Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അഡ്ജസ്റ്റ്‌മെന്റുകളിലൂടെ അടി തെറ്റി വീഴുന്ന മാർക്‌സിസ്റ്റ് പാർട്ടിയും ഇടതുപക്ഷവും! 'തല്ലരുത് അമ്മാവാ നന്നാവില്ല' എന്ന നിലപാട് മാറ്റി, പുതിയ കാലത്തിന്റെ ഉൾവിളി ശ്രവിക്കു.

അഡ്ജസ്റ്റ്‌മെന്റുകളിലൂടെ അടി തെറ്റി വീഴുന്ന മാർക്‌സിസ്റ്റ് പാർട്ടിയും ഇടതുപക്ഷവും! 'തല്ലരുത് അമ്മാവാ നന്നാവില്ല' എന്ന നിലപാട് മാറ്റി, പുതിയ കാലത്തിന്റെ ഉൾവിളി ശ്രവിക്കു.

വിൽസൺ കരിമ്പന്നൂർ

ടുത്തിടെ വാർത്തകളിൽ നിറഞ്ഞ നിന്ന ഒരു തലക്കെട്ട് ആണ് 'അഡ്ജസ്റ്റ്‌മെന്റ് സമരം'. ഈയ്യിടെ ഇടതുപക്ഷം നടത്തിയ സമരങ്ങളെ പറ്റി, അഡ്ജസ്റ്റ്‌മെന്റ് സമരങ്ങളായിരുന്നുവെന്നു സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനും അല്ലായെന്ന് മാർക്‌സിസ്റ്റ് പാർട്ടി സെക്രട്ടറി പിണറായി വിജയനും തർക്കിച്ചപ്പോൾ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളുടെയും മനസ്സിൽ നിറഞ്ഞുനിന്ന ഒരു സംശയമാണ് ചർച്ച ചെയ്യപ്പെട്ടത്. പല സമരങ്ങളെപ്പറ്റിയും പണ്ടേ ജനങ്ങൾക്ക് സംശയം ഉണ്ടായിരുന്നുവെങ്കിലും സോളാർ ഉപരോധസമരത്തിന്റെ പര്യവസാനത്തിലാണ് ആ സംശയം വളരെയധികം ശക്തപ്പെട്ടത്.

സത്യം പറഞ്ഞാൽ ആ സമരം അവസാനിപ്പിച്ചത് ഒരു അഡ്ജസ്റ്റ്‌മെന്റിലുടെ ആണെന്ന് വിശ്വസിക്കുന്നവരാണ് ഇന്നും കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും. എന്റെ സുഹൃത്തുക്കളായ പല ഇടതുപക്ഷ പ്രവർത്തകരും അത് തുറന്നു പറഞ്ഞിട്ടിണ്ട്. 'മല പോലെ വന്ന് എലി പോലെ ആയ' ഇതു പോലെ ഒരു സംഭവം അടുത്ത കാലത്ത് ഒന്നും കേരളത്തിൽ ഉണ്ടായിട്ടില്ല. അത്ര ശക്തമായ ജനസാന്നിദ്ധ്യമായിരുന്നു, അന്ന് തിരുവനന്തപുരം ദർശിച്ചത്. എന്നിട്ട് ബലൂണിന്റെ കാറ്റ് പോയതുപോലുള്ള സമാപ്തി!

ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനുമായി താൻ സംസാരിച്ചിരുന്നെന്നും എന്നാൽ എന്താണ് സംസാരിച്ചതെന്ന് പറയാനാകില്ലെന്നുമുള്ള, സോളാർ ഉപരോധസമരം പിൻവലിച്ചതിന് ശേഷമുള്ള പിണറായിയുടെ പ്രസ്താവന അണികളിൽ സംശയത്തിന്റെ വിത്തുപാകാൻ മാത്രമാണ് ഉപകരിച്ചത്. പിണറായിയുമായി ഫോണിൽ സംസാരിച്ചതായി തിരുവഞ്ചൂരും സമ്മതിച്ചതോടെ 'ഒത്തുതീർപ്പിന്റെ' സംശയം ജനങ്ങൾക്കിടയിൽ ശക്തമാകുകയായിരുന്നു. ടി പി ചന്ദ്രശേഖരന്റെ കൊലപാതകക്കേസ്സിൽ ചില വിട്ടു വീഴ്ചകൾ ലഭിക്കുവാൻ ഈ 'ഒത്തുതീർപ്പ് ഫോർമുല' മുഖന്തിരമായി എന്ന ഊഹാപോഹങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിക്കുവാൻ ഇടയായി. ജുഡീഷ്യൽ അന്വേഷണം എന്ന ആവശ്യം സർക്കാർ അംഗീകരിച്ച് നിമിഷങ്ങൾക്കുള്ളിൽ സമരം അവസാനിപ്പിച്ച് പ്രഖ്യാപനം നടത്തിയ ഇടത് നേതൃത്വത്തിനു ജുഡീഷ്യൽ അന്വേഷണത്തിന്റെ പരിധിയിൽ മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഉൾപ്പെടുത്താനായില്ലെന്നത് വലിയ തിരിച്ചടിയായി. ഈ തിരിച്ചടി അതിജീവിക്കുന്നതിനു മുമ്പുതന്നെ സോളാർ തട്ടിപ്പ് അന്വേഷിക്കാൻ സിറ്റിങ്ങ് ജഡ്ജിയെ അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചതും സമരം പിൻവലിച്ചവർക്ക് വലിയ ഷോക്കായി മാറി. ഇതൊക്കെ ജനങ്ങളുടെ സംശയം വർദ്ധിപ്പിച്ചു.

ചുരുക്കത്തിൽ ഉപരോധസമരം ഒരു 'അഡ്ജസ്റ്റ്‌മെന്റ് സമരം' എന്ന് തന്നെ അനേകർക്ക് ബോദ്ധ്യപ്പെട്ടു. അത് മാർക്‌സിസ്റ്റ് പാർട്ടിയിലെ പല നേതാക്കളുൾപ്പെടെ ഇടതുപക്ഷത്തെ പല നേതാക്കളും വിശ്വസിക്കുന്ന ഒരു സത്യമാണ്. ആ വസ്തുത, താരതമെന്യേ ശുദ്ധരാഷ്ട്രിയക്കാരനായ പന്ന്യൻ രവീന്ദ്രൻ സഹി കെട്ടപ്പോൾ വിളിച്ചു പറഞ്ഞുവെന്നു മാത്രം. അത് പിണറായി വിജയൻ തന്റെ സ്വതസിദ്ധമായ ശാക്തികഭാഷാശൈലിയിൽ നിഷേധിച്ചപ്പോൾ ഇടതുപക്ഷ മുന്നണിയിൽ തർക്കം കെട്ടടങ്ങിയിരിക്കാം. അതുകൊണ്ട് പന്ന്യൻ പറഞ്ഞ സത്യം ഇല്ലാതാകുന്നില്ല. ജനം അതു മറക്കുമെന്ന് കരുതുന്നില്ല.

സർക്കാരിനെതിരേ എൽഡിഎഫ് നടത്തിയ പല സമരങ്ങളും അഡ്ജസ്റ്റ്‌മെന്റ് സമരങ്ങളാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രന്റെ അഭിപ്രായം ശരിയായിരിക്കുമെന്ന് പിന്നീട് ജെഎസ്എസ് നേതാവ് കെ.ആർ. ഗൗരിയമ്മ പറഞ്ഞതും അതുകൊണ്ടാണ്. അനുഭവത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പന്ന്യന്റെ പരാമർശമെന്നും ഗൗരിയമ്മ കൂട്ടിച്ചേർത്തു.

ഇങ്ങനെ സമരരംഗത്ത് മാത്രമല്ല അഡ്ജസ്റ്റ്‌മെന്റു നടക്കുന്നത്, എല്ലാ രംഗത്തും ഒരു അഡ്ജസ്റ്റ്‌മെന്റു നിലനിർത്തുന്ന ഒരു പ്രസ്ഥാനമായി ഇടതുപക്ഷം പ്രത്യേകിച്ചു മാർക്‌സിസ്റ്റ് പാർട്ടി മാറുന്നതായി ജനങ്ങളുടെ ഇടയിൽ അഭിപ്രായമുണ്ട്. അതുകൊണ്ട് മാർക്‌സിസ്റ്റ് പാർട്ടിയുടെ അടിത്തറ നാൾക്കു നാൾ കുറയുന്നതായിട്ടാണ് ഓരോ തിരഞ്ഞെടുപ്പും വെളിവാക്കുന്നത്.

മാർക്‌സിസ്റ്റ് പാർട്ടിയുടെ ഈ വീഴ്ച ഇന്ത്യൻ ജനാധിപത്യത്തിനും മതേതരത്തിനും ഏൽപ്പിക്കുന്ന മുറിവ് നിസ്സാരമല്ല എന്നതും ഒരു വസ്തുതയാണ്. അതുകൊണ്ട് തന്നെ ഈ പാർട്ടിയുടെ അപചയം ഒരു പാർട്ടിയുടെ നാശത്തിനേക്കാളുപരി ഒരു സാമൂഹ്യ വിഷയമായി ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ആ വിഷയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ്, മാർക്‌സിസ്റ്റ് പാർട്ടിക്ക് സംഭവിച്ച മറ്റു ചില പാളിച്ചകൾ കൂടി പരിശോധിക്കാം.

ഐസ്‌ക്രീം പാർലർ കേസ്സിൽ കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാൻ നായനാർ ഗവർമെന്റ് ചില 'അഡ്ജസ്റ്റ്‌മെന്റുകൾ' നടത്തിയെന്ന് വിശ്വസിക്കുന്നവരാണ് കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങൾ. ഐസ്‌ക്രീം പാർലർ സംഭവം ഇലക്ഷൻ വിഷയം ആയി ഉയർത്തിക്കാട്ടി, മൃഗീയഭൂരിപക്ഷം സീറ്റുകളും വാരിക്കൂട്ടി അധികാരത്തിൽ എത്തിയ പാർട്ടി കാണിച്ച 'അഡ്ജസ്റ്റ്‌മെന്റുകൾ' ആർക്കും ക്ഷമിക്കിനാവില്ല.

ഇടതുപക്ഷം നിയിമിച്ച അധ്യക്ഷ സുഗതകുമാരി ടീച്ചറുടെ നേതൃത്വത്തിൽ വനിതാകമ്മീഷൻ, ഐസ്‌ക്രീം പാർലർ കേസ് സി ബി ഐ ക്ക് വിടണം എന്ന് ആവശ്യപെടുന്ന പ്രമേയം പാസ്സാക്കുകയും അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന നായനാർക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു. വനിതാ കമ്മീഷന്റെ പ്രമേയം തള്ളിക്കളയാൻ നായനാർ സർക്കാർ തീരുമാനിക്കാനുണ്ടായ സാഹചര്യം എന്താണ്? അന്ന് ആ കേസ് സി ബി ഐക്ക് വിടാതെ അഡ്ജസ്റ്റ്‌മെന്റു കളിച്ചത് എന്തിനു വേണ്ടി? ഇവിടെ നടന്ന പല പെൺവാണിഭ കേസുകളിലും ഈ 'അഡ്ജസ്റ്റ്‌മെന്റുകൾ' നടന്നിട്ടുണ്ട് എന്ന് ജനങ്ങൾ വിശ്വസിക്കുന്നുണ്ട്. കിളിരൂർ ശാരി കേസ്സിൽ എന്താണ് സംഭവിച്ചത്? ആരായിരുന്നു ആ വി ഐ പി?

മുന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുവാൻ നടത്തിയ ശ്രമങ്ങൾ അട്ടിമറിക്കാൻ 'അഡ്ജസ്റ്റ്‌മെന്റുകൾ' നടന്നിട്ടില്ലേ ? അവിടെ മാർക്‌സിസ്റ്റ് പാർട്ടിയുടെ റോൾ കേരളജനത കണ്ടതാണ്‌. ഉമ്മൻ ചാണ്ടിയുടെ ഭരണം മികച്ചതാണ് എന്ന് യുഡിഎഫുകാർ പോലും പറയുമെന്നു തോന്നുന്നില്ല, എന്നിട്ടും അവർക്കെതിരെ കാര്യമായി എന്തെങ്കിലും ചെയ്യുവാൻ ഈ പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ടോ? സോളാർ വിഷയത്തിൽ നാറി നാണംകെട്ട അവസ്ഥയിലാണു യുഡിഎഫ് കഴിഞ്ഞ പർലമെന്റു തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നിട്ടും ഇടതുപക്ഷത്തിന് എട്ട് സീറ്റു മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. അതിൽ ഇടുക്കിയും ചാലക്കുടിയും ദാനം കിട്ടിയതല്ലേ. നേരെ ചൊവ്വേ ഉള്ള സ്ഥാനാർത്ഥികളെ നിർത്താതെ 'അഡ്ജസ്റ്റ്‌മെന്റുകളും പേയ്‌മെന്റുകളും' നടത്തി കുളമാക്കിയില്ലേ. ജനം വിഡ്ഢികൾ അല്ലെന്നു മനസ്സിലാക്കണം. സോളാർ ഉപരോധ സമരത്തിൽ കാട്ടിയ അഡ്ജസ്റ്റ്‌മെന്റ് ഉൾപ്പടെ പല ഒത്തുകളി ജനങ്ങൾ തിരിച്ചറിഞ്ഞതിന്റെ തെളിവായിരുന്നു, കഴിഞ്ഞ പർലമെന്റു തിരഞ്ഞെടുപ്പിലെ പരാജയം.

ഏറ്റവും ഒടുവിൽ ബാർ വിഷയത്തിലും മാർക്‌സിസ്റ്റ് പാർട്ടിയുടെ നിലപാട് സംശയം ഉളവാക്കുന്നതാണ്. പ്രതിപക്ഷത്തിരിക്കുന്ന ഒരു പാർട്ടിയും ഇത്ര സൗമ്യമായ ഒരു നിലപാട് കാണിക്കുകയില്ല. കോടതിയുടെ മേൽനോട്ടത്തിൽ പൊലീസ് അന്വഷണം എന്നൊക്കെ പറയുന്നതിന്റെ പിന്നിലെ ഗൂഡലക്ഷ്യം ആർക്കാണ് മനസ്സിലാകാത്തത്? ജനങ്ങൾ പമ്പര വിഡ്ഢികളാണെന്നാണോ വിചാരം?

ഇങ്ങനെ പല ജനവിരുദ്ധ നിലപാടുകളും അഡ്ജസ്റ്റ്‌മെന്റുകളും കൊഴുക്കുമ്പോൾ അതിനെതിരെ ചില ജനപക്ഷ നിലപാടുകൾ എടുത്തു വി എസ് മുന്നോട്ടു വരും. ഒരു തറവാട്ടു കാരണവരെ പോലെ അദ്ദേഹം വടി എടുത്തു തല്ലാൻ വരുമ്പോൾ, തല്ലരുതമ്മാവ നന്നാവില്ല ! എന്ന മട്ടിൽ നേതൃത്വം നില്ക്കും. എന്ന് പറഞ്ഞാൽ അതു അത്ര ശരിയാകില്ല, ആ വടി വാങ്ങി അമ്മാവനെ പൊതിരെ തല്ലാൻ എല്ലാരും ഒറ്റക്കെട്ടായി നിൽക്കുമെന്നതാണ് ഏറെ ശരി.

പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് ആണ് ഏറ്റവും വിചിത്രം. ഇവിടുത്തെ പാർട്ടി സെക്രട്ടറിയേറ്റ് എടുക്കുന്ന തീരുമാനത്തിനെതിരെ പി ബി ക്ക് പരാതി നൽകിയാൽ പി ബി അതിൽ തീരുമാനം എടുക്കാതെ, അതുമായി പി ബി അംഗം ഇവിടുത്തെ പാർട്ടി സെക്രട്ടറിയേറ്റിൽ വന്നിരുന്നു, അവരെ കൊണ്ട് തീരുമാനം എടുപ്പിക്കും. പ്രതി വാദിയുടെ പരാതിയിന്മേൽ വിധി കൽപ്പിക്കുന്ന അതിവിചിത്ര നിലപാട്. ബാർ വിഷയത്തിൽ വി എസ്, പി ബിക്ക് നൽകിയ പരാതിയുമായി പി ബി അംഗം എസ് ആർ പി ഇവിടെ വന്ന് സെക്രട്ടറിയേറ്റിനെകൊണ്ട് അതു തള്ളിക്കളഞ്ഞിട്ട് തിരിച്ചു ഡൽഹിക്ക് പോയി.

കേന്ദ്ര നേതൃത്വത്തിന്റെ കഴിവില്ലായ്മയാണ് മാർക്‌സിസ്റ്റ് പാർട്ടിയെ ഇത്രയും ശിഥിലമാക്കിയത്. സംസ്ഥാന നേതൃത്വം നടത്തിയ അഡ്ജസ്റ്റ്‌മെന്റുകൾക്ക് എന്നും പിന്തുണ നല്കിയത് അവരാണ്. പാർട്ടി ജനപക്ഷത്തു നിന്ന് അകലുമ്പോൾ ലഭിക്കുന്ന പരാതികൾ പോലും വേണ്ട രീതിയിൽ അന്വേഷിക്കാതെ ഏകപക്ഷീയമായി സംസ്ഥാന നേതൃത്വത്തെ അന്തമായി പിൻതാങ്ങുവാൻ മാത്രമേ കേന്ദ്ര നേതൃത്വത്തിനു കഴിഞ്ഞിട്ടുള്ളൂ. സ്വന്തം കാൽച്ചുവട്ടിലെ മണ്ണ് ഒഴുകിപ്പോയത് അറിയുവാൻ കഴിയാഞ്ഞ ഈ നേതൃത്വത്തിനു ചരിത്രം മാപ്പ് നല്കില്ല.

കേരളത്തിൽ മാർക്‌സിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അധ:പതനം എന്താണ് എന്ന് ചോദിച്ചാൽ, നിസ്സംശയം പറയുവാൻ കഴിയുന്ന ഉത്തരമാണ്, ടി .പി ചന്ദ്രശേഖരന്റെ കൊലപാതകം. ആ സംഭവം പാർട്ടിക്ക് വലിയ ദോഷം ചെയ്തു. പാർട്ടിയുടെ അടിത്തറ തന്നെ ഇളക്കിയ ഒരു സംഭവമായിരുന്നു, അത്. പാർട്ടിയെ സ്‌നേഹിച്ചിരുന്ന അനേകരെ, പ്രത്യേകിച്ചു, രാഷ്ട്രീയക്കാരല്ലാത്തവരെ മാർക്‌സിസ്റ്റ് പാർട്ടിയിൽ നിന്നും അകറ്റിയ ഇതുപോലൊരു സംഭവം വേറെയില്ല. ഇന്നും ടി പി ചന്ദ്രശേഖരന്റെ കൊലപാതകം മാർക്‌സിസ്റ്റ് പാർട്ടിയെ വേട്ടയാടുന്നുണ്ട്. ഈ വിഷയത്തിലാണ് കേന്ദ്രനേതൃത്വം അങ്ങേയറ്റം കഴിവുകെട്ടവരായി പ്രവർത്തിച്ചത്. വി എസ്സ് എന്ന വയോവയോധികന്റെ മുമ്പിൽ പ്രകാശ് കാരാട്ട് വട്ടപ്പൂജ്യമായി മാറിയ ഒരു വിഷയമായിരുന്നു, പ്രസ്തുത സംഭവത്തിലെ കേന്ദ്രനിലപാട്.

മാർക്‌സിസ്റ്റ് പാർട്ടിയുടെ മറ്റൊരു പരാജയമാണ് വർഷങ്ങളായി കൂടെ നിന്നവരെ തിരഞ്ഞെടുപ്പ് വരുമ്പോൾ ഒന്നോ രണ്ടോ സീറ്റിന്റെ പേരിൽ പിണക്കി മറുകണ്ടം ചാടിപ്പിക്കുന്നത്. ഒന്നോ രണ്ടോ സീറ്റ് വിട്ടുകൊടുത്തോ, അല്ലെങ്കിൽ മറ്റു വല്ല ഓഫർ കൊടുത്തോ പരിഹരിക്കാവുന്ന പ്രശ്‌നം, വലിയ 'ജാഡ' കാണിച്ചു കുളമാക്കും. ഒടുവിൽ അവർ എതിർ മുന്നണിയിലെത്തുമ്പോൾ ഉണ്ടാകുന്ന നഷ്ടം ഭീകരമായിരിക്കും. വിരേന്ദ്രകുമാറിന്റെ പാർട്ടിയുടെ കൊഴിഞ്ഞുപോക്ക് കൊണ്ട് മാത്രമാണ് ഇടതുപക്ഷത്തിന് കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ ഭരണം നഷ്ടപ്പെട്ടത്. 2009 ലെ പർലമെന്റ് തിരഞ്ഞെടുപ്പിൽ വെറും നാല് സീറ്റ് മത്രമായി ചുരുങ്ങിയതിനും അത് കാരണമായി. അതുപോലെ, കഴിഞ്ഞ പർലമെന്റ് തിരഞ്ഞെടുപ്പിൽ ആർഎസ്‌പിയുടെ മുന്നണി മാറ്റവും വലിയ നഷ്ടക്കച്ചവടമായി മാറി. വരാൻപോകുന്ന അസംബ്ലി തിരഞ്ഞെടുപ്പിലും അതിന്റെ വലിയ പ്രതിഫലനം കാണാം.

നേതൃത്വത്തിന്റെ അപക്വമായ ഇടപെടൽ എന്ന് മാത്രമേ അതിനെപ്പറ്റി പറയുവാൻ കഴിയുള്ളൂ. പിണറായി വിജയന്റെ സമയത്ത് നടന്ന ഈ രണ്ടു പാർട്ടികളുടെ 'വിടപറയൽ' അദ്ദേഹത്തിന്റെ പരാജയം എന്നേ പറയാനാവു. എന്തൊക്കെ നേട്ടങ്ങൾ ഉണ്ടെങ്കിലും പിണറായി വിജയന്റെ മറ്റു പാർട്ടികളോടുള്ള സമീപനം 'അഹന്ത' നിറഞ്ഞതാണെന്ന് പ്രത്യക്ഷത്തിൽ തോന്നാറുണ്ട്. 'വല്യേട്ടൻ മനോഭാവം' ഇല്ലെന്നു ഉച്ചത്തിൽ വിളിച്ചു പറഞ്ഞിട്ടൊന്നും കാര്യമില്ല. അതുണ്ട് എന്നാണു സധാരണജനത്തിനു ബോദ്ധ്യപ്പെടുന്നത്. ഏറ്റവും ഒടുവിൽ സിപിഐയോടുള്ള സമീപനത്തിലും ഇതൊക്കെ നിറഞ്ഞു നിൽക്കുന്നു. മുന്നണിസംവിധാനത്തിൽ എത്ര വലിയവർ ആണെങ്കിൽകൂടിയും മുന്നണി മര്യാദ പാലിച്ചേ പറ്റു.

വാർത്താമാദ്ധ്യമങ്ങളെ ആവശ്യമില്ലാതെ പിണക്കി നിർത്തുന്ന ഒരു സമീപനമാണ് മാർക്‌സിസ്റ്റ് പാർട്ടി പലപ്പോഴും ചെയ്യാറുള്ളത്. അത് പാർട്ടിക്ക് കനത്ത ക്ഷീണമാണ് വരുത്തി വയ്ക്കുന്നത്. 'ഈ പാർട്ടിയെ പറ്റി നിങ്ങൾക്കു ഒരു ചുക്കും അറിയില്ല' എന്ന മട്ടിലുള്ള നിലപാട് വരുത്തി വയ്ക്കുന്ന ദോഷം വലുതാണ്. ഈ ആധുനിക കാലഘട്ടത്തിൽ, വാർത്താമാദ്ധ്യമങ്ങളെ പിണക്കി ഒരു പാർട്ടിക്കും മുന്നേറുവാൻ ആവില്ല. അത് ശരിക്കും മനസ്സിലാക്കിയ ഒരു നേതാവ് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹവും കൂട്ടരും മീഡിയയെ കയ്യിലെടുത്താണ് കഴിഞ്ഞ തിരെഞ്ഞെടുപ്പിൽ അഭുതപൂർവ്വമയ വിജയം കൊയ്‌തെടുത്തത്.

വി എസ്സിനെ ഒതുക്കാൻ വേണ്ടി കാട്ടിക്കൂട്ടുന്ന നിലപാടുകൾ പലപ്പോഴും പാർട്ടിക്ക് കനത്ത ദോഷം ചെയ്യുന്നുണ്ട്. എന്തൊക്കെ ഗ്രൂപ്പ് കളിയുണ്ടെങ്കിലും വി എസ്സിന്റെ നിലപാടുകൾ ജനങ്ങൾക്ക് ഇഷ്ടപ്പെടുന്നവയായിരിക്കും. ജനങ്ങളെ കയ്യിലെടുത്തു കളിക്കാൻ വി എസ്സിനെ വെല്ലുന്ന ഒരു നേതാവും ഇന്ന് കേരളത്തിൽ ഇല്ല. ആ വ്യക്തിയെ ഒതുക്കാൻ പറുയുന്ന പാർട്ടി നിലപാടുകൾ പലപ്പോഴും വരട്ടുവാദമായിട്ടാണ് പൊതുജനം കാണുന്നത്. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ 'ആങ്ങള ചത്താലും നാത്തുന്റെ കണ്ണീർ കാണണമെന്ന നിലപാട്' എടുത്തു, വി എസ്സിനെ അധികാരത്തിൽ നിന്ന് മാറ്റി നിറുത്താനായി തോറ്റു കൊടുത്തുവെന്നൊരു സംസാരവും ഉണ്ടായി. മലബാറിലെ ചില സീറ്റുകളിലെ നേരിയ ഭൂരിപക്ഷത്തിന്റെ യുഡിഎഫിന്റെ വിജയം ഈ സംശയം ബലപ്പെടുത്തുന്നു.

മതേതരത്വത്തിന്റെയും മതനിരപക്ഷതയുടെയും അപ്പോസ്തലന്മാരായ ഈ പാർട്ടിക്കാർ ചിലപ്പോൾ യാതൊരു ഉളുപ്പുമില്ലാതെ വർഗ്ഗീയതയെ പുൽകും. മദനി വിഷയത്തിലും നമോ വിചാർ മഞ്ച്കാരൻ ഓ കെ വാസു വിഷയത്തിലും വർഗ്ഗീയതയെ കണ്ടില്ലെന്നു നടിക്കുവാൻ ഈ പാർട്ടിക്ക് കഴിഞ്ഞത് സാധാരണക്കാരനു സഹിക്കാൻ കഴിഞ്ഞിട്ടില്ല. സ്വന്തം ശവക്കുഴി തോണ്ടുന്ന ഈ കലാപരിപാടിയെ വെള്ള പൂശി സംസാരിക്കുവാൻ നേതൃത്വത്തിനു യാതൊരു സങ്കോചവുമില്ല.

നേതൃത്വത്തിന്റെ സംസാരശൈലി പാർട്ടിക്ക് പലപ്പോഴും വിനയായി മാറിയിട്ടുണ്ട്. നികൃഷ്ടജീവികളിലുടെയും പരനാറികളിലുടെയും നാവിൽ ഗുളികൻ കയറുമ്പോൾ, സംസ്‌ക്കരസമ്പന്നർ എന്ന മുഖമുദ്ര നഷ്ടപ്പെടുകയായിരുന്നു. കൊച്ചു നേതാക്കൾ ഒട്ടും പിറകിലാവാതെ പിതൃശൂന്യസംസ്‌കാരവും മുഴക്കുകയാണല്ലോ. കലയുടെയും സംസ്‌ക്കരത്തിന്റെയും അകമ്പടിയോടെ കൈരളിയുടെ അമരത്ത് വാണ പ്രസ്ഥാനത്തിന്റെ വീഴ്ചയാണിതൊക്കെ. എം എൻ വിജയനെപ്പോല്ലുള്ള സൈദ്ധന്തിക ക്രാന്തദർശികളെ പടിയടിച്ചു പുറത്താക്കിയപ്പോൾ അധ:പധനത്തിന്റെ വാരിക്കുഴിയിലാണ് ഈ പ്രസ്ഥാനം നിപതിച്ചത്.

ഇത്രയും വിഷയങ്ങൾ എഴുതിയതുകൊണ്ട് മാർക്‌സിസ്റ്റ് പാർട്ടിയുടെ വീഴ്ചകളിൽ ആനന്ദിക്കുകയാണ് എന്ന് ധരിക്കരുത്. വളരെ പ്രയാസ്സത്തോടയാണീ കുറിപ്പ് എഴുതുന്നത്, ഈ പാർട്ടി തകരുമ്പോൾ ഈ നാടിനാണ് അപചയം സംഭവിക്കുന്നത്, എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഈ ലേഖകൻ

മറ്റു പാർട്ടികളായ കേരള കോൺഗ്രസ്സ്, മുസ്ലിം ലീഗ്, കോൺഗ്രസ്സ്, ബിജെപി ഒക്കെ അഴിമതിയോ കൊള്ളരുതായ്മയോ കാണിച്ചാൽ ജനം പൊറുക്കും. കാരണം, അവരിൽ നിന്നും അതൊക്കെ ജനം പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ കമ്മ്യുണിസ്റ്റു പാർട്ടികൾ അഴിമതിയോ കാപട്യമോ കാട്ടിയാൽ ജനം ക്ഷമിക്കില്ല, കാരണം ആദർശത്തിന്റെ പര്യായമായി ഈ പാർട്ടിയെ ജനങ്ങൾ കാണുന്നു. പാർട്ടിയുടെ ആശയങ്ങളും, മുൻകാല നേതാക്കളുടെ പ്രവർത്തനപാരമ്പര്യവും ജനങ്ങളെ ആ രീതിയിൽ ചിന്തിപ്പിക്കുവാൻ പ്രേരിപ്പിക്കുന്നു. എന്നാൽ ഇന്നത്തെ പാർട്ടി നേതൃത്വം മുൻകാല നേതാക്കളിൽ നിന്നും ഒത്തിരി മാറിയിരിക്കുന്നു. അത് ജനം ആഗ്രഹിക്കുന്നില്ല എന്നതാണ് വാസ്തവം.

കേരളം പോലുള്ള സംസ്ഥാനത്ത് ഈ പ്രസ്ഥാനം കെട്ടിപ്പടുത്ത മാനുഷിക പരിഗണനയും, സാംസ്‌ക്കാരിക പുരോഗതിയും അത്രമേലാണ്. അയിത്തവും, പുലയും, അടിമത്വവുമായി കഴിഞ്ഞ ഒരു നാടിനെ പുരോഗതിയുടെയും സർവ്വോപരി മനുഷ്യത്വത്തിന്റെ നന്മകളിലേക്കും നയിക്കുവാൻ കമ്മുണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് നിസ്സംശയം പറയാം.

ഇവിടുത്തെ ജാതി വ്യവസ്ഥ കണ്ടു സഹികെട്ട 'സ്വാമി വിവേകാനന്ദൻ' കേരളം ഒരു ഭ്രാന്താലയം' എന്ന് വിളിച്ച അവസ്ഥയിൽ നിന്ന്, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മതേതരത്വത്തിന്റെയും മതനിരപക്ഷതയുടെയും സംസ്ഥാനമായി കേരളത്തെ ഉയർത്തുവാൻ ഈ പ്രസ്ഥാനം വഹിച്ച പങ്കു ചെറുതല്ല.

കേരളത്തിൽ ഒരു നവോത്ഥാനപ്രക്രിയക്ക് തുടക്കം കുറിക്കുവാൻ ശ്രമിച്ചവരിൽ തീർച്ചയായും കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളും ഉണ്ട്. ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ച ക്രിസ്ത്യൻ മിഷിനറിമാരും, ജാതിവ്യവസ്ഥയെ ചോദ്യം ചെയ്ത ശ്രീനാരായണ ഗുരുവും ആ പ്രക്രിയയിൽ
പങ്കാളികളായിരുന്നുവെന്ന വസ്തുത മറക്കുന്നില്ല. ആദ്യകാല കമ്മ്യുണിസ്റ്റ് നേതാക്കൾ എല്ലാവരും നാടിന്റെ നന്മക്കുവേണ്ടി ജീവിതം ഉഴിഞ്ഞു വച്ചവരായിരുന്നു. അതുകൊണ്ട് തന്നെ ഈ പ്രസ്ഥാനത്തെ ജനങ്ങൾ നെഞ്ചിലേറ്റിയിരുന്നു.

കേരളത്തിൽ ഇടതുപക്ഷം ശക്തമായിരുന്നതിനാലാണ് ഇവിടെ വർഗ്ഗീയത ശക്തി പ്രാപിക്കതിരുന്നത്. അതിന്റെ ഫലമോ, ഇവിടെ കാര്യമായി വർഗ്ഗീയലഹളകൾ ഉണ്ടായിട്ടില്ല. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വർഗ്ഗീയലഹളകളുടെ കാര്യത്തിൽ കേരളത്തിനു അഭിമാനിക്കാം. അതുകൊണ്ട് തന്നെ ന്യൂനപക്ഷസമുദായങ്ങൾ ഇവിടെ സുരക്ഷിതരാണ്. എന്നാൽ ന്യൂനപക്ഷസമുദായങ്ങൾക്ക് കമ്മുണിസ്റ്റു പാർട്ടിയോട് വലിയ മമതയൊന്നുമില്ല. അവർ ന്യൂനപക്ഷസമുദായ പാർട്ടികൾ ഉണ്ടാക്കി സമ്മർദ്ദരാഷ്ട്രിയം കളിക്കുകയാണല്ലോ!

എന്നാൽ മാർക്‌സിസ്റ്റ് പാർട്ടിയും ഇടതുപക്ഷവും ബലഹീനമായാൽ ഇവിടെ വർഗ്ഗീയകക്ഷികൾ ശക്തി പ്രാപിക്കും. അതിന്റെ ലക്ഷണങ്ങൾ ഇന്ന് കാണാൻ തുടങ്ങിയിട്ടുണ്ട്. ഫാസിസ്റ്റു പ്രസ്ഥാനങ്ങൾ അവിടെയും ഇവിടെയും ശക്തി പ്രാപിക്കുന്നുണ്ട്. 'ഗ്രഹണം വരുമ്പോൾ ഞാഞ്ഞുലും തല പൊക്കു'മെന്നാണല്ലോ ചൊല്ല്. ഇപ്പോൾ അങ്ങനെയൊരു ഗ്രഹണ സമയത്തിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ട്. അത് വിനാശത്തിലേക്കുള്ള പാതയാണ്. മാർക്‌സിസ്റ്റ് പാർട്ടി ഇവിടെ തകർന്നാൽ അതിന്റെ ഫലം ഫാസിസത്തിന്റെ വളർച്ചയായിരിക്കും. ബംഗാളിൽ അത് സംഭവിച്ചു കൊണ്ടിരിക്കുന്നു. അവിടെ തൃണമൂൽ കോൺഗ്രസ്സല്ല ഇപ്പോൾ വളരുന്നത്. ബിജെപിയാണ് അവിടെ അനുദിനം ശക്തി പ്രാപിക്കുന്നത്.

ചുരുക്കത്തിൽ മാർക്‌സിസ്റ്റ് പാർട്ടിയും ഇടതുപക്ഷവും ഇവിടെ തകരാൻ പാടില്ല. എന്നാൽ ജനപക്ഷത്തു നിന്ന് പാർട്ടി അകന്നാൽ ജനം പിന്തുണക്കില്ലല്ലോ. അതിനാൽ പാർട്ടി പഴയകാല ശൈലിയിലേക്ക് തിരികെപോകണമെന്നത് നാടിന്റെ ആവശ്യം ആണ്. പഴയ പരിപ്പുവടയിലേക്കും ചെറുബീഡിയിലേക്കും മടങ്ങണമെന്നല്ല അർത്ഥം. പുതിയ കാലത്തിന്റെ ഉൾവിളി കേട്ട്, ജനങ്ങളെ സേവിക്കുന്ന ജനനന്മ മാത്രം ലാക്കാക്കി പ്രവർദ്ധിക്കുന്ന ഒരു ജനകീയ പ്രസ്ഥാനമായി പാർട്ടി പുനർജ്ജനിക്കണം. അതിലൂടെ എല്ലാ പ്രതിലോമശക്തികളും ഇവിടെ ക്ഷയിക്കണം. അതാണ് ഈ നാടിനെ സ്‌നേഹിക്കുന്നവരുടെ താല്പര്യം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP