Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിസ്സാരവൽക്കരിക്കപ്പെട്ട റാഗിംഗിന്റെ തടാകത്തിലാണ് അക്രമികളായ മുതലകൾ വളരുന്നത്; റാഗിംഗിനെ ഏതെങ്കിലും തരത്തിൽ അംഗീകരിക്കുന്ന തടാകം മുഴുവൻ വറ്റിക്കണം: മുരളി തുമ്മാരുകുടി എഴുതുന്നു

നിസ്സാരവൽക്കരിക്കപ്പെട്ട റാഗിംഗിന്റെ തടാകത്തിലാണ് അക്രമികളായ മുതലകൾ വളരുന്നത്; റാഗിംഗിനെ ഏതെങ്കിലും തരത്തിൽ അംഗീകരിക്കുന്ന തടാകം മുഴുവൻ വറ്റിക്കണം: മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

ചില വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കണം എന്ന് പലപ്പോഴും പറയാറുള്ള കാര്യമാണ്. ഇതിൽ ഒന്നാണ് റാഗിങ്ങ്.

വീണ്ടും ഒരു മലയാളി പെൺകുട്ടി കൂടി റാഗിങ്ങിനിരയായ മനോവിഷമം കാരണം ആത്മഹത്യ ചെയ്തു എന്ന വാർത്ത ഏറെ സങ്കടത്തോടെയാണ് വായിച്ചത്. ഒരു സീനിയർ വിദ്യാർത്ഥിയുടെ പേര് ചോദിച്ചതിന്റെ പേരിലാണ് റാഗിങ്ങുണ്ടായത് എന്നാണ് വാർത്ത. ഒരു ജൂനിയർ കുട്ടി തന്റെയൊരു സീനിയറിനോട് പേര് ചോദിച്ചാൽ അത് മാപ്പു പറയേണ്ട തെറ്റാണെന്നൊക്കെയുള്ള ചിന്ത വരുന്നത് ഏത് മൂല്യ ബോധത്തിൽ നിന്നാണ് ?.

ഇത് പക്ഷെ ആ കോളേജിലെ മാത്രം പ്രശ്‌നമൊന്നും അല്ലെന്നെനിക്കറിയാം. വലിയ റാഗിങ് കേസ് ഒന്നും കേൾക്കാത്ത കോളേജുകളിൽ പോലും സീനിയർ വിദ്യാർത്ഥികളോട് സ്വതന്ത്രമായി ഇടപെടുന്നത് അഹംഭാവം ആണെന്ന ധാരണ പണ്ടേയുണ്ട്. ഇങ്ങനെ ചിന്താഗതിയുള്ളവർക്ക് പത്തു വർഷത്തെ വിദ്യാഭ്യാസം എന്ത് മാറ്റമാണ് അവരിൽ ഉണ്ടാക്കിയിട്ടുള്ളത് ?.

യാതൊരു ന്യായീകരണവുമില്ലാത്ത പ്രാകൃതവും ക്രൂരവുമായ പെരുമാറ്റമാണ് റാഗിങ് എന്ന കോപ്രായം. പലരും ഇതിനെ കുട്ടികളുടെ പേടി മാറാൻ സഹായിക്കും, കൂടുതൽ ആത്മ ധൈര്യം ഉണ്ടാകും എന്നൊക്ക പറഞ്ഞു ന്യായീകരിച്ചു കേട്ടിട്ടുണ്ട്.പരിചയം കൊണ്ട് പറയാം, ഇതിലൊന്നും യാതൊരു സത്യവുമില്ല.എഞ്ചിനീയറിങ്ങിലെ ആദ്യ മാസങ്ങൾ കുട്ടികൾക്കും മാതാപിതാക്കൾക്കും പേടി സ്വപ്നം ആവുക, കൗമാരം വിട്ടു മാറാത്ത മനസ്സിൽ ആഴത്തിൽ മുറിവുണ്ടാക്കുക, ചിലപ്പോൾ അത് അതിക്രമത്തിലേക്ക് പോവുക, അവസാനം ഇതുപോലെ ഉള്ള ട്രാജഡികൾ ഉണ്ടാവുക ഇതൊന്നും അല്ലാതെ പോസിറ്റിവ് ആയിട്ടുള്ള ഒരു ഗുണവും റാഗിങ്ങിനില്ല.

നമ്മുടെ സമൂഹം പക്ഷെ ഇപ്പോഴും ഇതിനെ വേണ്ട വിധത്തിൽ സീരിയസ് ആയി എടുത്തിട്ടില്ല. ശാരീരികമായി ഉപദ്രവിക്കുകയോ ലൈംഗികമായി പീഡിപ്പിക്കുകയോ ചെയ്യുന്നതൊഴിച്ചാൽ മറ്റുള്ളതെല്ലാം (കളിയാക്കുന്നതോ, കാശ് തട്ടിയെടുക്കുന്നതോ,പാട്ടു പാടിക്കുന്നതോ എന്തിന് ഒറ്റക്കാലിൽ നിറുത്തുന്നത് പോലുള്ള ശാരീരിക പീഡനങ്ങൾ വരെ) 'പിള്ളേരുടെ തമാശ' എന്ന രീതിയിലാണ് അദ്ധ്യാപകരും അധികൃതരും എടുക്കുന്നത്. ഇത് പോലെ നിസാരവൽക്കരിക്കപ്പെട്ട റാഗിംഗിന്റെ തടാകത്തിലാണ് അക്രമികളായ മുതലകൾ വളരുന്നത്. അക്രമം തടയുക എന്നതിന് അക്രമം നടന്നു കഴിയുമ്പോൾ അത്തരം മുതലകളെ അറസ്റ്റ് ചെയ്തതുകൊണ്ട് കാര്യമില്ല. മറിച്ചു റാഗിംഗിനെ ഏതെങ്ക്കിലും തരത്തിൽ അംഗീകരിക്കുന്ന തടാകം മുഴുവൻ വറ്റിക്കണം, അപ്പോൾ അക്രമികൾക്ക് ഒളിച്ചിരിക്കാൻ ഇടമുണ്ടാവില്ല.

റാഗിംഗിനെതിരെയുള്ള നിയമങ്ങൾക്ക് നാട്ടിൽ ഒരു ക്ഷാമവും ഇല്ല. പക്ഷെ പൊതുവിൽ നാട്ടിൽ ഒരു കുറ്റകൃത്യം നടന്നു കഴിയുമ്പോൾ ഉള്ള എല്ലാ കലാപരിപാടിയും ഇവിടെയുമുണ്ട്. പ്രശ്‌നം കേസാകാതെ നോക്കുന്ന കോളേജ് അധികൃതർ, 'എന്തിനാ ഇതിന്റെ പുറകെ' എന്നൊക്കെ പറഞ്ഞു അനുരഞ്ജനമാക്കാൻ നോക്കുന്ന പൊലീസ്, 'കുട്ടികൾക്ക് ഒരബദ്ധം പറ്റി, ഇത്തവണത്തേക്ക് ക്ഷമിക്കൂ' എന്നു പറഞ്ഞു കേസൊതുക്കാൻ നോക്കുന്ന മാതാപിതാക്കൾ, ഇവർക്കൊക്കെ വേണ്ടി വാദിക്കാൻ നിൽക്കേണ്ടി വരുന്ന രാഷ്ട്രീയക്കാർ. ഇതെല്ലാം കാരണമാണ് നൂറുകണക്കിന് കോളേജുകളിൽ റാഗിങ് ഉണ്ടായിട്ടും അതിൽ ഒരു ശതമാനം പോലും പൊലീസിൽ എത്താത്തത്. കോട്ടയത്തെ സംഭവം ഒഴിച്ചാൽ വേറെ എവിടെയെങ്കിലും കേസ് കോടതിയിൽ എത്തി കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടതായി കേട്ടിട്ടു തന്നെയില്ല.

സുപ്രീം കോടതി തന്നെ റാഗിംഗിനെതിരെ ശക്തമായ നിലപാടെടുത്തിട്ടുണ്ട്. ഇനി അതു സമൂഹം ഏറ്റെടുത്താൽ മതി. എന്തൊക്കെയാണ് റാഗിങ് എന്നു വ്യക്തമായി നിർവചിക്കുക്കുക, അതിനെപ്പറ്റി സീനിയർ വിദ്യാർത്ഥികളെയും ജൂനിയർ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ബോധവൽക്കരിക്കുക. റാഗിംഗിന്റെ ഏറ്റവും നിസാരമായ കേസ് പോലും പൊലീസ് കേസാക്കുക, റാഗിങ്ങ് പ്രതികളെ കോടതി കേസ് കഴിയുന്നത് വരെ കോളേജിൽ പഠിക്കാൻ അനുവദിക്കാതിരിക്കുക. ഇങ്ങനെയൊക്കെ ആണ് സീറോ ടോളറൻസ് പ്രായോഗികമാക്കേണ്ടത്.

ഇങ്ങനെ ജൂനിയർ പിള്ളേരെ ശാക്തീകരിച്ചാൽ ഈ നിയമങ്ങൾ ദുരുപയോഗം ചെയ്യാൻ സാധ്യതയില്ലേ ?. ഉണ്ട്. അതുകൊണ്ടു തന്നെ സീനിയർ പിള്ളേർ 'will err on the side of caution '. അതായത് ജൂനിയർ പിള്ളേരെ കണ്ടാൽ സീനിയേഴ്‌സ് പേടിച്ചു മാറി നടന്നോളും. ഇനി കുറച്ചു നാൾ കാര്യങ്ങൾ അങ്ങനെ പോട്ടെ.

ഇനി റാഗിങ്ങും ആയി ബന്ധപ്പെട്ട ഒരു അതിക്രമം കേരളത്തിൽ ഉണ്ടാകരുത്.

(ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം മേധാവിയാണ് മലയാളിയായ മുരളി തുമ്മാരുകുടി. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP