Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എല്ലാവർക്കും ഗുണം ചെയ്യുന്ന ഒരു കാര്യത്തിന് വേണ്ടി കുറച്ചു പേർ മാത്രം നഷ്ടം സഹിക്കണം എന്ന് പറയുന്നതു ശരിയല്ല; നഷ്ടം ഉണ്ടാകുന്നവർക്ക് സ്ഥലവിലക്കും കെട്ടിട വിലക്കും അപ്പുറം നഷ്ടപരിഹാരം കൊടുക്കാൻ ബാധ്യസ്ഥരാണ്: ഗെയിൽ പദ്ധതി വിവാദത്തെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു

എല്ലാവർക്കും ഗുണം ചെയ്യുന്ന ഒരു കാര്യത്തിന് വേണ്ടി കുറച്ചു പേർ മാത്രം നഷ്ടം സഹിക്കണം എന്ന് പറയുന്നതു ശരിയല്ല; നഷ്ടം ഉണ്ടാകുന്നവർക്ക് സ്ഥലവിലക്കും കെട്ടിട വിലക്കും അപ്പുറം നഷ്ടപരിഹാരം കൊടുക്കാൻ ബാധ്യസ്ഥരാണ്: ഗെയിൽ പദ്ധതി വിവാദത്തെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

സ്ഥലം, പരിസ്ഥിതി, സുരക്ഷ, ശാസ്ത്രം..

ഗ്യാസ് അഥോറിറ്റിയുടെ പൈപ്പ് ലൈനിടാനായി സ്ഥലം എടുക്കലിനെച്ചൊല്ലി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് ഞാൻ എന്തെങ്കിലും പറയണമെന്ന് പലരും പബ്ലിക്ക് ആയും സ്വകാര്യമായും പറഞ്ഞു. നേരിട്ട് പറഞ്ഞില്ലെങ്കിലും മറ്റു പലരും അങ്ങനെ ആഗ്രഹിക്കുന്നുണ്ടാകാം. ന്യായമായ കാര്യമാണ്. എത്രയോ കാര്യങ്ങളെപ്പറ്റി ഞാൻ അഭിപ്രായം പറയുന്നു. ഇതാകട്ടെ സുരക്ഷയുടെ വിഷയമാണ്, പെട്രോളിയം വ്യവസായവുമായി ബന്ധപ്പെട്ടതാണ്. രണ്ടും എനിക്ക് അറിവുള്ള മേഖലയാണ്. ഇപ്പോൾ സംഘർഷമുള്ള പ്രദേശത്തെ പ്രത്യേക പ്രശ്‌നങ്ങൾ എനിക്ക് സത്യത്തിൽ അറിയില്ല.

വിവാദവിഷയങ്ങളിൽ അഭിപ്രായം പറയുന്നതിന് ഒരു അന്തർദേശീയ സിവിൽ സർവന്റ് എന്ന പദവിയിലിരിക്കുന്നതിനാൽ എനിക്ക് ചില നിയന്ത്രണങ്ങളുണ്ട്. രണ്ടാമത് ഒരു വിഷയം വിവാദമായി പത്രത്തിലും റോഡിലും കത്തി നിൽക്കുമ്പോൾ അതിനെപ്പറ്റി അഭിപ്രായം പറഞ്ഞാൽ വിവാദത്തിൽ ഉൾപ്പെട്ടവർ അത് നിഷ്പക്ഷമായി എടുക്കില്ല. എന്റെ വ്യക്തിപരമായ അഭിപ്രായത്തെ ഐക്യരാഷ്ട്രസഭയുടെ അഭിപ്രായമായി വ്യാഖ്യാനിക്കപ്പെടും. ആ അഭിപ്രായം ദുരുപയോഗം ചെയ്യപ്പെടും. പോരാത്തതിന് അഭിപ്രായം പറയുന്ന ആളെ ഒരു വശത്തോ മറു വശത്തോ ബ്രാൻഡ് ചെയ്യും എന്നല്ലാതെ അതുകൊണ്ട് ചർച്ചകൾക്ക് ഒരു ഗുണവുമുണ്ടാവില്ല. അതിനാലാണ് ഇത്തരം കാര്യങ്ങളിൽ ഞാൻ ഉടനടി അഭിപ്രായം പറയാറില്ലാത്തത്. ക്ഷമിക്കുമല്ലോ.

എന്നാലും പൊതുവിൽ ഒരു കാര്യം പറയാം. കേരളത്തിൽ വ്യാപകമായി സ്ഥലം ഏറ്റെടുക്കുന്ന ഏതു പദ്ധതിയും ഇപ്പോൾ വിവാദമാകുന്നത് പതിവാണ്. വിവാദമാകുന്നത് പരിസ്ഥിതിയുടെ പേരിലാകാം (ശബരി പാത), സുരക്ഷയുടെ പേരിലാകാം (പൈപ്പ് ലൈൻ), മനുഷ്യാവകാശത്തിന്റെ പേരിലാകാം (കണ്ടെയ്നർ റോഡ്). ഇവയൊക്കെ അടുത്തുചെന്ന് നോക്കുമ്പോൾ പ്രശ്‌നം അത്ര ലളിതമല്ല.

ഏത് പദ്ധതിക്കാണെങ്കിലും സ്ഥലം എടുക്കുമ്പോൾ കുറേപ്പേർക്ക് വലിയ നഷ്ടമുണ്ടാകും. ഭൂമി എന്നത് മനുഷ്യന് പണം മാത്രമല്ല, അതവരുടെ അസ്തിത്വത്തിന്റെ ഭാഗം കൂടിയാണ്. അച്ഛനപ്പൂപ്പന്മാരായി ഒരേ സ്ഥലത്ത് താമസിക്കുന്നവരാണ് ബഹുഭൂരിപക്ഷം മലയാളികളും. ചെറിയ ചെറിയ പ്ലോട്ടുകളിലാണ് ഇപ്പോഴത്തെ തലമുറ താമസിക്കുന്നതും. അപ്പോൾ ഇത്തരം പദ്ധതികൾ വരുമ്പോൾ മിക്കവാറും സ്ഥലം വിട്ടുതന്നെ പോകേണ്ടിവരും. സ്വന്തം വീട് മാറി പോകേണ്ടിവരുന്നതും അയൽക്കാർ മാറുന്നതുമെല്ലാം ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. എല്ലാവർക്കും ഗുണം ചെയ്യുന്ന ഒരു കാര്യത്തിനുവേണ്ടി കുറച്ചു പേർ മാത്രം നഷ്ടം സഹിക്കണം എന്ന് പറയുന്നതും പ്രതീക്ഷിക്കുന്നതും ശരിയല്ല. അങ്ങനെ നഷ്ടമുണ്ടാകുന്നവർക്ക് സ്ഥലവിലക്കും കെട്ടിടവിലക്കും അപ്പുറം നഷ്ടപരിഹാരം സമൂഹം കൊടുക്കാൻ ബാധ്യസ്ഥരാണ്.

ഇത് നടക്കാതെ വരുമ്പോളാണ്, സ്വകാര്യനഷ്ടം വ്യാപകമായി ഉണ്ടാകുമ്പോളാണ്, പദ്ധതി നാടിന് നല്ലതും പൊതു ആവശ്യവും ആണെങ്കിലും പ്രതികരണമുണ്ടാകുന്നത്. അപ്പോൾ പദ്ധതി വരാതിരിക്കാൻ എടുത്തുപയോഗിക്കാവുന്ന ഏത് കാരണവും, അത് പ്രകൃതി ആയാലും സുരക്ഷ ആയാലും, ആളുകൾ ഉപയോഗിക്കും. പദ്ധതിക്ക് എതിരായ സമരത്തിന് ആരെ കൂട്ട് കിട്ടിയാലും, അത് രാഷ്ട്രീയപ്പാർട്ടി ആണെങ്കിലും വർഗ്ഗീയ പാർട്ടികൾ ആണെങ്കിലും, ആളുകൾ ആ കൂട്ട് സ്വീകരിക്കുകയും ചെയ്യും. ആ അവസരം നോക്കി കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ രാഷ്ട്രീയ വർഗ്ഗീയ ശക്തികൾ ഇറങ്ങും. ഇതൊക്കെ നാം എപ്പോഴും കാണുന്നതാണ്, എത്രയോ നാളായി കാണുന്നു...

ഞാൻ മുൻപ് പല പ്രാവശ്യം പറഞ്ഞിട്ടുള്ളത് പോലെ നാട്ടിൽ ഭൂമി എന്നത് ഒരു ഉപഭോഗ വസ്തു പോലെ തന്നെ നിക്ഷേപത്തിനുള്ള ഒരു കമ്മോദിറ്റി കൂടിയാണ്. നാട്ടിൽ മിക്കവാറും ആളുകളുടെ സമ്പാദ്യവും ഇൻഷുറൻസും ഒക്കെ ഭൂമിയും വീടും ആണ്. അതുകൊണ്ടാണ് കൃഷിക്കും വീടുവെക്കാനും സ്ഥലത്തിന്റെ ആവശ്യം കുറഞ്ഞു വരുന്ന കാലത്തും ഭൂമിയുടെ വില കൂടിവരുന്നത്. ഇങ്ങനെ കൃത്രിമമായി സൃഷ്ടിച്ചു വച്ചിരിക്കുന്ന ഭൂമിവിലയുടെ കുമിള നില നിൽക്കുന്നിടത്തോളം കാലം വികസന പ്രവർത്തനങ്ങൾക്ക് ഭൂമി കണ്ടെത്തുക എന്നത് വലിയ വെല്ലുവിളി ആകും. ഓരോ പദ്ധതിയിലും ചോര വീഴും.

ഇതാണ് അടിസ്ഥാന പ്രശ്‌നം എന്നിരിക്കെ, ഓരോ സ്ഥലത്തും ആളുകളെ സുരക്ഷയും പരിസ്ഥിതിയും മനുഷ്യാവകാശവും ശാസ്ത്രീയമായി പറഞ്ഞു മനസ്സിലാക്കി പദ്ധതികൾക്ക് അനുകൂലമായി മാറ്റിയെടുക്കാവുന്ന ഒന്നാണെന്ന് എനിക്ക് തോന്നുന്നില്ല. മുൻപ് പറഞ്ഞത് പോലെ ശാസ്ത്രത്തിലോ പരിസ്ഥിതിയിലോ ഉള്ള അടിസ്ഥാന വിശ്വാസം കൊണ്ടല്ല എതിർപ്പ് വരുന്നത്, മറിച്ച് എതിർപ്പിന് ഉപോൽബലകമായി ശാസ്ത്രം ഉപയോഗിക്കാം എന്ന് തോന്നുമ്പോൾ അത് ഉപയോഗിക്കുന്നു എന്ന് മാത്രം. മതം ആണ് ഉപയോഗിക്കാൻ പറ്റുന്നത് എന്ന് തോന്നിയാൽ അത് ഉപയോഗിക്കും. രാഷ്ട്രീയമാണ് പറ്റുന്നതെങ്കിൽ അത്. ഇതൊക്കെ സ്വാഭാവികമാണ്. അതറിഞ്ഞു വേണം നമ്മൾ ഈ വിഷയത്തെ സമീപിക്കാൻ.

എന്റെ അഭിപ്രായത്തിൽ സ്ഥലമെടുപ്പോ സ്ഥലവിനിയോഗ നിയന്ത്രണമോ ഉൾപ്പെട്ട പ്രശ്‌നങ്ങൾ കേരളത്തിന്റെ കുറഞ്ഞു വരണമെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യണം.
1. ഭൂമിയുടെ ഉപയോഗത്തിന് പ്രകൃതിയോട് ചേർന്നുനിൽക്കുന്ന തരത്തിലുള്ള പ്‌ളാനിങ്ങ് കൊണ്ട് വരിക (Ecosystem based land use planning). അതിൽ നിന്നുള്ള മാറ്റങ്ങൾ കർശനമായി നിയന്ത്രിക്കുക. ഉപഗ്രഹ ചിത്രങ്ങളുടെ കാലത്ത് ഇത്തരം പ്ലാനിങ്ങും നിരീക്ഷണവും ഒക്കെ വളരെ എളുപ്പമുള്ള കാര്യമാണ്.

2. ഭൂമിയുടെ ഉപയോഗത്തിന് നിയന്ത്രണം വന്നാൽ നമുക്ക് തോന്നുന്ന എന്തിനും ഭൂമി ഉപയോഗിക്കാൻ കഴിയാതാവും. അപ്പോൾ ഭൂമിയെ വസ്തുവാക്കുന്നതും വസ്തു സമ്പാദിക്കുന്നതും ഒക്കെ കുറയും. ഭൂമിവില ഇപ്പോഴത്തേതിന്റെ നാലിലൊന്നാകും. നാട്ടിൽ എന്താവശ്യത്തിനും ഭൂമി കിട്ടുകയും ചെയ്യും.

3. ഭൂമി ഏറ്റെടുക്കുന്ന പരിപാടികൾ കൂടുതൽ ന്യായമാക്കുക. ഇരുപത് സെന്റ് സ്ഥലത്തെ രണ്ടായി വെട്ടി മുറിച്ചിട്ട് അതിൽ രണ്ടു സെന്റിന് മാത്രം നഷ്ടപരിഹാരം നൽകിയാൽ അത് ന്യായമല്ല. ഒരാളുടെ സ്ഥലത്തിന്റെ കുറച്ചെങ്കിലും പദ്ധതിക്ക് ആവശ്യമാണെങ്കിൽ അവർ ആവശ്യപ്പെട്ടാൽ അവരുടെ സ്ഥലം മുഴുവൻ പദ്ധതി ഏറ്റെടുക്കുക. ബാക്കിയുള്ള സ്ഥലം എന്ത് ചെയ്യാം, ചെയ്യണം എന്ന ഉത്തരവാദിത്തം കൂടി പദ്ധതി ഏറ്റെടുക്കട്ടെ. അവർക്കല്ലേ കൂടുതൽ പണമുള്ളത്.

4. ഏറ്റെടുക്കുന്ന ഭൂമിക്കും വീടിനും മുഴുവൻ നഷ്ടപരിഹാരം മാർക്കറ്റ് വിലയിലും കൂടുതൽ നൽകുക. ഒരാളുടെ പഴയ വീടിന് അഞ്ചു ലക്ഷം രൂപയാണ് മാർക്കറ്റ് വില എങ്കിൽ അതുകൊടുത്തിട്ട് കാര്യമില്ല. അതുപോലെ പുതിയൊരു വീടുണ്ടാക്കാൻ എന്ത് ചെലവാകുമോ അതാണ് കൊടുക്കേണ്ടത്.

5. കൊടുക്കുന്ന പണം എത്രയാണെങ്കിലും അത് ഏറ്റെടുക്കാൻ തീരുമാനിച്ചു കഴിഞ്ഞാലുടൻ നൽകുക. സ്ഥലം ഏറ്റെടുക്കുമെന്ന ഭീഷണി വന്ന് അഞ്ചും പത്തും വർഷം കഴിയുമ്പോളാണ് പലപ്പോഴും ഏറ്റെടുക്കലിന്റെ നിയമവശം പൂർത്തിയാകുന്നത്. അത്രയും കാലം ആ സ്ഥലങ്ങൾ ക്രയവിക്രിയം ചെയ്യാൻ പറ്റാതെ ആളുകൾ വലയും.

ഇതൊക്കെ വാസ്തവത്തിൽ കോമൺസെൻസ് ആണ്. ഇതിൽ ഏതൊക്കെ ഇപ്പോൾ തന്നെ പ്രാബല്യത്തിൽ ഉണ്ട് എന്നെനിക്കറിയില്ല. എല്ലാ നിർദ്ദേശവും അത്ര എളുപ്പത്തിൽ പ്രായോഗികമാക്കാവുന്നതും അല്ല. പക്ഷെ ഭൂമിയുടെ വിനിയോഗത്തിന്റെ കാര്യത്തിൽ നിയന്ത്രങ്ങൾ വരികയും, ഭൂമിവില പകുതിയിൽ താഴെയായി കുറയുകയും, ഭൂമിയെ ഒരു നിക്ഷേപം ആയി കാണാതിരിക്കുകയും ചെയ്താലേ നമ്മുടെ നാട്ടിൽ ഇനി സുസ്ഥിരവികസനം ഉണ്ടാകൂ എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP