Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ലിജോ, നിങ്ങൾ ഇപ്പോൾ കൈക്കോട്ടെടുത്തുവല്ലോ.. ഞങ്ങൾക്ക് കൈക്കോട്ടെടുത്ത് കിളക്കാൻ പുരക്ക് ചുറ്റുമുള്ള നാലു തെങ്ങിന്മൂടു മാത്രമേയുണ്ടായുള്ളൂ; സംവരണം ഞങ്ങൾക്ക് പിതാമഹന്മാരുടെ എല്ലിൻ കൂടുകൾക്ക് മേലെ അടിയാതിരിക്കാനുള്ള കച്ചിത്തുരുമ്പായിരുന്നു'; മദ്രാസ് ഐഐടിക്കാരന്റെ മറുപടി

'ലിജോ, നിങ്ങൾ ഇപ്പോൾ കൈക്കോട്ടെടുത്തുവല്ലോ.. ഞങ്ങൾക്ക് കൈക്കോട്ടെടുത്ത് കിളക്കാൻ പുരക്ക് ചുറ്റുമുള്ള നാലു തെങ്ങിന്മൂടു മാത്രമേയുണ്ടായുള്ളൂ; സംവരണം ഞങ്ങൾക്ക് പിതാമഹന്മാരുടെ എല്ലിൻ കൂടുകൾക്ക് മേലെ അടിയാതിരിക്കാനുള്ള കച്ചിത്തുരുമ്പായിരുന്നു'; മദ്രാസ് ഐഐടിക്കാരന്റെ മറുപടി

പ്രിയപ്പെട്ട ലിജോ ജോയ്,

അച്ഛന് ഓലക്കച്ചവടമുണ്ടായിരുന്നു പണ്ട്. ഞങ്ങൾ പഞ്ഞക്കാലങ്ങളെയെല്ലാം തരണം ചെയ്തത്, എറിയാടുള്ള മമ്മദ്ക്കാക്ക് ഓല വിറ്റ് കിട്ടുന്ന കാശുകൊണ്ടാണ്. ഓലക്കച്ചവടക്കാരിൽ സ്‌നേഹത്തോടെ, ഒരു കെട്ടിന് രണ്ടോ മൂന്നോ ഉറുപ്യ കൂടുതൽ തരും മൂപ്പർ.

മമ്മദ്ക്ക ഓലയെടുക്കാൻ വരുന്നത് മിക്കപ്പോഴും ഞായറാഴ്ചകളിലാണ്. ഞാനും ചേച്ചിയും അച്ഛമ്മയും കൂടിയാണ് ഓല പെറുക്കിക്കൂട്ടുക. ഓലയിൽ തിരിവുള്ളതു(നന്നേ ചെറിയ പൊട്ടിയ ഓലകൾ) മാറ്റി എണ്ണിക്കൊടുക്കുക എന്നത് ഒരു വലിയ കാര്യമായാണ് ഞങ്ങൾ കുട്ടികൾക്ക് തോന്നിയിരുന്നത്. തിരിവുള്ള ഓലകൾ കണക്കിൽ കൂട്ടില്ല. അത് വശത്തേക്കു മാറ്റിയിടും. അതു കാണുമ്പോൾ അച്ഛമ്മയുടെ ചങ്കുപിടക്കും. പറമ്പിൽ നിന്നും പെറുക്കിക്കൂട്ടി, നെടുകെ കീറി, ചീവിയെടുത്ത്, ചീയാൻ തോട്ടിലിട്ട്, വലിച്ച് കയറ്റി തോരാനിട്ട്, മെടഞ്ഞ്, പവൻ വെയിലത്തുണക്കി, ചുമന്ന് അടുക്കി വച്ചത് തിരിഞ്ഞിടുമ്പോളുള്ള അസ്വസ്ഥത തന്നെ. നല്ല തെറി പറയും മമ്മദ്ക്കായെ. അതുകൊണ്ട് തന്നെ, അച്ഛമ്മ ഉള്ളപ്പോൾ മമ്മദ്ക്ക ഓലയധികം തിരിയാറില്ല. ഓല കെട്ടിയെടുത്തു കൊണ്ടുപോയാൽ ഉമ്മറം ഒഴിയും. ഓല അടുക്കി വച്ചിരുന്ന ഇളം തിണ്ണയിലെ പോടുകളിൽ നിന്നും പഴുതാരകളും പാറ്റകളും ഘോഷയാത്ര നടത്തും.

പിന്നെ അടുത്ത മാസത്തേക്കുള്ള ഓലയെടുപ്പായിരിക്കും. സ്‌കൂൾ വിട്ടു വന്നാൽ പൊതുവേ എന്നെ പഠിക്കാൻ വിടലാണ് അച്ചന്റെ ശീലം. എന്നാൽ ക്ലാസുകളിൽ കയറ്റം കിട്ടി അഞ്ചിലോ ആറിലോ ഒക്കെ എത്തിയപ്പോൾ വല്ലപ്പോഴും ഞായറാഴ്ചകളിലോ, അവധി ദിവസങ്ങളിലോ ഞാനും അച്ചന്റെ കൂടെ ഓല എടുക്കാൻ പോകും. തെങ്ങുകയറിയ സ്ഥലങ്ങളിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ഓലക്കൂട്ടങ്ങൾക്കടുത്ത് നിന്ന് അച്ഛൻ ഓല വെട്ടി വെടിപ്പാക്കും. ഞാൻ അതെല്ലാം വലിച്ചുകൂട്ടി ഒരിടത്താക്കും. കക്ഷത്തിലിപ്പോഴും പച്ചോലയുടേയും വഴുകയുടെ ഈർപ്പത്തിന്റേയും തണുപ്പുണ്ട്.

വലിച്ചു കൂട്ടിയ ഓലകളെല്ലാം കെട്ടുകളാക്കുന്നത് പച്ചമടലിൽ നിന്നും ഉരിഞ്ഞെടുത്ത വഴുകകൾ കൊണ്ടാണ്. അച്ഛൻ വഴുക ഉലിഞ്ഞെടുക്കുന്നത് എനിക്ക് കാഴ്ചക്ക് അത്രമാത്രം പ്രിയപ്പെട്ട ഒരു കലയായിരുന്നു. ഓല കെട്ടിയതിനു ശേഷം ആ കെട്ട് കുത്തി നിർത്താനാണ് അടുത്തതായി എന്റെ സഹായം വേണ്ടത്. എന്റെ കൊച്ചുകൈകൾ കൊണ്ട് ഒന്നുമാകില്ലെങ്കിലും, ഞാൻ കൂടിയാണ് അതുയർത്തിയത് എന്നൊരു ബോധം എന്നിൽ സൃഷ്ടിക്കാൻ അച്ഛൻ ശ്രമിച്ചിരുന്നു. ഉന്തുവണ്ടിയിലേക്ക് ആകാശം മുട്ടെ നിറച്ചുവച്ച ഓലക്കെട്ടുകളുമായി വണ്ടിപ്പടി പിടിക്കുമ്പോൾ അരികിലെ മരത്തടുക്കുകളിൽ കൈവച്ച് എന്നാലാകും വിധം തള്ളി സഹായിക്കാൻ ഞാനും ശ്രമിച്ചുരുന്നു.

ഞാൻ എട്ടാം ക്ലാസിലെത്തിയപ്പോഴാണ് സൈക്കിൾ കിട്ടിയത്. അച്ഛന് സൈക്കിൾ ചവിട്ടാൻ അറിയില്ല. നന്നേ കാഴ്ചശക്തി കുറവാണ് കണ്ണിന്. അതുകൊണ്ട് പഠിക്കാൻ പറ്റാതെ പോയതാണ്. എന്റെ ബ്രൗൺ ബി.എസ്.എ യിൽ അച്ഛനെ ഇരുത്തി ഞായറാഴ്ചകളിൽ ഞങ്ങൾ അലയും. പുതിയ കാവി നടുത്ത് മമ്മുമാനേജരുടെ പറമ്പിൽ, പുന്നിലത്ത് ഹഖിക്കായുടെ പുരയിടത്തിൽ എല്ലാം ഓലയന്വേഷിച്ച് നടക്കും, താണ്ടാൻ കർക്കിടകങ്ങളിനിയും ബാക്കിയാണല്ലോ.

ചങ്ങാതീ... ലിജോ...

നിങ്ങൾ ഇപ്പോൾ കൈക്കോട്ടെടുത്തുവല്ലോ. ഞങ്ങൾക്ക് കൈക്കോട്ടെടുത്ത് കിളക്കാൻ പുരക്ക് ചുറ്റുമുള്ള നാലു തെങ്ങിന്മൂടു മാത്രമേയുണ്ടായുള്ളൂ. ഞാനുൾപ്പടെ എന്റെ ചങ്ങാതിമാരാരും സംവരണത്തെ ഒരിക്കലും ആനുകൂല്യമായി കണ്ടിരുന്നിട്ടില്ല, മറിച്ച് ഒരാശ്വാസമായിരുന്നു. നരകദുരിതങ്ങളിലകപ്പെട്ടു പോയ പിതാമഹന്മാരുടെ എല്ലിങ്കൂടുകൾക്ക് മേലെ ഞങ്ങളുടേത് അടിയാതിരിക്കാനുള്ള ഒറ്റ കച്ചിത്തുരുമ്പു മാത്രമായിരുന്നു.
പഠിക്കാൻ തുച്ഛമായ സൗകര്യങ്ങൾ മാത്രമുണ്ടായിരുന്നവരുടെ വിളക്കെണ്ണയായിരുന്നു. സാമൂഹികമായ അടിമത്തത്തിന്റെ, കൂലിപ്പണിക്കാരന്റെ മോന് ചാർത്തിയ തുല്യങ്ങളുടെ വിച്ഛേദനമായിരുന്നു.
സംവരണത്തിന്റെ ഔദാര്യം കൊണ്ട് ഒരാളുടേയും അവസരങ്ങളെ നഷ്ടപ്പെടുത്തിയിട്ടില്ല. കഷ്ടപ്പെട്ടു പഠിച്ചു മുന്നേറാനേ ഞങ്ങളെല്ലാം ശ്രമിച്ചിട്ടുള്ളൂ. വലിയ നിലയിലെത്തി എന്നൊന്നും അവകാശപ്പെടുന്നില്ലെങ്കിലും, ഞങ്ങളെ ജീവിക്കാൻ പ്രാപ്തരാക്കിയതിൽ സംവരണത്തിന് വലിയ പങ്കുണ്ട്.

സ്‌നേഹത്തോടെ,
സംവരണം കൊണ്ട് രക്ഷപെടേണ്ട ഒരു സമൂഹമിവിടെയുണ്ടെന്ന് വിചാരിക്കുന്ന
ഒരു ഏട്ടൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP