Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഹാന്മാരുടെ പോരാട്ടങ്ങളെ ചുംബന സമരത്തോട് ഉപമിച്ച ബൽറാമിനോട് എറണാകുളത്തെ കെ എസ് യുവിന് പുച്ഛം; തൃത്താലയിലെ വോട്ടർമാർക്ക് ചുംബനം നൽകുമോ എന്ന് വെല്ലുവിളി; എംഎൽഎയെ പരിഹസിച്ച് എഫ്ബി പോസ്റ്റ്

മഹാന്മാരുടെ പോരാട്ടങ്ങളെ ചുംബന സമരത്തോട് ഉപമിച്ച ബൽറാമിനോട് എറണാകുളത്തെ കെ എസ് യുവിന് പുച്ഛം; തൃത്താലയിലെ വോട്ടർമാർക്ക് ചുംബനം നൽകുമോ എന്ന് വെല്ലുവിളി; എംഎൽഎയെ പരിഹസിച്ച് എഫ്ബി പോസ്റ്റ്

ചുംബനസമരത്തിൽ കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ കെഎസ് യുവിന് ഏകാഭിപ്രായം ഉണ്ടായിരുന്നില്ല. സമരത്തെ സംസ്ഥാന നേതൃത്വം അനുകൂലിച്ചു. എന്നാൽ എറണാകുളം ജില്ലാ ഘടകത്തിന് ചുംബന സമരത്തെ ഉൾക്കൊള്ളനായില്ല. ശിവസേനയ്ക്കും എസ് ഡിപിഐയ്ക്കും ഒപ്പം ചുംബന സമരക്കാരെ നേരിടാൻ ജില്ലയിലെ കെ എസ് യു നേതൃത്വമെത്തി. ഇതിനെ ഫെയ്‌സ് ബുക്കിൽ കോൺഗ്രസ് എംഎൽഎയായ വിടി ബലറാം എതിർത്തു. കെ എസ് യു സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തിനെതിരെ പരസ്യമായി രംഗത്ത് വന്നു.

ഇതൊന്നും കെ എസ് യു എറണാകുളം ജില്ലാ ഘടകത്തെ ബാധിച്ചിട്ടില്ല . ചുബംന സമരത്തെ എതിർത്തതിന് തുറന്ന കത്തെഴുതി വിമർശിച്ച തൃത്താല എംഎൽഎ വി.ടി.ബലറാമിന് മറുപടിയുമായി കെ.എസ്.യു. എറണാകുളം ജില്ലാ പ്രസിഡന്റ് ടിറ്റു ആന്റണി രംഗത്ത് എത്തിയിരിക്കുന്നു. ഫേസ്‌ബുക്കിലൂടെയാണ് ടിറ്റു ആന്റണിയുടെ മറുപടി. സ്വാതന്ത്ര്യ സമരകാലത്തെ മഹാന്മാരുടെ പോരാട്ടങ്ങളെ ചുംബന സമരത്തോട് ഉപമിച്ച ബൽറാമിനോട് പുച്ഛം തോന്നുന്നുവെന്ന് തുറന്നു പറഞ്ഞുകൊണ്ടാണ് ടിറ്റു ആന്റണിയുടെ പോസ്റ്റ്.

അഭിനവ ഗാന്ധി ചമഞ്ഞ് സോഷ്യൽ മീഡിയകളിലൂടെ അഭിപ്രായപ്രകടനം നടത്താതെ ഈ വിഷയത്തോടുള്ള അങ്ങയുടെ പ്രതിബദ്ധത തൃത്താലയിലെ വോട്ടർമാർക്ക് ചുംബനം നൽകി തെളിയിക്കണമെന്നും ടിറ്റു ആന്റണി വെല്ലുവിളിക്കുന്നു

ടിറ്റുവിന്റെ പോസ്റ്റിന്റെ പൂർണ രൂപം

മിസ്റ്റർ വി.ടി.ബൽറാം,

എറണാകുളത്തെ കെ.എസ്.യു.ക്കാർക്ക് താങ്കൾ എഴുതിയ തുറന്ന കത്ത് കണ്ടു. ഇന്നലത്തെ ഒരു പ്രധാന പത്രത്തിലെ വാർത്തയാണ് അങ്ങയുടെ തുറന്ന കത്തിനുള്ള കാരണമെന്നു മനസിലാക്കുന്നു. എറണാകുളത്തെ കെ.എസ് .യു യൂത്ത് കോൺഗ്രസ് സുഹൃത്ത്ക്കളോട് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചറിയാതെ മാദ്ധ്യമങ്ങളിലൂടെ മാത്രം ഞങ്ങളെ വിലയിരുത്തി തുറന്ന കത്തെഴുതിയ നടപടി ശരിയായതാണോ?

സദാചാര പൊലീസിനെതിരെയും ചുംബന സമരത്തിനെതിരെയും കെ.എസ് .യു നടത്തിയ സാംസ്‌കാരിക കൂട്ടായ്മയും ശിവസേനയും എസ് .ഡി.പി.ഐ ക്കാരുമുൾപ്പെടെ വർഗ്ഗീയ മത സംഘടനകളും നടത്തിയ പ്രതിഷേധപ്രകടനവും സമരക്കാർക്കെതിരെ നടത്തിയ കയ്യേറ്റവും രണ്ട് തലത്തിലുള്ള പ്രതികരണമാണ്. ജനാധിപത്യബോധമുള്ള ഒരു വിദ്യാർത്ഥിപ്രസ്ഥാനമെന്ന നിലവിട്ട് കെ.എസ് .യുവിന്റെ പ്രതികരണം ഉണ്ടായതായി ഞാൻ കരുതുന്നില്ല.

സദാചാര പൊലീസ് ചമഞ്ഞ് ആണിനേയും പെണ്ണിനേയും ഒരുമിച്ചു കണ്ടാൽ ചോദ്യം ചെയ്യുന്ന ഫാസിസ്റ്റ് ചിന്താഗതിക്കാരെ എതിർക്കുക തന്നെ വേണം. മാത്രമല്ല ഇത്തരത്തിലുള്ള സാമൂഹ്യ വിരുദ്ധ പ്രവണതകൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യവുമാണ്. ഈ പത്രത്തിൽ പറയും പോലെ ജാതിമതവർഗഗീയ സംഘടനകളുടെ കൂടെ കെ.എസ് .യുവും പ്രതിഷേധിച്ചു എന്ന വാർത്ത കണ്ടാൽ തീർച്ചയായും അങ്ങയേപ്പോലുള്ള ഒരു മുൻകാല കെ.എസ് .യു. നേതാവിന് ദുഃഖവും നിരാശയും തോന്നും.

പക്ഷേ കൃത്യമായി ചൂണ്ടിക്കാണിക്കാൻ നാഥനില്ലാത്ത, എവിടുന്നെന്നറിയാതെ രൂപം കൊണ്ട ഒരു സമരമുറയോട് മേൽപ്പറഞ്ഞ ഗണത്തിലുള്ള സംഘടനകൾ പ്രതിഷേധിക്കുന്നു എന്നതുകൊണ്ട് കെ. എസ് .യു വിന് പ്രതിഷേധിച്ചുകൂടാ എന്നുണ്ടോ? ചുംബന സമരം ആവിഷ്‌കരിക്കും മുമ്പേ സദാചാര പൊലീസിനെതിരെ കാമ്പസുകളിൽ ശക്തമായ നിലപാട് ഞങ്ങൾ സ്വീകരിച്ചിട്ടുണ്ട്. അതൊന്നും മാദ്ധ്യമങ്ങൾക്ക് മുന്നിൽ കൊട്ടിഘോഷിക്കാത്തതുകൊണ്ട് പുറംലോകവും താങ്കളും അറിഞ്ഞില്ല.

സമരം ചെയ്യാനുള്ള അവകാശത്തെ എതിർക്കുന്നില്ല. എന്നാൽ സദാചാര പൊലീസിങ്ങിനെതിരെ പ്രതികരിക്കാൻ പൊതുസമൂഹത്തിന്റെ പിന്തുണ കൂടുതൽ പിടിച്ചുപറ്റാൻ കഴിയുന്ന പ്രതീകാത്മകമായ വേറെ പല വഴികളും സ്വീകരിക്കമായിരുന്നു. സമരം ചെയ്യുന്നവരിൽ ആഭാസന്മാരും ഞരമ്പുരോഗികളായുമൊക്കെ ഉണ്ടെന്നത് പാലക്കാട്ട് ഇരിക്കുന്ന അങ്ങയേക്കാൾ ഏറണാകുളത്തിരുന്ന് സമരക്കാരെ നിരീക്ഷിക്കുന്ന ഞങ്ങൾക്ക് നേരിട്ട് മനസിലായ കാര്യമാണെങ്കിൽ പോലും ഒരു ഘട്ടത്തിലും അവരെ ഇത്തരത്തിൽ ആക്ഷേപിക്കുകയോ പൊതുസമൂഹത്തിൽ അപമാനിക്കുകയോ ഞങ്ങൾ ചെയ്തിട്ടില്ല.

ഈ സമരത്തിന്റെ സംഘാടകരെന്ന് അവകാശപ്പെട്ട് മുന്നോട്ട് വന്നവരുടെ മാവോയിസ്റ്റ് സെക്‌സ് റാക്കറ്റ് ബന്ധം ഇപ്പോൾ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത് താങ്കളുടെ ശ്രദ്ധയിൽ പെട്ട് കാണുമല്ലോ? പൗരബോധത്തിലധിഷ്ടിതമായി ഉന്നത മൂല്യങ്ങളുയർത്തിപ്പിടിച്ചു കൊണ്ട് ഞങ്ങൾ നടത്തിയ സാംസ്‌കാരിക സംഗമത്തിൽ പ്രശസ്ത നിരൂപക പ്രൊ.എം. ലീലാവതി പങ്കെടുത്ത് പ്രകടിപ്പിച്ച അഭിപ്രായങ്ങൾ മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞുകാണുമെന്ന് കരുതുന്നു.

അങ്ങയോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ, മഹാത്മജിയും ശ്രീനാരായണഗുരുവും നടത്തിയ മഹത്തായ മുന്നേറ്റങ്ങളെ സോഷ്യൽ മീഡിയകളിൽ കുത്തികുറിച്ച് 'മഹാന്മാരായ' ന്യു ജനറേഷൻ പോരാളികൾ നേരമ്പോക്കിന് വേണ്ടി തട്ടിക്കൂട്ടിയ ഈ കോപ്രയത്തോടുപമിച്ച അങ്ങയുടെ പുരോഗമന ചിന്തയോട് എനിക്ക് പുച്ഛം തോന്നുന്നു. അങ്ങ് പർവതീകരിച്ച ചുംബനസമര വിപ്ലവത്തെ ഭാരതത്തിന്റെ ദേശീയ സ്വാതന്ത്ര്യ പോരാട്ടത്തോടും കേരളത്തിന്റെ സാമൂഹിക നവോത്ഥാനസമരങ്ങളോടും ഉപമിക്കാൻ അങ്ങയെ പ്രേരിപ്പിച്ച വികാരം എന്തെന്ന് ഇപ്പോഴും ഞങ്ങൾക്ക് മനസ്സിലാവുന്നില്ല.

താങ്കളുടെ ഓർമ്മയിലേക്ക് ഒരു കാര്യം കൂടി പറയട്ടെ, ഞാൻ നേതൃത്വം കൊടുക്കുന്ന കെ.എസ്.യു പ്രസ്ഥാനം നാടിനെ തകർക്കാനൊരുങ്ങുന്ന സാമുദായിക വർഗ്ഗീയവിഘടന ശക്തികൾക്കൊപ്പമല്ല... എന്റെ നാട്ടിലെ പൊതുവിദ്യാർത്ഥി സമൂഹത്തിന്റെ നിലപാടുകൾക്കൊപ്പമാണ്. അഭിനവ ഗാന്ധി ചമഞ്ഞ് സോഷ്യൽ മീഡിയകളിലൂടെ അഭിപ്രായപ്രകടനം നടത്താതെ ഈ വിഷയത്തോടുള്ള അങ്ങയുടെ പ്രതിബദ്ധത തൃത്താലയിലെ വോട്ടർമാർക്ക് ചുംബനം നൽകി തെളിയിക്കുന്നത് കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു.

എന്ന്

ടിറ്റു ആന്റണി

(കെ.എസ്.യു. ജില്ലാ പ്രസിഡണ്ട്.)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP