Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചേരിപ്പോര് ആം ആദ്മിക്കും വിനയാകുമോ? ഡൽഹിയിലെ തൂത്തുവാരൽ രാജ്യം മുഴുവൻ വ്യാപിപ്പിക്കാൻ ശ്രമിച്ച പാർട്ടിക്ക് തൊഴുത്തിൽക്കുത്ത് പാരയാകുന്നു: നിർണായക കാലഘട്ടത്തിലൂടെ ആപ്പിന്റെ യാത്ര ഇങ്ങനെ

ചേരിപ്പോര് ആം ആദ്മിക്കും വിനയാകുമോ? ഡൽഹിയിലെ തൂത്തുവാരൽ രാജ്യം മുഴുവൻ വ്യാപിപ്പിക്കാൻ ശ്രമിച്ച പാർട്ടിക്ക് തൊഴുത്തിൽക്കുത്ത് പാരയാകുന്നു: നിർണായക കാലഘട്ടത്തിലൂടെ ആപ്പിന്റെ യാത്ര ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ഴിമതിക്കെതിരെ പടവാളെടുത്ത അരവിന്ദ് കെജ്രിവാൾ ചൂലുമായി ഡൽഹിയിൽ ഇറങ്ങി. ആരും പ്രതീക്ഷിക്കാത്തത് ചൂലുമായി ഡൽഹിയിൽ അരവിന്ദ് കെജ്രിവാൾ ഡൽഹിയിൽ യാഥാർത്ഥ്യമാക്കി. പതിവ് രാഷ്ട്രീയ രീതികൾ തന്റെ ആം ആദ്മി പാർട്ടിയിലുണ്ടാകില്ലെന്ന് പ്രഖ്യാപിച്ച് തന്നെയാണ് യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണുമൊത്ത് കെജ്രിവാൾ ആം ആദ്മി പാർട്ടിയുണ്ടാക്കിയത്. ഡൽഹിയിലെ ഭാവി നേതാവായി കെജ്രിവാളിനെ ഉയർത്തിക്കാട്ടിയത് യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണും തന്നെയായിരുന്നു. പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് ഇരുവരും മാറി നിൽക്കുകയും ചെയ്തു. പക്ഷേ ആം ആദ്മി അധികാരത്തിലെത്തിയതോടെ എല്ലാം മാറി മറിഞ്ഞു. പഴയ സുഹൃത്തുക്കൾ ശത്രുക്കളായി.

മാദ്ധ്യമ പ്രവർത്തനത്തിലെ മികവുമായി അഴിമിത വിരുദ്ധ പോരാട്ടത്തിന് എത്തിയ യോഗേന്ദ്രയാദവ് എണ്ണം പറഞ്ഞ രാഷ്ട്രീയ നിരീക്ഷകനായിരുന്നു. രാജ്യത്തിന്റെ മുക്കിലും മൂലയിലും നടക്കുന്ന ചെറു രാഷ്ട്രീയ ചലനങ്ങൾ പോലും മനപ്പാഠമാക്കിയ വ്യക്തി. ഹിന്ദി ചാനലുകളിൽ തെരഞ്ഞെടുപ്പ് പ്രവചനവുമായി നിറഞ്ഞ യോഗേന്ദ്ര യാദവിന് ബാലറ്റ് രാഷ്ട്രീയത്തെ കുറിച്ച് വ്യക്തതയുണ്ടായിരുന്നു. എന്താണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് വ്യക്തമായി അറിയാവുന്ന നേതാവ്. രാജ്യത്തെ ഏറ്റവും തിരക്കുള്ള അഭിഭാഷകരിൽ ഒരാളായിരുന്നു പ്രശാന്ത് ഭൂഷൺ. മികച്ച ഭരണഘടനാ വിദഗ്ധൻ. യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണും അരവിന്ദ് കെജ്രിവാളും ഒന്നിച്ചപ്പോൾ ആം ആദ്മി വന്നു.

സ്വന്തം മേഖലകളിൽ മികവുള്ളവരാണ് യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണും. പക്ഷേ ജനങ്ങളുമായി സംവദിക്കാനുള്ള മാന്ത്രികത കെജ്രിവാളിന് മാത്രം സ്വന്തമായിരുന്നു. അതുകൊണ്ട് മാത്രമാണ് ഡൽഹിയിൽ കെജ്രിവാൾ തരംഗമായതും ആപ്പ് ജയിച്ച് കയറിയതും. നടക്കില്ലെന്നുറപ്പിച്ച കാര്യങ്ങൾ മുമ്പും നടത്തി കാണിച്ചിട്ടുണ്ട് അരവിന്ദ് കെജ്രിവാൾ. അതുതന്നെയാണ് ആപ്പിലൂടെ ഡൽഹിയും നടപ്പാക്കിയത്. പക്ഷേ ആദ്യ തവണത്തെ വിജയത്തിന് ശേഷമെടുത്ത ചില തീരുമാനങ്ങൾ പിഴച്ചു. ഇതോടെ തന്നെ കാലിനടയിലെ മണ്ണ് ഒലിച്ചു പോകുമെന്ന് വിലയിരുത്തലുമുണ്ടായി. അടുപ്പക്കാരായ പലരും കെജ്രിവാളിനെ വിട്ടു പോയി. എന്നിട്ടും ഡൽഹി ആപ്പിനൊപ്പം നിന്നു. 70ൽ 67ലും കെജ്രിവാളിന്റെ സ്ഥാനാർത്ഥികൾ ജയിച്ചു.

ആം ആദ്മി പാർട്ടിയെന്നത് സംഘടനാ സംവിധാനമാകാം. അതിൽ അരവിന്ദ് കെജ്രിവാളിനും പ്രശാന്ത് ഭൂഷണും പങ്കുമുണ്ടാകാം. എന്നാൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ആപ്പിന് ലഭിച്ച ജനപിന്തുണയ്ക്ക് അടിസ്ഥാനം കെജ്രിവാളിനോടുള്ള ജനതാൽപ്പര്യമാണ്. ഇത് ഉണ്ടാക്കിയെടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചത് യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണുമാണ്. അതുകൊണ്ട് തന്നെ കെജ്രിവാളിന്റേ ഏകാധിപത്യത്തിനെതിരെ ഭൂഷണും യാദവും പടപൊരുതുമ്പോൾ അത് യാദൃശ്ചികതയുമാകുന്നു. ആം ആദ്മിക്ക് കെജ്രിവാളിനെ വിട്ടൊരു കളിക്ക് ഇനി കഴിയില്ല. അത്രയേറെ ജനസമ്മിതി കെജ്രിവാൾ നേടിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രശാന്ത് ഭൂഷണിന്റേയും യോഗേന്ദ്രയാദവിന്റേയും ശബ്ദം ഒറ്റപ്പെടുകയും ചെയ്യും.

ഡൽഹിയിൽ കെജ്രിവാൾ നടത്തിയ പ്രവർത്തനങ്ങൾ തന്നെയാണ് ഇതിന് കാരണം. 'പരിവർത്തൻ', 'കബീർ' എന്നീ സന്നദ്ധ സംഘടനകളിലൂടെയായിരുന്നു തുടക്കം. സമാനചിന്താഗതിക്കാർക്കൊപ്പം ചേർന്ന് അദ്ദേഹം രൂപവത്കരിച്ച സംഘടനകൾ വിവരാവകാശനിയമം കൊണ്ടുവരാനും മുൻനിരയിലുണ്ടായിരുന്നു കെജ്രിവാൾ. മഗ്‌സസെ പുരസ്‌കാരത്തിനുവരെ കെജ്രിവാൾ അർഹനായി. അവിടെ നിന്ന് വളർന്ന് ഡൽഹി മുഖ്യമന്ത്രിയുമായി. അണ്ണാ ഹസാരയുമൊത്തുള്ള ലോക്പാൽ സമരത്തിനൊടുവിലായിരുന്നു കെജ്രിവാളിന്റെ ആപ്പ് രൂപീകരണം.

ബിർള ഇൻസ്റ്റിറ്റ്യൂട്ടിൽ എൻജിനിയറായിരുന്ന ഗോവിന്ദ് റാം കെജ്രിവാളിന്റെയും ഗീതാദേവിയുടെയും മകനാണ് അരവിന്ദ്. 1968 ഓഗസ്റ്റ് 16ന് ഹരിയാണയിലെ ഭിവാനിയിൽ ജനനം. അച്ഛന്റെ സ്ഥലം മാറ്റത്തിനനുസരിച്ച് ഗസ്സിയാബാദ്, ഹിസാർ, സോനെപ്പത്ത് എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം. 1989ൽ ഖരഗ്പുർ ഐ.ഐ.ടിയിൽനിന്നും മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം. ചെറുപ്പത്തിലേ കൊൽക്കത്ത രാമകൃഷ്ണമിഷനിലും നെഹ്രു യുവകേന്ദ്രയിലുമൊക്കെ പ്രവർത്തിച്ചു. 1992ൽ ടാറ്റ സ്റ്റീലിലെ ജോലി വിട്ട് സിവിൽ സർവീസ് പാസ്സായി ഇന്ത്യൻ റവന്യൂ സർവീസിലെത്തി. സഹപ്രവർത്തക സുനിതയെ ജീവിതസഖിയാക്കി.

1999 ഡിസംബറിൽ മനീഷ് സിസോദിയക്കും മറ്റു സുഹൃത്തുക്കൾക്കുമൊപ്പം ഡൽഹിയിലെ സുന്ദർനഗരിയിൽ 'പരിവർത്തൻ' എന്ന സന്നദ്ധസംഘടന രൂപവത്കരിച്ചു. 2000ൽ ആദായനികുതിവകുപ്പിൽ സുതാര്യത ആവശ്യപ്പെട്ട് 'പരിവർത്തൻ' പൊതുതാത്പര്യഹർജി നൽകി. സത്യാഗ്രഹസമരവും നടത്തി. 2001ൽ ഡൽഹി സർക്കാർ വിവരാവകാശനിയമം പാസാക്കി. ഇതുവഴി പൊതുമരാമത്തുജോലികളുടെ വിവരങ്ങൾ 'പരിവർത്തൻ' ശേഖരിച്ചു. 2002ൽ 64 പദ്ധതികളിലായി 70 ലക്ഷംരൂപയുടെ ക്രമക്കേട് വെളിച്ചത്തു കൊണ്ടുവന്നു. ഉദ്യോഗസ്ഥസഹായത്തോടെയുള്ള റേഷൻ വെട്ടിപ്പായിരുന്നു 2003ലെ വെളിപ്പെടുത്തൽ. 2004ൽ ജലവിതരണത്തിലെ സ്വകാര്യവത്കരണം തുറന്നുകാട്ടി. സർക്കാർ ഭൂമി ലഭിച്ച സ്വകാര്യസ്‌കൂളുകൾ 700 നിർധനവിദ്യാർത്ഥികളെ സൗജന്യമായി പഠിപ്പിക്കണമെന്ന കോടതിയുത്തരവ് 'പരിവർത്ത'ന്റെ വിജയമായി.

2005ൽ കെജ്രിവാളും സിസോദിയയും സ്ഥാപിച്ച 'കബീർ' എന്ന സന്നദ്ധസംഘടന ദേശീയ വിവരാവകാശനിയമത്തിനായി പോരാട്ടം തുടങ്ങി. അണ്ണ ഹസാരെ, അരുണ റോയ് തുടങ്ങിയവരും അണിനിരന്ന സമരവും ഫലം കണ്ടു. യു.പി.എ. സർക്കാർ വിവരാവകാശനിയമം പാസ്സാക്കി. അതിനുള്ള അംഗീകാരമായിരുന്നു 2006ലെ മഗ്‌സസെ പുരസ്‌കാരം. അതേവർഷം ഉദ്യോഗം രാജിവച്ച് പബ്ലിക് കോസ് റിസർച്ച് ഫൗണ്ടേഷൻ എന്ന സംഘടനയ്ക്ക് തുടക്കമിട്ടു. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ, പൊതുവിതരണശൃംഖല, വൈദ്യുതി ബോർഡ് എന്നിവയിലെ അഴിമതിയൊക്കെ വെളിച്ചത്തു കൊണ്ടുവന്നു. 2010ൽ കോമൺവെൽത്ത് ഗെയിംസ് അഴിമതിയും. ഇതിന്റെ തുടർച്ചയാണ് 2011ൽ രൂപവത്കരിക്കപ്പെട്ട 'അഴിമതിക്കെതിരെ ഇന്ത്യ' എന്ന സമര പ്രസ്ഥാനം.

ലോക്പാലിൽ പൂർണ്ണ ലക്ഷ്യം നേടാനായില്ല. ഇതിനിടെയിൽ അഴിമതി വിരുദ്ധ സംഘടനയിൽ ഗ്രൂപ്പിസവും എത്തി. പതുക്കെ അണ്ണാ ഹസാരെയുമായി അകന്ന കെജ്രിവാൾ 2012 ഗാന്ധിജയന്തിദിനത്തിൽ ശാന്തിഭൂഷൺ, പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ്, മനീഷ് സിസോദിയ തുടങ്ങിയവരുടെ പങ്കാളിത്തത്തിൽ കെജ്രിവാൾ രാഷ്ട്രീയപ്പാർട്ടി പ്രഖ്യാപിച്ചു. ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടതിന്റെ വാർഷികദിനമായ നവംബർ 26ന് ആം ആദ്മി പാർട്ടി നിലവിൽ വന്നു. 'ചൂൽ' എന്ന അടയാളം തെരഞ്ഞെടുത്തു. കന്നി തെരഞ്ഞെടുപ്പ് അങ്കത്തിൽ തന്നെ ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയ ചരിത്രമെഴുതി. കോൺഗ്രസിന്റെ പിന്തുണയോടെ അധികാരത്തിലെത്തി. അന്ന് തുടങ്ങിയതാണ് ആപ്പിലെ ഉൾപ്പാർട്ടി പ്രശ്‌നങ്ങൾ

ഇരു വിഭാഗങ്ങൽ തമ്മിലുള്ള ഏറ്റ് മുട്ടലും അധികാര വടം വലിയുമാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പാർട്ടി ശിഥിലീകരണത്തിന് വഴിവച്ചത്. പാർട്ടി വിഴുപ്പലക്കലുകൾ മറനീക്കി പുറത്ത് വന്നിരിക്കുകയാണിപ്പോൾ.ആം ആദ്മി പാർട്ടിയിൽ വൺമാൻ ഷോയാണ് നടക്കുന്നതെന്ന് മുതിർന്ന നേതാവ് പ്രശാന്ത് ഭൂഷൺ ആരോപിച്ചു. പാർട്ടിയുടെ വരവ് ചെലവ് കണക്കുകൾ ജനങ്ങളെ ബോധ്യപ്പെടുത്താനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേജരിവാളുമായി താൻ സംസാരിച്ചിട്ട് ദിവസങ്ങളായി എന്നും പാർട്ടിയിൽ ഹൈക്കമാൻഡ് സംസ്‌കാരം വളരുന്നുവെന്നും ഭൂഷൺ ആരോപിച്ചു. തങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിൽ വിള്ളൽ സംഭവിച്ചിട്ടുണ്ട്. പക്ഷേ താൻ തുറന്ന മനസിനുടമയാണെന്നും ചർച്ചയ്ക്ക് തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ പ്രശാന്ത് ഭൂഷന്റെ പരസ്യ ആരോപണങ്ങൾക്കെതിരെ കെജരിവാൾ വിഭാഗം രംഗത്തെത്തി. വിമർശനങ്ങൾ ഉന്നയിക്കേണ്ടത് പാർട്ടി വേദികളിലാണെന്നും പരസ്യമായി മാദ്ധ്യമങ്ങളോടല്ലെന്നും നേതാക്കൾ പറഞ്ഞു. പാർട്ടിയെ നിരന്തരം വിമർശിക്കുന്നതും, കത്തുകൾ ചോർത്തുന്നതും പ്രശാന്ത് ഭൂഷനും, യോഗേന്ദ്രയാദവും പതിവാക്കിയിരിക്കുകയാണെന്നും നേതാക്കൾ വിമർശനമുന്നയിച്ചു. പാർട്ടിക്കെതിരെയുള്ള പ്രശാന്ത് ഭൂഷന്റെ ടെലഫോൺ സംഭാഷണത്തിന്റെ രേഖകളും ഇവരുടെ പക്കലുണ്ട്.അതെസമയം പാർട്ടിക്കുള്ളിൽ ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങൾ തന്നെ വേദനിപ്പിക്കുന്നതായി ഡൽഹി മുഖ്യമന്ത്രി കൂടിയായ അരവിന്ദ് കെജരിവാൾ പറഞ്ഞു. ഇത് തങ്ങളിൽ പ്രതീക്ഷയർപ്പിച്ച ജനങ്ങളോടുള്ള വഞ്ചനയാണെന്നും കെജരിവാൾ ട്വിറ്റിൽ കുറിച്ചു.

കെജരിവാളിനെ പുറത്താക്കാനും ഡൽഹി തെരഞ്ഞെടുപ്പിൽ പാർട്ടിയെ പരാജയപ്പെടുത്തുന്നതിനും വേണ്ടി പ്രശാന്ത് ഭൂഷണും, യോഗേന്ദ്ര യാദവും ശ്രമിച്ചിരുന്നതായി ആരോപിച്ച് പാർട്ടി സഹ കൺവീനർ ദേശീയ സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. ഇരുവരേയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത്. പ്രശാന്ത് ഭൂഷണും പിതാവ് ശാന്തിഭൂഷണും എതിരെ ആരോപണവുമായി ഡൽഹി സെക്രട്ടറി ദിലീപ് പാണ്ഡെയും രംഗത്തെത്തിയിട്ടുണ്ട്. ഇരുവരും പാർട്ടിയെ തളർത്താൻ ശ്രമിക്കുകയാണെന്നും ദിലീപ് ആരോപിച്ചു. പാർട്ടിക്കുള്ളിൽ രണ്ടു ചേരിയുണ്ടന്ന് സ്ഥാപക നേതാക്കളിലൊരാളായ അഡ്‌മിറൽ രാംദാസുംആരോപിച്ചു. കേജരിവാളിനെ അനുകൂലിക്കുന്ന പക്ഷവും എതിർക്കുന്ന പക്ഷവുമാണത്. ദേശീയ നിർവാഹകസമിതി അംഗങ്ങൾക്ക് അയച്ച ഇ മെയിൽ സന്ദേശത്തിലാണ് രാംദാസ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

അങ്ങനെ എല്ലാ രാഷ്ട്രീയ പാർട്ടികളിലും ദൃശ്യമാകുന്ന ചേരിപ്പോരുകൾ ആംആദ്മിയിലും കണ്ടു തുടങ്ങി. അതും വളരെ നേരത്തെ. എന്തായാലും ആപ്പിലെ നേതാക്കളിൽ 98 ശതമാനവും ഇപ്പോൾ കെജ്രിവാളിന് പിന്നിലാണ്. പ്രവർത്തകരുടെ പിന്തുണ പൂർണ്ണമായും ഡൽഹി മുഖ്യമന്ത്രിക്കുണ്ട്. അതുകൊണ്ട് തന്നെ യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണും ഉയർത്തുന്ന വെല്ലുവിളി ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാകുമെന്ന് കരുതുന്നവരാണ് ഏറെയും. പക്ഷേ ജനങ്ങൾക്ക് മുന്നിൽ വച്ച പ്രഖ്യാപനങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ചിന്തകളും ചർച്ചകളുമെല്ലാം മറ്റൊരു വഴിക്കാകും. അതുകൊണ്ട് തന്നെ ഇനിയുള്ള ഓരോ ദിവസവും കെജ്രിവാളിനും ആം ആദ്മിക്കും നിർണ്ണായകമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP