Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബിജപിയെ തോൽപിക്കാൻ ഹാർദിക് പട്ടേലിന് കൊടുത്ത വാക്കുപാലിക്കാൻ ജയിച്ചാലും രാഹുൽ ഗാന്ധിക്ക് കഴിയുമോ? പട്ടീദാർമാർക്കുള്ള സംവരണം ഭരണഘടനാ വിരുദ്ധം; ഭൂരിപക്ഷം കിട്ടിയാലും സംവരണത്തെ ചൊല്ലി ഗുജറാത്തിലെ കോൺഗ്രസ് മുന്നണിക്ക് തള്ളിപ്പറയേണ്ടി വരും

ബിജപിയെ തോൽപിക്കാൻ ഹാർദിക് പട്ടേലിന് കൊടുത്ത വാക്കുപാലിക്കാൻ ജയിച്ചാലും രാഹുൽ ഗാന്ധിക്ക് കഴിയുമോ? പട്ടീദാർമാർക്കുള്ള സംവരണം ഭരണഘടനാ വിരുദ്ധം; ഭൂരിപക്ഷം കിട്ടിയാലും സംവരണത്തെ ചൊല്ലി ഗുജറാത്തിലെ കോൺഗ്രസ് മുന്നണിക്ക് തള്ളിപ്പറയേണ്ടി വരും

മറുനാടൻ മലയാളി ഡസ്‌ക്‌

അഹമ്മദാബാദ്: തിരഞ്ഞെടുപ്പ് ഒരുമോഹവലയമാണ്. ജയിച്ചുകയറും വരെ മോഹങ്ങൾ നൽകികൊണ്ടേിരിക്കും രാഷ്ട്രീയ പാർട്ടികൾ.തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വലിപ്പവും ചെറുപ്പവും നോക്കി വാഗ്ദാനങ്ങൾ നടപ്പാക്കുകയോ, നടപ്പാക്കാതിരിക്കുകയോ ചെയ്യും.ഗുജറാത്തിൽ ജനസംഖ്യയുടെ 15 ശതമാനം മാത്രം വരുന്ന പട്ടേലർമാർ അഥവാ പട്ടീദാർമാർ രണ്ടുവർഷമായി നടത്തുന്ന പ്രക്ഷോഭം ഒരു ലക്ഷ്യത്തിന് വേണ്ടിയാണ്. ഒബിസി വിഭാഗത്തിൽ പെടുത്തി സംവരണം ആവശ്യപ്പെട്ടാണ് പ്രക്ഷോഭം.

പട്ടേലുമാരുടെ നേതാവ് ഹാർദിക് പട്ടേലിന്റെ ആവശ്യങ്ങളോട് കോൺഗ്രസ് വഴങ്ങിയെങ്കിലും, തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ മറക്കാവുന്ന ഒന്നാണോ അവ? അത്രെയളുപ്പം നടപ്പാക്കാവുന്ന ഒന്നല്ല പട്ടേൽമാർക്കുള്ള സംവരണം.

പട്ടേൽമാർ തെരുവിലിറങ്ങിയത് എന്തിന്?

തൊഴിൽ-വിദ്യാഭ്യാസ രംഗത്ത് ദളിതർക്കും, ആദിവാസികൾക്കും, ഒബിസികൾക്കും നൽകുന്ന സംവരണത്തിനെതിരെ 30 വർഷം മുമ്പ് പ്രക്ഷോഭം നയിച്ചവരാണ് പട്ടേൽമാർ.ഇത്തവണ 23 കാരനായ ഹർദിക് പട്ടേലിന്റെ നേതൃത്വത്തിൽ സമരത്തിനിറങ്ങിയത് തങ്ങളെ ഒബിസി വിഭാഗത്തിൽ പെടുത്തി സംവരണം എന്ന ആവശ്യം ഉന്നയിച്ചും.താരതമ്യേന സമ്പന്നവിഭാഗക്കാരായ പട്ടേൽമാർ രണ്ടുവർഷം മുമ്പ് പ്രക്ഷോഭത്തിറങ്ങിയത് പൊതുവെ അത്ഭുതം ഉണർത്തുന്നതായിരുന്നു. രാഷ്ട്രീയ-സാമ്പത്തിക രംഗങ്ങളിൽ അവർക്കുള്ള സ്വാധീനം മറന്നുകൊണ്ടല്ല ഇതുപറയുന്നത്.

കൃഷിക്കാരായ പട്ടേൽമാർ വൈരക്കല്ല്്,ടെ്ക്‌സ്റ്റൈൽസ്, ഫാർമസിക്യൂട്ടിക്കൽസ്, എന്നീ വ്യവസായങ്ങളിലും മുൻപന്തിക്കാരാണ്.നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ വികസന മാതൃകയുടെ ആരാധകരും പ്രയോക്താക്കളുമായിരുന്നു ഈ സമുദായക്കാർ.1970 കളിൽ കോൺഗ്രസിനെയാണ് പിന്തുണച്ചിരുന്നതെങ്കിലും, 80 കളിൽ കോൺഗ്രസ് മുഖം തിരിച്ചതോടെ അവർ ചുവടുമാറ്റി.1981ലും ,1985 ലും പട്ടേലുമാർ നടത്തിയ സംവരണ വിരുദ്ധ പ്രക്ഷോഭവും തുടർ സംഭവങ്ങളും അവരെ ബിജെപിയുടെ വോട്ട്ബാങ്കാക്കി മാറ്റി.

സമ്പന്നരായിട്ടും എന്തിന് പ്രക്ഷോഭം?

നന്നേ ചെറുപ്പത്തിൽ തന്നെ ബിസിനസിൽ ഭാഗ്യം പരീക്ഷിക്കാൻ ഇറങ്ങുന്നവരാണ് പട്ടേലുമാർ. ഹാർദിക് പട്ടേലും ബിസിനസുകാരനാണല്ലോ.ഉന്നത പഠനത്തിനൊന്നും പോകാതെ ബിസിനസിൽ മാത്രം ചേക്കേറുന്ന സമ്പ്രദായത്തോട് ചെറുപ്പക്കാർക്ക് മടുപ്പ് തോന്നി. തങ്ങളുടെ കൂട്ടത്തിൽ നിന്ന് ഡോക്ടറും, എഞ്ചിനീയറും ഒക്കെ കൂടുതലായി വേണമെന്ന് അവർ ആഗ്രഹിച്ചത് സ്വാഭാവികം മാത്രം.തങ്ങളുടെ കുട്ടികളെ എളുപ്പത്തിൽ മെഡിക്കൽ, എഞ്ചിനീയറിങ് പോലെയുള്ള സാങ്കേതിക രംഗത്ത് കയറ്റിവിടാൻ ഒബിസി ആകുന്നതാണ് എളുപ്പവഴിയെന്ന് അവർ കണക്കുകൂട്ടുന്നു.സ്വദേശത്ത് മാത്രമല്ല വിദേശത്തും ജോലി തേടാൻ ഇതാണ് അവരുടെ മുന്നിൽ തെളിഞ്ഞ മാർഗം.

ഇതിന് പുറമേ ഗുജറാത്തിലെ പ്രശസ്തമായ വൈരക്കൽവ്യവസായം പ്രതിസന്ധിയിലാണ്. വൈരം പോളിഷ് ചെയ്യുന്ന ആ വ്യവസായങ്ങളിൽ പലതും പട്ടേലുമാരുടേതാണ്. പട്ടേലുമാർ പണം മുടക്കുകയും പണിയെടുക്കുകയും ചെയ്യുന്ന 'മോർബി'യിലെ 'സിറാമിക്' വ്യവസായശാഖകളും അടയുകയാണ്. ചെറുകിട- ഇടത്തരം കൃഷിക്കാരായ പട്ടേൽമാരാകട്ടെ രാജ്യത്തെ മറ്റു കർഷകലക്ഷങ്ങളെപ്പോലെ ആത്മഹത്യാമുനമ്പിൽ പകച്ചുനിൽക്കുന്നു.

വിദ്യാഭ്യാസം പൂർണമായും വ്യാപാരവൽക്കരിച്ചതോടെ അത് പണക്കാരന്റെ സ്വകാര്യാവകാശം ആയി മാറി. സ്വകാര്യവൽക്കരണവും ചെലവുചുരുക്കൽനയവും പൊതുമേഖലയിലോ സർക്കാർ സംവിധാനത്തിലോ കിട്ടാനിടയുള്ള തൊഴിൽസാധ്യതകൾ ഇല്ലാതാക്കി. ഈ പശ്ചാത്തലത്തിലാണ് പട്ടേൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. അപ്പോൾ പ്രക്ഷോഭത്തിന് ആധാരമായ പ്രശ്‌നം നിലനിൽക്കുന്നുണ്ടെങ്കിലും അതിന് തേടുന്ന പരിഹാര മാർഗം യാഥാർഥ്യബോധത്തോടെയുള്ളതാണോ എന്നതാണ് ചോദ്യം.

ഉദാരവൽക്കരണവും സ്വകാര്യവൽക്കരണവുമല്ല ഒബിസി വിഭാഗത്തിന് ലഭിക്കുന്ന സംവരണാനുകൂല്യമാണ് തങ്ങളുടെ അവസരങ്ങൾ നഷ്ടപ്പെടാൻ കാരണമെന്നാണ് പട്ടേൽകുട്ടികളെ പഠിപ്പിച്ചുവിട്ടിരിക്കുന്നത്. അതുകൊണ്ട് പട്ടേൽമാർക്കും സംവരണം അനുവദിച്ച് ഒബിസി പട്ടികയിൽപ്പെടുത്തുകയോ ഒബിസിക്കാർക്കുള്ള സംവരണാനുകൂല്യം എടുത്തുകളഞ്ഞ് അവരെ തങ്ങളോടൊപ്പം ചേർക്കുകയോ വേണമെന്ന് അവർ വാദിക്കുന്നു.

എന്നാൽ, സ്വകാര്യവൽക്കരണത്തെ എതിർക്കാനോ സ്വകാര്യമേഖലയിലും സംവരണതത്വം ബാധകമാക്കണമെന്ന് ആവശ്യപ്പെടാനോ ഇവരാരും സന്നദ്ധരല്ലെന്നത് ശ്രദ്ധേയം. 1980ലും '84ലും നടന്ന തെരഞ്ഞെടുപ്പുകളിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ ബിജെപി '85ലെ സംവരണവിരുദ്ധ പ്രക്ഷോഭത്തിലൂടെ ഗുജറാത്തിലും '90കളിലെ മണ്ഡൽവിരുദ്ധ സമരത്തിലൂടെ രാജ്യത്തെമ്പാടും ശക്തിപ്പെട്ടു. അന്ന് സംവരണത്തിനെതിരെ തെരുവിലിറങ്ങിയവരുടെ പിന്മുറക്കാരാണ് ഇന്ന് സംവരണം തങ്ങൾക്കും വേണമെന്നു പറഞ്ഞ് പ്രക്ഷോഭം നടത്തുന്നത്. കാൽനൂറ്റാണ്ടുമുമ്പ് നടന്ന സംവരണവിരുദ്ധ സമരങ്ങൾ ബിജെപി രാഷ്ട്രീയത്തിന് കരുത്ത് പകർന്നെങ്കിൽ ഇന്നിപ്പോൾ സംവരണം വേണമെന്ന ആവശ്യമുയർത്തി പട്ടേൽമാർ നടത്തുന്ന പ്രക്ഷോഭം ആ പാർട്ടിയെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്..

കോൺഗ്രസ് എളുപ്പം വഴങ്ങി, പക്ഷേ?

പട്ടേലുമാർക്ക് കൂടി സംവരണം നൽകിയാൽ സർക്കാർ ജോലികളും ഉന്നത വിദ്യാഭ്യാസ മേഖലയിലെ അവസരങ്ങളും സംവരണ വിഭാഗങ്ങളിലേക്ക് ചുരുങ്ങും എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. മൊത്തം സംവരണം അമ്പത് ശതമാനത്തിൽ കൂടുതലാകരുത് എന്നാണ് സുപ്രീം കോടതി വ്യവസ്ഥ.

ജനസംഖ്യയുടെ 40 ശതമാനം വരുന്ന ഒ.ബി.സി വിഭാഗക്കാർക്ക് നിലവിൽ 27 ശതമാനം സംവരണമുണ്ട്. ഇതിന് പുറമേ, പട്ടിക ജാതിക്കാർക്ക് ഏഴും പട്ടിക വർഗക്കാർക്ക് 15 ശതമാനവും സംവരണവുമുണ്ട്. അഥവാ, മൊത്തം 49 ശതമാനമാണ് ഗുജറാത്തിലെ സംവരണം. സുപ്രീംകോടതി അനുവദിച്ചതിലും ഒരു ശതമാനം മാത്രം താഴെ. എന്നാൽ, ബാക്കി വരുന്ന ഒരു ശതമാനം സംവരണം ഹർദിക് പട്ടേൽ ആഗ്രഹിക്കുന്നില്ല. പട്ടേലുമാരെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

കോൺഗ്രസ് ഫോർമുല, അമിത് ഷായുടെ നിലപാട്

പട്ടൽ പ്രക്ഷോഭം ഒരു വിഭ്രമം സൃഷ്ടിക്കുന്നതിൽ വിജയിച്ചിട്ടുണ്ടൈന്ന് ബിജപി അദ്ധ്യക്ഷൻ അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞത് ഈ പശ്ചാത്തലത്തിലാണ്. എന്നാൽ, കോൺഗ്രസിന്റെ ഫോർമുലയ്ക്ക് ഭരണഘടനാപരമായ നിലനിൽപ്പ് ഇല്ലാത്തതുകൊണ്ട് ഈ വിഭ്രമം പൊട്ടിത്തകരുമെന്നും അമിത് ഷാ പറഞ്ഞു.കോൺഗ്രസിന്റെ സംവരണ നിർദ്ദേശം അംഗീകരിക്കുന്നതായി പട്ടീദാർ ആന്ദോളൻ അനാമത്ത് സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു.

''ഭരണഘടന അനുശാസിക്കുന്ന സംവരണം പട്ടേൽ സമുദായത്തിന് നൽകണമെന്നാണ് ഞങ്ങളുടെ ആവശ്യം.കോൺഗ്രസ് മുന്നോട്ട് വച്ച ഫോർമുല പഠിച്ചാൽ ഒരു കാര്യം വ്യക്തമാകും,അത് മറ്റ് സമുദായങ്ങളുടെ സംവരണത്തെയൊന്നും ബാധിക്കുന്നില്ല. പട്ടേൽമാർക്ക് മധ്യപ്രദേശിൽ സംവരണമാകാമെങ്കിൽ എന്തുകൊണ്ട് ഗുജറാത്തിൽ ആയിക്കൂടാ?''-ഹാർദിക് പട്ടേൽ ചോദിച്ചു.എന്നാൽ, ഈ ഫോർമുലയ്ക്ക് ഭരണഘടനാപരമായ സാധുതയില്ലെന്നാണ് ബിജെപിയും, അമിത് ഷായും വ്യക്തമാക്കകുന്നത്.ഇത് പട്ടലുമാർക്കും ബോധ്യമുണ്ടെന്നും അമിത് ഷാ പറഞ്ഞു.

ഹാർദിക് പട്ടേൽ, അൽപേഷ് ഠാക്കൂർ, ജിഗ്നേഷ് മേവാനി എന്നിവരുടെ പ്രക്ഷോഭങ്ങൾക്ക് കാരണമായ പ്രശ്‌നങ്ങളെ തള്ളിപ്പറയുന്നില്ലെങ്കിലും, ഇതിനൊരു ഭരണഘടനാപരമായ പരിഹാരം തൽക്കാലം സാധ്യമല്ലന്നും, ദീർഘകാല ചർച്ചകളിലൂടെ കൂട്ടായി തീരുമാനമെടുക്കേണ്ടതാണെന്നുമാണ് അമിത് ഷായുടെ അഭിപ്രായം.പേേട്ടലുമാരുടെ യോഗത്തിന് വന്നുചേരുന്ന ജനക്കൂട്ടത്തെ താൻ കണ്ടില്ലെന്ന് നടിക്കുന്നില്ലെന്നും എന്നാൽ അത് തന്നെ ഭയപ്പടുത്തുന്നില്ലെന്നും അമിത് ഷാ കൂട്ടിച്ചേർ്ത്തു.

ഗുജറാത്തിലെ സ്ഥിതിഗതികൾ

മൊത്തം 49 ശതമാനം സംവരണം നിലവിലുള്ള ഗുജറാത്തിൽ, ഇനി ആർക്കും സംവരണം നൽകാൻ സാധ്യമല്ലാത്ത അവസ്ഥയാണ്.കഴിഞ്ഞ യു.പി.എ സർക്കാർ ജാട്ടുകളെ പിന്നാക്കവിഭാഗമായി പ്രഖ്യാപിച്ചത് സുപ്രീംകോടതി റദ്ദാക്കിയിരുന്നു.പട്ടേൽ സമുദായം പിന്നോക്കമാണെന്ന് ഒരു പഠനവും നിലവിലില്ല. നേരത്തെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സംവരണം നൽകിയപ്പോൾ അതിനെ എതിർത്തവരാണ് പട്ടേലുമാർ എന്നതും മറക്കാറായിട്ടില്ല. 1981ലായിരുന്നു അത്. അന്ന് മുഖ്യമന്ത്രിയായിരുന്ന മാധവ് സിങ് സോളങ്കി രാജിവെച്ച് വീണ്ടും ജനവിധിതേടി ശക്തമായി തിരിച്ചുവരുകയായിരുന്നു.

സമ്പത്തിന്റെ മേനി പറയാവുന്ന സമൂഹമാണ് ഗുജറാത്തിലേതെങ്കിലും, ജാതീയവും വർഗീയവുമായ വിഭജനങ്ങൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച സംസ്ഥാനത്ത് കോൺഗ്രസിന്റെ ഫോർമുല നടപ്പാക്കുക വിഷമകരമാകും. യാഥാർഥ്യ ബോധത്തോടയാണോ രാഹുൽ ഗാന്ധിയും, കപിൽ സിബലുമൊക്ക,ഗുജറാത്തിലെ 22 വർഷത്തെ ഭരണ വരൾച്ച നീക്കാൻ ലക്ഷ്യമിട്ടുള്ള ഫോർമുലയ്ക്ക് രൂപം കൊടുത്തതെന്നാണ് ഇനി കണ്ടറിയേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP