Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹുമാനപൂർവ്വം ചില പട്ടികളോട്...

ബഹുമാനപൂർവ്വം ചില പട്ടികളോട്...

നുഷ്യരെക്കാൾ ബുദ്ധിയുള്ളവരാണ് പട്ടികൾ... നാട്ടിൽ ഒരു പട്ടി പിടുത്തക്കാരൻ ഇറങ്ങിയാൽ പിന്നെ ഒരു പട്ടിയെയും മഷിയിട്ടു നോക്കിയാൽ കാണാറില്ല... അഥവാ ഏതെങ്കിലും ഒരു പട്ടി മുന്നിൽ പെട്ടാൽ എങ്ങനെയോ തന്റെ ജീവൻ അപകടത്തിലാണെന്ന് അതിനു തോന്നുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുമെന്ന് കേട്ടിട്ടുണ്ട്...

എന്തായാലും ഈ മുന്നറിയിപ്പുകൾ പട്ടി പത്രം വായിച്ച് നേടുന്നതാണെന്ന് തോന്നുന്നില്ല.. മുന്നിലുള്ളവൻ തല്ലാനാണോ തലോടാനാണോ നിൽക്കുന്നത് എന്നു മനസ്സിലാക്കാനുള്ള കഴിവ് പട്ടിക്കുണ്ടെന്ന് കേട്ടിട്ടുണ്ട്...

അതുകൊണ്ട് പട്ടിക്കുമുന്നിൽ മുഖം കുനിച്ചു കൊണ്ട് പറയട്ടെ പ്രിയപ്പെട്ട പട്ടീ...ഞങ്ങൾക്ക് നിന്റെ കഴിവു പോലും ഇല്ല.. കാരണം ഞങ്ങൾ സാധാരണക്കാരാണ്... വെറും സാധാരണക്കാർ...
ഇനി പറയാനുള്ളത് ഞങ്ങൾ സ്‌നേഹിക്കുന്ന ചിലരോടാണ്...

ബംഗ്ലാവിൽ നിന്ന് കാറിലേക്കും കാറിൽ നിന്ന് ഷോപ്പിങ് മാളുകളിലേക്കും മാത്രം സഞ്ചരിക്കുന്ന അധികാരി വർഗ്ഗമേ... മങ്ങിയ വെളിച്ചത്തിൽ നുരയുന്ന ലഹരിയിലും കാതടപ്പിക്കുന്ന ശ്ബ്ദ - നൃത്ത ലോകത്തിലും വിരാജിച്ച് ആഡംബര ഫ്‌ലാറ്റ് സമുച്ചയങ്ങളുടെ ഉന്നതങ്ങളിൽ ജീവിതം ആഘോഷിക്കുന്ന താരപരിവേഷമുള്ളവരേ താരങ്ങളേ... കപട മൃഗസ്‌നേഹികളേ...നിങ്ങൾ ഒന്നറിയണം...

സ്വന്തമായി കാറില്ലാത്ത ഞങ്ങളെപ്പോലെ 'കുറച്ചു'പേർ നിങ്ങൾക്ക് ചുറ്റുമുണ്ട്.. നിങ്ങളെ ആരാധിക്കുന്നവർ.. ബഹുമാനിക്കുന്നവർ നിങ്ങളെപ്പോലെ ആവുന്നത് സ്വപ്നം പോലും കാണാൻ പറ്റാത്തവർ അങ്ങനെ അങ്ങനെ പല തരക്കാരുണ്ട് നിങ്ങൾക്ക് ചുറ്റും..

ഞങ്ങളുടെ വീടിനടുത്ത് ഷോപ്പിങ് മാളുകൾ ഇല്ലാത്തവരുണ്ട്... അവിടേക്ക് പോകാൻ മെട്രോയും ടാക്‌സിയും ഇല്ലാത്തവരുണ്ട്... ഒരു കിലോ പഞ്ചസാരയോ അരിയോ പരിപ്പോ വാങ്ങാൻ വേണ്ടി ടാക്‌സി പിടിച്ച് പോവാനുള്ള 'പാങ്ങ്' ഞങ്ങൾക്കില്ല...നാട്ടിലെ പലചരക്കുകടയിൽ തന്നെ പോയാലേ രക്ഷയുള്ളൂ... അത് ചിലപ്പോ നടന്നാവാം.. ചിലപ്പോ സൈക്കിളിലാവാം.. കൂടിവന്നാൽ ബൈക്കിലാവാം.. ഇത്രക്കുള്ള സെറ്റപ്പേ ഞങ്ങൾക്കുള്ളൂ... പക്ഷേ ഈ മൂന്നു രീതിയിലും ഞങ്ങൾ ആക്രമിക്കപ്പെടുന്നു..
പുറത്തിറങ്ങാൻ വേണ്ടി ലോണെടുത്തോ ചിട്ടി പിടിച്ചോ കാറു വാങ്ങാമെന്നു വച്ചാൽ അത് പാർക്ക് ചെയ്യാനുള്ള നല്ല മുറ്റമോ വീട്ടിലേക്ക് കൊണ്ടുപോകാൻ നല്ല റോഡോ ഇല്ലാത്തവരുണ്ട് ഞങ്ങളുടെ ഇടയിൽ.. എന്തിന് സ്വന്തമായി അടച്ചുറപ്പില്ലാത്ത വീട് പോലും സ്വപ്നത്തിൽ മാത്രം സ്വന്തമായുള്ളവരുണ്ട്.. സ്വന്തം ഭാര്യയുടെ ശവം കൊണ്ടുപോകാൻ ആംബുലൻസ് വിളിക്കാൻ കാശില്ലാത്തതിനാൽ തോളിൽ ചുമന്ന് കിലോമീറ്ററുകൾ നടന്ന ഒരച്ഛനെയും മകളെയും കഴിഞ്ഞ ദിവസം നമ്മൾ കണ്ടതാണ്... ഇത്തരക്കാരും ഞങ്ങൾക്കിടയിലുണ്ട് സാറമാരേ കൊച്ചമ്മമാരേ...
നിങ്ങളുടെ ഉയരത്തിലേക്ക് ഞങ്ങൾ വളരാൻ പ്രയാസമാണ്...അതുകൊണ്ട് നിങ്ങളുടെ കണ്ണുകൾ ഞങ്ങളിലേക്ക് താഴ്തുകയെങ്കിലും ചെയ്യുക...

സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടി മനുഷ്യൻ മനുഷ്യനെ കൊല്ലേണ്ടി വന്ന കേസുകളിൽ മാപ്പു കൊടുത്തതായി കേട്ടിട്ടുണ്ട്... സ്വന്തം ജീവനു ഭീഷണിയാവുന്ന പട്ടികളെ കൊന്നാൽ മാപ്പില്ല..!
ഇന്ത്യ ജനാധിപത്യരാജ്യമാണെന്നാണ് പഠിച്ചിട്ടുള്ളത്.. ജനങ്ങൾ തിരഞ്ഞെടുത്തു വിടുന്ന ജന സേവകർക്ക് മേലെ നാലുകാലും വാലുമുള്ള കൂർത്ത പല്ലുകളുള്ള ഉറക്കെ കുരക്കുന്ന ഒരു പട്ടിയുമുണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു...!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP