Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പന്തിഭോജനം നടത്തിയ അയ്യപ്പന്റെ കേരളത്തിൽ ഇന്നും ജാതി അറിഞ്ഞാലേ ദുരിതാശ്വാസ ഭക്ഷണം വിളമ്പാൻ പറ്റുകയുള്ളൂത്രേ! ഇനിയൊരു നവോത്ഥാനം വേണമെന്നോ സാക്ഷര കേരളമേ? വെള്ളപ്പൊക്ക കെടുതിയിൽ സഹായ എത്തിച്ചപ്പോൾ ഉണ്ടായ ദുരനുനുഭവം പറഞ്ഞ് മനോജ് രവീന്ദ്രൻ നിരക്ഷരൻ

പന്തിഭോജനം നടത്തിയ അയ്യപ്പന്റെ കേരളത്തിൽ ഇന്നും ജാതി അറിഞ്ഞാലേ ദുരിതാശ്വാസ ഭക്ഷണം വിളമ്പാൻ പറ്റുകയുള്ളൂത്രേ! ഇനിയൊരു നവോത്ഥാനം വേണമെന്നോ സാക്ഷര കേരളമേ? വെള്ളപ്പൊക്ക കെടുതിയിൽ സഹായ എത്തിച്ചപ്പോൾ ഉണ്ടായ ദുരനുനുഭവം പറഞ്ഞ് മനോജ് രവീന്ദ്രൻ നിരക്ഷരൻ

മനോജ് രവീന്ദ്രൻ നിരക്ഷരൻ

കുറച്ച് ഭക്ഷണസാധനങ്ങൾ കുട്ടനാട്ടിൽ എത്തിക്കാൻ തകഴിയിലെ ചിറയകം കടത്തുകടവിൽ ഇന്നലെ ഉച്ചയോടെ എത്തിയപ്പോൾ ഉണ്ടായ ഒരു ദുരനുഭവം പറയാതെ വയ്യ. സുഹൃത്തുക്കളായ സംഗീതയും അചതും ഞാനും ചേർന്ന് വാഹനത്തിൽ നിന്ന് ഭക്ഷണപ്പൊതികൾ ഇറക്കാൻ തുടങ്ങിയപ്പോൾ കടവിൽ കൂടിനിന്നിരുന്നവർ അടുത്തുകൂടി, എവിടന്നാണ് എങ്ങോട്ടാണിതൊക്കെ എന്ന വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. മിക്കവാറും എല്ലാവരും അത് കാറിൽ നിന്നിറക്കി വള്ളത്തിലേക്ക് കയറ്റാനും സഹായിച്ചു. 

.
ചിലർക്ക് ഓരോ പാക്കറ്റ് ബ്രെഡ് വേണം. അപ്പുറത്ത് വെള്ളക്കുഴിയിൽ ഒന്നും കിട്ടാതെ കിടക്കുന്നവരെപ്പറ്റി അവർക്കൊരു വേവലാതിയും ബേജാറുമില്ലെന്ന് തോന്നി. പ്രശ്‌നം വേണ്ടല്ലോ എന്ന് കരുതി എടുത്തോളാൻ പറഞ്ഞു. ഒരാൾ ഒരു കിറ്റ് ബ്രഡ്ഡ് തന്നെ എടുത്ത് മാറ്റി. കൂട്ടത്തിലുണ്ടായിരുന്ന ഇത്തിരി ബോധമുള്ള ഒരു ചെറുപ്പക്കാരൻ അതെടുത്ത് തിരികെ തന്നു. ഞങ്ങൾടെ നാട്ടിലേക്ക് വന്നതിന് നന്ദിയുണ്ടെന്നാണ് പറഞ്ഞാണ് അയാൾ വള്ളം യാത്രയാക്കിയത്.
.
പ്രത്യേകിച്ചൊന്നും ചെയ്യാതെ വായകൊണ്ട് മാത്രം ജോലി ചെയ്ത് ചുറ്റിപ്പറ്റി നിന്നിരുന്ന ഒരു കക്ഷിക്ക് എന്റെ പേരറിയണം. മനോജ് എന്ന പേരിൽ തൃപ്തി പോര. മുഴുവൻ പേരറിയണം. മുഴുവൻ പേരിന് പിന്നാലെ തൂങ്ങുന്നവർ എത്തരക്കാരാണെന്ന് നല്ല ബോദ്ധ്യവും മുൻകാല അനുഭവങ്ങളും ധാരാളമായുണ്ട്. രണ്ട് വട്ടം ചോദിച്ചിട്ടും ഞാൻ ഒന്നും പറഞ്ഞില്ല. പറഞ്ഞാലേ പോകാൻ പറ്റൂ എന്ന രീതിയിലേക്ക് കടക്കുന്നതായി എനിക്ക് തോന്നി. അവരുടെ നാടാണ്. ഒരു കശപിശ ഉണ്ടായാൽ പോയ കാര്യം നടന്നെന്ന് വരില്ല. ഞാനൊറ്റയ്ക്കാണെങ്കിൽ ഒരു വിട്ടുവീഴ്‌ച്ചയ്ക്കും നിൽക്കില്ല. കൂടെ വന്നവരുടെ സുരക്ഷയും എന്റെ ബാദ്ധ്യതയായതുകൊണ്ട് അൽപ്പം അയഞ്ഞേക്കാമെന്ന് വെച്ച്, മൂന്നാമതും ചോദിച്ചപ്പോൾ മനോജ് രവീന്ദ്രൻ എന്ന മുഴുവൻ പേര് പറഞ്ഞു. കക്ഷിക്ക് അതുകൊണ്ടും തൃപ്തിയായില്ല. നായരാണോ എന്നായി അടുത്ത ചോദ്യം. എന്റെ സമനിലതെറ്റി. ഇനീപ്പോ പോയ കാര്യം നടന്നില്ലെങ്കിലും കുഴപ്പമില്ല. ഇയാളെ ഒതുക്കിയിട്ട് തന്നെ ബാക്കി കാര്യം എന്നായി.
.
'' ഭക്ഷണം കൊടുക്കാൻ വന്നവരുടെ ജാതി ചോദിക്കുന്നതെന്തിനാണ് സഹോദരാ ? '.
' ഞങ്ങൾക്കതൊക്കെ അറിയണം.''
.
രണ്ടാമതെന്തെങ്കിലും ഞാൻ പറയുന്നതിന് മുൻപ് ആദ്യം സൂചിപ്പിച്ച ബോധവും പൊക്കണവുമുള്ള ചെറുപ്പക്കാരൻ ഇടയ്ക്ക് വീണ് ജാതിപ്പിശാചിനെ സ്ഥലത്ത് നിന്ന് മാറ്റി. പിന്നെ വള്ളം വിടുന്നതുവരെ അയാൾ പ്രശ്‌നമൊന്നും ഉണ്ടാക്കിയില്ല. ''കാര്യമാക്കണ്ട നാട്ടുകാരെല്ലാവരും വെള്ളത്തിലാണ്.'' എന്ന് വള്ളക്കാരൻ ജിനോ ജോസഫിന്റെ ക്ഷമാപണം വള്ളം കരയിൽ നിന്ന് നീങ്ങിയപ്പോൾ..കുറച്ച് സംശയങ്ങൾ ബാക്കി നിൽക്കുന്നു. അറിവ് പകർന്ന് തരണം, നിർദ്ദേശങ്ങളും വേണം.

മതം ഉപേക്ഷിച്ച് കഴിഞ്ഞാലും ജാതി പോകില്ലേ ? രണ്ടിനേം ഒരുമിച്ച് ആട്ടിപ്പുറത്താക്കാൻ മാർഗ്ഗമൊന്നും ഇല്ലേ ? നിരക്ഷരൻ എന്നതൊരു ജാതിയോ മതമോ ആയി പറഞ്ഞാൽ ആൾക്കാർ വിശ്വസിക്കുമോ ഇല്ലയോ ? കൂടുതൽ ചോദിച്ചാൽ വടക്കേ ഇന്ത്യയിൽ എവിടെയെങ്കിലും ഉള്ള കൂട്ടരാണെന്ന് പറഞ്ഞേക്കാം. അച്ഛനപ്പൂപ്പന്മാർ അന്നാട്ടുകാരായിരുന്നു എന്നും പറയാം. അല്ലെങ്കിൽപ്പിന്നെ കേരളത്തിൽ ഇന്ന് ഏറ്റവും മ്ലേച്ചമായി കണക്കാക്കപ്പെടുന്ന ഏതെങ്കിലും ഒരു മതത്തിലെ ഏതെങ്കിലും ഒരു ജാതി നിങ്ങളെല്ലാവരും കൂടെ എനിക്ക് നിർദ്ദേശിക്കൂ. നാളെമുതൽ ഇത്തരക്കാർ ചോദിക്കുമ്പോൾ ഞാൻ അതാണെന്ന് അഭിമാനത്തോടെ പറയാൻ തയ്യാർ. പുലയൻ, പറയൻ, ചണ്ഡാളൻ, ശപിണ്ഡി(അതാണോ പിന്നെ ശപി ആയത് ?) ഇതൊക്കെയാണോ ഹീന/താഴ്ന്ന ജാതിക്കാരായി കണക്കാക്കപ്പെടുന്നവർ ?
.
അതോ ഇതിലും താഴെയുമുണ്ടോ മനുഷ്യനുമപ്പുറം ജാതി തിരിവുകൾ ? എന്തായാലും ഒന്നിന്ന് തീരുമാനമാക്കിത്തരാൻ സഹായിക്കണം. ഇതുപോലുള്ള ആവശ്യങ്ങളുമായി എവിടെയെങ്കിലും പോകുമ്പോളെങ്കിലും പ്രശ്‌നങ്ങളുണ്ടാകാതിരിക്കാൻ അതുണ്ടായേ പറ്റൂ. ഏറ്റവും താഴ്ന്നതെന്ന് കണക്കാക്കപ്പെടുന്നതേ എനിക്ക് സ്വീകാര്യമുള്ളൂ. സഹായിക്കണം. ആരും നിർദ്ദേശിക്കുന്നില്ലെങ്കിൽപ്പിന്നെ ചണ്ഡാളൻ എന്നത് ഞാനങ്ങുറപ്പിക്കും. അതെന്റെ അറിവില്ലായ്മകൊണ്ടാണെങ്കിൽ ക്ഷമിക്കുക.

വാൽക്കഷണം:- കീഴ്ജാതിക്കാർക്കൊപ്പം ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കാൻ പറ്റില്ലെന്ന് മറ്റ് ചില ജാതിക്കാരോ മതക്കാരോ പരാതി പറഞ്ഞെന്ന് ചിലയിടങ്ങളിൽ കണ്ടു. സത്യാവസ്ഥ അറിയില്ല. സത്യമാകാതിരിക്കാൻ വഴിയില്ലെന്ന് ഈ അനുഭവമടക്കം അടിവരയിടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP