അവസാന നിമിഷം വരെ ഇടഞ്ഞു നിന്ന ജോസഫ് മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു; ബിജെപി ബന്ധം വിദൂര സാധ്യത പോലുമില്ല; ലക്ഷ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിലപേശൽ ശക്തമാക്കാൻ; ഇടതുപക്ഷ നേതാക്കളുമായി രഹസ്യ ചർച്ച പലതു കഴിഞ്ഞു; ഇനി രണ്ട് വർഷം മാണി സ്വതന്ത്രൻ
August 07, 2016 | 03:01 PM | Permalink

മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: കോൺഗ്രസിനോടും ഇടതുപക്ഷത്തോടും കേരളകോൺഗ്രസ് എമ്മിന് സമദൂരമാണെന്ന് പാർട്ടി ചെയർമാൻ കെ.എം മാണി പ്രഖ്യാപിച്ചിരിക്കുന്നു. കോൺഗ്രസിനേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും കടന്നാക്രമിച്ചാണ് യുഡിഎഫുമായുള്ള വേർപിരിയൽ. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ മാണിക്കുണ്ട്. കേരളാ കോൺഗ്രസിനെ കൂടുതൽ ശക്തമാക്കുകയാണ് ലക്ഷ്യം. അടുത്ത രണ്ട് കൊല്ലം അതിനായിരിക്കും മാണി മുൻതൂക്കം നൽകുക. അതിന് ശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ഇടത് പാളയമാണ് ലക്ഷ്യമിടുന്നത്. ഇത് മുന്നിൽ കണ്ട് ഇടത് നേതാക്കളുമായി കേരളാ കോൺഗ്രസ് ചർച്ചകൾ തുടങ്ങി കഴിഞ്ഞു. കേരളാ കോൺഗ്രസിന്റെ ആഗ്രഹങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് തകരുമെന്നാണ് കേരളാ കോൺഗ്രസിന്റെ കണക്കുകൂട്ടൽ. ഈ സാഹചര്യത്തിലാണ് പുതിയ നീക്കങ്ങൾ.
ആറ് എംഎൽഎമാരാണ് മാണിയുൾപ്പെടെ കേരളാ കോൺഗ്രസിനുള്ളത്. ഇതിൽ മാണിയുടെ അതിവിശ്വസ്തരാണ് റോഷി അഗസ്റ്റിനും ജയരാജനും. പിജെ ജോസഫും മോൻസ് ജോസഫും സിഎഫ് തോമസും മാണിയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്നാൽ ബിജെപി പാളയത്തിലേക്ക് പോയാൽ കേരളാ കോൺഗ്രസ് വിടുമെന്ന് റോഷി അഗസ്റ്റിനും ജയരാജനും പോലും നിലപാട് എടുത്തിരുന്നു. അതുകൊണ്ട് കൂടിയാണ് ചരൽക്കുന്നിൽ സമവായമുണ്ടാക്കി മാണി കരുക്കൾ നീക്കിയത്. യുഡിഎഫിന് കൈവിട്ടാൽ മാത്രമേ കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിന് നിലനിൽപ്പുണ്ടാകൂവെന്നും എല്ലാവരേയും മാണി ബോധ്യപ്പെടുത്തി. കൂട്ടായ ചർച്ചകളിലൂടെ മാത്രമേ തീരുമാനം എടുക്കൂവെന്നും വ്യക്തമാക്കി. പിജെ ജോസഫിന്റെ നിലപാട് അംഗീകരിച്ച് തന്നെയാണ് മാദ്ധ്യമങ്ങളെ കണ്ടതും. യുഡിഎഫ് വിടുന്നുവെന്ന പരമാർശം നടത്തിയതും ശ്രദ്ധേയമായി. ഇതിലൂടെ ഇടതുപക്ഷവുമായി വിലപേശലിനുള്ള സാഹചര്യം ഒരുക്കുകയാണെന്നും വിലയിരുത്തലുകളുണ്ട്.
ഇടതുപക്ഷവുമായി അടുക്കും വരെ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും നിലനിൽക്കുന്ന യു.ഡി.എഫ് ബന്ധത്തിൽ പാർട്ടി മാറ്റം വരുത്തില്ല. ദേശീയ തലത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യു.പി.എ മുന്നണിക്ക് പ്രശ്‌നാധിഷ്ടിത പിന്തുണ നൽകുമെന്നും കെ.എം മാണി വ്യക്തമാക്കി. കേരള കോൺഗ്രസ് എമ്മിനെയും പാർട്ടി ചെയർമാനെയും അപമാനിക്കാനും അപകീർത്തിപ്പെടുത്താനും കോൺഗ്രസിലെ ചില കേന്ദ്രങ്ങളും നേതാക്കളും ശ്രമിച്ചു. അവർ ആരൊക്കെയാണെന്ന് എല്ലാവർക്കും അറിയാം. പാർട്ടിയെ ദുർബലപ്പെടുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. എൽ.ഡി.എഫിലേക്കും ബിജെപിയിലേക്കും പോകില്ല. യു.ഡി.എഫിൽ തിരിച്ചു വരുമെന്ന ചിന്തയില്ല. ഭാവിയിൽ സ്വതന്ത്ര നിലപാട് പാർട്ടി സ്വീകരിക്കുമെന്നും മാണി പറഞ്ഞു. അതിനിടെ കേരളാ കോൺഗ്രസ് മാണി വിഭാഗം കോൺഗ്രസുമായി അകന്ന് നിലനിൽക്കെ ഭാവികാര്യങ്ങൾ ചർച്ച ചെയ്യാൻ യു.ഡി.എഫ് യോഗം ബുധനാഴ്‌ച്ച ചേരും. യുഡിഎഫിന്റെ തകർച്ചയിലേക്ക് മാണിയുടെ മനസ്സ് മാറ്റം എത്തിക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തൽ. വീരേന്ദ്രകുമാറിന്റെ ജനാതദള്ളും ആർഎസ്‌പിയിലെ ഒരു വിഭാഗവും അതൃപ്തരാണ്. അങ്ങനെ യുഡിഎഫിനെ പ്രതിസന്ധിയിലാക്കി ഇടതുപക്ഷത്തെ കുരത്ത് കൂട്ടാനാണ് സിപിഐ(എം) നീക്കം.
പൂഞ്ഞാറിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ തോൽപിക്കാൻ കോൺഗ്രസ് പ്രവർത്തിച്ചുവെന്നും പൂഞ്ഞാറിൽ രമേശ് ചെന്നിത്തല പ്രവർത്തിച്ചത് പി.സി ജോർജിനു വേണ്ടിയാണെന്നും ക്യാമ്പിൽ വിമൾശനമുയർന്നു. തിരുവല്ലയിലും ഏറ്റുമാനൂരിലും കേരള കോൺഗ്രസ് സ്ഥാനാർത്ഥികളെ കാലുവാരിയത് കോൺഗ്രസ് ആണെന്നും തിരുവല്ലയിൽ തോൽക്കാൻ കാരണം പി.ജെ കുര്യൻ ആണെന്നും രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നു. ജോസ് കെ മാണിയാണ് പ്രമേയം അവതരിപ്പിച്ചത്. കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിൽ പാർട്ടിയിൽ എല്ലാവർക്കും സമ്മതമാണ്. ഇനിയും പ്രകോപനം തുടർന്നാൽ തിരിച്ചടിക്കാൻ തന്നെയാണ് കേരള കോൺഗ്രസിന്റെയും തീരുമാനം. അതേസമയം മാണിയുമായി ഇനി ചർച്ച വേണ്ടെന്ന നിലപാടിലേക്ക് കോൺഗ്രസ് എത്തിയിട്ടുണ്ട്. ചർച്ചയ്ക്കുള്ള വാതിലുകൾ എല്ലാം മാണി തന്നെ കൊട്ടിയടച്ചത് മാണി തന്നെയാണെന്നു കോൺഗ്രസ് നേതൃത്വം പറയുന്നത്. ഈ സാഹചര്യത്തിൽ കോൺഗ്രസും മാണിയും തമ്മിലെ ഏറ്റുമുട്ടൽ സജീവമാകൻ തന്നെയാണ് സാധ്യത. ഇത് പരമാവധി മുതലെടുക്കാനവാവും ഇടതുപക്ഷം ശ്രമിക്കുക.
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് കെഎം മാണിക്ക് യുഡിഎഫ് വിടാനുള്ള സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ അവസരവാദ രാഷ്ട്രീയമായി അത് വ്യാഖ്യാനിക്കപ്പെടുമെന്നുള്ളതിനാൽ യുഡിഎഫിൽ ഉറച്ചു നിന്നു. അതു മനസ്സിലാക്കിയാണ് നേരത്തെ തന്നെ യുഡിഎഫ് ക്യാമ്പ് വിടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനിയും രണ്ടര വർഷത്തോളം ഉണ്ട്. അന്ന് ഇടത് ക്യാമ്പിലേക്ക് ഒറ്റയടിക്ക് മാറുന്നത് വിമർശനങ്ങൾക്ക് കാരണമാകും. ഇടതുപക്ഷവുമായി ഒറ്റയടിക്ക് അടുക്കുന്നതിലെ പ്രശ്‌നങ്ങൾ മാണിക്ക് അറിയാം. ഇത് പരിഹരിക്കാനാണ് നിയമസഭയിൽ ആദ്യം പ്രത്യേക ബ്ലോക്കായി ഇരിക്കുന്നത്. നിയമസഭയിൽ പിണറായി വിജയൻ സർക്കാരിന്റെ നല്ല തീരുമാനങ്ങളെ മാണി അനുകൂലിക്കും. ഫലത്തിൽ എല്ലാ തീരുമാനങ്ങളേയും. അങ്ങനെ ഇടത് സർക്കാരുമായി അടുത്ത് മുന്നണിയിലേക്ക് എത്തുകയാണ് ലക്ഷ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിന് സിപിഐ(എം) കോട്ടയം സീറ്റ് നൽകും. ഇതിനൊപ്പം ഇടുക്കി കൂടെ വേണമെന്നതാണ് പ്രാഥമിക ചർച്ചകളിൽ സിപിഐ(എം) മുന്നോട്ട് വയ്ക്കുന്നത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ജോയ്‌സ് ജോർജാണ് ഇടതുമുന്നണിക്കായി മത്സരിച്ച് ജയിച്ചത്. ഈ സീറ്റ് കൂടി കേരളാ കോൺഗ്രസിന് നൽകണമെന്നാണ് ആവശ്യം. പ്രഥാമിക ചർച്ചകളിൽ ഇത് അംഗീകരിക്കാമെന്ന സൂചന ഇടത് നേതാക്കൾ അറിയിച്ചിട്ടുണ്ട്. അതായത് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇപ്പോൾ മത്സരിച്ച മുഴവൻ സീറ്റുകളും ഒപ്പം കോട്ടയം, ഇടുക്കി ലോക്‌സഭാ സീറ്റുകളുമാണ് മാണി ലക്ഷ്യമിടുന്നത്. ഇത് അംഗീകരിക്കപ്പെടുമെന്ന് തന്നെയാണ് മാണിയുടെ പ്രതീക്ഷ. യുഡിഎഫ് വിടുന്നതിനെ അന്തിമഘട്ടത്തിൽ വരെ പിജെ ജോസഫ് എതിർത്തിരുന്നു. എന്നാൽ ഇടുക്കി ലോക്‌സഭാ സീറ്റ് കിട്ടിയാൽ അത് പിജെ ജോസഫിന്റെ അടുപ്പക്കാർക്ക് നൽകാമെന്ന് മാണി ഉറപ്പ് നൽകിയിട്ടുണ്ട്. ഒരു സാഹചര്യത്തിലും ബിജെപിയ്‌ക്കൊപ്പം പോകില്ലെന്നും അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് പ്ര്‌ത്യേക ബ്ലോക്കായി ഇരിക്കാനുള്ള മാണിയുടെ തീരുമാനത്തെ പിജെ ജോസഫ് അംഗീകരിച്ചത്.
ഇടതുമുന്നണിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഫലം കണ്ടില്ലെന്ന സ്ഥിതിയേയും മാണി മുന്നിൽ കാണുന്നു. ഈ സാഹചര്യത്തിലാണ് തദ്ദേശ സ്ഥാപനങ്ങളിൽ കോൺഗ്രസ് മുന്നണിയുമായി സഹകരണം തുടരുന്നത്. ഇടതു പക്ഷം തള്ളിക്കളഞ്ഞാൽ വീണ്ടും കോൺഗ്രസിൽ. അപ്പോഴും വിലപേശൽ നടത്തും. കോട്ടയത്തും പത്തനംതിട്ടയിലും കേരളാ കോൺഗ്രസിന് നല്ല കരുത്തുണ്ട്. ഇവിടെ ഇടതിനും വലതിലും ജയം ഉറപ്പിക്കാൻ കേരളാ കോൺഗ്രസിന്റെ പിന്തുണ വേണം. അതുകൊണ്ട് തന്നെ രാഷ്ട്രീയ നീക്കം പിഴക്കില്ലെന്നാണ് മാണിയുടെ കണക്ക് കൂട്ടൽ. ഇനി ഈ കണക്ക് കൂട്ടൽ പിഴച്ചാൽ കേരളാ കോൺഗ്രസ് ബിജെപിയുടെ എൻഡിഎ സഖ്യത്തിലേക്ക് മാറി പരീക്ഷണത്തിനും മാണി തയ്യാറായേക്കും. എന്നാൽ ഇടതുപക്ഷം കൈവിടില്ലെന്നാണ് പ്രതീക്ഷ. സിപിഐ മാത്രമാകും എതിർക്കുക. ഇതിനെ സിപിഐ(എം) ഇടപെടലിലൂടെ അനുകൂലമാക്കുമെന്നും മാണി കണക്കുകൂട്ടുന്നു.
ഈ സാഹചര്യത്തെ മാണി വിശദീകരിക്കുന്നത് ഇങ്ങനെയാണ് - പിറന്ന വീണ നാൾ മുതൽ കേരളാ കോൺഗ്രസ് പാർട്ടി പ്രതിസന്ധിയിലായിരുന്നു. പിറന്ന് ആറു മാസത്തിനുള്ളിൽ കേരളാ കോൺഗ്രസ് അസ്തമിക്കുമെന്ന് കോൺഗ്രസ് നേതാവ് പനമ്പള്ളി ഗോവിന്ദ മേനോൻ പറഞ്ഞിരുന്നു. എന്നാൽ, അതിനെ പാർട്ടി അതിജീവിച്ചു. ഒറ്റക്ക് നിന്ന് പൊരുതാൻ കെൽപും തറവാടിത്തവുമുള്ള രാഷ്ട്രീയ പാർട്ടിയാണ് കേരളകോൺഗ്രസ്. പാർട്ടിയെ തകർക്കാൻ ആർക്കും കഴിയില്ല. കേരള രാഷ്ട്രീയത്തിൽ 50 വർഷമായി നിലനിൽക്കുന്ന കേരള കോൺഗ്രസിനെ ആരും വിരട്ടാൻ നോക്കണ്ട. പാർട്ടി ആരെയും ഭീഷണിപ്പെടുത്തുന്നില്ല. തങ്ങളെ ആരും ഉപദേശിക്കാൻ വരേണ്ട. പദവി വേണമെന്ന അപേക്ഷയുമായി ആരുടെയും പിറകേ പോകേണ്ട ആവശ്യം പാർട്ടിക്കില്ല. തങ്ങളെ വേണ്ടവർ ഇങ്ങോട്ട് വരികയാണ് ചെയ്യുക. സ്വന്തന്ത്രമായ നിലപാടാണ് കേരള കോൺഗ്രസിനുള്ളത്. വിഷയ അടിസ്ഥാനത്തിലുള്ള നിലപാടാണ് പാർട്ടി പിന്തുടരുന്നത്. ശരി ചെയ്യുന്നവരുടെ കൂടെ നിൽക്കുകയും തെറ്റു ചെയ്താൽ നിശ്ചിതമായി എതിർക്കുകയും ചെയ്യും. ഭരണപക്ഷം നല്ല കാര്യം ചെയ്താൽ അഭിനന്ദിക്കാൻ മടിക്കുകയില്ലെന്നാണ് നിലപാട്.
കേരള കോൺഗ്രസ് (എം) പാർട്ടി നിർണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മാണി ചരൽക്കുന്ന് സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു. പാർട്ടിക്ക് പ്രത്യേകിച്ച് താൽപര്യമില്ല. കാർഷകരുടെ പുരോഗതിക്ക് കേരള കോൺഗ്രസ് ഊറ്റമായ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. അതിന് ത്യാഗം സഹിക്കണം. താഴേക്ക് ഇറങ്ങേണ്ടിവരുമെന്ന് പ്രവർത്തകരെ ഓർമിപ്പിച്ചിട്ടുമുണ്ട്. അതിനാൽ സംഘടനാ പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് മാണിയുടെ തീരുമാനം.