Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ജീവിതം സന്ദേശമാക്കിയ നിഷ്‌കാമ കർമി; സ്വയംസേവകരുടെ പരമാചാര്യനെന്ന് മോദി വിശേഷിപ്പിച്ച ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ നവതിയുടെ നിറവിൽ; പരമേശ്വർജിയെ പിപി മുകുന്ദൻ രേഖപ്പെടുത്തുന്നത് ഇങ്ങനെ

ജീവിതം സന്ദേശമാക്കിയ നിഷ്‌കാമ കർമി; സ്വയംസേവകരുടെ പരമാചാര്യനെന്ന് മോദി വിശേഷിപ്പിച്ച ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ നവതിയുടെ നിറവിൽ; പരമേശ്വർജിയെ പിപി മുകുന്ദൻ രേഖപ്പെടുത്തുന്നത് ഇങ്ങനെ

വിജ്ഞാനം, വിശ്വാസം, ലാളിത്യം, കൃത്യനിഷ്ഠ, നിശ്ചയദാർഡ്യം; തന്റെ ജീവിതം തന്നെ സന്ദേശമാക്കിയ ആദരണീയനായ ബഹുമുഖ പ്രതിഭയാണ് പ്രിയപ്പെട്ടവരുടെ പരമേശ്വർജി എന്ന പി.പരമേശ്വരൻ. ഗഹനമായ വായനയും ഗൗരവമുള്ള പഠനവും വഴി ആധുനിക കേരളത്തിന്റെ ഹൈന്ദവ നവോത്ഥാന,മുന്നേറ്റ പ്രസ്ഥാനങ്ങളുടെയും സംഘപരിവാർ പ്രസ്ഥാനങ്ങളുടെയും ബൗദ്ധികാചാര്യനായ പരേമശ്വർജി ഇന്ന് നവതിയുടെ നിറവിലാണ്. 90 സംവൽസരങ്ങളുടെ പൂർണതയിലും കേരളത്തിലെ സാമൂഹിക ,സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യവുമാണ് അദ്ദേഹം.

ആർഎസ്എസിനു കേരളത്തിൽ വിരലിലെണ്ണാവുന്നവർ മാത്രം ഉണ്ടായിരുന്ന കാലത്ത് നന്നേ ചെറുപ്പത്തിൽ സംഘ പ്രവർത്തനത്തിനു മുന്നിട്ടിറങ്ങിയ പരമേശ്വർജി ,തന്റെ ധിഷണാ ശക്തികൊണ്ടും വൈജ്ഞനിക പ്രഭാവം കൊണ്ടും സംഘത്തെ കേരളത്തിലെ എണ്ണപ്പെട്ട പ്രസ്ഥാനമാക്കി വളർത്തി. ഏതു പ്രതിസന്ധി ഘട്ടത്തിലും പ്രതിരോധം തീർക്കാനുള്ള അസാമാന്യവും അത്ഭുതാവഹവുമായ മേധാശക്തിയുടെ ഉടമായാണ് പരമേശ്വർജി. സംഘപരിവാർ പ്രസ്ഥാനങ്ങൾക്കു വേരോട്ടമുണ്ടാക്കുന്നതിൽ നിർണായക പങ്കു വഹിച്ച അദ്ദേഹം, പി.മാധവജിക്കൊപ്പം നിന്ന് കേരളത്തിലെ ഹൈന്ദവ പ്രസ്ഥാനങ്ങുളുടെ മുന്നേറ്റത്തിലും തന്റെ മേധാശ്കതി തെളിയിച്ചു.

കേരളത്തിലെ ഹൈന്ദവ സമൂഹം പ്രതിസന്ധി നേരിട്ട കാലഘട്ടങ്ങളിലെല്ലാം പ്രതിവിധിയുമായി പരമേശ്വർജി ഉണ്ടായിരുന്നു. സംഘപരിവാർ പ്രസ്ഥാനങ്ങൾ ആശയ പ്രതിസന്ധിയിലാവുമ്പോൾ എന്നും എപ്പോഴും അവസാനവാക്ക് പരമേശ്വർജിയുടേതു തന്നെ. ദേശമോ ദേശീയതയോ പ്രസ്ഥാനമോ അസ്വസ്ഥമായാൽ പരമേശ്വർജിയും മാനസിക സംഘർഷിത്തിലാവുക പതിവാണ്. അസ്വസ്ഥമാവുന്ന മനസിന്റെ സങ്കടം ആ ശരീരത്തിലും പ്രതിഫലിക്കും. ഉറക്കം പോലുമില്ലാതെ ഇരുന്നും കിടന്നും ചിന്തയും ചർച്ചകളുമായി ആ മനസ് സദസമയം പരിഹാരത്തിനായി ആലോചിക്കുന്നതു സ്വാഭാവിക കാഴ്ചയാണ്. ഹിന്ദു ധാർമികതയിലാധിഷ്ഠിതമായ ചിന്തയും ജീവിതവും പുലർത്തുമ്പോഴും ഇതര വിശ്വാസക്കാരുമായി അടുത്ത വ്യക്തിബന്ധം കാത്തു സൂക്ഷിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കമ്യൂണിസ്റ്റ് ആശയത്തോട് ഒരു തരത്തിലുള്ള ആഭിമുഖ്യവും കാട്ടാതിരുന്നിട്ടും ഇ.കെ. നായനാരെയും പി.ഗോവിന്ദപ്പിള്ളയെപ്പോലുള്ളവരോടും വളരെ അടുപ്പം കാത്തുസൂക്ഷിക്കാൻ പരമേശ്വർജിക്കു സാധിച്ചു. സംഘർഷ ഭരിതമായ പലഘട്ടങ്ങളും അതിജീവിക്കാൻ ഇത്തരം വ്യക്തിബന്ധങ്ങൾ വഴി അദ്ദേഹത്തിനു സഹായമായിട്ടുണ്ട്.

നിലയ്ക്കൽ സമരത്തിന്റെ മാർഗദർശിയായും മാറാട് കലാപകാലത്ത് സമാധാന ഉടമ്പടി രൂപപ്പെടുത്തുന്നതിലും പരമേശ്വർജിയുടെ മനസും പാടവവും കേരളം കണ്ടതാണ്. കടുത്ത ഈശ്വര വിശ്വാസി ആണെങ്കിലും തികഞ്ഞ യുക്തി ചിന്തയുടെ ഉടമകൂടിയായ അദ്ദേഹം അന്ധമായ കാഴ്ചപ്പാടുകൾക്കെതിരെ ശ്കതമായ നിലപാടുടുത്തിട്ടുണ്ട്. ദേവപ്രശ്‌നങ്ങളുടെയും മറ്റും പേരി!ൽ നടക്കുന്ന അനാവശ്യമായ നിലപാടുകളെ അദ്ദേഹം യുക്തിഭദ്രമായി ഖണ്ഡിച്ചു പോരുന്നു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആർ എസ്എസ് നിലപാടിൽ മാറ്റമുണ്ടായത് പരമേശ്വർജിയുടെ ഇടപെടലിലൂടെയാണ്.

വിവേകാനന്ദ ദർശനങ്ങളിലൂടെ ആർഎസ് എസിന് താത്വിക അടിത്തറ ഉറപ്പിക്കാനും അതിലൂടെ പുതിയ സംവാദത്തിന്റെ വഴിതുറക്കാനും പരമേശ്വർജിക്കു കഴിഞ്ഞു. ഭാരതീയ ദർശനങ്ങളിലൂടെ വൈജ്ഞാനിക കേരളത്തിന് ഇന്നും നിർണായക സംഭവനകൾ നൽകുന്നുണ്ട് അദ്ദേഹം. വൈദേശിക തത്വചിന്ത എന്ന നിലയിൽ കമ്യൂണിസത്തിനെതിരെ നിതാന്ത ജാഗ്രതയും നിരന്തര പോരാട്ടവും അദ്ദേഹം തുടരുന്നു. കന്യാകുമാരിയിൽ വിവേകാനന്ദ സ്മാരക നിർമ്മാണത്തിൽ ഗുരുജിക്കൊപ്പം പങ്കാളിയായ അദ്ദേഹം വിവേകാനന്ദ ദർശനങ്ങളുടെ പ്രാചാരകൻ കൂടിയാണ്.

1927ൽ ആലപ്പുഴ ജില്ലയിലെ മുഹമ്മയിൽ താമരപ്പള്ളി ഇല്ലത്തു ജനിച്ച പി.പരമേശ്വരൻ, ചങ്ങനാശേരി എസ് ബി കോളജിലും തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി കോളജിലുമായി വിദ്യാഭ്യാസം പർത്തിയാക്കിയ ശേഷം 1950 ൽ ഇരുപത്തിമൂന്നാം വയസിൽ ആർഎസ് എസിന്റെ മുഴുവൻസമയ പ്രവർത്തകനായി മാറി. രാഷ്ട്രീയ പ്രസ്ഥാനമായി ജനസംഘം പിറവിയെടുത്തതു മുതൽ ഒപ്പം നിന്ന പരമേശ്വർജി, കേരളത്തിൽ ജനസംഘത്തിനും അതുവഴി ഭാരതീയ ജനതാപാർട്ടിക്കും തരുത്തു പകർന്ന!വരിൽ പ്രമുഖനായി മാറി. ആർഎസ് എസിന്റെ ആദ്യകാല പ്രചാരകരായ ഭാസ്‌കർ റാവു, ശങ്കരശാസ്ത്രി എന്നിവരുമായി സുദീർഘമായ ആത്മബന്ധം പുലർത്തി.

പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായയുടെ ആശിർവാദത്തിൽ 1957 ൽ ജനസംഘത്തിന്റെ കേരളത്തിലെ സംഘടനാ കാര്യദർശിയായി മാറിയ അദ്ദേഹം, പത്ത് വർഷത്തോളം ആ സ്ഥാനത്ത് തുടർന്നു.ദീനദയാലിന്റെ വിസ്വസ്തനായി മാറിയ അദ്ദേഹം ദക്ഷിണേന്ത്യയിലെ ജനസംഘത്തിന്റെ പ്രമുഖ നേതാവായി മാറി. കേരളം മുഴുവൻ സഞ്ചരിച്ച് പ്രവർത്തകരെ കണ്ടെത്തുകയും ആയിരക്കണക്കിന് അനുയായികളെ സൃഷ്ടിക്കുകയും ചെയ്തു. ജനസംഘത്തിന്റെ പ്രവർത്തനം സംസ്ഥാന വ്യാപകമായി വ്യാപിപ്പിക്കുന്നതിനും നേതൃത്വം നൽകി. 1967 ൽ ജനസംഘത്തിന്റെ ദേശീയ സമ്മേളനം കോഴിക്കോട്ട് സംഘടിപ്പിക്കുന്നതിന്റെ നായകത്വവും പരമേശ്വർജിക്കായിരുന്നു. മികച്ച സംഘടനാ പാടവം അദ്ദേഹത്തെ ദേശീയ നിരയിലേക്ക് എത്തിക്കാൻ വഴി തെളിച്ചു. ആ സമ്മേളത്തിൽ ജനസംഘത്തിന്റെ ദേശീയ സെക്രട്ടറിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തു. പിന്നീട് സംഘടനയുടെ വൈസ് പ്രസിഡന്റായും അദ്ദേഹത്തെ മാറ്റി.

അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തിന് നേതൃത്വം നൽകിയവരിൽ പ്രമുഖനായ അദ്ദേഹം ഏതാനും മാസം ജയിൽവാസം അനുഷ്ഠിച്ചു. ലോക്‌സംഘർഷ സമിതിയുടെ നേതാവെന്ന നിലയിൽ പോരാട്ടം നയിച്ച അദ്ദേഹം, അടിയന്തരാവസ്ഥയ്ക്കു ശേഷം സജീവ രാഷ്ട്രീയത്തിൽ നിന്നു പിൻവാങ്ങി, അധികാര രാഷ്ട്രീയം തന്റെ കർമഭൂമിയല്ലെന്നു തെളിയിച്ചു. ജനസംഘത്തിൽ അടൽഹബിഹാരി വാജ്‌പേയിക്കും എൽ കെ അദ്വാനിക്കും സമശീർഷനായ അദ്ദേഹം എന്നും അധികാര സ്ഥാനങ്ങളോട് അകലം പാലിച്ചു. പാർട്ടി വച്ചുനീട്ടിയ എല്ലാ സ്ഥാനമാനങ്ങളും വേണ്ടെന്നു പറയാൻ അദ്ദേഹത്തിന് രണ്ടുവട്ടം ആലോചിക്കേണ്ടി വന്നില്ല. പിന്നീട് ഡൽഹിയിൽ ദീനദയാൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അമരക്കാരനായി.സംഘപരിവാറിൽ! പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള അനേകർക്കു ഗുരുവായ അദ്ദേഹം നാലു വർഷം കഴിഞ്ഞ് തന്റെ കർമ മണ്ഡലം കേരളമാണെന്ന് തിരിച്ചറിഞ്ഞു.

നാട്ടിലേക്കു മടങ്ങിയ അദ്ദേഹം ഭാരതീയ വിചാരകേന്ദ്രം എന്ന ഗവേഷണ, സാംസ്‌കാരിക പ്രസ്ഥാനത്തിനും രൂപം നൽകി ഹൈന്ദവ ഏകീകരണത്തിനും നവീകരണ പോരാട്ടത്തിനും കരുത്തു പകരുന്നു. ബഹുമുഖ പ്രതിഭയിലും പ്രകടനാത്മകതയില്ലാത്ത അപൂർവ വ്യക്തിത്വത്തിന് ഉടമയായ പരമേശ്വർജിക്ക് 2004 ൽ രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ചു. പ്രശസ്ത കവി വയലാർ രാമവർമയുടെ സഹപാഠിയായ പി.പരമേശ്വരൻ ആദ്യകാലത്ത് ഒട്ടേറെ കവിതകൾ എഴുതിയിട്ടുണ്ട്.

ഒരു കവിതാ മൽസരത്തിൽ വയലാർ രാമവർമയെ പിന്നിലാക്കിയ ചരിത്രമുള്ള പരമേശ്വർജി, പിൽക്കാലത്ത് കർമമണ്ഡലം സംഘടനാ പ്രവർത്തനമാക്കിയപ്പോൾ, കവിത വിട്ട് വൈജ്ഞാനിക മേഖലിൽ സജീവമായി.ഭാരതീയ ചിന്താധാരയിൽ ഒട്ടേറെ ഗ്രന്ഥങ്ങളുടെ കർത്താവായ പരമേശ്വർജി നവതിയിലും കേരളത്തിന്റെ സാമൂഹിക,സാംസ്‌കാരിക ,വൈജ്ഞാനിക മേഖലകളിൽ ദർശനവും നേതൃത്വവും നൽകാൻ കരുത്തനായി നമുക്കൊപ്പമുണ്ട് എന്നതാണ് ഏറെ സന്തോഷം നൽകുന്നത്.

(ലേഖനം എഴുതിയ പിപി മുകുന്ദനും ആർഎസ്എസ് പ്രചാരകനായിരുന്നു. ബിജെപിയുടെ മുൻ സംഘടനാ ജനറൽ സെക്രട്ടറി കൂടിയായിരുന്നു അദ്ദേഹം)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP