Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കത്തോലിക്കാസഭ മിശ്രവിവാഹത്തിന് എതിരുതന്നെ: സഭാന്തരവും മാന്തരവുമായ വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കില്ല; പാസ്റ്ററൽ കൗൺസിലിൽ ചാനലുകാർ ഓടിക്കൂടിയത് എന്തിന്? ഇടുക്കി ബിഷപ്പിന് പിന്തുണയുമായി ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ

കത്തോലിക്കാസഭ മിശ്രവിവാഹത്തിന് എതിരുതന്നെ: സഭാന്തരവും മാന്തരവുമായ വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കില്ല; പാസ്റ്ററൽ കൗൺസിലിൽ ചാനലുകാർ ഓടിക്കൂടിയത് എന്തിന്? ഇടുക്കി ബിഷപ്പിന് പിന്തുണയുമായി ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ

കൊച്ചി: ഇടുക്കി ബിഷപ്പ് ആനിക്കുഴിക്കാട്ടിലന്റെ മിശ്രവിവാഹ പരാമർശത്തെ പിന്തുണച്ചു കൊണ്ട് ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിൽ രംഗത്ത്. ദീപികയിൽ എഴുതിയ ലേഖനത്തിലാണ് ആനിക്കുഴിക്കാട്ടിലനെ ബിഷപ്പ് പിന്തുണയ്ക്കുന്നത്.

കത്തോലിക്കാസഭ സഭാന്തരവും മതാന്തരവുമായ വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ല. അതു ജാതിവ്യത്യാസത്തിന്റെ അടിസ്ഥാനത്തിലുമല്ല. അല്ലെങ്കിൽ ചിലർ ആരോപിച്ചപോലെ രക്തവിശുദ്ധിയുടെ അടിസ്ഥാനത്തിലുമല്ല. സഭാസമൂഹത്തിന്റെ വിശ്വാസത്തിലുള്ള ഐക്യത്തിനും കുട്ടികളുടെ വിശ്വാസ പരിശീലനത്തിനും പ്രാധാന്യം കൊടുക്കാതെ വയ്യ. അതുകൊണെ്ടല്ലാമാണു സഭ മിശ്രവിവാഹം നിരുത്സാഹപ്പെടുത്തുന്നതെന്നാണ് ലേഖനത്തിൽ വിശദീകരിക്കുന്നത്

ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ ലേഖനത്തിന്റെ പൂർണ്ണ രൂപം

ഈയിടെ പിന്നെയും ചാനലുകളുടെ പുകില്. ഞെട്ടിക്കുന്ന രാഷ്ട്രീയ വാർത്തകൾ കുറവായതുകൊണ്ട് അവ മറ്റു സങ്കേതങ്ങൾ തേടുക സ്വാഭാവികമാണ്. പിന്നെ വിവാദമാക്കാവുന്നതു മതകാര്യങ്ങളാണ്. തീവ്രവർഗീയവാദികൾ ഈ രാജ്യത്തുണ്ടല്ലോ. അപ്പോൾ കിട്ടിയതു കാഞ്ഞിരപ്പള്ളിയിലെ പാസ്റ്ററൽ കൗൺസിലിന്റെ ഉദ്ഘാടന സമ്മേളനമാണ് (രൂപതാധ്യക്ഷന്റെ ഉപദേശസമിതിയാണു പാസ്റ്ററൽ കൗൺസിൽ. ഇടവകകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ടവരും പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികളുമാണു സമിതിയിലുള്ളത്. സമകാലീന പ്രശ്‌നങ്ങളാണ് അവർ ചർച്ചചെയ്യുന്നത്). പാസ്റ്ററൽ കൗൺസിൽ സമ്മേളനം എല്ലാവർക്കും ഒത്തുചേരാനുള്ള പൊതുസമ്മേളനമല്ല. അവിടെ എന്തിനാണു ചാനലുകാർ ഓടിക്കൂടിയതെന്നറിയില്ല!

മാദ്ധ്യമങ്ങളുടെ അഭ്യാസം

അവിടെ ഉദ്ഘാടകനായ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവ് മിശ്രവിവാഹം പാടില്ലെന്നു പറഞ്ഞത്രേ. അതു ഫ്‌ളാഷ് ന്യൂസായി, വാർത്തയായി, പിന്നെ ചർച്ചയായി. (ചില പ്രമുഖ ചാനലുകൾപോലും ഈ വിഷയം ചർച്ചാവിഷയമാക്കിയെന്നതു ദൗർഭാഗ്യകരം. നിലവാരത്തകർച്ചയല്ലേ അതു പ്രകടമാക്കുന്നത്?) പിന്നീടു പല സംഘടനകളും ചാനലുകളുടെ ചാലുപിടിച്ചു മെത്രാൻ മാപ്പുപറയണം, പ്രസ്താവന പിൻവലിക്കണം എന്നുള്ള ആവശ്യങ്ങളാണ് ഉയർത്തിയത്. പിന്നെ മെത്രാനെ അറസ്റ്റ് ചെയ്യണമെന്ന ഡിമാന്റും! (ഇപ്പോളിതെല്ലാം പരിഹരിച്ചെന്നാണു വാർത്ത. നല്ലകാര്യം).

ഒരു പ്രമുഖ ഇംഗ്ലീഷ് പത്രം വാർത്തയ്ക്കു തലക്കെട്ടുകൊടുത്തത്,""Intercaste marriages against Christianity, says Idukki Bishop - എന്നായിരുന്നു. എന്നിട്ട് ഇൻസെറ്റിൽ കൊടുത്തത് അതിലും വിചിത്രം. ""Intercaste marriage will spoil the purity and characteristics of Christianity എന്ന്. റിപ്പോർട്ടർക്കു ജാതി എന്ന രീതിയിലേ കാര്യം മനസിലാക്കാൻ കഴിയൂ എന്നുവേണം കരുതാൻ. ക്രൈസ്തവർക്കു ജാതി എന്നതല്ല പരിഗണന. ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞതു മിശ്രവിവാഹത്തെക്കുറിച്ചാണ്. മിശ്രവിവാഹം എന്ന പദം ക്രൈസ്തവർ സഭാന്തരവിവാഹത്തിനും മതാന്തരവിവാഹത്തിനും പൊതുവായി ഉപയോഗിക്കുന്ന പദമാണ്. അതിനു ജാതിയുമായി ഒരു ബന്ധവുമില്ല.

എന്താണു കാര്യം?

സഭയെ സംബന്ധിച്ചിടത്തോളം വിശ്വാസമാണു പ്രശ്‌നം. മാതാപിതാക്കന്മാർക്ക് ഒരേ വിശ്വാസമായിരിക്കുന്നതാണ് കുടുംബഭദ്രതയ്ക്കും കുട്ടികളുടെ വളർത്തലിനും സഹായകരമാകുന്നത് എന്നാണു സഭയുടെ ബോധ്യം. വിശ്വാസത്തിൽ ഏറ്റവും അടുപ്പമുള്ള ഓർത്തഡോക്‌സ് സഭകളുമായി പൂർണ ഐക്യത്തിൽ ആയിട്ടില്ലാത്തതിനാൽ അവരുമായുള്ള വിവാഹബന്ധംപോലും സഭ പ്രോത്സാഹിപ്പിക്കുന്നില്ല. യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയുമായി പ്രത്യേക ധാരണ ഉണ്ടായിട്ടുള്ളതിനാൽ ആ സഭാംഗങ്ങളുമായിട്ടുള്ള വിവാഹബന്ധങ്ങൾ ഇന്നു സുഗമമായിട്ടുണ്ട്.

വിവാഹബന്ധത്തിലാകുന്ന കത്തോലിക്കാപങ്കാളി സ്വന്തം വിശ്വാസം സംരക്ഷിക്കുന്നതിന് ഇരുകൂട്ടരും സമ്മതിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം മിശ്രവിവാഹങ്ങൾ അനുവദിക്കുന്നത്. എങ്കിലും സഭകൾ തമ്മിലുള്ള ധാരണയിൽതന്നെയും ഇരുകൂട്ടരും ആദ്യമേ എടുത്തുപറയുന്നതു'സ്വന്തം വിശ്വാസസമൂഹത്തിൽനിന്നുതന്നെ വിവാഹം കഴിക്കുന്നതാണു കൂടുതൽ അഭികാമ്യം'എന്നാണ്. വിശ്വാസത്തിന്റെ സമഗ്രതയ്ക്കു സഭ അത്രയേറെ പ്രാധാന്യം നൽകുന്നുണ്ട്. വിശ്വാസത്തിനുവേണ്ടി ജീവൻ പരിത്യജിച്ചവരാണല്ലോ സഭയ്ക്ക് അടിസ്ഥാനമായത്.

മതവിഭാഗങ്ങൾക്കു പൊതുവായി പലതുണെ്ടങ്കിലും വളരെയധികം പൊരുത്തക്കേടുകളുമുണ്ട്. മിശ്രകുടുംബങ്ങളിൽ ക്രൈസ്തവവിശ്വാസം പുലർത്തുകയും ജീവിതത്തിൽ പ്രായോഗികമാക്കുകയും എളുപ്പമാകില്ല. അതുപോലെതന്നെ മക്കളുടെ ക്രിസ്തീയപരിശീലനവും എളുപ്പമാകില്ല. ഗാഢമായ ഐക്യത്തിലുള്ള കുടുംബജീവിതം പ്രായോഗികമാക്കുന്നതിനും അങ്ങനെയൊരു സംവിധാനം ഏറെ സഹായകമാകില്ല. അതുകൊണ്ടുതന്നെയാണു സഭ ഇങ്ങനെയുള്ള വിവാഹങ്ങളെ നിരുത്സാഹപ്പെടുത്തുന്നത്. മാത്രമല്ല വിവാഹത്തിന്റെ സ്വഭാവത്തെപ്പറ്റി വിവിധ മതസ്ഥർക്കു വിവിധ ധാരണകളാണുള്ളത്. ചില മതവിശ്വാസങ്ങളിൽ വിവാഹമോചനം എളുപ്പമാണ്. ചിലർക്കു സർക്കാർ തീരുമാനങ്ങൾ മാത്രമാണു മാനദണ്ഡം. കത്തോലിക്കരെ സംബന്ധിച്ചിടത്തോളം വിവാഹബന്ധം അവിഭാജ്യമായ - ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കേണ്ട- ബന്ധമാണ്. ഇക്കാര്യത്തിൽ വ്യത്യസ്തമായ ധാരണകളോടെ വിവാഹബന്ധത്തിൽ ഏർപ്പെട്ടാൽ അതു കുടുംബഭദ്രതയ്ക്കു സഹായകമാകില്ല. കുടുംബത്തിൽ ഉണ്ടാകുന്ന അസ്വസ്ഥത സമൂഹത്തിലും താളപ്പിഴകൾ ഉണ്ടാക്കുമെന്നതാണു സത്യം.

ഒരേ മതവിശ്വാസം പുലർത്തുന്നവർ വിവാഹിതരാകുന്നതാണു കൂടുതൽ അഭികാമ്യമെന്ന് എല്ലാവർക്കുമറിയാം. മതജീവിതത്തിൽ പങ്കാളികളാകാൻ സാധിക്കാത്തതു കുടുംബജീവിതത്തിലെ പൂർണമായ ഐക്യബോധത്തിനു വിഘാതമായിരിക്കുമെന്നു സമ്മതിക്കാതെ വയ്യ. കുട്ടികളുടെ വളർത്തലിലും അതു പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. പ്രത്യേകമായി ഒരു ക്രോഡീകൃത വിശ്വാസസംഹിതയുള്ള മതവിശ്വാസികൾക്കാണ് ഇതു കൂടുതൽ നഷ്ടബോധത്തിനിടയാക്കുന്നത്.

എന്താണു സഭയുടെ നിലപാട്?

മുൻപറഞ്ഞ കാരണങ്ങൾകൊണ്ടു കത്തോലിക്കാസഭ സഭാന്തരവും മതാന്തരവുമായ വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ല. അതു ജാതിവ്യത്യാസത്തിന്റെ അടിസ്ഥാനത്തിലുമല്ല. അല്ലെങ്കിൽ ചിലർ ആരോപിച്ചപോലെ രക്തവിശുദ്ധിയുടെ അടിസ്ഥാനത്തിലുമല്ല. സഭാസമൂഹത്തിന്റെ വിശ്വാസത്തിലുള്ള ഐക്യത്തിനും കുട്ടികളുടെ വിശ്വാസ പരിശീലനത്തിനും പ്രാധാന്യം കൊടുക്കാതെ വയ്യ. അതുകൊണ്ടെല്ലാമാണു സഭ മിശ്രവിവാഹം നിരുത്സാഹപ്പെടുത്തുന്നത്.

എങ്കിലും പ്രത്യേകവും അസാധാരണവുമായ സാഹചര്യങ്ങളിൽ സഭ മിശ്രവിവാഹം അനുവദിക്കുന്നുമുണ്ട്. മറ്റു ക്രൈസ്തവരുമായി മാത്രമല്ല, മറ്റു മതസ്ഥരുമായിപ്പോലുമുള്ള വിവാഹത്തിനും ചിലപ്പോൾ അനുവാദം കൊടുക്കാറുണ്ട്. പക്ഷേ, കത്തോലിക്കാവിശ്വാസി തന്റെ വിശ്വാസം സംരക്ഷിക്കുമെന്നും കുട്ടികളുടെ വിശ്വാസപരിശീലനത്തിനു പരമാവധി ശ്രമിക്കുമെന്നും രേഖാമൂലം വാഗ്ദാനം ചെയ്യണം. ഇങ്ങനെയൊരു ഉറപ്പ് നൽകിയിട്ടുണെ്ടന്നു ജീവിതപങ്കാളി അറിഞ്ഞിരിക്കുകയും വേണം. അങ്ങനെയുള്ള സാഹചര്യങ്ങളിൽ കത്തോലിക്കാ പള്ളിയിൽവച്ചുതന്നെ വിവാഹം നടത്തേണ്ടതാണ്.

ഇതിൽനിന്നെല്ലാം സഭ വിശ്വാസസംരക്ഷണത്തിനു മാത്രമാണു ശ്രമിക്കുന്നത് എന്നതു വ്യക്തം. വംശവും ജാതിയുമൊന്നും സഭയുടെ പ്രശ്‌നമല്ല.

നിർഭാഗ്യകരമായ ആരോപണങ്ങൾ

ഒരു പ്രത്യേക സമിതിയുടെ സ്വകാര്യസമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു മാർ ആനിക്കുഴിക്കാട്ടിൽ പിതാവ്. മനസിലാകുന്നിടത്തോളം, പുതിയ തലമുറയിലെ യുവജനങ്ങൾ വിശ്വാസകാര്യങ്ങളിൽ ലാഘവത്വം പുലർത്തുന്നതിനെതിരേ മുന്നറിയിപ്പു നൽകുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ട ചില ഉദാഹരണങ്ങൾ നാടൻ ശൈലിയിൽ ചൂണ്ടിക്കാട്ടിയിരിക്കാം. പക്ഷേ അതിലൊന്നും ഏതെങ്കിലും സമുദായത്തിനെതിരായിട്ടായിരുന്നില്ല പ്രതിപാദനം എന്നാണു മനസിലാക്കുന്നത്. യുവജനങ്ങൾ വിശ്വാസകാര്യങ്ങളിൽ വേണ്ട നിഷ്ഠ പുലർത്താത്തതിനെ ചൂണ്ടിക്കാട്ടുകയായിരുന്നു അദ്ദേഹം.

ഈ നാട്ടിലെ ക്രൈസ്തവസഭകൾ എന്നും മതസൗഹാർദത്തിനുവേണ്ടിയാണു നിലകൊണ്ടിട്ടുള്ളത്. മറ്റു മതസ്ഥർക്കെതിരായി സംസാരിക്കുക ക്രൈസ്തവരുടെ ശൈലിയല്ല. ഇവിടെ ചില മാദ്ധ്യമങ്ങളും വർഗീയവാദികളും ക്രൈസ്തവർക്കെതിരേ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്നു. ചിലപ്പോൾ അക്കൂട്ടർ പരത്തുന്ന തെറ്റിദ്ധാരണകൾ തിരുത്താൻ സഭയുടെ വക്താക്കൾ ശ്രമിച്ചിട്ടുമുണ്ട്. പക്ഷേ അവർക്ക് അതേ നാണയത്തിൽ തിരിച്ചുകൊടുക്കുക ക്രൈസ്തവരുടെ രീതിയല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP