Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രധാനമന്ത്രിയാകാൻ മോദിയും രാഹുലും യോഗ്യരല്ല

പ്രധാനമന്ത്രിയാകാൻ മോദിയും രാഹുലും യോഗ്യരല്ല

പ്രധാന മന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നവരിൽനിന്ന് പ്രതീക്ഷിക്കപ്പെടുന്ന ഗുണങ്ങളിലൊന്ന് കാര്യങ്ങൾ ജഡ്ജ് ചെയ്യാനുള്ള കഴിവാണ്. പ്രധാനമന്ത്രിയാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള നമ്മുടെ രണ്ട് സ്ഥാനാർഥികൾക്കും അതിനുള്ള കഴിവ് ഇല്ലെന്ന് കഴിഞ്ഞയാഴ്ച വ്യക്തമായി. കാര്യങ്ങൾ വിലയിരുത്താനുള്ള ശേഷിക്കുറവ് അവർ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.


രാഹുൽ ഗാന്ധിയിൽനിന്ന് തുടങ്ങാം. ക്രിമിനൽ കേസ്സുകളിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കാനുദ്ദേശിച്ചുള്ള ഓർഡിനൻസിനെതിരെ രാഹുൽ ഗാന്ധി ഉന്നയിച്ച വിമർശനം ശരിയാണെന്ന കാര്യത്തിൽ തർക്കമില്ല. അതാവശ്യവുമായിരുന്നു. എന്നാൽ, ആ വിമർശനം എവിടെ, എപ്പോൾ ഉന്നയിച്ചു എന്നതിലാണ് പ്രശ്‌നം.
പ്രധാനമന്ത്രി സ്ഥാനാർഥിയാവാൻ ആഗ്രഹിക്കുന്ന ഒരാൾ തന്റെ സർക്കാരിനെയും പ്രധാനമന്ത്രിയെയും പരസ്യമായി വിമർശിക്കുന്നത് ഒട്ടും ആശാസ്യമായ കാര്യമല്ല. മറ്റൊരാളുടെ പത്രസമ്മേളനത്തിലേക്ക് ഇടിച്ചുകയറി തന്റെ കാര്യം സാധിക്കുന്നത് കൂടുതൽ വഷളായ കാര്യമാണ്. പ്രധാനമന്ത്രി അമേരിക്കയിൽ ഒബാമയയുമായി കൂടിക്കാഴ്ച നടത്തുകയും നവാസ് ഷെരീഫുമായി കൂടിക്കാഴ്ചയ്ക്ക് അരങ്ങൊരുക്കുകയും ചെയ്യുന്ന ഘട്ടത്തിൽ ഇത്തരമൊരു നാടകീയമായ നീക്കം നടത്തുന്നത് തീർത്തും അനുചിതമാണ്. ഇന്ത്യയുടെ പ്രതിഛായയെയാണ് അത് കളങ്കപ്പെടുത്തിയത്. ഇതിനെല്ലാം ഉത്തരവാദി രാഹുൽ ഗാന്ധി മാത്രമാണ്.
വിവേകമുണ്ടായിരുന്നുവെങ്കിൽ ഓർഡിനൻസിനോടുള്ള തന്റെ എതിർപ്പ് പ്രധാനമന്ത്രിയോട് രാഹുൽ നേരിട്ട് സംസാരിക്കുമായിരുന്നു. സർക്കാരിനെ ഇങ്ങനെയൊരു പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്യുമായിരുന്നില്ല. സ്വന്തം അമ്മയോടുപോലും ചർച്ച ചെയ്യാതെ ഇത്തരമൊരു അധികപ്രസംഗത്തിനും തുനിയുമായിരുന്നില്ല. അമേരിക്കൻ പ്രസിഡന്റുമായും പാക്കിസ്ഥാൻ പ്രധാനമന്ത്രിയുമായും ചർച്ചയ്‌ക്കൊരുങ്ങവെ ഇന്ത്യയുടെ പിടി അയയുന്ന തരത്തിലുള്ള നടപടിക്കും വിവേകമുണ്ടായിരുന്നുവെങ്കിൽ രാഹുൽ തുനിയുമായിരുന്നില്ല.
ഓർഡിനൻസിനോടുള്ള തന്റെ വിയോജിപ്പ് ശരിയായിരുന്നുവെങ്കിലും അത് അവതരിപ്പിച്ച രീതിയിലും അവസരത്തിലും രാഹുലിന് കനത്ത പാളിച്ചപറ്റി. രാഹുൽ എന്ന രാഷ്ടീയ നേതാവിന്റെ കഴിവുകളെ സംശയത്തിലാക്കിയ നടപടിയായിപ്പോയി ഇത്. ഇതിൽനിന്ന് മുക്തനാകാൻ എത്ര കഷ്ടപ്പെടേണ്ടിവരുമെന്ന് അനുഭവിച്ചുതന്നെ അറിയണം.
ഇനി നരേന്ദ്ര മോദിയിലേക്ക് വരാം. പ്രതിപക്ഷത്തെ നേതാവെന്ന നിലയ്ക്ക് പ്രധാനമന്ത്രിയെയും സർക്കാരിനെയും വിമർശിക്കാനുള്ള സർവ സ്വാതന്ത്ര്യവും മോദിക്കുണ്ട്. എന്നാൽ, അതിനുപയോഗിക്കുന്ന വസ്തുതകൾ കൃത്യമല്ലെങ്കിൽ അത് തിരിഞ്ഞുകുത്തുമെന്നുറപ്പാണ്. അതാണ് മോദി ചെയ്തതും.
രഹസ്യസ്വഭാവമുള്ള ഒരു യോഗത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയ്‌ക്കെതിരെ ഉയർന്നുവെന്ന് പറയപ്പെടുന്ന ഒരു ആരോപണവുമായി രംഗത്തുവന്ന യുട്യൂബ് വീഡിയോയെ ബുദ്ധിയുള്ള ആരെങ്കിലും വിശ്വസിക്കാൻ തയ്യാറാവുമോ? പ്രധാനമന്ത്രി സ്ഥാനാർഥിയാവാൻ തയ്യാറെടുക്കുന്ന ഒരാൾ തീർച്ചയായും ഇത്രയും അപക്വമായ രീതിയിലല്ല പ്രതികരിക്കേണ്ടിയിരുന്നത്.
പാക്കിസ്ഥാനി പത്രപ്രവർത്തകനായ ഹമീദ് മിറിന്റെ കമന്റിന്റെ വിശ്വാസ്യത പരിശോധിക്കാതെ അത് ആയുധമാക്കി പ്രധാനമന്ത്രിക്കെതിരെ ഇറങ്ങിപ്പുറപ്പെട്ടത് മോദിയുടെ വിവേകശൂന്യതയ്ക്ക് തെളിവായി. മിറിന്റെ പരാമർശം തെറ്റാണെന്നും അങ്ങനെയൊന്നുണ്ടായിട്ടില്ലെന്നും ഇന്ത്യൻ മാദ്ധ്യമപ്രവർത്തകയായ ബർഖ ദത്ത് ഉറപ്പിച്ച് പറഞ്ഞിട്ടും അത് സ്വീകരിക്കാൻ മോദി തയ്യാറായില്ല. പ്രധാനമന്ത്രിയെ എങ്ങനെയും ക്രൂശിക്കുക എന്ന തിരക്കിലായിരുന്നു മോദി.
ഇതേ അബദ്ധം മറ്റൊരിക്കൽക്കൂടി മോദി ആവർത്തിച്ചു. അമേരിക്കൻ പ്രസിഡന്റ് ഒബാമയ്ക്ക് മുന്നിൽ ഇന്ത്യയെ ദരിദ്രരാഷ്ട്രമായി ചിത്രീകരിക്കുകയാണ് മന്മോഹൻ ചെയ്തതെന്ന് മോദി ആരോപിച്ചു. ഇന്ത്യയുടെ ദാരിദ്ര്യം മാർക്കറ്റ് ചെയ്യാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും മോദി ആരോപിച്ചു. അതിലും മോദിക്ക് പിഴവ് പറ്റി.
മാദ്ധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ പ്രധാനമന്ത്രി പറഞ്ഞതിങ്ങനെയാണ്. 'ഇന്ത്യ ഒരു ദരിദ്ര രാഷ്ട്രമാണെന്ന് പ്രസിഡന്റിനോട് (ഒബാമ) ഞാൻ വിശദീകരിച്ചു. ഇന്ത്യയുടെ അടിസ്ഥാന ലക്ഷ്യം സമൂഹത്തിന്റെ ദാരിദ്ര്യവും അജ്ഞതയും രോഗങ്ങളും ഇല്ലാതാക്കുന്നതിനാണ്. ഞങ്ങളുടെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനാണ് ഇന്ത്യ പ്രാമുഖ്യം കൽപിക്കുന്നത്‌ന'. ഇന്ത്യയിലെ ദാരിദ്ര്യം ഒരു വസ്തുത തന്നെയാണ്. പ്രധാനമന്ത്രിയുടെ വാക്കുകളിൽ എവിടെയും ഈ ദാരിദ്ര്യം മാർക്കറ്റ് ചെയ്യാനുള്ള ശ്രമവുമില്ല.
ഈ വാക്കുകൾക്കിടയിലൂടെ സഞ്ചരിച്ച് മോദി ചെയ്ത് പ്രധാനമന്ത്രിയെ വിമർശിക്കാനാണ് മോദി ശ്രമിച്ചത്. ഇവിടെയും വസ്തുതകൾ പരിശോധിക്കാതെ എടുത്തുചാടി നടത്തിയ നിരീക്ഷണം മോദിക്ക് എതിരായി മാറുകയും ചെയ്തു.
പ്രധാനമന്ത്രിയാകാൻ തയ്യാറെടുക്കുന്ന രണ്ടുപേരും ഇനിയും വളരാനുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ സംഭവങ്ങൾ. രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ ചിലർ എതിരഭിപ്രായം പറഞ്ഞേക്കാം. പ്രധാനമന്ത്രിയെ എങ്ങനെയും നാണംകെടുത്തുകയെന്ന മോദിയുടെ ശ്രമവും ബാലിശമല്ലേ. പ്രായവും പക്വതയുമുള്ളവർ ഇങ്ങനെയല്ലല്ലോ പ്രവർത്തിക്കേണ്ടത്. തുറന്നുപറഞ്ഞാൽ, ഇവർ രണ്ടുപേരും ഇന്ത്യയുടെ പ്രധാനമന്ത്രി പദം അർഹിക്കുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP