് ചെയ്യേണ്ടത്?

ജാമിദ ടീച്ചർ ആദ്യമായി പള്ളിയിൽ പുരുഷന്മാരുടെ ഇമാം ആയ വിവാദം: ഇതര കേരള മുസ്ലിംകൾ എന്താണ് ചെയ്യേണ്ടത്?

ജാമിദ ടീച്ചർ കേരളത്തിൽ ഇദം പ്രഥമമായി പള്ളിയിലെ പ്രാർത്ഥനയിൽ പുരുഷന്മാർക്ക് നേതൃത്വം കൊടുത്തത് ( ഇമാം ആയത് ) ആണ് നിലവിലെ വിവാദം.

അതിലെ ശരിതെറ്റുകൾ വിലയിരുത്തുന്നതിനു മുമ്പ്, ഇതു കേരളത്തിലാണോ ആദ്യമായി സംഭവിച്ചത്, അതോ ലോക രാജ്യങ്ങളിൽ മറ്റെവിടെയെങ്കിലും ഇതു സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാം.

2003ൽ കാനഡയിൽ Salaam/al-Fatiha International Conference ൽ ഇതു പരസ്യമായി നിലവിൽ വന്നു . അതേ വര്ഷം തന്നെ ഇരുപതു വയസ്സുള്ള Maryam Mirza ഈദുൽ ഫിത്തറിന്റെ (പെരുന്നാൾ) പ്രഭാഷണത്തിന്റെ രണ്ടാം ഭാഗം നിർവ്വഹിച്ചു.

2005 ൽ Muslim Canadian Congress നടത്തിയ Earth Dayയിൽ Raheel Raza വെള്ളിയാഴ്ച ഖുതുബ ബടത്തി. അതേ വര്ഷം തന്നെ Canada Day യിൽ ഇസ്ലാം സ്വീകരിച്ചു വന്ന വനിതയായ Pamela K. Taylor ഖുതുബ പ്രഭാഷണം നടത്തി.

2008 മുതൽ 2012 വരെ ടൊറൊണ്ടോയിലെ Noor Cultural Centre, പുരുഷന്മാരോടൊപ്പം സ്ത്രീകളെയും ഖത്തീബുമാർ ആക്കി. അവർ ബാങ്ക് വിളിയും നടത്തിപ്പോന്നു. ഉദാഹരണങ്ങൾ ഇനിയുമുണ്ട്. ചിലതു മാത്രം പറഞ്ഞു കാനഡ ഇവിടെ ചുരുക്കുന്നു.

തുർക്കിയിൽ ഗവണ്മെന്റ് തന്നെ നൂറു കണക്കിന് സ്ത്രീകളെ സീനിയർ ഇമാമുമാരായി നിയമിച്ചു. മാത്രവുമല്ല, മക്കയിലെയ്ക്കുള്ള ഹജ്ജ് സംഘങ്ങൾക്ക് നേതൃത്വം നൽകാനും സ്ത്രീകളെ നിയമിച്ചു.

15 പ്രോവിൻസുകളിൽ സ്ത്രീകളെ ഡെപ്യൂട്ടി മുഫ്ത്തികൾ ആയി നിയമിച്ചു. സീനിയർ ഇമാമുമാരായ സ്ത്രീകൾക്ക് ഫത് വകളും മതനിയമങ്ങളും വ്യാഖ്യാനിക്കാനും പ്രഖ്യാപിക്കാനും ഉള്ള അനുവാദം നൽകി.

സ്‌പെയിനിൽ, ബാഴ്‌സലോണയിൽ ലോകമൊട്ടുക്കും ഉള്ള അഭ്യസ്ത വിദ്യരായ സ്ത്രീ പുരുഷന്മാർ പങ്കെടുത്ത Islamic feminism conference ൽ വനിതാ ഇമാം പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.

സൗത്ത് ആഫ്രിക്കൻ ഡോക്ടർ ആയ Sa'diyya Sheikh, 2010 ലെ ഒരു കോൺഫറൻസിൽ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കുമായി ഖുതുബ നടത്തി.

സൗത്ത് ആഫ്രിക്കയിൽ ആദ്യത്തെ വനിതാ ഇമാം വന്നത് ഇരുപത്തിമൂന്നു വർഷങ്ങൾക്കു മുമ്പാണ്. Muslim Youth Movement of South Africa എന്ന സംഘടനയുടെ കീഴിയിൽ ഇപ്പോൾ റമദാൻ മാസത്തിൽ നടത്തുന്ന തറാവീഹ് നമസ്‌കാരവും ഖുതുബയും എല്ലാം സ്ത്രീകൾ നടത്തുന്നു.

അല്ലാതെയും സ്ത്രീ ഖത്തീബുമാരും ഇമാമുമാരും അവിടെയുണ്ട്. ആമിനാ വുദൂത് നെ പോലെയുള്ള പ്രശസ്തർ അതിലുണ്ട്.

2003-2010 വരെയായി ഖുതുബയും ഇമാമാത്തും നടത്തിയവരിൽ പതിനാലു യുവതികൾ പ്രശസ്തർ തന്നെയായിരുന്നു ( Dr. Lubna Nadvi, Zaytun Suleyman, Fatima Seedat, Fatima Hendricks, Dr Mariam Seedat and Zulaykha Mayat etc).

2005ൽ ആഫ്രിക്കയിൽ ആദ്യമായി Farhana Ismail വിവാഹ വേളയിലെ നിക്കാഹും നടത്തിക്കൊടുത്തു.

ചൈന, ഡെന്മാർക്ക് , മൊറോക്കോ, ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങി ഒട്ടനവധി രാജ്യങ്ങളിലെ ഉദാഹരണങ്ങൾ വേറെയുമുണ്ട്. ലേഖനത്തിന്റെ നീളം കൂടും എന്നതിനാൽ എല്ലാം ഇവിടെ പറയാൻ സാധ്യമല്ല.

ഇനി ഇതിന്റെ ഇസ്ലാമിക മാനവും നിലവിലെ ഇസ്ലാമിക പ്രാക്റ്റീസും പരിശോധിക്കാം.

ഇങ്ങിനെയൊന്നു 'ഇസ്ലാമിൽ ഇല്ല' എന്നാണു പരസ്പരം വിഘടിച്ചു നിൽക്കുന്നവരെങ്കിലും ഈ വിഷയത്തിൽ ഒന്നിച്ചു നിൽക്കുന്ന നിലവിലെ പരമ്പരാഗത യാഥാസ്ഥിതിക കേരള വിഭാഗങ്ങളുടെ പക്ഷം.

'ഇസ്ലാമിൽ ഇല്ല' എന്ന പ്രയോഗം തന്നെ എത്രത്തോളം പ്രായോഗികമാണ് എന്നറിയാൻ വളരെ ചെറിയ ചില കാര്യങ്ങൾ പരിശോധിച്ചാൽ മതിയാകും.

സ്ത്രീകൾ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത് 'ഇസ്ലാമിൽ ഇല്ല' എന്നു പറയുന്നവരും 'ഇസ്ലാമിൽ ഉണ്ട്'' എന്നു പറയുന്നവരും പ്രബല വിഭാഗത്തിൽ പെട്ടവർ തന്നെയാണ്.

സംഗീതം 'ഇസ്ലാമിൽ പാടില്ല' എന്നു പറയുന്ന ഒരു വലിയ വിഭാഗമുണ്ട്. പാടുണ്ട് എന്നു പറയുന്ന പ്രബല വിഭാഗവും ഉണ്ട്.

ഖബർ ആരാധനയും നബിദിന ആഘോഷവും പാടില്ലെന്നും പാടുണ്ടെന്നും പറയുന്നവരും, വെള്ളിയാഴ്ച സ്ത്രീകൾ പള്ളിയിൽ പോകുന്നതും മലയാളത്തിൽ ഖുതുബ പ്രഭാഷണം നടത്തുന്നതും ഉണ്ടെന്നും ഇല്ലെന്നും പറയുന്നവരും ഇവിടെ തുല്യ ശക്തികൾ ആണ്.

ഓണം ആഘോഷിക്കൽ, ജന്മ ദിനം ആഘോഷിക്കൽ, വിളക്കു കത്തിക്കൽ തുടങ്ങി ഒരു നൂറായിരം 'ഇസ്ലാമിൽ ഇല്ല'കളും 'ഇസ്ലാമിൽ ഉണ്ടു'കളും നിലവിൽ തന്നെ എല്ലാ കേരള ഇസ്ലാമിക വിഭാഗങ്ങളിലും ഉണ്ട് എന്നു ചുരുക്കം.

ഇവിടെയാണ് സ്ത്രീകൾ ഇമാം ആകുന്നതു 'ഇസ്ലാമിൽ ഇല്ല' എന്നു പറയുന്നതിലെ വൈരുധ്യവും ചോദ്യം ചെയ്യപ്പെടുന്നത്. അതിനെ കുറിച്ച് വഴിയെ പറയാം.

സ്ത്രീകളെ പള്ളിയിൽ കയറ്റുകയും അവരവരുടെ വനിതാ സംഘടനകളിൽ പ്രവർത്തിപ്പിക്കുകയും റോഡിലൂടെ പ്രകടനം നടത്തിക്കുകയും എല്ലാം ചെയ്തിട്ടും അവരെ മഹല്ലു കമ്മിറ്റികളിൽ അംഗങ്ങൾ ആക്കാത്തവരാണു കേരളത്തിലെ മുഴുവൻ ഇസ്ലാമിക പുരോഗമ പ്രസ്ഥാനങ്ങളും.

ഈയിടെയായി വളരെ ഒറ്റപ്പെട്ട ചില മുന്നേറ്റങ്ങൾ നടന്നത് മാത്രമാണ് കഴിഞ്ഞ 75 വർഷത്തെ കേരള സ്ത്രീ ഇസ്ലാംമത പുരോഗമന സംഘനക്കാരുടെ ചരിത്രം.

ഇതുമായി ബന്ധപ്പെട്ട ഒരു ഉജ്വല ലേഖനം മഹല്ലുകളിലെപുരുഷാധിപത്യം അവസാനിപ്പിക്കുക എന്ന പേരിൽ പണ്ഡിതനായ ഖാലിദ് മൂസ നദ്വി എഴുതിയത് വായിക്കേണ്ട ഒന്നാണ്.

ഇക്കാര്യത്തിലായാലും മറ്റനേകം വിഷയങ്ങൾ എടുത്താലും നമുക്കു കുറെ 'ഇസ്ലാമിൽ ഇല്ല'കളും 'ഇസ്ലാമിൽ ഉണ്ടു'കളും കാണാൻ പറ്റും.

അപ്പോൾ പിന്നെ ഈ 'ഇസ്ലാമിൽ ഇല്ല' എന്ന പ്രയോഗത്തിനു വലിയ പിൻബലമോന്നും ഇല്ല എന്നു കാണാം. അവരവർക്ക് തോന്നിയത് ഇല്ലെന്നും ഉണ്ടെന്നും പറയുന്നു. എല്ലാവരും ഒരേ പ്രമാണങ്ങൾ ആധാരമാക്കുന്നു.

പിന്നെയുള്ളത്, ഇവരെല്ലാവരും കൂടി ഒറ്റക്കെട്ടായി നിൽക്കുന്ന വിഷയങ്ങൾ പരിശോധിച്ചു നോക്കലാണ്.

മൂന്നുവർഷം മുമ്പ് പെൺകുട്ടികളുടെ വിവാഹപ്രായം പതിനാറ് ആക്കണം എന്ന വിഷയത്തിൽ എല്ലാ പുരുഷ കേന്ദ്രീകൃത ഇസ്ലാമിക സംഘടനകളും ഒറ്റക്കെട്ടായിരുന്നു.

പക്ഷെ കോടതിയിൽ പോലും പോകാൻ ആകാതെ സ്വസംഘടനയിലെ സ്ത്രീകളുടെ പ്രതിരോധം കാരണം എല്ലാ സംഘടനകളും അവസാനം അതിൽ നിന്നും പിന്തിരിഞ്ഞു.

അപ്പോൾ ഭൂരിപക്ഷത്തിലും അല്ല കാര്യമിരിക്കുന്നത്. മറിച്ചു കാലഘട്ടത്തിന്റെ ആവശ്യങ്ങൾ കൂടി അതിൽ വരുന്നുണ്ട്. അവിടെയും ഇസ്ലാമിൽ ഇല്ലകളും ഇസ്ലാമിൽ ഉണ്ടുകളും മാറി മറിഞ്ഞു.

അപ്പോൾ പിന്നെ
കാര്യമിരിക്കുന്നത് ചരിത്രത്തിലെ മാതൃകകളിലും ഇന്ന് ലോകത്ത് മറ്റു രാജ്യങ്ങളിൽ എന്ത് സംഭവിക്കുന്നു എന്നതിലും ആണ്.

സ്ത്രീകൾ ഡ്രൈവ് ചെയ്യാൻ പാടില്ല എന്ന് വിധിച്ച സൗദിയിലെ പണ്ഡിതന്മാർ നമുക്കു മുന്നിൽ ഇപ്പോഴും ജീവിക്കുന്ന ഉദാഹരണമാണ്. ഈ വർഷമാണ് അതു തിരുത്തിയത്. പക്ഷെ അങ്ങിനെയൊരു 'ഇസ്ലാം' മറ്റു അറബി രാജ്യങ്ങളിൽ നമ്മൾ കണ്ടില്ല.

ചുരുക്കത്തിൽ എന്താണ് ഇസ്ലാം എന്നതിനു ഭൂരിപക്ഷ മാനങ്ങൾ ഉണ്ട് എന്നതല്ലാതെ അറുത്തു മുറിച്ചു പറയാൻ പോയാൽ ഒരക്ഷരം പോലും മിണ്ടാൻ പറ്റാത്ത അത്രയും അധികം വൈജാത്യങ്ങൾ ഓരോ ദേശത്തും ഓരോ പ്രാക്റ്റീസിലും നമുക്കു കാണാൻ കഴിയും.

ഇനി സ്ത്രീകൾ ഇമാം ആയി നിൽക്കുന്ന കാര്യം തന്നെ എടുത്തു നോക്കാം.

ഒന്നാമതായി ഇതിനെ ഖുർആൻ നേരിട്ടു അഡ്രസ് ചെയ്യുന്നതേയില്ല എന്നതാണ് സത്യം. പിന്നെയുള്ളത് ഇസ്ലാമിന്റെ അടിസ്ഥാന കാര്യങ്ങൾ വിവരിക്കുന്ന കർമ്മശാസ്ത്രമായ ഫിഖ്ഹ് പരിശോധിക്കൽ ആണ്.

ഫിഖ്ഹിൽ എന്താണ് സ്ത്രീ ഇമാമാത്തിനെ കുറിച്ചു പറഞ്ഞിരിക്കുന്നത് എന്നു ചോദിച്ചാൽ അതിൽ തന്നെ വ്യത്യസ്തമായ അഭിപ്രായമുള്ള നാലു വിഭാഗമുണ്ട്.

അതിലൊരു വിഭാഗമായ മാലിക്കി നിർവ്വചന പ്രകാരം സ്ത്രീകൾ സ്ത്രീകൾക്കു തന്നെ ഇമാം നിൽക്കാൻ പാടില്ല. എല്ലാവരും ഒരൊറ്റ വരിയിൽ നിന്നു മാത്രമേ പ്രാർത്ഥിക്കാവൂ. അപ്പോൾ പിന്നെ ആണുങ്ങൾക്ക് സ്ത്രീകൾ ഇമാം ആകുന്ന കാര്യം ആലോചിക്കുക പോലും വേണ്ട.

ബാക്കി ഹനഫി, ഹമ്പലി, ഷാഫി എന്നീ മൂന്നു വിഭാഗവും സ്ത്രീകൾക്കു സ്ത്രീകൾ ഇമാം നിൽക്കുന്നതിനെയെങ്കിലും അനുവദിക്കുന്നുണ്ട്.

എന്നാൽ തന്നെയും ഹനഫി വിഭാഗം അതിനെ പെടുത്തിയിരിക്കുന്നത് ഡിസ് ലൈക് ( മഖ് റൂഹ് ) വിഭാഗത്തിലാണ്. അഥവാ പറ്റുമെങ്കിൽ ഒഴിവാക്കേണ്ടത്. പടച്ചവനു തീരെ ഇഷ്ടമില്ലാത്തത്.

2000ത്തിൽ ഇറാനിൽ ഈ നിയമം ഭേദഗതി ചെയ്തു സ്ത്രീകൾക്കു സ്ത്രീകൾ ഇമാമായി നിൽക്കാമെന്നു തിരുത്തുകയുണ്ടായി. സ്ത്രീകൾ ആണുങ്ങൾക്ക് ഇമാം ആകാൻ പാടില്ല.

ചുരുക്കത്തിൽ അടിസ്ഥാനം തൊട്ടു ഭിന്നതകൾ ഉണ്ട്. വൈജാത്യങ്ങൾ ഉണ്ട്.ഇങ്ങു കേരളത്തിൽ വരെ ആ ഇസ്ലാമിക കർമ്മ ശാസ്ത്ര ഭിന്നതകൾ തികച്ചും പ്രകടവും നടപ്പിലുള്ളവയും ആണ്.

ഇവിടെ കൊടുത്തിരിക്കുന്ന ഉദാഹരണങ്ങൾ പോലും തർക്കവിതർക്കങ്ങൾക്കു വിധേയമാകാൻ സാധ്യത ഉള്ളവയാണ്.

അതതു വിഭാഗങ്ങൾക്കു പ്രാദേശികമായി ഭൂരിപക്ഷം ഉള്ളിടത്ത്, അവരവരുടെ 'പാടില്ലകളും പാടുണ്ടുകളും ' ഒരു നിയമം പോലെ കൊണ്ടു നടത്തപ്പെടുന്നു എന്നു മാത്രം.

ഓരോരുത്തരും പ്രമാണമാക്കുന്നത് രണ്ടേ രണ്ടു കാര്യങ്ങൾ തന്നെ. ഖുർആനും പ്രവാചക ചര്യയും.

അതിനാൽ തന്നെ ജാമിദ ടീച്ചറുടെ, അതുമല്ലെങ്കിൽ ഖുർആൻ സുന്നത്ത് സൊസൈറ്റിയുടെ പുതിയ നീക്കത്തെ ഇസ്ലാമിൽ ഇല്ല എന്നു പറഞ്ഞു കടിച്ചു കീറി പീസ് പീസാക്കേണ്ട കാര്യമില്ല.

ഭീഷണികളും ആക്രമണങ്ങളും കൊണ്ടു നേരിടേണ്ടതുമല്ല അത്. അതൊക്കെയും കാണിക്കുന്നത് സോ കോൾഡ് ഇസ്ലാമിന്റെ വക്താക്കൾ എന്നു അവകാശപ്പെടുന്നവർക്ക് സഹിഷ്ണുതയും ക്ഷമയും ഇല്ല എന്നതാണ്.

കൊലയും തട്ടിക്കൊണ്ടുപോകലും ഭീഷണിയും ഊരുവിലക്കും കൊണ്ടു ആരെയും തളർത്താൻ പറ്റില്ല എന്നതിന്റെ മകുടോദാഹരണമാണ് ചേകന്നൂരിനെ കൊന്നിട്ടും വളരുന്ന ഖുർആൻ സുന്നത്ത് സൊസൈറ്റി എന്നിരിക്കേ, അമ്മാതിരി പണികകളൊ ഔട്ട് ഓഫ് ഫാഷൻ ആയി എന്നു മനസ്സിലാക്കുക.

അവരവർ അവരവരുടെ കാര്യവുമായി മുന്നോട്ടു പോകട്ടെ. ഇസ്ലാം ദീനിനെ സംരക്ഷിക്കുന്ന പണി പടച്ചതമ്പുരാൻ തന്നെ ഏറ്റെടുത്തിരിക്കുന്ന ഒന്നായിരിക്കെ, ഇനി വേണ്ടത് പൊതുസമൂഹത്തിനു മുന്നിൽ തൊട്ടതിനും പിടിച്ചതിനും കുരച്ചു ചാടുന്ന സമുദായമല്ല മുസ്ലിംകൾ എന്നു കാണിച്ചു കൊടുക്കലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP