Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അപകടം ദുരന്തമാകുന്നത് സമൂഹം അതിൽ നിന്നും ഒന്നും പഠിക്കാതെ പോകുമ്പോൾ; കണ്ണും പൂട്ടി നിരോധിച്ചു കളയേണ്ട ഒന്നല്ല കരിമരുന്ന് പ്രയേഗമെന്ന കലാരൂപം: വേണ്ടത് സമൂലം നവീകരിക്കണം: പുറ്റിങ്ങൽ ദുരന്തത്തിന്റെ ഓർമ്മ: മുരളി തുമ്മരുകുടി എഴുതുന്നു...

അപകടം ദുരന്തമാകുന്നത് സമൂഹം അതിൽ നിന്നും ഒന്നും പഠിക്കാതെ പോകുമ്പോൾ; കണ്ണും പൂട്ടി നിരോധിച്ചു കളയേണ്ട ഒന്നല്ല കരിമരുന്ന് പ്രയേഗമെന്ന കലാരൂപം: വേണ്ടത് സമൂലം നവീകരിക്കണം: പുറ്റിങ്ങൽ ദുരന്തത്തിന്റെ ഓർമ്മ: മുരളി തുമ്മരുകുടി എഴുതുന്നു...

ന്ന്  ഏപ്രിൽ പത്ത്, പുറ്റിങ്ങൽ ദുരന്തത്തിന് ഒരു വർഷം തികയും. ഐക്യകേരളത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു നൂറ്റിപ്പത്തു പേർ ഒറ്റയടിക്ക് മരിച്ച പുറ്റിങ്ങൽ വെടിക്കെട്ടപകടം. മരിച്ചവർ ഭാഗ്യവാന്മാർ. പരിക്കു പറ്റിയവരിലേറെയും ദുരന്തത്തിന്റെ മുറിവുകളും ഓർമ്മകളും നഷ്ടങ്ങളുമായി മരിച്ചു ജീവിക്കുന്നു. അവരുടെ ബന്ധുക്കളൊഴിച്ച് സമൂഹം. പുറ്റിങ്ങലൊക്കെ എന്നേ മറന്നു. അതിനുശേഷം മുന്നൂറ് അതിപ്രധാനമായ അന്തിച്ചർച്ചാ വിഷയങ്ങളെങ്കിലും നമുക്ക് കിട്ടുകയും ചെയ്തു.

അപകടം ഒരു ദുരന്തമാകുന്നത് സമൂഹം അതിൽ നിന്നും ഒന്നും പഠിക്കാതെ പോകുമ്പോഴാണെന്ന് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അപകടം ഉണ്ടായ ഉടൻ രണ്ടു കാര്യങ്ങളിൽ പൊതു സമൂഹം ഒറ്റക്കെട്ടായിരുന്നു.

1. അപകടത്തിന് ഉത്തരവാദികൾ ആയവരെ ജയിലിൽ അടക്കണം
2. കേരളത്തിൽ എല്ലായിടത്തും കരിമരുന്നു പ്രയോഗങ്ങൾ എല്ലാം നിരോധിക്കണം.

ചാനൽ ചർച്ചക്ക് പോയ എന്നോടും ആരെയെങ്കിലും ഒക്കെ കുറ്റക്കാരായി ചൂണ്ടിക്കാണിക്കാൻ അവതാരകൻ പണിപ്പെട്ടു. അപകടങ്ങൾ ഉണ്ടാകുന്നത് ഒരു പറ്റം സുരക്ഷാ വീഴ്ചകൾ കൊണ്ടാണ്, അതിന് ഒരാളെ മാത്രം കുറ്റം പറയുന്ന രീതി പ്രൊഫഷണൽ അല്ല. ആരെയെങ്കിലും ജയിലിലിട്ടാൽ സമൂഹത്തിന് സമാധാനം ആകും എന്നതൊഴിച്ചാൽ കരിമരുന്നു പ്രയോഗം ശെരിയാവാൻ ഒന്നും പോകുന്നില്ല. പകരം പല നിർദ്ദേശങ്ങളാണ് ഞാൻ നൽകിയത്.

ഒന്ന്, രണ്ടു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു കലാരൂപമാണ് കേരളത്തിൽ കരിമരുന്നു പ്രയോഗം. കരിമരുന്ന് കോപ്പുകൾ നിർമ്മിക്കുന്ന അനവധി യൂണിറ്റുകൾ നമുക്കുണ്ട്, അത് പ്രയോഗിക്കുന്ന അനവധി പ്രൊഫഷണൽസ് വേറെ. കരിമരുന്ന് പ്രയോഗം ആചാരമായ വിവിധ ക്ഷേത്രങ്ങൾ പള്ളികൾ, പിന്നെ ഓരോ വീട്ടിലും കരിമരുന്ന് എത്തിക്കുന്ന വിവിധ മതാചാരങ്ങൾ. അപ്പോൾ ഒരു ഫയർ വർക്ക്‌സ് എക്കോണമിക്കുള്ള സകല ചേരുവകളും ഇവിടെ ഉണ്ട്.

ലോകത്ത് എത്രയോ സ്ഥലങ്ങളിൽ ഇപ്പോഴും ലക്ഷക്കണക്കിന് ആളുകൾക്ക് ആനന്ദം നൽകി സുരക്ഷിതമായി കരിമരുന്ന് പ്രയോഗങ്ങൾ നടക്കുന്നു. ജനീവ നഗരത്തിൽ തടാകത്തിന്റെ നടുക്ക് ലക്ഷക്കണക്കിന് ആളുകളെ സാക്ഷി നിർത്തി എല്ലാ വർഷവും കരിമരുന്നു കലാപ്രകടനം നടക്കുന്നു. നാട്ടിലെ ഭാഷയിൽ പറഞ്ഞാൽ മത്സര കമ്പം ആണ് നടക്കുന്നത്, രണ്ടു വമ്പൻ കമ്പനികൾ ആണ്, മത്സരിച്ചാണ് അവർ പ്രകടനം ഒരുക്കുന്നത്, ഓരോ വർഷവും ഒന്നിനൊന്നു മെച്ചമായി അത് തുടരുന്നു.

അതിനാൽ ഒരു അപകടമുണ്ടായതിന്റെ പേരിൽ കണ്ണും പൂട്ടി നിരോധിച്ചു കളയേണ്ട ഒന്നല്ല ഈ കലാരൂപം.പകരം കേരളത്തിലെ കരിമരുന്നു നിർമ്മാണവും കലാപ്രകടനവും നടത്തുന്നവരെയും ഉത്സവക്കമ്മറ്റിക്കാരെയും ഒക്കെ വിശ്വാസത്തിലെടുത്ത് ഈ പ്രസ്ഥാനത്തെ സമൂലം നവീകരിക്കണം.

രണ്ട്, ഇപ്പോൾ കരിമരുന്നു അതുപോലെ ഇപ്പോഴത്തെ വെടിമരുന്ന് നിർമ്മാണം, വിപണനം, ഉപയോഗം എന്നിവയുടെ സുരക്ഷാ മാനദണ്ഡങ്ങൾ കുറ്റമറ്റതാക്കി പാലിക്കാൻ അതിൽ ഉൾപ്പെട്ടവരെ സഹായിക്കണം. ഈ വ്യവസായത്തിലെ അപകട സാധ്യതകൾ മറ്റാരേക്കാളും അവർക്കറിയാം, പക്ഷെ പുതിയ മാറ്റങ്ങൾ അവരെ പഠിപ്പിക്കാൻ ആരും ശ്രമിക്കുന്നില്ല. അതിനായി ഒരു 'സെന്റർ ഫോർ പൈറോടെക്‌നിക്‌സ്' കേരളത്തിൽ സ്ഥാപിക്കണം. ഈ വ്യവസായത്തിൽ പ്രൊഫഷണലിസം വരട്ടെ. സ്വിറ്റ്‌സർലാൻഡ് വാച്ചു നിർമ്മാണത്തിന് പ്രശസ്തമാണല്ലോ, അതുകൊണ്ട് വാച്ചു കമ്പനികളിൽ ജോലിക്ക് പരിശീലിപ്പിക്കുന്ന 'മൈക്രൊടെക്നിക്സ്' എന്ന ഒരു ബിരുദം അവിടെ ഉണ്ട്, അത് പോലെ വൈൻ നിർമ്മാണത്തിൽ ബിരുദം ഫ്രാൻസിലും. നൂറിലധികൾ എൻജിനീയറിങ് കോളേജുകളും അതിനേക്കാൾ എത്രയോ പോളിടെക്‌നിക്കും ഐ ടി ഐ യും ഒക്കെ ഉള്ള കേരളത്തിൽ നമുക്കാവശ്യമുള്ള കരിമരുന്നു പ്രയോഗം പഠിപ്പിക്കാൻ ഒരു തട്ടുകട പോലും ഇല്ല എന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതല്ലേ ?

മൂന്നാമത്, വെടിക്കെട്ട് കൊണ്ട് മാത്രമല്ല കേരളത്തിൽ ആൾക്കൂട്ടത്തിൽ ദുരന്തം ഉണ്ടാകുന്നത്, ആന വിരണ്ടും, തിരക്കുമൂലവും ഒക്കെ ഉണ്ടാകുന്ന അപകടങ്ങൾ, യൂറോപ്പിലെ പോലെ ഏതെങ്കിലും വാഹനങ്ങൾ ആൾക്കൂട്ടത്തിലേക്ക് ഓടിച്ചു കേറ്റാനുള്ള തീവ്രവാദ സാധ്യതകൾ, ലക്ഷം പേർ വന്നാലും അവർക്ക് വേണ്ടി വൃത്തിയുള്ള ഒരു കക്കൂസ് പോലും ഇല്ലാത്ത അവസ്ഥ, സ്ത്രീകൾക്ക് ഒരു ആൾക്കൂട്ടത്തിലും സുരക്ഷിതമായി പോകാനാവാത്ത അവസ്ഥ ഇതൊക്കെ ഏതൊരു ആൾക്കൂട്ടത്തിലും കേരളത്തിൽ പ്രശ്‌നം ആണ്. അപ്പോൾ കേരളത്തിൽ ആളെ കൂട്ടി പരിപാടി നടത്തുന്ന എല്ലാവരും, അത് അമ്പലമോ, പള്ളിയോ, മതപ്രസംഗമോ, കൾച്ചറൽ ഫെസ്റ്റിവലോ, രാഷ്ട്രീയ മീറ്റിങ്ങുകളോ, യുവജനോത്സവമോ, എന്തായാലും അതിന്റെ സംഘാടകരിൽ വേണ്ടത്ര പരിശീലനവും മാർഗ്ഗനിർദ്ദേശങ്ങളും സിദ്ധിച്ച, സുരക്ഷയുടെ പൂർണ്ണ ഉത്തരവാദിത്തമുള്ള ഒരു കമ്മിറ്റി ഉണ്ടായിരിക്കണം. പരിപാടികൾ സുരക്ഷിതമായി നടത്തുന്നതിന്റെ വ്യക്തിപരമായ ഉത്തരവാദിത്തം അവർക്ക് കൊടുക്കണം. ഇവർക്ക് സുരക്ഷിതമായി ആളെ കൂട്ടി പരിപാടികൾ നടത്തുന്നതിൽ പരിശീലനം കൊടുക്കണം, അതിനു മാർഗ്ഗ നിർദ്ദേശങ്ങൾ ഉണ്ടാക്കണം, അങ്ങനെ പരിശീലനം ലഭിച്ച കമ്മിറ്റിയും മാർഗ്ഗ നിർദ്ദേശം അനുസരിച്ചു പ്രവർത്തിക്കാനുള്ള സംവിധാനവും ഇല്ലെങ്കിൽ ആ പരിപാടിക്ക് അനുമതി നിഷേധിക്കണം. ലക്ഷങ്ങളുടെയും കോടിടികളുടെയും ബിസിനസ്സ് ആകുമ്പോൾ ഇത്തരം പരിശീലനത്തിനൊന്നും ആളെക്കിട്ടാൻ ബുദ്ധി മുട്ടുണ്ടാകില്ല, ഉത്തരവാദിത്തം വ്യക്തിപരം ആകുമ്പോൾ രാഷ്ട്രീയവും മതവും ഒന്നും പറഞ്ഞിട്ട് അനുമതി മേടിക്കാൻ നോക്കില്ല, മറിച്ച് കാര്യങ്ങൾ അപകടം ഇല്ലാതെ നടത്തുന്നതിൽ ആകും ശ്രദ്ധ മുഴുവനും.

ഇങ്ങനെ തികച്ചും ന്യായമായതും നടപ്പിലാക്കാൻ ഒരു ബുദ്ധിമുട്ടുമില്ലാത്തതുമായ ഒരു കൂട്ടം നിർദ്ദേശങ്ങളാണ് ഞാനന്ന് മുന്നോട്ടു വെച്ചത്. വർഷം ഒന്ന് കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ ഒരു മാറ്റവും ഇല്ല. നാളെ പുറ്റിങ്ങലിലോ മറ്റെവിടെയോ നിന്നും ഇതിലും വലിയ ഒരു ദുരന്ത വാർത്ത കേട്ടാലും അതിശയം വിചാരിക്കാനില്ല.

അതുകൊണ്ട് പുറ്റിങ്ങലിന്റെ വാർഷികത്തിൽ കേരളത്തിൽ ജീവിക്കുന്ന നിങ്ങൾ ഓരോരുത്തരോടുമാണ് ഇനി എന്റെ അപേക്ഷ. നിങ്ങളുടെ കാര്യം നിങ്ങൾ തന്നെ നോക്കുക. തനിക്കു താനും (വെടി)പുരക്ക് തൂണും, എന്നാണല്ലോ പ്രമാണം.

വെടിക്കെട്ടപകടത്തിൽ ഉൾപ്പെടെ തികച്ചും ആകസ്മികമായ അപകടത്തിൽ ഒരു വർഷത്തിൽ പതിനായിരത്തോളം പേരാണ് കേരളത്തിൽ മരിക്കുന്നത്. അതായത് ഒരു ലക്ഷത്തിന് ഇരുപത്തിയഞ്ചു പേർ. ഈ വർഷം ഇതിലൊരാൾ ഞാനോ നിങ്ങളോ ആകാം. അപകടത്തിൽ പെടാനുള്ള സാധ്യതയാണെങ്കിൽ ഇതിലും കൂടുതലാണ്.

എന്തു കുന്തമാണ് നിങ്ങളെ കൊല്ലാൻ പോകുന്നതെന്ന് അല്ലെങ്കിൽ അപകടത്തിൽ പെടുത്തി കട്ടിലിൽ കേറ്റാൻ പോകുന്നത് എന്ന് മുൻകൂട്ടി പറയാൻ വയ്യ. എന്താണെങ്കിലും നിങ്ങളുടെ സാമ്പത്തിക നിലയെയും നിങ്ങളുടെ കുടുംബത്തിന്റെ ജീവിതത്തെയും ഒരപകടം മാറ്റിമറിച്ചേക്കാം. ഇതുവരെ പണിയെടുത്ത് അഭിമാനത്തോടെ ജീവിച്ച നിങ്ങൾക്ക് വേണ്ടി നാട്ടുകാർ പണപ്പിരിവ് വരെ നടത്തേണ്ടിയോ, സർക്കാരിന്റെ വക സഹായത്തിന് വേണ്ടി നിങ്ങളുടെ കുടുംബം ഓഫീസുകൾ തോറും കയറിയിറങ്ങേണ്ടിയോ വന്നേക്കാം. നിങ്ങളുടെ ജീവനോ ആരോഗ്യമോ മാത്രമല്ല നിങ്ങളുടെ അഭിമാനവും കുടുംബത്തിന്റെ മൊത്തം സാമ്പത്തിക സുരക്ഷയും തകരാൻ ഒരു നിമിഷം മതി.

മുൻപ് പറഞ്ഞ പോലെ അപകടം ആർക്കും സംഭവിക്കാം, പക്ഷെ കുടുംബത്തെ വഴിയാധാരം ആക്കരുത് എന്നുണ്ടെങ്കിൽ ഇന്നുതന്നെ പോയി നല്ലൊരു ആരോഗ്യ ഇൻഷുറൻസും ലൈഫ് ഇൻഷുറൻസും എടുക്കുക. ഇനി ഇൻഷുറൻസ് കമ്പനികൾക്കും ഒരു നിർദ്ദേശം തരാം. നാട്ടിൽ ആളുകൂടുന്ന പരിപാടിക്കൊക്കെ ഒരു ഗ്രൂപ്പ് ഇൻഷുറൻസ് ഓഫർ ചെയ്യുക, അല്ലെങ്കിൽ പത്തു രൂപ പ്രീമിയത്തിന് ഒരു ദിവസത്തേക്ക് മാത്രം കവർ ഓഫർ ചെയ്യുക. പൗച്ചിൽ ആക്കി ഷാമ്പൂ വിറ്റ കഥ പോലെ ഇതും വിജയിക്കും എന്നാണ് എന്റെ ഒരു ചിന്ത. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP