Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഹരീഷിന്റെ കുടുംബത്തെയും കുട്ടികളെയും തിരഞ്ഞു പിടിച്ചു ഹിന്ദുത്വ ശക്തികൾ നടത്തിയ സൈബർ ആക്രമണം നീചം; പെരുമാൾ മുരുകന് എഴുത്തു നിർത്തേണ്ട സാഹചര്യം അനായാസം സഹ്യന് ഇപ്പുറത്തേക്ക് കടന്നുവന്നിരുക്കുന്നു; ഇനി ഒന്നിനും കേരളത്തെ തൊട്ടു ആണയിടാൻ ഞാനില്ല: ടി ടി ശ്രീകുമാർ എഴുതുന്നു

ഹരീഷിന്റെ കുടുംബത്തെയും കുട്ടികളെയും തിരഞ്ഞു പിടിച്ചു ഹിന്ദുത്വ ശക്തികൾ നടത്തിയ സൈബർ ആക്രമണം നീചം; പെരുമാൾ മുരുകന് എഴുത്തു നിർത്തേണ്ട സാഹചര്യം അനായാസം സഹ്യന് ഇപ്പുറത്തേക്ക് കടന്നുവന്നിരുക്കുന്നു; ഇനി ഒന്നിനും കേരളത്തെ തൊട്ടു ആണയിടാൻ ഞാനില്ല: ടി ടി ശ്രീകുമാർ എഴുതുന്നു

ടി ടി ശ്രീകുമാർ

സംഘപരിവാർ ഉയർത്തിയ അന്ത:സാര ശൂന്യവും സംസ്‌കാര വിരുദ്ധവുമായ അക്രമ- അവഹേളനങ്ങളുടെ കടുത്ത ഭീഷണിയെത്തുടർന്ന് യുവ എഴുത്തുകാരൻ എസ്.ഹരീഷ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരണം ആരംഭിച്ച തന്റെ നോവൽ നോവൽപിൻവലികാൻ നിബദ്ധിതനായ സാഹചര്യം സമാനമായ പശ്ചാത്തലത്തിൽ തമിഴ് നാട്ടിലെ എഴുത്തുകാരൻ പെരുമാൾ മുരുഗന് സംഭവിച്ചതിനേക്കാൾ ഗൗരവതരമായ അവസ്ഥയാണ് കേരളത്തിൽ നിലനിൽക്കുന്നതെന്ന് വെളിവാക്കിയിരിക്കുകയാണ്. ഹരീഷിന്റെ കുടുംബത്തെയും കുട്ടികളെയും തിരഞ്ഞു പിടിച്ചു സൈബർ ആക്രമണത്തിന് വിധേയരാക്കി ഹിന്ദുത്വ ശക്തികൾ നടത്തിയ നീചമായ ആക്രമണമാണ് അദ്ദേഹത്തെ നോവൽ പിൻവലിക്കാൻ പ്രേരിപ്പിച്ചത്. പെരുമാൾ മുരുഗന് തന്റെ എഴുത്തു നിര്ത്തുന്നു എന്ന് പ്രഖ്യാപിക്കേണ്ടി വന്ന സാഹചര്യം ദക്ഷിണേന്ത്യയിൽ പടരുന്ന പരിവാർ രാഷ്ട്രീയത്തിന്റെ അക്ഷര വിരുദ്ധതയുടെതായിരുന്നു. സഹ്യന് ഇപ്പുറത്തേക്ക് അനായാസം അത് കടന്നു വന്നിരിക്കുന്നു.

ഹരീഷ് സർഗ്ഗധനനായ ഒരു എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ കഥകൾ കേരള ചരിത്രത്തിലെ സങ്കീർണ്ണമായ ഏടുകളിൽ നിന്ന് രാഷ്ട്രീയോർജ്ജം നേടുന്നവയാണ്. പുതിയ കാലത്തിന്റെ മനസ്സിൽ കാലൂന്നിക്കൊണ്ടാണ് തന്റെ ചരിത്ര വായനകൾ ഹരീഷ് നിർവഹിച്ചിട്ടുള്ളത്. ഏതാണ്ട് ഒരു ദശാബ്ദത്തിനു മുൻപ് ഞാൻ എഴുതിയ 'ജാതിയുടെ ഭാവി രസവിദ്യകൾ' എന്ന ലേഖനം അവസാനിപ്പിച്ചത് ആയിടെ പ്രസിദ്ധീകരിച്ച ഹരീഷിന്റെ ഒരു കഥയിൽ നിന്ന് ഒരു ഭാഗം ഉദ്ധരിച്ചു കൊണ്ടായിരുന്നു. അക്കാലത്ത് തന്നെ അദ്ദേഹം വലിയ ഉൾക്കാഴ്ചകൾ ഉള്ള എഴുത്തുകാരൻ എന്ന നിലയിൽ എന്റെ ശ്രദ്ധയിൽ പെടുകയും കഥാസാഹിത്യത്തിൽ അദ്ദേഹത്തിന്റെ വ്യക്തമായ സാന്നിദ്ധ്യം ഞാൻ തിരിച്ചറിയുകയും ചെയ്തിരുന്നു.

അദ്ദേഹത്തിനെതിരെ ഇപ്പോൾ ഉണ്ടായ ആക്രമണം വായനയുടെ കേവലമായ പരിമിതിയിൽ നിന്നുണ്ടായ തെറ്റിദ്ധാരണയുടെ പേരിലാണ് എന്ന് ഞാൻ കരുതുന്നില്ല. അത്തരം തെറ്റിദ്ധാരണകൾഉണ്ടായിട്ടുള്ളവർ ഉണ്ടാകാം. പക്ഷെ ഇതുണ്ടായത് മത വിഭാഗീയതയുടെ രാഷ്ട്രീയം ശക്തിപ്പെടുത്താൻ പഴുതുകൾ നോക്കി നടക്കുന്ന ഹിന്ദുത്വ തന്ത്രത്തിന്റെ ഗവേഷണ ശാലയിൽ നിന്നാണ്. വലിയൊരു കാന്വാസ്സിലേക്ക് വികസിക്കുന്ന ഒരു നോവലിന്റെ ആദ്യ അദ്ധ്യായത്തിൽ രണ്ടു കഥാപാത്രങ്ങൾ തമ്മിലുള്ള ചെറിയൊരു സംഭാഷണ ശകലത്തിൽ പിടിച്ചു തൂങ്ങിക്കിടന്നുകൊണ്ട് ദിവസങ്ങളോളം കൊലവിളികൾ ഉയർത്തിയ സംഘദുര്‌ബോധം നമ്മുടെ നൈതികാവബോധത്തെയും സാംസ്‌കാരികതയേയും ജനാധിപത്യ വിരുദ്ധതയുടെ പാതാളക്കിണറ്റിറിലേക്ക് ചവിട്ടി വീഴ്‌ത്തിയിരിക്കുകയാണ്.

കേരളത്തെ തൊട്ടു ആണയിടാൻ ഞാനില്ല. കാരണം എന്റെ ജീവിതകാലത്ത് എന്റെ കണ്മുന്നിൽ ആണ് ഈ മാറ്റങ്ങൾ ഉണ്ടായത്. എൺപതുകളിൽ ഭഗവാൻ കാലു മാറുന്നു എന്ന നാടകത്തിനെതിരെ നടന്ന ഹിന്ദുത്വ ആക്രമണങ്ങളിൽ ആക്രമണങ്ങളിൽ പ്രതിഷേധിച്ചു ആരംഭിച്ച സംഘ പരിവാർ വിരുദ്ധ രാഷ്ട്രീയമാണ് എന്റേത്. കൂടുതൽ കൂടുതൽ ആ ശക്തിക്ക് മുന്നിൽ ഈ ചെറിയ പ്രദേശം വഴങ്ങികൊടുക്കുന്നത് കണ്ടുകൊണ്ടുതന്നെയാണ് ഞാൻ എന്റെ രാഷ്ട്രീയബോദ്ധ്യങ്ങളെ ദൃഡപ്പെടുത്തിയത്. ഇന്നത് ഒരു യുവ എഴുത്തുകാരനെക്കൊണ്ട് അയാളുടെ തങ്ങൾക്കിഷ്ടമില്ലാത്ത ഒരു കൃതി പിൻവലിപ്പിക്കാൻ ശക്തി നേടിയിരിക്കുന്നു.

ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഓരോ മനുഷ്യരും ഞടുങ്ങേണ്ട സന്ദർഭം ആണിത്. ശക്തമായ പ്രതിഷേധം എല്ലാ രംഗത്തുനിന്നും ഇക്കാര്യത്തിൽ ഉണ്ടാവുമെന്ന് ഞാൻ കരുതുകയാണ്. ജീവനും അഭിപ്രായ സ്വാതന്ത്ര്യത്തിനും എന്തെങ്കിലും വില കല്പിക്കുന്നുന്‌ടെങ്കിൽ ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കൂടിയായ ആഭ്യന്തര മന്ത്രി എത്രയും പെട്ടെന്ന് ഹരീഷിനെയും വീട്ടുകാരെയും സന്ദർശിക്കുകയും ഇത്രയും ഹീനമായ ആക്രമണം ഒരു എഴുത്തുകാരനെതിരെ ഉണ്ടായപ്പോൾ ചെറു വിരൽ പോലും അനക്കാതെ തലപൂഴ്‌ത്തിയിരുന്ന തന്റെ പൊലീസിനോട് കാരണം ചോദിക്കുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP