Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിലെ ആം ആദ്മി നേതൃത്വം ആരുടെയൊ കയ്യിൽ നിന്ന് അച്ചാരം വാങ്ങി പാർട്ടിയെ നശിപ്പിക്കാൻ ശ്രമിക്കുന്നു: വിമർശനവുമായി മുൻ സംസ്ഥാന ട്രഷറർ

കേരളത്തിലെ ആം ആദ്മി നേതൃത്വം ആരുടെയൊ കയ്യിൽ നിന്ന് അച്ചാരം വാങ്ങി പാർട്ടിയെ നശിപ്പിക്കാൻ ശ്രമിക്കുന്നു: വിമർശനവുമായി മുൻ സംസ്ഥാന ട്രഷറർ

ദില്ലി നിയമ സഭ തിരഞ്ഞെടുപ്പിലെ മാസ്മരിക വിജയം കണ്ട് കേരളത്തിൽ ആം ആദ്മി പാർട്ടി നേതൃത്വം വരുന്ന തദ്ധേശ ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അണിയറയിൽ നടത്തുന്ന നീക്കങ്ങൾ തികച്ചും ആത്മഹത്യാപരമാണ്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ ഏറ്റ ദയനീയ പരാജയവും സംഘടന പ്രവർത്തനങ്ങളിലെ അട്ടിമറികളും കേരളത്തിൽ അടക്കം പാർട്ടിയിൽ ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. പാർട്ടിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനും സംഘടന സംവിധാനം കെട്ടിപ്പടുക്കാനും രൂപീകരിച്ച മിഷൻ വിസ്താർ കമ്മിറ്റികൾ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയാതെ രൂക്ഷമാക്കുന്ന അവസ്ഥയിൽ എത്തിക്കുകയും വിവിധ ജില്ലകളിലെ നാളിത് വരെയുള്ള പ്രവർത്തനങ്ങൾ പൂർണ്ണ പരാജയം ആണെന്നും തെളിയിക്കുന്നു. കൃത്യമായ സംഘടന സംവിധാനം ഇല്ലാത്ത ഒരു രാഷ്ട്രീയ പ്രസ്ഥാനം തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ സംഭവിക്കാവുന്ന ഗുരുതര പ്രശ്‌നങ്ങളും പ്രതിസന്ധികളും കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയിലൂടെ നേരിട്ട് കണ്ടതാണ്.

ഉദാ: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വരവ് ചെലവ് കണക്കുകൾ കൃത്യമായി സമർപ്പിക്കാത്തതുകൊണ്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണ നോട്ടീസ് ആം ആദ്മി പാർട്ടിക്ക് ലഭിച്ചതും സംഘടന പരമായ വീഴ്ച കൊണ്ടാണ്. പൊതു തിരഞ്ഞെടുപ്പ് കഴിഞ്ഞ് നാളിത് വരേയും വരവ് ചെലവ് കണക്കുകൾ പാർട്ടിക്ക് നൽകാത്ത സ്ഥാനാർത്ഥികൾ, പ്രസ്തുത സ്ഥാനാർത്ഥിക്ക് മിഷൻ വിസ്താർ കമ്മിറ്റിയിൽ അംഗത്വം നൽകുന്നു, വിവിധ സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് കണക്കുകൾ സംബന്ധിച്ച് പാർട്ടി പ്രവർത്തകരുടെ പരാതികൾക്ക് മറുപടി നൽകുകയോ പരിഹരിക്കുകയോ ചെയ്തിട്ടില്ല, തിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്തത് സംബന്ധിക്കുന്ന ഗുരുതര ആരോപണങ്ങൾ പിന്നീട് ശരി ആണെന്ന് തെളിഞ്ഞെങ്കിലും ഉത്തരവാദിത്വപ്പെട്ട സംസ്ഥാന നേതൃത്വം ആരോപണങ്ങളിൽ നിന്ന് കൈകഴുകി രക്ഷപ്പെടുന്നു.

പൊതു തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം മറന്ന് കൊണ്ട് തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുന്ന കേരളത്തിലെ ആം ആദ്മി നേതൃത്വം പാർട്ടിയെ നശിപ്പിക്കുവാൻ ആരുടെയോ കയ്യിൽ നിന്ന് അച്ചാരം വാങ്ങിയത് പോലെ ആണ് പ്രവർത്തിക്കുന്നത് കാരണം ഇത് വരെ ഒരു ജനകീയ പ്രശ്‌നങ്ങളിൽ എങ്കിലും കൃത്യമായ ഇടപെടൽ നടത്താനോ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനോ തയ്യാറാകാതെ വോട്ട് ചോദിച്ച് ചെല്ലുമ്പോൾ ഈ പാർട്ടിയും മറ്റ് പാർട്ടികളും തമ്മിൽ എന്താണ് വ്യത്യാസം ആണ് ജനങ്ങൾ കാണുന്നത് ?

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് 'കാതികൂടം നിറ്റ ജലാറ്റിൻ മലിനീകരണം സംബന്ധിച്ച് ' പാർട്ടി കേരളത്തിൽ ആദ്യമായി നടത്തിയ ജനകീയ സർവ്വെ ഇന്ന് വരെ പ്രസിദ്ധീകരിക്കാൻ പോലും കഴിഞ്ഞിട്ടില്ല. ഇത്തരം പ്രവർത്തന ശൈലി പിന്തുടരുന്ന ഒരു പ്രസ്ഥാനം സംഘടന സംവിധാനം കെട്ടിപ്പടുക്കാനും ജനങ്ങൾക്ക് ഇടയിൽ പ്രവർത്തിക്കാനും ശ്രമിക്കാതെ തിരഞ്ഞെടുപ്പ് സംവിധാനത്തിൽ മാത്രം ശ്രദ്ധിക്കുന്നത് നേതൃത്വത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാട് ഇല്ലായ്മയേയും ഉദ്ദേശ്യ ലക്ഷ്യങ്ങളേയും കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു.

തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകളിൽ എക്കാലവും സ്വതന്ത്രന്മാരും എല്ലാ രാഷ്ട്രീയ പാർട്ടികളിലേയും വിമതന്മാരും വിജയിക്കാറുണ്ട് അത്തരം വ്യക്തികളെ ആം ആദ്മി പാർട്ടിയുടെ ലേബലിൽ മത്സരിപ്പിച്ച് താൽകാലിക ജയം നേടുക എന്നതാണ് ഇന്നത്തെ നേതൃത്വത്തിന്റെ ഉദ്ദേശ്യ ലക്ഷ്യം പക്ഷെ അത്തരത്തിൽ വിജയിക്കുന്ന വ്യക്തികൾ പാർട്ടിയുടെ ആശയങ്ങൾക്കും ഉദ്ദേശ്യ ലക്ഷ്യങ്ങൾക്കും അനുസരിച്ച് പ്രവർത്തിക്കാൻ കഴിയാതെ വരുമ്പോൾ പൊതു സമൂഹത്തിൽ വികൃതമാകുന്നത് പാർട്ടിയുടെ മുഖം തന്നെയാണ്. താൽകാലിക വിജയങ്ങളും ലാഭങ്ങളും നേടുന്നവർക്ക് പാർട്ടിക്ക് ലഭിക്കുന്ന തിരിച്ചടികളും നഷ്ടങ്ങളും ഒരു പ്രശ്‌നമേ അല്ല എന്ന് മുൻകാല അനുഭവങ്ങൾ തെളിയിക്കുന്നു.

ആം ആദ്മി പാർട്ടി കേരളത്തിൽ ലോക്‌സഭ ഇലക്ഷനിൽ 35 സീറ്റിൽ മത്സരിക്കാൻ ആയിരുന്നു സംസ്ഥാന കമ്മിറ്റി തീരുമാനം എടുത്തിരുന്നത് പക്ഷെ സംസ്ഥാന കമ്മിറ്റി തീരുമാനത്തെ അട്ടിമറിച്ച് സംസ്ഥാന ഇലക്ഷൻ കാമ്പയിൻ കമ്മിറ്റി തീരുമാന പ്രകാരം മത്സരിച്ചത് 15 ലോക്‌സഭ സീറ്റിൽ ആയിരുന്നു. മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വ്യത്യസ്ഥമായി ഇലക്ഷൻ സമയത്ത് ആം ആദ്മി പാർട്ടിയിൽ ഇലക്ഷൻ കാമ്പയിൻ കമ്മിറ്റിക്ക് ആയിരിക്കും പൂർണ്ണ ചുമതല. കേരളത്തിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയിലെ ഒരു വിഭാഗം സംസ്ഥാന ഇലക്ഷൻ കാമ്പയിൻ കമ്മിറ്റിയേയ്യും സ്‌ക്രീനിങ് കമ്മിറ്റിയേയും ഹൈജാക്ക് ചെയ്ത് സാധാരണ പ്രവർത്തകരുടെ കണ്ണിൽ പൊടി ഇട്ട് തങ്ങളുടെ അജണ്ടകൾ കൃത്യമായി നടപ്പിലാക്കുക ആണ് ചെയ്തത്.

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്ഥമായി കേരളത്തിൽ മാത്രം പൊതു സമൂഹത്തിലെ പ്രശസ്തരായ വ്യക്തികളെ പാർട്ടിയുടെ ഇലക്ഷൻ കാമ്പയിൻ, സ്‌ക്രീനിങ് കമ്മിറ്റികളിൽ ഉൾപ്പെടുത്തി സ്വതന്ത്ര മുഖം നൽകി എങ്കിലും പാർട്ടിയുടെ വിവിധ ജില്ലകളിലെ ശക്തിയും ദൗർബല്യവും അറിയാത്ത ഇലക്ഷൻ കാമ്പയിൻ, സ്‌ക്രീനിങ് കമ്മിറ്റികളിലെ സംവിധാനങ്ങളെ നോക്കുകുത്തികളാക്കി സ്വന്തം സീറ്റ് ഉറപ്പിക്കുകയും തങ്ങളുടെ ഇഷ്ടകാർക്കും പ്രത്യേക താൽപര്യമുള്ളവർക്കും സീറ്റ് നൽകുകയും ആണ് യഥാർത്ഥത്തിൽ ചെയ്തത്. ലോക്‌സഭ ഇലക്ഷൻ സമയത്ത് മാത്രം പാർട്ടിയുടെ കമ്മിറ്റികളിൽ അംഗങ്ങളായ പൊതു സമൂഹത്തിലെ പ്രശസ്ത വ്യക്തികൾക്ക് പാർട്ടിയുടെ വിവിധ ജില്ലകളിലെ ശക്തിയും ദൗർബല്യവും അറിയാനുള്ള ഏക മാർഗ്ഗം പ്രസ്തുത കമ്മിറ്റികളിൽ ഉൾപ്പെട്ടിരുന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങൾ മാത്രമായിരുന്നു അവർ തങ്ങളുടെ അജണ്ടകൾ കൃത്യമായി നടപ്പിലാക്കിയതായി തുടർന്ന് നടന്ന സംഭവവികാസങ്ങളിലൂടെ തെളിയുന്നു. തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള സംസ്ഥാന കമ്മിറ്റി തീരുമാനം അട്ടിമറിക്കാൻ ഒരു വിഭാഗം നേതൃത്വം തങ്ങൾക്ക് സോഷ്യൽ മീഡിയയിൽ സ്വാധീനമുള്ള പ്രവർത്തകരെ ഉപയോഗിച്ച് കേരളത്തിൽ 30 ലക്ഷം വോട്ട് നേടാൻ കഴിയും എന്ന് പ്രചരിപ്പിക്കുകയും അതിന്റെ അടിസ്ഥാനമായി ഡൽഹി നിയമ സഭയിലെ വിജയത്തിനെ തുടർന്ന് കേരള ഫേസ്‌ബുക്ക് പേജിൽ ലഭിച്ച 5 ലക്ഷം ലൈക്കിൽ ഓരോ ലൈക്കും 6 വോട്ട് നേടി തരും എന്ന കണക്ക് ആണ് അവതരിപ്പിച്ചത്. തികച്ചും അബദ്ധ ജഡിലമായ കണക്ക് അവതരിപ്പിച്ചതിനെ ചോദ്യം ചെയ്തവരെ എല്ലാം വിമതർ എന്ന് മുദ്ര കുത്തുക ആയിരുന്നു തിരഞ്ഞെടുപ്പിനു നേതൃത്വം നൽകുന്ന ഒരു വിഭാഗം ചെയ്തത് അതോടൊപ്പം പാർട്ടി കേരളത്തിൽ പരമാവധി 3 ലക്ഷം വോട്ട് നേടുകയുള്ളു എന്ന മലപ്പുറം ജില്ല കമ്മിറ്റിയുടെ സർവ്വേയും പൂർണ്ണമായി തള്ളി കളയുകയും ചെയ്തു പക്ഷെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ 3 ലക്ഷം വോട്ട് പോലും നേടാൻ കഴിഞ്ഞില്ല എന്ന യഥാർത്ഥ്യം വെളിപ്പെട്ടു.

സ്ഥാനാർത്ഥി നിർണ്ണയത്തിൽ അടക്കം പാർട്ടി മുന്നോട്ട് വെക്കുന്ന അടിസ്ഥാന തത്വങ്ങൾ പോലും ബലി കഴിച്ചും അട്ടിമറിച്ചും കേരളത്തിലെ പ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്ന് ഭൂരിപക്ഷം ജില്ലകളിലും അഭിപ്രായ വ്യത്യാസങ്ങൾ രൂക്ഷമാകുകയും സംസ്ഥാന ജില്ല നേതൃത്വങ്ങൾ പരസ്യമായി ഏറ്റ് മുട്ടുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്തു.

ഒരു വിഭാഗം സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വങ്ങളും തമ്മിലുള്ള രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളും പരാതികളും കേരളത്തിലെ സംഘടന സംവിധാനത്തെ നിശ്ചലമാക്കുന്ന അവസ്ഥ സംജാതമായപ്പോൾ കേന്ദ്ര നേതൃത്വം ഇടപെട്ട് ശ്രീ. എം എൻ കാരശേരിയുടെ നേതൃത്വത്തിൽ ശ്രീമതി. സാറ ജോസഫ്, ശ്രീമതി. അനിത പ്രതാപ്, ശ്രീ. സി ആർ നീലകണ്ഠൻ, ശ്രീ. അജിത് ജോയ് എന്നിവർ അടങ്ങുന്ന 5 അംഗ പരാതി പരിഹാര കമ്മിറ്റിയെ നിയോഗിക്കുകയും പ്രസ്തുത കമ്മിറ്റി കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ സിറ്റിങ് നടത്തുകയും പാർട്ടി പ്രവർത്തകരിൽ നിന്നും നേതൃത്വത്തിൽ നിന്നും പരാതികളും അഭിപ്രായങ്ങളും സ്വീകരിക്കുകയും റിപ്പോർട്ട് കേന്ദ്ര നേതൃത്വത്തിനു നൽകുകയും ചെയ്തു പക്ഷേ, സുതാര്യത മുഖമുദ്ര ആയി ഉയർത്തി കാണിക്കുന്ന പാർട്ടിയിൽ ഇന്ന് വരെ റിപ്പോർട്ട് പുറത്ത് വരികയോ എന്തെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല പകരം 5 അംഗ പരാതി പരിഹാര കമ്മിറ്റിയിലെ 4 അംഗങ്ങൾ മിഷൻ വിസ്താർ സംസ്ഥാന കമ്മിറ്റിയിൽ അംഗങ്ങൾ ആകുകയും ചെയ്തു. അട്ടിമറികൾ കേരളത്തിലെ ആം ആദ്മി പാർട്ടിയിൽ തുടർ കഥകൾ ആകുമ്പോൾ സാധാരണക്കാർക്ക് നഷ്ടമാകുന്നത് മാറ്റത്തിന്റെ ശംഖൊലിയായി കരുതിയ പ്രതീക്ഷകളാണ്.....

ലേഖകൻ ആം ആദ്മി പാർട്ടി കേരള ഘടകം മുൻ സംസ്ഥാന ട്രഷറർ ആണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP