Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മീൻ പൊരിച്ചതിൽ ഒരു പീസ് കിട്ടാതിരുന്നത് ഒരു 12 കാരി പെൺകുട്ടിക്ക് വിഷമമായി എന്ന് പറഞ്ഞപ്പോൾ ആണുങ്ങൾ വല്ലാതെ ഇളകിയിരിക്കുന്നു! ഫെമിനിസം എന്നാൽ മീൻ കഷണം ആണെന്ന് റീമ പറഞ്ഞു എന്നാണിവർ മനസ്സിലാക്കിയത്; അല്ലെങ്കിൽ മനസ്സിലാക്കിയതായി അഭിനയിക്കുന്നത്

മീൻ പൊരിച്ചതിൽ ഒരു പീസ് കിട്ടാതിരുന്നത് ഒരു 12 കാരി പെൺകുട്ടിക്ക് വിഷമമായി എന്ന് പറഞ്ഞപ്പോൾ ആണുങ്ങൾ വല്ലാതെ ഇളകിയിരിക്കുന്നു! ഫെമിനിസം എന്നാൽ മീൻ കഷണം ആണെന്ന് റീമ പറഞ്ഞു എന്നാണിവർ മനസ്സിലാക്കിയത്; അല്ലെങ്കിൽ മനസ്സിലാക്കിയതായി അഭിനയിക്കുന്നത്

വാട്‌സ്ആപ്പിനും മുൻപ് പ്രധാന കമ്മ്യൂണിക്കേഷൻ മാധ്യമം ഇമെയിൽ ആയിരുന്ന സമയത്ത് ഡസൻ കണക്കിന് പ്രാവശ്യം ഫോർവേഡ് ആയി കിട്ടിയിട്ടുള്ള ഒരു മെസ്സേജ് ആണ് 'What does love mean?'. പതിവുപോലെ പ്രൊഫെഷനലുകൾ കണ്ടുപിടിച്ചതാണെന്ന ലേബലിൽ ആണ് ഇതിന്റെയും വരവ്. 'സ്‌നേഹത്തിന്റെ അർത്ഥമെന്താണ്?' എന്ന ചോദ്യം 4 - 8 വയസ്സ് പ്രായമുള്ള കുട്ടികളോട് ചോദിച്ചപ്പോൾ അവർ കൊടുത്ത കൗതുകകരമായ വിവിധ മറുപടികളാണത്രേ അവർ ശേഖരിച്ച് ഇങ്ങിനെ ഒരു ഫോർവേഡ് ആക്കിയത്.

ആർത്രൈറ്റിസ് വന്ന മുത്തശ്ശിക്ക് മുത്തശ്ശൻ കാൽനഖത്തിൽ ചായം തേച്ചു കൊടുക്കുന്നതാണ് സ്‌നേഹം എന്നുമുതൽ, ക്ഷീണിച്ചിരിക്കുമ്പോഴും ഒരു പുഞ്ചിരി സമ്മാനിക്കുന്നതാണ് സ്‌നേഹം എന്നുവരെ പല ഉത്തരങ്ങളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.

അതിൽ ഒരു കുട്ടിയുടെ ഉത്തരം ഇങ്ങിനെ ആയിരുന്നു. ''അമ്മ ഏറ്റവും നല്ല ചിക്കൻ പീസ് അച്ഛന് കൊടുക്കുന്നതാണ് സ്‌നേഹം'.

കൊടുക്കുന്നത് അമ്മയായതുകൊണ്ടും കിട്ടിയത് അച്ഛനായതുകൊണ്ടും ആരും അതിൽ പ്രത്യേകിച്ച് പ്രശ്‌നമൊന്നും കണ്ടില്ല. എല്ലാ കുടുംബങ്ങളിലും നടക്കുന്നതായതുകൊണ്ട് എല്ലാവര്ക്കും അത് സ്വാഭാവികമായി തോന്നി. ഏറ്റവും നല്ല ചിക്കൻ പീസ് അച്ഛന് കിട്ടുന്നത് 'സ്‌നേഹം' ആണെന്ന് ആത്മാർത്ഥമായി ഒരുകാലത്ത് മിക്കപേരും ചിന്തിച്ചിരുന്നു ! ഒരു പക്ഷെ ശരാശരി മലയാളി ഇന്നും ചിന്തിക്കുന്നു...

പക്ഷെ മീൻ പൊരിച്ചതിൽ ഒരു പീസ് കിട്ടാതിരുന്നത് ഒരു 12 കാരി പെൺകുട്ടിക്ക് വിഷമമായി എന്ന് പറഞ്ഞപ്പോൾ കേരളത്തിലെ കുറെ ആണുങ്ങൾ വല്ലാതെ ഇളകിയിരിക്കുന്നു! ഫെമിനിസം എന്നാൽ മീൻ കഷണം ആണെന്ന് റീമ പറഞ്ഞു എന്നാണിവർ മനസ്സിലാക്കിയത്. അല്ലെങ്കിൽ മനസ്സിലാക്കിയതായി അഭിനയിക്കുന്നത്.

പുരോഗമനചിന്തയുടെ സാക്ഷാൽ പുരുഷരൂപമായ ഇക്കായെ ട്രോളിയിട്ട് ഇവിടെയാരും സ്ത്രീ സമത്വം കൊണ്ടുവരേണ്ട എന്നാണ് സിനിമയിലെ സ്ത്രീ കൂട്ടായ്മയോട് ചിലർ പ്രതികരിച്ചത്. അത് ശരിയാണെങ്കിൽ കഴിഞ്ഞ തലമുറയിലെ പെൺകുട്ടികൾ നിത്യഹരിത നായകന്മാരെ പ്രേമിച്ചിരുന്ന പ്രായത്തിൽ ഇവിടൊരു ഫെമിനിച്ചി മീൻ പൊരിച്ചതിന് കരയുന്നു എന്ന ധ്വനിയും ഈ പരിഹാസത്തിൽ ഉണ്ടാവാം.

ഒരു പ്രഭാഷണം കേട്ടാൽ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് ശരാശരി മലയാളി പുരുഷന് ഇല്ല എന്ന് ന്യായമായും സംശയിച്ചുപോവുന്നു. പ്രഭാഷണം ഇംഗ്‌ളീഷിൽ ആണെങ്കിൽ പ്രത്യേകിച്ച്. ജനപ്രിയ നടന്മാരുടെ സിനിമകളിൽ ബിരുദധാരിയായ നായകന് ഇംഗ്ലീഷിൽ ഒരു വാക്യം തികച്ച് പറയാനറിയാത്തത് മറച്ചുവെക്കാൻ (പ്രോംപ്റ്റിംഗിനൊക്കെ ഒരു പരിധിയില്ലേ) ഇംഗ്‌ളീഷ് ഡയലോഗുകൾ മനപ്പൂർവ്വം തെറ്റിച്ച് അതൊരു കോമഡിയാക്കുന്നത് സ്ഥിരം കാഴ്ചയാണല്ലോ. ആ സാഹചര്യത്തിൽ നായകന്മാർക്ക് 'ചുമ്മാ തൊഴിക്കാനുള്ള' ഫർണീച്ചറുകളിൽ ഒന്ന് സ്റ്റേജിൽ കയറിനിന്ന് മണിമണിയായി ഇംഗ്‌ളീഷിൽ സംസാരിക്കുന്നത് കാണുന്നതിൽ പാൻസിന് ചെറുതല്ലാത്ത അസ്വസ്ഥത കാണും.

TED Talk, TEDx ഇതൊക്കെ ഒരൽപം ബുദ്ധിയുള്ളവർക്കും ചിന്തിക്കുന്നവർക്കും പറഞ്ഞിട്ടുള്ള കാര്യങ്ങളാണ്. 2017 ലും ചാണകം-പഴത്തൊലി വളിപ്പുകൾ കണ്ട് ആസ്വദിച്ച് ചിരിക്കുന്നവർക്ക് ഇതൊന്നും മനസ്സിലാവില്ല. പ്രസക്തവും കുറിക്കു കൊള്ളുന്നതുമായ ചോദ്യങ്ങൾ ഒന്നിന് പിറകെ ഒന്നായി തൊടുത്തുവിടുന്ന 14 മിനിറ്റ് പ്രസംഗത്തിൽ പലർക്കും ആകെ മനസ്സിലായത് ഒരു പെണ്ണ് (മൂത്താപ്പയുടെ ഡയലോഗ് കടമെടുത്താൽ 'വെറും പെണ്ണ്') മീൻ പൊരിച്ചതിന്റെ കണക്ക് പറഞ്ഞു എന്നാണ്. ഒരു ശരാശരി മല്ലു വിൽനിന്ന് ഇത്രയൊക്കെയല്ലേ പ്രതീക്ഷിക്കാവൂ?

പറയുമ്പോൾ ഇതും പറയണം.. ഈ അടുത്തയിടെ (മരിച്ചുപോയ) അച്ഛന്റെ മേൽവിലാസത്തിൽ MLA ആയഒരു യുവ രാഷ്ട്രീയക്കാരനെ വിവാഹം കഴിച്ച പ്രമുഖ യുവ-ജാതിവാൽ IAS ബുദ്ധിജീവി നടത്തിയ TEDx ടോക്കിനേക്കാൾ എന്തുകൊണ്ടും ബൗദ്ധീകമായി മികച്ചുനിൽക്കുന്നതായിരുന്നു റീമയുടെ ടോക്ക്. സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ കർണാടകത്തിലെ വനിതാ IPS ഓഫീസർ നടത്തിയ TEDx പ്രസംഗവും റീമയുടെ അത്ര പോരാ എന്നുതന്നെ പറയണം.

മലയാളം മൂവി 'ഇൻഡസ്ട്രീ' (സിനിമ വ്യവസായമോ അതോ കലയോ) എന്ന മാഫിയയിലെ ചില വൃത്തികേടുകൾ തുറന്നു പറയാൻ റീമ കാണിച്ച ധൈര്യം എടുത്തുപറയേണ്ടതാണ്. മലയാള സിനിമ അടക്കിവാഴുന്ന ഒട്ടു മിക്ക തമ്പുരാക്കന്മാരെയും റീമ തുറന്ന് വിമർശിക്കുന്നുണ്ട്. റീമയും ഭർത്താവും ഇപ്പോഴും സജീവമായി മലയാള സിനിമാ രംഗത്തുള്ളവരാണെന്നതും രണ്ടുപേരും ചെറുപ്പമാണെന്നുള്ളതും ഈ തുറന്നു പറച്ചിലിന്റെ മാറ്റ് കൂട്ടുന്നു.

വളരെ പരിഹാസ്യമായ ചില ഫാൻ ചോദ്യങ്ങളാണ് 'ഇത്ര പ്രശ്‌നമാണെങ്കിൽ അങ്ങോട്ട് പോകാതിരുന്നുകൂടെ', 'ആരെങ്കിലും നിർബന്ധിച്ചോ' എന്നതൊക്കെ. ഒരുപക്ഷേ ഇന്ത്യയിൽ ഏറ്റവും അധികം തൊഴിൽ സമരങ്ങൾ നടത്തിയിട്ടുള്ള മലയാളി ഇതൊക്കെ പറയുന്നത് വിചിത്രമാണ്.

എന്തിനാണ് കേരളത്തിൽ തൊഴിലാളി പ്രസ്ഥാനങ്ങൾ? എന്തിനാണ് തൊട്ടതിനും പിടിച്ചതിനും യൂണിയനുകൾ? എന്തിന് ഗസറ്റഡ് ഓഫീസർമാർക്കും IAS-IPS കാർക്കും അസോസിയേഷൻ? ആവശ്യത്തിന് കൂലി കിട്ടിയില്ലെങ്കിൽ ഇട്ടിട്ടു പോണം എന്ന് പറയണ്ടേ? മികച്ച ശമ്പളം കിട്ടുന്ന സർക്കാരിൽ പോലും (ചിലർക്കൊക്കെ സ്വകാര്യ മേഖലയെക്കാൾ 2-3 ഇരട്ടി) ബോണസ്, ശമ്പള വർദ്ധന എന്നൊക്കെപ്പറഞ്ഞ് ജീവനക്കാർ സമരം ചെയ്യാറുണ്ട്. സിനിമയിലെ സ്ത്രീകളോട് പറയുന്ന അതെ ലോജിക് അവരോടും പറയണം മിഷ്ടർ.. വേണ്ടെങ്കിൽ ഇട്ടിട്ട് പോകൂ. ആ ജോലി ഹാപ്പി ആയിട്ട് കുറഞ്ഞ ശമ്പളത്തിൽ ചെയ്യാൻ ആളുകൾ ക്യു നിൽക്കുന്നുണ്ട്. എന്ത്യേ? പറയുമോ? പറ്റില്ല അല്ലേ?

പിന്നെന്താ സിനിമയിലെ സ്ത്രീകൾ അവകാശങ്ങളെക്കുറിച്ച് പറഞ്ഞാൽ കുഴപ്പം? സ്ത്രീകൾ സിനിമയിൽ വരുന്നതും പണവും പ്രശസ്തിയും ഉണ്ടാക്കുന്നതും മാന്യമായ കാര്യമല്ല എന്ന ധാരണ. സിനിമയിലെ സ്ത്രീകൾ 'മറ്റേപ്പണി'ക്ക് വരുന്നവരാണെന്നുള്ള ധാരണ. സിനിമയെ ഒരു മാന്യമായ കലയായോ, തൊഴിലായോ, കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയായോ ശരാശരി മലയാളി കാണുന്നില്ല. ഇതൊക്കെത്തന്നെ കാരണം. ഇനി ആരാണ് ഈ ധാരണ വളർത്തുന്നത്? ഒരു സംശയവും വേണ്ട, നായക നടന്മാർ തന്നെ.

ജയറാം, ദിലീപ് തുടങ്ങി വിവാഹ ശേഷം ഭാര്യയെ വീട്ടിലിരുത്തിയ ഓരോ നായകനും പറയുന്നത് സിനിമ പെണ്ണുങ്ങളെ വഷളാക്കുന്നു എന്നാണ്. അഭിനയം 'കുലസ്ത്രീകൾക്ക്' പറ്റിയ മേഖലയല്ല എന്ന് അവരാണ് പൊതുജനത്തെ പഠിപ്പിക്കുന്നത്. സ്ത്രീകൾ അഭിനയിക്കുന്നത് മ്ലേച്ഛമാണെന്ന ധാരണ ഉള്ളതുകൊണ്ടു തന്നെയാണ് ഇവർക്ക് സകല സൗഭാഗ്യങ്ങളും നേടിക്കൊടുത്ത അതെ മേഖലയിൽ സ്വന്തം ഭാര്യയെ ജോലി ചെയ്യാൻ അനുവദിക്കാത്തത്.

സ്വന്തം ഭാര്യക്ക് ചെയ്യാൻ കൊള്ളാത്ത വിലകുറഞ്ഞ ഏർപ്പാടിന് വരുന്ന നടിമാരോട് ഇവർക്കെന്നെങ്കിലും മതിപ്പുണ്ടാവുമോ? ഇവർക്കില്ലാത്ത മതിപ്പ് ഇവരുടെ ഫാനരന്മാർക്കുണ്ടാകുമോ?

പക്ഷെ സ്വന്തം ഭാര്യയെ അലുവാ പോലെ പൊതിഞ്ഞു സൂക്ഷിക്കുന്ന ഈ ഭഗീരഥൻപിള്ളമാർക്കൊക്കെ സിനിമയിൽ കൂടെ അഭിനയിക്കാൻ ഏതെങ്കിലും പുരുഷുമാരുടെ ഭാര്യമാർ (or കാമുകി or ഭാവി ഭാര്യ) വേണം. ഇവർക്കും പാൻസിനുമാണ് സിനിമയിലെ സ്ത്രീകൾ വാ തുറന്നാൽ പ്രശ്‌നം.

ജയറാമും മകനും അച്ഛനും മകനുമായി അഭിനയിച്ച സിനിമയിൽ അമ്മയായി നായകനെക്കാൾ 20 വയസ്സിന് ഇളപ്പമുള്ള നടിയെ അഭിനയിപ്പിച്ചതിൽ മലയാളികൾക്ക് അസ്വാഭാവികത ഒന്നും തോന്നിയില്ല. എന്ത്യേ പാർവതിയെ ആ റോളിൽ അഭിനയിപ്പിച്ചില്ല? ജയറാമിനെക്കാൾ പേരെടുത്ത നടിയായിരുന്നു അവർ. അറുപതും എഴുപതും വയസ്സായ അമ്മാവന്മാരുടെയും മൂത്താപ്പമാരുടെയും (ഏട്ടൻ, ഇക്ക എന്നൊക്കെയാണ് ഇവർ സ്വയം വിളിക്കുന്നത്!) നായികമാരായി ടീനേജ് പെൺകുട്ടികളെ മാത്രം കാണാൻ ആഗ്രഹിക്കുന്ന ശരാശരി മലയാളിയുടെ വികലമനസ്സിൽ യുക്തിഭദ്രമായ ചോദ്യങ്ങൾ ഒന്നും ഉദിക്കില്ല.

തുല്യ വേതനം, തൊഴിലവസരങ്ങളിൽ തുല്യത, ചൂഷണങ്ങളിൽ നിന്നുള്ള സംരക്ഷണം, കൃത്രിമമായി സൃഷ്ടിക്കുന്ന സ്ത്രീ കഥാപാത്രങ്ങളുടെ അഭാവം, ലാഭ വിഹിതം തുടങ്ങി വളരെ പ്രസക്തമായ പല വിഷയങ്ങളും റീമ ഉയർത്തുന്നുണ്ട്. മിമിക്രിയും കോമാളിത്തരവും കാണിച്ചു വളർന്ന, കോക്കസുകൾ കൊണ്ടുമാത്രം പിടിച്ചുനിൽക്കുന്ന നായകന്മാർ മികച്ച ബുദ്ധിശക്തിയും, കമ്മ്യൂണിക്കേഷൻ സ്‌കിൽസും ഉള്ള ന്യൂ ജനറേഷൻ നായികമാരെ പേടിയോടെ കാണുന്നതും വിറളി പിടിക്കുന്നതും സ്വാഭാവികം. പക്ഷെ ഈ ചോദ്യങ്ങൾ ആരെങ്കിലും എന്നെങ്കിലും ചോദിക്കേണ്ടവയാണ്.

Well done Rima. Keep going.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP