Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കടുത്ത വംശീയതയുടെ ഇരകളായ മുസ്ലിങ്ങളിൽ പെട്ടവർ തന്നെ വെച്ചുപുലർത്തുന്നത് കടുത്ത വംശീയത; വംശീയതയെ സമഗ്രമായും സത്യസന്ധമായും വിലയിരുത്താനുള്ള മനസ്സുണ്ടാവണം; സുന്ദുസ് അൽഖത്താൻ വംശീയതയുടെ മുസ്ലിം/അറബ് മുഖമാകുന്നത് എങ്ങനെ? നസീറുദ്ദിൻ ചേന്ദമംഗല്ലൂർ എഴുതുന്നു

കടുത്ത വംശീയതയുടെ ഇരകളായ മുസ്ലിങ്ങളിൽ പെട്ടവർ തന്നെ വെച്ചുപുലർത്തുന്നത് കടുത്ത വംശീയത; വംശീയതയെ സമഗ്രമായും സത്യസന്ധമായും വിലയിരുത്താനുള്ള മനസ്സുണ്ടാവണം; സുന്ദുസ് അൽഖത്താൻ വംശീയതയുടെ മുസ്ലിം/അറബ് മുഖമാകുന്നത് എങ്ങനെ?  നസീറുദ്ദിൻ ചേന്ദമംഗല്ലൂർ എഴുതുന്നു

നസീറുദ്ദിൻ ചേന്ദമംഗല്ലൂർ

ചിത്രത്തിൽ കാണുന്നത് സുന്ദുസ് അൽ ഖത്താൻ. കുവൈത്തി മെയ്ക് അപ് ആർട്ടിസ്റ്റും സോഷ്യൽ മീഡിയ താരവും ആയ സുന്ദുസിന് ഇൻസ്റ്റാഗ്രാമിൽ 23 ലക്ഷം ഫോളോവേഴ്സ് ഉണ്ട്. വീട്ടു ജോലിക്കാരെ പറ്റിയുള്ള സുന്ദുസിന്റെ ഒരു ഇൻസ്റ്റാഗ്രാം വീഡിയോ ആണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കൊടിയ സാമ്പത്തിക, ലൈംഗിക ചൂഷണങ്ങൾക്ക് വിധേയമാവാറുള്ള ഗൾഫിലെ വീട്ടു ജോലിക്കാർക്ക് അൽപമെങ്കിലും ആശ്വാസം പകരുന്ന പുതിയ നിയമമാണ് സന്ദുസിനെ പ്രകോപിപ്പിച്ചത്. പുതിയ നിയമമാവട്ടെ, വെറുതെ വന്നതുമല്ല. മനുഷ്യാവകാശ സംഘടനകളുടെയും വിദേശ രാജ്യങ്ങളുടെയും നിരന്തര സമ്മർദം കൊണ്ട് മാത്രമാണ് കുവൈത് സർക്കാർ തന്നെ നിയമം കൊണ്ട് വന്നത്. 2018 ൽ കുവൈത്തിൽ വീട്ടു ജോലിക്കാരിയായിരുന്ന 29 കാരിയായ ജോവാനാ ഡാനിയേലാ ഡമാഫിലിസിന്റെ നിഷ്ടൂര കൊല ഫിലിപ്പൈൻസിനെ ഇളക്കി മറിച്ച സംഭവമായിരുന്നു. കൊലക്ക് ശേഷം ഫ്രീസറിൽ ശവ ശരീരം സൂക്ഷിച്ചു വെച്ചതുകൊണ്ട് മാസങ്ങളോളം ഇവരുടെ മരണ വിവരം പോലും സ്ഥിതീകരിക്കപ്പെട്ടിരുന്നില്ല. കൗതുകകരമായ കാര്യം സംഭവം നടന്നത് കുവൈത്തിൽ ആയിരുന്നെങ്കിലും ഇവരെ ജോലിക്ക് വെച്ചിരുന്നതും പിന്നീട് കൊന്നതും ലെബനീസ് വംശജനായ ഭർത്താവും സിറിയക്കാരിയായ ഭാര്യയും ചേർന്നായിരുന്നു(അതേ , ഇസ്രയേൽ വംശീയതയും ഏറ്റവും വലിയ ഇരകളായ ലബനീസ് വംശജനും ഇന്ന് ലോകം മുഴുവൻ അലഞ്ഞു തിരിഞ്ഞു സകല വംശീയതയുടെയും കയ്പറിയാൻ വിധിക്കപ്പെട്ട സിറിയൻ വംശജയും ! ). ജോവാനയുടെ കുറ്റക്കാർ പിന്നീട് അറസ്റ്റിലായെങ്കിലും ഫിലിപ്പൈൻസിൽ വിഷയം വലിയ ബഹളമായി. ഗൾഫിൽ വീട്ടു ജോലിക്കാരായി പോവുന്നവർ നേരിടുന്ന കൊടിയ വംശീയ ചൂഷണവും അതിന് സഹായകമായ തൊഴിൽ വ്യവസ്ഥയും വിമർശന വിധേയമായി; സർക്കാർ നടപടിയെടുക്കാൻ നിർബന്ധിതമായി. തൊഴിൽ നിയമങ്ങൾ പരിഷ്‌കരിച്ച് മനുഷ്യാവകാശങ്ങൾ ഉറപ്പ് വരുത്തിയാലല്ലാതെ കുവൈത്തിൽ ജോലിക്ക് ആളെ വിടില്ലെന്ന് ഫിലിപ്പൈൻസ് സർക്കാർ തീരുമാനമെടുത്തു. പ്രതികൂല സാഹചര്യത്തിൽ അവിടെ താങ്ങുന്നവർക്ക് നാട്ടിലേക്ക് തിരിച്ചു വരാനുള്ള സൗജന്യ വിമാന ടിക്കറ്റ് വരെ ഫിലിപ്പൈൻസ് പ്രസിഡന്റ് റോഡ്രിഗസ് വാഗ്ദാനം ചെയ്തു.

സ്വാഭാവികമായും ഫിലിപ്പൈൻസ് തീരുമാനം കുവൈത്തിനെ സമ്മർദ്ദത്തിലാക്കി. കുവൈത്തിലുള്ള 7 ലക്ഷത്തോളം വരുന്ന വീട്ടു ജോലിക്കാരിൽ ഏകദേശം പകുതിയോളം ഫിലിപ്പൈനികൾ ആണ്. കുറഞ്ഞ ശമ്പളത്തിന് കഠിനാധ്വാനം ചെയ്യുന്ന ഫിലിപ്പൈൻ പെണ്ണുങ്ങളില്ലെങ്കിൽ വീട്ടു കാര്യം താറുമാറാവും എന്ന് കണ്ടപ്പോഴാണ് ഗതിക്കെട്ട കുവൈത് സർക്കാർ വീട്ടു ജോലിക്കാരുടെ നിയമം ലേശമൊന്ന് പരിഷ്‌കരിക്കാൻ തീരുമാനിച്ചത്. കൂട്ടത്തിലേറ്റവും മനുഷ്യത്ത വിരുദ്ധവും ലോകത്തെ മുഴുവൻ മനുഷ്യാവകാശ സംഘടനകളുടെയും നിശിത വിമർശനത്തിനും വിധേയമായ ഒന്നായിരുന്നു തൊഴിലാളികളുടെ പാസ്‌പോർട് അവരിൽ നിന്നും പിടിച്ചെടുത്ത് തൊഴിലുടമ തന്നെ കൈവശം വെക്കുന്ന പ്രാകൃത സമ്പ്രദായം. പാസ്‌പോർട് കൈവശമില്ലാത്തതുകൊണ്ട് എത്ര ഭീകര തൊഴിൽ ചൂഷണമാണെങ്കിലും രക്ഷപ്പെട്ട് സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോവാൻ പറ്റാത്ത അവസ്ഥയിലായിരുന്നു പല തൊഴിലാളികളും. 'പരിഷ്‌കരിച്ച അടിമത്വം' എന്ന് വിശേഷിപ്പിക്കാവുന്ന ഗൾഫിലെ സ്പോൺസർഷിപ് വ്യവസ്ഥയിലെ പല നിയമങ്ങളും ചൂഷണത്തിനും വംശീയതക്കും നിയമ പരിരക്ഷ നല്കുന്നതാണെന്നതാണ് സത്യം. ഏതായാലും സ്വന്തം പാസ്‌പോർട് കൈവശം വെക്കാനും ആഴ്ചയിൽ ഒരു ദിവസം ലീവ് നൽകാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. ഇതാണ് സുന്ദുസിനെ പ്രകൊപിപ്പിച്ചതും. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത തന്റെ വീഡിയോയിൽ ഈ രണ്ട് വ്യവസ്ഥയെയും സുന്ദുസ് നിശിതമായി വിമർശിച്ചിരുന്നു. 'സ്വന്തം പാസ്‌പോർട് കൈവശം വെക്കുന്ന ഒരു ജോലിക്കാരിയെ എങ്ങനെ വീട്ടിൽ വെക്കും ? അതിനേക്കാൾ മോശമാണ് ആഴ്ചയിൽ ഒരു ദിവസം ലീവ് നൽകണമെന്ന വ്യവസ്ഥ. ! ' എന്നായിരുന്നു അവർ പറഞ്ഞത്. വിഷയം വൻ വിവാദമായതുകൊണ്ട് പല ആഗോള ബ്രാന്റുകളും സുന്ദുക്കുമായുള്ള കരാർ റദ്ദാക്കാൻ കടുത്ത സമ്മർദ്ദത്തിലാണ്. സുന്ദുക്കാണെങ്കിൽ താൻ പറഞ്ഞതിൽ ഉറച്ചു നിന്ന് കൊണ്ട് വീണ്ടും അതിനെ ന്യായീകരിക്കുന്ന പ്രസ്താവനകളിറക്കുകയും ചെയ്തു.

ഇവിടെ സുന്ദുക്കിന്റെ ഭാവി എന്താവുമെന്നതല്ല വിഷയം. അന്താരാഷ്ട്ര തലത്തിൽ ചർച്ചയായതുകൊണ്ട് ഒരുപക്ഷേ അവർ തിരിച്ചടി നേരിട്ടേക്കാം. പക്ഷേ കടുത്ത വംശീയതയുടെ ഇരകളായ മുസ്ലിങ്ങളിൽ തന്നെ പെട്ടവർ പുലർത്തുന്ന വംശീയതായാണ് അഡ്രസ് ചെയ്യേണ്ട വിഷയം. രണ്ട് ദിവസം മുമ്പ് മാത്രമാണ് തുർക്കി വംശജനായ ജർമൻ ഫുട്ബാൾ താരം മീസൂത് ഒസിൽ വംശീയത ആരോപിച്ചു ടീമിൽ നിന്നും രാജി പ്രഖ്യാപിച്ചത്. ഒസിൽ പറഞ്ഞതിൽ കാര്യമുണ്ടെന്ന് ലോകകപ്പ് തോറ്റ ശേഷമുള്ള ജർമനിയിലെ ഫുട്ബാൾ ചർച്ചകളിൽ നിന് വ്യക്തവുമായിരുന്നു. ഓസിലിന്റെ ഏജന്റ് ഏർകത് സോഗുത് ബയേൺ പ്രസിഡന്റ് ഹോനസ്സിന് കണക്കുകൾ ഉദ്ധരിച്ചു നൽകിയ മറുപടിയിൽ ഓസിലിനെതിരായ പൊള്ളയായ ആരോപണങ്ങളും അതിന് പിന്നിലുള്ള വംശീയതയും പൊളിച്ചടക്കുന്നുണ്ട്. പക്ഷേ ഒസിൽ ഏതൊക്കെ സ്വത്വത്തിന്റെ പേരിലാണോ വംശീയ വിവേചനത്തിനിരയായത് (മുസ്ലിം, ടർക്കിഷ് ) അതേ സ്വത്വം തന്നെ പലയിടത്തും വംശീയതയുടെ പേരിൽ പ്രതിക്കൂട്ടിലാണെന്നതാണ് വാസ്തവം. ഒസിൽ ഏറ്റവുമധികം വിമർശിക്കപ്പെട്ടത് തുർക്കി പ്രസിഡന്റ് എർദോഗാന്റെ കൂടെയുള്ള ഫോട്ടോയുടെ പേരിലായിരുന്നു. ഇതേ എർദോഗാൻ ഇന്ന് അവിടെയുള്ള കുർദ് ന്യൂനപക്ഷങ്ങൾക്കെതിരായി കടുത്ത വംശീയ വിവേചനപരമായ നടപടികൾക്ക് നേതൃത്വം നൽകുകയാണ്. കുർദ് സ്വത്വത്തിനെതിരിൽ ഏറ്റവും ഹിംസാത്മകമായ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ നാഷനലിസ്റ്റ് പാർട്ടിയാണ് എർദോഗാന്റെ പുതിയ സഖ്യ കക്ഷി. ഇതിലൊന്നും ഓസിലിനെ കുറ്റപ്പെടുത്തേണ്ടതില്ല, അതൊന്നും ഓസിലിനെതിരായ വംശീയ ആക്രമങ്ങൾക്ക് ന്യായീകരണവും ആവില്ല. കാരണം ഒസിൽ എർദോഗാന്റെ രാഷ്ട്രീയത്തോട് പിന്തുണ പ്രഖ്യാപിച്ചല്ല കൂടിക്കാഴ്ച നടത്തിയത്. പ്രസിഡന്റ് എന്ന ഔദ്യോഗിക സ്ഥാനത്തോടാണ് ബഹുമാനമെന്നും അദ്ദേഹം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തോടല്ലെന്നും വ്യക്തമാക്കിയിട്ടുമുണ്ട്. പക്ഷേ വംശീയതയെ പറ്റി വാചാലനായ ഒസിലിന് ഒരിക്കൽ പോലും തന്റെ പ്രസിഡന്റും രാജ്യവും കുർദുകൾക്കെതിരായി നടത്തുന്ന വംശീയാക്രമങ്ങളും വിവേചനങ്ങളും വിഷയമായതായി അറിയില്ല.

ആഗോള സാഹചര്യത്തിൽ കടുത്ത വംശീയ വിവേചനത്തിനിരയാവുന്ന മുസ്ലിങ്ങളിൽ തന്നെ സുന്ദുസിനെ പോലുള്ള സെലിബ്രിറ്റികളും അവരുടെ വംശീയ വിവേചനം നിയമപരമായി തന്നെ സംരക്ഷിച്ചു നിർത്തുന്ന വ്യവസ്ഥിതിയും ഉള്ള നിരവധി രാജ്യങ്ങൾ ഉണ്ടാവുന്നതും മുസ്ലിങ്ങൾക്ക് വേണ്ട രീതിയിൽ അഡ്രസ് ചെയ്യാൻ പറ്റുന്നില്ല. ഇതിനെതിരായി ഒറ്റ മുസ്ലിമും അല്ലെങ്കിൾ ഒറ്റ തുർക്കിക്കാരനും സംസാരിക്കുന്നില്ല എന്നല്ല ഇപ്പറഞ്ഞതിന്റെ അർത്ഥം. മുസ്ലിങ്ങളെല്ലാം വംശീയ വാദികളാണെന്ന് പറയുന്നത് തികഞ്ഞ അശ്ലീലവുമാണ്. എല്ലാ വംശീയതയും ഒരേ തീവ്രവതയും ഹിംസയും പേറുന്നവയുമല്ല, ആശയതലത്തിലും പ്രായോഗിക തലത്തിലും. പക്ഷേ വംശീയതയുടെ ഈ അടരുകൾ കാണാതിരുന്നു കൂടാ. അംബേദ്കർ ജാതി വ്യവസ്ഥയെ പറ്റി പറഞ്ഞ പോലെ ശ്രേണീ വ്യവസ്ഥയിൽ തനിക്ക് മുകളിലോട്ട് പോവുന്തോറും ബഹുമാനവും താഴോട്ട് പോവുന്തോറും പുച്ചവും തോന്നുന്ന ആ മനോഭാവമാണ് യഥാർത്ഥ പ്രശ്‌നം('ascending scale of reverence and a descending scale of contempt,') വംശീയതയെ സമഗ്രമായും സത്യസന്ധമായും വിലയിരുത്താനുള്ള മനസ്സുണ്ടാവണം. സവർണ മനോഭാവത്തെ എതിർക്കുമ്പോഴും ഇതേ ശ്രേണീ വ്യവസ്ഥയിൽ നമ്മുടെ താഴെ (എന്ന് നമ്മൾ കരുതുന്നവരോട്) നമ്മളെങ്ങനെ പെരുമാറുന്നു എന്നത് വളരെ പ്രധാനമാണ്. ആ വിലയിരുത്തലിനും തെറ്റ് തിരുത്തലിനും തയ്യാറാവാത്തിടത്തോളം കാലം വംശീയത ഇവിടെയുണ്ടാകും. ബദൽ രൂപപ്പെട്ടു വരുന്നത് വരെ ഒരു വ്യവസ്ഥിതി തുടരും, അതെത്ര ഹിംസാത്മകവും മനുഷ്യത്ത വിരുദ്ധവുമാണെങ്കിലും.

p.s : ഒരിക്കൽ എനിക്കറിയാവുന്ന രണ്ട് സ്ത്രീകൾ തമ്മിൽ വഴക്കുണ്ടായി. പിന്നീട് അതിലൊരാൾ പോയപ്പോൾ മറ്റേ സ്ത്രീ എന്നോട് പറഞ്ഞ കാര്യം ഞെട്ടിച്ചു, 'അവളെന്നെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചു !' എന്റെ ധാരണയിൽ ഇവർ രണ്ട് പേരും ദലിതരായിരുന്നു. പക്ഷേ പിന്നീട് എന്റെ കൂട്ടുകാരിയാണ് പറഞ്ഞു തന്നത് - ഇവർ രണ്ട് പേരും രണ്ട് ദലിത് ഉപജാതികളിൽ പെട്ടവരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP