Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദേവികുളം സബ്കളക്ടർ പദവിക്ക് ആദ്യം വാർത്താ പ്രാധാന്യം ഉണ്ടാക്കിയ യുവ ഐഎഎസുകാരൻ; കോട്ടയം കളക്ടറായിരിക്കവേ സമ്പൂർണ്ണ സാക്ഷരതാ പദ്ധതിക്ക് തുടക്കമിട്ടു; ഡൽഹി കമ്മീണറായിരിക്കവേ പൊളിച്ചടുക്കിയത് ഉന്നത കോൺഗ്രസ് നേതാവിന്റെ കെട്ടിടങ്ങൾ അടക്കം നിരവധി അനധികൃത നിർമ്മാണങ്ങൾ; അഴിമതിയുടെ കാര്യത്തിൽ ലവലേശവും വിട്ടുവീഴ്ചയില്ലാത്ത കണ്ണന്തനാം മന്ത്രിയാകുന്നത് ഡൽഹി ബന്ധങ്ങളുടെ പേരിൽ

ദേവികുളം സബ്കളക്ടർ പദവിക്ക് ആദ്യം വാർത്താ പ്രാധാന്യം ഉണ്ടാക്കിയ യുവ ഐഎഎസുകാരൻ; കോട്ടയം കളക്ടറായിരിക്കവേ സമ്പൂർണ്ണ സാക്ഷരതാ പദ്ധതിക്ക് തുടക്കമിട്ടു; ഡൽഹി കമ്മീണറായിരിക്കവേ പൊളിച്ചടുക്കിയത് ഉന്നത കോൺഗ്രസ് നേതാവിന്റെ കെട്ടിടങ്ങൾ അടക്കം നിരവധി അനധികൃത നിർമ്മാണങ്ങൾ; അഴിമതിയുടെ കാര്യത്തിൽ ലവലേശവും വിട്ടുവീഴ്ചയില്ലാത്ത കണ്ണന്തനാം മന്ത്രിയാകുന്നത് ഡൽഹി ബന്ധങ്ങളുടെ പേരിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മണിമലക്കാരൻ കെ.ജെ. അൽഫോൻസ് കണ്ണന്താനം ചണ്ഡീഗഡ് അഡ്‌മിനിസ്‌ട്രേറ്ററാകമെന്ന് ഏവരും ഉറപ്പിച്ചതാണ്. എന്നാൽ അകാലിദള്ളിന്റെ എതിർപ്പ് മൂലം അത് നടന്നില്ല. പ്രധാനമന്ത്രി മോദിക്ക് കണ്ണന്താനത്തിനോടുള്ള വിശ്വാസമായിരുന്നു പ്രധാന കരുത്ത്. അതുകൊണ്ട് തന്നെ സ്ഥാനം പോയപ്പോഴും പ്രതികരിച്ചില്ല. കാത്തിരുന്നു. ഒടുവിൽ ഡൽഹി ബന്ധങ്ങളുടെ കരുത്തിൽ കണ്ണന്താനത്തിന് അംഗീകാരമെത്തുന്നു. കേന്ദ്രമന്ത്രിയാകുമ്പോൾ ബിജെപിയെ കേരളത്തിൽ നയിക്കുകയെന്ന ദൗത്യവും പറയാതെ കണ്ണന്താനത്തെ ഏൽപ്പിക്കുകയാണ് മോദിയും അമിത് ഷായും. വൈദ്യുതി എത്താത്ത കാലത്ത് മണിമലയെന്ന കാർഷികഗ്രാമത്തിൽ കണ്ണന്താനം കെ.വി. ജോസഫിന്റെയും ബ്രിജിത്ത് ജോസഫിന്റെയും മകനായി 1953ൽ ജനിച്ച അൽഫോൻസിന്റെ പുതിയ നിയോഗം അതുകൊണ്ട് തന്നെ കേരള രാഷ്ട്രീയത്തിലും ഏറെ പ്രധാനപ്പെട്ടതുമാണ്.

മോദി കരുതലോടെയാണ് കരുക്കൾ നീക്കുന്നത്. കിഴക്കൻ സംസ്ഥാനങ്ങൾ പിടിക്കാൻ ചെയ്ത നീക്കത്തിന്റെ മറ്റൊരു രൂപം കളിക്കുന്നു മോദിയും അമിത് ഷായും. ആർഎസ്എസിനോട് അത്ര വിരോധമൊന്നും ഇല്ലാത്ത (കാര്യങ്ങൾ വെടിപ്പായി നടക്കണമെന്നെ സഭയ്ക്കുള്ളൂ) ക്രൈസ്തവ സഭയെ മോദിയോടൊപ്പം നിർത്തേണ്ട ബാധ്യത കണ്ണന്താനത്തിനായിരിക്കും. കേരളത്തിൽ ഗോവാ മോഡലാണ് ബിജെപിയുടെ ലക്ഷ്യം. ക്രൈസ്തവ സഭയുടെ പിന്തുണയോടെ കേരളത്തിൽ നിർണ്ണായക രാഷ്ട്രീയ ശക്തിയാകാനുള്ള ബിജെപി നീക്കത്തിനുള്ള തുറുപ്പു ചീട്ടാണ് കണ്ണന്താനത്തിന്റെ മന്ത്രിപദവി. കേരളത്തിലെ ബിജെപി നേതാക്കളുമായി ആത്മബന്ധം കണ്ണന്താനത്തിന് ഇല്ല. എന്നാൽ മോദിയുടെ അടുപ്പക്കാരന് അരുൺ ജെയ്റ്റ്‌ലി അടക്കം നിരവധി സുഹൃത്തുക്കൾ ഡൽഹിയിലുണ്ട്. ബിഷപ്പുമാരുമായും അടുത്ത ബന്ധമുള്ള കണ്ണന്താനത്തിന്റെ അമേരിക്കൻ സൗഹൃദങ്ങളും മന്ത്രിപദവിയിലെത്താൻ തുണച്ചിട്ടുണ്ടെന്നാണ് സൂചന.ക

കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢിന്റെ ലെഫ്.ഗവർണറായി അദ്ദേഹത്തെ നിയമിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നുവെങ്കിലും പഞ്ചാബ് സ്വദേശിയായ ആൾ ലെഫ്.ഗവർണറായാൽ മതിയെന്ന അകാലിദളിന്റെ നിർബന്ധത്തെ തുടർന്നാണ് ആ സ്ഥാനം നഷ്ടമായത്. സത്യസന്ധതയ്ക്കും കാര്യപ്രപ്തിക്കും പേരുകേട്ട ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. കോട്ടയം കളക്ടറായിരിക്കേ കോട്ടയത്തെ കേരളത്തിലെ ആദ്യത്തെ സമ്പൂർണസാക്ഷരതാ നഗരമായി പ്രഖ്യാപിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചിരുന്നു. കേന്ദ്രസർവ്വീസിൽ ഡെപ്യൂട്ടേഷനിൽ പോയപ്പോൾ ഡൽഹി ഡവലപ്മെന്റ അഥോറിറ്റി ചെയർമാനായി അദ്ദേഹം നിയമിതനായി. അനധികൃതമായി നിർമ്മിച്ച 14310 കെട്ടിട്ടങ്ങളാണ് ഇക്കാലയളവിൽ അദ്ദേഹം ഇടിച്ചു പൊളിച്ചത്. ഇത് ദേശീയതലത്തിൽ അദ്ദേഹത്തെ ശ്രദ്ധേയനാക്കി. പതിനായിരം കോടിയിലേറെ മൂല്യമുള്ള ഭൂമി കൈയേറ്റക്കാരിൽ നിന്ന് തിരിച്ചു പിടിച്ച കണ്ണന്താനം ടൈം മാഗസിൻ തയ്യാറാക്കിയ വളർന്നു വരുന്ന യുവനേതാക്കളുടെ പട്ടികയിലും ഇടംനേടി.

ഔദ്യോഗിക കൃത്യനിർവഹണ തിരക്കുകൾക്കിടെ വീണു കിട്ടുന്ന അൽപ നേരത്തെ വിശ്രമ വേളകൾ ഉപേക്ഷിച്ചായിരുന്നു കലക്ടർ കണ്ണന്താനം കോട്ടയത്തെ സമ്പൂർണ സാക്ഷരതയിലേക്കു കൈപിടിച്ചു കയറ്റിയത്. സാക്ഷരതാ പ്രേരകുമാർ ചില വീടുകളിൽ എത്തുമ്പോൾ അവരെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങൾ വരെ അന്ന് ഉണ്ടായി. സാക്ഷരതാ പ്രവർത്തർക്ക് ധൈര്യവും പിന്തുണയും നൽകി കലക്ടർ കൂടെ നിന്നു. പിണങ്ങി നിന്നവരുടെ വീട്ടിൽ നേരിട്ടെത്തി അവരെ വാക്കിന്റെ വഴിയിലൂടെ നടത്തി. അക്കാലത്ത് മുട്ടമ്പലം റെയിൽവേ പുറമ്പോക്കിനോട് ചേർന്നുണ്ടായിരുന്ന കുളങ്ങര വീട്ടിലെ കെ.കെ.കരുണാകരനെ ശിഷ്യനായി സ്വീകരിച്ച് അൽഫോൻസ് കണ്ണന്താനം അക്ഷരം പഠിപ്പിച്ചത് വലിയ വാർത്തയായിരുന്നു. പഠിപ്പു പൂർത്തിയായപ്പോൾ കലക്ടർക്കു തന്നെ ആദ്യ കത്തെഴുതിയാണു കരുണാകരൻ ഗുരുദക്ഷിണ സമർപ്പിച്ചത്. കരുണാകരന്റെ വീടിന്റെ തൊട്ടടുത്തു താമസിച്ചിരുന്ന ബിന്ദു എന്ന 11 വയസ്സുകാരി പെൺകുട്ടിയെയും കലക്ടർ നേരിട്ട് അക്ഷരം പഠിപ്പിച്ചു. പന്നിപ്പടക്കം കയ്യിലിരുന്നു പൊട്ടി തള്ളവിരലും ചൂണ്ടു വിരലും നടുവിരലും നഷ്ടപ്പെട്ട കുട്ടിയായിരുന്നു ബിന്ദു. അന്നു നഗരത്തിലുണ്ടായിരുന്ന 32 വാർഡുകളിലും സാധാരണ സാക്ഷരതാ പ്രേരകിനെപ്പോലെ കലക്ടറും അലഞ്ഞു നടന്നു. കോട്ടയം നഗരത്തിന് അത് പുതിയ മാതൃകയുമായി. അങ്ങനെ ഏറ്റെടുത്ത ചുമതലകളിലെല്ലാം കൈയൊപ്പ് ചാർത്തിയ വ്യക്തിയാണ് കണ്ണന്താനം.

കഠിനാധ്വാനത്തിലൂടെ, പരിമിതികളെയും പ്രതിസന്ധികളെയും തോൽപിച്ച് അൽഫോൻസ് എന്ന ഐഎഎസുകാരൻ കടന്നുചെന്ന മേഖലകളിലെല്ലാം നേട്ടങ്ങൾ കൊയ്തു. ലോകത്തിലെ നൂറു മികച്ച ഭാവി വാഗ്ദാനങ്ങളിൽ ഒരാളായി ടൈം വാരിക അൽഫോൻസ് കണ്ണന്താനത്തെ നേരത്തേ തെരഞ്ഞെടുത്തത് ഈ നേട്ടങ്ങൾ പരിഗണിച്ചാണ്. മണിമലയാറിന്റെ തീരഗ്രാമമായ മണിമലയിലെ സെന്റ് ജോർജ് മലയാളം മീഡിയം ഹൈസ്‌കൂളിലായിരുന്നു ഇദ്ദേഹത്തിന്റെ സ്‌കൂൾ വിദ്യാഭ്യാസം. ഡൽഹി ജെഎൻ യൂണിവേഴ്‌സിറ്റിയിൽനിന്നു സാമ്പത്തിക ശാസ്ത്രത്തിൽ റാങ്കോടെ ബിരുദാനന്തര ബിരുദം. 1979ൽ സിവിൽ സർവീസ് പരീക്ഷയിൽ എട്ടാം റാങ്കോടെ വിജയം. മസൂറിയിലെ പരിശീലനത്തിനുശേഷം ദേവികുളം സബ്കളക്ടറായി ആദ്യനിയമനം. ദേവികുളത്തെ കൈയേറ്റ മാഫിയയെ നേരിട്ടായിരുന്നു തുടക്കം. പലതും അവിടെ ചെയ്തു. പല വമ്പന്മാരും ഞെട്ടി. പിന്നെ കോട്ടയം കളക്ടറായപ്പോഴും അൽഭുതങ്ങൾ കാട്ടി. സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറി, മിൽമ മാനേജിങ് ഡയറക്ടർ തുടങ്ങിയ ചുമതലകൾക്കുശേഷമാണ് 1988ൽ കോട്ടയം ജില്ലാ കളക്ടറായി നിയമിതനായത്. എംജി യൂണിവേഴ്‌സിറ്റിയുടെയും ഇതര സംഘടനകളുടെയും സഹകരണത്തോടെ 100 ശതമാനം നഗരവാസികളെയും എഴുത്തും വായനയും പഠിപ്പിക്കുന്നതിനു നേതൃത്വം നൽകി രാജ്യത്തെ പ്രഥമ സാക്ഷരജില്ലാ ആസ്ഥാനം എന്ന ഖ്യാതി കോട്ടയത്തിന് സമ്മാനിച്ചു. 1994ൽ ജനശക്തി എന്ന സന്നദ്ധസംഘടനയ്ക്കു രൂപം നൽകി അഴിമതിക്കെതിരേ പോരാട്ടം തുടങ്ങി.

1992ൽ ഡൽഹി ഡെവലപ്‌മെന്റ് അഥോറിറ്റി ചെയർമാനായി നിയമിതനായ കാലത്ത് ഡൽഹിയിലെ അനധികൃത കുടിയേറ്റങ്ങൾ ഒഴിപ്പിച്ചും വാർത്ത സൃഷ്ടിച്ചു. ആ പോരാട്ടം ഡൽഹിയിലെ കൊലകൊമ്പന്മാരോടും അധോലോകത്തോടുമൊക്കെയായിരുന്നു. കോൺഗ്രസ് നേതാക്കളുടെ കെട്ടിടപോലും അന്ന് തകർന്നു വീണു. 2001ൽ എൻട്രൻസ് എക്‌സാം ചെയർമാൻ എന്ന നിലയിൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ രാവും പകലും ജോലി ചെയ്ത് എൻട്രൻസ് ഫലം പുറത്തുവിട്ടും അൽഫോൻസ് കണ്ണന്താനം റിക്കാർഡ് കുറിച്ചു. ലാൻഡ് യൂസ് കമ്മീഷണർ, ലാൻഡ് റവന്യൂ കമ്മീഷണർ എന്നീ ചുമതലകൾക്കുശേഷം സർവീസ് എട്ടു വർഷം ബാക്കി നിൽക്കെയാണ് സിവിൽ സർവീസിൽനിന്നു രാജിവച്ച് കണ്ണന്താനം രാഷ്ട്രീയത്തിലിറങ്ങിയത്. സെമിനാരി, പള്ളി തട്ടകങ്ങളിൽ പരിശീലനം നേടിയ കണ്ണന്താനം ഇടതുതാവളത്തിലെത്തിയപ്പോൾ അതുമൊരു കൗതുകമായി. 2006ൽ മണിമല പഞ്ചായത്ത് ഉൾപ്പെടുന്ന കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽനിന്നും ജനപ്രതിനിധിയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

എംഎൽഎയായിരിക്കെ കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷൻ പണിതീർത്തത് കണ്ണന്താനമാണ്. കാഞ്ഞിരപ്പള്ളിയിൽ കണ്ണിൽപെടാനുള്ള വികസനം ഇന്നു ഈ സിവിൽ സ്റ്റേഷൻ മാത്രമാണ്. രണ്ടാമൂഴം നിയമസഭാ തെരഞ്ഞെടുപ്പിന് കേളികൊട്ടുയർന്ന 2011 മാർച്ചിൽ ഇടതുപക്ഷം വീണ്ടും പാളയത്തിലിറക്കാൻ നിശ്ചയിച്ച ദിവസം കണ്ണന്താനം കണ്ണുവെട്ടിച്ച് ബിജെപിയിൽ ചേർന്നു. കണ്ണന്താനത്തിന്റെ അപ്രതീക്ഷിത കൊടിമാറ്റം സിപിഎമ്മിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. മോദിയുമായുള്ള അടുപ്പമായിരുന്നു ഇതിന് കാരണം. ഗുജറാത്ത് മുഖ്യമന്ത്രിയുടെ വികസന അജണ്ടയിൽ കണ്ണന്താനവും പങ്കാളിയായി.

പലകാര്യത്തിലും മോദിക്ക് ഉപദേശം കൊടുത്തു. കിച്ചൺ കാബിനെറ്റിലെ അംഗമാണ് കണ്ണന്താനമെന്ന് പോലും വിലയിരുത്തലുണ്ടായി. ബിജെപി ദേശീയ നിർവാഹകസമിതി അംഗമായി അഞ്ചു വർഷം മുൻപ് ഡൽഹിയിലേക്ക് കുടിയേറിയ കണ്ണന്താനത്തെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്തും നിയമസഭാ ഇലക്ഷനിൽ കാഞ്ഞിരപ്പള്ളിയിലും മത്സരിപ്പിക്കാൻ ബിജെപി മോഹിച്ചെങ്കിലും കണ്ണന്താനം പിടികൊടുത്തില്ല. ഡൽഹിയിലെ പ്രവർത്തനത്തിനിടെ പല കേന്ദ്രമന്ത്രിമാർക്കും നല്ല ഉപദേശകനായി. ഇതെല്ലാം മോദിയും അറിയുന്നുണ്ടായിരുന്നു.

അഴിമതിക്കെതിരായ പോരാട്ടത്തിൽ കണ്ണന്താനത്തിന്റെ ഇടപെടലും മോദി മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് തന്നെ മോദിയുടെ കണ്ണ് മന്ത്രിസഭാ പുനഃസംഘടനാ വേളയിൽ കണ്ണന്താനത്തിൽ പതിച്ചു. പ്രാസംഗികൻ, ഗ്രന്ഥരചയിതാവ്, എൻട്രൻസ് പരിശീലകൻ തുടങ്ങി വിവിധ തലങ്ങളിലും കണ്ണന്താനം പേരെടുത്തിട്ടുണ്ട്. കണ്ണന്താനത്തിന്റെ പ്രമുഖ രചനയാണ് ഇന്ത്യ മാറ്റത്തിന്റെ മുഴക്കം എന്ന ഗ്രന്ഥം.

(തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ(4-9-2017) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP