Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓപ്പറേഷന്റെ ചിത്രങ്ങൾ എങ്കിലും ഉണ്ടോ? കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ എവിടെ? പിടിച്ചെടുത്ത ആയുധങ്ങൾ എവിടെ? ഉറിയിലെ മുറിവുണക്കാൻ ഇന്ത്യ കെട്ടിച്ചമച്ച കള്ളക്കഥയാണ് സർജിക്കൽ ഓപ്പറേഷൻ എന്നു തെളിയിക്കാൻ അന്താരാഷ്ട്ര സംഘത്തെ ആക്രമിക്കപ്പെട്ടെന്നു പറയുന്ന കേന്ദ്രങ്ങളിൽ എത്തിച്ചു പാക്കിസ്ഥാൻ

ഓപ്പറേഷന്റെ ചിത്രങ്ങൾ എങ്കിലും ഉണ്ടോ? കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ എവിടെ? പിടിച്ചെടുത്ത ആയുധങ്ങൾ എവിടെ? ഉറിയിലെ മുറിവുണക്കാൻ ഇന്ത്യ കെട്ടിച്ചമച്ച കള്ളക്കഥയാണ് സർജിക്കൽ ഓപ്പറേഷൻ എന്നു തെളിയിക്കാൻ അന്താരാഷ്ട്ര സംഘത്തെ ആക്രമിക്കപ്പെട്ടെന്നു പറയുന്ന കേന്ദ്രങ്ങളിൽ എത്തിച്ചു പാക്കിസ്ഥാൻ

അഡ്വ. ശ്രീജിത്ത് പെരുമന

സെപ്റ്റംബർ 28/29 രാത്രി പുലർന്നത് ഓരോ ഇന്ത്യക്കാരന്റെയും മനം കുളിർപ്പിച്ചു കൊണ്ടാണ്. ഉറിയിലേറ്റ മുറിവിനു മുതലും പലിശയുമടക്കം തിരികെ നൽകി പാക്കിസ്ഥാന്റെ ഭൂമിയിൽ ഇത്യൻ സൈന്യത്തിലെ പാരാ കമാൻഡോ സംഘം മിന്നലാക്രമണം നടത്തി 38 ഓളം തീവ്രവാദികളെ കൊന്നു എന്ന വാർത്ത DGMO ലെഫ്റ്റനന്റ് ജനറൽ രൺബീർ സിങ് അറിയിക്കുമ്പോൾ ഒരു യുദ്ധം ജയിച്ച പ്രതീതിയായിരുന്നു ഒരു ജനതയ്ക്ക്.

ഇന്ത്യ എന്ന പരമാധികാരത്തിനേറ്റ കടുത്ത പ്രഹരമായിരുന്നു ജമ്മു കശ്മീരിലെ ഉറിയിൽ സൈനിക കേന്ദ്രത്തിൽ ഭീകരർ നടത്തിയ തീവ്രാവാദി ആക്രമണം. 20 സൈനികരാണ് ആക്രമണത്തിൽ മരണപ്പെട്ടത്. ഉറിയിൽ സംഭവിച്ച സുരക്ഷാ വീഴ്ച അക്ഷരാർത്ഥത്തിൽ കാശ്മീരിനെ രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെ മൂർധന്യത്തിൽ എത്തിക്കുകയായിരുന്നു.

വിഘടന വാദികളും , തീവ്രവാദികളും തോളോടുതോൾ ചേർന്ന് ആക്രമണങ്ങൾ ആസൂത്രണം ചെയ്തു. സൈന്യവുമായി നിരന്തരം പോരാട്ടങ്ങൾ തെരുവുകൾ കലാപ ഭൂമിയായി. ബോംബുകൾക്കും ഷെല്ലുകൾക്കും ഇടയിൽ സാധാരണ ജനജീവിതം ഭീതിമുനയിലായി. നിഴൽ യുദ്ധങ്ങളുടെ തലച്ചോറായ പാക്കിസ്ഥാൻ തങ്ങളുടെ കാലങ്ങളായുള്ള കാശ്മീരിനെ സ്വന്തമാക്കുക എന്ന സ്വപ്നത്തിന് നയതന്ത്രങ്ങൾക്കപ്പുറം തീവ്രവാദ തന്ത്രങ്ങൾ മെനഞ് കാത്തിരിക്കുകയായിരുന്നു.

എന്നാൽ ഉറിയിലേറ്റ മുറിവ് കശ്മീർ മുതൽ കന്യാകുമാറിവരെയുള്ള ജനതയ്ക്കു തീരാവേദനയായ് മാറുകയും പിന്നീട് ഭരണകൂടത്തിന് രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് ഡൽഹിയിലെ ഭരണ കേന്ദ്രത്തിലേക്ക് ആളിപ്പടരുകയായും ചെയ്യുന്ന കാഴ്ചകളാണ് നാം കണ്ടത് . വികലമായ വിദേശ നയങ്ങളുടെയും, പാക്കിസ്ഥാനെതിരായ മൃദു സമീപനങ്ങളുടെയും പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ അസ്ഥിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടു എന്നുപോലും വിലയിരുത്തുന്ന ഘട്ടങ്ങളിലേക്ക് കാര്യങ്ങൾ എത്തുകയായിരുന്നു. പ്രതിപക്ഷത്തായിരുന്നപ്പോൾ കശ്മീർ വിഷയത്തിൽ മോദി കൈക്കൊണ്ട നിലപാടുകൾ നവ മാദ്ധ്യമങ്ങളിലൂടെ ഏറെ ചർച്ച ചെയ്യപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്തു. ദേശസ്‌നേഹത്തിനേറ്റ കാര്യത്തിൽ കക്ഷി രാഷ്ട്രീയ താത്പര്യങ്ങൾക്കുമപ്പുറം ജനങ്ങൾ ഒന്നാണെന്ന് ഭരണകൂടങ്ങൾക്ക് ബോധ്യപ്പെടുകയും ചെയ്തു.

ഈ തിരിച്ചറിവിൽ നിന്നുമാണ് പാക്കിസ്ഥാനെ തിരിച്ചടിക്കണം എന്ന തീരുമാനം ഉടലെടുക്കുന്നത്. എന്നാൽ സമാധാനത്തിന്റെ സന്ദേശവാഹകരായ ഗാന്ധിജിയുടെ പിന്മുറക്കാർക്ക് കാര്യങ്ങൾ ഒരു യുദ്ധമുഖത്തേക്ക് കൊണ്ടുചെന്നെത്തിക്കാൻ സാധിക്കുമായിരുന്നില്ല. ഒരു ശത്രുവിനെയും, ശത്രുരാജ്യങ്ങളെയും ആദ്യം ആക്രമിക്കുകയില്ല എന്ന സഹിഷ്ണുതയ്യാർന്ന പ്രഖ്യാപിത നയമാണ് നമുക്കുള്ളത് എന്നറ്റും സാഹചര്യങ്ങളെ വിലയിരുത്തുമ്പോൾ നാം കണക്കിലെടുക്കേണ്ടതുണ്ട്.

പൊതു സമൂഹത്തിന്റെ തിരിച്ചറിവും, സംതൃപ്തിയും ഒരു രാജ്യത്തിന്റെ ജനാധിപത്യ നിലനിൽപ്പിനു അത്യന്താപേക്ഷിതമാണ്. അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റാൻ രാജ്യത്തെ പരമോന്നത നീതിപീഠം ഉത്തരവിട്ടത് പൊതുബോധത്തെ സംതൃപ്തപ്പെടുത്താൻ വേണ്ടികൂടിയാണ് എന്നത് വിധിന്യായത്തിൽപോലും എടുത്തു പറയുന്നതിന് നാം സാക്ഷികളാകേണ്ടിവന്നിട്ടുണ്ട്. കശ്മീർ വിഷയത്തിൽ പൊതുവിലും, ഉറി ആക്രമണത്തിന് ശേഷം പ്രത്യേകിച്ചും ഭാരതീയ സമൂഹത്തിന്റെ പൊതു ബോധം പാക്കിസ്ഥാനെതിരായ കടുത്ത നിലപാടുകളിലാണ്. സൈന്യത്തിന്റെ ആത്മവീര്യം കൂട്ടുന്നതിനും നാടിന്റെ സുരക്ഷയ്ക്കുമായി പാക്കിസ്ഥാനെ അതിർത്തി കടന്നു ആക്രമിക്കാൻ ഡൽഹി ചിന്തിച്ചതും അത്തരം ഒരു സാഹചര്യത്തിലായിരുന്നു. വിജയകരമായി ദൗത്യം പൂർത്തിയാക്കി സർജ്ജിക്കൽ ഓപ്പറേഷനിലൂടെ 7 തീവ്രവാദ ക്യാമ്പുകൾ നശിപ്പിക്കുകയും, 38 ഓളം തീവ്രവാദികളെയും രണ്ടു പാക്കിസ്ഥാൻ സൈനികരെയും വധിച്ചു എന്നായിരുന്നു സൈനിക മേധാവിൽ രാജ്യത്തോട് പറഞ്ഞത്. ദേശസ്‌നേഹത്തിൽ ഉടലെടുത്ത പാക്കിസ്ഥാനെതിരായ ആത്മരോഷം ആളിക്കത്തുമ്പോൾ വന്ന തിരിച്ചടിയുടെ വാർത്തകൾ അതുകൊണ്ടു തന്നേ രാജ്യത്തുടനീളം ആഘോഷിക്കപ്പെട്ടു. കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ നേതാക്കളും മോദിയെയും സൈന്യത്തെയും മുക്തകണ്ഠം പ്രശംസിച്ചു. മുഖ്യധാരാ മാദ്ധ്യമങ്ങളും നവ മാദ്ധ്യമങ്ങൾ സൈന്യത്തെയും ഇന്ത്യയുടെ കഴിവിനെയും വാഴ്‌ത്തി പാടി. യുദ്ധം വന്നാലും പേടിയില്ല എന്ന പ്രഖ്യാപനങ്ങൾ പല കോണുകളിലും ഉയർന്നു പൊങ്ങി. ഉടൻ യുദ്ധമുണ്ടാകുമെന്നും ഇന്ത്യ യുദ്ധത്തിനായി തയ്യാറെടുത്തു എന്നൊക്കെയുള്ള കഥകൾ കാട്ടു തീയായ് പടർന്നു. എന്നാൽ സംഭവത്തെ കുറിച്ച് പക്വമായാണ് ഔദ്യോദിക പാക്കിസ്ഥാൻ പ്രതികരണം ഉണ്ടായത്. അതിർത്തി കടന്നു സ്വന്തം രാജ്യത്തു വന്നു ശത്രുരാജ്യം നടത്തിയ ആക്രമണത്തെ നയതന്ത്രങ്ങളിലെ പ്രത്യയ ശാസ്ത്രങ്ങൾ ഉയർത്തികാണിച്ചു ഒരു ആണവ രാജ്യം പ്രതിരോധിച്ചത് ഏറെ ശ്രദ്ധേയമാണ്. ബ്രിട്ടനും അമേരിക്കയും റഷ്യയുമെല്ലാം ഇന്ത്യയെ അഭിനന്ദിച്ചു എന്ന് പറയുമ്പോഴും അടിസ്ഥാനപരമായി തീവ്രവാദ വിഷയങ്ങളും, രാജ്യാന്തര അതിർത്തി പ്രശ്‌നങ്ങളും അന്താരാഷ്ട്ര വേദികളിൽ പരിഹാരമില്ലാത്ത നിലനിൽക്കുന്നതിനു കാരണം ഈ രാഷ്ട്രങ്ങളുടെ നിലപാടുകളും കച്ചവട താത്പര്യങ്ങളും തന്നെയാണ്. തീവ്രവാദത്തിനെതിരെ മഹായുദ്ധം പ്രഖ്യാപിക്കുകയും എന്നാൽ അതേ തീവ്രവാദികൾക്ക് പിൻവാതിലിലൂടെ ആണവായുധം ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങളും, പരിശീലനവും നൽകി കലാപത്തിന് തയ്യാറാക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാർന്ന നയതന്ത്രങ്ങളാണ് പല സാമ്രാജ്യത്വ രാജ്യങ്ങളും കാലങ്ങളായി സ്വീകരിച്ചു പോന്നിട്ടുള്ളത്. സർജിക്കൽ സ്‌ട്രൈക്ക് നടത്തിയെന്ന വാർത്തയ്ക്കു അന്താരാഷ്ട്ര സമൂഹത്തിൽ ലഭിച്ച സ്വീകാര്യതയ്ക്ക് പിന്നിലും അത്തരം ഒരു ഇരട്ടത്താപ്പ് ഒളിച്ചിരിപ്പുണ്ട് എന്നതിൽ സംശയമേതുമില്ല.

ഈ സാഹചര്യങ്ങൾക്കിടയിലാണ് ഇന്ത്യ നടത്തിയ മിന്നലാക്രമണം ഭംഗിയായി കെട്ടിച്ചമച്ച നുണയാണെന്നാണ് പാക്കിസ്ഥാന്റെ വാദങ്ങൾ ആഗോളതലത്തിൽ വാർത്തയാകുന്നത്.
ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താൻ അന്താരാഷ്ട്ര മാദ്ധ്യമ പ്രവർത്തകരും, നയതന്ത്ര ഉദ്യോഗസ്ഥരും, ഐകരാഷ്ട്ര സഭാ ഉദ്യോഗസ്ഥരും, വിവിധ പ്രാദേശിക ഭരണകർത്താക്കളും ഉൾപ്പെടെ 380 ഓളം അംഗങ്ങൾ ഉൾപ്പെടുന്ന വൻ സംഘത്തെ ഇന്ത്യ ആക്രമണം നടത്തി എന്ന് പറയുന്ന 7 കേന്ദ്രങ്ങളിൽ നേരിട്ടു എത്തിച്ചു കാര്യങ്ങൾ വിശദീകരിച്ചു. റോയിട്ടേഴ്സ്, സി എൻ എൻ , ബി ബി സി, വാഷിങ്ടൺ ടൈമ്‌സ് തുടങ്ങിയ അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ 50 ലധികം പ്രതിനിധികൾ സംഘത്തിലുണ്ടായിരുന്നു. ടൂറിസ്റ്റു ബസ്സുകളിലും ഹെലികോപ്ടറിലുമായാണ് സംഘങ്ങളെ നേരിട്ട് വിവിധ സ്ഥലങ്ങളിൽ എത്തിച്ചത്. ഡയറക്ടർ ജനറൽ ഓഫ് ഇന്റർ സർവീസ് പബ്ലിക് റിലേഷൻ ലഫ്റ്റനന്റ് ജനറം അസീം ബജ്വാ ലൈൻ ഓഫ് കൺട്രോളിനു സമീപത്തെ ആർമി ക്യാമ്പിൽ വച്ച് ഇക്കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു.

പാക് അധീന കശ്മീരിലെ ലിപാ, തട്ടാപാനി, കേൽ, ബിംപേർ, ബഗ്സർ, മണ്ടോൽ തുടങ്ങിയ സ്ഥലങ്ങളിൽ സംഗം മണിക്കൂറുകളോളം നേരിട്ട് നിരീക്ഷണം നടത്തി. വെടിവയ്‌പ്പിന്റെ സൂചനക്കല്ലാതെ ഒരു മിലിട്ടറി ഓപ്പറേഷൻ നടന്നതിന്റെ യാതൊരു തെളിവുകളും ലക്ഷണങ്ങളും കാണാൻ സാധിച്ചിട്ടില്ല എന്ന് ഇസ്‌ളാമാബാദിൽ തിരിച്ചെത്തിയ മാദ്ധ്യമ പ്രവർത്തകർ ഉൾപ്പെടുന്ന സംഘം വ്യക്തമാക്കി. കൂടാതെ ഈ പ്രദേശങ്ങളിലെ ജനങ്ങളുമായും മാദ്ധ്യമ പ്രവർത്തകർ സംസാരിച്ചെങ്കിലും മിലിട്ടറി ഓപ്പറേഷൻ നടന്നിട്ടില്ല എന്നാണു പ്രദേശ വാസികളും വ്യക്തമാക്കിയത്.

 

ഇന്ത്യയുടെ വാദം ശരിവയ്ക്കുന്നതിനു എന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ അത് പുറത്തു വിടണമെന്നും പാക്കിസ്ഥാൻ ഔദ്യോദികമായി തന്നെ ഇന്ത്യയെ വെല്ലുവിളിച്ചു. മിന്നലാക്രമണം എന്നതു ഇന്ത്യയുടെ കള്ള പ്രചാരണമാണെന്ന് പാക്കിസ്ഥാൻ വാദിക്കുന്നത് ഇങ്ങനെ.

1. സർജിക്കൽ ഓപ്പറേഷൻ നടത്തിയിട്ടുണ്ടെങ്കിൽ എന്തെങ്കിലും തെളിവുകൾ പുറത്തു വിടുക ? ചിത്രങ്ങൾ , വീഡിയോകൾ അല്ലെങ്കിൽ എന്തെങ്കിലും ഒരു തെളിവെങ്കിലും ഹാജരാക്കുക ?

2. കൊല്ലപ്പെട്ട തീവ്രവാദികളുടെ മൃദദേഹങ്ങൾ എവിടെ ?

3. ഓപ്പറേഷനിൽ പിടിച്ചെടുത്ത ആയുധങ്ങൾ എവിടെ ?

4. 5 മണിക്കൂറിനുള്ളിൽ മറ്റൊരു രാജ്യത്തു വന്ന് പാക്കിസ്ഥാന്റെ സൈനിക പോസ്റ്റുകളും, ആയുധ വിന്യാസങ്ങളും മറികടന്ന്, പ്രദേശത്തു ജീവിക്കുന്ന ജനങ്ങളുടെ കണ്ണിൽ പെടാതെ 38 ആളുകളെ വധിച്ച് ഒരു പോറൽ പോലുമേൽക്കാതെ എങ്ങനെ തിരിച്ചു പോകും ?

5. കുന്നും മലകളും നിറഞ്ഞ അതീവ ദുർഘടം പിടിച്ച ഭൂപ്രദേശത്തു ഹെലികോപ്റ്ററിൽ വന്ന് ഇറങ്ങി റഡാറിന്റെയും സൈന്യത്തിന്റെയും കണ്ണിൽ പെടാതെ എങ്ങനെ മിലിട്ടറി ഓപ്പറേഷൻ നടത്താൻ കഴിയും ?

6. മി 17 ഹെലികോപ്റ്ററിൽ നിന്നും പാര ട്രൂപ്പ് താഴെ ഇറങ്ങിയെങ്കിലും തിരിച്ചു കയറിയത് എങ്ങനെ ? വലിയ ശബ്ദത്തിൽ പറക്കുന്ന ഹെലികോപ്ടറിന്റെ ശബ്ദം ആരും കേൾക്കാത്തത് എന്തുകൊണ്ട് ? കോപ്ടർ ലാൻഡ് ചെയ്‌തെങ്കിൽ എവിടെ ?

7. ഓപ്പറേഷൻ നടത്തി 24 മണിക്കൂറിനു ശഷമാണ് മാദ്ധ്യമങ്ങൾ അറിയുന്നത് അതും ഒരു കടലാസിൽ എഴുതി വായിച്ചപ്പോൾ ? സ്‌പോട്ട് റിപ്പോർട്ടും തെളിവുകളും എവിടെയും ഇല്ല ?

8. ഓപ്പറേഷൻ നടന്ന സ്ഥലം നേരിട്ടു സന്ദർശിച്ച അന്താരാഷ്ട്ര മാദ്ധ്യമ പ്രവർത്തകരും, മാദ്ധ്യമ സ്ഥാപനങ്ങളും ഒരേ സ്വരത്തിൽ പറയുന്നു മിലിട്ടറി ഓപ്പറേഷൻ നടന്നതിന്റെ യാതൊരു തെളിവുകളും ഇല്ല എന്ന് ?

9. 208000 പാക് സൈനിക ട്രൂപ്പുകളെ വിന്യസിച്ചിട്ടുള്ള പ്രദേശങ്ങളിലാണ് ആരും കാണാതെ 5 മണിക്കൂറിനുള്ളിൽ വന്ന് ആക്രമണം നടത്തിപ്പോയത് ഇത് അസാധ്യമാണെന്ന് സഥലം സന്ദർശിച്ച ഐക്യരാഷ്ട്ര സഭാ അധികൃതർ വിലയിരുത്തുന്നു.

10. പ്രദേശ വാസികളും ലോക്കൽ ഭരകൂടവും ഒന്നും അറിഞ്ഞില്ല എന്ന് എന്താ രാഷ്ര മാദ്ധ്യമങ്ങൾക്കു മുന്നിൽ വ്യക്തമാക്കുന്നു ?

ഇക്കാര്യങ്ങൾ ജനറൽ ബജ്വ തന്നെ മാദ്ധ്യമങ്ങളോട് വിശദീകരിക്കുന്നതിന്റ വീഡിയോ സഹിതം പാക്കിസ്ഥാൻ ദിനപത്രമായ ഡോൺ റിപ്പോർട് ചെയ്യുന്നു.

അന്താരാഷ്ട്ര സമൂഹത്തിനു മുൻപിൽ പാക്കിസ്ഥാൻ ഉന്നയിക്കുന്ന ചോദ്യങ്ങൾ പ്രസക്തമാകുന്നുണ്ട് എന്നതിൽ സംശയമില്ല. സൈനിക ശക്തിയിലും ആയുധ ബലത്തിന്റെ കാര്യത്തിലും പാക്കിസ്ഥാനെക്കാൾ ഏറെ മുന്നിൽ നിൽക്കുന്ന ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന് ഇത്തരത്തിൽ ഒരു കള്ളം പ്രചരിപ്പിക്കേണ്ട കാര്യമില്ല എന്നത് ചേർത്ത് വായിക്കുമ്പോഴും നയതന്ത്രങ്ങളിലെ രാഷ്ട്രീയവും ദുരൂഹതകളും ചോദ്യചിഹ്നങ്ങളായി നമുക്ക് മുൻപിൽ നിലനിക്കുന്നു.
പാക്കിസ്ഥാനെപ്പോലെ തീവ്രാവാദ സഹൃദ രാജ്യം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിനുമേൽ ഉയർത്തുന്ന സംശയങ്ങളുടെ ചെറു നിഴലുപോലെ നമ്മുടെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും മങ്ങലേൽപ്പിക്കുമെന്നതിനാൽ എത്രയും പെട്ടന്ന് ഒരു വ്യക്തത സർജ്ജിക്കൽ ഓപ്പറേഷനുമായ ഉണ്ടാകണം എന്ന് പ്രത്യാശിക്കുന്നു.

  • സുപ്രീം കോടതി അഭിഭാഷകൻ ശ്രീജിത്ത് പെരുമന അൽജസീറ, ഡോൺ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ലേഖനമാണിത്. ഇതു മറുനാടൻ മലയാളിയുടെ അഭിപ്രായമല്ല- എഡിറ്റർ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP