Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്മ എങ്ങനെ പ്രവർത്തിക്കണമെന്ന് തീരുമാനിച്ചിരുന്നത് ദിലീപ്; ചോദ്യം ചെയ്തപ്പോൾ പൃഥ്വിരാജ് അടക്ക മാപ്പു പറയേണ്ടി വന്നു; ട്വന്റി -20 പുറത്തുവന്നതോടെ ദിലീപ് അമ്മയുടെ അവസാന വാക്കായി മാറി; കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബ്രാന്റ് അമ്പാസഡർ സ്ഥാനത്തു നിന്നു എന്നെ പോലും തെറിപ്പിച്ചു: രാജസേനൻ തുറന്നു പറയുന്നു..

അമ്മ എങ്ങനെ പ്രവർത്തിക്കണമെന്ന് തീരുമാനിച്ചിരുന്നത് ദിലീപ്; ചോദ്യം ചെയ്തപ്പോൾ പൃഥ്വിരാജ് അടക്ക മാപ്പു പറയേണ്ടി വന്നു; ട്വന്റി -20 പുറത്തുവന്നതോടെ ദിലീപ് അമ്മയുടെ അവസാന വാക്കായി മാറി; കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബ്രാന്റ് അമ്പാസഡർ സ്ഥാനത്തു നിന്നു എന്നെ പോലും തെറിപ്പിച്ചു: രാജസേനൻ തുറന്നു പറയുന്നു..

സിനിമയിലെ അടക്കിവാഴൽ തന്നെയായിരുന്നു അമ്മയിലും ദിലീപ് നടത്തിയിരുന്നത്. ദിലീപിന്റെ വാക്കുകൾ തള്ളാൻ ഒരിക്കലും അമ്മയുടെ ഭാരവാഹികൾ ധൈര്യപ്പെട്ടില്ല. അമ്മ എങ്ങനെ പ്രവർത്തിക്കണമെന്ന് തീരുമാനിച്ചിരുന്നതും ദിലീപ് തന്നെയായിരുന്നു. അതുകൊണ്ടുതന്നെയായിരുന്നു ദിലീപിന്റെ വിഷയം വന്നപ്പോൾ ഇന്നസെന്റും മുകേഷും ഗണേശ്‌കുമാറും ദേവനുമെല്ലാം പ്രകോപിതരായതും സൂപ്പർ താരങ്ങൾ മൗനം പാലിച്ചതും. ഇന്ന് ദിലീപിനെ അമ്മയിൽനിന്ന് പുറത്താക്കിയെന്നു പറയുന്നത് ദിലീപിന്റെ സ്വന്തം തീയേറ്റർ സംഘടനയിൽനിന്ന് ദിലീപിനെ പുറത്താക്കിയെന്നു പറയുന്നതിന് തുല്യമാണ്.

നടിയെ ആക്രമിച്ച സംഭവത്തിൽ ജയിലിലായ ദിലീപിനെ അമ്മയിൽനിന്നും മറ്റു സംഘടനകളിൽനിന്നും ഇപ്പോൾ പുറത്താക്കിയിരിക്കുന്നു. യഥാർത്ഥത്തിൽ ദിലീപിനെ അമ്മയിൽനിന്ന് പുറത്താക്കുകയാണോ അതോ അമ്മയെ മലയാളസിനിമയിൽനിന്ന് പുറത്താക്കുകയാണോ വേണ്ടതെന്ന് ഇനിയെങ്കിലും ചിന്തിക്കണം. ചില താരങ്ങൾ അമ്മയുടെ മറവിൽ മലയാള സിനിമയിൽ ഉണ്ടാക്കിയെടുത്ത ആധിപത്യങ്ങളും താൻപോരിമയും മലയാളസിനിമയ്ക്ക് തന്നെ തിരിച്ചടിയാവുകയാണ്.

ചലച്ചിത്രതാരങ്ങൾക്ക് ഒരു സംഘടന എന്ന ആശയത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പ്രേംനസീർ, സത്യൻ, മധു, തിക്കുറുശ്ശി, കൊട്ടാരക്കര എന്നിവരുടെ കാലഘട്ടത്തിലാണ് ചലച്ചിത്ര പ്രവർത്തകരുടെ ഒരു സംഘടന എന്ന ആശയം ഉണ്ടായത്. എന്നാൽ പ്രേംനസീർ ഈ ആശയത്തെ ശക്തിയായി എതിർത്തു. കലാകാരന്മാരുടെ ഇടയിലുള്ള ഈഗോയും അഭിപ്രായവ്യത്യാസങ്ങളും സംഘടനയ്ക്കുള്ളിൽ പ്രതിഫലിക്കുമെന്നും അത് സിനിമാമേഖലയ്ക്കുതന്നെ തിരിച്ചടിയാകുമെന്നും നസീർ ചൂണ്ടിക്കാട്ടി.

എങ്കിലും ചെന്നൈ കേന്ദ്രീകരിച്ച് ചലച്ചിത്ര പരിഷത്ത് എന്ന ഒരു സൗഹൃദ കൂട്ടായ്മ രൂപംകൊണ്ടു. ആ സൗഹൃദ കൂട്ടായ്മ ഒരിക്കൽ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തി. മധുവും ജയഭാരതിയുമൊക്കെ പങ്കാളികളായപ്പോൾ താരങ്ങളെ കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ ആവേശം ലാത്തിച്ചാർജിലാണ് കലാശിച്ചത്. അന്ന് നസീറിന്റെ ചോദ്യം ഇതിന്റെ ആവശ്യം ഉണ്ടായിരുന്നോ എന്നായിരുന്നു.

കാലാന്തരത്തിൽ മലയാളസിനിമ കേരളത്തിലേക്ക് പറിച്ചുനട്ടു. ആദ്യം സിനിമാ ടെക്നീഷ്യന്മാർക്കുവേണ്ടി മാക്ട എന്ന സംഘടന രൂപപ്പെട്ടു. അതിനുമുമ്പ് തന്നെ റൈറ്റേഴ്സ് ഫോറം എന്നപേരിൽ കലൂർ ഡെന്നീസും ജോൺപോളുമൊക്കെ ചേർന്ന് ഒരു കൂട്ടായ്മയുണ്ടായിരുന്നു. അതാണ് 'മാക്ട'യായി പരിണാമപ്പെട്ടത്. താരങ്ങളൊഴിച്ച് എല്ലാവരും അതിലെ അംഗങ്ങളായിരുന്നു.

അപ്പോഴാണ് എന്തുകൊണ്ട് നടീനടന്മാർക്ക് ഒരു സംഘടന ആയിക്കൂടാ എന്ന ആശയം വീണ്ടും സജീവമായത്. അങ്ങനെയാണ് അമ്മ എന്ന സംഘടന രൂപീകരിക്കപ്പെട്ടത്. അമ്മയുടെ ആദ്യകാല സെക്രട്ടറി ടി.പി. മാധവനായിരുന്നു. 600 ഓളം സിനിമകളിൽ അഭിനയിച്ച, 'അമ്മ'യ്ക്ക് രൂപംനൽകുന്നതിൽ നിർണായക പങ്ക് വഹിച്ച ടി.പി. മാധവൻ ഇന്ന് ആരോരും തിരിഞ്ഞുനോക്കാനില്ലാതെ പത്തനാപുരം ഗാന്ധിഭവനിൽ അന്തേവാസിയാണ് എന്നറിയുമ്പോഴാണ് 'അമ്മ' ആരുടെ കൈകളിലാണെന്നും എവിടെയെത്തിയെന്നും തിരിച്ചറിയേണ്ടത്.

ഗൾഫ് നാടുകളിലും മറ്റും സ്റ്റേജ് ഷോകളിലൂടെ ഫണ്ട് ഉണ്ടാക്കിയായിരുന്നു 'അമ്മ' ആദ്യകാലത്ത് പ്രവർത്തിച്ചത്. 'അമ്മ'യുടെ സ്റ്റേജ് ഷോകൾ സംപ്രേഷണം ചെയ്യാൻ ചാനലുകൾ മത്സരിച്ചു. അവധിദിവസങ്ങളിലും ഉത്സവദിവസങ്ങളിലും സ്റ്റേജ് ഷോകൾ ചാനലുകൾ സംപ്രേഷണം ചെയ്തതോടെ പ്രേക്ഷകർ തീയേറ്ററുകളിൽനിന്ന് അകന്നു. ഇതിനെതിരെ പ്രതിഷേധവുമായി തീയേറ്റർ അസോസിയേഷൻ രംഗത്തെത്തി.

നിർമ്മാതാക്കളും വിഷയം ഏറ്റെടുത്തതോടെ നിർമ്മാതാക്കളുടെയും തീയേറ്റർ ഉടമകളുടെയും വിതരണക്കാരുടെയും പിന്തുണയോടെ കേരളാ ഫിലിം ചേമ്പേഴ്സ് അമ്മയ്ക്കെതിരെ രംഗത്തെത്തി. ചലച്ചിത്രതാരങ്ങൾ സ്റ്റേജ് ഷോകളിൽ പങ്കെടുക്കുന്നതിനെതിരെ രംഗത്തെത്തിയ സംഘടന താരങ്ങളുടെ പരിപാടികൾ ചാനലുകൾ വഴി കാണിക്കാൻ പാടില്ലയെന്ന നിർദ്ദേശവും വച്ചു. എന്നാൽ വിലക്കിനെ മറികടന്ന് മുന്നോട്ടുപോകാനായിരുന്നു അമ്മയുടെ തീരുമാനം. വിലക്കിയവരെ വിലക്കാനും അമ്മ തീരുമാനിച്ചു.

മാക്ടയടക്കം അമ്മയ്ക്കെതിരെ രംഗത്തുവന്നു. ചാനലുകളുമായി നിർമ്മാതാക്കളുടെ സംഘടന പ്രശ്നപരിഹാരത്തിന് ഇതിനിടെ കരാറുണ്ടാക്കി. സിനിമകളുടെ പാട്ടുകൾ, 15 മിനിട്ടിന്റെ ദൃശ്യങ്ങൾ എന്നിവ ചാനലുകൾക്ക് സൗജന്യമായി നൽകാമെന്നും പകരം രണ്ട് മിനിട്ട് പരസ്യം നൽകണമെന്നുമായിരുന്നു ആ കരാർ.

അമ്മയ്ക്കെതിരെ രംഗത്തുവന്ന ഫിലിം ചേമ്പർ ഓഫ് കോമേഴ്സിനെ തകർക്കാനും ശ്രമം നടന്നു. മലയാളം ഫിലിം ചേമ്പർ ഓഫ് കോമേഴ്സ് എന്ന സംഘടനയിലൂടെയായിരുന്നു ഇത്. സർക്കാർ ഈ വിഷയത്തിൽ ഇടപെട്ട് ചർച്ചകൾ നടത്തി. ഇതിനിടെ അമ്മയുടെ നിലപാടുകളെ ചോദ്യം ചെയ്ത പൃഥ്വിരാജ്, സുരേഷ്‌കൃഷ്ണ, ലാലുഅലക്സ്, ഭീമൻ രഘു, ക്യാപ്റ്റൻ രാജു, മീരാ ജാസ്മിൻ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസും നേരിടേണ്ടിവന്നു. അമ്മയുടെ സംഘടിത ശക്തിക്കുമുമ്പിൽ നിർമ്മാതാക്കളും തീയേറ്റർ ഉടമകളും വിതരണക്കാരും മുട്ടുമടക്കുന്ന കാഴ്ചയാണ് ഉണ്ടായത്.

പൃഥ്വിരാജ് അടക്കമുള്ളവർക്ക് നിരുപാധികം മാപ്പു പറയേണ്ടിയും വന്നു. അമ്മയുടെ തലപ്പത്ത് ദിലീപ് പിടിമുറുക്കുന്ന കാലമായിരുന്നു അത്. ഇതിനിടയിലാണ് ഫണ്ട് ശേഖരണത്തിനായി അമ്മ സിനിമ നിർമ്മിക്കുക എന്ന ആശയം വന്നത്. എന്നാൽ എല്ലാ താരങ്ങളെയും ഉൾപ്പെടുത്തി ഒരു ബിഗ് ബജറ്റ് ചിത്രത്തിന്റെ റിസ്‌ക് ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. അവിടെയായിരുന്നു ദിലീപിന്റെ കരുനീക്കം.

അമ്മയ്ക്ക് ഒന്നരകോടിയുടെ സഹായം വാഗ്ദാനം ചെയ്ത ദിലീപ് സിനിമാ നിർമ്മാണവും ഏറ്റെടുത്തു. ട്വന്റി -20 പുറത്തുവന്നതോടെ ദിലീപ് അമ്മയുടെ അവസാന വാക്കായി മാറി. ഇതിനുശേഷമാണ് തിലകനുമായി അഭിപ്രായവ്യത്യാസം ഉണ്ടാകുന്നത്. ഇതിനുപിന്നിലും ദിലീപിന് പങ്കുണ്ടെന്ന് ആക്ഷേപം ഉയർന്നു. അമ്മയിലെ ചിലർക്കെതിരെ തിലകൻ മുന്നോട്ടുവന്നതോടെ മുഖ്യധാരാ സിനിമകളിൽ തിലകന് അപ്രഖ്യാപിത വിലക്കുകൾ വന്നു. തിലകൻ പൂർണമായും ഒതുക്കപ്പെട്ടു.

ഇതിനിടെ മാക്ടയെ സാംസ്‌കാരിക സംഘടനയാക്കി പകരം സാങ്കേതികവിദഗ്ദ്ധർക്കുവേണ്ടി ട്രേഡ് യൂണിയൻ സംവിധാനത്തിൽ മാക്ട ഫെഡറേഷൻ വിനയന്റെ നേതൃത്വത്തിൽ രൂപീകരിച്ചു. സംഘടന ഒരുവിധം ശക്തമായി മുന്നോട്ടുപോകവെ ചില സംവിധായകരുടെ മോശം പ്രവണതകൾക്കെതിരെ വിനയൻ ഒരു യോഗത്തിൽ പറഞ്ഞ വാക്കുകൾ ദിലീപ് ആയുധമാക്കി. യോഗത്തിന്റെ അന്നുരാത്രി മറ്റൊരു പ്രമുഖ സംവിധായകനുമൊത്ത് സംവിധായകൻ ഫാസിലിന്റെ വീട്ടിൽ എത്തിയ ദിലീപ് ആദ്യം ചെയ്തത് ഫാസിലിന് സ്വന്തം ഡേറ്റ് കൊടുക്കുകയായിരുന്നു.

പിന്നീട് നടന്നത് ഫാസിലിനെ കരുവാക്കി എല്ലാവരെയും ഞെട്ടിച്ച് വിനയന്റെ സംഘടന പൊളിക്കുകയായിരുന്നു. മാക്ട ഫെഡറേഷനിൽ നിന്ന് പരമാവധി അംഗങ്ങളെ അടർത്തിമാറ്റിയായിരുന്നു ഫെഫ്ക ഫെഡറേഷന്റെ രൂപീകരണം. ഇതിനെല്ലാം അമ്മയിലെ സൂപ്പർതാരങ്ങളുടെ അനുഗ്രഹാശിസ്സുകളും ഉണ്ടായിരുന്നു. മാക്ട ഫെഫ്കയായതോടെ ആ സംഘടനയിലെ ജനാധിപത്യം അവസാനിച്ചു.

ഇന്ന് സിനിമാസംഘടനകളുടെ അവസ്ഥ പറയുകയാണെങ്കിൽ അമ്മയിലെ ചില പ്രമുഖ താരങ്ങളുടെ താൽപര്യങ്ങൾക്കുവേണ്ടി അവരെ രഹസ്യമായി സഹായിക്കുന്ന ചില നിർമ്മാതാക്കളും, കൈയുംകാലും താങ്ങി താരങ്ങളുടെ പുറകെ നടക്കുന്ന ചില സംവിധായകരും നേതൃത്വം നൽകുന്ന ജനാധിപത്യബോധമില്ലാത്ത ഒരു ചെറിയ ആൾക്കൂട്ടമായി സംഘടനകൾ മാറി. അമ്മയെ മാത്രമല്ല മലയാളസിനിമയെത്തന്നെ സ്വന്തം കൈപ്പിടിയിൽ ഒതുക്കാനാണ് ദിലീപ് എന്നും ശ്രമിച്ചത്. ദിലീപിന്റെ സിനിമകൾ ദിലീപിന്റെ മാത്രം സിനിമകളായി. സംവിധായകനേയും തിരക്കഥാകൃത്തിനേയും ടെക്നീഷ്യനേയും ലൈറ്റ് ബോയിയേയുമെല്ലാം ദിലീപ് തീരുമാനിക്കും. സ്വതന്ത്ര വീക്ഷണമുള്ള സംവിധായകർക്ക് ദിലീപിനെവച്ച് ചിത്രമെടുക്കാനാവില്ല. അഥവാ എടുത്താൽത്തന്നെ അങ്ങേയറ്റം സന്ധി ചെയ്യേണ്ടിവരും. അതിനു തയ്യാറായില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടിവരും. ഞാനും സംവിധായകൻ തുളസീദാസുമൊക്കെ അതിന്റെ ഇരകളായിരുന്നു.

2007ൽ പ്രമുഖ ബിൽഡറായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബ്രാന്റ് അമ്പാസഡറായിരുന്നു ഞാൻ. ഗ്രൂപ്പിന്റെ എംഡി റോയി എനിക്ക് രണ്ടു സിനിമകൾ ഓഫർ ചെയ്തിരുന്നു. ഒന്ന് ഐതിഹ്യമാലയിൽനിന്ന് അടർത്തിയെടുത്ത, ശ്രദ്ധ പിടിച്ചുപറ്റാവുന്ന ഒരു പ്രമേയമായിരുന്നു. ദിലീപിനെ നായകനാക്കിയാണ് സിനിമ ആലോചിച്ചത്. ഫോണിൽ ദിലീപിനോട് ബന്ധപ്പെട്ടപ്പോൾ ഉദയ്കൃഷ്ണൻ, സിബി കെ. തോമസ് എന്നിവരെയാണ് ഉദ്ദേശിച്ചത്. ജെ. പള്ളാശേരിയെപ്പോലുള്ളവർ പോരെ എന്ന് താൻ ചോദിച്ചു. തനിക്ക് കംഫർട്ടായവർ തിരക്കഥയെഴുതിയാൽ മതിയെന്നായിരുന്നു ദിലീപിന്റെ മറുപടി.

സിനിമയ്ക്കുവേണ്ടി കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസിലെത്തി ദിലീപ് പത്തുലക്ഷവും തിരക്കഥാകൃത്തുക്കൾ ഒന്നരലക്ഷംവീതവും അഡ്വാൻസ് വാങ്ങി. ആഴ്ചകൾ കഴിഞ്ഞു നിർമ്മാതാവ് പറഞ്ഞതനുസരിച്ച് ദിലീപിനെ വിളിക്കുമ്പോൾ ചെയ്യാം ചേട്ടായെന്നത് സ്ഥിരം പല്ലവിയായി. പിന്നീട് തിരക്കഥാകൃത്തുക്കൾ ഫ്രീയല്ലായെന്നായി.

അവരെ വിളിക്കുമ്പോൾ ദിലീപേട്ടൻ ഫ്രീയാകട്ടെ എന്നാവും മറുപടി. പിന്നീട് നടന്നത് സംവിധായകൻ അറിയാതെ ദിലീപ് ബാഗ്ലൂരിലെത്തി നിർമ്മാതാവിനെ കണ്ട് സംവിധായകനെ വെട്ടി പുതിയ സിനിമ മുന്നോട്ടുവച്ചതാണ്. എന്റെ ആ സിനിമാ സ്വപ്നം അവിടെ തീർന്നു.
തുളസീദാസിന് നേരിടേണ്ടിവന്നത് ഇതിനെക്കാൾ വലിയ ദുരന്തമാണ്. ദിലീപിനെ വച്ച് കുട്ടനാടൻ എക്സ്പ്രസ് എന്ന സിനിമയാണ് തുളസീദാസ് പദ്ധതിയിട്ടത്. ലിബർട്ടി ബഷീറിനെ നിർമ്മാതാവായി നിർദ്ദേശിച്ചപ്പോൾ താൽപര്യമെടുത്തില്ല.

മറ്റുചില നിർമ്മാതാക്കളെ മുന്നോട്ടുവച്ചെങ്കിലും അതിനും താൽപര്യമുണ്ടായില്ല. ഒടുവിൽ ഉള്ളാട്ടിൽ ശശിയെ പരിചയപ്പെട്ടു. സിനിമ ചെയ്യാമെന്ന് സമ്മതിച്ചു. പ്രൊഡക്ഷൻ കൺട്രോളർ എ.ആർ.കണ്ണന്റെ സാന്നിധ്യത്തിൽ അഞ്ച് ലക്ഷം അഡ്വാൻസും വാങ്ങി. അഡ്വാൻസ് വാങ്ങുമ്പോൾ തുളസീദാസിനോട് നിർമ്മാതാവിൽനിന്ന് ഒരു 25 ലക്ഷം കൂടി വാങ്ങിനൽകാമോ, ഒരു വസ്തു ഇടപാടിന്റെ രജിസ്ട്രേഷനു വേണ്ടിയാണെന്ന് ദിലീപ് പറഞ്ഞു.

നിർമ്മാതാവിനോട് സംസാരിച്ചപ്പോൾ മൊത്തം തുകയായ 40 ലക്ഷം ഒരുമിച്ചു നൽകിയേക്കാമെന്ന് പറഞ്ഞു. ആറ് മാസത്തിനുള്ളിൽ പടം ചെയ്യണമെന്ന ധാരണയുമുണ്ടാക്കി. എന്നാൽ ദിലീപ് പിന്നീട് ഒഴിഞ്ഞുമാറുകയാണുണ്ടായത്. ആദ്യം നടിയെ മാറ്റി കാവ്യമാധവനെ നായികയാക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് ക്യാമറാമാൻ ആനന്ദക്കുട്ടനുപകരം അളഗപ്പനെ വേണമെന്ന് ആവശ്യപ്പെട്ടു. സംഗീത സംവിധായകനെ മാറ്റണമെന്ന് ആവശ്യപ്പെട്ടു.

ഇങ്ങനെ ഓരോ ദിവസവും ഓരോരുത്തരെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സിനിമ നീട്ടിക്കൊണ്ടുപോയപ്പോൾ സഹിക്കെട്ട് തുളസീദാസ് താൻ ഒരു പുതുമുഖ സംവിധായകനല്ലെന്ന് ദിലീപ് മനസ്സിലാക്കണമെന്ന് പറഞ്ഞു.

സിനിമ നീണ്ടതോടെ പണം കിട്ടിയില്ലെങ്കിൽ തുളസീദാസിനെതിരെ കേസ് കൊടുക്കുമെന്ന് നിർമ്മാതാവ് പറഞ്ഞു. ഇക്കാര്യം തുളസീദാസ് ദിലീപിനെയും ദിലീപുമായി ബന്ധപ്പെട്ടവരെയും അറിയിച്ചു. പിന്നീട് തുളസീദാസ് അറിയുന്നത് ദിലീപ് നിർമ്മാതാവ് ഉള്ളാട്ടിൽ ശശിയെ കണ്ട് സംവിധായകനെ വെട്ടി പുതിയ സിനിമയായ ക്രേസി ഗോപാലനുവേണ്ടി ധാരണയുണ്ടാക്കിയെന്നാണ്. നിർമ്മാതാവ് പണം നഷ്ടപ്പെടാതിരിക്കാൻ ദിലീപുമായി സന്ധിചെയ്തു.

ദിലീപിനെതിരെ തുളസീദാസ് മാക്ട ഫെഡറേഷനിൽ പരാതി കൊടുത്തു. പരാതി കൊടുക്കാൻ ഉപദേശിച്ചവരൊന്നും പിന്നീട് ഒപ്പം ഉണ്ടായില്ല. വിനയനെയും കലൂർ ഡെന്നീസിനെയും ബൈജു കൊട്ടാരക്കരയെയുംപോലുള്ള ചുരുക്കംപേർ മാത്രമാണ് ഒപ്പം നിന്നത്. ദിലീപിന്റെ അപ്രമാദിത്വത്തെ മറ്റുള്ളവർ അംഗീകരിച്ചു.

തുളസീദാസിന് അഡ്വാൻസ് നൽകിയ നിർമ്മാതാക്കൾവരെ പിൻവാങ്ങി. തുളസീദാസിന്റെ സിനിമകളിൽ അഭിനയിക്കാൻ താരങ്ങൾ തയ്യാറായില്ല. ദിലീപിനെതിരെ സംസാരിച്ചതിന്റെ പേരിൽ വധഭീഷണിയുണ്ടായി. മൂന്നുവർഷമാണ് സിനിമയില്ലാതെ തുളസീദാസിന് വീട്ടിലിരിക്കേണ്ടിവന്നത്. ഇന്നും തുളസീദാസിന്റെ സിനിമകളിൽ അഭിനയിക്കാൻ പലർക്കും പേടിയാണ്.

സിനിമയിലെ ഈ അടക്കിവാഴൽ തന്നെയായിരുന്നു അമ്മയിലും ദിലീപ് നടത്തിയിരുന്നത്. ദിലീപിന്റെ വാക്കുകൾ തള്ളാൻ ഒരിക്കലും അമ്മയുടെ ഭാരവാഹികൾ ധൈര്യപ്പെട്ടില്ല. അമ്മ എങ്ങനെ പ്രവർത്തിക്കണമെന്ന് തീരുമാനിച്ചിരുന്നതും ദിലീപ് തന്നെയായിരുന്നു. അതുകൊണ്ടുതന്നെയായിരുന്നു ദിലീപിന്റെ വിഷയം വന്നപ്പോൾ ഇന്നസെന്റും മുകേഷും ഗണേശ്‌കുമാറും ദേവനുമെല്ലാം പ്രകോപിതരായതും സൂപ്പർ താരങ്ങൾ മൗനം പാലിച്ചതും.

ഇന്ന് ദിലീപിനെ അമ്മയിൽനിന്ന് പുറത്താക്കിയെന്നു പറയുന്നത് ദിലീപിന്റെ സ്വന്തം തീയേറ്റർ സംഘടനയിൽനിന്ന് ദിലീപിനെ പുറത്താക്കിയെന്നു പറയുന്നതിന് തുല്യമാണ്. ചിലരുടെ നിക്ഷിപ്ത താൽപര്യങ്ങൾക്കുവേണ്ടി നിലകൊള്ളേണ്ടിവന്ന അമ്മയെ മലയാളസിനിമയിൽനിന്ന് പുറത്താക്കണമെന്ന് പറയാൻ ശക്തിയുള്ള ഏതെങ്കിലും ചലച്ചിത്രതാരങ്ങളുടെയോ സാങ്കേതികവിദഗ്ദ്ധരുടെയോ നിർമ്മാതാക്കളുടെയോ കൂട്ടായ്മ ഇന്നുണ്ടാകുമോ. ദിലീപിന്റെ പെറ്റമ്മയാണ് 'അമ്മ'. മറ്റുള്ളവർക്ക് പോറ്റമ്മയും.

കടപ്പാട്: ജന്മഭൂമി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP