Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആൾക്കൂട്ടത്തിൽ വെച്ച് നിരാലംബയായ സ്ത്രീയെ മർദ്ദിച്ച് അവശയാക്കുമ്പോൾ മിണ്ടാതിരിക്കും; അപകടത്തിൽ പരിക്കേറ്റ് ജീവന് വേണ്ടി കേഴുമ്പോൾ തിരിഞ്ഞു നോക്കാതെ നടക്കും; ഉത്തരേന്ത്യയിലെ അക്രമങ്ങളിൽ സോഷ്യൽ മീഡിയയിൽ വാതോരാതെ സംസാരിക്കും; മലയാളി മനസിൽ നിന്നും മനുഷ്യത്വം ചോർന്നുപോകുമ്പോൾ

ആൾക്കൂട്ടത്തിൽ വെച്ച് നിരാലംബയായ സ്ത്രീയെ മർദ്ദിച്ച് അവശയാക്കുമ്പോൾ മിണ്ടാതിരിക്കും; അപകടത്തിൽ പരിക്കേറ്റ് ജീവന് വേണ്ടി കേഴുമ്പോൾ തിരിഞ്ഞു നോക്കാതെ നടക്കും; ഉത്തരേന്ത്യയിലെ അക്രമങ്ങളിൽ സോഷ്യൽ മീഡിയയിൽ വാതോരാതെ സംസാരിക്കും;  മലയാളി മനസിൽ നിന്നും മനുഷ്യത്വം ചോർന്നുപോകുമ്പോൾ

ടി കെ പ്രഭാകരൻ

ലയാളി മനസിൽ അവശേഷിച്ചിരുന്ന മനുഷ്യത്വം പോലും ചോർന്നുപോകുന്നുവെന്നാണ് സമീപദിവസങ്ങളിൽ ആവർത്തിച്ചുണ്ടായ സംഭവങ്ങളോരാന്നും ഓർമിപ്പിക്കുന്നത്. സഹജീവികൾക്കു നേരെയുണ്ടാകുന്ന ക്രൂരതകളും അവർ അനുഭവിക്കുന്ന വേദനകളും പീഡനങ്ങളും നേരിൽ കണ്ടാസ്വദിച്ച് നിർവൃതിയടയുന്ന സമൂഹമായി നമ്മൾ മാറുകയാണെന്ന സന്ദേഹമുയർത്തുകയാണ് കൊച്ചിയിൽ അടുത്തടുത്ത ദിവസങ്ങളിലുണ്ടായ രണ്ട് സംഭവങ്ങളും തൃശൂർ ഇരിങ്ങാലക്കുടയിൽ നടന്ന മറ്റൊരു സംഭവവും.

കൊച്ചി നഗരമധ്യത്തിൽ കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാതെ നോക്കിനിന്ന ആൾക്കൂട്ടവും കൊച്ചിയിലെ വൈപ്പിനിൽ മനോദൗർബല്യമുള്ള വീട്ടമ്മയെ അയൽവാസികളായ സ്ത്രീകൾ ക്രൂരമായി മർദിക്കുമ്പോൾ തടയാതിരുന്ന ജനക്കൂട്ടവും മലയാളികളുടെ മരവിച്ച മനസാക്ഷിയുടെ പ്രതീകങ്ങളാണ്. തൃശൂർ ഇരിങ്ങാലക്കുടയിൽ സഹോദരിയെ അപമാനിച്ചതിനെ ചോദ്യം ചെയ്ത യുവാവിനെ ആൾക്കൂട്ടം നോക്കിനിൽക്കെ ക്രൂരമായി മർദിച്ച സംഭവവും മനുഷ്യത്വമില്ലാത്ത മലയാളിയുടെ സ്വാർത്ഥമനസ് വിചാരണ ചെയ്യപ്പെടാൻ ഇടവരുത്തിയിട്ടുണ്ട്.

മർദനത്തിനിരയായ സുജിത് എന്ന യുവാവ് പിന്നീട് മരണപ്പെടുകയായിരുന്നു. യുവാവിനെ മൃഗീയമായി മർദിക്കുകയായിരുന്ന ആളെ ആൾക്കൂട്ടത്തിൽ നിന്നും ഒരാളെങ്കിലും തടഞ്ഞിരുന്നെങ്കിൽ ആ ചെറുപ്പക്കാരൻ ഇന്നും ഈ ഭൂമുഖത്ത് ജീവിച്ചിരിപ്പുണ്ടാകുമായിരുന്നു. അനീതികൾക്കും അക്രമങ്ങൾക്കുമെതിരെ ഫേസ്‌ബുക്കിലും മറ്റും ഘോരഘോരം പ്രതികരിക്കുകയും വാക്കുകളിലൂടെ കൊന്ന് കൊവലിളിക്കുകയും ചെയ്യുന്ന വീരശൂരപരാക്രമികൾ ആയിരക്കണക്കിനുണ്ട്. എന്നാൽ നേരിൽ കാണുന്ന അതിക്രമങ്ങൾ തടയാനും ജീവനുവേണ്ടി പിടയുന്നവരെ ആശുപത്രിയിലെത്തിക്കാനും ആരുമുണ്ടാകുന്നില്ല എന്നതാണ് അവസ്ഥയെന്നറിയുമ്പോൾ നമ്മളെയോർത്ത് നമ്മൾ തന്നെ ലജ്ജിക്കേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നത്.

ഉയർന്ന ബുദ്ധിയും ചിന്തയും സംസ്‌കാരവുമുണ്ടെന്ന് മേനി നടിക്കുന്ന മലയാളിസമൂഹത്തിൽ നിന്നും ചോർന്നുപോയ്ക്കൊണ്ടിരിക്കുന്ന മഹത്തായ ചില വികാരങ്ങളുണ്ട്. സ്നേഹം, കാരുണ്യം, മനുഷ്യത്വം എന്നീ പേരുകളിലാണ് അത് അറിയപ്പെടുന്നത്. നിർഭാഗ്യവശാൽ മാനുഷികമായ ഈ മൂന്നുഗുണങ്ങളും നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നുവെന്നതിന്റെ തെളിവാണ് കൊച്ചിയിൽ നടന്ന രണ്ടുസംഭവങ്ങളും. നഗരമധ്യത്തിലെ ബഹുനില കെട്ടിടത്തിൽ നിന്നും ചുഴലിയെ തുടർന്ന് തലചുറ്റി താഴെ വീണ് മരണത്തോട് മല്ലടിച്ചുകൊണ്ടിരുന്ന മനുഷ്യനെ ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാതെ നോക്കി നിന്ന ആ ജനക്കൂട്ടം നമ്മുടെ നാട്ടിൽ മനസാക്ഷി അവശേഷിച്ചവരിൽ ഉളവാക്കുന്ന ഉത്ക്കണ്ഠകളും ആശങ്കകളും ഏറെ വലുതാണ്. മനുഷ്യത്വമില്ലാത്തവരും മനസാക്ഷി മരവിച്ചവരുമായ തലമുറയാണ് ഇവിടെ വാർത്തെടുക്കപ്പെട്ടുകൊണ്ടിരിക്കുന്ന തിരിച്ചറിവ് ഭാവിയെ ഏറെ ഭീതിയോടെ നോക്കിക്കാണാനുള്ള സാഹചര്യമാണ് രൂപപ്പെടുത്തിയിരിക്കുന്നത്.

കൊച്ചി പത്മ ജംഗ്ഷനിലെ സ്വകാര്യഹോട്ടലിന്റെ നാലാംനിലയിൽ നിന്നും വീണ സജി ആന്റോ എന്ന നാൽപ്പത്തേഴുകാരൻ റോഡരികിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിലേക്ക് വീഴുകയും അവിടെ നിന്ന് നടപ്പാതയിലേക്ക് പതിക്കുകയുമായിരുന്നു. നിരവധി പേർ ഈ സമയത്ത് സജി വീണുകിടന്ന ഭാഗത്തുണ്ടായിരുന്നുവെങ്കിലും ആരും ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല. സജി ജീവനുവേണ്ടി പിടയുമ്പോൾ അതുനോക്കി ആസ്വദിക്കാനും സെൽഫിയെടുക്കാനും മത്സരിച്ചവർ. കണ്ടിട്ടും കാണാത്തതുപോലെ നടന്നുനീങ്ങിയവർ. എത്തിനോക്കിയ ശേഷം പിന്തിരിഞ്ഞുനടന്നവർ. നിർത്തിയിട്ട ഓട്ടോറിക്ഷ അടക്കമുള്ള വാഹനങ്ങൾ സ്ഥലത്തുനിന്നും നീക്കം ചെയ്ത ശേഷം കാഴ്ചക്കാരായി മാറിയ ഡ്രൈവർമാർ. അങ്ങനെ വ്യത്യസ്ത മേഖലകളിലുള്ള ആളുകളെല്ലാം മനുഷ്യത്വമില്ലായ്മയിൽ ഒറ്റക്കെട്ടാണെന്ന് ബോധ്യപ്പെടുത്തിയ
അഭിശപ്തദിനം.

രക്തം വാർന്ന് മരണത്തോടടുക്കുന്ന മനുഷ്യനെ വീഡിയോയിൽ പകർത്തി ഫേസ്‌ബുക്കിൽ എത്ര ലൈക്കും ഷെയറും നേടാനാകുമെന്ന് ചിന്തിച്ചുകൊണ്ടിരുന്ന മനുഷ്യരൂപമുള്ള ഇരുകാലിമൃഗങ്ങൾക്കിടയിലേക്കാണ് അബഹിഭാഷകയായ അഡ്വ. ആർ രഞ്ജിനി എന്ന അഭിഭാഷക മാലാഖയെ പോലെ കടന്നുവന്നത്. അവിടെ കൂടിനിന്നിരുന്ന നപുംസകജന്മങ്ങളോട് രഞ്ജിനി വീണുകിടക്കുന്നയാളെ ആശുപത്രിയിലെത്തിക്കാൻ അപേക്ഷിച്ചിട്ടുപോലും ആരും ഇത് ഗൗനിച്ചില്ല. ഒടുവിൽ അതുവഴി വന്ന കാർ രഞ്ജിനി തടഞ്ഞുനിർത്തുകയും സജീയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ആ സമയത്ത് രഞ്ജിനി വന്നില്ലായിരുന്നുവെങ്കിൽ ആരും സഹായിക്കാനില്ലാതെ സജി അവിടെ തന്നെ പിടഞ്ഞുമരിക്കുമായിരുന്നു.

വൈപ്പിനിൽ മനോദൗർബല്യമുള്ള സ്ത്രീയെ നാട്ടുകാരികളായ മൂന്നുസ്ത്രീകൾ ചേർന്ന് ക്രൂരമായി മർദിക്കുകയും കാൽവെള്ളയിൽ ചട്ടുകം ചൂടാക്കി പൊള്ളിക്കുകയും ചെയ്ത സംഭവം കാണാൻ നിരവധി ആളുകളാണ് തടിച്ചുകൂടിയത്. മുന്നിൽ നടന്ന ഈ കൊടിയ അനീതിയെ ചെറുക്കാൻ ആരും മുന്നോട്ടുവന്നില്ല. പൊലീസ് പോലും ഈ പ്രശ്നത്തിൽ സ്വീകരിച്ചത് ദയാരഹിതമായ സമീപനമായിരുന്നു. വീട്ടമ്മയുമായുണ്ടായ തർക്കത്തെ തുടർന്ന് നാട്ടുകാരിൽ ചിലർ പൊലീസിൽ പരാതി നൽകിയപ്പോൾ അക്മാസക്തയാകുന്ന സ്ത്രീയെ മുട്ടിന് താഴെ അടിച്ച് കീഴ്പ്പെടുത്താൻ നിർദേശിച്ച പൊലീസിന്റെ വിവരദോഷത്തെ ഓർക്കുമ്പോൾ അമർഷവും സഹതാപവും ഒരുപോലെ തോന്നുന്നു. മാനസികനില ശരിയല്ലാത്തവരോട് കാണിക്കുന്ന അക്രമങ്ങളും ക്രൂരതകളും ഗുരുതരമായ ക്രിമിനൽകുറ്റമാണെന്നിരിക്കെ അത്തരം കുറ്റകൃത്യങ്ങൾ തടയാനും ഇരകൾക്ക് നീതി നൽകാനും ഉത്തരവാദപ്പെട്ട പൊലീസുകാർ തന്നെ കുറ്റത്തിന് പ്രേരണ നൽകുന്ന സ്ഥിതി എത്രമാത്രം ഭയാനകമാണെന്നോർക്കണം.

കേരളത്തിന് പുറത്തുള്ള തിരക്കേറിയ നഗരങ്ങളായ ബാംഗൽരിലും മുംബൈയിലും ആർക്ക് എന്തുസംഭവിച്ചാലും ഒരാളും തിരിഞ്ഞുനോക്കാറില്ലെന്ന് നമുക്കറിയാം. അവിടെ നിന്നും പുറത്തുവരുന്ന വാർത്തകളെല്ലാം അത്തരത്തിലുള്ളതാണ്. പട്ടാപ്പകൽ ഒരാളെ പൊതിരെ തല്ലിയാലും കുത്തിക്കൊന്നാലും അവിടങ്ങളിൽ എത്ര ജനക്കൂട്ടമുണ്ടായാലും തടയാൻ ശ്രമിക്കില്ല. മൃതപ്രായമാക്കി ജനമധ്യത്തിലേക്ക് എറിഞ്ഞുകൊടുത്താലും ആരും ആശുപത്രിയിലെത്തിക്കില്ല. ഇന്ത്യയിലെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലടക്കം ജനക്കൂട്ടത്തിന് മുന്നിൽ എത്രയോ കൊലപാതകങ്ങളും അക്രമങ്ങളും നടക്കുന്നു. ഇതൊക്കെ കേൾക്കുമ്പോൾ മലയാളികൾ സ്വതസിദ്ധമായ പുഛഭാവത്തോടെ പറയുന്ന ഒരു പൊതുവാചകമുണ്ട്. അവിടങ്ങളിലൊക്കെ അങ്ങനെയാണ് നമ്മുടെ കേരളം പോലെയല്ല എന്ന്. അതായത് നമ്മൾ മലയാളികൾ മനുഷ്യത്വമുള്ളവരാണെന്നും ആരെയും തല്ലുന്നതും കൊല്ലുന്നതും നോക്കിനിൽക്കുന്നവരല്ലെന്നും വഴിയിൽ വീണുകിടക്കുന്നവരെ ആശുപത്രിയിലെത്തിക്കുന്നവരും ആണെന്നാണ് ഈ അവകാശവാദത്തിന്റെ അർത്ഥം.

ആപത്തിലകപ്പെടുന്നവരെ സഹായിക്കുന്ന മനസ്ഥിതി കൈവിടാത്ത സാമൂഹികസംസ്‌കാരം സമീപകാലം വരെ നമുക്കുണ്ടായിരുന്നതിനാൽ ഈ അവകാശവാദം എവിടെയും ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. എന്നാൽ ഇനി കരുതിയിരുന്നേ മതിയാകൂ. കാരണം അത്രമേൽ നമ്മുടെയൊക്കെ പൊതുബോധത്തിൽ ആർദ്രത നഷ്ടമായിക്കൊണ്ടിരിക്കുന്നു. എവിടെയും അരക്ഷിതാവസ്ഥയാണെന്നും വീണുപോയാൽ എഴുന്നേൽപ്പിക്കാൻ ഒരുകരം പോലും നീണ്ടുവരില്ലെന്നുമുള്ള മനസിന്റെ ഓർമപ്പെടുത്തലുമായി മാത്രമേ എങ്ങോട്ടും യാത്രപോകാൻ സാധിക്കുകയുള്ളൂ. എല്ലാവരും കയ്യൊഴിയുമ്പോൾ ഒരു രഞ്ജിനി കാരുണ്യത്തിന്റെ വിരൽതുമ്പുമായി എല്ലായിടത്തും ഉണ്ടായിക്കൊള്ളണമെന്നില്ല.

കൊച്ചിയിലുണ്ടായ ആൾക്കൂട്ടനിഷ്‌ക്രിയത്വം കേരളത്തിലെ ഒറ്റപ്പെട്ട സംഭവമല്ല. സംസ്ഥാനത്തെ പലഭാഗങ്ങളിലും സമാനരീതിയിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നാലുമാസം മുമ്പ് കാസർകോട് ജില്ലയിലെ ചെറുവത്തൂരിൽ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റയാളെ
ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാതെ ഈ രംഗം ആൾക്കൂട്ടം മൊബൈലിൽ പകർത്തിയത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. അവസാനം ഏതോ ഒരു വ്യക്തി പരിക്കേറ്റയാളെ തന്റെ വാഹനത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചികിത്സ ലഭിക്കാൻ വൈകിയത് മരണത്തിന് കാരണമാവുകയാണുണ്ടായത്.

മനുഷ്യത്വത്തിന് നിരക്കാത്ത ഇത്തരം പ്രവണതകൾ കേരളീയസമൂഹത്തിൽ വർധിക്കുമ്പോഴും മനുഷ്യനന്മയുടെ ഉദാത്തമായ പ്രതീകങ്ങളായി സമൂഹത്തിൽ പ്രകാശം പരത്തുന്നവരുമുണ്ട്. എന്നാൽ അതുകൊണ്ടുമാത്രമായില്ല. ഏതുസമയത്തും എവിടെയും എന്തും സംഭവിക്കാവുന്ന അവസ്ഥയിൽ ചുറ്റിനും ആളുകളുണ്ടായിട്ടും സഹായം കിട്ടാതെ പോകുന്ന സ്ഥിതിവിശേഷം ഉണ്ടാകാതിരിക്കാനുള്ള മാനവികതാബോധത്തിന്റെ കൂട്ടായ്മകൾ ശക്തിപ്പെടേണ്ടത് അനിവാര്യമാണ്. പൊതു ഇടങ്ങളിലെ ആൾക്കൂട്ടമനസുകളിൽ സഹജീവിസ്നേഹവും മാനുഷികബോധവും ചോർന്നുപോകുന്നുവെങ്കിൽ അത് ഒരിക്കലും അനുവദിക്കപ്പെടാൻ പാടില്ല. കാരണം നാളെ ആർക്കും ഇങ്ങനെയുള്ള അനുഭവമുണ്ടാകാം. ജീവന് വേണ്ടി കേഴുന്ന സഹജീവിയെ അവഗണിച്ചുമുന്നോട്ടുപോകുന്നവർക്കും ഇതുപോലുള്ള സാഹചര്യങ്ങളെ നേരിടേണ്ടിവന്നേക്കാം.

ഒരാൾ വീണുകിടക്കുന്നതുകണ്ടാൽ ഇയാളെ രക്ഷപ്പെടുത്തുന്നതുകൊണ്ട് തനിക്കെന്തുനേട്ടമെന്ന് ചിന്തിച്ച് എല്ലാവരും പിന്തിരിഞ്ഞാൽ ആ സ്വാർത്ഥത പൊതുസ്വഭാവമായി മാറും. അത് അങ്ങനെ ചിന്തിക്കുന്നവരുടെ ജീവിതത്തിലും വിപരീതഫലമുണ്ടാക്കും. അപകടത്തിൽപെടുന്നവരെ
ആശുപത്രിയിലെത്തിച്ചാൽ അത് പിന്നീട് അത് നിയമപ്രശ്നങ്ങൾക്ക് ഇടവരുത്തുമെന്ന ഭയവും സഹായമനസ്ഥിതി ഉപേക്ഷിക്കാൻ സമൂഹത്തിലെ ഭൂരിഭാഗത്തെയും പ്രേരിപ്പിക്കുന്നുണ്ടെന്നത് ഒരു വസ്തുതയാണ്. അക്രമത്തിനിരയാവുകയോ അപകടത്തിൽ പരിക്കേൽക്കുകയോ ചെയ്ത ആളെ ആശുപത്രിയിലെത്തിച്ച് പിന്നീട് ആ വ്യക്തിക്ക് മരണം സംഭവിച്ചാൽ പൊലീസ് വേട്ടയാടുമെന്നും തങ്ങൾ പ്രകതികളാക്കപ്പെടുമെന്നും ചിന്തിക്കുന്നവരും ഇതുപോലുള്ള സന്ദർഭങ്ങളിൽ സ്വന്തം കാര്യം നോക്കുന്ന മാനസികാവസ്ഥയിലെത്തുന്നു. സഹായം നൽകിയതിന്റെ പേരിൽ പൊലീസ് സ്റ്റേഷനും കേസുമായി ജീവിതം തള്ളിനീക്കുന്നതിന്റെ ദുരനുഭവകഥകളായിരിക്കും ഇവരിൽ നിറഞ്ഞുനിൽക്കുക.

ഇവിടെ ഭരണകൂടവും പൊലീസും ഈ വിഷയങ്ങളിൽ പൊതുജനങ്ങളിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകളും ആശങ്കകളും അകറ്റാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. ജനമൈത്രി പൊലീസിനെ ഉപയോഗിച്ച് ഇക്കാര്യത്തിൽ മതിയായ ബോധവത്കരണം നടത്കണം. അപകടത്തിൽപെട്ടവരെയും മറ്റും സഹായിക്കുന്നവർക്ക് ലഭിക്കുന്ന നിയമ പരിരക്ഷയെക്കുറിച്ച് അവബോധമുണ്ടാക്കണം. ഇന്നത്തെ സാഹചര്യത്തിൽ ഈ രീതിയിലുള്ള പ്രവർത്തനങ്ങൾ അത്യന്താപേക്ഷിതമാണ്. കൊച്ചി സംഭവം മറ്റുചില ഓർമപ്പെടുത്തലുകൾ കൂടി നൽകുന്നുണ്ട്.

ബസ് യാത്രക്കിടയിൽ കൈക്കുഞ്ഞുമായി നിൽക്കുന്ന യുവതികൾക്കും വയോധികകൾക്കും സ്ത്രീകൾ സീറ്റ് ഒഴിഞ്ഞുകൊടുക്കാത്തതിനെ പുരുഷസമൂഹം വിമർശിക്കാറുണ്ട്. പുരുഷന്മാരുടെ അത്ര ദയ പോലും സ്ത്രീകൾക്കില്ലെന്ന് ഉദാഹരിക്കാൻ ഇക്കാര്യം പേർത്തും
പേർത്തും പറയാറുണ്ട്. എന്നാൽ ഒട്ടേറെ പുരുഷന്മാർ കാഴ്ചക്കാരായി നിന്നപ്പോഴാണ് വീണുപരിക്കേറ്റ് മരണാസന്നനായി കിടന്ന ആളെ രക്ഷിക്കാൻ ഒരു സ്ത്രീ മുന്നോട്ടുവന്നത് എന്നറിയുമ്പോൾ പുരുഷസമൂഹത്തോട് ചോദിക്കാനുള്ള ചോദ്യം ഇതാണ്...നാണമില്ലേ...പുരുഷന്മാരെന്ന് അഭിമാനിച്ച് നടക്കാൻ..തലകുനിക്കണം നിങ്ങൾ..ആദർശധീരയായ ആ സ്ത്രീയുടെ മാനവികബോധത്തിനും ഇഛാശക്തിക്കുംന്നിൽ..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP